“വോ വക്കിൽ ഹേ ഭായ്, ദേശ്ദ്രോഹി നഹി”

മൊഴിമാറ്റം : കയൽവിഴി

ഭീമ കൊറേഗാവ് കേസിൽ തടവിലാക്കപ്പെട്ട അഭിഭാഷക സുധ ഭരദ്വാജിനെ കാണാൻ 2019 ഡിസംബറിൽ മധ്യ ഛത്തിസ്ഗഢിലെ  നഗരമായ ദുർഗിയിൽ നിന്ന് പൂനെയിലേക്ക് 1,000 കിലോമീറ്റർ യാത്ര ചെയ്ത് സാഹു എത്തി.  ഒരു സിമൻറ് ഫാക്ടറിയിലെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്ററാണ് രാജ്കുമാർ സാഹു . സുധഭരദ്വാജുമായുള്ള നിമിഷനേരത്തെ കൂടിക്കാഴ്‌ചയ്‌ക്കായി എന്തിനാണ് 50 കാരനായ തൊഴിലാളി ഇത്ര ദൂരം യാത്ര നടത്തിയതെന്നചോദ്യത്തിനുള്ള മറുപടിഇങ്ങനെയായിരുന്നു “അവർ ഞങ്ങളുടെ അഭിഭാഷകയോ യൂണിയൻ സഹപ്രവർത്തകയോ മാത്രമല്ല,ഞങ്ങളെ സംബന്ധിച്ചിടത്തോളം സുധ ദീദി (മൂത്ത സഹോദരി) കുടുംബാംഗമാണ്.”

ഛത്തീസ്ഗഢ് മുക്തി മോർച്ചയിലെ ദീർഘകാല അംഗമെന്ന നിലയിൽ,യൂണിയനിസ്റ്റും ദാർശനികനുമായ ശങ്കർ ഗുഹ നിയോഗി സ്ഥാപിച്ച തൊഴിലാളി-കർഷക യൂണിയനിൽ,1980 കളുടെ അവസാനത്തിലാണ് സാഹു ആദ്യമായി ഭരദ്വാജിനെ കണ്ടത്.“അന്ന് അവർ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) നിന്ന്  വിദ്യാഭ്യാസം പൂർത്തിയാക്കിരുന്നു. ഗണിതശാസ്ത്രത്തിലായിരുന്നു ബിരുദ്ധം.സുധയുടെ 20ആം വയസിൽ, ഖനനത്തൊഴിലാളികളുടെ കുട്ടികൾക്കായുള്ള  സ്കൂളിൽ പഠിപ്പിക്കുന്നതിനായി ഖനനനഗരമായ ഡള്ളി രാജാരയിലേക്ക് മാറിയിരുന്നു.ഒപ്പം യൂണിയനുമായി പ്രവർത്തിച്ചിരുന്നു” എന്ന് സാഹു പറയുന്നു.

അക്കാലത്ത് സാഹുവും അഞ്ഞൂറിലധികം തൊഴിലാളികളും ദുർഗിലെ സിമൻറ് ഫാക്ടറിയിൽ(പിന്നീട് അസോസിയേറ്റഡ് സിമൻറ് കമ്പനീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും ഇപ്പോൾ സ്വിസ് മൾട്ടിനാഷണൽ ലഫാർജ്ഹോൾസിമിന്റെ ഉടമസ്ഥതയിലുള്ളതുമാണ്)  മിനിമം വേതന കരാറുകളിൽ തൊഴിലാളികളുടെ അധ്വാനം കണക്കിലെടുക്കാതെ കമ്പനി ചൂഷണം ചെയ്തിരുന്നു.അതിൽ പ്രധിഷേധിച്ചു കൊണ്ട് കമ്പനിയിൽ ‘സ്ഥിരം തൊഴിലാളികളായി’ ജോലിചെയ്യാൻ അവർ പോരാട്ടം തുടങ്ങി.

“ഞങ്ങളുടെ ചെറിയ യൂണിയന് അഭിഭാഷകരുടെ ഫീസും ചെലവും വഹിക്കാൻ കഴിയുമായിരുന്നില്ല.സുധഭരദ്വാജ് ഞങ്ങളുടെ കേസ് ഏറ്റെടുത്തത് മുതൽ അവർ  16 വർഷത്തോളം ഞങ്ങൾക്കുവേണ്ടി  പോരാടി.സുധഭരദ്വാജ്  നിയമവും പഠിച്ചിരുന്നു .അതിനാൽ  സാഹുവിനെപോലെയുള്ള ആയിരക്കണക്കിന് തൊഴിലാളികളുടെ അവകാശത്തിനായി കേസുകൾ നടത്താൻ കഴിഞ്ഞു.ഒരു ലേഖനത്തിൽ അവർ എഴുതിയതുപോലെ, 2000 ൽ ’40ആം വയസ്സിൽ’ അവർ അഭിഭാഷകയായി. വാദങ്ങളിലൂടെയും നിരാഹാര സമരങ്ങളിലൂടെയും ചർച്ചകളിലൂടെയും ഞങ്ങളുടെ കൂടെ നിന്നു,” സാഹു പറഞ്ഞു.ഭരദ്വാജിന്റെ പ്രവർത്തനമികവിൽ നിയമപരമായി നിർബന്ധിത വേതനം, മികച്ച തൊഴിൽ നിബന്ധനകൾ, കിട്ടാനുള്ള പഴയ കൂലി, ബോണസ്, സുരക്ഷാ ഹെൽമെറ്റുകൾ, ബൂട്ടുകൾ എന്നിവ ഉൾപ്പെടെ ശക്തമായ  വിജയം നേടാൻ തൊഴിലാളികളെ സഹായിച്ചു.

ആരംഭകാലഘട്ടത്തിൽ  500 രൂപയായിരുന്നു ഫാക്ടറിയിലെ  പ്രതിമാസ ശമ്പളം.പക്ഷെ ഇപ്പോൾ സാഹു പറയുന്നു,നിയമപോരാട്ടങ്ങൾക്കൊടുവിൽ  അദ്ദേഹത്തെപ്പോലുള്ള തൊഴിലാളികൾ ഇപ്പോൾ 28,000 രൂപ വരെ  മാസാവരുമാനമായി സമ്പാദിക്കുന്നുണ്ട് എന്ന്.”സുധ ദീദി ഞങ്ങളുടെ കൂടെ നിന്നിരുന്നില്ലെങ്കിൽ,ഞങ്ങളെപ്പോലുള്ള കരാർ തൊഴിലാളികൾക്ക് ഇത്തരം വൻകിട കമ്പനികൾക്കെതിരെ കോടതിയിൽ വാദിക്കാമെന്ന സ്വപ്നം പോലും  കാണാൻ കഴിയില്ല.അവർ ഞങ്ങളുടെ ജീവിതത്തിന് സംഭാവന ചെയ്ത കാര്യങ്ങൾ വിവരിക്കാൻ ഞങ്ങൾക്ക് വാക്കുകളില്ല.”

മധ്യ ഛത്തിസ്ഗഢിലെ ദുർഗിൽ നിന്ന് വടക്ക് റായ്ഗഡ് ജില്ലയാണ് കഴിഞ്ഞ രണ്ട് ദശകങ്ങളായി വൻകിട  കൽക്കരി ഖനികളും താപവൈദ്യുത നിലയങ്ങളും ഖനന കോർപ്പറേറ്റുകളെ സമ്പന്നമാക്കിയത്. അതേസമയം വനങ്ങളും കൃഷിസ്ഥലങ്ങളും ഗ്രാമങ്ങളും നശിപ്പിക്കുകയും ആദിവാസി  സമൂഹങ്ങളുടെ പൂർവ്വികകാലം മുതൽ ഉപയോഗിച്ചിരുന്ന ഭൂമി തട്ടിപ്പറിക്കുകയും അവരെ  മലിനമായ വെള്ളം,വായു എന്നിവമൂലം രോഗികളാക്കുകയും ചെയ്തു ഈ വൻകിട കോർപ്പറേറ്റ് ഖനന കമ്പനികൾ.

ഉറവിടം:ചിത്രാംഗദ ചൗധരി.

സാഹുവിനെപ്പോലെ മിലുപാറ ഗ്രാമത്തിലെ ജാൻകി സിദാർ, ഭരദ്വാജിനെ കുറിച്ചു പറയാൻ തുടങ്ങിയപ്പോൾ സിദാറി കണ്ണുകൾ നിറഞ്ഞു.നിയമങ്ങളും ഭരണഘടനാ ഉറപ്പുകളും ഉണ്ടായിരുന്നിട്ടും ആദിവാസികളുടെ ഉപജീവനത്തിന്റെയും സ്വത്വത്തിന്റെയും ഉറവിടമായ ഗോത്രവർഗ്ഗ ഭൂമിയുടെ ഉടമസ്ഥാവകാശം  ഇടനിലക്കാരും ഭൂമാഫിയകളും വ്യാവസായികളും ചേർന്ന് കവർന്നെടുത്ത റായ്ഗഡിലെ ആദിവാസി വനിതാ കർഷകരിൽ ഒരാളാണ് സിദാർ.”കുറേ വർഷങ്ങളായി, എന്റെ കേസ് എങ്ങുമെത്തിയിരുന്നില്ല” . സ്റ്റീൽ, സ്പോഞ്ച്, ഇരുമ്പ് പ്ലാന്റായ മോനെറ്റ് ഇസ്പാറ്റിന് പിടിച്ചുപറിച്ച തന്റെ 4 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തെക്കുറിച്ച് സിദാർ പറഞ്ഞതിങ്ങനെയാണ്. “ഒന്നിനുപുറകെ ഒന്നായി കോടതിയിൽ കേസ് നടക്കുകയിരുന്നു.ഞങ്ങൾ  സുധ ദീദിയിയെ കാണുന്നതുവരെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ലയിരുന്നു.”

2011 ൽ സിദാറിനു വേണ്ടി ഭരദ്വാജ് ഛത്തിസ്ഗഢിലെ ഹൈക്കോടതിയെ സമീപിച്ചു. ഛത്തീസ്ഗഢ്  ലാൻഡ് റവന്യൂ കോഡിലെ സെക്ഷൻ 170 ബി, 1959 ലെ ആദിവാസി ഭൂമി ഗോത്രവർഗക്കാരല്ലാത്തവർക്ക് കൈമാറുന്നത് നിയന്ത്രിക്കുന്നതാണെന്നും വഞ്ചനയിലൂടെ തട്ടിയെടുത്ത അത്തരം ഭൂമി തിരിച്ചു ആദിവാസികൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.

2014 ൽ ഹൈക്കോടതിയുടെ അനുകൂലമായ വിധിയെത്തുടർന്ന്, സിദാറിന്റെ ഭൂമി അവർക്ക് തിരികെ ലഭിച്ചു.ഇപ്പോൾ സിദാർ ആ ഭൂമിയിൽ കൃഷി ചെയ്യുക്കയാണ്. ഭരദ്വാജിനൊപ്പമുള്ള ജനകീയപ്രവർത്തനം മൂലം നീതി ലഭിച്ച  ഈ മേഖലയിലെ നിരവധി കർഷകരിൽ ഒരാളാണ് സിദാർ.“ഭരദ്വാജിന്റെ നിയമ സഹായമില്ലായിരുന്നുവെങ്കിൽ കമ്പനി എന്നേ ഞങ്ങൾ ആദിവാസികളെ തുടച്ചുനീക്കിയെനെ.” എന്ന് സിദാർ പറയുന്നു. 

സുധ അധികവും പാർശ്വവൽക്കരിക്കപ്പെട്ടവരും ചൂഷണം ചെയ്യപ്പെടുന്നവരും, വർഷങ്ങളായി കോടതികളിൽ എന്താണ് നടക്കുന്നത് എന്നറിയാത്തവരുടെയും കേസുകളാണ് ഏറ്റെടുത്തിരുന്നത്.ധീരയായ  യൂണിയൻ പ്രവർത്തകയും പൊതുതാൽപര്യമുള്ള അഭിഭാഷകയുമായി  ഇതിലൂടെ നമുക്ക് സുധ ഭരദ്വാജിനെ കാണാം.മൂന്ന് പതിറ്റാണ്ടിലേറെയായി നിരന്തരമായ പ്രവർത്തനങ്ങൾ ഭരദ്വാജിനെ  സർക്കാർ വകുപ്പുകളായ ഗോത്രകാര്യ മന്ത്രാലയം, ദേശീയ ഉപദേശക സമിതിയിലെ ഗോത്ര വിഷയങ്ങളെക്കുറിച്ചുള്ള ഉപസമിതി എന്നിവയിൽ  നിയമപരമായി പ്രതിനിധീകരിക്കുന്നതിനുള്ള അഭ്യർത്ഥനകളിലേക്കു വരെ കൊണ്ടെത്തിച്ചു.ഒടുവിൽ ഏറ്റവും അവസാനം 2017-2018 ൽ ദില്ലിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി
യിലെ വിസിറ്റിംഗ് അദ്ധ്യാപികയായി നിയമ വിദ്യാർത്ഥികളെ പഠിപ്പിക്കുകയായിരുന്നു അവർ. 2013-14 ൽ ഭരദ്വാജിന് ഛത്തിസ്ഗഢിലെ ഹൈക്കോടതിയിൽ ജഡ്ജി തസ്തികയും വാഗ്ദാനം ചെയ്തിരുന്നു.അവർ  അത് നിരസിച്ചതിനാൽ സംസ്ഥാനത്തിന്റെ പാർശ്വവത്കരിക്കപ്പെട്ടവർക്കായി അവരുടെ  നിയമ സഹായ പ്രവർത്തനങ്ങൾ തുടരാനും അവർക്കു കഴിഞ്ഞു എന്നതാണ് വാസ്തവം.

ഉറവിടം:പദ്മജ ഷാ

സുധ ഭരദ്വാജിന്റെ പൊതുസേവനജീവിതത്തെ കുറിച്ച്  ഇന്ന് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി
(NIA)യുടെ വിശദികരണം തികച്ചും വ്യത്യസ്തമാണ്.  മാവോയിസ്റ്റ് പാർട്ടിയുടെ പ്രവർത്തക, ആയുധങ്ങൾ കടത്തുന്നവർ, സായുധ പ്രവർത്തനങ്ങളിൽ മാർഗ്ഗനിർദ്ദേശം നൽകുന്നവർ  എന്നൊക്കെയാണ് അവരുടെ റിപ്പോർട്ട്.

രണ്ട് വർഷമായി  ജയിലിൽ വിചാരണയില്ല, ജാമ്യമില്ല.

2018 ഓഗസ്റ്റ് 28 ന് അറസ്റ്റു ചെയ്യപ്പെട്ട സുധ ഭരദ്വാജ്  ‘ഭീമ കൊറേഗാവ്’കേസിലെ കുറ്റക്കാർ എന്ന് ആരോപിക്കപ്പെടുന്ന  അഭിഭാഷകർ, മനുഷ്യാവകാശ സംരക്ഷകർ, അക്കാദമിക് മേഖലകളിൽ പ്രവർത്തിക്കുന്നവരും കവികളും നാടകപ്രവർത്തകരുമായ 12 പേരെ അറസ്റ്റ് ചെയ്ത കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ1860ലെ 10ആം  വകുപ്പു പ്രകാരവും, 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ(UAPA) പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്.

2018 മധ്യത്തിൽ ആദ്യത്തെ ഒമ്പത് അറസ്റ്റുകൾ നടന്നപ്പോൾ ഭരദ്വാജും മറ്റുള്ളവരും നരേന്ദ്ര മോദിയെ വധിക്കാൻ ഗുഢാലോചന  നടത്തിയെന്നും അതിനുവേണ്ടി  ഇ-മെയിലുകൾ അയച്ചതായും മഹാരഷ്ട്ര പോലീസ് ആരോപിക്കുന്നു. 2018 ജനുവരിയിൽ ഭീമ പട്ടണത്തിൽ ഭീമ കൊറഗാവ് അനുസ്മരണവുമായി ബന്ധപ്പെട്ടു നടന്ന ലഹളയുടെ ആസൂത്രിതരാണെന്നും അതിനു വേണ്ടി പ്രസംഗങ്ങൾ നടത്തുകയും ലഘുലേഖകൾ പ്രചരിപ്പിച്ചതായും പോലീസ് പറയുന്നു.വിമർശനങ്ങൾ ഏറ്റുവാങ്ങിയ  പോലീസ് 2018 സെപ്റ്റംബറിൽ ഒരു പത്രസമ്മേളനം നടത്തുകയും  അറസ്റ്റ് ചെയ്ത സാമൂഹികപ്രവർത്തകരുടെ പക്കൽ നിന്നും കേസുമായി ബന്ധപ്പെട്ട്  ‘ആയിരക്കണക്കിന് കത്തുകൾ’ പിടിച്ചെടുത്തുവെന്ന് പോലീസ് പറഞ്ഞു.

രണ്ടുവർഷത്തിനുശേഷം (എൻ‌ഐ‌എ ഏകപക്ഷീയമായി കേസ് 2020 ജനുവരിയിൽ മഹാരാഷ്ട്ര പോലീസിൽ നിന്ന് ഏറ്റെടുത്തു) ഇത്തരം ഗുരുതരമായ ആരോപണങ്ങളിലേക്ക് നയിക്കുന്നു എന്ന് അന്വേഷണസംഘം പറയുന്ന തെളിവുകൾ  ഇതുവരെ വെളിച്ചം കണ്ടിട്ടില്ല,വിചാരണ ആരംഭിച്ചിട്ടുമില്ല. അറസ്റ്റിനുശേഷം നാല് തവണ ജാമ്യത്തിനായി അപേക്ഷ നൽകിയ സുധ ഭരദ്വാജ് ഉൾപ്പെടെ എല്ലാ വിചാരണത്തടവുകാർക്കും ജാമ്യം നിഷേധിച്ചുകൊണ്ടേയിരിക്കുകയാണ് കോടതി.

ഭരദ്വാജിന്റെ അഭിഭാഷകൻ യുഗ് ചൗധരി പറയുന്നത്, “സുധ ഭരദ്വാജിനെതിരെ ഇതുവരെ ഹാജരാക്കിയ തെളിവുകൾ, മറ്റ്  വ്യക്തികളുടെ കമ്പ്യൂട്ടറുകളിൽ നിന്ന് ടൈപ്പ് ചെയ്തതും കാലഹരണപ്പെടാത്തതും ഒപ്പിടാത്തതുമായ കത്തുകളുമാണ്. സുധയുടെ വീട്ടിലോ അവരുടെ ഇലക്ട്രോണിക്  ഉപകരണ ങ്ങളിലോ നിന്ന്  ഒന്നും കണ്ടെത്തിയിട്ടില്ല.കണ്ടെത്തി എന്ന് പറയുന്നതൊന്നും തെളിവും അല്ല”.“നിർഭാഗ്യവശാൽ ഒരിക്കൽ യു‌എ‌പിഎ പ്രകാരം ഒരാൾക്കെതിരെ കുറ്റം ചുമത്തിയാൽ, തീവ്രവാദ ആരോപണങ്ങളെ ചുറ്റിപ്പറ്റിയുള്ള മുൻവിധിയും പക്ഷപാതവും കാരണം സ്ഥിരമായി തെളിവുകളുടെ നിയമങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെടുന്നു.”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരദ്വാജിന് ജാമ്യം നൽകുന്നതിനെതിരെ 2020 ജൂലൈയിലെ സത്യവാങ്മൂലത്തിൽ ഭരദ്വാജും മറ്റ് പ്രതികളും നിരോധിത സംഘടനയിലെ റിക്രൂട്ട്‌മെന്റിനായി കേഡർമാരെ തിരഞ്ഞെടുക്കുന്നവരും  പ്രോത്സാഹിപ്പിക്കുന്നവരുമാണെന്നും, കൂടാതെ ഇവർ  കേഡർമാർക്കിടയിൽ  ആയുധങ്ങളുടെ കടത്തലിനും വിതരണത്തിനും സഹായിക്കുന്നുണ്ടെന്നും എൻ ഐ എ ആരോപിച്ചു.സായുധ കലാപത്തിന്റെ ലക്ഷ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് തന്ത്രപരമായ വിവരങ്ങൾ നൽകുന്നതിന് ഭരദ്വാജും മറ്റ് പ്രതികൾക്കൊപ്പം പരിശീലനത്തിൽ  ഏർപ്പെട്ടിരുന്നതായി എൻ‌ഐ‌എ റിപ്പോർട്ടിൽ പറയുന്നു.ഭരദ്വാജ് വൈസ് പ്രസിഡന്റായിരുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് പീപ്പിൾസ് ലോയേഴ്‌സ് മാവോയിസ്റ്റ് പാർട്ടിയുടെ മുന്നണി സംഘടനയാണെന്നും  എൻഐഎ കോടതിയിൽ അവകാശപ്പെട്ടു.’ഭരദ്വാജ് വലിയ തോതിലുള്ള അക്രമങ്ങൾ സൃഷ്ടിച്ചതായും  സ്വത്ത് നശിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ കുഴപ്പമുണ്ടാക്കിയെന്നതിനും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്’ എന്ന് NIA സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.ജാമ്യം നൽകിയാൽ ‘ഭരദ്വാജിനെ മോചിപ്പിക്കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തും’ എന്നാണ് എൻ‌ഐ‌എ വാദിച്ചത്.

ഭരദ്വാജിനെ പോലെ അറസ്റ്റ് ചെയ്യപ്പെട്ട മഹേഷ് റൗത്തിൻ്റെ അഭിഭാഷകനായ  നിഹാൽസിംഗ് റാത്തോഡ് ഉൾപ്പെടെ മൂന്ന് അഭിഭാഷകർക്ക് എൻഐഎ സമൻസ് അയച്ചിട്ടുണ്ടെന്ന്  ഓഗസ്റ്റ് 27 ന് ദി വയർ റിപ്പോർട്ട് ചെയ്തതിരുന്നു.ഭരദ്വാജിന്റെ  സുഹൃത്തും ദില്ലിയിലെ സാമ്പത്തിക ശാസ്ത്രജ്ഞയുമായ സ്മിത ഗുപ്ത പറയുന്നു ”ആരോപണങ്ങളുടെ ഗൗരവം നിങ്ങൾ കാണുകയാണെങ്കിൽ,കേസ് വിചാരണ നടക്കുമെന്ന് നിങ്ങൾ കരുതുന്നോ?.രണ്ടുവർഷത്തിനുശേഷവും അത് നടന്നിട്ടില്ല എന്നത് കൊണ്ട് തന്നെ വിചാരണ നേരിടേണ്ടത് സുധയല്ല,മറിച്ച്  സംസ്ഥാനമാണ്. ” 

ദില്ലി സർവകലാശാല പ്രൊഫസർ ഹാനി ബാബുവിന്റെ കേസ് നമ്മുടെ മുൻപിലുണ്ട്. മേൽപ്പറഞ്ഞ, അതെ കേസിൽ 2020 ജൂലൈ മാസം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ഹാനി.NIA  2019 സെപ്റ്റംബറിൽ ഹാനി ബാബുവിന്റെ വീട്ടിൽ റെയ്ഡ് നടത്തി. റെയ്‌ഡിൽ കണ്ടെത്തി എന്ന് പറയപ്പെടുന്ന വസ്തുക്കളുടെ അടിസ്ഥാനത്തിൽ ജൂലൈയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

ഭരദ്വാജിന്റെ മകൾ മെയ്ഷ “ഇന്നത്തെ എല്ലാത്തരം സാങ്കേതികവിദ്യയും ഉപയോഗിച്ച്, തെളിവുകൾ ശേഖരിക്കാൻ രണ്ട് വർഷമെടുക്കുമോ?ദരിദ്രർക്കുവേണ്ടി വർഷങ്ങളോളം പ്രവർത്തിച്ചതിനുശേഷവും അമ്മ  ഇരയായി തുടരുന്ന രീതി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുന്നു.” എന്നാണ്.

നമ്മൾ അറിയേണ്ട  സുധാഭരദ്വാജ്.

പോസ്റ്റ് ഡോക്ടറേറ്റ് അക്കാദമിക് മാതാപിതാക്കൾക്ക് യുഎസ്എയിൽ 1961 ൽ ​​ബോസ്റ്റണിൽ സുധ ഭരദ്വാജ് ജനിച്ചു.ദില്ലിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസിലാണ് അവർ വളർന്നത്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയായിരുന്ന കൃഷ്ണ ഭരദ്വാജാണ് അമ്മ. സുധ ഭരദ്വാജിന്റെ ഗണിതശാസ്ത്ര പ്രേമം അവളെ ഐഐടി കാൺപൂരിലേക്ക് എത്തിച്ചു.അവിടെ 1979 മുതൽ 1984 വരെ അവർ പഠിച്ചു.കുറച്ചു നാളുകൾക്ക് മുൻപ് ഐഐടിയിൽ നിന്ന് വിരമിച്ച പ്രൊഫസർ ശോഭാ മദൻ യുവ(സുധാ ഭരദ്വാജിന്റെ കൂടെ ക്യാമ്പസിലെ ഡോക്ടറേറ്റ്  വിദ്യാർത്ഥിയായിരുന്നു) സുധാ ഭരദ്വാജിനെ ഓർമ്മിക്കുന്നത്“നിങ്ങൾക്ക് അവഗണിക്കാൻ കഴിയാത്ത ഒരാൾ.അവൾ ലോകത്തെ നോക്കിയ രീതി അവളുടെ ജീവിതത്തിലെ വിശാലമായ വീക്ഷണത്തെ സൂചിപ്പിക്കുന്നു ”എന്നാണ്.മെസ് വർക്കർമാരുമായി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്ന സുധ. കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് ആദ്യമായി ക്യാമ്പസ്സിൽ തുറന്നുകാട്ടിയത് സുധയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവ ഭരദ്വാജിനെ ഛത്തീസ്ഗഢ്  മുക്തി മോർച്ച യൂണിയൻ അംഗവും കലാകാരനുമായ കലദാസ് ദഹാരിയ ഓർക്കുന്നത് “ചില ആളുകൾ പുരോഗമനവാദികളാണെന്ന് കാണിക്കുന്നു.അവർ അങ്ങനെയായിരുന്നില്ല, തൊഴിലാളികൾ എന്താണ് ചെയേണ്ടത് എന്ന് അവർ തിരിച്ചറിഞ്ഞു.പണവും സുഖസൗകര്യങ്ങളും വിട്ടെറിഞ്ഞു. അവർക്ക് കൂടുതൽ ആഗ്രഹങ്ങൾ ഉണ്ടായിരുന്നില്ല”.

“ഒരിക്കൽ ട്രെയിനിൽ നിന്ന് സുധയുടെ ചെരുപ്പ് മോഷണം പോയതിനാൽ സ്ലിപ്പറുകളില്ലാതെ എത്തി അവൾ!  പല സന്ദർശനങ്ങളിലും ഭരദ്വാജിന്റെ താൽപര്യം, ടോസ്റ്റിന്റെയും മാർമാലേഡിന്റെയും കുട്ടികളുടെ പുസ്തകങ്ങളോ പഴയ സിനിമയോ ആയിരിക്കും എന്നും ഗുപ്ത അനുസ്മരിച്ചു.യൂണിയനിലെ അവളുടെ പ്രവർത്തനവും 1991 ൽ നിയോഗിയുടെ കൊലപാതകത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനവും  അവളെ അഭിഭാഷകയാക്കി” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഭരദ്വാജ് തുടക്കത്തിൽ തൊഴിലാളികളുടെ കേസുകൾക്ക് വേണ്ടി പോരാടിയപ്പോൾ, 2000ത്തിന്റെ  തുടക്കം മുതൽ ഛത്തീസ്ഗഢിലെ ഭൂമി, വനങ്ങൾ, ഖനനം എന്നിവയുമായി ബന്ധപ്പെട്ട വളർന്നു വന്ന  വിഭവ സംഘർഷങ്ങളും ഭരണകൂടവും മാവോയിസ്റ്റുകളും
 തമ്മിലുള്ള സായുധ സംഘട്ടനവും ക്രമേണ അവരെ നിയമ
നിർമ്മാണത്തിന്റെയും മനുഷ്യാവകാശ പ്രവർത്തനത്തിന്റെയും ലക്ഷ്യത്തിലേക്ക് ആകർഷിച്ചു.വർദ്ധിച്ചുവരുന്ന സ്വകാര്യ വ്യവസായം തൊഴിലാളികളെ കൂടുതൽ ഫലപ്രദമായി ചൂഷണം ചെയ്യുന്ന കാലഘട്ടമാണിത്.ഖനന കോർപ്പറേറ്റുകൾക്ക് ഗ്രാമീണ ഭൂമികളും ജലവും വനങ്ങളും ഏറ്റെടുക്കാൻ സംസ്ഥാനം അധികാരം നൽക്കുകയാണ്.പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾക്കു വേണ്ട. സാഹു, സിദാർ തുടങ്ങിയവരുടെ ഭാവി പൊതു വ്യവഹാരത്തിന്റെ ഭാഗമല്ല എന്നമട്ടിലാണ് കോർപറേറ്റ് മാധ്യമങ്ങളുടെ പ്രവർത്തനം.

ബിലാസ്പൂരിലെ ഹൈക്കോടതിയിലെ അഭിഭാഷകയെന്ന നിലയിൽ ഖനികൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ എന്നിവയ്ക്കായി ശക്തമായ സ്റ്റേറ്റ് – വ്യവസായ അവിശുദ്ധ കൂട്ടുകെട്ട് മൂലം നാടുകടത്തൽ നേരിടുന്ന സമൂഹങ്ങളുടെ ശബ്ദമായി അവർ പ്രവർത്തിച്ചിരുന്നു.പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ(PUCL) ജനറൽ സെക്രട്ടറിയാണ്. കുടിയിറക്കൽ, പരിസ്ഥിതി നശീകരണം എന്നിവക്കെതിരെ സന്ധിയില്ലാ പോരാട്ടം.മനുഷ്യാവകാശ സംരക്ഷകർക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള ആക്രമണം വർദ്ധിച്ചതോടെ, ഇത്തരം അടിച്ചമർത്തൽ നേരിടുന്ന പ്രവർത്തങ്ങൾ ചെയ്യുന്നവരുടെ ജോലികൾ സംരക്ഷിക്കുന്നതിനായി ഒരു നിയമം തയ്യാറാക്കാൻ അവർ പ്രവർത്തിച്ചു.

ആദിവാസി അഭിഭാഷകനായ ആശിഷ് ബെക്ക് ഭരദ്വാജിനെ ശക്തയായ വ്യക്തിത്വവും വളരെ  പ്രശസ്തിയും ഉള്ള അഭിഭാഷകയായി അനുസ്മരിച്ചു.2011 ൽ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച സമയത്താണ് അവരെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മകൾ.“ഫയലുകൾ തുക്കിപിടിച്ചു ഇടനാഴിയിലൂടെ അവർ നടക്കും, അവർ സമപ്രായക്കാരിൽ നിന്ന് വേറിട്ടു നിന്നു,” ബെക്ക്.“ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഒരു മുതിർന്ന അഭിഭാഷകൻ സ്വന്തം ഫയലുകൾ വഹിക്കുന്നത് നമ്മൾ അപൂർവ്വമായി കാണുന്ന ദൃശ്യമാണ്.ചില ജൂനിയർമാരാണ്  സാധാരണയായി അവർക്കായി ഇത് ചെയ്യുന്നത്.”എന്നും ബെക്ക് നമ്മെ ഓർമിപ്പിച്ചു.

നീതിന്യായ വ്യവസ്ഥയിലേക്ക് പ്രവേശിക്കാൻ പാടുപെടുന്ന സമുദായങ്ങൾക്ക്  നിയമ സഹായം നൽകുന്നതിനായി 2010 ൽ ഭരദ്വാജ്, ജൻഹിത് (പൊതു താൽപ്പര്യം)എന്ന സംഘടന തുടങ്ങി. അറസ്റ്റുചെയ്യുന്നതിന് ഒരു മാസം മുമ്പ് ന്യൂസ്‌ക്ലിക്കിന് നൽകിയ അഭിമുഖത്തിൽ  സുധാഭരദ്വാജ് ഇങ്ങനെ അഭിപ്രായപ്പെടുന്നു. “എല്ലാ ജനകീയ  പ്രസ്ഥാനങ്ങളും ഒരേ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു പ്രതിജ്ഞാബദ്ധരായ അഭിഭാഷകരുടെ അഭാവം കാരണം അവർ കഷ്ടപ്പെടുന്നു.”

2006 ൽ ദന്തേവാഡയിലെ ഭരണകൂടവും മാവോയിസ്റ്റുകളും തമ്മിലുള്ള സംഘട്ടന മേഖലയിലെ അഞ്ച് വനിതാ ഗ്രാമീണരെ  പ്രാദേശിക പോലീസുകാരും  സാൽവ ജുഡം പ്രസ്ഥാനത്തിന്റെ നേതാക്കളും കൂട്ടമാനഭംഗത്തിനിരയാക്കി.ഭരദ്വാജ് ഈ സ്ത്രീകളുടെ കേസുകൾ ഏറ്റെടുത്തു. ദന്തേവാഡ പട്ടണത്തിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള കോണ്ടയിലെ തഹസിൽ കോടതിയിലായിരുന്നു കേസ് നടന്നിരുന്നത്.

ഒറ്റമുറി കോടതി കെട്ടിടം ശൂന്യമായിരുന്നു.മജിസ്‌ട്രേറ്റ് കേസ് ദിവസം ഹാജരായില്ല, എന്തുകൊണ്ടെന്ന് ആർക്കും പറയാൻ കഴിയുന്നുമില്ല.ഭരദ്വാജ് അടുത്ത  തീയതിയിലേക്ക് കേസ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു.മജിസ്‌ട്രേറ്റ് വരാതിരുന്നത്  മനപ്പൂർവമാണെന്നു അവർ  ഭയപ്പെട്ടു, കാരണം കേസ് നീണ്ടുപോകാൻ സാധ്യതയുണ്ട്.വനിതകൾക്ക്  ഭീഷണികൾ നേരിടേണ്ടിവരും,അല്ലെങ്കിൽ പരാതികൾ പിൻവലിക്കാൻ നിർബന്ധങ്ങൾ ഉണ്ടാകും എന്നൊക്കെ സുധയെ അലട്ടിയിരുന്നു എന്ന് ഗ്രാമവാസികൾ പറയുന്നു.“സ്ത്രീകൾ ധൈര്യമുള്ളവരാണ്. പക്ഷേ അവരുടെ ജീവിതത്തെ ഞാൻ ഭയപ്പെടുന്നു,” എന്ന് സുധാ ദിദി പറഞ്ഞിരുന്നുവെന്ന് ഗ്രാമീണർ കൂട്ടിച്ചേർത്തു.

കേസിൽ താൽപ്പര്യമില്ലാത്ത കോടതികളും സംസ്ഥാനത്തിൻ്റെ ശത്രുതയും മൂലം സ്ത്രീകൾ 2016 ൽ പരാതികൾ പിൻവലിച്ചു. ബലാത്സംഗം ആരോപിക്കപ്പെടുന്ന കേസിൻ്റെ വിചാരണ ഒരിക്കലും നടന്നില്ല.സാൽവ ജുഡത്തിനെതിരായ ക്രിമിനൽ പരാതികൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള നിരവധി പരാതികളിൻമേലാണ് 2011 ലെ സാൽവ ജുഡത്തിനെതിരായ 
വിധികൾ ഉണ്ടാകാൻ കാരണമായത്.

2012 ജൂൺ 28 മുതൽ 29 വരെ ബിജാപൂരിലെ സർകേഗുഡ ഗ്രാമത്തിൽ അർദ്ധസൈനികർ 15 ആദിവാസികളെ വെടിവച്ചു കൊന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവർ മാവോയിസ്റ്റുകളെന്നും മുദ്രകുത്തി.സൈന്യം വെടിയുതിർത്ത രാത്രിയിൽ മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ളവർ  ഉത്സവം ആഘോഷിക്കാൻ ഒത്തകൂടിയതായിരുന്നു.7വര്ഷങ്ങള്ക്കു ശേഷം കൊല്ലപ്പെട്ട ഗ്രാമീണർ മാവോയിസ്റുകളാണെന്നതിന് തെളിവില്ലെന്ന് റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് വി കെ അഗർവാളിന്റെ  ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ ഉത്തരവിറങ്ങി.ഗ്രാമവാസികളിൽ ചിലരുടെ തലയ്ക്ക്  വെടിയേറ്റതായി അന്വേഷണത്തിൽ പറയുന്നു. മൂർച്ചയേറിയ വസ്തുക്കൾ കൊണ്ടുള്ള  ശാരീരിക ആക്രമണങ്ങളിൽ നിന്നുള്ള മുറിവുകൾ ഉണ്ടായിരുന്നു എന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട് .പക്ഷെ പരിക്കുകളെ കുറിച് സൈനികർക്ക് കമ്മീഷന് മുൻപിൽ വിശദീകരിക്കാൻ ഒന്നുമില്ലായിരുന്നു.

സരകെഗുഡ നിവാസിയും സർക്കാർ ആരോഗ്യ പ്രവർത്തകയുമായ കമല കക പറയുന്നു “ഭരദ്വാജ് ഈ വ്യാജ ഏറ്റുമുട്ടലിനെതിരെ ഗ്രാമീണർക്ക് നിയമപരമായ പിന്തുണ നൽകി.കമ്മീഷൻ എങ്ങനെ പ്രവർത്തിക്കുമെന്ന് അവരോട് വിശദീകരിക്കുകയും കമ്മീഷന് മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കാൻ സഹായിക്കുകയും ചെയ്തു സുധ.വർഷങ്ങൾ കടന്നുപോകുമ്പോൾ, ഞങ്ങൾക്ക് നിരാശ തോന്നുമ്പോൾ അവർ ഞങ്ങൾക്ക് പ്രതീക്ഷ നൽകും,” എന്നും കക കൂട്ടിച്ചേർത്തു.“കഴിഞ്ഞ വർഷം കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ, ഞങ്ങളുടെ സത്യം ഒടുവിൽ തെളിയിക്കപ്പെട്ടു എന്ന വസ്തുത ഞങ്ങളുടെ വിജയമായിരുന്നു.എന്നാൽ ഞങ്ങൾക്ക് വളരെ സങ്കടവും തോന്നി, അത്തരം ദുഷ്‌കരമായ സമയങ്ങളിൽ വർഷങ്ങളായി ഞങ്ങളെ സഹായിച്ച അഭിഭാഷക ഇപ്പോൾ ജയിലിലാണ് എന്നത്.”

”അവരില്ലാത്ത വിടവ്  നിക്കത്തൽ പ്രയാസമാണ്.അവർ ഞങ്ങളോടൊപ്പമുണ്ടായിരുന്നപ്പോൾ, ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കോടതികളെ സമീപിക്കാമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു,”റായ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷകനും ഛത്തീസ്ഗഢ്‌  ബച്ചാവോ ആൻഡോളൻ അംഗവുമായ അലോക് ശുക്ല പറയുന്നു.വടക്കൻ ഛത്തീസ്ഗഢിലെ ഹസ്‌ദിയോ അരന്ദ് വനങ്ങളിലെ ഘട്ട്ബറ ഗ്രാമത്തിന്റെ ഉദാഹരണം ശുക്ല പറയാൻ തുടങ്ങി. രാജസ്ഥാൻ സ്റ്റേറ്റ് പവർ യൂട്ടിലിറ്റിയും അദാനി എന്റർപ്രൈസസ് ലിമിറ്റഡും കൽക്കരി ഖനനത്തിനായി 2013 ൽ അവിടെ എത്തി. അധികാരികൾ റദ്ദാക്കിയ ഫോറസ്റ്റ് റൈറ്റ്സ് ആക്റ്റ് 2006 പ്രകാരം ഗോണ്ട് ആദിവാസികളുടെ ഗ്രാമമായിരുന്നു അത്.തുടർന്ന് ഈ റദ്ദാക്കൽ പൂർണ്ണമായും നിയമവിരുദ്ധമാണെന്നാരോപിച്ച് ഗ്രാമവാസികൾക്ക് വേണ്ടി ഭരദ്വാജ് ഹൈക്കോടതിയെ സമീപിച്ചു.അവർ ഇവിടെ ഇല്ലാത്തതിനാൽ, മറ്റ് നിരവധി നിയമപരമായ വിഷമങ്ങളും ഇപ്പോൾ  അനുഭവിക്കുന്നു.”

ഭരദ്വാജിന്റെ അഭാവം അസംഖ്യം വഴികളിലൂടെ അനുഭവപ്പെട്ടതായി മെയ്ഷ പറഞ്ഞു.“എന്റെ അമ്മ മാത്രമാണ് എനിക്ക് ഉള്ള ഏക കുടുംബം.”തിരക്കേറിയ ബൈക്കുല്ല ജയിലിൽ കോവിഡ് -19 ബാധിച്ചാൽ ഭരദ്വാജിന്റെ രോഗങ്ങളായ പ്രമേഹവും ടിബിയും അവളെ അപകടത്തിലാക്കുമെന്നും മകൾ മെയ്ഷ കൂട്ടിച്ചേർത്തു.ഓഗസ്റ്റ് 25 ന് ഭരദ്വാജിന്  ജാമ്യം അനുവദിക്കാൻ അപ്പീൽ നൽകി. ഭരദ്വാജിന്  ഇസ്കെമിക് രോഗം വികസിച്ചതായി അവരുടെ  സമീപകാല ജയിൽ മെഡിക്കൽ റിപ്പോർട്ടും സൂചിപ്പിക്കുന്നു എന്ന് ജാമ്യ അപേക്ഷയിൽ കൂട്ടിച്ചേർത്തിരുന്നു.ഭരദ്വാജിനും മറ്റ് വിചാരണത്തടവുകാർക്കും യു‌എ‌പി‌എ വ്യവസ്ഥകൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ജാമ്യം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്.

കക, സാഹു, സിദാർ, ദഹാരിയ തുടങ്ങിയ ദീർഘകാല സഹകാരികൾ ഭരദ്വാജിനെതിരായ സർക്കാരിന്റെ ആരോപണങ്ങളെ ‘കെടിച്ചമച്ചവയാണ് അവ’ എന്ന് ഉറക്കെ പറയുന്നു.“വർഷങ്ങളായി അവർ ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പോരാടുകയും അവരോടൊപ്പം നിൽക്കുകയും ചെയ്തു,” അവർ ഒരു നക്സൽ  ആണെന്ന് സർക്കാർ പറഞ്ഞാൽ, ആ യുക്തി പ്രകാരം ജനങ്ങൾ എല്ലാവരും നക്സലുകളാണ്.” എന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഭാരദ്വാജിനെ രണ്ടുവർഷം ജയിലിൽ അടച്ച ചിന്ത മധ്യ ഛത്തീസ്ഗഢിലെ സിദാറിനെ വേദനിപ്പിക്കുന്നു.
“വോ വക്കിൽ ഹേ ഭായ്, ദേശ്ദ്രോഹി നഹി”(അവർ വക്കീലാണ് സഹോദര, രാജ്യദ്രോഹിയല്ല).“ഞങ്ങളെ ആദിവാസികളെ സഹായിക്കുന്നവരെ സർക്കാർ ജയിലിൽ പൂട്ടിയിടുന്നത് എന്തുകൊണ്ട്?എന്തുകൊണ്ടാണ് ഇത്തരം നടപടികൾ  അടിച്ചമർത്തുന്നവർക്കെതിരെ പ്രയോഗിക്കാത്തത് ? ”എന്ന സിദാറിന്റെ ചോദ്യങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യ-ഭരണ വ്യവസ്ഥതിക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്.

(പത്രപ്രവർത്തനത്തിന് അവാർഡ് നേടുകയും ‘ആർട്ടിക്കിൾ 14’ എഡിറ്റോറിയൽ ബോർഡ് അംഗവുമാണ് ചിത്രാംഗദ ചൗധരി, ‘ആർട്ടിക്കിൾ 14’ൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)