പാട്ടുക്കാരൻ മാത്രമല്ലാത്ത സഖാവ് രാജനെ കുറിച്ച്…

കെ മുരളി

1976 മാർച്ച് 2 ന് അടിയന്തരാവസ്ഥക്കാലത്ത്, കോഴിക്കോട് കക്കയം ക്യാമ്പിൽ വെച്ച് നടന്ന പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ആർഇസി വിദ്യാർത്ഥിയായിരുന്ന രാജനെ, സുഹൃത്തും സഹപാഠിയുമായിരുന്ന കെ.മുരളി ഓർമിക്കുന്നു…

ചുറ്റുമുള്ള ജനങ്ങളുമായി ഒരു ബന്ധവുമില്ലാതെ കഴിയുന്ന പതിവ് ആർഇസി (ഇന്നത്തെ എൻഐടി) വിദ്യാർത്ഥി ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി സഖാവ് രാജൻ അവരുമായി ഗാഢബന്ധം പുലർത്തി. കോളേജിൽ പ്രവർത്തിച്ചിരുന്ന എംഎൽ ഗ്രൂപ്പ് ചുറ്റുപാടുമുള്ള ജനങ്ങൾക്കിടയിൽ ബന്ധങ്ങളുണ്ടാക്കു ന്നതിൽ ആ സഖാവിന്റെ ഈ ഗുണം പ്രമുഖ പങ്കുവഹിച്ചു. വിദ്യാർത്ഥികൾക്കിടയിലായാലും ജനങ്ങൾക്കിടയിലായാലും അടിത്തട്ടിലുള്ളവർക്കിടയിലായിരുന്നു രാജന്റെ ബന്ധങ്ങൾ അധികവും. അനുഗൃഹീത കലാകാരനായിരുന്നു സഖാവ്. തന്റെ കലയെ ജനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു. ആ നാട്ടിലുള്ള നിർധനനായ ഒരു പാട്ടുകാരന്റെ ചികത്സാ സഹായത്തിന് കോളേജിൽ തന്നെ ഒരു ഗാനമേള സംഘടിപ്പിച്ചത് ഓർക്കുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും അത്ഭുതപ്പെട്ട ഒരു അനുഭവമായിരുന്നു അത്. തങ്ങളുടെ വരേണ്യഭാവം മാറ്റി വെച്ച് ചുറ്റും തങ്ങളെപോലെ മനുഷ്യരായ കുറേപേർ ജീവിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ അതിൽ ചിലരെയെങ്കിലും, അത് പ്രേരിപ്പിച്ചു. ഏത് പ്രതികൂല സാഹചര്യത്തിലും അതിലൊരു വിള്ളലെങ്കിലും ഉണ്ടാക്കുന്ന ചിലത് ചെയ്യാനുണ്ടാകും. സൃഷ്ടിപരമായ ഇടപെടൽ അതു സാധ്യമാക്കും. അതായിരുന്നു രാജന്റെ പാട്ടും ഗാനമേളയും. അതെല്ലാം മറച്ചു വെച്ചാണ് സിപിഎം-സിപിഐ തിരുത്തൽവാദികൾ രാജനെന്ന പാട്ടുകാരനെ കരുണാകരനെ കളിയാക്കി പാടിയതുകൊണ്ടു മാത്രം മർദ്ദനമേറ്റ് മരിച്ച പാവം വിദ്യാർത്ഥിയാക്കിയത്. അവരത് മറച്ചുവച്ചേപറ്റു. കാരണം നക്സൽബാരിയുടെ വിപ്ലവ രാഷ്ട്രീയത്തിലെ കമ്മ്യൂണിസ്റ്റ് ഗുണമായിരുന്നു സഖാവിനെ ജനകീയനാക്കിയത്, ജനശത്രുക്കളുടെ നോട്ടത്തിൽ അപകടകാരിയാക്കിയത്.