71-ാം റിപ്പബ്ലിക്ക് ! അവർ കിടിലംകൊള്ളട്ടെ,നമുക്ക് ആനന്ദനൃത്തം ചവിട്ടാം!

എം എൻ രാവുണ്ണി

ഈ ജനവരി 26ന് രാഷ്ട്രം അതിൻ്റെ 71 മത്തെ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കയാണ്! ഇത് ആരുടെ റിപ്പബ്ലിക്ക്? എന്ന ചോദ്യം വളരെ നേരത്തെ ഉയർത്തപ്പെട്ടിരുന്നു.ഇന്നിതാ ലോകം മുഴുവനും മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി 71 -മത്തെ റിപ്പബ്ലിക്ക് ദിനത്തെ ഉൽക്കണ്ഠയോടെ ഉറ്റുനോക്കുകയാണ്.
കഴിഞ്ഞ 57 ദിവസങ്ങളായി നടന്നു വരുന്ന കർഷകരുടെ സമരത്തോട് RSS-BJP കേന്ദ്ര സർക്കാർ സ്വീകരിച്ചു വന്ന മനുഷ്യത്വഹീനവും അനീതി നിറഞ്ഞതും ബുദ്ധിശൂന്യവുമായ സമീപനം ,ഈ റിപ്പബ്ലിക്ക് ദിനത്തെ തങ്ങളുടെ പ്രതിക്ഷേധ ദിനമായി ആചരിക്കാൻ കർഷകരെ നിർബ്ബന്ധിതരാക്കിയരിക്കുകയാണ്. പ്രതിക്ഷേധ റാലിയിൽആയിരക്കണക്കിന് കാർഷിക രഥങ്ങളെ അണിനിരത്താനാണ് കർഷക സംഘടനകളുടെ തീരുമാനം.

സർക്കാരിൻ്റെ യുദ്ധക്കോപ്പകളേയും സൈനികരേയും കുട്ടികളേയും വിഐപി കൊച്ചമ്മമാരേയും ഒരു ആജ്ഞക്ക് കീഴിൽ അണിനിരത്തിക്കൊണ്ടുള്ള പൊങ്ങച്ച ചടങ്ങിന് സമാന്തരമായ/ഒരു പക്ഷെ വിപരീതമായ പ്രതിക്ഷേധം! ലോകം,രാജ്യം അത് ഉറ്റുനോക്കുകയാണ്.“വിസ്മയാവഹമായ,മഹത്തായ പലതും സംഭവിക്കാം. അതുൾക്കൊള്ളാൻ അതിനോട് ചുവടൊപ്പിക്കാൻ നാം തയ്യാറകണം” എന്ന് പറഞ്ഞത് മഹാനായ മാവോ സേ തുങ്ങ് ആണ്.ലോക അടിസ്ഥാനത്തിൽ രാജ്യത്തിന് അപകീർത്തി ഉണ്ടാകമെന്ന് സർക്കാർ സുപ്രീം കോടതിയിൽ വേവലാതിപ്പെട്ടിരിക്കുന്നു.കർഷകരുടെ പ്രകടനത്തെ ഇഞ്ചക്ഷൻ കൊണ്ട് ‘വിലക്കണ’ മെന്ന് അപേക്ഷിച്ച സർക്കാർ,ക്രമസമാധാന പ്രശ്നം വമ്പിച്ച തോതിൽ ഉണ്ടാകാമെന്ന ഉൽക്കണ്ഠയും കോടതിയെ അറിയിച്ചിരിക്കുകയാണ്.തന്ത്രപൂർവ്വം പന്ത് സർക്കാരിൻ്റെ കോർട്ടിലേക്ക് തന്നെ അടിച്ച് കൊടുത്ത കോടതി വ്യക്തമായൊരു തീരുമാനം ട്രാക്ടർ റാലിയുടെ കാര്യത്തിൽ എടുക്കാതെ ഒഴിഞ്ഞു മാറിയിരിക്കുന്നത് ദുരൂഹത സൃഷ്ടിക്കുന്നു.”പ്രതിക്ഷേധിക്കാനുള്ള അവകാശം കർഷകർക്കുണ്ട് ” എന്ന നിലപാടെടുത്ത കോടതി എന്ത് കൊണ്ട് ട്രാക്ടർ പ്രതിക്ഷേധ റാലിയുടെ കാര്യത്തിൽ ഒഴിഞ്ഞ് മാറുന്നു?”നിയമ ക്രമസമാധാന പാലനം ഒന്നാമതായി പോലീസിൻ്റെ ഉത്തരവാദിത്തമാണ് “എന്ന് ശരിയായി നിരീക്ഷിച്ചിട്ടുള്ള കോടതി, പോലീസിന് ഇഷ്ടം പോലെ പ്രവർത്തിക്കാമെന്നുമാണ് പറയുന്നത്.

ഏത് ഹീനമായ പ്രകോപനവുമുണ്ടാക്കി, എന്നും പൗരൻ്റെ അവകാശങ്ങളെ അടിച്ചമർത്താൻ മാത്രം പരിശീലനം ലഭിച്ചിട്ടുള്ള പോലീസിന് ഇവിടെ കാലിച്ചെക്ക് നൽകുകയാണോ കോടതി? ഒന്നിൻ്റെ വിവിധ അവതാരങ്ങൾ.!”തികച്ചും സമാധാനപരമായിരിക്കും പ്രതിക്ഷേധ ട്രാക്ടർ റാലി “എന്ന് കർഷകർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. കഴിഞ്ഞ 55-56 ദിവസങ്ങളായി അത് അങ്ങിനെ തന്നെ ആയിരുന്നിട്ടുമുണ്ട്.
ഇപ്പോൾ കർഷകരുടെ ആവശ്യവും ലക്ഷ്യവും അന്തക കർഷക നിയമങ്ങൾ പിൻ വലിക്കുക, സർക്കാർ നിലപാടിനെതിരെ പ്രതിക്ഷേധിക്കുക എന്നത് മാത്രമാണ്.ക്രമസമാധാന ലംഘനമുണ്ടാക്കലല്ല തന്നെ!
അപ്പോൾ, കർഷകരുടെ/പൗരന്മാരുടെ മൗലികാവകാശങ്ങൾ സുഗമമാക്കി കൊടുക്കലാണ് പോലീസിൻ്റേയും മറ്റ് ഭരണകൂട ശക്തികളുടേയും ഭരണഘടനാപരമായ കടമ. ഉൽക്കണ്ഠക്കൊ വേവലാതിക്കൊ ഇവിടെ പ്രസക്തിയില്ല. കോടതിക്കും ഈ അടിസ്ഥാനത്തിലൊരു നിർദ്ദേശം നൽകാൻ എന്ത് കൊണ്ട് കഴിയുന്നില്ല?ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ട്രാക്ടർ പ്രതിഷേധ പ്രകടനം രാജ്യത്തിന് അപകീർത്തിയുണ്ടാക്കുമത്രെ!
ആരുടെ രാജ്യത്തിന്?എന്താണ് രാജ്യം?

ബുദ്ധിശൂന്യവും ദാർഷ്ഡ്യം നിറഞ്ഞതുമായ BJP- RSS ഭരണം ഈ നാടിന് ആവശ്യത്തിലധികം അപകീർത്തി അകത്തും പുറത്തും ഒരു പോലെ ഉണ്ടാക്കി കഴിഞ്ഞു. ഒരു ട്രാക്ടർ റാലി കൊണ്ടു ഇടിഞ്ഞു വീഴാൻ മാത്രം കീർത്തിയുടെ അവശേഷിപ്പുകളൊന്നും ഇന്നില്ല.ഇനി രാജ്യത്തിൻ്റെ കാര്യം.!രാജ്യമെന്നത് വെറുമൊരു ഭുപരപ്പൊ അതിലെ അതിർത്തികളൊ അല്ല തന്നെ. അവയെ വിഗ്രഹവൽക്കരിക്കാനുള്ള ബ്രാഹ്മണ്യ സൂത്രമാണ് നടന്നു വരുന്നത്.പ്രത്യേക അതിർത്തികൾക്കകത്തെ ഭൂപരപ്പിലെ കർഷകരും തൊഴിലാളികളും മറ്റദ്ധ്വാനിക്കുന്ന ഇടത്തരം ജനവിഭാഗങ്ങളുമടക്കമുള്ള വിശാല ജനവിഭാഗങ്ങളും അവരുടെ പുരോഗതിയെ നിദാനമാക്കിയുള്ള സമ്പദ്ഘടനയും സംസ്കാരവുമൊക്കെയാണ് ഒരു രാജ്യമെന്നത് .
അതിവിടെ, എന്നൊ തകർക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.കർഷക നിയമങ്ങൾ അടക്കമുള്ള നിരവധി നിയമ പരിഷകാരങ്ങൾ എന്ന ചതിയിലൂടെ ഈ തകർച്ച അതിൻ്റെ പരിസമാപ്തി അടയുകയുമാണ്. സാമ്രാജ്യത്വക്കുത്തകകൾക്കും ആഭ്യന്തരഭരണ വർഗ്ഗങ്ങൾക്കുമായി ഈ നാടിൻ്റെ പൊതുവായവ എല്ലാം അടിയറ വെക്കുന്ന മോ-ഷാ ഫാഷിസ്റ്റ് ഭരണത്തിൻ്റെ, രാജ്യത്തെ പറ്റിയുള്ള വിലാപം വെറും കാപഢ്യം നിറഞ്ഞതാണ്. ഈ മുഖം മൂടി പിച്ചി ചീന്തപ്പെടുക തന്നെ വേണം.

കർഷകപ്പെൺമണികളും അവരുടെ പ്രതിഷേധരഥങ്ങൾ ഓടിച്ചുകൊണ്ട് ഡൽഹിയെ നോക്കി അടുത്തു കൊണ്ടിരിക്കുകയാണ്. “പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നതെന്തും സ്ത്രീകൾക്കും ചെയ്യാൻ കഴിയും” എന്ന ദൃഢപ്രഖ്യാപനം നമുക്കവരുടെ മുഖഭാവത്തിൽ വായിച്ചടുക്കാം.ശക്തമായ സാമ്രാജ്യത്വവിരുദ്ധ ഭരണവർഗ്ഗ വികാരങ്ങളാണ് ഈ പ്രതിക്ഷേധ രഥഓട്ടം ഉയർത്തിവിടുന്ന പൊടിപടലങ്ങൾക്കിടയിൽ തെളിഞ്ഞു വരുന്നത്.നിങ്ങൾക്ക് ഇതിൻ്റെ പുറകിൽ കൊഞ്ഞനം കുത്തി നടക്കാം.അല്ലെങ്കിൽ ഇന്ത്യയുടെ തന്നെ പ്രതിക്
ഷേധസ്വരമായി ഇന്ത്യയുടെ മാത്രമല്ല, ലോകത്തിൻ്റെ തന്നെ ചക്രവാളത്തെ ഭ്രമിപ്പിക്കാവുന്ന ഈ പ്രതിക്ഷേധത്തിൽ അണിചേരാം.!

പിന്തിരിപ്പൻ സാമ്രാജ്യത്വ ഭരണവർഗ്ഗ ശക്തികൾ കിടിലംകൊള്ളട്ടെ!

നമുക്ക് സന്തോഷ നൃത്തം ചവിട്ടാം!

തൊഴിലാളി-കർഷക ഐക്യം ഊട്ടി ഉറപ്പിക്കാം!