ഐഐടിയിൽ സംവരണച്ചട്ടങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രാം നാഥ് കോവിന്ദിന് നിവേദനം

ഐഐടികളിൽ പ്രവർത്തിക്കുന്ന ആറ് വിദ്യാർത്ഥിസംഘടനകളും മറ്റ് ഐഐടി വിദ്യാർത്ഥികളും ചേർന്ന്, ഐഐടികളിലെ വിസിറ്റർ ചുമതല കൂടി നിർവ്വഹിക്കുന്ന ഇന്ത്യൻ പ്രസിഡൻ്റ് രാം നാഥ് കോവിന്ദിനാണ് നിവേദനം സമർപ്പിക്കുന്നത്.

സംവരണ നിയമങ്ങൾ കൃത്യമായി പാലിക്കാത്തത് കാരണം 1973 മുതൽ നഷ്ടമായ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ പെട്ടവരുടെ സീറ്റുകളും 2008 മുതൽ നഷ്ടമായ ഒബിസി വിഭാഗക്കാരുടെ സീറ്റുകളും കണക്കുകൂട്ടി വരും വർഷങ്ങളിൽ ആ സീറ്റുകൾ പ്രസ്തുത വിഭാഗങ്ങൾക്ക് ഉറപ്പ് വരുത്താനുള്ള ആക്ഷൻ പ്ലാനും നിവേദനത്തിൻ്റെ ഭാഗമായുണ്ട്. ക്യാമ്പസുകളിലെ ജാതി വിവേചനത്തിന് എതിരായി പട്ടിക ജാതി, പട്ടിക വർഗ്ഗ, ഒബിസി വിഭാഗങ്ങൾക്ക് പ്രത്യേക സെല്ലുകൾ ആരംഭിക്കണം എന്നും നിവേദനം ആവശ്യപ്പെടുന്നു.

എല്ലാ ഐഐടികളിലും നടത്തുന്ന പ്രവേശന പ്രക്രിയയിൽ വരുന്ന അപേക്ഷകർ, അഭിമുഖ പരീക്ഷക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ, അഭിമുഖത്തിൽ പങ്കെടുക്കുന്നവർ, പ്രവേശനം ലഭിക്കുന്നവർ, പല ഡിപ്പാർട്ടുമെൻ്റുകളിൽ പ്രവേശിക്കുന്നവർ,പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ കട്ട് ഓഫ് മാർക്ക് എന്നിവ സംവരണ വിഭാഗം തിരിച്ചു വാർഷിക അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കാൻ ഐഐടികൾ തയ്യാറാവണം എന്നും നിവേദനം ആവശ്യപ്പെടുന്നു.

അധ്യാപക നിയമനത്തിലും പിജി, പിഎച്ച്ഡി പ്രവേശനത്തിലും നിയമം അനുശാസിക്കുന്ന നിലയ്ക്കുള്ള സംവരണം എത്രയും വേഗം എല്ലാ ഐഐടികളിലും നടപ്പിലാക്കണം എന്നതാണ് നിവേദനം ഉയർത്തുന്ന ആവശ്യം. പ്രസ്തുത സംഘടനകൾ വിവരാവകാശ നിയമം വഴി ഐഐടികളിലെ പ്രാതിനിധ്യത്തെ സംബന്ധിച്ച് ശേഖരിച്ച രേഖകൾ നൽകുന്നത് നിരാശാജനകമായ ചിത്രമാണ്. നിരവധി മാധ്യമങ്ങൾ ഈ വിഷയം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇരുപത്താറോളം വിദ്യാർത്ഥി, പൊതു ജന പ്രസ്ഥാനങ്ങൾ നിവേദനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 600- ൽ പരം വിദ്യാർത്ഥികൾ, അധ്യാപകർ, അക്കാദമിക് പണ്ഡിതർ, ആക്ടിവിസ്റ്റുകൾ എന്നിവർ നിവേദനത്തിന് പിന്തുണ അറിയിച്ചു ഒപ്പ് രേഖപെടുത്തിട്ടുണ്ട്. ജിഗ്നേഷ് മേവാനി, അജന്ത സുബ്രഹ്മണ്യൻ, പ്രൊഫസ്സർ എൻ സുകുമാർ, പ്രൊഫസ്സർ കെ.വൈ രത്നം, പ്രൊഫസ്സർ പ്രഭാത് പട്നായിക്, മീന കന്തസ്വാമി, പ്രൊഫസ്സർ ജയതി ഘോഷ്, പ്രൊഫസ്സർ അശ്വിനി ദേശ്പാണ്ഡെ , പ്രകാശ് കാരാട്ട്, കണ്ണൻ ഗോപിനാഥൻ,പ്രൊഫസ്സർ വെങ്കിടേഷ് ആത്രേയ, നിത്യാനന്ദ് ജയരാമൻ,ജെ ദേവിക, ടി.എം കൃഷ്ണ, ഡോ: സി ലക്ഷ്മണൻ, പ്രിൻസ് ഗജേന്ദ്ര ബാബു, പ്രൊഫസ്സർ ഉത്സ പട്നായിക് എന്നിവരാണ് ഒപ്പിട്ടവരിൽ പ്രമുഖർ.

നിവേദനത്തിൻ്റെ പൂർണ്ണ രൂപം

ഐഐടി കളില്‍ സംവരണച്ചട്ടങ്ങള്‍ ഉടനടി നടപ്പിലാക്കുക

രാജ്യത്തെ ഐ ഐ ടി(Indian Institute of Technology)കളിലെ അധ്യാപക-ഗവേഷക വിഭാഗങ്ങളില്‍ നിലനില്‍ക്കുന്നപട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മറ്റ്‌ പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരുടെ പ്രാതിനിധ്യക്കുറവിനെ പറ്റിയുള്ള ഉത്കണ്ഠാജനകമായ വാര്‍ത്തകള്‍ അടുത്തിടെ പല പ്രമുഖ പത്രങ്ങളിലൂടെ പുറത്തു വന്നിരിന്നു. നിയമപ്രകാരംഐ ഐ ടി കള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, വിദ്യാര്‍ത്ഥി ഒഴിവുകളുടെ15 ശതമാനം, 7.5 ശതമാനം, 2 ശതമാനം സീറ്റുകള്‍ യഥാക്രമം പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, മറ്റ്‌ പിന്നോക്കജാതികളില്‍ പെട്ടവര്‍ക്ക്‌ സംവരണം ചെയ്യപ്പെട്ടതാണ്‌. എന്നാല്‍ പത്രവാര്‍ത്തകള്‍ അനുസരിച്ചു ഈവ്യവസ്ഥയുടെ ബോധപൂര്‍വൃമായ ലംഘനമാണ്‌ ഐഐടി കള്‍ നടത്തിപ്പോരുന്നത്‌.

വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി 2019ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്ക്‌ പ്രകാരം ഐഐടി കളിലെ 2015-2019വരെയുള്ള പിഎച്ച്ഡി പ്രവേശനങ്ങളില്‍ ഒരു ഐഐടിക്ക്‌ പോലും സംവരണചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍പറ്റിയിട്ടില്ല. ഒബിസി വിഭാഗത്തില്‍ മാത്രം 28 ശതമാനം പ്രവേശനം കൊടുത്ത ഐഐടി മദ്രാസ്‌ ഒഴിച്ചാല്‍,ഏറ്റവും വലിയ അഞ്ച്‌ ഐഐടി കളായ ഘരഖ്പൂര്‍, ബോംബെ, മദ്രാസ്‌, കണ്‍പൂര്‍, ഡല്‍ഹി ഐ ഐടികളില്‍ ആര്‍ക്കും തന്നെ യാതൊരു സംവരണീയ വിഭാഗങ്ങളുടെയും ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.പിഎച്ച്ഡി പ്രവേശന്പ്രക്രിയയെ വറ്റി വിവരാവകാശ നിയമ പ്രകാരം ലഭിച്ചിട്ടുള്ള കണക്കുകള്‍ അനുസരിച്ച്‌തയ്യാറാക്കിയ മറ്റൊരു പത്രവാര്‍ത്തയും സമാനമായ കണ്ടെത്തലുകളാണ്‌ നടത്തിയത്‌. ഈ അഞ്ച്‌ ഐഐടികളിലെ നാല് പ്രധാന വകുപ്പുകളില്‍ (സിവില്‍ എഞ്ചിനീയറിംഗ്‌, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌, എലെക്ടിക്കല്‍ എഞ്ചിനീയറിംഗ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌ & എഞ്ചിനീയറിംഗ്‌) 2015-19 കാലഘട്ടത്തില്‍ നടന്ന പിഎച്ച്ഡി പ്രവേശനങ്ങളില്‍ സംവരണീയ വിഭാഗങ്ങള്‍ക്ക്‌ അവകാശപ്പെട്ട 707 സീറ്റുകള്‍ ഗണ്യമായ അളവില്‍ അപേക്ഷകര്‍ ഉണ്ടായിട്ട്‌ പോലും അവര്‍ക്ക്‌ നിഷേധിക്കപ്പെടുകയു ണ്ടായി. ഇതില്‍ 254 സീറ്റുകള്‍ പട്ടിക ജാതി വിഭാഗത്തിന്റേതും, 206 സീറ്റുകള്‍ പട്ടിക വര്‍ഗ്ഗവിഭാഗത്തി ന്റേതും, 247 സീറ്റുകള്‍ ഒബിസികളുടേതുമാണ്‌.

അംബേദ്കര്‍ പെരിയാര്‍ ഫുലെ സ്റ്റഡി സര്‍ക്കിള്‍ നോട്ടീസ്

ഈ വാര്‍ത്തയനുസരിച്ചു, ജനറല്‍ വിഭാഗത്തിലാണ്‌ ഏറ്റവും ഉയര്‍ന്ന പ്രവേശന നിരക്ക്‌, (ഒരു വിഭാഗത്തിലെ പ്രവേശനം നേടിയവരുടെയും അപേക്ഷകരുടെയും അനുപാതം) 4 ശതമാനം. ഒബിസിയുടേത്‌ 2.7 ശതമാനം,പട്ടിക ജാതി 2. 16 ശതമാനം, പട്ടിക വര്‍ഗ്ഗം 2.2 ശതമാനം. മേല്‍ പറഞ്ഞ അഞ്ച്‌ ഐഐടികളിലെ നാല് വകുപ്പുകളിലുമായി മിനിമം യോഗ്യത മാനദണ്ഡങ്ങള്‍ തികഞ്ഞ 1809 പട്ടിക വര്‍ഗ്ഗക്കാരായ അപേക്ഷകരില്‍ 40 പേരെയും 11,019 പട്ടിക ജാതിക്കാരായ അപേക്ഷകരില്‍ 238 പേരെയും മാത്രമേ പിഎച്ച്ഡി പ്രവേശനത്തിനായി തിരഞ്ഞെടുത്തുള്ളു. ഐ ഐ ടികളിലെ സംവരണീയ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതിന്‌ പിന്നിലുള്ള കാരണം ഐ ഐ ടി അധികൃതര്‍ സ്ഥിരമായി അവകാശപ്പെടുന്ന സംവരണീയരായ അപേക്ഷരുടെ കുറവല്ല, മറിച്ച്‌ ഈ സ്ഥാപനങ്ങള്‍ തുടര്‍ന്ന്‌ വരുന്ന പ്രവേശന പ്രക്രിയകളിലെ പിന്നോക്ക ജനവിഭാഗങ്ങളോടും അരികുവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള വിവേചനമാണെന്ന്‌
ഈ കണക്കുകള്‍ വൃക്തമാക്കുന്നു.

പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ്‌ ഐഐടികളിലെ അധ്യാപക നിയമനങ്ങളിലും വൃക്തമാണ്‌. 2019ല്‍ വിദ്യാഭ്യാസമന്ത്രി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ അനുസരിച്ച്‌ എല്ലാ ഐ ഐടികളിലുമായുള്ള അധ്യാപകരില്‍ പട്ടിക ജാതിക്കാര്‍ വെറും 2.8 ശതമാനവും, പട്ടിക വര്‍ഗ്ഗക്കാര്‍ 0.4 ശതമാനവും, ഒബിസിയില്‍ പെട്ടവര്‍ 6.1 ശതമാനവും മാത്രമേയുള്ളൂ. ഗവേഷണക്കോഴ്‌സുകളായ പിഎച്ച്ഡി, എം എസ് (റിസേർച് ) മുതലായവയില്‍ തുടര്‍ന്ന്‌ പോരുന്ന സംവരണച്ചട്ടങ്ങളുടെ ലംഘനം മൂലം സംവരണീയ വിഭാഗങ്ങളില്‍ നിന്ന്‌ അധ്യാപക തസ്തികളിലേക്ക്‌ അപേക്ഷിക്കാന്‍ പ്രാപ്തി നേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ്‌ വരുത്തുന്നുണ്ട്‌.

source : THE HINDU

ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്ന ഐഐടികള്‍ പൊതുജനങ്ങളുടെ പണം കൊണ്ടുണ്ടാക്കിയവയും, സര്‍ക്കാര്‍-പൊതുമേഖലാ ഫണ്ടിങ്‌ വഴി മേല്‍ത്തരം ഗവേഷണങ്ങള്‍ നടത്തി പോരുന്നവയുമാണ്‌. പിന്നോക്ക ജനതയ്ക്ക്‌ ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ലംഘിക്കപ്പെടുന്നതിന്‌ വലിയ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ട്‌. ഏതൊരു ജനവിഭാഗത്തെ സംബന്ധിച്ചും ഉന്നത വിദ്യാഭ്യാസം നേടുന്നതും ഗവേഷണപഠനത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതും സാമൂഹിക ഉയര്‍ച്ച നേടുന്നതിലും സാമൂഹിക അസമത്വങ്ങളെ മറികടക്കുന്നതിലും സുപ്രധാനമാണ്‌. പിന്നോക്ക ജനവിഭാഗങ്ങള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തില്‍ ന്യായമായ പ്രാതിനിധ്യം നേടുന്നത്‌ വഴി ഈ മേഖലയുടെ ജനാധിപത്യവല്‍ക്കരണവും സാധ്യമാകുന്നു. വനിത, ട്രാൻസ്ജെൻഡേർസ്, മറ്റ്‌ ലിംഗങ്ങളില്‍ പെട്ടവര്‍, മതന്യനപക്ഷങ്ങള്‍, അംഗപരിമിതര്‍ തുടങ്ങിയ ജനവിഭാഗങ്ങളും ഐഐടി കളില്‍ പ്രാതിനിധ്യക്കുറവ്‌ നേരിടുന്നുണ്ടെന്ന്‌ ഈ സാഹചര്യത്തില്‍ സൂചിപ്പിക്കേണ്ടതാണ്‌. ഇതിനും അടിയന്തരമായി പരിഹാരം കാണേണ്ടുത്തുണ്ട്‌.

പട്ടിക ജാതികള്‍ക്കും, പട്ടിക വര്‍ഗ്ഗങ്ങള്‍ക്കും ഒബിസികള്‍ക്കും നിയമത്തിന്റെ അടിസ്ഥാനത്തില്‍ അവകാശപ്പെട്ട്‌ സംവരണവ്യവസ്ഥ നടപ്പിലാക്കുന്നതില്‍ ഐഐടി കളുടെ ഭാഗത്ത്‌ നിന്നുണ്ടായ വലിയ വീഴ്ചകള്‍ വ്യക്തമായ ഈ സാഹചര്യത്തില്‍, ചുവടെ ഒപ്പിട്ട ഞങ്ങള്‍, എല്ലാ ഐഐടികളുടെയും വിസിറ്റർ കൂടിയായ ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റിനോടും ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനോടും ഈ നിയമലംഘനങ്ങള്‍ക്കെതിരെ സ്വമേധയാ നടപടികള്‍ എടുക്കണമെന്ന്‌ ആവശ്യപ്പെടുന്നു. ഇതിനൊപ്പം ഇനി പറയുന്നവയും ഐഐടികളില്‍ നടപ്പിലാക്കണമെന്ന്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നു.

അംബേദ്കര്‍ പെരിയാര്‍ ഫുലെ സ്റ്റഡി സര്‍ക്കിള്‍ നോട്ടീസ്
  1. പിഎച്ച്ഡി, എം എസ് (റിസേർച് ) മുതലായ ഗവേഷക കോഴ്‌സുകളിലും അധ്യാപക നിയമനത്തിലും പട്ടികജാതികള്‍ക്കും, പട്ടിക വര്‍ഗ്ഗങ്ങള്‍ക്കും ഒബിസികള്‍ക്കും നിയമപ്രകാരം അവകാശപ്പെട്ട സംവരണവ്യവസ്ഥ എത്രയും വേഗം നടപ്പിലാക്കുക
  2. 1973 മുതല്‍ ഇന്നേ വരെ ഐ ഐ ടികളിലെ വിവിധ കോഴ്‌സുകളില്‍ നികത്താന്‍ കഴിയാഞ്ഞ പട്ടികജാതികളുടെയും, പട്ടിക വര്‍ഗ്ഗങ്ങളുടെയും ഒഴിവുകളെപ്പറ്റിയും, 2008 മുതലുള്ള ഒബിസി വിഭാഗത്തിന്റെ ഒഴിവുകളെപ്പറ്റിയും കണക്കുകള്‍ തയ്യാറാക്കുക. ഇവ വരും വര്‍ഷങ്ങളില്‍ നികത്താനായി വേണ്ട നടപടികളുടെരൂപരേഖ തയ്യാറാക്കുക.
  3. പിഎച്ച്ഡി, എം എസ് (റിസേർച് )മുതലായ ഗവേഷണ കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന എല്ലാ പിന്നോക്ക വിഭാഗത്തില്‍ പെട്ട ഗവേഷകര്‍ക്കും സ്കോളര്‍ഷിപ്പുകള്‍ ഉറപ്പു വരുത്തുക
  4. ഓരോ ഐഐടിയിലെയും എല്ലാ കോഴ്സുകളിലുമുള്ള, വിശിഷ്യാ ഗവേഷണ കോഴ്‌സുകളിലെ,അപേക്ഷകര്‍, ഇന്റര്‍വ്യൂവിനും മറ്റും ഷോര്‍ട്‌ ലിസ്റ്റ്‌ ചെയ്യപ്പെട്ടവര്‍, അതില്‍ പങ്കെടുത്തവര്‍, പ്രവേശനത്തിന്‌ ശുപാര്‍ശ ചെയ്യപ്പെട്ടവര്‍, പ്രവേശനം നേടുന്നവര്‍ എന്നിങ്ങനെ പ്രവേശന പ്രക്രിയയിലൂടെ കടന്ന്‌ പോകുന്നവരുടെ സാമൂഹിക വിഭാഗ അടിസ്ഥാനത്തിലുള്ള കണക്കുകളും, അത്‌ ഓരോന്നിലും പ്രവേശനം നേടുന്നവര്‍ക്ക്‌ ലഭിച്ച കട്ട് ഓഫ്‌ മാര്‍ക്കിന്റെ വിവരങ്ങളും, വര്‍ഷാവര്‍ഷം ഒദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക
  5. എല്ലാ ഐ ഐ ടികളിലും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന (പ്രവേശനങ്ങളിലെ സംവരണം) നിയമം, 2006 ഉം കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന (അധ്യാപക തസ്തികളി ലേക്കുള്ള സംവരണം) നിയമം, 2019 ഉം അനുസരിച്ചുള്ള സംവരണ വ്യവസ്ഥ നടപ്പിലാക്കുന്നതിനായി ചുമതലപ്പെടുത്തിക്കൊണ്ടും, പിന്നോക്ക വിഭാഗക്കാരായ
    വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കുന്ന പ്രത്യേക സഹായങ്ങളെ പറ്റി വിവരങ്ങള്‍ ലഭിക്കുന്ന തിനായും സ്ഥിരം സംവിധാനങ്ങളായ എസ്സി /എസ്റ്റി /ഒബിസി സെല്ലുകള്‍ സ്ഥാപിക്കുക
  6. സ്വകാര്യ മേഖല സ്പോണ്‍സര്‍ ചെയ്യുന്ന ഗവേഷണപ്രൊജക്ടകള്‍ വഴിയും, സ്വാശ്രയ സീറ്റുകള്‍ വഴിയുമുള്ള എംഎസ് (റിസേർച്), പിഎച്ച്ഡി മുതലായ ഗവേഷക കോഴ്‌സുകളിലെ സ്വകാര്യവല്‍ക്കരണം പരിമിതപ്പെടുത്തുക.ഐഐടികളിലെ കോഴ്‌സുകളില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ശക്തമായ സ്വകാര്യവല്‍ക്കരണം സംവരണത്തെ അട്ടിമറിക്കുന്നുണ്ട്‌. നിലവില്‍, സര്‍ക്കാര്‍ ഫണ്ടിങ്‌ ഇല്ലാത്ത സീറ്റുകളില്‍ സംവരണവ്യവസ്ഥ പാലിക്കപ്പെടുന്നില്ല. അതിനാല്‍, ഐഐടികളിലെ സ്വകാര്യവല്‍കൃത സീറ്റുകളില്‍ നിര്‍ബന്ധമായും പിന്നോക്ക ജനവിഭാഗങ്ങള്‍ ക്കായുള്ള സംവരണവ്യവസ്ഥ നടപ്പിലാക്കാനായി വേണ്ട നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന്‌ ഞങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റിനോട്‌ ആവശ്യപ്പെടുന്നു.

എന്ന്

അംബേദ്കര്‍ പെരിയാര്‍ ഫുലെ സ്റ്റഡി സര്‍ക്കിള്‍, ഐ ഐ ടി ബോംബെ
അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍, ഐ ഐ ടി മദ്രാസ്‌
ചിന്താബാര്‍, ഐ ഐ ടി മദ്രാസ്‌
ഐ ഐ ടി ഡല്‍ഹി ഫോര്‍ ജസ്റ്റിസ്‌, ഫ്രീഡം & ഡെമോക്രസി
സയന്‍സ്‌ എഡ്യൂക്കേഷന്‍ ഗ്രൂപ്പ, ഐ ഐ ടി ഘരഖ്പൂര്‍
സ്റ്റുഡന്റസ്‌ ഫോര്‍ ചേഞ്ച്‌, ഐ ഐ ടി ബി എച്ച്‌ യു വാരാണസി
ഗുവഹാട്ടി, ഗാന്ധിനഗര്‍, മണ്ഡി എന്നീ ഐഐടികളിലെ തല്പര വിദ്യാര്‍ത്ഥികള്‍

നിവേദനത്തിൽ ഒപ്പുവെക്കുവാൻ ഈ ലിങ്ക് ഉപയോഗിക്കുക

https://docs.google.com/forms/d/1jTZcmfOoU8aLDTd2xipqwtLtPAZy1R6LXusrUacobYs/viewform