‘സിപിഐ(മാവോയിസ്റ്റ്‌)ൻ്റെ ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുത്തു’ഡോ.ദിനേശിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കേരള എടിഎസ്

കോയമ്പത്തൂരിൽ നിന്ന് കേരള എടിഎസ് ഇന്നലെ അറസ്റ്റ് ചെയ്ത സിപിസിഎൽ(Center for Protection of Civil Liberties -TN) പ്രവർത്തകനും ഡോക്ടറുമായ ദിനേശ്, സിപിഐ(മാവോയിസ്റ്റ്) ൻ്റെ ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുത്തതായി എടിഎസിൻ്റെ ആരോപണം. ദിനേശിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാവശ്യ പ്പെട്ടു ക്കൊണ്ട് കേരള എടിഎസും മലപ്പുറം ക്രൈംബ്രാഞ്ചും ചേർന്ന് മഞ്ചേരി സെഷൻസ് കോടതിക്കു മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

2016 സെപ്റ്റംബർ മാസത്തിലെ അവസാനത്തെ ആഴ്ചയിൽ മുണ്ടക്കടവ് കോളനിക്കടുത്തുള്ള വനത്തിൽ വെച്ച് സിപിഐ(മാവോയിസ്റ്റ്) സംഘടനയുടെ രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് സംഘടനയിൽ പ്പെട്ട പ്രതികൾ ഒന്നാം പ്രതി കാളിദാസിൻ്റെയും മറ്റും നേതൃത്വത്തിൽ സിപിഐ(മാവോയിസ്റ്റ്) ട്രെയിനിംഗ് ക്യാമ്പും, ക്യാമ്പിൽ ആയുധപരിശീലനവും പരേഡും പതാക ഉയർത്തലും ക്ലാസുകളും മറ്റും നടത്തി ദേശദ്രോഹ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാണ് എടിഎസിൻ്റെ ആരോപണം. കാളിദാസിനെ അഗളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ചോദ്യം ചെയ്തതിൽ പ്രതിയുടെ സ്വമേധയായുള്ള കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് എടക്കര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ ഉത്തരവ് പ്രകാരം പിന്നീട് കേസിന്റെ തുടരന്വേഷണം ഭീകര വിരുദ്ധ സേന(എടിഎസ്)യ്ക്ക് കൈമാറുകയായിരുന്നു.

മുണ്ടക്കടവ് ഉൾവനത്തിൽ കടന്നകാപ്പ് എന്ന സ്ഥലത്ത് ഈങ്ങാർ വനത്തിലെ വാച്ച് ടവറിൽ നിന്നും ഒരു കിലോമീറ്റർ മാറി വനത്തിനുള്ളിൽ സിപിഐ(മാവോയിസ്റ്റ്) സംഘടനയുടെ ട്രെയിനിംഗ് ക്യാമ്പ് നടന്നു എന്നും മാവോയിസ്റ്റ് പാർട്ടിയുടെ സായുധ വിഭാഗങ്ങളായ ശിരുവാണി,ഭവാനി,നാടുകാണി ദളങ്ങളിലെ പിഎൽജിഎ(പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമി)പ്രവർത്തകർ ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

സിപിഐ(മാവോയിസ്റ്റ്) പാർട്ടിയുടെ കേന്ദ്രകമ്മറ്റി അംഗമായ കുപ്പു ദേവരാജ്,തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റി അംഗം അജിത, കൂടാതെ B.G കൃഷ്‍ണമൂർത്തി,രാജൻ ചിറ്റിലപ്പിള്ളി എന്നിവരും ക്യാമ്പിൽ പങ്കെടുത്തതായി പറയുന്നു.കേസിൽ മൊത്തം 25 പ്രതികളാണുള്ളത്.

മാവോയിസ്റ്റ് ട്രൈയിനിംഗ് ക്യാമ്പിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്കെതിരെയുള്ള അന്വേഷണം നടന്നുകൊണ്ടിരി ക്കുമ്പോഴാണ് കേസിലെ 22ആം പ്രതിയായ ദിനേശ് കോയമ്പത്തൂരിൽ ഉണ്ടെന്നുള്ള വിവരം കിട്ടുന്നത്. തുടർന്ന് എടിഎസ് ഇൻസ്‌പെക്ടർ അബ്‌ദുൾ റഹീമിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിലെ ഡോ.രഞ്ജിത്ത് ഡെന്റൽ ക്ലിനിക്കിൽ വെച്ച് വാറണ്ട് പ്രകാരം ഡോ.ദിനേശിനെ അറസ്റ്റ് ചെയ്തു എന്നാണ് എടിഎസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മാവോയിസ്റ്റ് സായുധസംഘം പോലീസുമായി ഏറ്റുമുട്ടലുണ്ടായ നിലമ്പൂർ വനമേഖലയിലെ വരമലയിൽ നിന്ന് കണ്ടെത്തിയ ഡിജിറ്റൽ ഉപകരണങ്ങൾ, ശാസ്ത്രീയമായി എഫ്എസ്എൽ (ഫോറൻസിക് സയൻസ് ലബോറോട്ടറി) വഴി നടത്തിയ പരിശോധന പ്രകാരം വീഡിയോകളിൽ ദിനേശിന്റെ സാന്നിധ്യം വ്യക്തതമായിട്ടുണ്ടെന്നും വീഡിയോയിൽ കാണുന്നത് താൻ തന്നെയാണ് എന്ന് ദിനേശ് സമ്മതിച്ചതായും എടിഎസ് അവകാശപ്പെടുന്നു.

ഈ കേസിലെ കുറ്റകൃത്യം നടത്തുന്നതിന് പ്രതികൾ നടത്തിയ ഗുഢാലോചനയും തയാറെടുപ്പുകളുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനും,കൂടാതെ മാവോയിസ്റ്റ് സംഘടനയുടെ ഒളിവിൽ കഴിഞ്ഞുവരുന്ന നേതാക്കളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും കേസിലെ തിരിച്ചറിഞ്ഞ കൂട്ടുപ്രതികളെ കൂടാതെ മറ്റേതെങ്കിലും മാവോയിസ്റ്റ് പ്രവർത്തകർ കൂടി ഈ കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കുന്നതിനും ദിനേശിനെ കസ്റ്റഡിയിൽ നൽകണമെന്ന് കോടതിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു.

ജാമ്യത്തിൽ വിട്ടാൽ പ്രതി ഒളിവിൽ പോകുമെന്നും നിയമവ്യവസ്ഥക്ക് ഭീഷണിയാകുന്ന മാവോയിസ്റ്റ് പാർട്ടിയുമായി ചേർന്ന് രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും, കേസിലെ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാലും 30 ദിവസത്തേക്കെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്നായിരിന്നു എടിഎസിൻ്റെ ആവശ്യം.

മഞ്ചേരി കോടതിയിൽ ഇന്നലെ ഹാജരാക്കിയ ദിനേശിനെ പത്തു ദിവസത്തേക്കാണ് ക്രൈംബ്രാഞ്ചിന് കസ്റ്റഡിയിൽ വിട്ടു കൊടുത്തിരിക്കുന്നത്. ഫെബ്രുവരി നാലിന് രാവിലെ പതിനൊന്നോടെ കേരളത്തിൽ നിന്നെത്തിയ എടിഎസിൻ്റെ നാലംഗ സംഘം ദിനേശ് പ്രാക്ടിസ് ചെയ്യുന്ന ക്ലിനിക്കിലെത്തി റെയ്ഡ് നടത്തുകയും ബലം പ്രയോഗിച്ച് ലാപ്ടോപ്പും മൊബൈലും കൈക്കലാക്കി മാവോയിസ്റ്റ് ബന്ധമാരോപിച്ച് കടത്തികൊണ്ടുപോവുകയായിരുന്നു. കേരള എടിഎസിൻ്റെ അന്യായ അറസ്റ്റിലും ക്ലിനിക്കി ലെത്തി തൻ്റെ കൃത്യനിർവ്വഹണം തടസപ്പെടു ത്തിയതിലും അവിടെയുണ്ടായിരുന്ന രോഗിയെ അപമാനിച്ചതിലും പ്രതിഷേധിച്ച് ഇന്നലെ മുതൽ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ് ഡോ.ദിനേശ്.