ആദിവാസി യുവതി ശോഭയുടെ ദുരൂഹമരണം: വസ്തുതകൾ വിരൽ ചൂണ്ടുന്ന സാമൂഹ്യ പ്രശ്നങ്ങളും നിയമത്തിന്റെ ചതിപ്രയോഗങ്ങളും

ഷാന്റോ ലാല്‍(പോരാട്ടം,ജന. കൺവീനർ)

രണ്ടായിരത്തി ഇരുപത് ഫെബ്രുവരി 3ന് പുലർച്ചെയാണ് കുറുക്കൻമൂല കളപ്പുര ആദിവാസി ഊരിലെ ശോഭ എന്ന യുവതിയെ ഊരിന് സമീപമുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ ശോഭ ഭർത്താവിനോട് പിണങ്ങിയും ഇണങ്ങിയുമെല്ലാമായി സ്വന്തം വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.അതോടൊപ്പം സമീപത്തെ ജിജോ എന്ന വ്യക്തിയുമായി ശോഭക്ക് അടുപ്പമുണ്ടായിരുന്നതായും ശോഭയെ ജിജോ ശാരീരികമായും ലൈംഗികമായും നിരന്തരം ഉപയോഗിച്ചിരുന്നതായും കുടുംബാംഗങ്ങളും ശോഭയുടെ അമ്മയും ഉൾപ്പെടെയുള്ള ഊരു നിവാസികൾ പറയുന്നു.ശോഭയുടെ അമ്മ അമ്മിണി വെളിപ്പെടുത്തിയ കാര്യങ്ങളും, ഊരിലെ മറ്റ് ആദിവാസി യുവതികൾ (ഭർതൃമതികളായവർ) പ്രസവിച്ച് വളർത്തുന്ന പല കുട്ടികളും ഊരിന് പുറത്തുള്ളവരുടെ മക്കളാണെന്ന വസ്തുതയും വളരെ ഗുരുതരമായ ചില സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌ന ങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്‌. ശോഭ തനിക്ക് ഊരിന് സമീപത്തുള്ള മലയാളിയായ കളപ്പുര കെ.കെ കൊച്ച് എന്നയാളുമായി ഉണ്ടായ ബന്ധത്തിൽ പിറന്ന മകളാണ് എന്നാണ് ശോഭയുടെ അമ്മ അമ്മിണി വെളിപ്പെടുത്തിയിരിക്കുന്നത്‌.

ശോഭ മരിച്ചതായി കാണപ്പെട്ടതിന്റെ തലേദിവസം ഫെബ്രുവരി 2ന് രാത്രി പത്ത് മണിയോടടുപ്പിച്ച് ജിജോ എന്ന കുഞ്ഞാവ ശോഭയെ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ശോഭ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത്. സാധാരണ ഇങ്ങനെ പോകാറുണ്ടെന്നും, വൈകിയാ ണെങ്കിലും തിരിച്ചെത്താറുണ്ടെന്നും ഊര് നിവാസികൾ പറയുന്നു.

മുഖമാകെ വികൃതമായ രീതിയിലാണ് ശോഭ മരണപ്പെട്ടത്. കളപ്പുര കൊച്ചിന്റെ അതായത് ശോഭയുടെ അച്ചൻ എന്ന് ശോഭയുടെ അമ്മ പറയുന്നയാളിന്റെ മകൻ ജിനുവിന്റെ വയലിലാണ് ശോഭ മരിച്ചു കിടന്നത്. ജിനു വയലിൽ നട്ട പുൽകൃഷി സംരക്ഷിക്കാൻ പുല്ല് തിന്നാൻ വരുന്ന മാനുകൾക്ക് വെച്ച വൈദ്യുത കുടുക്കിൽ തട്ടി ഷോക്കേറ്റ് മരിച്ചതാണെന്നാണ് പോലീസ് ഭാഷ്യം. അന്നു തന്നെ കുടുംബാഗങ്ങൾ മരണത്തിലെ ദുരൂഹതയും കൊലപാതക മാകാനുള്ള സാധ്യതയും ആരോപിച്ചിരുന്നു. കാരണം അന്ന് രാത്രിയിൽ ആർക്കും നടന്നെത്താൻ കഴിയാത്ത കാടുപിടിച്ച വയൽഭാഗത്ത് ശോഭയെങ്ങനെയെത്തി, റിസ്കെടുത്ത് നടന്നെത്തിയാൽ തന്നെ ശോഭയുടെ കാലിൽ അന്നത്തെ സാഹചര്യത്തിൽ ചളി പറ്റണം.എന്നാൽ ശോഭയുടെ കാലിൽ ചളിയുണ്ടായിരുന്നില്ല.വയലിൽ മാനുകൾ കയറാതിരിക്കാ നാണെങ്കിൽ ശോഭ മരിച്ചു കിടന്ന സ്ഥലത്ത് മാത്രം എന്തിന് വൈദ്യുത വേലി സ്ഥാപിച്ചു.? വയലിന് ചുറ്റും സ്ഥാപിക്കേണ്ടതില്ലേ?എന്നാൽ സ്ഥാപിച്ചു എന്ന് പറയുന്ന വൈദ്യുത കമ്പി രാവിലെ 5.30 ന് തന്നെ ജിനു എടുത്തു മാറ്റുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പുല്ല് മുറിക്കാൻ വയലിൽ ചെന്നപ്പോഴാണ് ശോഭ മരിച്ചു കിടക്കുന്നത് കണ്ടത് എന്ന് ജിനു പറയുന്നു.എന്നാൽ രാവിലെ 7 മണിക്ക് മുൻപ് ആരും തന്നെ പുല്ല് മുറിക്കാൻ പോകാറില്ല എന്നത് കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. മാത്രമല്ല ജിനു അയൽവാസികളായ ശോഭയുടെ കുടുംബാങ്ങളെ ഈ വിവരം അറിയിക്കുന്നതിന് പകരം പോലീസിൽ അറിയിക്കാനും തന്റെ സംരക്ഷണം ഉറപ്പാക്കാനുമാണ് ശ്രമിച്ചത്.

സ്ഥലത്ത് പോലീസ് വന്നതിനു ശേഷം പോലീസിനെ കണ്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വയലിൽ ആരോ മരിച്ചു കിടക്കുന്ന വിവരം ശോഭയുടെ കുടുംബാഗങ്ങൾ അറിയുന്നതും രാവിലെ മുതൽ ശോഭയെ തേടി നടന്ന അവർ അവിടെയെത്തി ശോഭ മരിച്ച കാര്യം മനസിലാക്കുന്നതും.ഇവിടെ ശോഭയുടെ മൃതദേഹത്തി നടുത്തേക്ക് പ്രവേശിക്കാനോ, ശവശരീരം കാണാനോ ആരെയും അനുവദിക്കാതെ തടയുകയായിരുന്നു പോലീസ് ചെയ്തത്. ഇതൊക്കെ എന്തിനായിരുന്നു? ശോഭ മരിച്ചു കിടന്ന വയലിന്റ ഉടമ ശോഭയുടെ രക്ത ബന്ധുവാണ് എന്ന് എല്ലാവർക്കുമറിയാം. ഈ ബന്ദുത്വം ഒരു കാരണമാകാം എന്നും നാട്ടുകാർ സംശയിക്കുന്നു. ശോഭയുടെ ഊരിന് മുൻപിലുള്ള ജിജോയുടെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ഫെബ്രുവരി 2 ന് രാത്രി പിടിവലിയുടെയും പാത്രങ്ങൾ തട്ടി വീഴുന്നതിന്റെയും ശബ്ദങ്ങൾ കേട്ടവരുണ്ട്. അതേ വീടിന്റെ വരാന്തയിൽ നിന്ന് രക്തത്തിന്റേതെന്ന് കരുതുന്ന കറയുടെ പാടുകളും ആളുകൾ കണ്ടിരുന്നു. ആ വീടിന്റെ മുറ്റത്ത് നിന്നാണ് ജിജോയുടെ ഒരു ഫോൺ അന്നേ ദിവസം ഊരു നിവാസികൾക്ക് കണ്ടു കിട്ടിയതും പോലീസിൽ ഏൽപ്പിച്ചതും.എന്നാൽ ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രസ്തുത വീട് സീൽ ചെയ്യുന്നതിനോ, രക്തക്കറയുടെതെന്ന് സംശയിക്കുന്ന സാമ്പിൾ ശേഖരിക്കുന്നതിനോ, ഒരു പോലീസ് നായയെ കൊണ്ടുവന്നുള്ള പരിശോധനക്കോ, സമീപത്തുള്ള CCTV ദൃശ്യങ്ങൾ പരിശോധിക്കുന്നതിനോ പോലീസ് തയ്യാറായില്ല എന്നത് വളരെ വിചിത്രമാണ്. CCTV ദൃശ്യങ്ങൾ പരിശോധിക്കേണ്ട ആവശ്യം സമര സഹായസമിതി പ്രവർത്തകരും കുടുംബാംഗങ്ങളും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന DySP കുബേരൻ നമ്പൂതിരിയോട് ഉന്നയിച്ചപ്പോൾ അതിന്റെയൊന്നും ആവശ്യമില്ല എന്നതായിരുന്നു മറുപടി.ശോഭയുടെ പോസ്റ്റ്മാർട്ടം റിപ്പോട്ടിൽ മരണകാരണമായി പറയുന്നത് വൈദ്യുത ആഘാതമാണ്. ഫോറൻസിക് റിപ്പോട്ടിലും മരണകാരണം വൈദ്യുതാഘാത മാണെന്ന് പറയുന്നു.എന്നാൽ ശോഭ മദ്യം കഴിച്ചിരുന്നതായും ലൈംഗിക അതിക്രമമോ, ലൈംഗിക ബന്ധമോ അന്ന് നടന്നിട്ടില്ലെന്നും ഫോറൻസിക് റിപ്പോട്ടിലുണ്ട് എന്നാണ് പോലീസ് പറയുന്നത്.അക്കാര്യത്തിലാണ് ഊര് സമിതിക്കും,സമര സഹായ സമിതിക്കും, കുടുംബാഗങ്ങൾക്കും സംശയം ഒന്നുകൂടി ബലപ്പെട്ടത്.

സാധാരണ നിലയിൽ ലൈംഗിക ആവശ്യങ്ങൾക്ക് ശോഭയെ വിളിക്കുന്ന ജിജോ പിന്നെ എന്തിനാണ് അന്ന് ശോഭയെ വിളിച്ചത്? വീട്ടിൽ നിന്നും മദ്യം കഴിക്കാത്ത ശോഭ എവിടെ നിന്നാണ് മദ്യം കഴിച്ചത്. ഇത് ആരെങ്കിലുമായി ചേർന്ന് കഴിച്ചതാണോ, അതോ ബലമായി കഴിപ്പിച്ചതാണോ എന്നുള്ള സംശയങ്ങളും ഉയർന്നു വന്നു.അതോടൊപ്പം പത്ത് മണിക്ക് വീട്ടിൽ നിന്നും പോയ ശോഭ മരണം നടക്കുന്നതു വരെ എവിടെയായിരുന്നു.മരിച്ചു കിടന്ന വയലിൽ ശോഭ എങ്ങിനെയെത്തി തുടങ്ങിയ ചോദ്യങ്ങൾക്കും ഇതുവരെ ഉത്തരമില്ല.

ശോഭയുടെ ബന്ധുക്കളും ഊരു നിവാസികളും കാലങ്ങളായി CPM കാർ ആയിരുന്നു. ജിനുവിന്റെ കുടുംബവും CPM കാർ തന്നെ.എന്നാൽ ശോഭയുടെ മരണത്തെത്തുടർന്ന് വീട്ടിലെ ത്തിയ CPM വാർഡ് കൗൺസിലർ ഇതൊരു കൊലപാതകമാണെന്ന് നിങ്ങൾ പറയുകയൊന്നും വേണ്ട എന്നാണ് ഊര് നിവാസികളോട് പറഞ്ഞത്. മാത്രമല്ല ഇതുവരെ ഈ സമരത്തെ ഏതെങ്കിലുമർത്ഥത്തിൽ സഹായിക്കുന്നതിനോ, അതല്ലെങ്കിൽ നിയമസഹായം നൽകുന്നതിനോ പോലും അവർ തയ്യാറായിട്ടില്ല. സ്ഥലം MLA ഒ.ആർ കേളു താമസിക്കുന്നത് കേവലം 5 കിലോമീറ്റർ അപ്പുറത്താണ്. അദ്ദേഹവും ഇതുവരെ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. നഗരസഭ ചെയർപേഴ്സന്റ സമീപനവും മറിച്ചല്ല.ഇവർ ആദിവാസി സമൂഹത്തിന്റെ പ്രതിനിധി കൂടിയാണെന്നത് ഈ സമീപനവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ ദുഃഖകരവും പ്രതിഷേധാർഹവും, ഒപ്പം തിരുത്തപ്പെടേണ്ടതുമാണ്. എന്നാൽ CPM ൽ നിന്ന് ഇത് പ്രതീക്ഷിക്കേണ്ടെന്നും ഇരകൾ ആദിവാസികളായതു കൊണ്ട് മാത്രമാണ് ഒരേ പാർട്ടിയിലായിരുന്നിട്ടും തങ്ങളുടെ പക്ഷത്ത് പാർട്ടി നിൽക്കാത്തതെന്നും ഊരു നിവാസികൾ പറയുന്നത്.പക്ഷെ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് വരാൻ ഇവർക്കൊരു മടിയുമുണ്ടായില്ല. വോട്ട് ചോദിച്ച് മാത്രം വന്നതിനെതിരെ ഊര് നിവാസികളുടെ പ്രതിഷേധമുയർന്നപ്പോൾ 5 കിലോമീറ്റർ അപ്പുറത്ത് താമസിക്കുന്ന MLA ക്ക് പരാതി നൽകാൻ ഞങ്ങൾ സഹായിക്കാമെന്നു പറയുകയും പിറ്റേ ദിവസം എഴുതിയ പരാതിയുമായി ഊര് മുറ്റത്ത് നടക്കുന്ന സമരപ്പന്തലിൽ CPM പ്രവർത്തകർ എത്തിയ പരിഹാസ്യമായ കാര്യവും നടന്നു.9 മാസമായി നടന്ന സമരത്തെ തിരിഞ്ഞു നോക്കാത്ത നിങ്ങൾ വോട്ടിനു വേണ്ടി നടത്തുന്ന ഈ തട്ടിപ്പ് ഇനി വേണ്ടെന്നും നിലവിലുള്ള പരാതികളിൽ പരിഹാരമുണ്ടായാൽ മതിയെന്നും ഊര് നിവാസികൾ പറയുകയാണുണ്ടായത്.

വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിന്റെ അതിർത്തി യിലാണ് കുറുക്കൻമൂല. മാനന്തവാടി നഗരസഭയുടെ പരിധിയിലാണെങ്കിലും സാമൂഹ്യമായും സാംസ്കാരികമായും ഭൂമി ശാസത്രപരമായും തിരുനെല്ലി പഞ്ചായത്തിന്റെ സവിശേഷതകൾ ഉള്ള ഒരു പ്രദേശമാണിത്. ആദിവാസികൾക്കെതിരായ ആധിപത്യത്തിന്റെയും,തൊഴിൽപരമായ ചൂഷണത്തിന്റെയും, സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണത്തിന്റെയും, ഭൂരാഹിത്യത്തിന്റെയുമെല്ലാം കഷ്ടതകൾ അനുഭവിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. തിരുനെല്ലി പഞ്ചായത്തിലെ അവിവാഹിതരായ അമ്മമാരുടെ പ്രശ്നവും, അവരുടെ പുനരധിവാസത്തിനു വേണ്ടി സർക്കാർ നടപ്പാക്കിയ പദ്ധതികളും എല്ലാം പരിശോധിച്ചാൽ ഈ പ്രശ്നത്തിന്റെ ആഴം നമുക്ക് മനസിലാക്കാൻ പ്രയാസമാകില്ല.

ശോഭയുടെ മരണവും ഈ പ്രശ്നവും തമ്മിലുള്ള ബന്ധമാണ് എഴുതി വന്നത്. ശോഭയുടെ അമ്മ അമ്മിണി വയനാട് S P ജി പൂങ്കുഴലിക്ക് നൽകിയ പരാതി ആ അർത്ഥത്തിൽ ഏറെ ഗൗരവം അർഹിക്കു ന്നതാണ്. അമ്മിണി പരാതിയിൽ പറയുന്ന പ്രധാന പോയിന്റ് ഇതാണ്. “തന്റെ മകൾ ശോഭ വയലിൽ ഷോക്ക് സ്ഥാപിച്ച ജിനുവിന്റെ പിതാവ് കളപ്പുര കെ.കെ കൊച്ച് എന്നയാളുമായുള്ള ബന്ധത്തിൽ എനിക്കുണ്ടായ മകളാണ്. മകൾക്ക് താൻ ചെലവിന് കൊടുത്തോളാമെന്നും, ഇക്കാര്യം ആരോടും പറയേണ്ടെന്നും കെ.കെ കൊച്ച് പറഞ്ഞിരുന്നു.അതു പ്രകാരം ഇത്രയും കാലം മാസാമാസം ശോഭക്കും ശോഭയുടെ കുട്ടികൾക്കു പോലും കെ.കെ കൊച്ച് ചെലവിന് നൽകിയിരുന്നു. ശോഭ മരിക്കുന്നതിന് കുറച്ച് ദിവസം മുൻപ് കെ.കെ കൊച്ച് ശോഭക്ക് ഒരു സ്വർണമാല വാങ്ങി നൽകാനും കൂടുതൽ തുക (എത്രയെന്ന് നിശ്ചയമില്ല.) ശോഭക്ക് ബാങ്ക് അക്കൗണ്ടുണ്ടാക്കി അതിൽ നൽകാനും ശ്രമിച്ചിരുന്നു. ഇതിൽ സ്വത്ത് നഷ്ടപ്പെടുന്ന കാര്യത്തിലെ എതിർപ്പും, ആദിവാസി സ്ത്രീകളോട് പിതാവ് പുലർത്തിയ ബന്ധത്തിലെ ദുരഭിമാനകരമായ മാനഹാനിയും നിമിത്തം ജിനു ജിജോയെ ഉപയോഗിച്ച് ശോഭയെ വിളിച്ചു വരുത്തി മദ്യം നൽകി മയക്കിയ ശേഷം വയലിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കടിപ്പിച്ച് കൊന്നതാണെന്ന് സംശയിക്കുന്നു എന്നും, അതിനാൽ പ്രതിയും ശോഭയും തമ്മിലുള്ള രക്തബന്ധം തെളിയിക്കുന്നതിനാവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ഊന്നിപ്പറഞ്ഞിട്ടുള്ളത്.ഈ പരാതിയും ആദിവാസി സ്ത്രീകൾ അനുഭവിക്കുന്ന വസ്തുതകളും ഒരാളുടെ പ്രശ്നമല്ല.നൂറ് കണക്കിന് ആദിവാസി സ്ത്രീകളുടെ ജീവിത യാഥാർത്യമാണ്.ഇതേ കളപ്പുര ഊരിലെ വേറെ അമ്മമാരും ശോഭയെപ്പോലെ തങ്ങളുടെ മക്കളും ഭാവിയിൽ കൊല്ലപ്പെട്ടേക്കുമോ എന്ന ആശങ്ക പങ്കു വെക്കുന്നവരാണ്.

ക്യാമറ : ഷാന്റോ ലാല്‍

ഇതേ ഊരിലെ അരുൺ എന്ന യുവാവ് പോക്സോ കേസിൽ കോടതി കയറിയിറങ്ങുന്ന കാര്യം കൂടി ജനങ്ങളറിയണം. തൊട്ടടുത്തുള്ള വായനശാലയിലെ ഗോവണിപ്പടിയിലിരുന്ന് മഞ്ച് കഴിച്ചു കൊണ്ടിരുന്ന പെൺകുട്ടിയോട് അരുൺ മഞ്ച് ചോദിച്ചു. അത് നൽകിയില്ല. ‘ഓ,നീ നമ്മളെയൊന്നും അറിയില്ലല്ലേ’ എന്നോ മറ്റോ പറഞ്ഞ് മഞ്ച് തട്ടിപ്പറിക്കാൻ ശ്രമിച്ചു. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസായി.അരുൺ ജയിലിലായി.തെറ്റ് ബോധ്യപ്പെട്ടവർ കോടതിയോട് തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്ന് പറഞ്ഞതിനാൽ എളുപ്പം ജാമ്യം കിട്ടി. ആദിവാസി യുവാവ് പെൺകുട്ടിയോട് മഞ്ച് ചോദിച്ചാൽ ഒരന്വേഷണമോ, പരിശോധനയോ ഇല്ലാതെ കടുത്ത വകുപ്പുകൾ പ്രകാരം കേസും അറസ്റ്റും ജയിൽവാസവും.എന്നാൽ ഒരാദിവാസി യുവതി കൊല്ലപ്പെട്ടിട്ടും, ഒമ്പത് മാസമായി ഊര് മുറ്റത്ത് പന്തൽ കെട്ടി കുടുംബാംഗങ്ങൾ സമരം നടത്തിയിട്ടും പോലീസ് അനങ്ങുന്നില്ല. ഇതൊക്കെയാണ് നിയമത്തിന്റെ ചതിപ്രയോഗങ്ങൾ.

ശോഭയുടെ കാര്യത്തിൽ അനധികൃതമായി വൈദ്യുത വേലി സ്ഥാപിച്ചതിനും, തെളിവ് നശിപ്പിച്ചതിനും ജിനുവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതല്ലാതെ മറ്റൊരു കാര്യവും പോലീസ് അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടില്ല. ജിനുവുമായുള്ള രക്തബന്ധം തെളിയിച്ച് പ്രതിക്ക് കൊലപ്പെടുത്താനുള്ള പ്രേരണ വെളിച്ചത്ത് കൊണ്ടുവരുന്നതിന് അമ്മ നൽകിയ പരാതിയിലും നടപടിയില്ല. ആദിവാസി സ്ത്രീകളെ രാത്രികാലങ്ങളിൽ ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നവർക്ക് അവരെ സ്നേഹിക്കാനോ പ്രണയിക്കാനോ കഴിയുന്നില്ല.ഈ മലയാളി വംശാധിപത്യ ബോധത്തിന്റെയും സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക കാപട്യങ്ങളുടെയും അതിക്രമങ്ങളുടെയും ഇരയാണ് ശോഭ.

ആധുനികമെന്ന് അവകാശപ്പെടുന്ന, ഏറെ സാമൂഹ്യ പുരോഗതി കൈവരിച്ചു എന്ന് മേനി നടിക്കുന്ന നമ്മുടെ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിത സാഹചര്യമാണിത്. ഇപ്പോഴും അന്യപുരുഷൻമാരുടെ ലൈംഗിക ഉപകരണങ്ങളായി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട, അവരുടെ മക്കളെ പ്രസവിച്ചു പോറ്റേണ്ട ഗതികേടിനടിമകളാക്കപ്പെട്ടവരാണ് നമ്മുടെ ആദിവാസി സഹോദരിമാരിലധികവും എന്ന യാഥാർത്യമാണ് ഇവിടെ വെളിവാകുന്നത്. കൊച്ചേട്ടനെ മാനം കെടുത്താൻ ആണ് ഇപ്പോൾ ഈ സമരം ശ്രമിക്കുന്നതെന്ന ന്യായം, ആദിവാസി സ്ത്രീയുടെ ജീവനേക്കാൾ വിലപിടിപ്പുള്ളത് ഇവരുടെയെക്കെ മാനത്തിനാണെന്ന് വരുന്നു.മകളായി അംഗീകരിച്ച് പരസ്യമായി സ്വീകരിച്ച് കൂടെ കൊണ്ടുനടക്കാൻ കെ.കെ. കൊച്ചിന്‌ മാനക്കേടുണ്ടായി എങ്കിലും മാനസികമായി അംഗീകരിച്ച് ജീവനാംശം നൽകാൻ അയാൾ തയ്യാറായിട്ടും പൊതു സമൂഹത്തിലെ ബോധത്തിന് മാനക്കേടു തോന്നുന്നത് എന്തുകൊണ്ടാണ്? രോഹിത് വെമുല പറഞ്ഞതുപോലെ ജൻമം തന്നെ ഒരാൾക്ക് ശാപമാകുന്ന അവസ്ഥ. അതിന്റെ പേരിൽ കൊല്ലപ്പെടേണ്ടി വരിക.നിയമ സംവിധാനങ്ങൾ ഈ അനീതിക്കെതിരെ കണ്ണടക്കുകയാണ്.

ആദിവാസി ഊരുകൾ ഇവിടെ അറിയപ്പെടുന്നതും സർക്കാർ രേഖകളിൽ അടയാളപ്പെടുത്തിയിട്ടുള്ളതും കോളനികൾ എന്ന നിലയിലാണല്ലോ. ആരുടെ കോളനികളാണിതൊക്കെ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. പരിശോധിച്ചാൽ ഇവയെല്ലാം പ്രാദേശിക മേലാളൻമാരുടെയോ, കരപ്രമാണിമാരുടെയോ കോളനികൾ തന്നെയാണ്. കളപ്പുര ഊര് തന്നെ ഉദാഹരണമായെടുക്കാം. കളപ്പുര കോളനി എന്നാണ് അറിയപ്പെടുന്നതും രേഖകളിലുള്ളതും.കളപ്പുര, കെ.കെ കൊച്ച് എന്ന മേൽപ്പറഞ്ഞ കുടിയേറ്റക്കാരനായ വ്യക്തിയുടെ വീട്ട്പേരാണ്. ഇത് ഒരു ഉദാഹരണം മാത്രം.ഏറെക്കുറെ എല്ലാ ഊരുകൾക്കും ഇത്തരമൊരു ചരിത്രമുണ്ട്. ഈ വീടുകളിലെയൊക്കെ പണിക്കാരായി ജീവിച്ച മനുഷ്യർക്ക് സ്വന്തമായി ഒരു വിലാസം പോലുമുണ്ടാക്കി നൽകാൻ കഴിയാത്ത ആധുനികതയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. ആധുനിക അടിമത്വം എന്നല്ലാതെ എന്ത് പേരിട്ട് നാമിതിനെ വിളിക്കണം? നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്ന നിയമവാഴ്ച്ചാ വായ്ത്താരികളുടെയും, ദരിദ്രർക്കെതിരായ നിയമ സംവിധാനത്തിന്റെ ചതി പ്രയോഗത്തിന്റെയും ഉത്തമ ഉദാഹരണങ്ങൾ ശോഭയുടെ വിഷയം പരിശോധിക്കുന്നതിലൂടെ നമുക്ക് മനസിലാക്കാൻ കഴിയും.

നിലവിലുള്ള നിയമ വ്യവസ്ഥ ആദിവാസി ജനതയോട് നീതി പുലർത്താൻ ബാധ്യസ്ഥരാണ്. ആദിവാസികൾക്കും സത്രീകൾക്കും വേണ്ടിയുള്ള സംവിധാനങ്ങൾ ഇവിടെ നോക്കുകുത്തിയാണ്. വനിതാ കമ്മീഷൻ,മനുഷ്യാവകാശ കമ്മീഷനുകൾ, പട്ടികജാതി-പട്ടികവർഗ പീഢന നിരോധന നിയമം ഒക്കെയുണ്ട്. ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ഒരു DySP യുടെ നേതൃത്വത്തിൽ സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് (SMS) സംവിധാനവും സെപഷ്യൽ കോടതിയും ഇവിടെയുണ്ട്. ഈ കേസും കൈകാര്യം ചെയ്യുന്നത് ഇതേ സംവിധാനമാണ്.

നെയ്ത്ത് ഗ്രാമം

ആദിവാസി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും അതുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളും പരിശോധിച്ച് പരിഹരിക്കാനും, ഇരകൾക്ക് പുനരധിവാസവും ജീവിത സുരക്ഷ ഒരുക്കുവാനും ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരും നിയമ സംവിധാനങ്ങളും തയ്യാറാകേണ്ടതുണ്ട്.ഇത്തരത്തിലുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണ് അവിവാഹിതരായ ആദിവാസി അമ്മമാരുടെ പുനരധിവാസത്തിനു വേണ്ടി തൃശിലേരിയിൽ ‘നെയ്ത്ത് ഗ്രാമം'(പവർലൂം)പദ്ധതി തുടങ്ങിയത്‌.എന്നാൽ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അടിസ്ഥാനത്തിൽ ഇവിടെ ജോലിക്ക് നിയമിക്കപ്പെടുന്ന വരിലധികവും ആദിവാസി സമൂഹത്തിന് പുറത്ത് നിന്നുള്ളവരാണ്. അവിവാഹിത അമ്മമാർക്കുള്ള ഈ പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളും യഥാർത്ഥത്തിൽ പുറത്ത് നിന്നുള്ളവരായിരിക്കുന്നു. മതിയായ പരിശീലന ത്തിന്റെയും ശാക്തീകരണത്തിന്റേയും അഭാവം ഇത്തരം സംവിധാനങ്ങളിൽ നിന്നുള്ള ആദിവാസികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട് എന്ന വസ്തുത കൂടിയുണ്ട്. പരിശീലനവും ശാക്തീകരണവും നൽകി മുന്നോട്ട് നയിക്കുന്നതിന് പകരം കൊഴിഞ്ഞുപോക്കിനെ തങ്ങൾക്ക് കയ്യിട്ട് വരാനുള്ള അവസരമായി മാറ്റുകയാണിത്തരം സംവിധാനങ്ങൾ. ഇതൊരു പ്രശ്നം മാത്രമാണ്. നൂറ് കണക്കിന് പ്രശ്‌നങ്ങളാണ് ഇവിടെ പരിഹരിക്കാനുള്ളത്. പ്രഖ്യാപനങ്ങളും പദ്ധതികളും, പാഴ് വാക്കുകളും വഞ്ചനകളുമായി അവശേഷിക്കുമ്പോൾ നീറുന്ന നൂറുകണക്കിന് പ്രശ്നങ്ങളാൽ ആദിവാസി ജീവിതം വരിഞ്ഞ് മുറുക്കപ്പെടുമ്പോൾ, ആദിവാസി ഊരുകൾ സാമൂഹ്യ മാറ്റത്തിന്റെ കോട്ടകളാക്കി മാറ്റുന്നതിനുള്ള പോരാട്ടങ്ങൾ സംലടിതമായി ഏറ്റെടുക്കേണ്ടതിലേക്കാണ് ഈ പ്രശ്നങ്ങൾ വിരൽ ചൂണ്ടുന്നത്.