എൽഗാർ പരിഷത്ത് കേസ്; സുധയ്ക്കെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതെന്ന് അഡ്വ.ചൗധരി

മൊഴിമാറ്റം : നർമ്മദ

ഭീമ കൊറഗാവ് കേസില്‍ തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും, അവർക്കെതിരെ നിരത്തപ്പെട്ടിട്ടുള്ള തെളിവുകൾ, വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും സുധയുടെ അഭിഭാഷകൻ ചൗധരി. റോണയുടെയും സുരേന്ദ്ര ഗാഡ്ലിങ്ങിന്റെയും ലാപ്ടോപ്പുകളിൽ നിന്നും ലഭിച്ച ടൈപ്പ് ചെയ്ത, എന്നാൽ ഒപ്പ് വച്ചിട്ടില്ലാത്ത രേഖകളുടെ ഫോട്ടോകോപ്പികളാണ് സുധയ്‌ക്കെതിരെയുള്ള തെളിവുകളിൽ പ്രധാനമായി ഉന്നയിക്കപ്പെടുന്നത്. സുധയുടെ ലാപ്ടോപ്പിൽ നിന്നും ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നും അഭിഭാഷകൻ ചൗധരി പറയുന്നു. സുധയ്‌ക്കെതിരെ കൃത്യമായ തെളിവുകൾ ഒന്നും തന്നെ ഇല്ല,സാക്ഷികളും ഇല്ല. കേസ് കെട്ടി ചമച്ചതാണെന്ന് ഇതോടെ വ്യക്തമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

1991ലെ ‘ജെയിൻ ഹവാല’ കേസിൽ ജെയിൻ സഹോദരന്മാർ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളു മായി നടത്തിയ പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഹവാല കേസ് റദ്ദ് ചെയ്ത സുപ്രീംകോടതിയുള്ള നാടാണിതെന്ന് ചൗധരി എല്ലാവരെയും വെബിനാറിൽ ഓർമപ്പെടുത്തി.

എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും വിദ്യാഭ്യാസപ്രവർത്തകരും സുധ ഭരദ്വാജിനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വെബിനാറിലാണ് സുധ ഭരദ്വാജിന്റെ രാഷ്ട്രീയ ഇടപെടലുകളും, മോചനവും ചർച്ചയായത്. നിലവിലുള്ള ഭരണസംവിധാനങ്ങളിൽ ഒന്നും തന്നെ വിശ്വാസമര്‍പ്പിക്കാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ ബുദ്ധിജീവികളോടും മറ്റു സാമൂഹിക പ്രവര്‍ത്തകരോടും മൗനം വെടിഞ്ഞുകൊണ്ട് സുധയുടെ പാത പിന്തുടരുവാന്‍ വെബിനാറിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

‘സുധ ഭരദ്വാജ് പറയുന്നു; നിയമത്തിന്‍റെയും സാമൂഹിക പ്രവര്‍ത്തനത്തിന്‍റെയും ജീവിതം’ എന്ന പുസ്തകം വെബിനാറിൽ നയൻതാര സൈഗാൾ പ്രകാശനം ചെയ്തു. അഭിഭാഷകരായ ദർശന മിത്രയും, ശാന്തനു ചക്രബോർത്തിയും ചേർന്ന് സുധ ഭരദ്വാജുമായി നടത്തിയ അഭിമുഖങ്ങളാണ് പുസ്തകത്തിനാധാരം.പുസ്തകം പ്രകാശനം ചെയ്തതത് നയൻതാര സൈഗാൾ ആയിരുന്നു.രാജ്യത്തെ യുക്തിവാദികളെ കൊല്ലാകൊല ചെയ്യുന്നതില്‍ പ്രതിഷേധിച്ച് , 2015-ല്‍ സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ച എഴുത്തുക്കാരിയാണ് നയൻ‌താര.

“1980 കളിൽ കോടതികൾ തൊഴിലാളി അനുകൂല വിധിന്യായങ്ങൾ നൽകിയിരുന്നുവെന്ന് സുധ പറയുമായിരുന്നു.1990 കൾക്കുശേഷം നടപ്പാക്കിയ ഉദാരവൽക്കരണ പരിഷ്ക്കരണങ്ങൾ തൊഴിലാളി വർഗ്ഗത്തിനെതിരായി. ഉന്നത അഭിഭാഷകരെ നിയമിക്കാനും അവരുടെ സ്വന്തം നിബന്ധനകൾ നിശ്ചയിക്കാനും മറ്റും കോർപ്പറേറ്റുകൾക്ക് മൂലധനമുണ്ട്.” സുധ ഭരദ്വാജിൻ്റെ വാക്കുകൾ സ്മരിച്ചുക്കൊണ്ട് നയൻതാര സൈഗാൾ പറഞ്ഞു.

ഇവിടുത്തെ സർക്കാർ കോർപ്പറേറ്റുമായി കൈകോർത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനോ ജുഡീഷ്യറിയോ മാധ്യമമോ ആകട്ടെ,ഏതു സ്ഥാപനത്തെയും ആശ്രയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ രാജ്യം നിരാശജനകമായ സാഹചര്യത്തിലേക്ക് വലിച്ചെറിയപ്പെട്ടു. മിണ്ടാതിരിക്കുന്നത് ഒരു പ്രതിവിധിയല്ല. പോരാടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.അതിനാൽ സുധയുടെ ധൈര്യം ഞങ്ങളെ എന്നും പ്രചോദിപ്പിക്കുമെന്നും നയൻ‌താര സൈഗാൾ കൂട്ടിച്ചേർത്തു.

മനുഷ്യാവകാശ നിയമങ്ങൾ പ്രധാനമായും തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നു ഞങ്ങൾ ചോദിച്ചപ്പോൾ,തനിക്ക് ഒരു തൊഴിലാളി യൂണിയൻ പ്രവർത്തക ആകണമെന്നായിരുന്നു, എന്നാൽ തൊഴിലാളി സംഘടനയ്ക്ക് താൻ ഒരു അഭിഭാഷക ആകുന്നതിനോടായിരുന്നു താത്പര്യം എന്നാണ് സുധ മറുപടി നൽകിയതെന്ന് അവരുമായി അഭിമുഖം നടത്തിയശാന്തനു ചക്രബോർത്തി ഓർമിക്കുന്നു.

സുധാജിയെ സംബന്ധിച്ചിടത്തോളം, ജനങ്ങൾക്ക് ലഭ്യമായ ഏതൊരു അവകാശവും ജനങ്ങളുടെ പോരാട്ടത്തിന്റെ ഫലമാണ്.ജനങ്ങൾ പോരാടുമ്പോൾ മാത്രമാണ് ഭരണഘടന ജീവസുറ്റതാകുന്നതെന്നും അവർ വിശ്വസിച്ചു. കോടതി കേസ് റദ്ദാക്കിയാലും, സുധ തന്റെ പോരാട്ടം തുടർന്ന് കൊണ്ടിരുന്നു.
അവർ കൈകാര്യം ചെയ്തിരുന്ന പല കേസുകളും കോടതി റദാക്കിയപ്പോൾ, തനിക്കിതറിയാമായിരുന്നു വെന്നും ഇനിയും പോരാട്ടം തുടരേണ്ടതുണ്ടെന്നുമായിരുന്നു, അവർ നൽകിയ മറുപടിയെന്നും ശന്തനു കൂട്ടിച്ചേർത്തു.

1980 കളിൽ രാജ്‌നന്ദ്‌ഗാവിലെ കളക്ടറായിരുന്ന ആക്ടിവിസ്റ്റ് ഹർഷ് മന്ദർ സുധയെ പറ്റി ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.”പ്രദേശത്തെ ജനങ്ങൾക്ക് ലഭിക്കേണ്ട തുല്യതയും നീതിയും ചർച്ച ചെയ്യുന്നതിനായി ട്രേഡ് യൂണിയൻ നേതാവായ ഗുഹ നിയോഗിയും ഭരദ്വാജും പലതവണ ഓഫീസിൽ വന്നിരുന്നു. തൊഴിൽ അവകാശങ്ങൾ, കുടിയൊഴിപ്പിക്കൽ, സമത്വം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന കേസുകളുമായി അവർ തന്റെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരുന്നു.”ഭീമ കൊറഗാവ് കേസിൽ സുധ ഭരദ്വാജിനെതിരെ യാതൊരു തെളിവുമില്ല എന്നും വെബിനാറിൽ പങ്കെടുത്തുക്കൊണ്ട് ഹർഷ് മന്ദർ പറഞ്ഞു.

ജയിലിൽ വെച്ച് സന്ദർശിക്കുമ്പോൾ, വീടിനെക്കുറിച്ചുള്ള ഓർമകൾ അമ്മയെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നതായി പറയുമായിരുന്നെന്ന് സുധ ഭരദ്വാജിൻ്റെ മകൾ മായ്ഷ പറഞ്ഞു.

ട്രേഡ് യൂണിയൻ നേതാവ് ശങ്കർ ഗുഹ നിയോഗിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഛത്തീസ്‌ഗഢിലെ ജനങ്ങൾക്കിടയിൽ ജീവിക്കാൻ നഗരജീവിതത്തിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സുധ ഭരദ്വാജ് രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയത്. പ്രധാനമന്ത്രിയെ വാഹനഘോഷയാത്രയ്ക്കിടെ വധിക്കാനുള്ള ‘മാവോയിസ്റ്റ്’ പദ്ധതിയുടെ പേരിലും,2017 ഡിസംബർ 31നു നടന്ന എൽഗാർ പരിഷത്ത് സമ്മേളനത്തിന് ശേഷം ഉടലെടുത്ത ജാതി സംഘർഷങ്ങളുടെ പേരിലുമാണ് സുധയെയും മറ്റു 15 സാമൂഹിക പ്രവർത്തകരെയും തടവിലാക്കിയിരിക്കുന്നത്. ഒബിസി, ദളിത്, മറാത്ത വിഭാഗങ്ങൾക്കിടയിൽ ഐക്യം വളർത്തുക എന്നതായിരുന്നു എൽഗാർ പരിഷത്തിന്റെ പ്രധാന ലക്ഷ്യം. ഭീമ കൊറഗാവ് കേസ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത് എൻഐഎ(ദേശിയ അന്വേഷണ ഏജൻസി) ആണ്. മാവോയിസ്റ്റുകളെ ബോംബ് നിർമിക്കാൻ സഹായിച്ചു, സായുധ പരിശീലനം സംഘടിപ്പിച്ചു, മാവോയിസത്തിലേക്ക് യുവാക്കളെ ആകർഷിച്ചു എന്നിവയെല്ലാമാണ് സുധയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കേസിലെ ആരോപണങ്ങൾ.

ദി ടെലഗ്രാഫ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്വതന്ത്ര പരിഭാഷ.