മാർക്സിസസത്തോട് യുദ്ധം ചെയ്യാൻ അത്ര തെളിമയുള്ള ഒരു സിദ്ധാന്തവും ഇതുവരെ നമ്മുടെ മുന്നിലില്ല

സി എ അജിതൻ

കെ.കെ.ബാബുരാജിന്റെ ലേഖനത്തിനൊരു വിമര്‍ശനം.

“മാർക്സിസവും ഫാഷിസവും തമ്മിൽ പല കാര്യങ്ങളിലും സമാനത കാണിക്കാറുണ്ട്. ഇത്തരം സമാനതകളിൽ ഒന്നാണ് ,ഈ രണ്ടു പ്രത്യയശാസ്ത്രങ്ങളും ഒരേ പോലെ പൊള്ളയായ ബുദ്ധിജീവികളെയും ,സങ്കുചിതരായ ബഹുജന നേതാക്കളെയും, അക്രമണകാരികളായ അണികളെയും വിന്യസിച്ചുകൊണ്ടുള്ള പ്രൊപ്പഗൻഡിസ്റ്റു നിലപാടുകൾ സ്വീകരിക്കുന്നു എന്നത്” കെ.കെ.ബാബുരാജ്.

ആദ്യമേ പറയട്ടെ മാർക്സിസത്തോടാണ് പ്രണയം.’ആക്രമണകാരിയായ അണി’യിലൊരുവനല്ല.

മാർക്സിസസത്തോട് യുദ്ധം ചെയ്യാൻ അത്ര തെളിമയുള്ള ഒരു സിദ്ധാന്തവും ഇതുവരെ നമ്മുടെ മുന്നിലില്ല.ചില വ്യക്തികൾ,ചില സംഘടനകൾ മാർക്സിസത്തിന്റെ നാമധേയത്തിൽ നടത്തുന്ന ഭരണമായാലും വർത്തമാനങ്ങളായാലും ഇനി അഥവാ എഴുതുന്ന പണിയാണെങ്കിലും അതെല്ലാം മാർക്സിസത്തിനു നേരെയുള്ള എതിർ വർത്തമാനങ്ങളാവരുത്.

കാരണം കെ.കെ ബാബുരാജ് ഉയർത്തിപിടിക്കാൻ ശ്രമിക്കുന്ന അംബേദ്കർ ആശയ-അഭിപ്രായങ്ങൾ കേരളത്തിൽ, ഇന്ത്യയിൽ ഒത്തിരി വ്യക്തികളും സംഘടനകളും നെഞ്ചോട് ചേർത്ത് പിടിക്കുന്നത് നമുക്ക് കാണാൻ കഴിയും.അവരെല്ലാം വ്യത്യസ്ത സംഘടനകളും വ്യക്തികളുമാണ്.അതിൽ ബ്രാഹ്മണ്യം ജീവിത ദിനചര്യകളിൽ വച്ചുപുലർത്തുന്നവരുമുണ്ട്.ശ്രീ ബാബുരാജ് അങ്ങനെയുള്ള ആളാണോയെന്ന് എനിക്കറിയില്ല.ഒന്നറിയാം അംബേദ്കർ നാമത്തിൽ തുടങ്ങി, ഉത്തർപ്രദശ് രാഷ്ട്രീയത്തിൽ ഭരണത്തിൽ എത്തിയ ബഹുമാനപ്പെട്ട മായാവതി എന്തൊക്കെ വേഷങ്ങൾകെട്ടിയെന്നത്.ഇനി ജനാധിപത്യ രാഷ്ട്രീയ ശരികളിലെ ഒന്നാമനായി കാണുന്ന ആംആദ്മിയുടേയും സ്ഥിതിവിവരകണക്കുകളും നമ്മൾ കണ്ടുകഴിഞ്ഞു.ഈ വക കാര്യങ്ങൾ വച്ചുകൊണ്ട് ജനാധിപത്യ-ദളിത് രാഷ്ട്രീയ വിഷയങ്ങളെ മനുഷ്യസമൂഹത്തിന് ഒട്ടും കൊള്ളാത്ത കാര്യമാണെന്ന് ഇത്തിരി സാമൂഹ്യബോധമുള്ള ആർക്കും പറയാൻ കഴിയുമെന്ന് തോന്നുന്നില്ല.

കെ.കെ.ബാബുരാജിന്റെ ഫേസ്ബുക്ക് ലേഖനത്തിന്റെ ലിങ്ക് :

അംബേദ്കർ ആശയ-അഭിപ്രായങ്ങളുടെ പേരിൽ എത്രയോ സംഘടനകൾ കേരളത്തിലും ഇന്ത്യയിലും പ്രവർത്തിക്കുന്നു.അതിൽ ഏതെങ്കിലും ഒരു സംഘടനയുടെ/വ്യക്തിയുടെ അഭിപ്രായങ്ങളെ മുൻനിർത്തി മൊത്തം അംബേദ്കർ ആശയ-അഭിപ്രായങ്ങൾ തെറ്റാണെന്ന് വിലയിരുത്തുന്നത് പൂച്ചയെ പുലിയായും പുലിയെ പട്ടിയായും പട്ടിയെ പേപ്പട്ടിയായും തല്ലിക്കൊല്ലാനുള്ള ‘മനുവാദ’ രാഷ്ട്രീയ പ്രയോഗമാണ്.

മാർക്സിസം ലോകത്തെ അഭിസംബോധന ചെയ്യുന്നത് വർഗ്ഗരഹിതമായ ഒരു സാമൂഹ്യ ക്രമത്തെകുറിച്ചുള്ള ചിന്തയിന്മേലാണ്.

എല്ലാ തരത്തിലുമുള്ള പരിഷ്കരണവാദത്തിനുമപ്പുറമുള്ള പരിവർത്തനത്തിന്റെ കാതലായ രാഷ്ട്രീയ പ്രയോഗം.ബൂർഷ്വാ പരിഷ്കണവാദത്തേയും, ‘സ്വത്വ’രാഷ്ട്രീയത്തിന്റെ പരിമിതമായ ലോകത്തേയും തകർത്ത് സൃഷ്ടിക്കപ്പെടുന്ന പുതിയൊരു ലോകം.

ഫാഷിസത്തിന്റെ അടിവേരുകൾ പിഴുതെടുത്ത് ജനാധിപത്യ സമ്പ്രദായത്തെ സംരക്ഷിക്കാൻ അതുകൊണ്ടാണ് ലോകത്ത് ഏറ്റവും കൂടുതൽ നഷ്ടം കമ്മ്യൂണിസ്റ്റുകൾക്ക് നേരിടേണ്ടിവന്നത്.

ബുദ്ധമതം സ്വീകരിക്കാതെ അംബേദ്കർ വാദികളാകാൻ കഴിയില്ലെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? അവിടെയാണ് അംബേദ്കർ ആശയ-അഭിപ്രായങ്ങളുടെ പ്രസക്തി.അംബേദ്കറിൻ്റെ ആശയങ്ങൾ ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിൽ ജാതീയമായ അടിച്ചമർത്തലിനെതിരായ ഒട്ടേറെ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ്.അദ്ദേഹം അഭിപ്രായപ്പെട്ടതുപോലുള്ള കാതലായ കാര്യങ്ങളിൽ മുറുകെ പിടിച്ച് മുന്നോട്ടു പോകുന്ന എത്ര സംഘടനകൾ/വ്യക്തികൾ ഉണ്ട് എന്ന് പരിശോധന നടത്തുന്നതും ഉചിതമായിരിക്കും.അതുപോലെ തന്നെ മാർക്സിസത്തിന്റെ നാമധേയത്തിലുള്ള സംഘടനകളെക്കുറിച്ചും പരിശോധന നടത്താവുന്നതാണ്.മൊത്തത്തിൽ എല്ലാറ്റിനും ഒരുപോലെ മാർക്കിടാൻ തീരുമാനിച്ചാൽ അതൊരു മോശം കാര്യമാണ്.ശ്രീ ബാബുരാജ് ഇവിടെ ശ്രമിക്കുന്നതും അതിനാണ്.