ഞങ്ങൾ എന്തിന് വോട്ട് ചെയ്യണം?

അനൂപ്

ഈ തെരഞ്ഞെടുപ്പ് കാലത്തും കിളിമാനൂരിലെ തോപ്പില്‍ കോളനിയിലെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. കുടിവെള്ളമില്ല,ജോലിയില്ല, അടച്ചുറപ്പുള്ള വീടില്ല. ‘ഞങ്ങൾ എന്തിന് വോട്ട് ചെയ്യണം?’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് വീടുകളിൽ പോസ്റ്റർ പതിച്ചിരിക്കുകയാണ് കോളനി നിവാസികൾ. വോട്ട് തേടിവരുന്ന രാഷ്രീയപാർട്ടിക്കാരോട് സംസാരിക്കാൻ താല്പര്യമില്ലാത്തതിനാലാണ്, ഇങ്ങനെയൊരു പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് തോപ്പിൽ കോളനിയിലെ ജനകീയമുന്നേറ്റ സമിതിയുടെ കൺവീനർ സേതു പറയുന്നു. കുടിവെള്ളം ലഭിക്കാതെയായിട്ട് വര്‍ഷങ്ങള്‍ ഏറെയായി.സ്വയം പര്യാപ്തഗ്രാമങ്ങള്‍ എന്ന പദ്ധതിയില്‍ കുടിവെള്ള പദ്ധതി ഉള്‍പെടുത്തിയിട്ടുണ്ടെന്നു കിളിമാനൂര്‍ പഞ്ചായത്തും പട്ടികജാതി ബ്ലോക്ക് ഓഫീസും പറയുമ്പോഴും വര്‍ഷങ്ങളായി കുടിവെള്ളത്തിന് വേണ്ടി അലയുകയാണ് കോളനി നിവാസികൾ.118 ദരിദ്ര-ദളിത് കുടുംബങ്ങളാണ് തോപ്പിൽ കോളനിയിൽ താമസിക്കുന്നത്.

”ഇലക്ഷൻ അടുക്കാറായപ്പോ കോളനിയിലെ ഞങ്ങളെ വീണ്ടും പറ്റിക്കാൻ വേണ്ടി പഞ്ചായത്ത്, കോവിഡിന്റെ മറവിൽ കുടിവെള്ളപദ്ധതി പോയ മാസം വീണ്ടും ഉദ്ഘാടനം ചെയ്തു.അതും ഒരു ഹാളിൽ.പല കുടിവെള്ള പദ്ധതികൾക്കായുള്ള ഉദ്ഘാടനങ്ങൾ ഇവിടെ ഇതിനുമുൻപും നടന്നിട്ടുണ്ട്.ഞങ്ങൾക്ക് ഇതുവരെ കുടിവെള്ളം ലഭിച്ചിട്ടില്ല. എപ്പോ പുട്ടും എന്നറിയാത്ത അണ്ടിയാപ്പീസിൽ (കശുവണ്ടി ഫാക്ടറി)ജോലിക്കു പോയിട്ട് വന്നതിനു ശേഷം ഇവിടെയുള്ള സ്ത്രീകളുടെ പ്രധാന ജോലിയാണ് കുടിവെള്ളം എടുക്കാൻ വേണ്ടി കിണറുള്ള വീടുകളിൽ പോയി കാത്ത് നിന്ന് വെള്ളം എടുക്കുക എന്നത്.കിണറുകളിലാണേൽ വെള്ളവും കുറവായിരിക്കും.ഇതൊക്കെ ഇവിടെയുള്ള രാഷ്ട്രീയ പാർട്ടിക്കാർക്കറിയാമെങ്കിലും അവർ ഞങ്ങളെ ഇവിടുന്നു കുടിയൊഴിപ്പിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.കാരണം കോളനിക്കകത്ത് ഞങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവർത്തിക്കുന്ന എ കെ ആർ എന്ന ക്വാറിമാഫിയക്കുവേണ്ടി ഞങ്ങൾക്ക്, കുടിവെള്ളം, ജോലി എന്നിവ ലഭിക്കാതെ ആക്കി ഇവിടുന്നു ആട്ടിയോടിക്കാനാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ-ക്വാറി മാഫിയ ശ്രമിക്കുന്നത്.” കോളനി നിവാസികൾ അവരുടെ ആശങ്ക പങ്കുവെക്കുന്നു.

കോളനിയിലെ ജനങ്ങൾ ‘ഞങ്ങൾ എന്തിന് വോട്ട് ചെയ്യണം?’ എന്ന് അവർ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകൾ കണ്ടിട്ടും ഇലക്ഷന് മത്സരിക്കുന്ന എൽ ഡി എഫ്,യൂ ഡി എഫ്,ബി ജെ പി സ്ഥാനാർത്ഥികൾ ഒരു ഉളുപ്പുമില്ലാതെ പുഞ്ചിരിതൂകിക്കൊണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണെന്ന് സേതു പറയുന്നു.എ.കെ.ആര്‍. ക്വാറിമാഫിയയുമായി കൂട്ടുചേര്‍ന്ന് കിളിമാനൂര്‍ പഞ്ചായത്തും കക്ഷിരാഷ്ട്രീയ ഭേദമന്യേ, ജനങ്ങളെ ജീവനോടെ മണ്ണിനടിയിലാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കാൻ കൂട്ടുനിന്ന് ജനവഞ്ചകരായി മാറിയിരിക്കുകയാണ് വോട്ട് ചോദിച്ച് ജനാധിപത്യം നടപ്പിലാക്കുന്ന രാഷ്ട്രീയക്കാര്‍.

”എന്ത് ജനാധിപത്യം അല്ലേ? നമ്മള്‍ അനുഭവിക്കുന്ന ദാരിദ്ര്യം നമുക്കല്ലേ അറിയൂ?” കോളനി നിവാസികൾ വാക്കുകളിൽ അമർഷമടക്കുന്നു.

പട്ടികജാതി വകുപ്പും പഞ്ചായത്തും തിരിഞ്ഞ് നോക്കുന്നില്ല എന്നു മാത്രമല്ല, കോളനിക്കാരുടെ ഭൂമി എ.കെ.ആര്‍. ക്വാറി മാഫിയയ്ക്ക് തീറെഴുതിക്കൊടുക്കുവാന്‍ വേണ്ടി കോളനിയിലെ ദരിദ്രരായ ജനങ്ങളുടെ കുടിവെള്ളം ലഭ്യമാക്കുന്നതിലും വീടുകളുടെയും മറ്റ് അറ്റകുറ്റപ്പണി ചെയ്യുന്നതിനുമുള്ള സഹായം നിഷേധിച്ചും ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ”കുടിവെള്ളം ലഭിക്കാതെ എങ്ങനൊയാണ് ജീവിക്കുക? ഇതിനു പിന്നിൽ എ.കെ.ആര്‍. ക്വാറിയുടെ പ്രവര്‍ത്തനമാണ്. അതുപോലെ തന്നെ പട്ടികജാതി വികസന വകുപ്പ് കോളനികളില്‍ നടത്തേണ്ട പ്രാഥമിക വികസന ഫണ്ട് പോലും തരാതെ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നു” എന്നും കോളനി നിവാസികൾ പറയുന്നു.

കോളനിയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി സമിതിയുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ പട്ടികജാതി ബ്ലോക്ക് ഓഫീസില്‍ ദിവസങ്ങളോളം നടന്ന കുത്തിയിരിപ്പ് സമരത്തിൻ്റെ ഫലമായി, കുടിവെള്ളം കോളനിയില്‍ പുനസ്ഥാപിക്കാം എന്ന് പട്ടികജാതി ബ്ലോക്ക് ഓഫീസ് ഉറപ്പു നല്‍കിയതാണ്. ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ മാത്രമേ ബോര്‍വെല്ലുകൾ വഴി കുടിവെള്ളം വീടുകളില്‍ ലഭിച്ചുള്ളു. കുടിവെള്ളം തുടര്‍ന്ന് ലഭിച്ചില്ല എന്നു മാത്രമല്ല, കിളിമാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ ഗുണ്ടകൾ വന്ന് ദരിദ്രജനങ്ങളുടെ കുടിവെള്ള പൈപ്പ്‌ലൈന്‍ രാത്രിയുടെ മറവില്‍ പൊട്ടിക്കുകയാണ് ചെയ്തത്.

2012 മുതല്‍ 2017 വരെ പട്ടികജാതിക്കാര്‍ക്ക് കക്കൂസ് നിര്‍മ്മിക്കാന്‍ വേണ്ടി ‘ടോയ്‌ലറ്റ് പദ്ധതി’ പട്ടികജാതി വകുപ്പ് നടപ്പിലാക്കി എന്നാണ് അവകാശപ്പെടുന്നത്. ശരാശരി ഒരു കുടുംബത്തിന് കക്കൂസ് നിര്‍മ്മിക്കാന്‍ 25000 രൂപ അനുവദിച്ചു എന്നും പറയപ്പെടുന്നു. പക്ഷേ കോളനിയിലെ ഭൂരിഭാഗം വീടുകളിലെയും കക്കൂസുകളും അടച്ചുറപ്പില്ലാത്ത നിലയിലാണ്. ഇങ്ങനെ നിര്‍മിക്കുന്ന കക്കൂസുകളില്‍ ഈ തുകയുപയോഗിച്ച് ടൈല്‍സും പാകണം, യൂറോപ്യന്‍ ക്ലോസറ്റും വയ്ക്കണം എന്നാണ് പദ്ധതി നടത്തിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ഇതുവരെ മുഴുവന്‍ തുകയും കോളനിയിലെ ഭൂരിഭാഗം പേര്‍ക്കും ലഭിച്ചിട്ടില്ല. ദരിദ്ര കുടുംബത്തിലെ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന കക്കൂസുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ പോലും അഴിമതി നടത്തുകയാണ് പഞ്ചായത്ത് എന്നും തോപ്പിൽ കോളനിയിലെ ജനങ്ങൾ പറയുന്നു.

പട്ടികജാതി വകുപ്പ് ഇത്തരം ജനദ്രോഹ നടപടികള്‍ക്ക് കൂട്ടുനിൽക്കുകയാണ്. അതിനുള്ള ഉദാഹരണമാണ് ‘സ്വയം പര്യാപ്ത ഗ്രാമം’ പദ്ധതി. കേരള സര്‍ക്കാര്‍ പറയുന്നത് 2012-13, 2013-14 കാലഘട്ടങ്ങളില്‍ മാത്രമാണ് സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ എന്ന പദ്ധതിയ്ക്കുവേണ്ടി നിയമസഭയില്‍ ഫണ്ട് പാസ്സാക്കിയത് എന്നാണ്. പദ്ധതിയ്ക്കായി ഓരോ കോളനിയ്ക്കും ഒരു കോടി രൂപ വകയിരുത്തി എന്നാണ് പട്ടികജാതി വകുപ്പ് പറയുന്നത്. ഈ പദ്ധതിയില്‍ തോപ്പില്‍ കോളനിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രകാരം കോളനിയിലെ റോഡ് നവീകരണം, റോഡ് നിര്‍മ്മാണം, കുടിവെള്ള പദ്ധതി, സ്ട്രീറ്റ് ലൈറ്റ്, വീട് പുനരുദ്ധാരണം, വൈദ്യുതി ലൈന്‍ നീട്ടല്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നും തോപ്പില്‍ കോളനിയില്‍ നടക്കുന്നില്ല എന്നു മാത്രമല്ല, കുടിവെള്ളത്തിനു വേണ്ടി ഇപ്പോഴും സമരം തുടരുകയാണ് ഇവിടത്തുക്കാർ.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കല്ല, ഏതു ജനാധിപത്യ സംവിധാനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രതിനിധിയും തങ്ങളെ സഹായിക്കില്ല എന്ന തിരിച്ചറിവിലിത്തെയിരിക്കുകയാണ് തോപ്പിൽ കോളനി നിവാസികൾ.അതിനാൽ തന്നെ ക്വാറി മുതലളിമാരിൽ നിന്നും ഫണ്ട് വാങ്ങി തങ്ങളെ വീണ്ടും കബളിപ്പിക്കാനിറങ്ങുന്നവരിൽ നിന്നും അകന്നു മാറുകയാണ് ഇവർ.തെരഞ്ഞെടുപ്പ് നാടകങ്ങളിൽ പങ്കുകൊള്ളാതെ തങ്ങളുടെ ദൈന്യദിന ജീവിതത്തിനായി പൊരുതുകയാണ് ഇപ്പോഴും കോളനിയിലെ സാധാരണ ജനങ്ങൾ.