കേരള സംസ്ഥാന SC/ ST കമ്മീഷൻ ഓഫീസിന് ഡിജിറ്റലൈസേഷൻ തീണ്ടായ്മയോ?

ജ്യോതി

രാജ്യത്തെ ആദ്യ കടലാസ് രഹിത സമ്പൂർണ ഡിജിറ്റൽ സഭയായി മാറാനുള്ള തയാറെടുപ്പിലാണു കേരള നിയമസഭ.പക്ഷെ ദരിദ്രരായ ദളിതരും ആദിവാസികളും എന്നും കയറിയിറങ്ങുന്ന കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ഓഫീസ്(SC/ST കമ്മീഷൻ) പോലെ, സാധാരണ ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമാകുന്ന ഗവൺമെൻ്റ് സ്ഥാപനങ്ങളൊന്നും തന്നെ ഡിജിറ്റലൈസേഷൻ ആക്കാനുള്ള നടപടിയൊന്നും സർക്കാർ ഇതുവരെ കൈക്കൊണ്ടിട്ടില്ല.വിവരാവകാശ നിയമപ്രകാരം കൊടുക്കുന്ന അപേക്ഷയ്ക്ക് ലഭിക്കുന്ന വിവരങ്ങൾ മുഴുവനുമായി നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് SC/ST കമ്മീഷൻഓഫീസ് പോലുള്ളവ പ്രവർത്തിക്കുന്നത്.സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായ ബിന്ദു സി.എം രേഖാമൂലം സമ്മതിക്കുകയാണ് ഓഫീസിലെ അപര്യപ്തതയെ കുറിച്ച്. ഇലക്ട്രോണിക് (പെൻഡ്രൈവ്,സി ഡി) സംവിധാനങ്ങൾ വഴി വിവരാവകാശനിയമപ്രകാരം ലഭിക്കേണ്ട മുഴുവൻ വിവരങ്ങളും അപേക്ഷകന് കൈമാറണം എന്ന് ആവശ്യപെടുമ്പോഴാണ് ഓഫീസിന്റെ അവസ്ഥ പുറംലോകം അറിയുന്നത്.

കിളിമാനൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തോപ്പില്‍ കോളനിയില്‍ ജനവിരുദ്ധമായി പ്രവർത്തിക്കുന്ന എ.കെ.ആര്‍ ക്വാറിയുമായും ക്രഷര്‍ യൂണിറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാൻ, വിവരവകാശ നിയമപ്രകാരം 24-08-2020 നു SC/ST കമ്മീഷൻ ഓഫീസിൽ അപേക്ഷനൽകിയിരുന്നു. എ.കെ.ആര്‍ ക്വാറിയും ക്രഷര്‍ യൂണിറ്റുകളും സംബന്ധിച്ച്‌ 2011 മുതല്‍ 2020 വരെ കിട്ടിയിട്ടുള്ള പരാതികളുടെ പകര്‍പ്പ്‌, പരാതികളിൻമേല്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെയും മറുപടികളുടെയും പകര്‍പ്പ്‌ ഇവയൊക്കെ ലഭിക്കണം എന്നതായിരുന്നു അപേക്ഷയിലെ പ്രധാന ചോദ്യങ്ങൾ.

തോപ്പിൽ കോളനിയിലെ ജനകീയ മുന്നേറ്റ സമിതി കൺവീനർ സേതു 24-08-2020 ൽ നൽകിയ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ വിവരങ്ങളും ലഭിക്കണമെങ്കിൽ 656 രൂപയോളം അടക്കണമെന്നാണ്.

”ദരിദ്രരും ദളിതരുമായ ഞങ്ങൾ എങ്ങനെയാണ് ഇത്രയും തുക അടക്കുക. കോളനിയിലെ ഭൂരിഭാഗം ജനങ്ങൾക്കും ജോലിയില്ല. കുടിവെള്ളത്തിനു വേണ്ടിയുള്ള സമരത്തിലാണ് കോളനി നിവാസികൾ. അത്തരം ഒരു സാമൂഹിക സാഹചര്യത്തിലേക്ക് ഞങ്ങളെ തള്ളിവിട്ട ക്വാറി മുതലാളി-ഭരണവർഗ്ഗ കൂട്ടുകെട്ടുകളുടെ വിവരങ്ങൾ പുറത്ത് ജനങ്ങളെ അറിയിക്കണം എന്ന ആവശ്യത്തിനുവേണ്ടിയാണ് വിവരാവകാശം നൽകിയത്.പട്ടിക ജാതിക്കാരുടെ ഉന്നമനത്തിനായും അവരുടെ നീതിക്കു വേണ്ടിയും പ്രവർത്തിക്കേണ്ട SC/ST കമ്മീഷൻ ഓഫീസിൽ നിന്നാണ് ഞങ്ങൾക്ക് ഈ തിരിച്ചടി നേരിടുന്നത് ” സേതു പറയുന്നു.

കേരളസർക്കാർ നടപ്പിലാക്കിയ, വിവരാവകാശ നിയമത്തിലെ ഭേദഗതി(2015)മൂലം ദരിദ്രരേഖക്ക് താഴെയുള്ളവർക്ക് സർക്കാർ വിവരങ്ങൾ ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. ഭേദഗതിപ്രകാരം നിലവിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്ന ദരിദ്രരേഖക്ക് താഴെയുള്ളവർക്ക് 20 പേജുകൾ അടങ്ങുന്ന വിവരങ്ങൾ മാത്രം സൗജന്യമായി നൽകിയാൽ മതി എന്നാണ്. ബാക്കി വിവരങ്ങൾ വേണമെന്നുണ്ടെങ്കിൽ അതിനുള്ള തുക ഒരു പേജിനു 2 രൂപ നിരക്കിൽ ഫീസ് അടച്ച് കൈപറ്റണം.ഇത്തരം ജനവിരുദ്ധമായ തീരുമാനങ്ങൾ കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനും പിന്തുടരുന്നു എന്നതാണ് കേരളത്തിലെ വിരോധാഭാസം.

SC/ST കമ്മീഷൻ ഓഫീസിൽ നിന്ന് വിവരവകാശത്തിന് നൽകിയ മറുപടിയിൽ പറയുന്നത് “താങ്കൾ ആവശ്യപ്പെട്ട രേഖകൾ നൽകുന്നത്തിന് 656 രൂപ അടച്ച് ചെലാൻ ഹാജരാക്കാൻ സൂചന(2) പ്രകാരം ആവശ്യപ്പെട്ടിരുന്നു.എന്നാൽ ആയതിന് സാധിക്കില്ലെന്നും ടി വിവരങ്ങൾ സി ഡി, പെൻഡ്രൈവ് വഴി ലഭ്യമാക്കുവാൻ സൂചന (3) പ്രകാരം താങ്കൾ ആവശ്യപ്പെട്ടിരുന്നു.വളരെ പരിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന ഈ ഓഫീസിൽ പേപ്പർ രൂപത്തിൽ സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റി നല്കുന്നതിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രായോഗിക ബുദ്ധിമുട്ടും കാരണം സൂചന(2) പ്രകാരം ആവശ്യപ്പെട്ട ഫീസ് ഒടുക്കി രസീത് ഹാജരാക്കുന്ന മുറക്ക് വിവരം ലഭിക്കുന്നതാണ് എന്ന് അറിയിക്കുന്നു.”

ഇത്തരത്തിൽ വിവരങ്ങൾ പോലും കൈമാറാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിലെ ഒട്ടുമുക്കാൽ സർക്കാർ സ്ഥാപനങ്ങളും. ഈ അവസ്ഥയിൽ കേരളം കടന്നുപോകുമ്പോഴാണ് സമ്പൂർണ ഡിജിറ്റൽ സഭയായി മാറാനുള്ള തയാറെടുപ്പിൽ കേരള നിയമസഭ മുൻപോട്ടു പോകുന്നത്.ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചു വിടുന്ന എം എൽ എ മാർക്ക് വിവരങ്ങൾ ലഭിക്കുന്നതിനും മറ്റുപ്രവത്തനങ്ങൾ വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് നിയമസഭ ഡിജിറ്റൽ സഭയായി മാറ്റാൻ പോകുന്നത്.പക്ഷെ വോട്ട് ചെയ്ത ദരിദ്ര-ദളിത്-ആദിവാസി ജനവിഭാഗങ്ങൾക്ക് വിവരം നൽകേണ്ട ഓഫീസുകൾ ഇനിയും ഡിജിറ്റലൈസേഷനിൽ നിന്ന് തീണ്ടാപാടകലെയാണ്.നിയമസഭ ഡിജിറ്റലാക്കുന്നത്തിന് പറയുന്ന പ്രധാനകാരണം കടലാസിലെ അച്ചടിക്ക് മാത്രമായി വർഷം ശരാശരി 45 കോടിയോളം രൂപ ചിലവാകുന്നു എന്നാണ്.ആ ചിലവ് നികത്തനാണ് നിയമസഭാ ഡിജിറ്റലാക്കുന്നതെന്നാണ് സർക്കാർ വാദം. പക്ഷെ വെറും 5000 രൂപ ചിലവാക്കി സ്കാനിംഗ് മിഷിൻ വാങ്ങിയാൽ തീരാവുന്ന സർക്കാർ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പിണറായി സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ഓഫീസിലെ അവസ്ഥ വെളിവാക്കുന്നത്.

2020 ഓടുകൂടി ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കുമെന്നും ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു സമൂഹം സൃഷ്ടിക്കുമെന്നും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച നേടുമെന്നും സർക്കാർ പറയുമ്പോഴാണ് വിവരാവകാശനിയമപ്രകാരം ലഭിക്കേണ്ട വിവരങ്ങൾ സിഡി യിൽ പോലും നൽകാൻ കഴിയാത്ത അവസ്ഥയിൽ കേരളത്തിലെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നത്. അതേസമയം തന്നെ കേരളത്തിൽ വൻ തുക ചെലവഴിച്ച് ആരംഭിച്ച ഡിജിറ്റൽ ലൈബ്രറിയും സർക്കാർ മേൽനോട്ടത്തിലുള്ളപ്പോഴാണ് ദരിദ്ര ജനങ്ങൾക്ക് വിവരങ്ങൾ ഡിജിറ്റലായി അറിയാനുള്ള സൗകര്യം പോലും ഇല്ലാതിരിക്കുന്നത്. കണ്ണൂരിലെ പായം പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയത്.അതും ലോകബാങ്ക് സഹായമായ 30 ലക്ഷം രൂപ ഉള്‍പ്പെടെ 70 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റല്‍ ലൈബ്രറിയുടെ നിര്‍മ്മാണം.100 രൂപയുടെ സാധാരണ അംഗത്വം മുതല്‍ 25,000 രൂപയുടെ വിശിഷ്ട അംഗത്വം വരെ ലൈബ്രറിയിലുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള അംഗത്വത്തിന് 200 രൂപയാണ് ഈടാക്കുന്നത്. മധ്യ-ഉപരിവർഗ താത്പര്യങ്ങൾ മാത്രം സംരക്ഷിച്ച് നടത്തുന്ന ഇത്തരം വികസന പ്രവർത്തനങ്ങളിൽ നിന്നും, ഭൂരിപക്ഷം വരുന്ന ദരിദ്ര-ദളിത്-ആദിവാസി ജനവിഭാഗങ്ങളോടുള്ള പിണറായി സർക്കാരിന്റെ നിലപാട് വ്യക്തമാവുകയാണ്.

പട്ടികജാതി കോളനിക്കകത്ത് കുടിവെള്ളമില്ല,സ്ഥിരമായ ജോലിയില്ല,അടച്ചുറപ്പുള്ള വീടില്ല പക്ഷെ, ക്വാറിയും ക്രഷര്‍ യൂണിറ്റുമാണ് പ്രവർത്തിക്കേണ്ടത് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.നിയമപരമായി അപേക്ഷകൾ നൽകിയാൽ പോലും ദരിദ്ര-ദളിത്-ആദിവാസി ജനങ്ങൾക്ക് വിവരങ്ങൾ നൽകണ്ട എന്ന് സർക്കാർ ചിന്തിക്കുന്നത് ഈ നാട്ടിൽ നിന്നും ഇനിയും വിട്ടു പോകാത്ത ഫ്യൂഡൽ ബോധത്തിന്മേലാണ്.ഈ നൂറ്റാണ്ടിലും ഇന്നാട്ടിലെ സാധാരാണ ജനങ്ങളെല്ലാം തന്നെ, എല്ലാവിധ ജനാധിപത്യ സംവിധാനങ്ങളിൽ നിന്നും തീണ്ടാപ്പാടകലെ തന്നെയാണ്‌.