തമിഴ്നാട്ടിലും കേരള ATS ൻ്റെ റെയ്ഡ്! ഡോ.ദിനേശിനെ അറസ്റ്റ് ചെയ്തു;ഉക്കടത്ത് ജനങ്ങൾ പ്രതിരോധിച്ച് അന്വേഷണസംഘത്തെ മടക്കി അയച്ചു

തമിഴ്നാട്ടിൽ കോയമ്പത്തൂർ ജില്ലയിലെ മൂന്നിടങ്ങളിൽ കേരള എടിഎസിന്റെ റെയ്ഡും അറസ്റ്റും. സിപിസിഎൽ(Center for Protection of Civil Liberties -TN) പ്രവർത്തകനും ഡോക്ടറുമായ ദിനേശിൻ്റെ ക്ലിനിക്കിലും അദ്ദേഹം താമസിച്ചുക്കൊണ്ടിരുന്ന സുഹൃത്തിൻ്റെ വീട്ടിലും ആൻ്റി ഇംപീരിയലിസ്റ്റ് മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി അംഗം പാർത്ഥിപൻ്റെ വീട്ടിലുമാണ് കഴിഞ്ഞ ദിവസം ഒരേ സമയം റെയ്ഡ് നടന്നത്. ഇന്നലെ രാവിലെ പതിനൊന്നോടെ കേരളത്തിൽ നിന്നെത്തിയ എടിഎസിൻ്റെ നാലംഗ സംഘം ഡോ.ദിനേശ് പ്രാക്റ്റിസ് ചെയ്യുന്ന ക്ലിനിക്കിലെത്തി റെയ്ഡ് നടത്തുകയും ബലം പ്രയോഗിച്ച് ലാപ്ടോപ്പും മൊബൈലും കൈക്കലാക്കി അദ്ദേഹത്തെ മർദ്ദിച്ച് മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് സിപിസിഎല്ലിൻ്റെ അഭിഭാഷകനായ രാജ പറയുന്നു. ഡോക്ടറെ എടിഎസ് ഉദ്യോഗസ്ഥർ മർദ്ദിക്കുന്നത് കണ്ട ക്ലിനിക്കിലെ സഹപ്രവർത്തകർ ഇടയർപാളം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിരുന്നു. ദിനേശ് താമസിച്ചിരുന്ന സുഹൃത്തിൻ്റെ വീട്ടിൽ നടന്ന റെയ്ഡ് രാത്രി ഒൻപതു മണി വരെ നീണ്ടു.

അതേസമയം, പാർത്ഥിപൻ്റെ ഉക്കടത്തെ വീട്ടിലെത്തിയ എടിഎസ് അന്വേഷണസംഘത്തിന് കോളനിയിലെ ജനങ്ങൾ പ്രതിരോധിച്ചതിനാൽ റെയ്ഡ് പൂർത്തിയാക്കാനാവാതെ മടങ്ങേണ്ടി വന്നു. രാവിലെ എടിഎസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ താനുണ്ടായിരുന്നില്ലെന്നും, പ്രായമായ അച്ഛനും അമ്മയും ക്യാൻസർ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ മുത്ത ചേച്ചിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് പാർത്ഥിപൻ പറയുന്നു. ഷൂ പോലും അഴിക്കാതെ രണ്ടു മുറി മാത്രമുള്ള വീട്ടിലെ കക്കൂസിൽ വരെ കയറി പരിശോധിച്ച ഉദ്യോഗസ്ഥർ പെൻഡ്രൈവും സിഡിയും ആൻ്റി ഇംപീരിയലിസ്റ്റ് മൂവ്മെൻ്റിൻ്റെ ഏതാനും നോട്ടീസുകളും എടുത്തുക്കൊണ്ടുപോയി. കൊണ്ടുപോകുന്ന സാധനങ്ങളുടെ വിവരം എഴുതി ഒപ്പിട്ട് തരണമെന്ന് വീട്ടുക്കാരും കോളനി നിവാസികളും ആവശ്യപ്പെടുകയും എടിഎസ് ഉദ്യോഗസ്ഥർ അത് വിസമ്മതിച്ചതിനെ തുടർന്ന് റെയ്ഡ് തുടരാൻ അനുവദിക്കാതെ ജനങ്ങൾ പ്രതിരോധിക്കുകയുമായിരുന്നു. തുടർന്ന് കയ്യിൽ കിട്ടിയതെന്തെക്കൊയോ എടുത്ത് ഉദ്യോഗസ്ഥർ കടന്നുകളയുകയായിരുന്നുവെന്നും പാർത്ഥിപൻ പറയുന്നു.

ക്രൈം നമ്പർ 32/2020 കേസുമായി ബന്ധപ്പെട്ട് മഞ്ചേരി കോർട്ടിൽ നിന്നും മലപ്പുറം ക്രൈം ബ്രാഞ്ചിന് ലഭിച്ച റെയ്ഡ് ഓർഡറിനെ തുടർന്നാണ് എടിഎസ് ഉദ്യോഗസ്ഥർ തമിഴ്നാട്ടിലെത്തുന്നത്. മുൻപ്, തൃശൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായ ഡാനിഷിനെതിരെയും ഈ കേസിൽ കുറ്റം ചുമത്തിയിരുന്നു. മറ്റെല്ലാ കേസുകളിലും ജാമ്യം ലഭിച്ച് ജയിൽ മോചിതനാകുന്ന വേളയിൽ ജയിൽ വാതുക്കൽ വെച്ചായിരുന്നു നാടകീയമായി എടിഎസ് ഈ കേസിൻ്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.

ഡോ.ദിനേശ് ഇപ്പോൾ മഞ്ചേരിയിൽ എടിഎസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് അദ്ദേഹത്തെ മഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്ന് വിശ്വസിക്കുന്നതായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സെക്രട്ടറി സി പി റഷീദ് പറയുന്നു.