മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരൻ രൂപേഷിന് ഇന്റർനെറ്റ് സൗകര്യം നൽകിയില്ല;ജയിൽ സുപ്രണ്ടിനോട് NIA കോടതിയിൽ ഹാജരാകാൻ ഉത്തരവ്

നീണ്ടകാലത്തെ കോടതി വ്യവഹാരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായ രൂപേഷിന് നിയമ സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനു വേണ്ടി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് NIA കോടതി ജയിൽ അധികൃതർക്ക് ഉത്തരവ് നൽകിയിരുന്നു. 2020 ഒക്ടോബർ 27 ലാണ് ഉത്തരവ് പുറത്തിറങ്ങുന്നത്. പിന്നീട് കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് രൂപേഷ് തന്നെ കോടതിയിൽ പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് NIA കോടതി, ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ വിയ്യൂർ സെൻട്രൽ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയിൽ സൂപ്രണ്ടിൽ നിന്ന് ലഭിച്ച റിപ്പോർട്ട് തൃപ്തികരമല്ല എന്ന് കോടതി ചൂണ്ടിക്കാണിക്കുകയും ഉത്തരവ് നടപ്പാക്കാത്തതിനാൽ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് 30-01-2021ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ഉത്തരവിട്ടിരിക്കുകയാണ് NIA കോടതി.

കോടതി ഇന്റർനെറ്റ് സൗകര്യം രൂപേഷിന് നൽകാൻ വേണ്ടി ഇറക്കിയ ഉത്തരവിൽ പ്രധാനമായി പറയുന്നത്,കെൽസ(കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി) സെക്രട്ടറി രൂപേഷിന്റെ അപേക്ഷയിൽ തീരുമാനം എടുക്കുന്നത് വരെയും അതുപോലെ ജയിലധികൃതർ നിയമ സഹായത്തിനു വേണ്ടിയുള്ള കോടതി വിധിന്യായങ്ങളും സോഫ്റ്റ് വെയർ അധിഷ്ഠിത നിയമ ജേണലുകൾ നല്കുന്നതുവരെയും, രൂപേഷിന് ആഴ്ചയിൽ ഒരു ദിവസം 45 മിനിറ്റ് ഇന്റർനെറ്റ് സൗകര്യം നൽകണം എന്നാണ്. സുപ്രീം കോർട്ട് ഓർഡറുകൾ,വിവിധ ഹൈക്കോർട്ട് ഓർഡറുകൾ,അതുപോലെ ഇന്ത്യൻ കാനൂൻ,ഇന്ത്യ കോഡ് എന്നീ സൈറ്റുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനവും അദ്ദേഹത്തിന് ഒരുക്കണമെന്ന് ഓർഡറിൽ പറയുന്നുണ്ട്.