മാവോയിസ്റ്റ് രാഷ്ട്രീയപ്രവർത്തകൻ സി. പി ജലീലിന്റെ കൊലപാതകം ; കോടതി കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

വയനാട് വൈത്തിരിയിൽ 2019 മാർച്ച് 6 ന് നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് രാഷ്ട്രീയപ്രവർത്തകൻ സി.പി ജലീലിന്റെ കുടുംബം നൽകിയ അപേക്ഷയെ തുടർന്ന് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഫോറൻസിക് പരിശോധനാ ഫലങ്ങൾ പരിഗണിക്കാതെ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. പോലീസിന് ക്ലീൻചിറ്റ് നൽകുന്നതായിരുന്നു മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട്.

ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വയരക്ഷയ്ക്ക് വെടിയുതിർത്ത തണ്ടർബോൾട്ട് നടപടി കുറ്റകൃത്യമായി കാണാനാകില്ലെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. വെടിയേറ്റ് വീണ ജലീലിന് വൈദ്യസഹായം നൽകാതിരുന്നതിനേയും മജിസ്റ്റീരിയൽ റിപ്പോർട്ട് ന്യായീകരിച്ചിരുന്നു.

വൈത്തിരിയിൽ നടന്നത് വ്യാജഏറ്റുമുട്ടലാണ്.ജലീൽ വെടിവെച്ചിട്ടില്ല എന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.ഏറ്റുമുട്ടൽ നടന്നു എന്നു പറയപ്പെടുന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഉണ്ടകൾ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന തോക്കിൽ നിന്നുള്ളതല്ല എന്നും മാവോയിസ്റ്റുകളുടെ തോക്കിൽ നിന്നും വെടി പൊട്ടിയിട്ടില്ലായെന്നുള്ളത് റിപ്പോർട്ടിൽ വ്യക്തമാണ് എന്നും ജലീലിൻ്റെ സഹോദരനും ജനകീയമനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറിയുമായ സി പി റഷീദ് പറയുന്നു.ഇത്തരം റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞുകൊണ്ട് കേരള പോലീസ് പറയുന്നതിനെ ഏറ്റുപറയുന്ന ഒരു റിപ്പോർട്ടാണ് വയനാട്‌ കളക്ടർ നൽകിയ മജിസ്റ്റീരിയൽ റിപ്പോർട്ട്. വയനാട് ഈ റിപ്പോർട്ടിനെ കോടതി തള്ളിക്കളയുമെന്നും ഈ വിഷയത്തിൽ പുനഃരന്വേഷണം പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കുന്നതുമായി സി പി റഷീദ് കൂട്ടിച്ചേർത്തു.