ലോക മനുഷ്യാവകാശദിന ചിന്തകള്‍

കെ പി സേതുനാഥ്

ജനങ്ങളും, ഭരണകൂടവും തമ്മിലുള്ള വൈരുദ്ധ്യം പുതിയ രൂപഭാവങ്ങളില്‍ രാഷ്ട്രീയമായ ആവിഷ്‌ക്കാരം തേടുന്നതോടെ ഭരണകൂടം മര്‍ദ്ദകയന്ത്രം മാത്രമായി അനുഭവപ്പെടുന്ന സ്ഥിതിവിശേഷം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് ലോക മനുഷ്യാവകാശ ദിനം കടന്നു പോകുന്നത്. ആഗോളതലത്തിലും, ദേശീയതലത്തിലും, കേരളത്തിലും ഈ സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. നിയമപരമായി ഒരോ വ്യക്തിക്കും ലഭിക്കേണ്ട പൗരാവകാശങ്ങളും, മനുഷ്യാവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്നതിന്റെ വിവരണങ്ങള്‍ സവിശേഷ വിജ്ഞാന ശാഖയായി മാറുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഒരോ രാജ്യങ്ങളിലും നിലനില്‍ക്കുന്ന ഭരണഘടനാപരമായ പരിരക്ഷകളെ എല്ലാം കാറ്റില്‍ പറത്തുന്ന തരത്തില്‍ നിയമനിഷേധങ്ങളുടെ എണ്ണത്തിലും, വ്യാപ്തിയിലും രേഖപ്പെടുത്തുന്ന വര്‍ദ്ധന മനുഷ്യാവകാശ ദിനം വെറുമൊരു ചടങ്ങ് മാത്രമല്ലെന്നു ഓര്‍മപ്പെടുത്തുന്നു. ഭരണകൂടം നടപ്പിലാക്കുന്ന ‘കൊലപാതകങ്ങള്‍’ മുതല്‍ ‘തടവു ശിക്ഷകള്‍’ വരെ ലോകമാകെ പ്രത്യക്ഷത്തില്‍ അനുഭവേദ്യമാവുന്ന നിയമ നിഷേധങ്ങളോടൊപ്പം നൂറ്റാണ്ടുകളായി തുടരുന്ന ഘടനാപരമായ നിരവധി വിവേചനങ്ങളും, ഹിംസകളും ഭരണഘടനപരമായ അവകാശങ്ങളെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നോക്കുകുത്തികളാക്കുന്ന പ്രവണത അനന്തമായി തുടരുന്നു. ജാതി, വംശം, വര്‍ഗം, ഭാഷ, ജെന്‍ഡര്‍, ചൂഷണം തുടങ്ങിയ വൈവിധ്യങ്ങളായ മണ്ഡലങ്ങളില്‍ നിലനില്‍ക്കുന്ന അടിച്ചമര്‍ത്തലുകളും, ചെറുത്തു നില്‍പ്പുകളും ഈ അവകാശ നിഷേധങ്ങളുടെ കാഠിന്യം വെളിപ്പെടുത്തുന്നു.

കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ അമേരിക്കയില്‍ പോലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി പരസ്യമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെങ്കില്‍ ഇന്ത്യയിലുടനീളം ‘ഏറ്റുമുട്ടല്‍’ എന്ന പേരില്‍ നടത്തുന്ന കൊലപാതകങ്ങള്‍ നിര്‍ബാധം തുടരുകയാണ്.ഏറ്റുമുട്ടലിന്റെ കാര്യത്തില്‍ കേരളവും ഒട്ടും പിറകിലല്ല എന്നാണ് കഴിഞ്ഞ നാലു വര്‍ഷത്തെ അനുഭവങ്ങള്‍. വയനാട്ടിലെ ബാണാസുര വനമേഖലയില്‍ ഉണ്ടായ ‘ഏറ്റുമുട്ടലില്‍’ വേല്‍ മുരുകന്‍ എന്ന കമ്യൂണിസ്റ്റു വിപ്ലവകാരിയെ വധിച്ചുകൊണ്ടാണ് സംസ്ഥാന ഭരണകൂടം അതിന്റെ അധികാര പ്രമത്തത ഈ വര്‍ഷം പ്രകടമാക്കിയത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കേരളത്തിലുണ്ടായ എട്ടാമത്തെ ‘ഏറ്റുമുട്ടല്‍’ കൊലപാതകം ആയിരുന്നു വയനാട്ടില്‍ അരങ്ങേറിയത്. ഇതിനു പുറമെയാണ് കസ്റ്റഡി മരണങ്ങളും, മര്‍ദ്ദനങ്ങളും.

പിണറായി സർക്കാരിന്റെ കാലത്ത് വ്യാജഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തകരായ കൂപ്പുദേവരാജ്,അജിത,ജലീൽ,മനിവാസകം,കണ്ണൻ,അരവിന്ദൻ,അജിത,
വേൽമുരുകാൻ.

മനുഷ്യാവകാശങ്ങളുടെ പരിരക്ഷയുടെ കാര്യത്തില്‍ കക്ഷിരാഷ്ട്രീയ പ്രേരിതമായ വിവാദങ്ങള്‍ക്കപ്പുറം കേരളം വളരെയേറെ മുന്നോട്ടു പോവേണ്ടതുണ്ടെന്ന് സംസ്ഥാനത്തുടനീളം കാലങ്ങളായി ആവര്‍ത്തിക്കുന്ന പൗരാവകാശ ലംഘനങ്ങള്‍ തെളിയിക്കുന്നു. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പിനെയും, അവസരവാദത്തേയും മറികടക്കുന്ന തരത്തില്‍ മനുഷ്യാവകാശ പ്രസ്ഥാനം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാവുന്ന സ്ഥിതി വിശേഷമാണ് നാം അഭിമുഖീകരിക്കുന്നത്. പ്രാഥമിക തലത്തിലാണെങ്കിലും അതിനുള്ള സാധ്യതകള്‍ തെളിഞ്ഞു വരുന്നു എന്ന് സമീപകാലത്തെ ചില അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ചുള്ള ഭരണകൂട ഭാഷ്യങ്ങള്‍ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം അതിനുള്ള ഉദാഹരണമാണ്. മാവോയിസ്റ്റുകള്‍ എന്ന മുദ്ര കുത്തി യു.എ.പി.എ പ്രകാരം തടവിലാക്കിയ വിദ്യാര്‍ത്ഥികളായ ത്വാഹ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരുടെ മോചനത്തിനായി ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. ഈ പ്രവണതകളുടെ ആന്തരികമായ ശക്തിയും, ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് ഗുണപരമായി കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്ക് അവയെ എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന വിഷയം ഗൗരവമായി പരിഗണിക്കേണ്ട സന്ദര്‍ഭമാണിത്.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പൊരുതുന്ന കര്‍ഷക സംഘടനകള്‍ ഭീമ-കൊറേഗാവ് അടക്കമുള്ള വിവിധ രാഷ്ട്രീയ പ്രേരിതമായ കേസുകളില്‍ ജയിലില്‍ അടക്കപ്പെട്ട രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന ആവശ്യം ഉയര്‍ത്തിയത് ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഏറെ ആത്മവിശ്വാസം പകരുന്ന നടപടിയാണ്. ഭരണഘടനപരമായ അവകാശങ്ങളുടെ നിഷേധം ഒറ്റപ്പെട്ട സംഭവമല്ല. ആസൂത്രിതവും, സംഘടിതവുമായ നിലയില്‍ നടപ്പിലാക്കുന്ന രാഷ്ട്രീയ ഹൈന്ദവ പദ്ധതിയുടെ അവിഭാജ്യഘടകമാണ് ഈ നിഷേധങ്ങള്‍. പൗരാവകാശങ്ങള്‍ക്കും, മനുഷ്യാവകാശങ്ങള്‍ക്കും ലഭ്യമായ പരിരക്ഷകളെ ആസൂത്രിതമായി നിഷേധിക്കുന്നതിന് സമാനമായ നിലയിലാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പരിമിതമായ ഫെഡറല്‍ അവകാശങ്ങളും ഇല്ലാതാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസം, കൃഷി, ക്രമസമാധാനം, തൊഴില്‍ തുടങ്ങിയ പല മേഖലകളിലും സംസ്ഥാനങ്ങള്‍ക്ക് ലഭ്യമായിരുന്ന പരിമിതമായ അധികാരങ്ങള്‍ കൂടി കവര്‍ന്നെടുക്കുന്ന നിലയിലാണ് കേന്ദ്രം നിയമനിര്‍മാണങ്ങള്‍ നടത്തുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ തലത്തിലെ താളപ്പിഴകള്‍ മാത്രമായി ഈ മാറ്റങ്ങളെ കാണാനാവില്ല. അതിനെതിരായ രാഷ്ട്രീയവും, സാമൂഹ്യവുമായ പ്രതികരണങ്ങള്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ സ്വാഭാവികമായും ഉരുത്തിരിയുമെന്നു വ്യക്തമാണ്. ഫെഡറല്‍ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്ന പദ്ധതി ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അടിയന്തര ശ്രദ്ധ പതിയേണ്ട മേഖലയായി മാറിയെന്നു തിരിച്ചറിയേണ്ടതുണ്ട്.