ആദിവാസി ഊരുകളിലും പോലീസ് വേട്ടയാടൽ; ‘പോരാട്ടം’ സംസ്ഥാന സമിതിയംഗത്തിൻ്റെ വീട്ടിൽ റെയ്ഡ്

രണ്ടായിരമാണ്ടിൻ്റെ തുടക്കത്തിൽ വയനാട്ടിലുണ്ടായ കർഷക ആത്മഹത്യകളുടെ തുടർച്ചയായി നടന്ന പ്രതിഷേധ സമരങ്ങളിലെ കേസുകളുടെയും ലോംഗ് പെൻ്റിംഗ് വാറൻ്റിൻ്റെയും പേരിൽ വയനാട്ടിലെ ആദിവാസി ഊരിൽ കേരള പോലീസ് നിയമ വിരുദ്ധമായി റെയ്ഡ് നടത്തി. കേസുകളിൽ ജാമ്യമെടുത്തില്ലായെന്നാരോപിച്ച് ‘പോരാട്ടം’ സംസ്ഥാന സമിതിയംഗവും ആദിവാസി സമര സംഘം സെക്രട്ടറിയുമായ സഖാവ് തങ്കമ്മയുടെ ഭർത്താവ് സി കെ രാജീവനെ കൽപ്പറ്റ പോലിസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂര്‍ പൂക്കാട് സ്വദേശിയായ രാജീവന് മാവോയിസ്‌റ്റ് ബന്ധമുണ്ടെന്നാണ് പോലിസ് പറയുന്നത്. രാജീവനെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.

സി കെ രാജീവൻ

ഈ വിവരം അറിയിക്കാതെയും സെർച്ച് വാറൻ്റ് കൂടാതെയും പോലീസ് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് തങ്കമ്മ പറയുന്നു.ഭീകരാന്തരീഷം സൃഷ്ട്ടിച്ച് ചുറ്റുപാടിൽ വീടിനു ചുറ്റും പോലീസുകാരെ കാവൽ നിർത്തി വീട്ടിനകത്തെ സാധനങ്ങൾ വലിച്ച് വാരിയിട്ട് നടത്തിയ റെയ്ഡിൽ, പേലീസിന് കിട്ടിയത് പൊതുപരിപാടിയുടെ നോട്ടീസുകളും മറ്റുമാണെന്നാണ് തങ്കമ്മ അറോറയോട് വെളിപ്പെടുത്തിയത്. നിലവിൽ ഒരു കേസു പോലുമില്ലാത്ത ഒരാളെ തടവിലാക്കി, കോടതിയിൽ പോലും ഹാജരാക്കാതെ പീഡിപ്പിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നിരിക്കെ ഈ വിഷയത്തിന്മേൽ യാതൊരുവിധ മാധ്യമശ്രദ്ധയും ലഭിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

രാജീവനെ കോടതിയിൽ ഹാജരാക്കാണമെന്നും ആദിവാസി ഊരുകളിൽ നടക്കുന്ന പോലീസ് ഭീകരത അവസാനിപ്പിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണമെന്നുമാവശ്യപ്പെട്ട് ‘പോരാട്ടം’ സംഘടന പ്രസ്താവനയിറക്കി.

പ്രസ്താവനയുടെ പൂർണ രൂപം:

പോരാട്ടം സംസ്ഥാന സമിതി അംഗവും ആദിവാസി സമരസംഘം സെക്രട്ടറിയുമായ തങ്കമ്മയുടെ ഭർത്താവ് സി.കെ രാജീവനെ 2004 ന് മുൻപുള്ള കർഷകസമരത്തിന്റെ ഭാഗമായ ലോംഗ് പെന്റിംഗ് വാറണ്ടിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് തങ്കമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി പരിശോധന നടത്തുകയും ചെയ്ത പോലീസ് നടപടി അപലപനീയമാണ്.രാജീവൻ കസ്റ്റഡിയിലാണെന്നോ, എന്തിനാണ് വന്നതെന്നോ പറയാതെ തങ്കമ്മയോട് അനുവാദം പോലും ചോദിക്കാതെ ഒരു സെർച്ച് വാറണ്ടിന്റെ പിൻബലം പോലുമില്ലാതെ തീർത്തും നിയമവിരുദ്ധമായ പരിശോധനയാണ് പോലീസ് നടത്തിയത്.ഇതിൽ ആദിവാസി സമൂഹത്തോടുള്ള കേരള പോലീസിന്റെ വംശാധിപത്യ മനോഭാവവും പ്രകടമാണ്.വീടിനകത്ത് കടന്ന് കയറി വീട്ട് സാധനങ്ങൾ വലിച്ച് വാരിയിട്ട് പരിശോധിച്ച പോലീസ് എടുത്തു കൊണ്ടുപോയത് പൊതുപരിപാടികളുടെ നോട്ടീസുകളും മറ്റുമാണ്.ഇതിൽ എന്ത് നിയമ വിരുദ്ധതയാണ് ഉള്ളടങ്ങിയിട്ടുള്ളതെന്ന് പോലീസ് മറുപടി പറയേണ്ടി വരും. വിപ്ലവകാരികളെ വ്യാജ ഏറ്റുമുട്ടലുകളിൽ വധിച്ചും ജനകീയ പ്രവർത്തകരെ അടിച്ചമർത്തിയും മുന്നോട്ട് പോകുന്ന കപട ഇടതുപക്ഷത്തിന്റെ പോലീസ് രാജാണ് ഇവിടെ നടമാടുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മറ്റൊരു കേസിലും പ്രതിയല്ലാത്ത രാജീവന്റെ അറസ്റ്റും അതിനെ തുടർന്നുണ്ടായ പോലീസ് ഭീകരതയും. കേരളത്തിലെ ആദിവാസി ഊരുകളിൽ ഇരുട്ടിന്റെ മറവിൽ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളുടെയും വിതക്കുന്ന ഭീതിയുടെയും ഒരു തുടർച്ചയാണ് തങ്കമ്മയുടെ വീട്ടിലും നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പോലും ഇവർക്ക് ബാധകമായില്ല. ഇതനുവദിക്കുകയാണെങ്കിൽ ആദിവാസി ഊരുകൾ പോലീസ് ഭീകരതയുടെ നിഴലിൽ വീഴുന്ന കാലം വിദൂരമായിരിക്കില്ലെന്ന് നാം തിരിച്ചറിയണം.രാജീവനെ കോടതിയിൽ ഹാജരാക്കാനും കുടുംബാഗങ്ങൾക്ക് സന്ദർശിക്കാനുമുള്ള സാഹചര്യമുണ്ടാക്കാനും ആദിവാസി മേഖലയിലെ ഇത്തരം അടിച്ചമർത്തലുകൾ അവസാനിപ്പിക്കാനും പൊതു സമൂഹം ശബ്ദമുയർത്തണം.തങ്കമ്മയുടെ വീട്ടിൽ നിയമവിരുദ്ധമായി കടന്ന് കയറിയ പോലീസ് നടപടിയെ പോരാട്ടം ശക്തമായ ഭാഷയിൽ അപലപിക്കുന്നു.

പോരാട്ടം സംസ്ഥാന ജനറൽ കൗൺസിലിന് വേണ്ടി ,
ജനറൽ കൺവീനർ
പി.പി ഷാന്റോലാൽ