എന്തുകൊണ്ട് ഞാനൊരു ഫെമിനിസ്റ്റായി?

ശ്രീബ എം

നിങ്ങളെ ഒരു സ്ത്രീയായി മാറ്റിയെടുക്കുന്നതിൽ സമൂഹത്തിന് വലിയൊരു പങ്കുണ്ട്.ലിംഗപരമായി നിങ്ങൾ സ്ത്രീ ആയിരിക്കാം. എന്നാൽ ആ സ്ത്രൈണതയെ രൂപപ്പെടുത്തുന്നതും പരിമിതപ്പെടുത്തുന്നതും ഇവിടെയുള്ള പുരുഷാധിപത്യ സമൂഹമാണ്. അത് കൊണ്ടാണ് ഓരോ സമൂഹ രൂപങ്ങൾക്കനുസരിച്ചും ,പ്രത്യേകിച്ച് സ്ത്രീകളുടെ സ്വത്വം വ്യത്യാസപ്പെട്ടിരിക്കുന്നത്. പുരുഷമൂല്യങ്ങൾക്ക് അനുസരിച്ചാണ് ഓരോ സ്ത്രീ സ്വത്വവും രൂപപ്പെടുന്നത്.

”ചെറുപ്പത്തിൽ പൊരിച്ച മീൻ കിട്ടാത്തത് കാരണമാണ് സ്ത്രീകൾ ഫെമിനിസ്റ്റുകളാകുന്നത് എന്ന പരിഹാസ വാക്യത്തിലുണ്ട് എന്താണ് ഫെമിനിസം എന്ന് നാം തിരിച്ചറിഞ്ഞിട്ടില്ല എന്ന്. എന്നാൽ പൊരിച്ച മീൻ തൊട്ട് തൻ്റെ ആവശ്യങ്ങളൊന്നും തന്നെ ലഭിക്കാത്ത ഒരു സ്ത്രീ , ഇത്തരം പുരുഷക്കോയ്മയുള്ള സാമൂഹ്യ വൈരുദ്ധ്യങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും സംഘർഷത്തിൽ ഏർപ്പെടുന്നുണ്ട്. ഈ സംഘർഷം പിന്നീട് പ്രായോഗിക ചിന്താപദ്ധതിയായ ഫെമിനിസത്തിലേയ്ക്ക് എത്തുന്നു. മേൽ പറഞ്ഞത് പോലെ ഒരു കുടുംബത്തിൻ്റെ തീൻമേശ പുരുഷാധിപത്യത്തിൻ്റെ പ്രതീകമാണ്. ഗൃഹനായിക എല്ലാവർക്കും വിളമ്പിയ ശേഷം മാത്രം കഴിക്കുന്നു. അച്ഛനും അനുജനും ചേട്ടനും കഴിച്ച ശേഷം മാത്രം അവർ കഴിക്കുന്നു. ഇങ്ങനെ സ്ത്രീ വിരുദ്ധത നിറഞ്ഞതാണ് നമ്മുടെ തീൻമേശ സംസ്ക്കാരം. ഭക്ഷണം കഴിക്കുമ്പോൾ സ്ത്രീ വളരെ ശ്രദ്ധിച്ച് കൈയ്യടക്കത്തോടെ വളരെ കുറച്ച് മാത്രം കഴിക്കുക എന്ന തരത്തിലേയ്ക്ക് നമ്മുടെ സാമൂഹിക ചിന്ത മാറുന്നു.

പുരുഷന്മാർ നടത്തുന്ന എല്ലാവിധ ബൗദ്ധിക ചർച്ചകളിൽ നിന്നും സ്ത്രീ പുറത്താണ്. പത്രപാരായണവും അതിനോടനുബന്ധിച്ച ബൗദ്ധിക നിർമ്മാണവും ദിനചര്യയാക്കിയ സ്ത്രീകൾ വളരെ കുറവാണ്. നിരന്തരമായ വായന കൊണ്ട് സ്വയം രൂപീകരിക്കാനോ അറിവ് നിർമ്മിക്കാനോ ഉള്ള ഇടങ്ങൾ അവൾക്ക് വളരെ കുറവാണ്. ചായക്കടകളിലെ രാഷ്ട്രീയ ചർച്ചകളിൽ, വായനാശാലകളിലെ സാംസ്ക്കാരിക ചർച്ചകളിൽ സ്ത്രീ സാന്നിധ്യം ഉണ്ടാകാറില്ല. ചാനൽ ചർച്ചകളിൽ പോലും വളരെ ഉന്നതമായ സംവാദങ്ങൾ നടക്കുമ്പോൾ പാർട്ടി പ്രതിനിധികളായി അധികവും പ്രത്യക്ഷപ്പെടാറുള്ളത് പുരുഷന്മാരാണ്. ബുദ്ധിജീവികളായ സ്ത്രീകളെ പുരുഷാധിപത്യ സമൂഹത്തിന് ഭയമാണ്. കുറച്ചെങ്കിലും സ്ത്രീക്ക് സംവാദാത്മകമായ ഇടം തുറന്നത് സൈബർ ഇടങ്ങളാണ്. എന്നാൽ വ്യവസ്ഥിതിയ്ക്ക് വിരുദ്ധമായി എഴുതുന്ന സ്ത്രീകൾ വാക്കുകൾ കൊണ്ടുള്ള പീഢനത്തിന് വിധേയമാകുന്നതും അവിടങ്ങളിൽ കാണാം.

സ്ത്രീ പ്രയോഗിക്കുന്ന ഭാഷയിൽ പോലുമുണ്ട് വിധേയത്വം. സ്വന്തം ഉടലിനെ കുറിച്ച് തുറന്ന് പറയാനും ലൈംഗിക വികാരത്തെ സംബന്ധിച്ച് സംസാരിക്കാനും സ്ത്രീയെ സമൂഹം അനുവദിക്കാറില്ല. പുരുഷന് ലൈംഗിക പരമായി കൈവശം വെക്കാൻ മാത്രം അധികാരമുള്ളതാണ് സ്ത്രീയുടെ ഉടൽ എന്ന സ്വാർത്ഥതയുടെ മൂഢ ശാസ്ത്രം ആണിതിന് പിന്നിൽ പ്രവർത്തിക്കുന്നത് .പുരുഷൻ മദ്യപിച്ച് തെറി പറഞ്ഞാൽ ആണത്തവും സ്ത്രീ അത് പോലെ ചെയ്താൽ അവളുടെ സാംസ്ക്കാരികവും സാമൂഹികവുമായ അപചയമായും പുരുഷ കേന്ദ്രീകൃതമായ ഈ സമൂഹം കാണുന്നു. ലൈംഗികപരമായ പദങ്ങൾ ഉപയോഗിക്കാൻ പോലും അവൾക്ക് സ്വാതന്ത്ര്യമില്ല.

നമ്മൾ പലപ്പോഴും സംസ്ക്കാരമായി തെറ്റിദ്ധരിക്കുന്നത് വിക്ടോറിയൻ സദാചാര മൂല്യങ്ങളെയും മതാധിഷ്ഠിതമായ സാമൂഹ്യ നിയമങ്ങളെയുമാണ്. മതത്തിൻ്റെ അടരുകൾ നിലനിൽക്കുന്നത് സ്ത്രീ വിരുദ്ധതയിലാണ്. അവളുടെ വസ്ത്രം, സ്വഭാവം എന്നീ തലത്തിലെല്ലാം പുരുഷ കേന്ദ്രീകൃത മതനിയമങ്ങൾ ഇടപെടുന്നു. ഇന്ത്യയിലെ മിക്ക മതങ്ങളും പുരുഷ സൃഷ്ടിയാണ്. വിശ്വാസത്തിൻ്റെ പുറത്ത് അവളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഇന്നും നടക്കുന്നു. ഒരു പുരുഷനും സ്ത്രീയും ലൈംഗികമായി ബന്ധപ്പെടുന്നത് പോലും മിക്കപ്പോഴും മതത്തിൻ്റെ ലൈസൻസ് കിട്ടിയ ശേഷമാണ്.

മാധ്യമങ്ങൾ പോലും പ്രത്യക്ഷവും പരോക്ഷവുമായി സ്ത്രീ വിരുദ്ധത ആഘോഷിക്കുന്നു. ‘അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടി’ എന്ന ഉത്തമ സ്ത്രീ സങ്കൽപ്പം ഇന്നും സിനിമയിലും സീരിയലിലും സജീവമാണ്. ആധുനിക ഇന്ത്യയിൽ സ്ത്രീകൾക്ക് ആദരം നൽകുന്നത് ഗ്യാസ് സിലിണ്ടറിന് സബ്സിഡി നൽകുന്നതിലൂടെയാണ് എന്ന, അടുക്കള കേന്ദ്രീകൃത സ്ത്രീ എന്ന് പറയാതെ പറയുന്ന പരസ്യങ്ങൾ പുരുഷാധിപത്യത്തിൻ്റേതാണ്. ഹ്രസ്വ സിനിമകളിൽ കാമുകൻ്റെ പൊസ്സസീവ്നെസ്സിന് പാത്രീഭവിക്കുകയും സ്വന്തം സ്വാതന്ത്ര്യത്തിനെ സ്നേഹത്തിൻ്റെ
( കപട സ്നേഹം ) പേരിൽ സന്തോഷപൂർവ്വം ത്യജിക്കുകയും ചെയ്യുന്ന കാമുകിമാർ ഇനിയെങ്കിലും അപ്രസക്തരാകണം.

ചരക്കും പോക്ക് കേസും

പലപ്പോഴും പുരുഷന്മാരുടെ സ്വകാര്യ സംഭാഷണങ്ങളിലും സോഷ്യൽ മീഡിയയിൽ വെർബൽ റേപ്പിനും ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ് ചരക്കും പോക്ക് കേസും.ചരക്ക് എന്നാൽ വസ്തു എന്ന അർത്ഥത്തിലുപരി ആത്മാവില്ലാത്ത, സ്ത്രീയുടെ ഉടലിനെ മാത്രം സംബന്ധിക്കുന്ന സംജ്ഞയാണിത്. ഒരു വ്യക്തിയെ കാണുന്ന ആദ്യ മാത്രയിൽ തന്നെ അതിനെ ഒരു ഭോഗവസ്തുവായി മാത്രം കാണുന്ന ചിന്താഗതിയാണ് ഇതിന് പിന്നിൽ.ഒരു ആൺ സുഹൃത്തിനോട് ഞാൻ ചോദിച്ചിട്ടുണ്ട് എന്താണ് ചരക്ക് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്. അവൻ പറഞ്ഞത് സ്ത്രീയുടെ ലൈംഗികാവയവങ്ങളുടെ ഭംഗിയുടെ തോത് എന്നാണ്. മിക്ക പുരുഷന്മാരും സ്ത്രീകളെ അളക്കുന്നത് ലൈംഗികതയുടെ അടിത്തറയിൽ നിന്നാണ് എന്നുള്ളതിൻ്റെ ഉത്തമ ഉദാഹരണമാണ് ചരക്ക്. എന്നാൽ ഒരു പുരുഷനെ സംബന്ധിച്ച് ലൈംഗിക ചർച്ചകളും ഇത്തരത്തിലുള്ള പദാവലികളും സ്ത്രീകൾക്കിടയിൽ വിരളമാണ്. സ്ത്രീയുടെ സ്വകാര്യത പോലും നിയന്ത്രിക്കുന്നത് പുരുഷനാണ്.

‘പോക്ക് കേസ്’ എന്നാൽ ഒന്നിലധികം പുരുഷമാരുമായി ബന്ധമുള്ളവൾ, മദ്യപിക്കുന്നവൾ, പുകവലിക്കുന്നവൾ, മതത്തെ നിന്ദിക്കുന്നവൾ, ഫെമിനിസ്റ്റ് ചിന്താഗതിയുള്ളവൾ, എല്ലാം തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുന്നവൾ എന്നിവരാണ്. ഇതിനെ മൊത്തത്തിലൊന്ന് സംഗ്രഹിച്ചാൽ സ്വത്വബോധമുള്ള ,തൻ്റേടിയായ സ്ത്രീ എന്നർത്ഥം വരും. സ്ത്രീ പുരുഷനോടൊപ്പം തന്നെ വളരുന്നു എന്നതിലെ അസൂയയിൽ നിന്നാണ് ഇത്തരം ഒരു വാക്ക് ഉരുത്തിരിയുന്നത്. ലോകത്തിലെ സർവ്വതിനും തങ്ങളാണ് കേന്ദ്രം എന്ന് ചിന്തിക്കുന്ന വികൃതമായ പുരുഷാധിപത്യ മൂല്യത്തിന് ഉടവ് സംഭവിക്കുമ്പോഴുള്ള വാക്കാണിത്. ‘പോക്ക് ‘ എന്നാൽ സാമ്പ്രദായിക ചിന്താധാര വിട്ട് ‘പോകു’ന്നവൾ എന്നർത്ഥം. സ്ത്രീകളെ കുറിച്ച് സ്ത്രീകൾ തന്നെ ഇങ്ങനെ പറയാറുണ്ട്. സ്ത്രീയുടെ ആന്തരിക ചർച്ചയുടെ, പദാവലിയുടെ താക്കോൽ തിരിക്കുന്നത് മിക്കപ്പോഴും പുരുഷനാണ്. വേശ്യാ-വെടി വിളികൾ കൊണ്ട് ചില സ്ത്രീകളുടെ സൈബർ ഇടങ്ങൾ നിറയുന്നത് കാണാം. വേശ്യ എന്ന വാക്ക് പുരുഷ നിർമിതിയാണ് .വിടൻ എന്ന വാക്ക് പലപ്പോഴും മറച്ച് വെക്കപ്പെടുന്നത് ഒരു വൈരുദ്ധ്യമാണ്.

സ്ത്രീ അമ്മയാണ്… പെങ്ങളാണ്… തേങ്ങയാണ്.

പ്രണയം തകർന്ന ഒരു വിദ്യാർത്ഥി നേതാവ് അരിശം മൂത്ത് എന്നോട് പറഞ്ഞതാണ് സ്ത്രീ അമ്മയാണ് .. പെങ്ങളാണ് … തേങ്ങയാണ് എന്ന്. ഉച്ചയ്ക്ക് ഘോര ഘോരം സദാചാര വാദത്തിനും സനാതന ധർമ്മത്തിനും വേണ്ടി പ്രസംഗിച്ച ഈ കുട്ടി പറഞ്ഞത് സ്ത്രീയെ ദൈവ സമാനമായി കാണണം എന്നായിരുന്നു. ഇങ്ങനെയുള്ള വിഗ്രഹങ്ങളിൽ നിന്നാണ് അസ്വാതന്ത്ര്യം ഉണ്ടാകുന്നത്. അമ്മ എന്ന ബിംബത്തിലേയ്ക്ക് സ്ത്രീയെ തിരിച്ചാൽ, പ്രത്യക്ഷമായി അതൊരു തലോടലായി തോന്നുമെങ്കിലും അതൊരു ‘തട്ടാണ് ‘. അമ്മയ്ക്കും പെങ്ങൾക്കും എല്ലാം ചലിക്കാനും ചിന്തിക്കാനും താക്കോൽ തിരിക്കുന്നത് പുരുഷനാണ്. കേരളീയ സമൂഹം സാക്ഷരതയിൽ മുൻപിലാണെങ്കിലും അതിൻ്റെ സർവ സാമൂഹിക മണ്ഡലങ്ങളിലും സ്ത്രീവിരുദ്ധത കാണാം.

എന്ത് കൊണ്ട് ഞാൻ ഫെമിനിസ്റ്റാകുന്നു.

പലപ്പോഴും ഫെമിനിസം എന്ന പദം ഒരു വിരോധ പ്രസ്ഥാനമാണെന്ന ധാരണ പൊളിച്ചെഴുതേണ്ടതുണ്ട്. ഫെമിനിസം ഒരു പ്രായോഗിക ചിന്താ പദ്ധതിയാണ്.
പലപ്പോഴും ഞാനും സമൂഹവും തമ്മിൽ നിരന്തരമായ ആന്തരിക സംഘർഷത്തിലേർപ്പെടാറുണ്ട്.ഞാൻ എൻ്റെ സ്വത്വത്തെ നിർമ്മിച്ചത് ഈ പുരുഷ കേന്ദ്രീകൃത വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ്. അലിഖിതമായ പുരുഷ മേധാവിത്വം എന്നെ ഞാനായി മാറാൻ അനുവദിക്കില്ലെന്ന ഉത്തമ ബോധവും ഞാനടങ്ങുന്ന വർഗത്തോട് സമൂഹം കാണിക്കുന്ന പക്ഷപാതപരവും നിന്ദാപരവുമായ വീക്ഷണം എൻ്റെ സ്വത്വ നിർമ്മാണ പ്രക്രിയയ്ക്ക് ആക്കം കൂട്ടി.
ബീനാ കണ്ണൻ പറഞ്ഞത് പോലെ ‘ ഒരു കസേരയും ഒരു സ്ത്രീയും പുരുഷനും ഉണ്ടെങ്കിൽ കസേര ഞാൻ പുരുഷന് കൊടുക്കും’ എന്ന ഡിപ്ലോമാറ്റിക്കായ സമത്വവാദം കേവലം ഉപയോഗ ശൂന്യമാണ്. ഫെമിനിസ്റ്റല്ല എന്ന് പറയുന്നവർ എന്താണ് ഫെമിനിസം എന്ന് കൂടി മനസ്സിലാക്കണം.മലയാള ചലച്ചിത്ര നടിയായ സരയൂ പ്രസ്താവിച്ചത് സമത്വമാണ് വേണ്ടത്, ഫെമിനിസം അല്ല എന്നാണ്. സരയൂ പുരുഷ കേന്ദ്രീകൃത മൂല്യത്തെ ഉള്ളിൽ പേറുന്നവരുടെ പ്രതിനിധിയാണ്.

സ്ത്രീയുടെ പ്രതിരോധം ഈ കാലഘട്ടത്തിൻ്റെ കൂടി ആവശ്യമാണ്. തീർത്തും ബാഹ്യതല ചിന്തകൾക്ക് പകരം പിതൃകേന്ദ്രീകൃത സമൂഹത്തെ ഉടച്ച് വാർക്കുവാൻ ഫെമിനിസം എന്ന ചിന്താധാരയ്ക്കും പ്രായോഗിക പദ്ധതിക്കും കഴിയും. അതിനെ നാം മനസ്സിലാക്കേണ്ടതുണ്ട്.

PUBLISHED ON 20-08-2020