വഴിമുട്ടിയ കേരള മോഡൽ

കോവിഡ് പകര്‍ച്ചവ്യാധിയുടെ ആദ്യഘട്ടത്തില്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ കേരള മാതൃക ഇപ്പോള്‍ ഒരു പ്രതിസന്ധിയുടെ ഘട്ടത്തിലാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലുമടങ്ങു വര്‍ദ്ധിച്ചതും, രോഗവ്യാപനത്തിന്റെ തീവ്രത ഉത്ക്കണ്ഠജനകമായ നിലയില്‍ തുടരുന്നതും സ്ഥിതിഗതികളെ ഗുരുതരമാക്കുന്നു. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയും, സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളും കോവിഡിനെ പിടിച്ചുകെട്ടാന്‍ സഹായിച്ചെന്ന ആഖ്യാനങ്ങള്‍ പൊതുമണ്‌ലത്തില്‍ നിന്നും ഇതോടെ അപ്രത്യക്ഷമായി. ‘കേരള മാതൃകയുടെ’ സവിശേഷതകളെക്കുറിച്ചുള്ള അതിഭാവുകത്വങ്ങള്‍ നിറഞ്ഞ അവകാശവാദങ്ങള്‍ ഒഴിവാക്കിയാല്‍ പകര്‍ച്ചവ്യാധിയും, രോഗപ്രതിരോധത്തിന്റെ ഇതുവരെയുള്ള അനുഭവങ്ങളും നല്‍കുന്ന സൂചനകള്‍ എന്തെല്ലാമാണ്. രോഗവ്യാപനത്തിന്റെ തോതില്‍ കേരളത്തില്‍ പ്രകടമായ മാറ്റം ദൃശ്യമായത് മെയ് ആദ്യവാരം മുതലാണ്. കേരളത്തിന് പുറത്തുനിന്നുള്ള മലയാളികളുടെ മടങ്ങിവരവും രോഗവ്യാപനവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഇക്കാര്യത്തിലെ ശ്രദ്ധേയമായ വസ്തുത. മെയ് ആദ്യവാരം മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് ഏകദേശം അഞ്ചു ലക്ഷത്തിലധികം മലയാളികള്‍ കേരളത്തിലേക്കു മടങ്ങിവന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും, ഇന്ത്യക്കു പുറത്തും (പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍) ജോലി ചെയ്തിരുന്ന കേരളീയരാണ് പ്രധാനമായും മടങ്ങി വന്നിട്ടുള്ളത്. രോഗബാധ ഏറ്റവും തീവ്രമായി ബാധിച്ച പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും. മലയാളികളുടെ മടങ്ങിവരവും, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും ഒരു സൂചകമായി കണക്കാക്കിയാല്‍ കേരളത്തില്‍ ഇപ്പോള്‍ പ്രകടമായ രോഗവ്യാപനത്തിന്റെ പ്രധാനകാരണം മറുനാടുകളില്‍ നിന്നുള്ള മലയാളികളുടെ മടങ്ങിവരവാണെന്നു സ്വാഭാവികമായും കരുതേണ്ടിയിരിക്കുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതിന്റെ ആദ്യഘട്ടത്തില്‍ അതിന്റെ സിംഹഭാഗവും മറുനാടന്‍ മലയാളികളായിരുന്നുവെന്നതും ഈയൊരു നിഗമനത്തെ ശരിവെക്കുന്നതാണ്. മടങ്ങി വന്നവരുമായുള്ള സമ്പര്‍ക്കം സമൂഹവ്യാപനത്തിലെത്തിയതോടെ മറുനാടന്‍ മലയാളികളെ പിന്തള്ളി രോഗം ബാധിച്ച നാട്ടില്‍വാസികളുടെ എണ്ണം ഉയര്‍ന്നു. സമ്പര്‍ക്കരോഗികള്‍ ഭൂരിഭാഗമായെങ്കിലും അന്തര്‍സംസ്ഥാന-അന്തര്‍ദേശീയ യാത്രകള്‍ നടത്തിയവരാണ് ഇപ്പോഴും രോഗം സ്ഥിരീകരിക്കുന്നതില്‍ നാലിലൊന്നു പേരും. പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നിന്നും വ്യത്യസ്തപ്പെട്ട ഒരു തുരുത്തായി കേരളത്തിനു നില്‍ക്കാനാവും എന്ന പ്രതീക്ഷ കോവിഡ് വ്യാപനത്തിന്റെ തീവ്രത ഉയര്‍ന്നതോടെ ഇല്ലാതായി.

കേരളമാതൃകയുടെ വാഴ്ത്തുകളോടൊപ്പം അതിന്റെ പരിമിതികളും പുറത്തുകൊണ്ടു വരുന്ന സവിശേഷ സന്ദര്‍ഭങ്ങളിലൊന്നായി കോവിഡ് മാറിയിരിക്കുന്നു. ഈയൊരു തിരിച്ചറിവിന്റെ വെളിച്ചത്തിലാവും ഇപ്പോഴത്തെ സ്ഥിതിഗതി വിലയിരുത്താനാവുക. സാധാരണഗതിയിലുള്ള രോഗബാധയില്‍ നിന്നും വ്യത്യസ്തമായ പരിഗണന അര്‍ഹിക്കുന്ന വിഷയമാണ് പകര്‍ച്ചവ്യാധികള്‍. പകര്‍ച്ചവ്യാധികളെ മറ്റു രോഗങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്ന സുപ്രധാന ഘടകം അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭീതിയും, ഉത്ക്കണ്ഠയും, അനിശ്ചിതത്വങ്ങളുമാണ്. കോവിഡും വ്യത്യസ്തമല്ല. കോവിഡ് മൂലമുള്ള മരണനിരക്കിനെ സ്ഥിതിവിവരക്കണക്കുകളുടെ യുക്തിയില്‍ വിശദീകരിക്കുവാനുള്ള ശ്രമങ്ങള്‍ അതുകൊണ്ടു തന്നെ സമൂഹമനസ്സിലെ ഉത്ക്കണ്ഠകളെ അകറ്റാന്‍ പര്യാപ്തമായിരുന്നില്ല. ശാസ്ത്രീയ വിലയിരുത്തല്‍, പൊതുജനാരോഗ്യം, സാമൂഹ്യപരത തുടങ്ങിയ മൂന്നു ഗണങ്ങളാണ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍. ഈ മൂന്നു ഗണങ്ങളും പരസ്പരബന്ധിതമാണെങ്കിലും അവയില്‍ ഒരോന്നിലുമുള്ള ഊന്നല്‍ ഒരോ സമൂഹത്തിലും ഒരു പോലെയാവണമെന്നില്ല. കോവിഡുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിലയിരുത്തല്‍ ഉദാഹരണമായി എടുക്കാം. കോവിഡിന് കാരണമായ വൈറസിനെ തിരിച്ചറിയുന്നതും, പ്രതിരോധശേഷി വികസിപ്പിക്കുന്നതും, അതിനുള്ള ചികിത്സവിധികള്‍ കണ്ടെത്തുന്നതുമെല്ലാം ശാസ്ത്രീയ വിലയിരുത്തലിന്റെ ഗണത്തില്‍ വരുന്ന വിഷയമാണ്. ദീര്‍ഘ-ഹ്രസ്വ കാലയളവുകളിലുള്ള വിപുലമായ പഠന-ഗവേഷണത്തിന്റെ മേഖലയാണത്. അത്തരത്തിലുള്ള പഠന-ഗവേഷണങ്ങള്‍ ഏതെങ്കിലും തരത്തില്‍ കേരളത്തില്‍ നടക്കുന്നതായി അറിവില്ല. ഇന്ത്യയില്‍ തന്നെ അത്തരത്തിലുള്ള പഠന-ഗവേഷണങ്ങള്‍ വിരളമാണ്. അതായത് പൊതുജനാരോഗ്യം, സാമൂഹ്യപരത തുടങ്ങിയ ഗണങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ പ്രസക്തം. ഇന്ത്യയില്‍ ആദ്യമായി കോവിഡ് രോഗം പ്രത്യക്ഷപ്പെട്ട സംസ്ഥാനം കേരളമാണ്. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയുന്നതിനും അതിന്റെ വ്യാപന സാധ്യതകളെപ്പറ്റിയുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്ന തിലും കേരളത്തിലെ ആരോഗ്യസംവിധാനം വളരെ ഗുണപരമായ പങ്കാണ് വഹിച്ചത്. ഇന്ത്യയില്‍ ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമയി ഒരു സമയം കേരളം മാറിയെങ്കിലും രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ പൊതുജനാരോഗ്യസംവിധാനം ഗണ്യമായ നേട്ടം കൈവരിച്ചു. കര്‍ശനമായ ക്വാറന്റൈന്‍ നടപടികള്‍ക്കൊപ്പം ട്രേസിംഗ്, ടെസ്റ്റിംഗ്, ട്രീറ്റ്‌മെന്റ് എന്ന പ്രോട്ടോക്കോള്‍ ഒരുവിധം ഭംഗിയായി നടപ്പിലാക്കിയതാണ് ഒന്നാംഘട്ടത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനം. പൊതുജനാരോഗ്യ സംവിധാനത്തിന്റെ മേന്മകളെ അംഗീകരിക്കുമ്പോഴും സുരക്ഷ ഭരണകൂടത്തിന്റെ (സെക്യൂരിറ്റി സ്‌റ്റേറ്റിന്റെ) മുഖമുദ്രയായ മര്‍ദ്ദകഭാവം ഇതേ കാലയളവില്‍ തന്നെ തല പൊക്കിയിരുന്നു. പൊലീസിനെ ഉപയോഗിച്ച് സാമൂഹിക നിയന്ത്രണങ്ങള്‍ പാലിക്കുവാനുള്ള പ്രവണതയാണ് അതില്‍ പ്രധാനം. രോഗം കുറ്റകൃത്യമായി കാണുന്ന ഈ സമീപനം ഭരണകൂടം മറ്റു പല മേഖലകളിലും പുലര്‍ത്തുന്ന മര്‍ദ്ദകഭാവത്തിന്റെ മറ്റൊരു പതിപ്പായിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ക്രോഡീകരണം ഇപ്പോള്‍ പൂര്‍ണ്ണമായും പോലീസിനെ ഏല്‍പ്പിച്ചതും, രോഗബാധിതരുടെ ടെലിഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതുമെല്ലാം സുരക്ഷ ഭരണകൂടത്തിന്റെ ലക്ഷണയുക്തമായ മാതൃകകളാണ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സാമൂഹ്യഘടകങ്ങളെ (സോഷ്യല്‍ ഡിറ്റര്‍മിനന്റസ്) കണക്കിലെടുക്കാതെയുള്ള ‘റെജിമെന്റേഷന്‍’ സമീപനം സുസ്ഥിരമായ പൊതുജനാരോഗ്യ സംസ്‌ക്കാരം രൂപപപ്പെടുത്തുന്നതിനുപകരം മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന (ടോപ് ഡൗണ്‍) സംസ്‌ക്കാരത്തിനാവും വഴിതെളിക്കുകയെന്നു മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നു. പകര്‍ച്ചവ്യാധി കണ്ടെത്തി 8-മാസം കഴിഞ്ഞിട്ടും കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ഈ ‘ടോപ്ഡൗണ്‍’ സമീപനത്തില്‍ നിന്നും പുറത്തുവരാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രീകരണവും, വികേന്ദ്രീകരണവും പൊതുജനാരോഗ്യ മേഖലയില്‍ ഫലപ്രദമായി പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചുള്ള സക്രിയമായ സംവാദങ്ങളും, സമീപനങ്ങളും കേരളത്തിലുടനീളം നടക്കേണ്ടതുണ്ട്. സക്രിയമായ അത്തരം ചര്‍ച്ചകളുടെ അഭാവത്തില്‍ പൊതുജനാരോഗ്യ സംവിധാനം അഭിമുഖീകരിക്കുന്ന ദൗര്‍ബല്യങ്ങളും, പ്രയാസങ്ങളും എന്താണെന്നും, അവ എങ്ങനെ അതിജീവിക്കുമെന്നുമുള്ള വിഷയങ്ങള്‍ക്കു പകരം ഭരണപക്ഷവും, പ്രതിപക്ഷവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ക്കുള്ള ഒന്നായി പകര്‍ച്ചവ്യാധിയും മാറിയെന്നു കഴിഞ്ഞ 8-മാസത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നു. ഈ വാഗ്വാദങ്ങളെ പിന്‍പറ്റിയുള്ള ആഖ്യാനങ്ങളാണ് പകര്‍ച്ചവ്യാധിയെപ്പറ്റിയുള്ള മുഖ്യധാര മാധ്യമങ്ങളുടെ ഉള്ളടക്കത്തില്‍ പൊതുവെ കാണാനാവുക.

ഭരണകൂടാധികാരവുമായി ബന്ധപ്പെട്ട സാമ്പത്തിക-സാംസ്‌ക്കാരിക ക്രയവിക്രയങ്ങളുടെ സുപ്രധാനമായ ആവിഷ്‌ക്കാരങ്ങളിലൊന്നാണ് തെരഞ്ഞെടുപ്പുകള്‍. നീതിയുക്തവും, ജനാധിപത്യപരവുമായ സാമൂഹികനിര്‍മിതിയുടെ തച്ചുശാസ്ത്രം തെരഞ്ഞെടുപ്പുകളുടെ ഭാവനകളില്‍ നിന്നും നിഷ്‌ക്കാസിതമായതോടെ ഏതൊരു ദുരന്തവും ഭരണവര്‍ഗ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്ന പ്രക്രിയക്കു ലഭിക്കുന്ന അവസരം മാത്രമാണ്. ഇതില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ല. ലഭ്യമായ അവസരം എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയുന്നുവെന്നതാണ് ജയപരാജയങ്ങളുടെ അളവുകോല്‍ നിശ്ചയിക്കുന്നത്. മുഖ്യധാരയിലെ രാഷ്ട്രീയകക്ഷികളെ സംബന്ധിച്ചിടത്തോളം കോവിഡ് പകര്‍ച്ചവ്യാധിയും ഒരവസരം മാത്രം. വരാനിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും, അതു കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും പയറ്റുന്ന തന്ത്രങ്ങളിലെ ഒരു സുപ്രധാന ചേരുവ എന്നതിനുപരി കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം പകര്‍ച്ചവ്യാധി ഒരു പരിഗണനാ വിഷയമാവില്ല. കേരളത്തിലെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക ജീവിതത്തിന്റെ വിവിധമേഖലകളില്‍ കാലങ്ങളായി അടിഞ്ഞുകൂടിയ അനീതികളുടെ കണക്കെടുത്താല്‍ ഇക്കാര്യം ബോധ്യമാകും. തെരഞ്ഞെടുപ്പിന്റെ ആരവം കെട്ടടങ്ങുമ്പോള്‍ മാഞ്ഞുപോകുന്ന അനീതികളുടെ കണക്കു പുസ്തകത്തിലെ ഏടു മാത്രമായി ദുരന്തങ്ങള്‍ ഒടുങ്ങാതിരിക്കാനുള്ള രാഷ്ട്രീയ വിവേകവും, ജാഗ്രതയുമാണ് കേരളത്തിലെ ജനങ്ങള്‍ പുലര്‍ത്തേണ്ടത്. സമൂഹത്തിലെ മുഴുവന്‍ സമ്പത്തും ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കൈകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഇരപിടിയന്‍ മുതലാളിത്ത രാഷ്ട്രീയ-സമ്പദ്ഘടനയുടെ സൃഷ്ടിയാണ് കോവിഡ് പോലുള്ള മഹാമാരികളായ പകര്‍ച്ചവ്യാധികള്‍. മഹാമാരികള്‍ പരത്തുന്ന വൈറസുകള്‍ തഴച്ചുവളരുന്നതിനുള്ള ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും, നിലനിര്‍ത്തുന്നതിലും ഇരപിടിയന്‍ മുതലാളിത്തം വഹിക്കുന്ന പങ്കിനെപ്പറ്റി റോബ് വാലസിനെപ്പോലുള്ള ശാസ്ത്രജഞര്‍ നടത്തിയിട്ടുള്ള വിശദമായ പഠനങ്ങള്‍ വര്‍ഷങ്ങളായി ലഭ്യമാണ്. ഇരപിടിയന്‍ മുതലാളിത്തത്തിന്റെ ലാഭം പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ സംഘടിപ്പിക്കപ്പെട്ട വന്‍പിച്ച കോഴി-താറാവ്-പന്നി കൃഷിക്കളങ്ങള്‍ (ഇവ ഫാക്ടറി ഫാമുകള്‍ എന്നറിയപ്പെടുന്നു) പകര്‍ച്ചവ്യാധി പരത്തുന്ന വൈറസുകളുടെ കേന്ദ്രീകരണത്തിനും, വ്യാപനത്തിനുമുള്ള ഉറവിടങ്ങളായി മാറുന്നതിനെപ്പറ്റി വാലസിനെപ്പോലുള്ളവര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ച ഭരണകൂടസംവിധാനങ്ങളാണ് കോവിഡ് മഹാമാരിയുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍. ആഗോളതലത്തിലെ ഇരപിടിയന്‍ മുതലാളിത്ത ശൃംഖലയിലെ ഒരു കണ്ണിയാവുക മാത്രമാണ് കേരളത്തിന്റെ മുന്നിലുള്ള ഏക പോംവഴിയെന്നു ധരിക്കുന്ന ദല്ലാള്‍ വര്‍ഗമാണ് ഇവിടുത്തെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന രാഷ്ട്രീയത്തിന്റെ ആവിഷ്‌ക്കാരങ്ങള്‍ അത്തരമൊരു ദല്ലാള്‍ വര്‍ഗത്തില്‍ നിന്നും പ്രതീക്ഷക്കുന്നതില്‍ അര്‍ത്ഥമില്ല. ജാതി വിരുദ്ധ കലാപങ്ങളും, കര്‍ഷക-തൊഴിലാളി പോരാട്ടങ്ങളും, സാമ്രാജ്യത്വ-വിരുദ്ധ സമരങ്ങളുമെല്ലാം കേരളത്തില്‍ സൃഷ്ടിച്ച നീതിബോധത്തിന്റെ ചെറിയ ശേഷിപ്പുകളിലൊന്നായി മാത്രം അനുഭവപ്പെടുന്ന പൊതുജനാരോഗ്യ സംവിധാനത്തിന് ഇരപിടിയന്‍ മുതലാളിത്തം വാരിവിതറുന്ന മഹാമാരികളെ പ്രതിരോധിക്കുവാന്‍ പരിമിതികളുണ്ട്. മഹാമാരിയുടെ വ്യാപനത്തില്‍ പ്രകടമാകുന്നത് അതിന്റെ ലക്ഷണങ്ങളാണ്. ജനങ്ങളുടെ ശേഷിയും, ഉള്‍ക്കരുത്തും കെട്ടഴിച്ചുവിടാന്‍ പ്രാപ്തിയുളള ബദല്‍രാഷ്ട്രീയ ഭാവനകള്‍ക്കു മാത്രമാണ് ഈ പരിമതികളെ അതിജീവിക്കാനാവുക.