ബ്രിട്ടീഷ്-സംഘപരിവാർ ചങ്ങാത്തവും ബാബറി മസ്ജിദും

മുഹമ്മദലി

ബാബരി മസ്ജിദിന്‍റെ രക്തസാക്ഷ്യത്തിന് കഴിഞ്ഞ ഡിസംബർ 6 ന് 28 വര്‍ഷം തികഞ്ഞിരുന്നു. തകര്‍ത്തവര്‍ക്ക് തന്നെ മസ്ജിദ് നിലനിന്ന ഭൂമി നല്‍കിയതോടെ ചരിത്രം അവസാനിക്കില്ലല്ലോ.ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കപ്പെടുന്നതുവരെ അതിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും, പറഞ്ഞുകൊണ്ടിരിക്കണം.

ചരിത്രം, ചില ഓർമപ്പെടുത്തലുകൾ

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം ഒരു നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ രണ്ട് പ്രധാനപ്പെട്ട ചലനങ്ങളുണ്ടായി. വൈദിക ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ദലിതര്‍ക്കിടയില്‍ അവബോധമുളള ഒരു സംഘം ഉയര്‍ന്നുവന്നു. അത് തിരിച്ചറിഞ്ഞ ആര്യ വൈദിക സംഘം അതിജീവനത്തിനുവേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്തു. രണ്ടാമത്തെ കാര്യം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ തണലില്‍ ക്രൈസ്തവ മിഷനറി സംഘങ്ങള്‍ നിര്‍ബന്ധപൂര്‍വം രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നതിനെതിരേ ഇതര മതവിശ്വാസികള്‍ക്കിടയില്‍ വലിയ രീതിയില്‍ അസംതൃപ്തി വളര്‍ന്നുവന്നു. മതവിശ്വാസം സംരക്ഷിക്കാനായുളള ഈ സംഘം ചേരല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യ സമരമായി മാറി.

മതപരമായ കാരണങ്ങള്‍ക്ക് പുറമെ കമ്പനി ഭരണകൂടം സ്വീകരിച്ച ചില സാമ്പത്തികനയങ്ങള്‍ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയത് കമ്പനിക്കെതിരായ കലാപത്തിനു ഇന്ധനമായി മാറി. അക്കാലത്തെ പ്രധാന ഇസ്‌ലാമിക പണ്ഡിതനായ ഷാ വലിയുല്ലാഹി ദഹ്‌ലവിയുടെ പുത്രനായ ഷാ അബ്‌ദുല്‍ അസീസ് ദഹ്‌ലവി 1803ല്‍ ഇന്ത്യ ‘ദാറുല്‍ ഹര്‍ബ്’ (യുദ്ധഭൂമി) ആണെന്നും കാഫിറുകളായ (സത്യനിഷേധികളായ) ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ജിഹാദ് (വിശുദ്ധ യുദ്ധം) നടത്തണമെന്നും ഫത്‌വ(മതവിധി) നല്‍കി. ഇതിന്‍െറ പ്രയോഗവല്‍ക്കരണത്തിനു വേണ്ടി ഷാ അബ്‌ദുല്‍ അസീസ് ശിഷ്യനായ സയ്യിദ് അഹമ്മദ് ബറേല്‍വിയെ ചുമതലയേല്‍പ്പിച്ചു. സയ്യിദ് അഹമ്മദ് ബറേല്‍വി ഇംഗ്ലീഷ് ഭരണകൂടത്തിനെതിരേ ജിഹാദ് നടത്താന്‍ കെട്ടിപ്പടുത്ത സംഘടനയാണ് മുജാഹിദീന്‍ പ്രസ്ഥാനം. ഇക്കാലത്ത് ബംഗാളില്‍ ഹാജി ശരീഅത്തുല്ലയുടെ നേതൃത്വത്തില്‍ ‘ഫറാഇസീ’ പ്രസ്ഥാനവും രൂപീകരിച്ചു. (ഫറാഇസീ എന്നാല്‍ മുസ്‌ലിംകളുടെ നിര്‍ബന്ധ ബാധ്യത എന്നര്‍ഥം)

ഈ രണ്ട് പ്രസ്ഥാനങ്ങളുമാണ് 1850കളില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ ഒന്നാം സ്വാതന്ത്ര്യപോരാട്ടത്തിന് വിത്ത് പാകിയത്. അതോടൊപ്പം മറാത്തയില്‍ പേഷ്വാ ആയ നാനാ സാഹിബ്, അവധിലെ നവാബ് വാജിദ് അലി ഷാ, ത്‌ധാന്‍സിയിലെ റാണി ലക്ഷ്മി ഭായ് തുടങ്ങിയവര്‍ അവരുടെ അധികാരം കവര്‍ന്നെടുത്ത ഇംഗ്ലീഷ് ഭരണത്തിനെതിരേ ഈ ജനകീയ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു. അനേകം ചെറിയ സംഭവങ്ങള്‍ക്കു ശേഷം 1857ല്‍ കമ്പനിയുടെ ഇന്ത്യന്‍ പട്ടാളത്തിന്‍െറ നേതൃത്വത്തില്‍ യുദ്ധം അരങ്ങേറി. ഇതിന്‍െറ തുടക്കം മീററ്റിലായിരുന്നെങ്കിലും വിപ്ലവത്തിന്‍െറ കേന്ദ്രം അവ്‌ധ് ആയിരുന്നു. ഫൈസാബാദ്, ബറേലി, കാണ്‍പൂര്‍, ലഖ്നോ,ഗോരഖ്പൂര്‍, വാരണാസി, അലഹാബാദ് , ഷാജഹാന്‍പൂര്‍ തുടങ്ങി വിപുലമായ സാമ്രാജ്യമായിരുന്നു നവാബിന്‍േറത്.1856ലാണ് നവാബ് വാജിദ് അലിഷായെ കല്‍ക്കത്തയിലേക്ക് നാടുകടത്തിയത്. മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷായെ മുമ്പില്‍ നിര്‍ത്തി നയിച്ച വിപ്ലവത്തില്‍ മതവ്യത്യാസമില്ലാതെ ജനങ്ങള്‍ പങ്കുചേര്‍ന്നിരുന്നു.

ഇതില്‍ ഏറ്റവും രൂക്ഷമായ യുദ്ധങ്ങള്‍ നടന്നത് അവധിലാണ്. നവാബില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ബ്രിട്ടീഷുകാരെ നേരിട്ടത് ആയിരക്കണക്കിന് വരുന്ന ജനങ്ങളാണ്. കാണ്‍പൂരും ലഖ്നോയും ആഗ്രയും മാസങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവിലാണ് കമ്പനിക്ക് കീഴടക്കാനായത്. കലാപത്തിന് നേതൃത്വം നല്‍കിയ ഫൈസാബാദിലെ മൗലവി അഹമ്മദുല്ലയെ വധിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ പല തവണ ബറേലിയിലും ഷാജഹാന്‍പൂരിലും ബ്രിട്ടീഷുകാരെ തുരത്തിയിരുന്നു. കാണ്‍പൂര്‍ പിടിച്ചെടുത്ത കലാപകാരികള്‍ ലഖ്നോയിലേക്ക് മാര്‍ച്ച് ചെയ്ത് ബ്രിട്ടീഷ് റസിഡന്‍സി പിടിച്ചെടുക്കുകയും ചീഫ് കമ്മീഷണര്‍ ഹെന്‍റി ലോറന്‍സിനെ വധിക്കുകയും ചെയ്തു. വലിയ സംഘം സൈന്യത്തെ നിയോഗിച്ച് ഇംഗ്ലീഷുകാര്‍ക്ക് വിപ്ലവം അടിച്ചമര്‍ത്താനായത് അവ്ധ് കീഴടങ്ങിയതോടെയാണ്.

ആയിരക്കണക്കിന് ജനങ്ങളെ ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കി. നേതാക്കളെയും വധിച്ചു. ബഹദൂര്‍ഷായുടെ മക്കളെ വധിക്കുകയും അദ്ദേഹത്തെ ബര്‍മയിലെ റങ്കൂണിലേക്ക് നാടുകടത്തുകയും ചെയ്തു. 1856 മുതല്‍ 1858 വരെയുളള കാലത്താണ് ഇതെല്ലാം നടന്നത്. മുസ്‌ലിം മതനേതാക്കള്‍ നയിക്കുകയും മതവ്യത്യാസമില്ലാതെ ജനങ്ങള്‍ പങ്കുചേരുകയും പീഡനങ്ങള്‍ സഹിക്കുകയും ചെയ്ത വിപ്ലവത്തിന്‍െറ കാലത്താണ് നിര്‍മോഹികള്‍ 1858ല്‍ ബാബരി മസ്ജിദിന്‍െറ ഭൂമിയില്‍ രാം ഛബൂത്ര നിര്‍മിക്കാനും ആരാധന നടത്താനും അനുമതി ആവശ്യപ്പെട്ട് രംഗത്തെത്തുന്നത്. ഇത് ആരുടെ താല്‍പര്യത്തിനാണ്, എന്താണ് അതിന്‍െറ ലക്ഷ്യം എന്ന് വ്യക്തമല്ലേ. മതവൈരം വളര്‍ന്ന് ജനങ്ങള്‍ ചേരിതിരിഞ്ഞ് ബ്രിട്ടീഷുകാര്‍ക്കെതിരേ നീങ്ങാന്‍ ശേഷിയില്ലാതെയായി മാറണം. അതിനുളള സേവകരായി വേഷം കെട്ടിയവരുടെ പിന്‍മുറക്കാരാണ് 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ത്തത്. അവര്‍ വിപ്ലവത്തിന്‍െറ കാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു. കല്‍ക്കത്തയിലെ മെട്രോപൊളിറ്റന്‍ ഹിന്ദു കോളജില്‍ യോഗം ചേര്‍ന്ന ബംഗാളിലെ ധര്‍മസഭയുടെ യോഗം സര്‍ക്കാരിനു കൂറ് പ്രഖ്യാപിക്കുകയും കലാപം അമര്‍ച്ച ചെയ്യാന്‍ സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി. ബംഗാളിലെ ധര്‍മസഭ സംഘപരിവാര ഹിന്ദുത്വവാദികളുടെ പൂര്‍വികരാണ്.

1858ലെ ഹിന്ദുത്വവാദികളുടെ രാം ഛബൂത്ര നിര്‍മിക്കാനുളള ആവശ്യം നഗരത്തിലെ മുസ്‌ലിം പണ്ഡിതനായ അമീര്‍ അലി അനുവദിക്കുകയാണ് ചെയ്തത്. അതാണ് പില്‍ക്കാലത്ത് ഹിന്ദുത്വവാദികള്‍ക്ക് വളമായത്. തര്‍ക്കം ഒഴിവാക്കാനായി ഈ നിലപാടെടുത്ത മൗലവി അമീര്‍ അലിയെയും വൈഷ്ണവ സന്യാസിയെയും ബ്രിട്ടീഷുകാര്‍ കൊന്ന് ഒരു മരത്തില്‍ കെട്ടിത്തൂക്കി.

നവാബില്‍ നിന്ന് അധികാരം പിടിക്കുന്നതിനായി ബ്രിട്ടീഷുകാരുടെ ആദ്യ ശ്രമം ശിയാ വിഭാഗക്കാരായ നവാബുമാര്‍ക്കെതിരെ ഭൂരിപക്ഷം വരുന്ന സുന്നികളായ മത പണ്ഡിതരെയും സാധാരണ ജനങ്ങളെയും ഇളക്കിവിടാനായിരുന്നു. അത് വിജയിച്ചില്ല. അതേ സമയം നിര്‍മോഹികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗത്തിനെ വിലക്കെടുത്ത് നവാബിനും മുസ്‌ലിംകള്‍ക്കും എതിരേ തിരിച്ചു. നിര്‍മോഹികള്‍ മതത്തിന്‍െറ അതിപ്രസരമില്ലാത്ത ഗുസ്തി അക്കാദകള്‍ നടത്തുന്ന ഒരു കൂട്ടരാണ്. അവര്‍ക്ക് ജിംഖാനകള്‍ സ്ഥാപിക്കാന്‍ നവാബ് തന്നെയാണ് സൗജന്യമായി സ്ഥലം അനുവദിച്ചിരുന്നത്. നവാബിന്‍െറ ഉദ്യോഗസ്ഥരിലെ വര്‍ധിച്ച ശൈവ മതക്കാരുടെ സാന്നിധ്യം കണ്ട് അസ്വസ്ഥരായ നിര്‍മോഹികള്‍ പതിനെട്ടാം നൂറ്റാണ്ടിന്‍െറ അവസാനമാണ് വൈഷ്ണവരുടെ നേതൃത്വം ഏറ്റെടുത്തത്.

നിര്‍മോഹികളുടെ ഈ അസംതൃപ്തിയെ ആണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വൈസ്രോയി ഉപയോഗപ്പെടുത്തിയത്. അവരാണ് 1883ല്‍ ഹരജി നല്‍കിയത്. 1883 ജനുവരി 19ന് രഘുബര്‍ദാസ് എന്ന ഒരു വൈഷ്ണവ ബ്രാഹ്മണന്‍ ഫൈസാബാദ് സബ് ജഡ്ജിയുടെ കോടതിയില്‍ ഒരു ഹർജി സമര്‍പ്പിച്ചതോടെയാണ് ഈ വിഷയം ആരംഭിച്ചത്. തനിക്കും തന്‍െറ കൂടെയുളള പുരോഹിതര്‍ക്കും ആരാധന നടത്താന്‍ സ്ഥലമില്ലാത്തതുകൊണ്ട് മസ്ജിദിന്‍െറ മതില്‍ക്കെട്ടിനകത്ത് ഒരു സ്ഥലം അനുവദിക്കണം എന്ന നിരുപദ്രവകരമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ആവശ്യമായിരുന്നു രഘുബീര്‍ദാസിന്‍േറത്. രഘുബീര്‍ദാസ് നല്‍കിയ ഹർജി സബ് ജഡ്ജി തളളി. 1885ല്‍ വീണ്ടും രഘുബീര്‍ ദാസ് ഇതേ അപേക്ഷ സമര്‍പ്പിച്ചു. വീണ്ടും ഇതു തളളിക്കൊണ്ട് കോടതി പറഞ്ഞത്, ജനവാസമില്ലാത്ത സ്ഥലത്ത് നിര്‍മിക്കുകയും 356 വര്‍ഷമായി ആരാധന നടക്കുന്നതുമായ മസ്ജിദിന്‍െറ മതില്‍ക്കെട്ടിനകത്ത് ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കുന്നത് ദോഷം ചെയ്യുമെന്നാണ്. 1886ല്‍ രഘുബീര്‍ദാസ് വീണ്ടും ഹർജി നല്‍കി. ബാബര്‍ അല്ല മസ്ജിദ് പണിഞ്ഞത് എന്നുകൂടി ഹർജിയില്‍ ഉണ്ടായിരുന്നു. ഈ വാദത്തിന് അടിസ്ഥാനമില്ലെന്നു പറഞ്ഞ് കോടതി ഹർജി തളളി.

തുടര്‍ന്നാണ് ബ്രിട്ടീഷുകാര്‍ പുരാവസ്തു വകുപ്പിനെ ഉപയോഗിക്കുന്നത്. 1889ല്‍ അലോയിസ് ആന്‍റണ്‍ ഫോറര്‍ നേതൃത്വം നല്‍കിയ സംഘമാണ് നാടിനെ വിഭജിച്ച വര്‍ഗീയ തേരോട്ടത്തിന് അസ്തിവാരമിട്ടത്. രാമജന്മസ്ഥാനം, രാമന്‍െറ സംസ്ക്കാരം നടത്തിയ സ്വര്‍ഗദ്വാരം, രാമന്‍ ത്യാഗം ചെയ്ത സ്ഥാനം എന്നിങ്ങനെ മൂന്നു ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു എന്നും അത് മുസ്‌ലിം ഭരണാധികാരികള്‍ തകര്‍ത്തു എന്നും റിപ്പോര്‍ട്ടില്‍ എഴുതിവെച്ചു. ഇതിന് അടിസ്ഥാനമായ വസ്തുതകള്‍ ഇദ്ദേഹം വ്യക്തമാക്കുന്നുമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇതേ അയോധ്യ നഗരത്തില്‍ 1862ല്‍ അലക്സാണ്ടര്‍ കണ്ണിങ്ഹാം നടത്തിയ ഗവേഷണത്തില്‍ ഇങ്ങനെ ഒന്നും കണ്ടെത്തിയില്ല എന്നാണ്. അലക്സാണ്ടര്‍ കണ്ണിങ്ഹാം ആണ് പുരാവസ്തു വകുപ്പ് സ്ഥാപിച്ചത് എന്ന് പ്രത്യേകം ഓര്‍ക്കുക.

ബാബറും മുസ്‌ലിം ഭരണാധികാരികളും വൈഷ്ണവ ക്ഷേത്രങ്ങള്‍ തകര്‍ത്തു എന്നായിരുന്നില്ല അദ്ദേഹം കണ്ടെത്തിയത്. അയോധ്യ ബുദ്ധമത കേന്ദ്രമായിരുന്നു എന്നും ബുദ്ധന്‍ അവിടെ ആറ് വര്‍ഷങ്ങള്‍ ജീവിച്ചിരുന്നു എന്നും അദ്ദേഹം തന്‍റെ റിപ്പോര്‍ട്ടില്‍ സമര്‍ഥിച്ചു.പില്‍ക്കാലത്ത് ജൈനമത കേന്ദ്രമായ അയോധ്യ, ബൃഹദ്ബലിയുടെ കാലത്തെ മഹായുദ്ധത്തോടെയാണ് ബ്രാഹ്മണ കേന്ദ്രമായത് എന്നും സാക്ഷ്യപ്പെടുത്തുന്നു. അതായത് 1862ല്‍ കണ്ണിങ്ഹാം കണ്ടെത്തിയ വസ്തുതകള്‍ മറച്ചുവെച്ച് 1889ല്‍ കെട്ടുകഥകളടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്, കോടതികളില്‍ തങ്ങളുടെ വാദങ്ങള്‍ക്ക് ബലം കിട്ടാനാണ് എന്നു വ്യക്തം. ഇതിനെ കൂട്ടുപിടിച്ചു 1905ല്‍ ഫൈസാബാദ് ജില്ലാ ഗസറ്റിയറില്‍ രാമജന്മസ്ഥാന്‍ ക്ഷേത്രം തകര്‍ത്താണ് ബാബര്‍ മസ്ജിദ് പണിതത് എന്ന് എഴുതി ചേര്‍ത്തു.

1934ല്‍ ഷാജഹാന്‍പൂരില്‍ മുസ്‌ലിംകള്‍ പശുവിനെ കൊന്നു എന്നാരോപിച്ചു നടന്ന വര്‍ഗീയാതിക്രമങ്ങളുടെ മറവില്‍ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ ശ്രമമുണ്ടായി. മതില്‍ തകര്‍ക്കുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പിന്നീട് ഭരണകൂടം തന്നെ കേടുപാടുകള്‍ തീര്‍ക്കുകയാണുണ്ടായത്. പിന്നീട് പല ഘട്ടങ്ങളിലായി കൈയ്യേറ്റങ്ങളുണ്ടായി.

1940കള്‍ ഇന്ത്യയില്‍ ഹിന്ദുത്വവാദികളുടെ സുവര്‍ണ ഘട്ടമാണല്ലോ. മതവിഭജനത്തിന് തിരി കൊളുത്തിയ ബ്രിട്ടീഷുകാര്‍ 1947 ആഗസ്തില്‍ ഇന്ത്യ വിട്ടെങ്കിലും വര്‍ഗീയവാദം കൂടുതല്‍ ആളിപ്പടരുകയാണ് ചെയ്തത്. 1528 മുതല്‍ 1949 ഡിസംബര്‍ വരെ ബാബരി മസ്ജിദില്‍ തടസ്സമില്ലാതെ ആരാധന നടന്നുവന്നതാണ്. മസ്ജിദ് കൈയ്യേറുക എന്ന ലക്ഷ്യത്തോടെ സംഘപരിവാരം അയോധ്യയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ, ഡിസംബര്‍ 22ന് രാത്രി മസ്ജിദില്‍ കടന്നു വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. അക്കാലത്ത് യുനൈറ്റഡ് പ്രൊവിന്‍സ് ഭരിക്കുന്നത് ഗോവിന്ദ് വല്ലഭ പന്ത് എന്ന കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ആണ്. അന്നത്തെ കോണ്‍ഗ്രസുകാരനായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവശ്യപ്പെട്ടിട്ടും വിഗ്രഹങ്ങള്‍ മസ്ജിദില്‍ നിന്നു നീക്കം ചെയ്തില്ല. പകരം, ജില്ലാ മജിസ്ട്രേറ്റ് ആയ കെ കെ നായര്‍ മസ്ജിദ് തര്‍ക്ക സ്ഥലമായി പ്രഖ്യാപിച്ചു. അയോധ്യ മുന്‍സിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രിയദത്തിനെ റിസീവറാക്കി നിയമിച്ചുകൊണ്ട് മസ്ജിദ് പൂട്ടിയിട്ടു. അടുത്ത മാസത്തില്‍ ഗോപാല്‍സിങ് വിശാരദ് എന്ന ആര്‍.എസ്.എസുകാരന്‍െറ ഹർജിയില്‍, കൈയ്യേറി സ്ഥാപിച്ച വിഗ്രഹങ്ങളെ പൂജിക്കാന്‍ അനുമതിയും നല്‍കി.

ഈ അനുവാദമാണ് 1986ല്‍ ബാബരി മസ്ജിദ് സമ്പൂര്‍ണമായി ഹിന്ദു വര്‍ഗീയവാദികള്‍ക്ക് തീറെഴുതിയ വിധിക്ക് വളമായത്. ഉമേഷ് ചന്ദ്ര പാണ്ഡെയുടെ ഹർജിയില്‍ ജഡ്ജി കെ എം പാണ്ഡെ നല്‍കിയ വിധി നോക്കുക. ”കെട്ടിടത്തിന്‍െറ പൂട്ട് തുറന്നുകൊടുക്കുന്നതു കൊണ്ടും വിഗ്രഹാരാധന നടത്തുന്നതുകൊണ്ടും മുസ്‌ലിംകള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. ഹിന്ദുക്കള്‍ മുപ്പത്തഞ്ച് കൊല്ലമായി ഭാഗികമായി ആരാധന നടത്തുന്ന സ്ഥലം വിട്ടുകൊടുത്താല്‍ ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല. മുസ്‌ലിംകള്‍ സ്ഥലത്ത് പ്രവേശിക്കാന്‍ പാടില്ല”. അതോടെ 458 വര്‍ഷം മസ്ജിദ് ആയിരുന്ന ആ കെട്ടിടം ക്ഷേത്രമായി മാറി.

അടുത്ത പടി മസ്ജിദ് പൊളിച്ചുനീക്കി തല്‍സ്ഥാനത്ത് ക്ഷേത്രം പണിയലായിരുന്നു. ഇതിനായി 1989 ജനുവരിയിലെ അലഹബാദ് കുംഭമേളയില്‍ വിശ്വഹിന്ദു പരിഷത് പദ്ധതി തയ്യാറാക്കി. 1989 നവംബറില്‍ ശിലാന്യാസം നടത്തും. രാജ്യവ്യാപക പ്രചാരണം നടത്തി ഹിന്ദു വികാരം ഇതിന് അനുകൂലമാക്കും. ഓരോ ഹിന്ദു വീട്ടില്‍ നിന്നും ഒന്നേകാല്‍ രൂപ ശേഖരിക്കും. എല്ലാ നാടുകളില്‍ നിന്നും പൂജിച്ച കല്ലുകള്‍ അയോധ്യയിലെത്തിക്കും. രാജീവ്ഗാന്ധി സര്‍ക്കാരിന്‍െറ അനുമതിയോടെ 1989 നവംബര്‍ 9ന് ശിലാന്യാസം നടത്തി. മസ്ജിദ് തകര്‍ക്കാനുളള പദ്ധതിയോടെ 1990ല്‍ ലാല്‍കിഷന്‍ അദ്വാനിയുടെ രഥയാത്ര നടന്നു. അദ്വാനിയെ സമസ്തിപൂരില്‍ ലാലുപ്രസാദ് യാദവ് അറസ്റ്റ് ചെയ്തു. കര്‍സേവകരെ അയോധ്യയില്‍ മുലായം സിങ് വെടിവെച്ചു വീഴ്ത്തി പിന്തിരിപ്പിച്ചു. ഇതിനു ശേഷം ഉത്തര്‍പ്രദേശില്‍ കല്യാണ്‍സിങിന്‍െറ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലെത്തി. ഈ തണലിലാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തത്.

തത്‌സ്ഥാനത്ത് ബാബരി മസ്ജിദിന്‍റെ പുനര്‍നിര്‍മാണം മാത്രമാണ് നീതി. ഭരണഘടനാ സംവിധാനങ്ങളെ വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും ഹിന്ദു ഫാസിസ്റ്റുകള്‍ നേടിയ വിജയം നമ്മെ നിരാശരാക്കേണ്ടതില്ല. നീതി പുലരുംവരെ ബാബരി മസ്ജിദിനുവേണ്ടിയുളള പോരാട്ടം തുടരും.

ഇന്‍ശാ അല്ലാഹ്!

(മുഹമ്മദലി ഫേസ്ബുക്കിലെഴുതിയ ലേഖനം)