ജാതി പ്രശ്നത്തെകുറിച്ചുള്ള സിപിഎം നിലപാട് ബ്രാഹ്മണ്യത്തെ രക്ഷിക്കാനുള്ള പരിഷ്കരണവാദ അജണ്ട

മൊഴിമാറ്റം : നര്‍മ്മദ

സിപിഎം പ്രതിനിധിയോഗത്തിൽ അംഗീകരിച്ച “ദലിതുകളുടെ പ്രശ്നം”എന്ന പ്രമേയം തുടങ്ങുന്നതു തന്നെ “ജാതി അടിച്ചമര്‍ത്തലിന്റെ മാര്‍ക്സിയൻ അവലോകനം” എന്ന പേരിലാണ്. എന്നാല്‍ ഈ ഭാഗം യഥാര്‍ത്ഥ പ്രശ്നത്തെ ഉപരിപ്ലവവും ആശയവാദപരവും ചരിത്രവിരുദ്ധവുമായാണ് സമീപിച്ചിരിക്കുന്നത്. “ഇന്ത്യയില്‍ മാത്രമാണു് ജാതിയുണ്ടായിരുന്നത്, നിലനില്‍ക്കുന്നത്” എന്ന് പ്രമേയം നമ്മോട് പറയുന്നു. ഇങ്ങനെയൊക്കെ എഴുതുംമുമ്പ് സിപിഎം നേതൃത്വം അത്യാവശ്യമായി ചിലതെല്ലാം വായിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ചുരുങ്ങിയ പക്ഷം, ചുറ്റുവട്ടത്തുള്ള ദക്ഷിനേഷ്യൻ രാജ്യങ്ങളിലെ പരിചിതരോടെങ്കിലും ചോദിക്കാമായിരുന്നു. അശ്രദ്ധ എന്നതിലുപരി ഇത് നിലപാടിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. “വര്‍ണ്ണാശ്രമധര്‍മ്മത്തെയും ജാതി സമ്പ്രദായത്തെയും ഹിന്ദു മതവും വേദഗ്രന്ഥങ്ങളും പരിശുദ്ധമാക്കി. ജാതി സമ്പ്രദായം അടിയുറയ്ക്കാനുണ്ടായ പ്രധാന കാരണവും ഇതു് തന്നെ” എന്നു് തൊട്ടടുത്ത വരികളിൽ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍  ബുദ്ധിസ്റ്റ് ശ്രീലങ്കയിലും ഇസ്ലാമിക പാക്കിസ്താനിലും ജാതി സമ്പ്രദായം തുടരുന്നതിനെ എങ്ങനെയാണ് ഇവർ വിശദീകരിക്കുക? ഭൌതിക സാമൂഹിക ബന്ധങ്ങളുടെയും  ആശയശാസ്ത്ര ഉപരിഘടനയുടെയും  മണ്ഡലങ്ങളിൽ കൂടുതലായി അന്വേഷിക്കേണ്ട എന്തൊ തീര്‍ച്ചയായും ഇതിലുണ്ട്.

സാമൂഹിക ബന്ധങ്ങളുടെ തലത്തിൽ പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍, ദക്ഷിനേഷ്യൻ രാജ്യങ്ങളിൽ നൂറ്റാണ്ടുകളായി ചൂഷകവര്‍ഗ്ഗത്തെ സേവിച്ച ജാതിയുടെ പ്രത്യേക സ്വഭാവത്തെയും, ജനാധിപത്യ വിപ്ലവത്തിന് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും കണക്കിലെടുക്കേണ്ടതുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ഹിന്ദു മതത്തിനു ഭരണകൂട സംരക്ഷണം നിലച്ച രാജ്യങ്ങളിലും ജാതി സമ്പ്രദായം തുടര്‍ന്നുവെന്നതിന് ഈയൊരു ഭൗതിക കാരണം കൂടാതെ മറ്റൊരു വിശദീകരണവും സാധ്യമല്ല.**1 ആദ്യകാല വര്‍ണ്ണ വിഭജനം (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശുദ്ര) ഒരു തരത്തിലുള്ള തൊഴില്‍ വിഭജനമായിരുന്നു. പില്‍ക്കാലത്ത് ജാതിയിലേക്കുള്ള പരിണാമം ജന്മിത്തത്തിന് കീഴിലും ഈ പങ്ക് നിറവേറ്റിക്കൊണ്ടിരിക്കെ, ഗോത്രങ്ങളെ അതിലേയ്ക്ക് കൂട്ടിചേർക്കുന്ന രൂപമുമായിരുന്നു അത്. ഗോത്രങ്ങളിലെ പ്രധാന ഘടകങ്ങളായ  സ്വവംശ വിവാഹം, സാമൂഹിക സംഘടന, സാമൂഹികാചാര പ്രകാരമുള്ള  നിഷിദ്ധപ്രവര്‍ത്തികൾ മുതലായതെല്ലാം തന്നെ തുടച്ചുനീക്കുന്നതിനു പകരം പരിഷ്കരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുക എന്ന സവിശേഷ സ്വഭാവം ഇത് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ജാതിയുടെ നിലനില്‍പ്പിനെ ഇതുകൊണ്ടുമാത്രം വിശദീകരിക്കുവാൻ കഴിയുകയില്ല. മതത്തില്‍ നിന്നും മാത്രം ഉത്തരം തേടാനും കഴിയില്ല. വടക്കന്‍ യൂറോപ്പിലെ “എസ്റ്റേറ്റ്‌” രൂപത്തിലുള്ള സാമൂഹിക വിഭജനവും ജന്മാവകാശ അധിഷ്ഠിതമായിരുന്നു. ഇത്തരം വിഭജനങ്ങൾക്കു് അതിശക്തമായ  ക്രൈസ്തവസഭ ആധികാരികതയും നല്‍കി. എന്നാല്‍ മുതലാളിത്തത്തിന്റെ  ഉത്ഭവത്തെ ഇതിനൊന്നും ചെറുക്കാൻ കഴിഞ്ഞില്ല. കാതോലിസിസത്തിനു പ്രോട്ടെസ്റ്റാന്റിസത്തിന്റെ വളര്‍ച്ച തടുക്കാൻ കഴിഞ്ഞതുമില്ല. മുതലാളിത്തത്തോടു് പൊരുത്തപ്പെടാൻ അതിന് സ്വയം തന്നെ വരുത്തേണ്ടി വന്ന മാറ്റങ്ങളെയും തടുക്കാനായില്ല.

തൃപ്തികരമായ ഒരു ഉത്തരത്തിനായി  കോളോണിയലിസത്തിന്റെ ബാഹ്യമായ ഇടപെടലുകളെക്കൂടി പരിഗണിക്കേണ്ടതുണ്ട്. പക്ഷെ അതും മതിയാവില്ല. ജാതി സമ്പ്രദായത്തിന്റെ അദ്വിതീയ ആന്തരിക സവിശേഷതകളെ വിശകലനം ചെയ്യേണ്ടതു് പ്രധാനമാണ്. ജാതി വെറും തൊഴില്‍വിഭജനം മാത്രമായിരുന്നില്ല. അതു് തൊഴിലാളികളുടെ ശ്രേണീകൃതമായ വിഭജനം കൂടിയാണ്. ജന്മത്താൽ അടച്ചുകെട്ടിയതും മത വിശ്വാസങ്ങളാല്‍ നീതീകരിക്കപ്പെട്ടതുമാണ് ഈ വിഭജനം. ഈ പ്രധാനസവിശേഷതയോടാണ് ചൂഷക വര്‍ഗ്ഗം കാലങ്ങളായി കടപ്പെട്ടിട്ടുള്ളത്. ഭരണാധികാരികളുടെ മതവിശ്വാസം ഏത് തന്നെയായാലും ശരി, അത് ബുദ്ധിസമോ, ക്രിസ്തുമതമോ,ഹിന്ദു മതമോ, ഇസ്ലാമോ, സിഖിസമോ ഏതും ആയിക്കൊള്ളട്ടെ, ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തിൽ തങ്ങളുടെ ഭരണത്തിൽ ജാതിവിഭജനത്തെ ഉള്‍കൊള്ളിക്കാൻ അവരെ പ്രേരിപ്പിച്ച ഭൗതിക സാരാംശം ഇത് തന്നെയാണ്. തങ്ങളുടെ പ്രമേയത്തില്‍ സിപിഎം ഡോക്ടർ ബിആർ ആംബേഡ്ക്കറിന് ഔപചാരികമായി കൃതജ്ഞത രേഖപ്പെടുത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അതിപ്രധാന സംഭാവനയെ, അതായത് ജാതി തൊഴിലാളികളുടെ വിഭജനമാണ് എന്ന തിരിച്ചറിവിനെ, ശ്രദ്ധിച്ചിട്ടേയില്ല. ജാതിയെക്കുറിച്ചുള്ള മാര്‍ക്സിയൻ സിദ്ധാന്തം ഈ സംഭാവനയെ സങ്കലനം ചെയ്യേണ്ടതുണ്ട്. തൊഴിലാളിവര്‍ഗ്ഗ ബോധം വാർത്തെടുക്കുക എന്ന അടിസ്ഥാന കര്‍ത്തവ്യത്തിൽ പോലും ഇതിന് പ്രധാന പങ്കുണ്ട്.

മതങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയായി ജാതിയെ കാണുമ്പോൾ, ഹിന്ദു മതത്തിനപ്പുറം, മതത്തിനപ്പുറം തന്നെ, നമുക്ക് പോകേണ്ടതായി വരും. ബ്രാഹ്മണ്യത്തെ കേന്ദ്രപ്രശ്നമായി അംഗീകരിക്കേണ്ടി വരും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാനും പുതിയ സാമൂഹിക-സാമ്പത്തിക ബന്ധങ്ങള്‍ക്കനുസരിച്ച് പരുവപ്പെടാനും  തീർത്തും പ്രതിവിപ്ലവകരമായ ഈ ആശയശാസ്ത്രത്തിനു ആവർത്തിച്ച്‌ കഴിഞ്ഞിട്ടുണ്ട്. ഈ കാതലായ കടമയിൽ നിന്ന് ശ്രദ്ധ അകറ്റുവാനാണ് സിപിഎം പ്രമേയം ഉപരിപ്ലവ സമീപനത്തിൽ വാശിയോടെ ഒതുങ്ങിനില്കക്കുന്നതെന്ന് തുടർന്ന് വായിക്കുമ്പോൾ വ്യക്തമാകും.

ബ്രാഹ്മണ്യത്തെ പറ്റി പ്രമേയത്തിൽ പരാമര്‍ശിച്ചിട്ടുള്ള ഏക വാചകം നോക്കു: “വര്‍ഗ്ഗീയമായ ആശയശാസ്ത്രം കൂടാതെ, തുടക്കം മുതല്‍ക്കേ ബ്രാഹ്മണ്യപരമായ നിലപാടാണ് ആർഎസ്എസ് സ്വീകരിച്ചിട്ടുള്ളത്‌.” ആർഎസ്എസ്സിന്റെ വര്‍ഗ്ഗീയ ആശയശാസ്ത്രത്തെ അതിന്റെ ബ്രാഹ്മണ്യ നിലപാടുകളിൽ നിന്ന് വേര്‍തിരിച്ച് അവതരിപ്പിക്കുന്നത് അവഗണിച്ചാൽ ഇത് പൊതുവിൽ അംഗീകരിക്കാവുന്നതാണ്. എന്നാല്‍ ഭരണവര്‍ഗ്ഗങ്ങളുടെ മറ്റു രാഷ്ട്രീയ പ്രതിനിധികളോ? അവര്‍ ‘ബ്രാഹ്മണ്യേതര’മാണോ? ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിനെ പറ്റി സിപിഎം  പറയുന്നത് ഇങ്ങനെയാണ്, “സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മൌലിക സാമൂഹിക പരിഷ്കാരങ്ങൾ നടത്തുന്നതിൽ കോണ്‍ഗ്രസ്‌ നയിച്ച ദേശീയ പ്രസ്ഥാനം പരാജയപ്പെട്ടു”.

നേരു പറയുകയാണെങ്കിൽ അതൊരിക്കലും “പരാജയത്തിന്റെ” പ്രശ്നമായിരുന്നില്ല. മൌലിക ജനാധിപത്യ സാമൂഹിക പരിഷ്ക്കരണങ്ങള്‍ക്കെല്ലാത്തിനും തടയിടാൻ കോണ്‍ഗ്രസ്‌ എക്കാലവും ശ്രദ്ധിച്ചിരുന്നു. അതിന്റെ ആദ്യകാലങ്ങളിൽ ഗോഖലയെ പോലുള്ളവർ ബ്രാഹ്മണ്യത്തിന്റെ നിന്ദ്യമായ ചില പ്രവര്‍ത്തികൾ പരിഷ്കരിക്കുവാൻ ശ്രമിച്ചു. ഇതൊന്നും അനുവദിക്കാതിരുന്ന ഠിളക്കിനും സംഘത്തിനും കീഴെ ബ്രാഹ്മണ്യം പച്ചയായി തലപൊക്കി നിന്നു. മാത്രമല്ല, ‘സാമൂഹിക  നവോത്ഥാന’ക്കാരെ അവർ അട്ടിയോടിക്കുകയും ചെയ്തു. ഒരു പുതിയ രൂപത്തിലാണെങ്കിലും ഗാന്ധിയുടെ നേതൃത്വത്തിന് കീഴെയും ബ്രാഹ്മണ്യം തുടര്‍ന്നു. വാസ്തവത്തിൽ, നേതാക്കളിലൊരാൾ എന്നതിൽ നിന്നും ‘മഹാത്മാ’ പദവിയിലേയ്ക്കുള്ള ഉയർച്ച കൃത്യമായും ഗാന്ധിയുടെ ആശയശാസ്ത്ര, രാഷ്ട്രീയ, സംഘടനാപര, പോരാട്ട സംബന്ധമായ സമഗ്ര പരിപാടിയിലൂടെയാണ് സംഭവിച്ചത്. ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിൽ  ആധിപത്യം സ്ഥാപിക്കുവാനായി കോണ്‍ഗ്രസിനെ പുനർനിർമ്മിക്കാനുള്ള പരിപാടിയായിരുന്നു ഇത്. താഴെക്കിടയില്‍ നിന്നുയര്‍ന്നു വന്ന തൊഴിലാളിവര്‍ഗ്ഗ, കർഷക, ജാതിവിരുദ്ധ, ദേശീയ പ്രസ്ഥാനങ്ങളുടെ  ആവശ്യങ്ങളെ ഭാഗികമായി ഏറ്റെടുത്തുകൊണ്ട് അവരുടെ സാമൂഹിക അടിത്തറയെ ഉള്‍ച്ചേര്‍ത്ത് കോണ്‍ഗ്രസ്‌ ആധിപത്യത്തിനു കീഴെ കൊണ്ടുവരികയും, അവരുടെ വളര്‍ച്ചയ്ക്ക് തടയിടുകയും ചെയ്യുന്നതിലൂടെയായിരുന്നു ഇത് നിറവേറ്റിയത്.

പുതിയ ആവശ്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമനുസരിച്ച് ബ്രാഹ്മണ്യത്തെ പൊരുത്തപ്പെടുത്തുക എന്നതായിരുന്നു ഗാന്ധിയൻ പദ്ധതിയുടെ സത്ത. പുത്തന്‍ ന്യായീകരണങ്ങളിലൂടെ ജാതി വ്യവസ്ഥയെ സംരക്ഷിക്കുവാന്‍ ശ്രമിച്ച സ്വാമി ദയാനന്ദസ്വരസ്വതി, വിവേകാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് ഇതിനായി കളമൊരുക്കി. ഗാന്ധിയായിരുന്നു ബ്രാഹ്മണ്യത്തിന്റെ പുതിയ സങ്കലനം. ശക്തിപ്രാപിക്കുകയായിരുന്ന ദല്ലാൾ-ഉദ്യോഗസ്ഥമേധാവിത്ത ബൂര്‍ഷ്വാസി, അതിനോട് ചേർന്ന് പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിച്ച നാടുവാഴിത്ത ഭൂപ്രഭുക്കൾ എന്നിവരുടെ താല്പര്യങ്ങൾക്ക് കൃത്യമായും ഉതകുന്ന രീതിയിലായിരുന്നു ഈ സങ്കലനം. പിന്നീട് നെഹ്രുവും മറ്റു നേതാക്കളും കോണ്‍ഗ്രസിന്റെ ആധാരശിലയായി ഇതിനെ ഉറപ്പിച്ചു. 1980 കളിൽ ഇന്ദിര ഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം കൂടുതല്‍ പ്രത്യക്ഷവും കര്‍ക്കശവുമായ ബ്രാഹ്മണ്യ നിലപാടുകളായി അതിനെ പുതുക്കി. ഇന്ത്യൻ ഭരണവർഗങ്ങളുടെ ഭരണ നീതീകരണ പ്രതിസന്ധിയും, പ്രധാന രാഷ്ട്രീയ പ്രതിനിധി എന്ന സ്ഥാനത്തിനുവേണ്ടി സംഘപരിവാറുമായുള്ള മത്സരവും ഇത് ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ  നേതൃത്വം ഇത് അംഗീകരിക്കുമെന്ന് ആര്‍ക്കും പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ വര്‍ണ്ണാശ്രമധര്‍മ്മത്തിന് ഗാന്ധി നല്‍കിയ കുപ്രസിദ്ധ പിന്തുണയെക്കുറിച്ച് എന്തുകൊണ്ടാണ് അത് മൗനം പാലിക്കുന്നത്?എന്തെന്നാൽ അവരുടെ വര്‍ഗ്ഗസഹകരണ പ്രവര്‍ത്തനത്തിന് ബ്രാഹ്മണ്യവുമായുള്ള നീക്കുപോക്കുകൾ  അവശ്യമാണ്. ഇതൊരു പുതിയ കാര്യമല്ല. ഗാന്ധിയുടെ കാര്യം വിടു, തത്വചിന്തയുടെ  മണ്ഡലത്തില്‍ ബ്രാഹ്മണ്യത്തെ പുനർപ്രതിഷ്ഠിച്ച കടന്നാക്രമണത്തിന് നേതൃത്വം കൊടുത്ത പ്രതിവിപ്ലവകരിയായ  ശങ്കരനെ പോലെയുള്ള മത ഭ്രാന്തനെ പോലും സി പി എം സൈദ്ധാന്തികര്‍ പ്രശംസിക്കുന്നു. ശങ്കരനെ സ്വീകാര്യനാക്കുവാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ ഇഎംഎസ് നമ്പൂതിരിപാടിനെ സിപിഎമ്മിന്റെ പ്രമേയം ഉദ്ധരിക്കുന്നതിൽ ഒട്ടും അതിശയപ്പെടാനില്ല. സിപിഎമ്മിന് ആർഎസ്എസ്സിനോടും മറ്റു ഭരണവര്‍ഗ്ഗ പ്രതിനിധികളോടുമുള്ള എതിർപ്പ് ബ്രാഹ്മണ്യത്തേകുറിച്ചല്ല, അതിന്റെ അനയോജ്യചേരുവ എങ്ങനെ ആകണം എന്നത് മാത്രമാണ്. അതിനാല്‍ തന്നെയാണ്   അത് ഗാന്ധിയെയും, ഗാന്ധിയുടെ ഉള്‍ചേർക്കുന്ന തരത്തിലുള്ള ബ്രാഹ്മണ്യത്തെയും എപ്പോഴും ഏറ്റുപിടിക്കുന്നത്. ഗാന്ധി -നെഹ്‌റു പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ അവകാശികൾ തങ്ങളാണ്, സംഘപരിവാറിന്റെ അക്രമാസക്ത, മയമില്ലാത്ത ബ്രാഹ്മണ്യവുമായി സന്ധിചെയ്യുന്നതായി അരോപിക്കുന്ന ഇന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കളല്ലെന്നു് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയ്ക്കും ഇതാണ് കാരണം.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ (സിപിഐയുടെ) തിരുത്തല്‍വാദത്തിലാണ് സിപിഎമ്മിന്റെ ബ്രാഹ്മണ്യപാരമ്പര്യത്തിന്റെ വേരുകള്‍. ബ്രാഹ്മണ്യത്തെ ശക്തമായി എതിര്‍ക്കുകയും അതിനെതിരെയുള്ള പുരോഗമന ചിന്താഗതിയും പോരാട്ടങ്ങളുമായി ഒന്നിക്കുൻ ആഗ്രഹിക്കുകയും ചെയ്ത ഒരുപാട് പ്രവര്‍ത്തകരും സൈദ്ധാന്തികരും  ഈ പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ നേതൃത്വ കാമ്പ് എന്നും  ഗാന്ധിയന്‍ പാരമ്പര്യത്തൽ വേരുറപ്പിച്ച് നിന്നു. ശക്തമായ സാമ്പത്തികവാദവും യാന്ത്രിക ചിന്തയിലെ പിടിവാശിയും ഇതിനു പൂരകമായി. അതിനാല്‍ തന്നെ ഗാന്ധിയൻ പരിഷ്ക്കാരങ്ങളുടെ ചട്ടക്കൂട് വിട്ട് ജാതി പ്രശ്നത്തെ കൈകാര്യം ചെയ്യാൻ അവര്‍ക്കായില്ല. മൌലിക സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ നേട്ടങ്ങളിലും അവയുടെ ബ്രാഹ്മണ്യ വിമര്‍ശനത്തിലും ഉറച്ചുനിന്ന് സങ്കലനം ചെയ്യുന്നതിനു പകരം ഈ ജനാധിപത്യ ധാരയ്ക്ക് പുറംതിരിഞ്ഞ് നിന്നു. തൊഴിലാളിവർഗത്തിന്റെ, സ്വതന്ത്ര്യ സമരത്തിന്റെ ഐക്യം നിലനിർത്തണം എന്ന പേരിൽ ജാതി, ലിംഗപദവി എന്നിവപോലുള്ള പ്രശ്നങ്ങൾ ഉയർത്തികൊണ്ടുവരാനോ ജനങ്ങൾക്കിടയിലെ പിന്തിരിപ്പന്‍  ചിന്തകൾക്കെതിരെ സമരം ചെയ്യുവാനോ അവർ തയ്യാറായില്ല.

ഇതിനൊരു മാറ്റം ഇപ്പോഴത്തെ പ്രമേയം സൂചിപ്പിക്കുന്നുണ്ട്. എങ്കിലും പഴയ വാല് ഇപ്പോഴും അങ്ങനെ തന്നെ. മുൻകാല ജാതി വിരുദ്ധ പ്രസ്ഥാനങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഏക ഖണ്ഡികയിൽ അവയുടെ ബ്രാഹ്മണ്യവിമര്‍ശനം എവിടെയും കാണാനില്ല.ഈ പ്രസ്ഥാനങ്ങൾ ‘മൌലിക ഭൂപരിഷ്കരണങ്ങൾ നടപ്പാക്കുന്ന നിർണ്ണായക പ്രശ്നത്തെ’ അഭിസംബോധന ചെയ്തില്ല എന്ന പഴയ സിപിഐ വിമര്‍ശനം തന്നെയാണ് ഇതും ആവര്‍ത്തിക്കുന്നത് . ആകട്ടെ, പഴയ സിപിഐയോ, ഇപ്പോഴത്തെ സിപിഎമ്മോ ‘മൌലിക ഭൂപരിഷ്ക്കരണങ്ങളെ’ അഭിസംബോധന ചെയ്യുന്നുണ്ടോ? ജാതി- ജന്മിത്തത്തെ മാറ്റിത്തീർക്കുന്ന മൌലിക ഭൂപരിഷ്‌ക്കരണങ്ങളുടെ പ്രധാന കര്‍ത്തവ്യങ്ങൾ എന്തെല്ലാമാണ് ? ദലിതർക്ക് ഭൂമിയിലും സ്വത്തിലും ഉടമസ്ഥാവകാശം നിഷേധിച്ചു എന്ന് സിപിഎം  അംഗീകരിക്കുന്നുണ്ട് . മിക്ക  ദേശീയതകളിലും പ്രദേശങ്ങളിലും  അവർക്ക് കുടിയായ്മ അവകാശങ്ങള്‍ പോലും നിഷേധിച്ചിരുന്നു എന്നാണ് ഇതിനര്‍ത്ഥം. അപ്പോഴും, ജാതി അടിസ്ഥാനത്തില്‍ പരിശോധിച്ചാൽ, കാർഷിക മേഖലയിലെ ഏറ്റവും വലിയ തൊഴിൽശക്തി അവരായിരുന്നു. ഇന്നും അതാണ് അവസ്ഥ. എന്നാൽ പഴയ അവിഭക്ത സിപിഐയോ, ഇന്നത്തെ സിപിഎമ്മോ, സിപിഐയോ ജാതി-ജന്മിത്തത്തിന്റെ  ഈ പ്രധാന സവിശേഷതയെ ഒരിക്കലും അഭിസംബോധന ചെയ്തില്ല. അവരുടെ കാര്‍ഷിക പദ്ധതികളിലോ, സൈദ്ധാന്തിക പ്രവർത്തനത്തിലോ ഇത് ഇടം പിടിച്ചിട്ടില്ല. ‘കൃഷിഭൂമി ഉഴവുന്നവർക്ക് ‘ എന്ന മുദ്രവാക്യം യാന്ത്രിക, സാമ്പത്തികവാദ രീതിയിലാണ് ഗ്രഹിച്ചതും പ്രയോഗിച്ചതും. യഥാര്‍ത്ഥ കര്‍ഷകരെ കണ്ടെത്തുന്നതിനു പകരം, ഇത് കുടിയാന്മാരിലേയ്ക്ക് മാത്രമായി ചുരുക്കി. അതിനാല്‍ തന്നെ തങ്ങൾ ഉഴുതുമറിച്ച ഭൂമിക്കുമേലുള്ള ദലിത്‌ ഭൂരഹിത കര്‍ഷകരുടെ അവകാശം നിഷേധിക്കപ്പെട്ടു. കര്‍ഷക പ്രസ്ഥാനങ്ങളിൽ നിന്നും അവരെ ഒഴിവാക്കുകയും, കര്‍ഷക തൊഴിലാളി സംഘടനകളിലേയ്ക്ക് ഒതുക്കുകയും ചെയ്തു. കൂലി, തൊഴിൽസാഹചര്യങ്ങൾ, കുടികിടപ്പ് അവകാശം, മിച്ചഭൂമി എന്നിവയിലാണ്   ഇവ ശ്രദ്ധ കേന്ദ്രീകരിച്ചത്. സിപിഐ, സിപിഎം നയിച്ചിരുന്ന സര്‍ക്കാരുകൾക്ക് കീഴെ അവർക്കു് മിച്ച ഭൂമിയും കുടികിടപ്പ് അകാശവും ലഭിച്ചുവെങ്കിലും, ഭൂമിയ്ക്കുമേലുള്ള അവകാശത്തിൽ നിന്ന് ഇതോടെ അവരെ ഒഴിവാക്കി. പ്രയോഗത്തില്‍, ദലിതുകളെ ഭൂവുടമസ്ഥാ വകാശത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ബ്രാഹ്മണ്യ സമ്പ്രദായത്തിന്റെ പരിഷ്കരിച്ച രൂപവും, ഈ പാര്‍ട്ടികളുടെ നിലപാടുകളുടെ അനിവാര്യഫലവും ആയിരുന്നു ഇത്.

തെലുങ്കാന മാത്രമായിരുന്നു ഇതിന് അപവാദം. പക്ഷേ  അവിടെയും ബോധപൂര്‍വമായൊരു തിരുത്തിന്റെ ഫലമായിരുന്നല്ല അത്. അധികാരം പിടിച്ചടുക്കുവാനുള്ള സായുധ സമര രാഷ്ട്രീയം ഉയർത്തിവിട്ട വർഗ സമര വേലിയേറ്റത്തിന്റെ സ്വയോത്ഭവ ഫലമായിരുന്നു ആ നേട്ടം. സിപിഐ നേതൃത്വം നെഹ്രുവിനു അടിയറവു പറഞ്ഞുകൊണ്ട് പാര്‍ലമെന്ററി പാത സ്വീകരിച്ചതോടെ, ഇതെല്ലാം നഷ്ടപ്പെടുകയും ചെയ്തു. ഇതാണ് ഭൂപ്രശ്നത്തിലെ അവിഭക്ത സിപിഐയുടെ ചരിത്രം. സിപിഎം അത് തുടരുന്നു. സാമ്പത്തിക സമരവാദവും, തിരുത്തല്‍വാദവും ബ്രാഹ്മണ്യത്തെ എങ്ങനെയാണു് നേരിട്ട് സേവിക്കുന്നതെന്നു് ഈ ഹീനമായ പാരമ്പര്യം വരച്ചുകാട്ടുന്നുണ്ട്.

“സാമ്രാജ്യത്വവാദികളും, ഭൂപ്രഭുക്കളും, ബൂര്‍ഷ്വാ നേതൃത്വങ്ങളും ജന്മികളെയും മുതലാളിത്തപൂർവ്വ ഭൂവുടമസ്ഥാ വ്യവസ്ഥയെയും സംരക്ഷിച്ചുകൊണ്ട് ജാതി വ്യവസ്ഥയടെ സംരക്ഷകരായി പ്രവർത്തിക്കുന്നു.” എന്ന് സിപിഎം പ്രമേയം വിലപിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബൂര്‍ഷ്വകൾ ജാതിവ്യവസ്ഥയുടെ രക്ഷാപുരുഷന്മാരാകുന്നത്, മുതലാളിത്തപൂർവ്വ ഭൂവുടമസ്ഥാ വ്യവസ്ഥയെ സംരക്ഷിക്കുന്നത്? ഇതിനൊന്നും തന്നെ പ്രമേയത്തില്‍ ഉത്തരമില്ല. “ബൂര്‍ഷ്വകൾ ജന്മിമാരുമായി കൈകോര്‍ത്തു”, “മുതലാളിത്തവികസനം നടക്കുന്ന സമൂഹം നിലനില്‍ക്കുന്ന ജാതി സമ്പ്രദായവുമായി പോരുത്തപ്പെട്ടു”, “ഇന്ത്യന്‍ ബൂര്‍ഷ്വകൾക്ക് തന്നെ ജാതി ചായ്‌വുകളുണ്ട്”, എന്നിങ്ങനെയുള്ള അസംബന്ധമാണ് അതിന് നല്കാനുള്ളത്. ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തെക്കുറിച്ചുള്ള സിപിഎമ്മിന്റെ വര്‍ഗ്ഗവിശകലനം പോലെ ബാലിശമായതിനാൽ തന്നെ ഇതിനപ്പുറം പോകാന്‍  അവർക്കു് സാധിക്കില്ല. ‘വന്‍കിട ബൂര്‍ഷ്വകൾ’ എന്ന് ഖണ്ഡികതോറും ആവര്‍ത്തിച്ചെഴുതി പോവുകയല്ലാതെ സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയിൽ മറ്റോന്നും ചെയ്യുന്നില്ല. മുകളിൽ കൊടുത്തിരിക്കുന്ന ചില വിശേഷണങ്ങള്‍ ഒഴികെ ഈ ബൂര്‍ഷ്വാസിയുടെ വര്‍ഗ്ഗ സവിശേഷതകള്‍പോലും വിശദീകരിക്കുന്നില്ല. ഇന്ത്യന്‍ വൻകിട ബൂര്‍ഷ്വകൾ എന്തിനു ജന്മിത്തവുമായി പോരുത്തപ്പെട്ടുവെന്നു ചോദിച്ചാൽ, ജര്‍മനിയിലെയും റഷ്യയി ലെയും ബൂര്‍ഷ്വകൾക്ക് ജനങ്ങളെ ഭയമുള്ളതുകൊണ്ട് അവർ ജന്മിത്തവുമായി സന്ധി ചെയ്തതിനെ കുറിച്ചുള്ള മാര്‍ക്സിയൻ വിശകലനത്തിന്റെ യാന്ത്രിക ആവര്‍ത്തനമാണ് ഉത്തരം.

വര്‍ഗ്ഗ വിശകലനത്തിലുള്ള ഈ വഷളൻ രീതി ജാതി പ്രശ്നം കൈകാര്യം ചെയ്യുന്നതിലും സ്വാധീനിച്ചതായി കാണാം. ജന്മി വര്‍ഗ്ഗത്തിൽ മാത്രം ഒതുങ്ങുന്നതാണോ ബ്രാഹ്മണ്യം? വന്‍കിട   ബൂര്‍ഷ്വകളുടെ ജാതിയോടുള്ള ആഭിമുഖ്യം വെറും വിട്ടുവീഴ്ചയാണോ? അതോ അവരുടെ വര്‍ഗ്ഗ സ്വഭാവത്തിന്റെ അവശ്യ ഘടകമോ ?  മർദ്ദിത രാജ്യങ്ങളിലെ സാമ്രാജ്യത്വ സൃഷ്ടിയായ പ്രത്യേകതരം മുതലാളിത്തം സംബന്ധിച്ച മാവോയിസ്റ്റ് സങ്കല്പനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. ഉദ്യോഗസ്ഥമേധാവിത്ത മുതലാളിത്തം എന്നാണ് ഇതിനെ അത് വിശേഷിപ്പിക്കുന്നത്. ഉദ്യോഗസ്ഥമേധാവിത്ത മുതലാളിത്തവും ഈ രാജ്യങ്ങളില്‍ വൻകിട ബൂര്‍ഷ്വകളായി വളർന്നു വന്ന ദല്ലാൾ-ഉദ്യോഗസ്ഥമേധാവിത്ത ബൂർഷ്വാസിയും എന്നും ജന്മിത്തവുമായി കെട്ടുപിണഞ്ഞു തന്നെ കിടക്കും. ഇത് ഒരു വിട്ടുവീഴ്ചയല്ല, മറിച്ച് അതിന്റെ വര്‍ഗ്ഗ സ്വഭാവത്തിന്റെ അവിഭാജ്യഘടകമാണ്.

വിഷയത്തിലേയ്ക്ക് തിരിച്ചു വരികയാണെങ്കിൽ, ഇന്ത്യയിലെ ദല്ലാൾ- ഉദ്യോഗസ്ഥമാധാവിത്ത ബൂര്‍ഷ്വാസിയുടെ ലോകവീക്ഷണത്തിന്റെ ഭാഗം തന്നെയാണ് ബ്രാഹ്മണ്യം. ജാതി പ്രശ്നത്തില്‍ മാത്രമല്ല, ആശയശാസ്ത്രത്തിലും, രാഷ്ട്രീയത്തിലും, സംസ്കാരത്തിലും പ്രയോഗത്തിലും എല്ലാം അതിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഭരണ വര്‍ഗ്ഗങ്ങളുടെ കാമ്പിൽ  തന്നെ, അവരുടെ ഭരണകൂടത്തിലും, ചൂഷണത്തിലും, മർദ്ദനത്തിലും, ബ്രാഹ്മണ്യമുണ്ട്‌. ജാതി പ്രശ്നത്തിലുള്ള സവിശേഷ പോരാട്ടത്തിന്റെ പങ്ക് ഒട്ടും കുറയ്ക്കാതെ തന്നെ, ജാതിയ്ക്കും ബ്രാഹ്മണ്യത്തിനുമെതിരായ  പോരാട്ടത്തെ ദലിത് പ്രശ്നത്തിന്റെ താരതമ്യേന ഇടുങ്ങിയ ചട്ടക്കൂടിനുള്ളില്‍ നിന്നും പുറത്തെടുക്കാൻ ഇതു് ശക്തമായ അടിത്തറ നല്‍കുന്നു. ഇന്ത്യന്‍ ഭരണകൂടത്തെ നശിപ്പിച്ചുകൊണ്ട് രാഷ്ട്രീയ അധികാരം പിടിച്ചടക്കുക എന്ന  കേന്ദ്ര കര്‍ത്തവ്യത്തിൽ നിന്നും വേര്‍തിരിച്ചുകൊണ്ട്   ജാതി പ്രശ്നമോ മറ്റ് പ്രശ്നങ്ങളോ അല്പാല്പമായി, പരിഷ്കരണത്തിലൂടെ പരിഹരിക്കുവാന്‍ കഴിയുകയില്ലെന്നും ഇത് സൂചിപ്പിക്കുന്നുണ്ട്.

ജാതി പ്രശ്നത്തിനും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടങ്ങൾ പരസ്പരബന്ധിതമാണെന്നും അത് വര്‍ഗ്ഗ ചൂഷണത്തിനെതിരായ പോരാട്ടത്തിനോട് ബന്ധിപ്പിക്കണമെന്നും സിപിഎമ്മിന്റെ പ്രമേയം പറയുന്നു. ഇത് മാത്രം മതിയോ? ജാതിയ്ക്കും ബ്രാഹ്മണ്യത്തിനുമെതിരായ പോരാട്ടം ഏറ്റെടുക്കാതെ സ്ത്രീ വിമോചന സമരത്തെ മുന്നോട്ടു കൊണ്ടുപോകാനാകുമോ? ഇതെല്ലാം അഭിസംബോധന ചെയ്യാതെ തൊഴിലാളിവര്‍ഗ്ഗ ഐക്യം സാധ്യമാകുമോ? സിപിഎമ്മിന്റെ കാഴ്ചപ്പാടില്‍ അവയെല്ലാം കേവലം അനുബന്ധങ്ങളാകും. കാരണം, കാര്‍ഷിക വിപ്ലവം അച്ചുതണ്ടായ പുത്തൻ ജനാധിപത്യ വിപ്ലവത്തിന്റെ അവിഭാജ്യ ഘടകങ്ങളായി ഈ കടമകളെയെല്ലാം  കൂട്ടിയിണക്കുന്ന സാമൂഹിക ബന്ധങ്ങളെയും ഉപരിഘടനയെയും തിരിച്ചറിയേണ്ട ആവശ്യകതയില്‍ നിന്നും  അത് ഒഴിഞ്ഞുനില്ക്കുന്നു. നിലവിലെ സാമൂഹിക വ്യവസ്ഥയുമായുള്ള അതിന്റെ സഹകരണം കണക്കിലെടുക്കുമ്പോൾ അതു് അനിവാര്യവുമാണ് .

1.**ന്യൂ വേവ്, ലക്കം 1ൽ നിന്ന്.


സിപിഎം കേന്ദ്രകമ്മിറ്റി 2006 ൽ ഇറക്കിയ ‘The Problems of Dalits’ എന്ന പ്രമേയത്തിന്, മാവോയിസ്റ്റ് രാഷ്ട്രീയ സൈദ്ധാന്തികനായ സഖാവ് കെ മുരളി അദ്ദേഹത്തിന്റെ ബ്ലോഗിൽ ‘A Reformist Agenda to Save Brahmanism, CPM on the caste question’ എന്ന തലക്കെട്ടിൽ എഴുതിയ രാഷ്ട്രിയ വിമർശനത്തിൻ്റെ മലയാള പരിഭാഷ.

സിപിഎം കേന്ദ്രകമ്മിറ്റി 2006 ൽ ഇറക്കിയ ‘The Problems of Dalits’ എന്ന പ്രമേയത്തിന്റെ ലിങ്ക് : https://www.cpim.org/problems-of-dalits

സഖാവ് കെ മുരളി(അജിത്) ബ്ലോഗ്‌ ലിങ്ക് : https://ajith0.home.blog/english/