ഇതുവരെ കർഷക സമരത്തെ നിസ്സംഗതയോടെ നോക്കിയിരുന്നവരും, അതിനെ എതിർക്കുന്നവരും അറിയാൻ..

ഹരികൃഷ്ണൻ തച്ചാടൻ

അംബാനി എല്ലാവർക്കും കുറഞ്ഞ വിലയ്ക്ക് പ്രതിദിനം ഒന്നര ജിബി നാലാം തലമുറ ഇൻ്റർനെറ്റ് സേവനം നൽകുന്നു.15 രൂപക്ക് 120എംബി , 250 രൂപയ്ക്ക് 1ജിബി ഇൻ്റർനെറ്റ് ഉപയോഗിച്ചിരുന്ന ജനസാമാന്യത്തിന് ഇൻ്റർനെറ്റ് വിപ്ലവം സാധ്യമാക്കിയത് മഹാനായ അംബാനിയാണെന്ന് നിസ്സംശയം പറയാം.പക്ഷെ ദില്ലിയിൽ കർഷക സമരത്തിനിടയിൽ പലയിടങ്ങളിലും ഇൻ്റർനെറ്റ് സേവനം മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യപ്പെട്ടു.ഹരിയാനയിൽ നാളെ പലയിടങ്ങളിലും ഇൻ്റർനെറ്റ് സേവനം ലഭിക്കില്ല.എന്താണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്?

നിങ്ങൾ റിലയൻസ് ജിയോയുടെ ഒരു ഉപഭോക്താവണെന്നത് നിങ്ങളുടെ ഒരു തെറ്റിധാരണ മാത്രമാണ്.യഥാർത്ഥത്തിൽ നിങ്ങൾക്ക് ലഭിക്കേണ്ട സേവനത്തിൽ ഏതെങ്കിലും തരത്തിലുള്ള നിർണയധികാരമോ, നിയന്ത്രണമോ നിങ്ങൾക്കില്ല.അവർ സേവനം റദ്ദാക്കിയാൽ നാളെ മുതൽ ആ സേവനം വേണ്ടെന്നു വക്കാൻ നിങ്ങൾക്ക് സാധിക്കില്ല.ഒരു മാസത്തേക്ക് മുൻകൂർ പണമടച്ച് അവരുടെ ചുരുക്കം പ്ലാനുകളിൽ ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുകയാണ്.അതായത്, ഒരാളോട് തൂങ്ങിച്ചാവാൻ ഏതു നിറമുള്ള കയർ വേണമോ അത് അയാൾക്ക് സെലക്റ്റ് ചെയ്യാം എന്നു പറയുന്ന പോലെ പരിഹാസ്യമായ ഒരു തിരഞ്ഞെടുപ്പ്.നിങ്ങൾ അവരുടെ ഇൻ്റർനെറ്റ് അടിമകളാണെന്ന് പറഞ്ഞാൽ സമ്മതിച്ചു തരാൻ പ്രയാസം ഉണ്ടാവും.പക്ഷെ അതൊരു തുണിയുടുക്കാ സത്യമാണ്.

ഒരു കാര്യം ആലോചിച്ചാൽ അത് വ്യക്തമാകും.അവർ സേവനം റദ്ദ് ചെയ്യുന്നതിനെ എതിർത്ത്, നാലോ അഞ്ചോ ദിവസം അവരുടെ സേവനം ബഹിഷ്ക്കരിച്ച് പ്രതിഷേധിക്കാൻ നിങ്ങൾക്ക് സാധിക്കുമോ ? ഒരു മാസത്തേക്ക് മുൻകൂർ വരിസംഖ്യ അടച്ച് ഇൻ്റർനെറ്റ് വാങ്ങുന്ന നിങ്ങൾക്ക് അങ്ങനെ ഒരു സാധ്യതയേ ഇല്ല.ഇനി പോർട് ചെയ്യാം എന്നാണെങ്കിൽ തന്നെ അതിന് മറ്റ് സേവനദാതാക്കളില്ലാത്ത ഒരു സാഹചര്യത്തിലേക്ക് അതിവേഗം കാര്യങ്ങൾ നീങ്ങുകയാണ്.അപ്പോൾ നിങ്ങൾ ആരാണ്.ഒട്ടും സംശയിക്കേണ്ടതില്ല അടിമകൾ തന്നെയാണ്.

ഇനിയും കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത ആളുകൾ ഇൻ്റർനെറ്റിൻ്റെ സ്ഥാനത്ത് വൈദ്യുതി സങ്കൽപ്പിക്കുക.നിലവിൽ ഇന്ത്യയിലെ വൈദ്യുതി വിതരണം ഒട്ടുമുക്കാലും പൊതുമേഖലയിൽ, ഗവൺമെൻ്റ് നിയന്ത്രണത്തിലാണ്.നാളെ ഇത് കുത്തകകളുടെ കൈയ്യിൽ വന്നാൽ എന്ത് സംഭവിക്കും.ആദ്യത്തെ ഒരു മാസം 250 യൂണിറ്റ് വൈദ്യുതി എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമായി കൊടുക്കും.പിന്നെ 400 രൂപക്ക് 250 യൂണിറ്റ്/ പ്രതിമാസം.കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഇതേ തരത്തിൽ വലിയ അളവിലുള്ള ചുരുക്കം പ്ലാനുകൾ.അതായത് നിങ്ങൾ വൈദ്യുതിക്കും വരി സംഖ്യ അടക്കേണ്ടതായി വരും.അധികം ഉപയോഗിക്കേണ്ടി വന്നാൽ കൂടിയ നിരക്കിൽ വാങ്ങേണ്ടി വരും.50 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന കുടുംബങ്ങളും 400 രൂപ /250 യൂണിറ്റ് പ്ലാനിൽ ചേരാൻ നിർബന്ധിതരാവും.നിലവിൽ തന്നെ നമ്മളിൽ പലരുടെയും ശരാശരി ഇൻ്റർനെറ്റ് ഉപയോഗം 300എംബി 500എംബി പരിധിയിലേ വരികയുള്ളു. ബാക്കിയുള്ളതിന് നമ്മൾ വെറുതെ കാശു കൊടുക്കുകയാണ്.അതേ അവസ്ഥ വൈദ്യുതിയുടെ കാര്യത്തിൽ കൂടി വരികയാണ്.ഉപയോഗിക്കാത്ത യൂണിറ്റിനും ചാർജ്!വായിക്കുമ്പോൾ അതിശയോക്തി തോന്നാം.പക്ഷെ കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ ബില്ലുകളിൽ ഒന്നായ വൈദ്യുത ബില്ല് പ്രാവർത്തികമാകുമ്പോൾ അഥവാ വൈദ്യുത വിതരണ മേഖല സ്വകാര്യവൽക്കരിക്കുമ്പോൾ സംഭവിക്കാൻ പോകുന്നത് ഇതാണ്.

ഇനി ഇൻ്റർനെറ്റും, വൈദ്യുതിയും വിട്ട് ആ സ്ഥാനത്ത് അവശ്യസാധനങ്ങളായ കാർഷിക ഉൽപന്നങ്ങൾ ആണെന്ന് കരുതുക.അവിടെയും കുറച്ച് വ്യത്യസ്തമാണെങ്കിലും തത്വത്തിൽ ഇതേ മാതൃകയിലാണ് കാര്യങ്ങൾ നടക്കുക.ഉൽപന്നങ്ങൾ ഭീമൻ സംഭരണകേന്ദ്രത്തിൽ കുത്തകകൾ സംഭരിക്കും.ചില്ലറ വിൽപ്പനക്കാർ രംഗം വിടുന്നത് വരെ തുഛ വിലയ്ക്ക് വിൽക്കും. പിന്നെ വിപണിയിൽ, അവർ മാത്രമുള്ള സാഹചര്യമായാൽ ഇതേ മാതൃകയിൽ വിൽപ്പന തുടങ്ങും.അവർക്ക് തോന്നിയ വില.അവർക്ക് തോന്നിയ അളവ്.അവർക്ക് തോന്നിയ സമയത്ത് വിൽപ്പന.

”ഇന്ന് കേരളത്തിൽ അരിവിൽപ്പനയില്ല!”

എന്ന്, ജിയോ റൈസ് ഗ്രൂപ്പ് അറിയിച്ചു എന്ന വാർത്ത വിദൂരഭാവിയിൽ എവിടെയോ ഉണ്ട്.അന്ന് നിങ്ങൾക്ക് എങ്ങനെ പ്രതികരിക്കാനാകും? തിന്നാതെ പ്രതികരിക്കാൻ നിങ്ങൾക്ക് കഴിയുമോ? സമരമോ, നിരാഹാര സത്യാഗ്രഹമോ നിങ്ങൾ ശീലിച്ചിട്ടുണ്ടോ.. ഇതുവരെയും കർഷകസമരത്തെ നിസ്സംഗതയോടെ നോക്കിയിരുന്നവരും, അതിനെ എതിർക്കുന്നവരും ഓർക്കാനാണ്.നിങ്ങളുടെ പ്രതികരണശേഷി അനുനിമിഷം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇനിയൊരുകാലം, നിൽക്കക്കള്ളി ഇല്ലാതാകുമ്പോൾ ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കും എന്നുകൂടി അറിയാതെ നിസ്സഹായരായി ചത്തൊടുങ്ങാനായിരിക്കും നിങ്ങളുടെ വിധി.

ഇന്ന് കർഷകർ സമരം ചെയ്യുന്നത് ഈ രാജ്യത്ത് ജീവിക്കുന്നവർക്കും, ഇനി ജീവിക്കാൻ പോകുന്നവരുമായ എല്ലാ മനുഷ്യർക്കും വേണ്ടിയാണ്.മാർക്സിൻ്റെ വാക്കുകൾ എത്ര അന്വർത്ഥമാണ്. ‘പണിയെടുക്കുന്നവരേ.. നിങ്ങൾക്ക് നഷ്ട്ടപ്പെടാനുള്ളത് ചങ്ങലകൾ മാത്രം നേടാനുള്ളത് പുതിയൊരു ലോകവും.’ചങ്ങല പൊട്ടിച്ചെറിയാൻ നിങ്ങളുടെ കൈയ്യിൽ വളരെ കുറച്ചു സമയമേ ബാക്കിയുള്ളു.

(ഹരികൃഷ്ണൻ തച്ചാടൻ ഫേസ്ബുക്കിലെഴുതിയ ലേഖനം)