ചെല്ലാനം-കൊച്ചി തീരസംരക്ഷണ സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരു ബഡ്ജറ്റ് വിമർശനം.

അഡ്വ.തുഷാർ നിർമ്മൽ

മലപ്പുറം ജില്ലയിലെ കരിങ്കപ്പാറ ജിയുപി സ്‌കൂളിലെ 7ആം ക്ലാസ് വിദ്യാർത്ഥിനി ആഫ്റാ മറിയത്തിന്റെ വരികൾ ഉദ്ധരിച്ച് കൊണ്ട് പരിസ്ഥിതിയെ കുറിച്ച് നമ്മുടെ കുട്ടികൾക്കുള്ള തിരിച്ചറിവ് പോലും മുതിർന്നവർക്കില്ലെന്നു ധനകാര്യമന്ത്രി തോമസ് ഐസക്ക് തന്റെ ബഡ്ജറ്റ് പ്രസംഗത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. അതോടൊപ്പം തന്നെ തന്റെ ബഡ്ജറ്റ് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട പദ്ധതികൾ കൂട്ടി വായിച്ചാൽ ഒരു സമഗ്ര പരിസ്ഥിതി സമീപനം രൂപം കൊള്ളുന്നതായി കാണാമെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. പൊതുവിൽ ബഡ്ജറ്റിന്റെ സമീപനം എന്ത് തന്നെ ആയാലും ഏറ്റവും ചുരുങ്ങിയപക്ഷം തീര സംരക്ഷണത്തിന്റെ കാര്യത്തിൽ എങ്കിലും അദേഹത്തിന്റെ അവകാശവാദം തെറ്റാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.

പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ കടൽഭിത്തി നിർമ്മാണത്തിനായി ധനകാര്യമന്ത്രി നീക്കി വച്ചിരിക്കുന്നത് 109 കോടി രൂപയാണ്. ഇതു കൂടാതെ ചേർത്തല ചെല്ലാനം മുതലായ പല പ്രദേശങ്ങളിലും കടൽഭിത്തി പൂർത്തീകരിക്കണമെന്നും മുന്ഗണനാടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിലെ തീര സംരക്ഷണത്തിന് കിഫ്ബിയിൽ നിന്നും100 കോടി അനുവദിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. പണം വകയിരുത്തി എന്നു പറയുമ്പോഴും കടൽഭിത്തി നിർമ്മാണം അല്ലാതെ കേരളത്തിന്റെ തീര സംരക്ഷണത്തിന് പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായ ഒരു പദ്ധതിയും ഇന്നേവരെ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിട്ടില്ല എന്നതാണ് വസ്തുത.

കേരള സംസ്ഥാനത്തിന് ആകെ 590 കി.മി തീരമാണുള്ളത്. 2016 ലെ സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയനുസരിച്ച് 310 കി.മി തീരത്തും കടൽഭിത്തി,പുലിമുട്ട് മുതലായ പ്രതിരോധ സംവിധാനങ്ങൾ ഉള്ളതായി രേഖപ്പെടുത്തുന്നു. എങ്കിലും 590 കി.മി ദൈർഘ്യമുള്ള തീരത്ത്‌ 370 കി.മി തീരവും കടൽകയറ്റവും തീരശോഷണവും നേരിടുന്ന പ്രദേശങ്ങൾ ആണ്. തീര ശോഷണത്തെ ദുരന്ത നിവാരണ നിയമപ്രകാരം സംസ്ഥാനതല പ്രാദേശിക ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.

തീരശോഷണം ഏറ്റവും അധികം ബാധിക്കപ്പെട്ട ഒരു പ്രദേശമാണ് ചെല്ലാനം. ചെല്ലാനം പഞ്ചായത്തിന്റെ ആകെ വിസ്തൃതി ഏതാണ്ട് 17.5കി.മി ആണ്.അതിൽ 1.5 കി.മിയോളം ഭൂമി ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു എന്നാണ് പഞ്ചായത്തിന്റെ തന്നെ കണക്കുകൾ പറയുന്നത്. ആകെയുള്ള ഈ 17.5 കി.മിറ്ററിൽ വാസയോഗ്യമായ ഭൂമി വെറും 7 കി.മി മാത്രമാണ് എന്ന് കൂടി അറിയുമ്പോഴാണ് തീരാ ശോഷണത്തിന്റെ ഭീകരത ബോധ്യമാകുക. തീരശോഷണവും കടൽകയറ്റവും കേരളതീരത്തെ പൊതുവായ പ്രശ്നങ്ങൾ ആണെങ്കിലും ചെല്ലാനം-കൊച്ചി തീരത്തിന്റെ പ്രാദേശിക സവിശേഷതകൾ അവിടത്തെ കടകയറ്റവും തീര ശോഷണവും രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. കൊച്ചി കപ്പൽച്ചാലിന്റെ നിർമ്മാണവും അതിന്റെ ആഴം നിലനിർത്തുന്നതിനും വർദ്ദിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന ഡ്രഡ്ജിങ്ങും ആണ് ചെല്ലാനം-കൊച്ചി തീരത്തെ കടകയറ്റത്തിനും തീരശോഷണത്തിനും പ്രധാന കാരണം. കപ്പൽച്ചാൽ നിർമ്മിക്കുന്ന സമയത്തു തന്നെ ഈ അപകടം അധികാരികൾക്ക് ബോധ്യപ്പെട്ടിരുന്നു. സർ.ജോണ് വോൾഫ് ബാരി ലൈസ്റ്റർ 18.1.1918ന് സമർപ്പിച്ച റിപ്പോർട്ടിൽ കപ്പൽച്ചാൽ നിർമ്മാണം മൂലം അതിനു ഇരുവശത്തുമുള്ള കരകൾക്ക് ഉണ്ടാകുന്ന അപകടം പരിഹരിക്കാൻ കപ്പൽചാലിന് ഇരുവശത്തുമായി ഫോർട്ട് കൊച്ചി-വൈപ്പിൻ കരകളിൽ 2 മൈൽ ദൂരത്തിൽ പുലിമുട്ട് സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം നടപ്പിലാക്കപ്പെട്ടില്ല. മാത്രവുമല്ല, ഇന്റർനാഷണൽ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ വല്ലാർപാടത്ത് സ്ഥാപിക്കുന്നതിന് ഭാഗമായി യാതൊരു ശാസ്ത്രീയ പഠനങ്ങളോ, മുൻകരുതലുകളോ കൂടാതെ കപ്പൽച്ചാലിന്റെ ആഴം 11.7 മീറ്ററിൽ നിന്നും 17.5 മീറ്ററായി കൂട്ടുകയാണ് പോർട്ട് ചെയ്തത്.

സാധാരണ ഗതിയിൽ കടലിലെ നീരൊഴുക്ക് വടക്കു നിന്നും തെക്കോട്ടാണ്. എന്നാൽ ചെല്ലാനം തീരത്ത് ഒഴുക്ക് നേർ വിപരീത ദിശയിലാണ്. കപ്പൽച്ചാലിലൂടെയുള്ള കുത്തൊഴുക്കും,കടലിൽ സാധാരണയായുള്ള വടക്കു നിന്നും തെക്കോട്ടുള്ള ഒഴുക്കും കൂടിച്ചേർന്ന് കൊച്ചി അഴിയുടെ തെക്കു ഭാഗത്ത് ചുഴിയും കുത്തൊഴുക്കും ഉണ്ടാകുന്നുതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കടൽത്തീരത്തിന്റെ പ്രത്യേകത വടക്കു നിന്നും തെക്കോട്ടുള്ള ഈ നീരൊഴുക്കിലൂടെ തീരത്ത് നിന്നും നീക്കം ചെയ്യപ്പെടുന്ന മണ്ണ് തിരിച്ചുള്ള ഒഴുക്കിന്റെ ഭാഗമായി തിരിച്ചെത്തുകയും ചെയ്യുമെന്നുള്ളതാണ്. എന്നാൽ ചെല്ലാനം തീരത്ത് വടക്കോട്ടൊഴുകുന്ന മണൽ തിരികെ ലഭിക്കാൻ ആവശ്യമായ ഒഴുക്ക് ഈ തീരത്ത് രൂപപ്പെടുന്നില്ല. ഇതുമൂലം വർഷത്തിൽ എല്ലാ ദിവസവും മണ്ണ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ചെല്ലാനത്തിനുള്ളത്. ചെല്ലാനം – കൊച്ചി തീരത്തിന്റെ ഗുരുതരമായ ഈ സാഹചര്യത്തെ സവിശേഷമായി പരിഗണിച്ചുകൊണ്ട് വേണം ഈ മേഖലയിലെ തീരസംരക്ഷണ പദ്ധതികൾ നടപ്പിലാക്കാൻ. എന്നാൽ അത്തരം പ്രാദേശിക സവിശേഷതകൾ പരിഗണിക്കാതെയുള്ള നടപടികളാണ് കേരള സർക്കാർ നാളിതുവരെയായി ഈ തീരദേശത്ത് നടപ്പാക്കിയിട്ടുള്ളത്. ബഡ്ജറ്റിലും വ്യത്യസ്തമായ സമീപനമല്ല കാണാൻ കഴിയുന്നത്.

തിരുവനന്തപുരം ജില്ല കടുത്ത കടൽക്ഷോഭം നേരിടുന്ന ഒരു തീരദേശജില്ലയാണ്. പരിസ്ഥിതിയേയും തീരദേശത്തെ ജനതയേയും വെല്ലുവിളിച്ചുകൊണ്ട് വിഴിഞ്ഞത്ത് നടപ്പിലാക്കുന്ന അദാനി പോർട്ട് ഈ പ്രദേശത്തെ തീരശോഷണത്തിനും കടൽകയറ്റത്തിനും പ്രധാന കാരണങ്ങളിലൊന്നാണ്. വിഴിഞ്ഞം പോർട്ട് നിർമ്മാണം കാരണം 12 ഓളം തീര ഗ്രാമങ്ങളിലെ നാല് നിരയോളം വീടുകൾ ഇതിനകം തന്നെ കടലെടുത്തു പോയതായാണ് റിപ്പോർട്ടുകൾ. നമ്മുടെ പ്രകൃതിയേയും ആവാസവ്യവസ്ഥയേയും ജനങ്ങളുടെ ജീവനോപാധികളും ഉപജീവനമാർഗ്ഗങ്ങളും നശിപ്പിച്ച് വികസന നായകനായി വാഴുന്ന അദാനിയെ കൊണ്ടുനടക്കുന്ന സർക്കാരിന്റെ തീരസംരക്ഷണ നയം എത്രമാത്രം പൊള്ളയും വഞ്ചനാപരവുമാണെന്ന് പറയേണ്ടതില്ലല്ലോ.

കടൽ തീരങ്ങൾ മറ്റ് ഭൂഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുതയിലാണ് പാരിസ്ഥിതികാവബോധം ഇന്നെത്തി നിൽക്കുന്നത്. ഈ അവബോധത്തെ സ്വാംശീകരിച്ചുകൊണ്ടും തീരങ്ങളുടെ പ്രാദേശിക സവിശേഷതകളും പൊതു ഘടകങ്ങളും പരിഗണിച്ചുകൊണ്ടുമുള്ള ഒരു തീരസംരക്ഷണ പദ്ധതിയാണ് നമുക്ക് വേണ്ടത്. എന്നാൽ അത്തരമൊരു പാരിസ്ഥിതികാവബോധത്തിന്റെ അടുത്തൊന്നും കേരള സർക്കാർ എത്തിയിട്ടില്ല എന്നതാണ് ഐസക്കിന്റെ ബഡ്ജറ്റ് പ്രസംഗം ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. കടൽഭിത്തി നിർമ്മാണമെന്ന മുഖ്യപ്രതിരോധ മാർഗ്ഗഗത്തിലൂന്നിയ സംരക്ഷണ നടപടികൾ മാത്രമാണ് സർക്കാർ നടപ്പിലാക്കുന്നത്. തീരം നിരന്തരം ചലിക്കുന്ന ഭൂഭാഗമാണെന്നും കരയെടുപ്പും കരവയ്പ്പും തീരദേശത്തിന്റെ സവിശേഷതയാണെന്നും പറഞ്ഞുവല്ലോ. കപ്പൽച്ചാൽ, തുറമുഖങ്ങൾ, ഹാർബറുകൾ, കടൽകയറ്റ പ്രതിരോധ സംവിധാനങ്ങളായ പുലിമുട്ടുകൾ തുടങ്ങിയ നിർമ്മാണങ്ങൾ കടലിലെ മണലിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇത് അസന്തുലിതമായ മണൽ വിന്യാസത്തിന് കാരണമാവുകയും ചിലയിടങ്ങളിൽ ശോഷണവും ചിലയിടങ്ങളിൽ മണൽ നിക്ഷേപവും ഉണ്ടാവുന്നതിനും ഇടയാകുന്നു. ഇത് കണക്കിലെടുത്തു കൊണ്ട് വേണം തീരദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ. നഷ്ടമായ തീരം തിരിച്ചു പിടിക്കുകയാണ് തീരശോഷണത്തിന് പരിഹാരമായി ഇപ്പോൾ നിർദ്ദേശിക്കപ്പെടുന്ന നൂതനാശയം. അത് എപ്രകാരം സാധ്യമാക്കാമെന്നതാണ് നമ്മൾ ആലോചിക്കേണ്ടത്. ഓരോ പ്രദേശത്തെ തീരത്തിന്റെയും പ്രാദേശിക സവിശേഷതകൾ കണക്കിലെടുത്തുകൊണ്ട് മാത്രമേ അത് സാധ്യമാക്കാൻ കഴിയുകയുള്ളൂ.

ചെല്ലാനത്തേയ്ക്ക് തിരിച്ചു വരാം. വർഷത്തിൽ എല്ലാ ദിവസവും നടക്കുന്ന തീരശോഷണം മൂലം തീരക്കടലിൽ ആഴം വർദ്ധിച്ചതാണ് ചെല്ലാനത്തെ കടൽകയാത്തതിന്റെ പ്രധാന കാരണം. കൊച്ചി കപ്പൽ ചാലിന്റെ നിർമ്മാണമാണ് ഇപ്രകാരം തീരശോഷണത്തിന് കാരണമാവുന്നതെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. അത് പരിഹരിക്കണമെങ്കിൽ കപ്പൽ ചാൽ ഡ്രഡ്ജ് ചെയ്തെടുത്ത് പുറംകടലിൽ കൊണ്ടുപോയി തള്ളുന്ന എക്കൽ ചെല്ലാനം തീരം പുനർനിർമ്മിക്കാൻ ലഭ്യമാകുംവിധം കടലിൽ നിക്ഷേപിക്കണം. കൊച്ചിഅഴി മാത്രമാണ് ചെല്ലണം കൊച്ചി തീരത്തിനാവശ്യമായ എക്കൽ പ്രദാനം ചെയ്യുന്ന പ്രധാന സ്രോതസ്സ്. എന്നാൽ ആഴി ഡ്രഡ്ജ് ചെയ്തു എക്കൽ നീക്കം ചെയ്യുന്നതിനാൽ അത് ചെല്ലണത്തെ തീരത്തിന് ലഭിക്കുന്നില്ല.അത് കൊണ്ടാണ് ഡ്രഡ്ജ് ചെയ്യുന്ന എക്കൽ ചെല്ലണത്തിനു ലഭിക്കുന്ന വിധം കടലിൽ നിക്ഷേപിക്കണമെന്നു ആവശ്യം ചെല്ലണം-കൊച്ചി ജനകീയവേദി മുന്നോട്ടു വെക്കുന്നത്. ഒരു ചെലവുമില്ലാത്ത കാര്യമാണിത്. എന്നാൽ അത് ചെയ്യാൻ നാളിൽ വരെയുള്ള കേരള-കേന്ദ്ര സർക്കാരുകൾ തയ്യാറായിട്ടില്ല. എക്കലടിച്ച് ഇപ്രകാരം തിരി ച്ചുപിടിക്കുന്ന തീരം നിലനിർത്താൻ കടൽഭിത്തിയും പുലിമുട്ട് പാടവും ഈ പ്രദേശത്ത് അത്യന്താപേക്ഷിതമാണ്. പാറമടകൾ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് തിരിച്ചറിവുള്ള ഇക്കാലത്ത് കടൽഭിത്തിയും പുലിമുട്ടുകളും കല്ലുപയോഗിച്ച് പണിയുക എന്നത് ശരിയായ നടപടിയാവുകയില്ല. കല്ലിനു പകരം കോൺക്രീറ്റ് സ്ട്രക്ച്ചറുകളോ ജിയോ സിന്തറ്റിക് ട്യൂബുകളോ ഉപയോഗിക്കാവുന്നതാണ്. ഇത്തരമൊരു സമഗ്രമായ വീക്ഷണമില്ലാതെ കടൽഭിത്തി മാത്രം നിർമ്മിച്ചുകൊണ്ട് ചെല്ലാനം തീരം സംരക്ഷിക്കാൻ കഴിയുകയില്ല. ദൗർഭാഗ്യവശാൽ അത്തരമൊരു സമഗ്ര പാരിസ്ഥിതിക സമീപനത്തിൽ ഊന്നിക്കൊണ്ടുള്ള ഒരു നടപടി ചെല്ലാനം കൊച്ചി തീരത്തിന്റെ കാര്യത്തിൽ വിശേഷിച്ചും കേരള തീരദേശത്തിന്റെ കാര്യത്തിൽ പൊതുവെയും ഉണ്ടായില്ല. ഐസക്കിന്റെ പരിസ്ഥിതി സമീപനം സംബന്ധിച്ച അവകാശവാദം തീരസംരക്ഷണത്തിന്റെ കാര്യത്തിൽ പൊള്ളയാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. നൂറുകോടി രൂപ കടൽഭിത്തിയ്ക്ക് നീക്കി വച്ചതുകൊണ്ട് തല്ക്കാലം കയ്യടി നേടാമെങ്കിലും തീര പുനർനിർമ്മാണത്തിന് നടപടിയെടുക്കാത്ത പക്ഷം ദീർഘകാലാടിസ്ഥാനത്തിൽ അത് വലിയൊരു നഷ്ടമായി മാത്രമേ ഭവിക്കുകയുള്ളൂ.

തീരത്തെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതാനുഭവങ്ങളിൽ നിന്നും അവർക്കറിയാവുന്ന കാര്യങ്ങൾ ആണ് മേൽപ്പറഞ്ഞവയെല്ലാം തന്നെ. കുട്ടികളുടെ പാരിസ്ഥിതികാവബോധവും വിവേകവും മുതിർന്നവർക്കില്ലെന്ന് വാചാലനാകുന്ന ധനമന്ത്രിക്കും സർക്കാരിനും പക്ഷെ മത്സ്യത്തൊഴിലാളികളുടെ പ്രാദേശികമായ ഈ അറിവുകളെ കാണാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ടാണ് അവരെ തീരത്ത് നിന്നും ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുനർഗേഹം എന്ന പേരിലുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. അത് നടപ്പിലാക്കുന്നത് തീരാ സംരക്ഷണത്തിന്റെ പേരിൽ ആണെന്നതാണ് അതിലും വലിയ വിരോധാഭാസം.. തീരം അന്യമായാൽ തീരാ നിവാസികളുടെ കടലറിവുകളും സംസ്ക്കാരവും ജീവിതവും കൂടിയാണ് ഇല്ലാതാക്കുക. മത്സ്യത്തൊഴിലാളികളെ നഗരചേരികളിലേക്കു കുടിയിരുത്തുന്ന നടപടിയാണിത്. മൂലധന ശക്തികളെ തീരത്തേക്ക് ആനയിച്ചു കുടിയിരുത്താനുള്ള നീക്കങ്ങളാണ് ഇതിനു പിന്നിൽ. തീരദേശ ഹൈവേ, സാഗരമാല പദ്ധതി, ബ്ലൂഎക്കോണമി തുടങ്ങിയ പദ്ധതികൾ ഇതിന്റെ തുടർച്ചയാണ്. ഇത്തരം പദ്ധതികളുടെ നടത്തിപ്പുകാരാണ് ഇപ്പോൾ പാരിസ്ഥിതിക സമീപനത്തെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കാനിറങ്ങുന്നത്.

തീരസംരക്ഷണത്തെ കുറിച്ച് ബഡ്ജറ്റിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്ന പരിസ്ഥിതി സമീപനം കാപട്യത്തിന്റേതു മാത്രമാണ്. തീരസംരക്ഷണം ഒരിക്കലും നാളിതു വരെ നമ്മളെ ഭരിച്ച സർക്കാരുകളുടെ അജണ്ടയിലുണ്ടായിട്ടില്ല. ഇനി അഥവാ തീരാ സംരക്ഷണത്തിന്റെ പേരിൽ എന്തെങ്കിലും നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ തീരാ നിവാസികൾക്കെതിരായ യുദ്ധപ്രഖ്യാപനം പോലെയാണ് നടപ്പിലാക്കപ്പെടുന്നത്. കടൽ ജലനിരപ്പ് ഉയരുന്ന കാരണം അപകട ഭീഷണി നേരിടുന്ന ലോകനഗരങ്ങളിൽ ഒന്നാണ് കൊച്ചി. ഈ കുറിപ്പ് തയ്യാറാക്കുമ്പോഴും കൊച്ചി കായൽ എക്കാലടിഞ്ഞു നികർന്നതിനാൽ വേലിയേറ്റത്തിൽ ഒഴുകിയെത്തുന്ന വെള്ളം വീടുകളിലേക്ക് കയറി ദുരിതമനുഭവിക്കുകയാണ് കൊച്ചിയിലെ തീരദേശവാസികൾ. നമ്മെ കാത്തിരിക്കുന്ന അപകടത്തിന്റെ മുന്നറിയിപ്പുകളാണ് ഇതെല്ലം. അവയെല്ലാം തുടർച്ചയായി അവഗണിക്കപ്പെടുന്നു എന്നതാണ് നമ്മുടെ ഇന്നത്തെ യാഥാർത്ഥ്യം. തീരത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ ബഡ്ജറ്റ് പരാജയപ്പെട്ടു എന്നതാണ് സത്യം. ധനമന്ത്രിയുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ തീർസംരക്ഷണകാര്യത്തിൽ കേരളസർക്കറിന്റെ പാരിസ്ഥിതികാവബോധം വളരെ താഴ്ന്ന നിലവാരത്തിലാണ് എന്നതാണ് ബഡ്ജറ്റ് വെളിപ്പെടുത്തുന്നത്.