“ജാതിക്കും മതത്തിനുമപ്പുറം കർഷക സമരത്തിന് വർഗ്ഗപരമായ ഒരു തലമുണ്ട്”

സി പി ജിഷാദ് (പുരോഗമന യുവജന പ്രസ്ഥാനം)

സമരം ചെയ്യുന്നവരെ സിഖ് മതവിശ്വാസികളയല്ല കാണേണ്ടത് അവരെല്ലാം തന്നെ കർഷകരാണ് എന്ന തീർത്തും രാഷ്ട്രീയമായ, ശരിയായ ഒരു അഭിപ്രായ പ്രകടനത്തെ യാന്ത്രിക യുക്തിയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാൻ ശ്രമിച്ച സ്വപ്രഖ്യാപിത പുരോഗമന നിലപാടുകളോട്..

സിഖ്‌ മതക്കാരായി മാത്രം സമരക്കാരെ കാണുന്ന വീക്ഷണമുള്ളവർ പുരോഗമനവാദികൾ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിൽ സഖാവ് എം.എൻ. പറഞ്ഞതുപോലെ അവരുടെ പുരോഗമനം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. കാരണം ഒരിക്കലും ഏതെങ്കിലും ഒരു മതമോ ഏതെങ്കിലും മതചിഹ്നങ്ങളോ അല്ല കർഷക സമരത്തിന്റെ ഉൽപ്രേരകമായ ഘടകം. വിവിധ മതത്തിലും വിവിധ വർഗ്ഗ, ജാതി വിഭാഗത്തിലും ഉള്ള മനുഷ്യർ ഈ സമരത്തിൽ അണിനിരന്നതായി നമുക്ക് കാണാം.ഇവരെ ഇതിലേക്ക് എത്തിച്ചത് അവർ നേരിടുന്ന ചൂഷണളെയെല്ലാം തന്നെ ചരിത്രപരമായി തിരിച്ചറിഞ്ഞും അതിന്റെ അടിസ്ഥാനത്തിൽ ഈ ചൂഷണങ്ങളുടെയെല്ലാം തുടർച്ചയും വികാസവുമായി അവർക്ക് ഈ ‘കർഷക വിരുദ്ധ ബില്ലുകളെ’ തിരിച്ചറിയാൻ പറ്റിയതാണ്.അത് ആ നിലക്ക് കർഷക പോരാളികൾ ഉന്നയിച്ചതുമാണ്.

പെപ്സി വന്നു ഞങ്ങളോട് ഉരുളകിഴങ്ങ് കൃഷിചെയ്യാൻ ആവശ്യപെട്ടു. ഞങ്ങൾ ഉരുളകിഴങ്ങ് കൃഷി ചെയ്തു. പക്ഷെ വഞ്ചിക്കപ്പെടു.ബിഎസ്എൻഎൽനെ പൊളിക്കാൻ ജിയോ സിമ്മുകളും ഇന്റർനെറ്റും രാജ്യവ്യാപകമായി ഫ്രീയായി കൊടുത്തു. ബിഎസ്എൻഎൽ തകർന്നപ്പോൾ ജിയോ താരിഫ് വലിയ രീതിയിൽ കൂട്ടുകയും ചെയ്തു. പല വഞ്ചനകളും സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും ഇതിനകം തന്നെ അവർ ഉന്നയിച്ചു കഴിഞ്ഞു. ഇതിൽ നിന്നും സിഖ്‌ മതത്തിലേക്ക് തിരിച്ചു പോകണം എന്നാണോ? ഇതാണോ പുരോഗമനം?

സമരം തുടങ്ങി ഒരു അവസ്ഥയിൽ എത്തിയതിനു ശേഷം മാത്രമാണ് അകാലിദളും, സുവർണ്ണ ക്ഷേത്രത്തിന്റെ മതാധിപരും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്. സമരം കൂടുതൽ ജനകീയമായി വികസിക്കുകയാണ് എന്നും അനുകൂലമായ നിലപാട് എടുത്തില്ലെങ്കിൽ ജനങ്ങളിൽ നിന്നും ഒറ്റപ്പെടും എന്ന തിരിച്ചറിവിൽ നിന്നായിരുന്നു അത്. അകാലിദളിൻ്റെ മന്ത്രിമാർ രാജിവച്ചതും ഈ സമയത്താണ്.മതം ഒരു സാമൂഹിക സ്ഥാപനം എന്ന നിലയിൽ ഇത്തരം നിലപാടുകളിൽ എത്തിച്ചേരാനുള്ള കാരണം, ജനങ്ങളിൽ നിന്നും ഒറ്റപ്പെടും എന്ന ഭയമല്ലാതെ മറ്റെന്താണ്?

സിഖ് മതത്തെ ഉയർത്തി പിടിക്കണം എന്ന നിലപാട് മുന്നോട്ട് വെച്ച മാധ്യമപ്രവർത്തകന്റെ കുറിപ്പിൽ ഹരിയാനയിലെ ഗാപ്പ് പഞ്ചായത്തുക്കളെ കുറിച്ച് പരാമർശിക്കുന്നുന്നതു കണ്ടു. ചില കാര്യങ്ങൾ വിഴുങ്ങിയതും..ഗാപ്പ് പഞ്ചായത്തുകൾ വ്യാപകമായി ആളുകളെ വിളിച്ചുകൂട്ടുകയും സമരത്തിൽ അണിനിരക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വലിയരീതിയിൽ കർഷകരെ അണിനിരത്തുകയും ചെയ്തു. ഈ ഗാപ്പ് പഞ്ചായത്ത് എന്ന് പറയുന്നത് 90% വും ഹിന്ദുകൾ ആണ്. അവരെ ഈ പുരോഗമനവാദം എവടെ കൊണ്ടുപോയി കെട്ടും.

ജാട്ടുകളുടെ(ഒരു ജാതി വിഭാഗമാണ്)കാര്യം എടുക്കാം. ഹിന്ദു, മുസ്ലിം, സിഖ് വിഭാഗത്തിൽ പെട്ട ജാട്ടുകളുണ്ട്. ജാട്ടുകൾ വലിയ രീതിൽ സമരത്തിൽ അണിനിരന്നിട്ടുണ്ട്. ജാട്ടുകളിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. ഈ ഹിന്ദു ജാട്ടുകളെ ഏത് തൊഴുത്തിൽ കെട്ടും..? പടിഞ്ഞാറൻ യു.പി ഒരു വിഭാഗം ജാട്ടുകളുടെ മേഖലയാണ്. അവരും ബഹുഭൂരിപക്ഷം ഹിന്ദുകളാണ്. ഇവരും ഈ സമരത്തിൽ അണിനിരന്നിട്ടുണ്ട്. കരൺ സിംഗ്, അജയ് സിംഗ് തുടങ്ങിയ നേതാക്കളെ നമുക്ക് കാണാം.രാജസ്ഥാനിലെ ഒരു വിഭാഗം കർഷകരായ മുസ്ലിങ്ങൾ സമരത്തിന്റെ ഭാഗമായി പോരാടുന്നുണ്ട്. ഇവർക്കൊക്കെ പുരോഗമനത്തിൽ ഇടമില്ലേ?ഡൽഹിയുടെ പ്രാന്ത പ്രദേശങ്ങൾ മുഴുവനും ജാട്ടുകളാണ് ഉള്ളത്. ഇവർ ഈ സമരത്തിൽ അണിനിരന്നിട്ടുണ്ട്. ഇവർക്ക് ഡൽഹിയിൽ നിലനിന്ന എല്ലാ ഭരണ സംവിധാങ്ങളെയും ചോദ്യം ചെയ്ത, അതിനെതിരെ പോരാടിയ വലിയ പാരമ്പര്യമുണ്ട്. ഈ പാരമ്പര്യത്തെ എവടെ കെട്ടും.

മാർക്സ് ലോക ജനതയെ പഠിപ്പിച്ചത് “ചരിത്രം ഒരു ജനതയുടെ വികാരത്തിലും വിചാരത്തിലും പ്രതിഫലിക്കും”എന്നാണ്. ഇതിനെ കെട്ടാൻ ഈ പറയുന്ന പുരോഗന തൊഴുത്തിന് വലിപ്പം പോരാ എന്ന് തോന്നുന്നു.

ജാതിക്കും മതത്തിനും അപ്പുറം ഇതിൽ വർഗ്ഗപരമായ ഒരു തലമുണ്ട്. മണ്ടികൾ((Agricultural produce market committee) നടത്തിയിരുന്നത് അർഹത്തിയാ എന്ന് പറയുന്ന കമ്മീഷൻ ഏജൻ്റുകളാണ്. ഇവർ നാട്ടിൻ പുറങ്ങളിലെ പ്രധാന ചൂഷക വർഗ്ഗമാണ്. ഇവരും സമരത്തിൽ അണിനിരന്നിട്ടുണ്ട്. വലിയ ഒരു ശക്തി നമ്മെ മൊത്തത്തിൽ വിഴുങ്ങാൻ പോവുന്നു എന്ന തിരിച്ചറിവാണ് ഇവരെ എല്ലാവരെയും ഐക്യപ്പെടുത്തിയതും, ഒരുമിച്ച് ഒരു സമരത്തിലേക്ക് കർഷകരുടെ നേതൃത്വത്തിൻ കീഴിലേക്ക് എല്ലാവരേയും അണിനിരത്താനുമുള്ള ഉൽപ്രേരകം . അതെ സമയം പോരാളികളുടെ പല സ്പിരിറ്റുകളും; ജാതിയമാവാം, മതാത്മകമാവാം, പോരാട്ട പാരമ്പര്യത്തിൻ്റെതാവാം .എല്ലാം തന്നെ ഇതിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അത് പക്ഷെ ഒരു കേവല മതത്തിൽ(സിഖ് ) കൊണ്ടുകെട്ടുന്നത് അങ്ങനെ വെച്ചുപോറുപ്പിക്കണ്ട കാര്യമല്ല. ഇത് സമരത്തിന്റെ എല്ലാ നല്ല വശങ്ങളെയും റദ് ചെയ്യലാണ്.

ഒന്നിൽ മാത്രം കുടുങ്ങി കിടക്കുന്ന,അതിൽ നിന്നു മാത്രം കാര്യങ്ങൾ നോക്കികാണുന്ന ചെറിയ ഇടുങ്ങിയ ചിന്താഗതിയാണ് ഉള്ളത് എന്ന ഒരു സ്വയം വെളിപ്പെടലായി അല്ലാതെ, ഇത് വേറെ ഒന്നുമല്ല. ഉദാഹരണത്തിന് മാധ്യമ പ്രവർത്തനം ഒരു രാഷ്ട്രീയ പ്രയോഗമാണ് എന്ന തിരിച്ചറിവ് ഇല്ലായ്മപോലെ..

ലേഖകൻ പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ സംസ്‌ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗമാണ്.