എടിഎസ് ഭീകരത കേരളത്തിലും! രാജൻ ചിറ്റിലപ്പിള്ളി കേസിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം

തൃശൂരിൽ കഴിഞ്ഞദിവസം മാവോയിസ്റ്റ് ബന്ധമാരോപിച്ച് കേരള എടിഎസ് അറസ്റ്റ് ചെയ്ത ഇടതുപക്ഷ രാഷ്ട്രിയ പ്രവർത്തകൻ രാജൻ ചിറ്റിലപ്പിള്ളിയോട് പോലീസും കോടതിയുൾപ്പെടെയുള്ള അധികാരസംവിധാനങ്ങളും പുലർത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. വാഹന അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലായിരുന്ന അദ്ദേഹത്തെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നായിരുന്നു എടിഎസിൻ്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുന്നത്.അതിനുശേഷം വീഡിയോ കോൺഫറൻസ് വഴി മഞ്ചേരി കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും കസ്റ്റഡി കാലാവധി കഴിഞ്ഞമുറയ്ക്ക് ചികിത്സ പോലും തുടരാതെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ.എന്നാൽ ഡിസ്ചാർജ് സമ്മറി ഇല്ലെന്ന കാരണത്താൽ ഏറെ വൈകി രാത്രി ഒരു മണിയോടെ മാത്രമാണ് അദ്ദേഹത്തെ ജയിലധികൃതർ അകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായതെന്ന ആരോപണവുമുണ്ട്. കൈകാലുകൾ പ്ലാസ്റ്ററിട്ട രാജന് പരസഹായമില്ലാതെ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത്തരം ശാരീരിക പ്രശ്നങ്ങളും അവശതകളുമുള്ള ആളുകളെ പൊതുവെ താമസിപ്പിക്കാറുള്ള താഴെ നിലയിൽ നിന്നും മാറ്റി മുകൾനിലയിലെ ഒറ്റമുറിയിൽ അദ്ദേഹത്തെ അടച്ചതും ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. വിചാരണ തടവുകാർക്ക് ലഭിക്കേണ്ട മിനിമം അവകാശങ്ങൾ പോലും നൽകാതെ, ഉത്തര-മധ്യ ഇന്ത്യയിലെ പോലെ വിമത രാഷ്ട്രിയ പ്രവർത്തകരെ വേണ്ടത്ര ചികിത്സ പോലും കൊടുക്കാതെ പീഡിപ്പിക്കുന്ന എടിഎസിൻ്റെ അതേ സമീപനം തന്നെയാണ് കേരളത്തിലും നടക്കുന്നത്.കോവിഡ് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ കാണാൻ ബന്ധുക്കളെ പോലും അനുവദിക്കില്ലെന്ന ആരോപണവുമുയരുന്നുണ്ട്.

രാജൻ ചിറ്റിലപ്പിള്ളിക്ക് നേരിടേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.രാജൻ ചിറ്റിലപ്പിള്ളിയോട് പോലീസും മറ്റ് അധികാര സംവിധാനങ്ങളും പുലർത്തുന്ന ജനാധിപത്യവിരുദ്ധ സമീപനത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നതായി അറിയിച്ച് ‘ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം’ പ്രസ്താവനയിറക്കി.അഴിമതിയടക്കമുള്ള വിവിധ കേസുകളിലകപ്പെട്ട രാഷ്ട്രിയ നേതാക്കന്മാരും ഉദ്യോഗസ്ഥമേധാവികളും അറസ്റ്റിൽ നിന്നും രക്ഷനേടാൻ ഇല്ലാത്ത രോഗങ്ങളുടെ പേരിൽ ആശുപത്രികളിൽ സുഖചികിത്സ നടത്തുന്ന നാട്ടിലാണ് ഗുരുതരമായി പരിക്കേറ്റ ഒരാളെ യാതൊരു മാനുഷിക പരിഗണന പോലും നൽകാതെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത്. അമിത് ഷായുടെ അതേ നയം തന്നെയാണ് രാഷ്ട്രീയതടവുകാരോട് പിണറായി പോലീസും പുലർത്തുന്നതെന്നും പ്രസ്താവനയിൽ വിമർശനമുണ്ട്. അത്യന്തം ഹീനവും പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേരാത്തതുമായ ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധിക്കാനും കേരളത്തിലെ ഏറെ ബഹുമാന്യനും ദീർഘകാലത്തെ ഇടതുപക്ഷ പ്രവർത്തകനുമായ രാജൻ ചിറ്റിലപ്പിള്ളിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനും അദ്ദേഹത്തിന് ബന്ധുക്കളെയും വക്കീലിനെയും കണ്ട് സംസാരിക്കാൻ അവസരമുണ്ടാക്കാനും മുഴുവൻ ജനാധിപത്യവാദികളും പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്ന് ‘ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം’ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അതേസമയം രാജൻ്റെ ബന്ധുമിത്രാദികൾക്കിടയിൽ എടിഎസിൻ്റെ ചോദ്യം ചെയ്യലും വേട്ടയാലും തുടരുകയാണ്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത രാജൻ്റെ സഹോദരിയുടെ മകനെയും സുഹൃത്തിനെയും ഏറെ വൈകി രാത്രിയോടെയാണ് വിട്ടയച്ചത്.