കർഷകസമരത്തെ പിന്തുണച്ചുക്കൊണ്ട് സിപിഐ(മാവോയിസ്റ്റ്) പോസ്റ്ററുകൾ!പിണറായി സർക്കാരിനെതിരെയും വിമർശനം

കുപ്രചരണങ്ങളിലൂടെ കർഷകസമരത്തെ തകർക്കാനുള്ള നീക്കത്തെ ചെറുക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് സിപിഐ(മാവോയിസ്റ്റ്)ൻ്റെ പോസ്റ്ററുകൾ. വയനാട് തലപ്പുഴയിൽ, മാവോയിസ്റ്റ് പാർട്ടിയുടെ കബനി ദളത്തിന്റെ പേരിൽ പതിച്ച പോസ്റ്ററുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുക, പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക, ഇന്ത്യയെ പ്രകമ്പനം കൊള്ളിക്കുന്ന കർഷക പോരാട്ടം തൊഴിലാളി-കർഷക ഐക്യത്തിലൂടെ ആളിപടർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററിലുണ്ട്.

പിണറായി വിജയൻ സർക്കാരിനെതിരെയും പോസ്റ്ററിൽ രൂക്ഷവിമർശനമുണ്ട്.പിണറായി സർക്കാരും സഹകരണബാങ്കും ചേർന്ന് കർഷകരുടെ ഭൂസ്വത്തുകൾ ജപ്തി ചെയ്യുകയാണെന്നും അവ ചെറുക്കണ മെന്നുമാണ് സിപിഐ(മാവോയിസ്റ്റ്) കബനി ദളം പോസ്റ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

തലപ്പുഴ ചുങ്കം കാപ്പികളം അണക്കെട്ടിന് സമീപം ഒരു സ്ത്രീ ഉൾപ്പെടെ നാലംഗ മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തകരാണ് ഇന്നലെ രാത്രി പോസ്റ്ററുകൾ പതിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. പ്രദേശവാസിയായ തുപ്പാടന്‍ സിദ്ദിഖിന്റെ വീടിന്റെ ഭിത്തിയില്‍ പോസ്റ്ററുകള്‍ പതിക്കുകയും, സിദ്ദിഖിന്റെ മകന്റേയും, കൂട്ടുകാരന്റേയും കൈവശം ലഘുലേഖകള്‍ നല്‍കിയതായും വീട്ടുകാര്‍ പറയുന്നു. പിന്നീട് കുറച്ചു നേരം മുദ്രാവാക്യം വിളിച്ച ശേഷം സംഘം തിരിച്ച് കാട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്.