അറുപത്തഞ്ച് ദിവസം അവര്‍ നീതിക്കുവേണ്ടി പട്ടിണി കിടന്നു

റാസിഖ് റഹീം

നിരവധി വര്‍ഷങ്ങളായി ഹിന്ദുത്വ പരീക്ഷണങ്ങളുടെ ലബോറട്ടറിയാണ് മധ്യപ്രദേശ് സംസ്ഥാനം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൊണ്ടും ഏകപക്ഷീയമായ ആക്രമണങ്ങളിലൂടെയും മുസ്ലിം ഐഡന്റിറ്റി എപ്പോഴും പ്രശ്‌നവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ മധ്യപ്രദേശ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഏറെ മുന്നിലാണ്. ജനങ്ങളുടെ സാധാരണ ജീവിതത്തില്‍പോലും മുസ്ലിം മതചിഹ്നങ്ങള്‍ ആക്രമണത്തിനുള്ള കാരണമാണെങ്കില്‍ കൂടുതല്‍ അപകടകരമായ ജയില്‍ പോലെയുള്ള സ്ഥലങ്ങളില്‍ അതിന്റെ രൂക്ഷത പറഞ്ഞറിയിക്കാവുന്നതിലും അധികമാണ്. വര്‍ഗീയവൽക്കരിക്കപ്പെട്ട ക്രിമിനലുകളും അതിനേക്കാള്‍ അപകടകാരികളായ ജയില്‍ ഉദ്യോഗസ്ഥരും സൃഷ്ടിക്കുന്ന ഭീകരവേട്ടകളുടെ ഇരകളാണ് ഭോപ്പാല്‍ ജയിലിലെ മലയാളികളുള്‍പ്പെടെയുള്ള ‘സിമി’തടവുകാര്‍.

ഭോപ്പാലിലെ അതീവസുരക്ഷാ ജയിലില്‍ വിചാരണ തടവുകാരുള്‍പ്പെടെ 28പോരാണ് സിമി കേസിലുള്ളത്. ഇവരില്‍ മലയാളികളായ ഷാദുലി, ഷിബിലി, അന്‍സ്വാര്‍ എന്നിവരുമുണ്ട്. 2008 മാര്‍ച്ചിലാണ് മധ്യപ്രദേശിലെ അന്‍ഡോറില്‍വെച്ച് മൂവരും അറസ്റ്റിലാവുന്നത്. പ്രമുഖ ഐ.റ്റി കമ്പനിയില്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഷിബിലിയെ കാണാനായി ചെന്നതായിരുന്നു സഹോദരനായ ശാദുലിയും സുഹൃത്തായ അന്‍സ്വാറും. ഇവര്‍ ഇന്‍ഡോറിലുണ്ടായിരിക്കെ സംസ്ഥാന ത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സിമി വേട്ടയില്‍ ഇരുവരും അറസ്റ്റിലാവുകയായിരുന്നു. നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യില്‍ അംഗങ്ങളാണ് എന്നതായിരുന്നു അറസ്റ്റിനുണ്ടായ കാരണം.

ഇന്‍ഡോറ് ജയിലില്‍ ഇവര്‍ തടവുകാരായി കഴിയവെ രാജ്യത്തങ്ങോളമിങ്ങോളമുള്ള നിരവധി കേസുകളില്‍ ഇവര്‍ പ്രതിചേര്‍ക്കപ്പെട്ടു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2008 ജൂലൈയില്‍ നടന്ന ഗുജറാത്ത് സീരിയല്‍ ബോംബ് സ്‌ഫോടനത്തില്‍ ഗൂഢാലോചനകുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തതാണ്. അതേ വര്‍ഷം മാര്‍ച്ച് മുതല്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്കെതിരെ മാസങ്ങള്‍ക്കുശേഷം മറ്റൊരു സംസ്ഥാനത്തു നടന്ന കേസില്‍ ഇവര്‍ പ്രതിയാക്കപ്പെട്ടത്. മുപ്പത്തിയഞ്ചോളം സ്‌ഫോടനഗൂഢാലോചന കേസുകളാണ് ഇവര്‍ക്കെതിരെ ഗുജറാത്തില്‍ ചുമത്തിയത്. തുടര്‍ന്ന് കര്‍ണാടകയിലെ ഹുബ്ലി, കേരളത്തില്‍ വാഗമണ്‍ സിമി കേസ്, മധ്യപ്രദേശില്‍ തന്നെ മറ്റ് ചില കേസുകള്‍ തുടങ്ങിയവ കൂടി ഇവര്‍ക്കെതിരെ ചുമത്തി.
ഗുജറാത്ത് സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ടതോടെ മധ്യപ്രദേശില്‍നിന്നും ഗുജറാത്തിലെ സബര്‍മതി ജയിലിലേക്ക് ഇവരെ മാറ്റി. 2017 വരെ സബര്‍മതി ജയിലില്‍ വിചാരണ തടവുകാരായി ഇവര്‍ തുടര്‍ന്നു. ജയിലിനകത്തുതന്നെ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തിയിട്ടും കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഇനിയും അവസാനിക്കാതെ വിചാരണ അനന്തമായി നീളുകയാണ്. ഇക്കാലയളവില്‍ വിചാരണക്കെടുത്ത ഹുബ്ലിക്കേസ് , മധ്യപ്രദേശില്‍ തന്നെയുള്ള രണ്ടുകേസുകള്‍ എന്നിവയില്‍ അവരെ വെറുതെ വിടുകയും കേരളത്തിലെ വാഗമണ്‍ കേസില്‍ ലഭിച്ച ആറു വര്‍ഷത്തെ ശിക്ഷ ജയില്‍കാലയളവില്‍ അനുഭവിച്ച് കഴിയുകയും ചെയ്തു.

ഗുജറാത്ത് സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കുറ്റം ചുമത്തി ഇവരെ ഗുജറാത്ത് ജയിലിലേക്ക് മാറ്റിയ സമയത്ത്, ഇവര്‍ ആദ്യം അറസ്റ്റിലായ മധ്യപ്രദേശിലെ ഇന്‍ഡോർ കേസില്‍പ്പെട്ട മറ്റുള്ളവരുടെ വിചാരണ പുരോഗമിക്കുകയായിരുന്നു. കേസ് സ്പളിറ്റ് ചെയ്താണ് കോടതി വിചാരണ നടത്തിയത്. മധ്യപ്രദേശ് കേസിൽ നിരവധിപേരെ വെറുതെ വിടുകയും ചിലര്‍ക്ക് താരതമ്യേനെ ലഘുവായ ശിക്ഷകള്‍ നല്‍കി ജയില്‍ മോചിതരാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വിചാരണക്കെടുത്ത ഇവരുടെ മധ്യപ്രദേശ് കേസിൽ സമാനമായ വകുപ്പുകൾക്ക് കോടതി നല്‍കിയത് കഠിനമായ ശിക്ഷകളായിരുന്നു. ആ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് ഇവർ. രാജ്യദ്രോഹം, രാജ്യത്തിനെതിരായി സായുധമായി സംഘം ചേരൽ, നിരോധിതസംഘടനയില്‍ അംഗത്വം തുടങ്ങിയ കുറ്റങ്ങളിലാണ് ഇവര്‍ ശിക്ഷ അനുഭവിക്കുന്നത്. നീതിപൂര്‍വകമായ വിചാരണ സാധ്യമായാല്‍ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കും എന്ന് വിശ്വസിക്കുന്നവരാണ് വീട്ടുകാരും അവരുടെ അഭിഭാഷകരും.

മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തികളിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ജയിലാണ് ഭോപ്പാലിലെ അതീവസുരക്ഷാ ജയില്‍. 2016 ഓക്‌ടോബര്‍ 31 ന് ജയില്‍ ജീവനക്കാരനെ വധിച്ച് ജയില്‍ചാടാന്‍ ശ്രമിച്ചു എന്നാരോപിച്ച് എട്ട് സിമി പ്രവര്‍ത്തകരെ കൊന്നുകളഞ്ഞത് ഈ ജയിലിലായിരുന്നു. വസ്തുതാന്വേഷണസംഘങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും ഈ ഭരണകൂടഭീകരതക്കെതിരെ രംഗത്തുവന്നെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥർ‌ക്കെതിരെ നടപടിയെടുക്കാന്‍പോലും ജയില്‍വകുപ്പോ സംസ്ഥാന സര്‍ക്കാരോ സന്നദ്ധമായില്ല. 2016 ലെ ഈ കൊലപാതകങ്ങൾ മുതല്‍ ജയിലില്‍ കഴിയുന്ന മറ്റ് സിമി തടവുകാര്‍ ക്രൂരമായ പീഢനങ്ങളാണ് അനുഭവിച്ച് വരുന്നത്. മതപരമായ അധിക്ഷേപം, ക്രൂരമായ ശാരീരിക പീഢനം എന്നിവ നിത്യസംഭവങ്ങളായിരുന്നു. ജയിലില്‍ നടക്കുന്ന ഇത്തരം ക്രൂരതകളെക്കുറിച്ച് തടവുകാര്‍ നല്‍കിയ പരാതി വസ്തുതാപരമാണെന്ന് ദേശീയ മനുഷ്യാവകാശകമ്മീഷന്‍ രണ്ട് തവണ കണ്ടെത്തുകയും ഇനിയാവര്‍ത്തി ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അതൊക്കെ വെറും ജലരേഖയായി മാറുകയാണുണ്ടായത്.

source:HUFFPOST

ഭോപ്പാലിലെ അതീവസുരക്ഷാ ജയിലിലെ വിവേചനങ്ങൾ അവസാനിപ്പിക്കുക, ക്രൂരമര്‍ദ്ദനങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടിയെടുക്കുക, ഏകാന്ത തടവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മലയാളികളായ ഷിബിലി, ശാദുലി, അന്‍സ്വാര്‍, കര്‍ണാടകയില്‍നിന്നുള്ള ഹഫീസ്, മധ്യപ്രദേശുകാരായ സഫ്ദര്‍ നാഗോരി, ഖമറുദ്ദീന്‍ നാഗോരി തുടങ്ങിയവര്‍ നിരാഹാരം ആരംഭിച്ചത്. ജയില്‍ സമരമുറയിലെ അറ്റകൈ സമരമാണ് നിരാഹാരം. മാന്യമായി, മനുഷ്യരെപ്പോലെ പെറുമാറപ്പെടാനും ജീവിക്കാനും വേണ്ടിയാണ് അവര്‍ നിരാഹാരമാരംഭിച്ചത്.

സെപ്തം 5 നു തുടങ്ങിയ നിരാഹാരം പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ജയില്‍വകുപ്പ് നടത്തിനോക്കി. അഭിഭാഷകരെപ്പോലും കാണാൻ അനുവദിക്കാതിരിക്കുക, ബന്ധുക്കള്‍ക്ക് ജയിലിനകത്തുനിന്നുള്ള വിവരങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങി പലതും. എല്ലാ പ്രതിസന്ധി കളെയും തട്ടിമാറ്റി അവര്‍ നിരാഹാരം തുടര്‍ന്നു. മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ഒത്തുതീര്‍പ്പിന് ജയില്‍വകുപ്പ് സന്നദ്ധമാകു ന്നതുവരെ അവര്‍ സമരവുമായി മുന്നോട്ടുപോയി. അറുപത്തഞ്ച് ദിവസം അവര്‍ നീതിക്കുവേണ്ടി പട്ടിണി കിടന്നു.ജീവന്‍ പണയംവെച്ചുള്ള സമരായുധമാണ് നിരാഹാരം. ഗതികെടുമ്പോള്‍ മാത്രം അവലംബിക്കാവുന്ന ഒന്ന്. തങ്ങളുടെ ജീവനേക്കാള്‍ വിലപ്പെട്ടതാണ് മനുഷ്യനായി പരിഗണിക്കപ്പെടുന്ന ഒരു ജീവിതം എന്ന തിരിച്ചറിവിലാണ് അവര്‍ നിരാഹാരം സമരമാര്‍ഗമായി തെരെഞ്ഞെടുത്തത്. മുന്നോട്ടുവെച്ച മുഴുവന്‍ കാര്യങ്ങളും നേടാനായില്ലെങ്കിലും പ്രധാനമായും ജയിൽ ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനങ്ങൾ ഇനി നടക്കില്ലായെന്നും ജയിലിലെ സെല്ലിൽ നിന്ന് ദിവസേന രണ്ടുമണിക്കൂർ മാത്രം പുറത്തിറക്കാം എന്നും ജയിൽ വകുപ്പ് സമ്മതിച്ചിരിക്കുന്നു. ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ നേടുംവരെ ഇനിയും സമരം ചെയ്യാനുള്ള ഇച്ഛാശക്ത്തിയുള്ളവരാണ് തങ്ങളെന്ന ബോധ്യം ജയിലധികാരികളെ ബോധ്യപ്പെടുത്താനായി എന്നതില്‍ ആ സമരം വിജയിച്ചിരിക്കുന്നു.