ഈ പിണറായിയെ വെച്ചുകൊണ്ടാണോ നിങ്ങൾ ഫാസിസത്തെ നേരിടാൻ പോകുന്നത്?

അഡ്വ.തുഷാർ

കേരള പോലീസ് നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഓർഡിനൻസ് കൊണ്ടുവന്നിരിക്കുകയാണ്, കമ്മ്യുണിസ്റ്റ്കാരനെന്നു അവകാശപ്പെടുന്ന സിപിഎം പോളിറ്റ് ബ്യുറോ മെമ്പർ കൂടിയായ പിണറായി വിജയൻ നയിക്കുന്ന സർക്കാർ. ഭേദഗതി ശുപാർശ നിർദ്ദേശിക്കപ്പെട്ടപ്പോൾ തന്നെ അതിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. പക്ഷെ അതൊന്നും പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല. ഗവർണർ ഒപ്പു വച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങിയതിനെ തുടർന്ന് നിർദിഷ്‌ട ഭേദഗതി നിയമമായിരി ക്കുകയാണ്. ഇതനുസരിച്ച് ഒരാളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതിനോ അധിക്ഷേപിക്കുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ വേണ്ടി എന്തെങ്കിലും കാര്യങ്ങൾ അത് സത്യമല്ലെന്നു അറിഞ്ഞു കൊണ്ട് ഏതെങ്കിലും വിനിമയോപാധികളിലൂടെ നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുക വഴി അങ്ങനെയുള്ള ആളുടെയോ ഒരു വിഭാഗം ആളുകളുടെയോ മനസ്സിനോ ഖ്യാതിക്കോ വസ്തുവഹകൾക്കോ ഹാനിയുണ്ടാക്കുന്ന തരം  പ്രവർത്തികൾ മൂന്നു വർഷം തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മാത്രമല്ല ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിന് നേരിട്ട് കേസ് എടുക്കാമെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഭേദഗതി നിയമമായി എന്ന വാർത്ത വന്നതിനെ തുടർന്ന് ശക്തമായ വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതിനെ തുടർന്ന് മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തു വന്നു .കൂടാതെ ദുരുപയോഗം തടയാനായി എസ്.ഓ.പി(സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ) തയ്യാറാക്കുമെന്ന് സംസ്ഥാന പോലീസ് മീഡിയ സെന്ററും പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നു.   

സ്ത്രീകളും-ട്രാൻസ് ജെൻഡേഴ്സും ഉൾപ്പടെയുള്ള  സമൂഹത്തിലെ ദുർബ്ബല-മർദ്ദിത വിഭാഗങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട്  നിയമഭേദഗതിയെ ന്യായീകരിക്കാൻ ആണ് സർക്കാർ വൃത്തങ്ങൾ ശ്രമിക്കുന്നത്. പക്ഷെ സർക്കാർ വിശദീകരിക്കുന്ന ഈ സോദ്ദ്യേശത്തെ മുഖവിലക്കെടുക്കാൻ കഴിയുന്ന ഒരു ട്രാക്ക് റെക്കോർഡ് ആല്ല കേരള സർക്കാരിനും കേരള പോലീസിനും ഉള്ളത്. മാത്രമല്ല സ്ത്രീകൾക്കും ട്രാൻസ് ജെൻഡേഴ്‌സിനും എതിരെ നടക്കുന്ന അതിക്രമങ്ങളെ ഇല്ലാതാക്കാൻ ഈ നിയമത്തിനു കഴിയുമെന്ന് കരുതാനും കഴിയുകയില്ല.  കൂടാതെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു കാരണമാവുകയും ചെയ്യും. ആ നിലക്ക് പിൻവലിക്കപ്പെടേണ്ട ഒരു നിയമമാണ്  കേരള പോലീസ് നിയമത്തിലെ 118A എന്ന വകുപ്പ്. 

 ഈ പുതിയ ഭേദഗതി അപകീർത്തി നിയമം എന്ന നിയമശാഖയിൽ ഉൾപ്പെടുന്ന ഒന്നാണ്. ഖ്യാതി എന്നാൽ എന്താണെന്ന് നിയമം ഒരിടത്തും നിർവ്വചിക്കുന്നില്ല.  സ്വഭാവവും ഗുണഗണങ്ങളെയും അടിസ്ഥാനപ്പെടുത്തി ഒരാളെ സംബന്ധിച്ച പൊതുവിലയിരുത്തൽ എന്നാണ്  ഖ്യാതി എന്ന വാക്കിനു നിഘണ്ടുവിൽ  നൽകിയി രിക്കുന്ന അർത്ഥം. ഖ്യാതിയെ  സാമൂഹ്യ നിയന്ത്രണത്തിനുള്ള ഉപാധിയാക്കുകയാണ് അപകീർത്തി നിയമം ചെയ്യുന്നത്. നിലനിൽക്കുന്ന സമൂഹത്തിന്റെ ധാർമിക-രാഷ്ട്രീയ മൂല്യങ്ങൾക്ക് അഭിലഷണീയമായ പ്രവർത്തികൾ സദ് കീർത്തിയായി അംഗീകരിക്കപ്പെടുമ്പോൾ അതിനു വിരുദ്ധമായതും ചോദ്യം ചെയ്യപ്പെടുന്നതുമായ  പ്രവർത്തികൾ അപഖ്യാതിക്കു കാരണമാകുന്നു. ഇതിൽ ആദ്യം പറഞ്ഞ തരം കീർത്തിയെ സംരക്ഷിക്കുവാനാണ് അപകീർത്തി നിയമങ്ങൾ പൊതുവിൽ ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോൾ  ഒരു സമൂഹത്തിൽ എങ്ങനെയാണ് ജനങ്ങൾ പരസ്പരം ബന്ധിതരായിരിക്കുന്നത് എന്നും  എങ്ങനെയാണ് പരസ്പരം ബന്ധിതരാകേണ്ടത് എന്നതും  സംബന്ധിച്ച് ഒരു മുൻ‌കൂർ ധാരണ അപകീർത്തി നിയമങ്ങൾക്കുണ്ട്.  നിലനിൽക്കുന്ന സാമൂഹ്യ ക്രമത്തെ അതേപടി സംരക്ഷിച്ചു നിലനിർത്താൻ ഉതകുന്ന ഉപാധിയാണ് അപകീർത്തി നിയമം. നിയമത്തെ ന്യായീകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ഇറക്കിയ പത്രക്കുറിപ്പിൽ സാമൂഹ്യക്രമത്തെ അട്ടിമറിക്കുന്നതിനെതിരായ  ആകുലതയും അതുണ്ടായിക്കൂടെന്ന നിശ്ചയവും ചൂണ്ടിക്കാണിക്കുന്ന വസ്തുതയും മറ്റൊന്നല്ല. ഇത് നിയമ വ്യവഹാരങ്ങളിലേക്കു വരുമ്പോൾ ഹനിക്കപ്പെടാൻ തക്ക വിധമുള്ള ഖ്യാതി,അല്ലെങ്കിൽ അപകീർത്തിപ്പെടാൻ മാത്രമുള്ള കീർത്തി ഉണ്ടെന്നു ബോധ്യപ്പെടുത്തൽ അത്യാവശ്യമായി വരുന്നു. അത് കൊണ്ട് തന്നെ നമ്മുടെ നിലവിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളിൽ മർദ്ധിത വിഭാഗങ്ങളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കാൻ ഇത്തരം നിയമങ്ങൾ ഉപയോഗപ്പെടാൻ പോകുന്നില്ല. 

കീർത്തി നിർണ്ണയിക്കുന്നതിനു ഔദ്യോഗികവും അനൗദ്യോഗി കവുമായ മാർഗ്ഗങ്ങൾ ഉണ്ട്. നിയമം, കോടതി വിധി, സർക്കാർ ഉത്തരവുകൾ, മുതലായവ ഔദ്യോഗിക കീർത്തി നിർണ്ണയ രൂപങ്ങൾ ആകുമ്പോൾ സുഹൃദ് സംഭാഷണങ്ങൾ, സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ ,റേറ്റിങ് സമ്പ്രദായങ്ങൾ തുടങ്ങിയവ അനൗദ്യോഗിക കീർത്തി നിർണ്ണയ മാർഗ്ഗങ്ങൾ ആണ്.  അഭിപ്രായ രൂപീകരണത്തിൽ അനൗദ്യോഗിക മാർഗ്ഗങ്ങൾ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. എന്നാൽ ഈ അനൗദ്യോഗിക മാർഗ്ഗങ്ങളിലൂടെയുള്ള കീർത്തി നിർണ്ണയത്തെ നിയന്ത്രിക്കുക എന്ന ധർമ്മമാണ് അപകീർത്തി നിയമം നിർവ്വഹിക്കുന്നത്.  അത് വഴി അഭിപ്രായ പ്രകടനങ്ങളെ, വിമർശന സ്വാതന്ത്ര്യത്തെ നിരന്തരമായ നിരീക്ഷണത്തിനു വിധേയമാക്കാൻ ഭരണകൂടത്തിന് കഴിയുന്നു. 

മേൽപ്പറഞ്ഞ കാരണങ്ങളാൽ ഇത്തരം നിയമങ്ങൾ ഉണ്ടാക്കുന്ന അപകടം അവ കൊണ്ട് പ്രതീക്ഷിക്കുന്ന ഗുണത്തേക്കാൾ ഏറെയാണ്. അത് കൊണ്ടാണ്  അപകീർത്തി നിയമങ്ങൾ പിൻവലിക്കപ്പെടണമെന്നു പൊതുവിൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. ഈ ജനാധിപത്യപരമായ  ആവശ്യത്തിന്റെ പ്രതിഫലനമായാണ്  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അപകീർത്തി നിയമമായ 499 ആം വകുപ്പ് പിൻവലിക്കുക എന്ന  2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ സിപിഎം വാഗ്ദാനം.  എന്നാൽ ഈ രാഷ്ട്രീയ ബോധ്യത്തെ വെല്ലുവിളിക്കുന്നതും നിഷേധിക്കുന്നതുമായ ഒരു നീക്കമാണ്  ആ പാർട്ടിയുടെ നേതാവ് നയിക്കുന്ന സർക്കാർ നടപ്പിലാക്കിയത്. ഇത് വളരെ ബോധപൂർവ്വമായി തന്നെയുള്ള ഒരു നിഷേധമാണ്. വ്യക്തിയുടെ അന്തസ്സിനെ നിഷേധിക്കുന്നത്തിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ ഉള്ള പുതിയ ക്രമീകരണങ്ങളും  നിയന്ത്രണങ്ങളുമായി യോജിച്ചു പോകുന്നതാണ്  കേരളാ പോലീസ് നിയമത്തിലെ പുതിയ ഭേദഗതി എന്ന വാദം പിണറായി വിജയൻ സർക്കാരിന് സിപിഎമ്മിന്റെ നിലപാടിനോടുള്ള നിഷേധത്തെ അടിവരയിടുന്ന പ്രസ്താവനയാണ്. സാർവ്വദേശീയ തലത്തിലെ സാമ്രാജ്യത്വ ആധിപത്യത്തിന് കീഴിലെ നിയോലിബറൽ വ്യവസ്ഥക്കെതിരെ  ജനങ്ങൾ പ്രതീക്ഷയോടെ കാണുന്ന ജനകീയ ബദൽ ആണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്ന അതിന്റെ തന്നെ അവകാശവാദത്തെ കൂടിയാണ് പൊലീസിന് അമിതാധികാരം നൽകുന്ന നിയമത്തെ ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ സിപിഎം പിബി മെമ്പർ  സൗകര്യപൂർവ്വം കയ്യൊഴിഞ്ഞത്.

പുതിയ നിയമത്തിൽ വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയ ഒരു സംഗതി അത് സൈബർ ഇടങ്ങളെ മാത്രമല്ല എല്ലാ തരം വിനിമയമാർഗ്ഗങ്ങളെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരുന്നു എന്നതാണ്. വിശദമായി പരിശോധിച്ചാൽ ഇതും ഒട്ടും യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് കാണാൻ കഴിയും. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ 66 A  ക്കെതിരെ അന്ന് രാജ്യസഭാ അംഗമായ സിപിഎം നേതാവ് പി.രാജീവ് ശക്തമായ വിമർശനമുയർത്തിയിരുന്നു. ഫേസ് ബുക്ക്, ട്വിറ്റർ മുതലായ പുത്തൻ മാധ്യമങ്ങളെ ലക്‌ഷ്യം വച്ചായിരുന്നു 66 A നിയമം. അന്ന് രാജീവ് ഉയർത്തിയ വിമർശനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഇത്തരം പുത്തൻ മാധ്യമങ്ങളെ സവിശേഷമായി നിയമം ലക്‌ഷ്യം വെക്കുന്നു എന്നതായിരുന്നു. ഇതിനെതിരെ ശക്തമായ വിമർശനമാണ് രാജീവ് മുന്നോട്ടു വച്ചത്. പത്ര സ്വാതന്ത്ര്യം സംരക്ഷിക്കാൻ സവിശേഷമായ നിയമം ഇന്ത്യയിൽ ഇല്ലെങ്കിലും ഭരണഘടനയുടെ  19 (2 ) അനുച്ഛേദത്തിന്റെ വ്യാഖ്യാനം അനുസരിച്ച് നമ്മുടെ രാജ്യത്തെ പത്രമാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്തിയിട്ടുണ്ട് . പരമ്പരാഗത മാധ്യമങ്ങൾ ആസ്വദിക്കുന്ന ഈ സ്വാതന്ത്ര്യം പുത്തൻ മാധ്യമങ്ങൾക്കു നിഷേധിക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. ഇന്ത്യയിലെ ഏതെങ്കിലും സംഭവത്തെ കുറിച്ച് ഒരാൾക്ക് ചിന്തിക്കുകയും വിമർശിച്ചു കൊണ്ട് പ്രിന്റ് മീഡിയയിൽ എഴുതുകയും ചെയ്യാം.പക്ഷെ ഒരു കാര്യം ട്വീറ്റ് ചെയ്‌താൽ അയാൾക്കെതിരെ കേസ്സെടുക്കാം എന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നും അദ്ദേഹം  ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോൾ കേരള സർക്കാർ കേരളാ പോലീസ് നിയമം ഭേദഗതി ചെയ്തപ്പോൾ എല്ലാ വിനിമയോപാധികളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരുന്നതിനുള്ള കാരണവും ഇത് തന്നെയാണ്. അന്യായമായ വിവേചനമാണ് എന്ന നിലക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുന്നതോടൊപ്പം എല്ലാ തരം മാധ്യമങ്ങളെയും നിയന്ത്രിക്കാൻ ഇത് വഴി കഴിയുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. 

ഇത് ഒരു കൈവശപ്പെടുത്തൽ കൂടിയാണ്. ജനവിരുദ്ധമായ നിയമങ്ങൾക്കെതിരെയുള്ള വിമർശനങ്ങളെയും അതിലൂടെ ഉയർന്നു വരുന്ന  ജനങ്ങളുടെ ജനാധിപത്യ കാംക്ഷകളെയും  പിടിച്ചെടുക്കുകയും അത് നേർവിപരീത ഫലങ്ങൾക്കു വേണ്ടി, ഭരണകൂടത്തെ ജനങ്ങൾക്ക് എതിരായും ജനാധിപത്യ വിരുദ്ധമായും  ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുകയാണ് ഇവിടെ പിണറായി സർക്കാർ ചെയ്തത്. മുൻപ് യു.എ.പി.എ എന്ന നിയമം നടപ്പിലാക്കുന്ന കാര്യത്തിലും ഇതേ ജനവഞ്ചന നമ്മൾ കണ്ടതാണ്. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികൾ സ്വീകരിക്കുന്ന ഒരു സർക്കാറിനെ നയിക്കുന്ന പാർട്ടി എങ്ങനെയാണ് സംഘ പരിവാരത്തിന്റെ ഫാസിസ്റ്റ് നടപടികളെ ചെറുക്കാൻ  പോകുന്നത് എന്ന ചോദ്യത്തിന് സിപിഎം നേതൃത്വം മറുപടി പറയേണ്ടതുണ്ട്.