കൊളോണിയൽ-മനുവാദ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്ന പോലീസും ഭരണകുടവും!

അജിതൻ

ഒരാളെ അറസ്റ്റ് ചെയ്താൽ മിനിമം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി പത്ത് കാര്യങ്ങൾ പറഞ്ഞുവെച്ചിട്ടുണ്ട്(കൂടുതൽ നിയമകാര്യങ്ങൾ അറിയുന്നവർ അറിയിക്കുക).അറസ്റ്റിനു വിധേയമാകുന്ന ആളുടെ ഏറ്റവും അടുത്ത ബന്ധുമിത്രാദികളെ അറിയിക്കുകയെന്നതാണ് പ്രധാനകാര്യം.അയാൾക്ക് നിയമ സഹായം ലഭിക്കുന്നതിന്, അയാളെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന വിവരങ്ങൾ അടിയന്തരമായി അറിയിക്കേണ്ടത് അത്യാവശ്യമാണ്.ഏതു കോടതിയിലാണ് ഹാജരാക്കുന്നതെന്ന കാര്യവും അറിയിക്കാൻ അറസ്റ്റ് ചെയ്തവർക്ക് ബാധ്യതയുണ്ട്.പത്രക്കാരും നാട്ടുകാരും അറിയുന്നതിനുമുമ്പ് ബന്ധുമിത്രാദികളെയാണ് അറസ്റ്റ് വിവരം അറിയിക്കേണ്ടത്.ഇങ്ങനെയുള്ള മിനിമം കാര്യങ്ങൾ ഒരു ജനത നിയമപോരാട്ടങ്ങളിലുടേയും ജനകീയപോരാട്ടങ്ങളിലൂടേയും നേടിയെടുത്ത മിനിമം ജനാധിപത്യ അവകാശങ്ങളാണ്.ഇത്തരം സുപ്രീംകോടതി നിർദ്ദേശങ്ങൾ രാജ്യത്തെ പോലീസിന്റെ അമിതമായ അധികാരപ്രയോഗത്തെ തടയിടാനാനുള്ളതാണ്.

ഇപ്പോഴിത് പറയാൻ കാരണം വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രാജൻ എന്ന ഒരു സാമൂഹ്യ പ്രവർത്തകനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ടുകൊണ്ടാണ്.

ഈ കഴിഞ്ഞ 8 ആം തിയതി രാത്രി ഏകദേശം ഒമ്പതര മണിയോടെയാണ് സഖാവ് ഷൈനയുടെ ഫോൺ കോൾ വരുന്നത്.”രാജൻ ചിറ്റിലപ്പിള്ളി എന്നൊരാളെ അറസ്റ്റ് ചെയ്തതായി കേൾക്കുന്നു.അജിതാ നീ വല്ലതും അറിഞ്ഞോ?”

അറിഞ്ഞില്ലെന്ന് അറിയിച്ചു.തുടർന്ന് ഞാനദ്ദേഹത്തിന്റെ അനുജനെ ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ അവരാരും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാഹന അപകടത്തിൽപെട്ട് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരവും അറിയുന്നത്.തുടർന്നുള്ള അന്വേഷണത്തിലാണ് ആശുപത്രിയിൽ ചികിത്സയിരിക്കുന്ന രാജനെ എടിഎസ് അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന വിവരങ്ങൾ അറിഞ്ഞതും.പിന്നീട് നാടകീയമായ കാര്യങ്ങളാണുണ്ടാകുന്നത്.

അർദ്ധരാത്രി ചിറ്റിലപ്പിള്ളിയിലുള്ള രാജന്റ വീടും ഒല്ലൂരിലെ അദ്ദേഹത്തിന്റെ സഹോദരിയുട വീടും പോലീസ് പരിശോധന നടത്തുന്നു.അതൊക്കെ എന്തുതന്നെയാവട്ടെ നിയമപാലകർ നിയമങ്ങൾ പാലിച്ചുവോ എന്നതാണ് ചോദ്യം.വീടുകളിൽ പരിശോധന നടത്തുന്നതിനും ആധുനിക ജനാധിപത്യ സംവിധാനങ്ങളിൽ ചില നിർദ്ദേശങ്ങളുണ്ട്.അതിവിടെ പാലിക്കപ്പെട്ടോയെന്നതും പരിശോധനാ വിധേയമാക്കേണ്ടതാണ്.ഇനി ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന വ്യക്തിയുടെ ആരോഗ്യ കാര്യങ്ങൾ എന്തൊക്കെയാണ്, ആശുപത്രിയിൽ തന്നെ തുടരേണ്ടതുണ്ടോ, ചികിത്സിച്ചിരുന്ന ഡോക്ടർമാരുടെ അഭിപ്രായങ്ങൾ എന്താണ് എന്നീ കാര്യങ്ങൾ അറിയാനും ബന്ധുക്കൾക്ക് അവകാശമുണ്ട്.

അറിഞ്ഞിടത്തോളം കാര്യങ്ങൾ ഇങ്ങനെയാണ്.ഒൻമ്പതാം തിയതി ഉച്ചയോടെ മലപ്പുറം ജില്ലയിലെ മഞ്ചേരി കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി രാജനെ ഹാജരാക്കുന്നു.

യഥാസമയം അറസ്റ്റിനെക്കുറിച്ചും ഏതു കോടതിയിൽ എപ്പോൾ ഹാജരാക്കുന്നുവെന്നതിനെകുറിച്ചും രാജനുമായി ബന്ധുക്കൾക്ക് ആശയവിനിമയം നടത്താനും അനുവാദം ലഭിച്ചിരുന്നില്ല.ചില പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി കോടതിയിൽ ഹാജരാക്കുന്ന വിവരം അറിയാൻ കഴിഞ്ഞത്‌.മനുഷ്യാവകാശ പ്രവർത്തകൻ റഷീദ്‌ കോടതിയിൽ വക്കീലിനെ ഏർപ്പെടുത്തിയിരുന്നു.ഈ വിവരം അറസ്റ്റിലായ രാജനെ അറിയിക്കാനും കഴിഞ്ഞില്ല.വീഡിയോകോൺഫറൻസിൽ ജഡ്ജിയുടെ ചോദ്യം “നിങ്ങൾ വക്കീലിനെ ഏർപ്പെടുത്തിയിട്ടുണ്ടോ?” ഇല്ലായെന്ന് ഉത്തരം.ഉടനെ റിമാൻഡ് വിധിച്ചു.ജനുവരി എട്ട് വരെ!

പറഞ്ഞു വന്ന കാര്യം നീതിന്യായ വ്യവസ്ഥകൾ ലംഘിച്ച് നാടകം കളിക്കുന്നത് നീതിയെകുറിച്ച് വലിയ വർത്തമാനംപറയുന്ന ഭരണകൂട നടത്തിപ്പുകാർ തന്നെയാണ്.

രാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ അദ്ദേഹത്തിന് സഹായിയായി നിന്നിരുന്ന മകനെ അമ്മയ്ക്ക് കാണാനോ ബന്ധപ്പെടാനോ അനുവാദം നൽകിയിരുന്നില്ല.അമ്മ വക്കീലിനെ കാണുന്നു.അതുപ്രകാരം ആശുപത്രിയിൽ രാജനേയും മകനേയും കാണാൻ സാഹചര്യമൊരുങ്ങുന്നു.മകനെ അമ്മയുടെകൂടെ വിടുന്നു.”നിങ്ങളുടെ ഭർത്താവിനെ പെട്ടെന്ന് വിടാനുള്ള എല്ലാ സഹായവും ഞങ്ങൾ ചെയ്തുതരാമെന്ന്”പോലീസ് വാഗ്ദാനം.എത്ര സുന്ദരമാണ് നമ്മുടെ ജനാധിപത്യം.അപ്പോൾ സുബൈദ ചോദിച്ചു “ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന എന്റെ ഭർത്താവിനെ ഇപ്പോൾ നിങ്ങൾ എവിടേയ്ക്കാണ് കൊണ്ടുപോകുന്നത്. ജയിലിലേയ്ക്കാണോ ആശുപത്രിയിലേയ്ക്കാണോ?”ആ ചോദ്യത്തിന്റെ ഉത്തരം ഇതുവരേയും വ്യക്തമല്ല.”കോഴിക്കോട്ടേയ്ക്ക്”എന്നുമാത്രം.കേരളത്തിൽ ഭരണം നടത്തുന്നത് ‘ഇടതുപക്ഷ ജനാധിപത്യമുന്നണി’യാണ്.അവരുടെ പോലീസ് ഇതുപോലെ ആകാൻ പാടില്ലായിരുന്നുവെന്ന് നമുക്ക് ആഗ്രഹിക്കാൻ മാത്രമേ കഴിയൂ.കാരണം നമ്മുടെ പോലീസ്‌ ഇപ്പോഴും കൊളോണിയൽ മൂല്യങ്ങളുടേയും ‘മനുവാദ’സവർണ്ണമൂല്യങ്ങളുടേയും പിടിയിൽ നിന്നും വിടുതൽ നേടിയിട്ടില്ല എന്നതു തന്നെ.