“പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഹൈക്കോടതി വിധി രാഷ്ട്രീയമായും നിയമപരമായും വിമർശിക്കപ്പെടേണ്ടേതാണ്”

അഡ്വ.തുഷാർ നിർമ്മൽ

പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണ് എന്ന് മാത്രമല്ല മനുഷ്യാവകാശങ്ങളെ സംബന്ധിച്ചിടത്തോളം അപകടകരവും കൂടിയാണ്. രാഷ്ട്രീയമായും നിയമപരമായും വിമർശിക്കപ്പെടേണ്ടേ ഒരു വിധിയാണ് എന്നാണ് അഭിപ്രായം. എന്നാൽ ഈ വിധിയിലെ ഏറ്റവും വലിയ അപകടം ഒരു എഫ് ഐ ആറും, തൊണ്ടിയായി ഒരു നോട്ടീസോ പുസ്തകമോ ഉണ്ടെങ്കിൽ യു.എ.പി.എ കേസിൽ പ്രതിയാക്കപ്പെടാമെന്നും ജാമ്യം നിഷേധിക്കപ്പെടാമെന്നതുമാണ്. പൊലീസിന് വിപുലമായ അധികാരം അനുവദിച്ചു കൊടുക്കുന്നു എന്നത് ജനാധിപത്യമൂല്യങ്ങൾക്ക് കനത്ത തിരിച്ചടിയും വെല്ലുവിളിയുമാണ്.

ത്വാഹാക്കും അലനും എതിരെ പ്രധാനമായും ആരോപിക്കപ്പെട്ട കുറ്റം 38,39 വകുപ്പുകൾ പ്രകാരമായിരുന്നു. ഈ കുറ്റങ്ങൾ ചെയ്തതായി ആരോപിക്കപ്പെടുമ്പോൾ ഭീകരസംഘടനയുടെ പ്രവർത്തനത്തെ മുന്നോട്ടു കൊണ്ടുപോകണമെന്ന ഉദ്ദേശത്തോടെ ആ സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുകയും, മീറ്റിംഗുകൾ സംഘടിപ്പിക്കുകയും,സഹായങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതായി ബോധ്യപ്പെടുന്ന തെളിവുകൾ ഉണ്ടാകണം.അതായത് ഈ കുറ്റങ്ങൾ നിലനിൽക്കണമെങ്കിൽ രണ്ടു ഘടകങ്ങൾ ഉണ്ട്. ഒന്നാമത് നിരോധിത സംഘടനയുമായി സഹകരിക്കുക.രണ്ടാമത് ആ സഹകരണം നിരോധിത സംഘടനയുടെ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ട് പോവുക എന്ന ഉദ്ദേശത്തോടെ ആയിരിക്കണം. പന്തീരാങ്കാവ് കേസിൽ അലനും ത്വാഹാക്കും എതിരെ സമർപ്പിച്ച കുറ്റപത്രവും അനുബന്ധമായി ഹാജരാക്കിയ രേഖകളും സാക്ഷി മൊഴികളും പരിശോധിച്ച വിചാരണ കോടതി അലനും ത്വാഹയും നിരോധിത മാവോയിസ്റ്റ് പാർട്ടിയുടെ അനുഭാവികളാണെന്നു പ്രഥമദൃഷ്ട്യാ വിശ്വസിക്കാൻ തക്ക തെളിവുണ്ടെന്നും പക്ഷെ അവർ ആ സംഘടനയുടെ പ്രവർത്തനത്തെ മുന്നോട്ടു കൊണ്ട് പോവുക എന്ന ഉദ്ദേശത്തോടെ എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തിയതായി വിശ്വസിക്കാൻ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കാണുകയും ചെയ്തു. കൂടാതെ 2004 ലെ പിയുസിഎൽ കേസിലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഭീകര സംഘടനയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോവുക എന്നാൽ ഭീകരപ്രവർത്തനത്തിനുള്ള,അല്ലെങ്കിൽ അതിനെ സഹായിക്കുന്ന തരം പ്രവർത്തനങ്ങൾ ആണ് ഉദ്ദേശിക്കുന്നത് എന്നും നിരീക്ഷിക്കുകയുണ്ടായി. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ അലനും ത്വാഹാക്കും എതിരെയുള്ള കുറ്റാരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്നു വിശ്വസിക്കാനുള്ള സാമഗ്രികളൊന്നും കേസ് ഡയറിയിൽ ഇല്ലാ എന്ന് കണ്ടെത്തി ഇരുവർക്കും ജാമ്യം അനുവദിക്കുന്നത്.

എന്നാൽ ഈ നിഗമനങ്ങളെ അപ്പാടെ തള്ളിക്കളയുകയാണ് ഹൈക്കോടതി ചെയ്തത്. അലനും ത്വാഹയും നിരോധിത മാവോയിസ്റ്റ് പാർട്ടിയുമായി സഹകരിച്ചു എന്നതിന് വിശ്വസനീയമായ കാര്യങ്ങൾ ഉണ്ടെന്നു കണ്ട ഹൈക്കോടതി പക്ഷെ പിന്നീട് ചെയ്തത് ആ സഹകരണം നിരോധിത സംഘടനയുടെ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ട് പോകുവാൻ ഉദ്ദേശിച്ചുള്ളതാണെന്നതിന് പ്രത്യക്ഷ തെളിവുകൾ ഇല്ലെങ്കിലും അത് അനുമാനിക്കാവുന്നതാണ് എന്ന നിഗമനത്തിൽ എത്തി ചേരുകയായിരുന്നു. നിരോധിത സംഘടനയുടെ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ട് പോകുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്നത് സംബന്ധിച്ച 2004 ലെ പിയുസിഎൽ വിധി പരിഗണിക്കാനും പിന്തുടരാനും ഹൈക്കോടതി തയാറായില്ല എന്ന് മാത്രമല്ല അതിൽ നിന്നും വ്യത്യസ്തമായ ഒരു വ്യാഖ്യാനം നൽകുകയും ചെയ്തു. കീഴ്‌ക്കോടതി അതിന്റെ വിധിന്യായത്തിനു അടിസ്ഥാനമാക്കിയ വിധിന്യായങ്ങളിൽ ഒന്നൊഴികെ മറ്റൊന്നും പരിഗണിക്കാൻ ഹൈക്കോടതി തയാറായില്ല.

ഈ സമീപനത്തിലെ അപകടം വളരെ വലുതാണ് .
ഭീകര സംഘടനയുടെ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ട് പോകാൻ സഹകരിക്കുക എന്നാൽ ഭീകര പ്രവർത്തനത്തെ മുന്നോട്ടു കൊണ്ട് പോകാൻ സഹായിക്കുകയോ,പ്രോത്സാഹിപ്പിക്കുകയോ , മുന്നോട്ട് കൊണ്ട് പോകുകയോ ചെയ്യുന്ന പ്രവർത്തനം ആണ് ഉദ്ദേശിക്കുന്നത് എന്നാണ് 2004 ലെ പി യൂ സി എൽ കേസിൽ സുപ്രീം കോടതി വ്യാഖ്യാനിച്ചത്. ഇതിൽ ഭീകര പ്രവർത്തനം എന്ന വാക്കു അടിവരിയിട്ടു വായിക്കേണ്ടതാണ്. ഇതാണ് അലൻ-ത്വാഹാ കേസിൽ വിചാരണ കോടതി അടിസ്ഥാനമാക്കിയത്. എന്നാൽ ഹൈക്കോടതിയുടെ വിധിയനുസരിച്ച് ഭീകര സംഘടനയുടെ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ട് പോകാൻ സഹകരിച്ചു പ്രവർത്തിക്കുക എന്നതും ഭീകരപ്രവർത്തനത്തെ സഹായിക്കുക എന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വ്യാഖ്യാനം അംഗീകരിക്കുകയാണെങ്കിൽ ഭീകരവാദ കേസുകളിലെ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന വക്കീൽ ഭീകര സംഘടനയുടെ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുകയാണ് ചെയ്യുന്നത് എന്ന് വേണമെങ്കിൽ ആരോപിക്കപ്പെടാം. ഭീകര സംഘടനയുടെ പ്രവർത്തകരുമായി ഇന്റർവ്യൂ നടത്തുന്ന അല്ലെങ്കിൽ ഭീകര സംഘടനയെ സംബന്ധിച്ച വാർത്ത നൽകുന്ന പത്രപ്രവർത്തകർ, ഭീകര സംഘടനയിലെ പ്രവർത്തകരെ ചികിതസിക്കുന്ന ഡോകടർ ,അങ്ങനെ ആരും,നാളെ ഭരണകൂടത്തിന്റെ താല്പര്യമനുസരിച്ച്, ഭീകര സംഘടനയെ സഹായിച്ചു എന്ന കുറ്റാരോപണത്തിനു വിധേയരാകാം.

പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഹൈക്കോടതി വിധിയുടെ ഏറ്റവും വലിയ അപകടം ഇതാണ്. വീരപ്പൻ വേട്ടയുടെ ഭാഗമായി നിരവധി ഗ്രാമീണർക്കെതിരെ ഭീകര സംഘടനയുടെ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകുക എന്ന ഉദ്ദേശത്തോടെ വീരപ്പൻ സംഘവുമായി സഹകരിച്ചു എന്നാ
രോപിച്ച് പോട്ടയിലെ വകുപ്പുകൾ ചുമത്തി കേസ്സെടുത്തിരുന്നു. വീരപ്പൻ സംഘത്തിലെ അംഗങ്ങൾക്ക് ഭക്ഷണം നല്കിയതിനുൾപ്പടെയാണ് ഇപ്രകാരം കേസ്സെടുത്തത്. അത്തരം ഒരു സാഹചര്യത്തിനാണ് ഹൈക്കോടതി വിധി വാതിൽ തുറന്നു കൊടുത്തിരിക്കുന്നത് .ഹൈക്കോടതി വിധിയിലെ ചർച്ച ചെയ്യപ്പെടേണ്ട ഗൗരവമായ ഒരു പ്രശ്നം ഇതാണ്.