ജയിലിലെ പീഢനം ; സിമി വിചാരണത്തടവുകാർ വീണ്ടും നിരാഹാര സമരത്തിൽ

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നാളുകളായി തുടരുന്ന പീഡനത്തിനും മുസ്ലിം മതഗ്രന്ഥങ്ങളെ അപമാനിക്കുന്നതിനും എതിരെയുള്ള മലയാളികളടക്കമുള്ള തടവുകാരുടെ നിരാഹാരസമരം ഒരു മാസം പിന്നിടുകയാണ്. മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍ എന്നിവരുള്‍പ്പെടെ 7 തടവുകാരാണ് നിരാഹാര സമരം നടത്തുന്നത്. 2016 മുതലുള്ള ഏകാന്ത തടവ് അവസാനിപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നുമാണ്‌ തടവുകാരുടെ പ്രധാന ആവശ്യം. സിമി കേസില്‍ അറസ്റ്റിലായ ഇവര്‍ പന്ത്രണ്ടു വര്‍ഷമായി വിചാരണത്തടവുകാരായി കഴിയുകയാണ്. 2016 മുതല്‍ 24 മണിക്കൂറും ഏകാന്ത സെല്ലുകളില്‍ കഴിയുന്ന ഇവര്‍ക്ക് ദിനപ്പത്രം, പുസ്തകങ്ങള്‍, എഴുത്ത് സാമഗ്രികള്‍, ജുമുഅ (വെള്ളിയാഴ്ച) നമസ്‌കാരം തുടങ്ങി തടവുകാര്‍ക്ക് അനുവദിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നതായും സിമി വിചാരണ തടവുകാർ ആരോപിക്കുന്നുണ്ട്. ഖുര്‍ആനിനെ അപമാനിക്കുന്ന സംഭവങ്ങള്‍ ജയിലിൽ നിരന്തരം ആവര്‍ത്തിക്കെപ്പടുന്നതായി മക്കൾ തന്നോട് പറഞ്ഞിട്ടുള്ളതായാണ് ശിബിലി-ശാദുലിമാരുടെ പിതാവ് അബ്ദുല്‍കരീം പത്രപ്രസ്താവനയിൽ പറയുന്നത്.കുടുംബത്തിലേക്ക് ഫോണ്‍ ചെയ്യാനോ കത്തയക്കാന്‍ പോലുമോ അനുവാദമില്ലന്നും അദ്ദേഹം വെളിപ്പെടുത്തി.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2017ല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ തടവുകാരനുഭവിക്കുന്ന ശാരീരിക പീഡനവും മാനസിക പീഡനവും നേരിട്ട് മനസിലാക്കിയിരുന്നു.ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ചുമത്തിയ ജയില്‍ അവസ്ഥയെ നിയമവിരുദ്ധമെന്ന് കമ്മീഷൻ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. വസ്തുതകള്‍ ബോധ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന്‍ തടവുകാരുടെ മൗലികാവകാശം ഉറപ്പാക്കാന്‍ വിവിധ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു. പക്ഷേ, അവയൊന്നും നടപ്പായില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് ഖുര്‍ആനിനെ അപമാനിക്കുന്ന ഒരു സംഭവം ഉണ്ടായതിനെത്തുടര്‍ന്ന് തടവുകാര്‍ നിരാഹാരസമരം ആരംഭിച്ചിരുന്നു. പത്രവാര്‍ത്തകളില്‍ നിന്ന് വിവരമറിഞ്ഞ മനുഷ്യാവകാശ കമ്മീഷന്‍ ഈ വിഷയത്തിൽ ജയിലധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പിൻമേൽ 65 ദിവസമായി നടത്തി വന്ന നിരാഹാരസമരം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ദുര്‍ബലമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആവശ്യങ്ങള്‍ അനുവദിക്കാന്‍ ജയില്‍ ഭരണകൂടം വീണ്ടും വിസമ്മതിച്ചു. ഈ സാഹചര്യത്തിലാണ് ജനുവരി പതിനാല് മുതല്‍ നിരാഹാരസമരം സിമി വിചാരണ തടവുകാർ പുനരാരംഭിച്ചത്. സമരക്കാര്‍ അവശനിലയിലായതിനെത്തുടര്‍ന്ന് ജയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. പക്ഷേ അടിസ്ഥാനാവശ്യങ്ങള്‍ പോലും അനുവദിക്കാന്‍ അധികാരികള്‍ ഇതുവരെയും തയ്യാറായിട്ടില്ല. നിയമാനുസൃതം തടവുകാര്‍ക്ക് ലഭ്യമാകേണ്ട മനുഷ്യാവകാശങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ നടപടികളുണ്ടാകണമെന്നാണ് സിമി വിചാരണ തടവുകാരുടെ കുടുംബങ്ങള്‍ പത്ര പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്.