10വർഷം 5സംസ്ഥാനങ്ങൾ 7ജയിലുകൾ

മൊഴിമാറ്റം : പ്രകാശ്

പത്ത് വർഷത്തോളം അഞ്ച് സംസ്‌ഥാനങ്ങളിലായി ഏഴോളം ജയിലുകളിൽ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായിരുന്ന കൊബാഡ് ഗാണ്ടിയുടെ പുതിയ പുസ്തകമായ ‘ഫ്രാക്ചർഡ് ഫ്രീഡം:എ പ്രിസൺ മെമ്മോയിർ’ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ ദി വീക്ക് പ്രസിദ്ധീകരിച്ചിരുന്നു.അതിന്റെ സ്വതന്ത്ര പരിഭാഷയാണിത്.പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് റോളിങ് ബുക്സ് ആണ്.

2009 സെപ്റ്റംബർ 17, ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. അന്ന് വൈകുന്നേരം 4 മണിക്ക് ഞാൻ ഡൽഹി ഭികാജി കാമയിലെ ബസ് സ്റ്റോപ്പിൽ നിൽക്കുക ആയിരുന്നു. ഞാൻ എന്റെ ഒരു സുഹൃത്തിനോടൊപ്പം കമ്പ്യൂട്ടർ സാമഗ്രികൾ വേടിക്കാൻ വേണ്ടി ബിസിനസ് ജില്ലയിൽ എത്തിയതായിരുന്നു. ഞാൻ കുറച്ച് നിമിഷം ആ ബസ്റ്റോപ്പിൽ നിന്ന സമയത്ത് ഒരു എസ് യു വി കൊണ്ട് നിർത്തുകയും ആരോഗ്യ ദൃഢഗാത്രരായ കുറച്ചുപേർ എന്റെ നേർക്ക് കുതിച്ചു വരികയും സ്വതന്ത്രനാകാൻ ശ്രമിച്ചപ്പോൾ എന്നെ നിലത്ത് തള്ളിയുടുകയും ചെയ്തു. അവർ എന്റെ കൈവശം ഉണ്ടായിരുന്നതെല്ലാം പിടിച്ചെടുക്കുകയും കാറിലേക്ക് വലിച്ചിട്ട് കൊണ്ടുപോവുകയും ചെയ്തു.

രാജ്യത്തുടനീളമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ ഏഴ് ജയിലുകളിലൂടെ പത്തുവർഷത്തെ യാത്രയുടെ തുടക്കമായിരുന്നു ഇതെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് അറുപത്തിരണ്ട് വയസ്സായിരുന്നു, അടിയന്തിര വൈദ്യസഹായത്തിനും ഗുരുതരമായ മൂത്രാശയ രോഗത്തിനും ഓർത്തോപീഡിക്, രക്തസമ്മർദ്ദ പ്രശ്നങ്ങൾക്കും വേണ്ടി മുംബൈയിൽ നിന്ന് ദില്ലിയിൽ എത്തിയതായിരുന്നു. തട്ടിക്കൊണ്ടുപോകൽ യഥാർത്ഥത്തിൽ അറസ്റ്റായിരുന്നു. ഞാൻ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗമായിരുന്നു എന്നതായിരുന്നു കുറ്റം, ഞാൻ അതിന്റെ ഉന്നത നേതാക്കളിൽ ഒരാളാണെന്നും കൂടാതെ ഈ ‘അപകടകരമായ’ പാർട്ടിയിൽ അംഗമായിരുന്നവർക്ക് ജീവപര്യന്തം തടവ് ലഭിക്കുമെന്നും ജാമ്യം പോലും ലഭിക്കില്ല എന്നും മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കാറിനുള്ളിൽ അവർ തമ്മിൽ തെലുങ്ക് സംസാരിക്കുന്നുണ്ടായിരുന്നു, അതേസമയം ഒരാൾ മുറിഞ്ഞ ഹിന്ദിയിൽ എന്നെ ചോദ്യം ചെയ്തു…. ‘എയർപോർട്ട്’ എന്ന വാക്ക് വർദ്ധിച്ചുകൊണ്ടിരുന്നു. ആന്ധ്രാപ്രദേശ് ഇന്റലിജൻസ് ബ്യൂറോ (ഐബി) ആളുകളെ അവരുടെ സംസ്ഥാനത്തെ കാടുകളിലേക്ക് ഹെലികോപ്റ്ററുകളിൽ കൊണ്ടുപോവുകയും അവരെ കൊലചെയ്യുകയും ശേഷം അവർ ‘ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു’ എന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതാണ് അവസാനമെന്ന് ഞാൻ അനുമാനിച്ചു. പക്ഷേ, പുലർച്ചെ മൂന്ന് മണിയോടെ ഞങ്ങൾ ഉയർന്ന മതിലുകളുള്ള ഒരു ‘സുരക്ഷാ താവളത്തിൽ’ എത്തി, അവിടെ എനിക്ക് കുറച്ച് മണിക്കൂർ ഉറക്കം അനുവദിച്ചു. പിറ്റേന്ന് രാവിലെ നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ താവളത്തിൽ തടിച്ചുകൂടിയെങ്കിലും പ്രധാനമായും ചോദ്യം ചെയ്തത് ആന്ധ്രാപ്രദേശിൽ നിന്നുള്ളവരായിരുന്നു. ഞാൻ സി.പി.ഐ (മാവോയിസ്റ്റ്) യുടെ ഒരു പൊളിറ്റ് ബ്യൂറോ അംഗമാണെന്നും കേന്ദ്ര കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുടെയും പാർട്ടിയുടെ പോളിറ്റ് ബ്യൂറോയുടെയും വിശദാംശങ്ങൾ വേണമെന്നും അവർ അവകാശപ്പെട്ടു; തീർച്ചയായും എനിക്കറിയാവുന്നതിനേക്കാൾ കൂടുതൽ വിശദാംശങ്ങൾ അവർക്ക് ഇതിനകം തന്നെ അറിയാം എന്ന് തോന്നി.അവർക്ക് എന്നിൽ നിന്ന് കൂടുതൽ വിവരങ്ങൾ ഒന്നും അറിയാൻ കഴിയാതെ വന്നപ്പോൾ, അവർ ഭീഷണികൾ ഉപയോഗിച്ചു, പക്ഷേ നേരിട്ട് ശാരീരിക ഉപദ്രവമൊന്നും വരുത്തിയില്ല, ഒരുപക്ഷേ എന്റെ പ്രായം കണക്കിലെടുത്തും ഞാൻ ഇതിനകം രോഗിയായിരുന്നുവെന്നും ആശുപത്രി പരിശോധനയിൽ നിന്ന് വന്നതാണെന്നും പരിഗണിച്ചായിരിക്കാം. എന്റെ സുഹൃത്ത് രാജേന്ദർ കുമാർ (പിന്നീട് കൂട്ടുപ്രതിയാക്കപ്പെട്ടു) വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്ന,ഞാനും താമസിക്കുന്ന ദില്ലിയിലെ ബദർപൂരിലെ തൊഴിലാളിവർഗ പ്രദേശത്ത് എത്താനും എന്റെ കമ്പ്യൂട്ടർ കൂടാതെ കുറ്റം ആരോപിക്കാൻ പാകത്തിൽ കയ്യെഴുത്തു പ്രതികൾ എന്നിവക്കും വേണ്ടി അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

എന്നിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നതിന് അവർ ബലപ്രയോഗം ഒഴികെ സാധ്യമായ എല്ലാ കാര്യങ്ങളും പരീക്ഷിച്ചു; അവർ ഒരേ ചോദ്യങ്ങൾ വീണ്ടും വീണ്ടും ഉന്നയിക്കും, മറ്റുള്ളവർ കുറ്റസമ്മതം നടത്തിയെന്ന് പറയും, കേസുകൾ ഇടാതിരിക്കാനുള്ള ഭീഷണികളുണ്ടാകും വിവിധ പ്രലോഭനങ്ങളും അങ്ങനെ പലതും. മുഴുവൻ നടപടിക്രമങ്ങളും നിയമവിരുദ്ധമായതിനാൽ (അറസ്റ്റുചെയ്യാൻ ഐബിയ്ക്ക് അധികാരമില്ലെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി), അവർ പരസ്യമായി ദില്ലിയിൽ ഞാൻ താമസിച്ചിരുന്ന മുറിയിലേക്ക് പോയില്ല എന്നാൽ മറ്റ് മാർഗങ്ങളിലൂടെ അവിടെ എത്താൻ ശ്രമിച്ചു.

സെപ്റ്റംബർ 20 ഓടെ എന്നെ ‘കാണാതായി’ എന്ന വാർത്ത പത്രമാധ്യമങ്ങളിലൂടെ ചോർന്നതായി കാണപ്പെട്ടു. രാവിലെ തന്നെ എന്നെ ദില്ലി പോലീസിന്റെ സ്പെഷ്യൽ സെല്ലിന് മുന്നിൽ അടിയന്തിരമായി ഹാജരാക്കാനുള്ള ഇവരുടെ തിരക്ക് കണ്ടപ്പോൾ ഞാൻ ഇത് അനുമാനിച്ചു. സ്‌പെഷ്യൽ സെൽ ഓഫീസിലേക്കുള്ള യാത്രാമധ്യേ എന്നെ മൂന്ന് ദിവസം മുമ്പ് പിടിച്ചു കൊണ്ട് പോയതാണെന്ന കാര്യം പരാമർശിക്കരുതെന്ന് നിർദ്ദേശം നൽകുകയും പകരം കുറച്ച് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂവെന്ന് പറയുവാനും പറഞ്ഞു. അന്ന് ഉച്ചതിരിഞ്ഞ് എന്നെ സ്പെഷ്യൽ സെൽ ഓഫീസിലെ ഒന്നാം നിലയിൽ ആക്കി. സാഹചര്യങ്ങൾ ഭീതിയുളവാക്കുന്നതായിരുന്നിട്ടും പലപ്പോഴും തമാശയായി അനുഭവപ്പെട്ടു, കാരണം ഇതാദ്യമായാണ് ഒരു നക്‌സലൈറ്റ്നെ അവരുടെ ഓഫീസിലേക്ക് കൊണ്ടുവന്നത്. ഇസ്ലാമിക ഭീകരവാദികളോട് ഇടപഴകിയിട്ടുണ്ടെങ്കിലും നമ്മൾ എന്ത് തരം ജീവികളാണെന്ന് അവർക്ക് അറിയില്ലായിരുന്നു.

*******************************

ഞാൻ അനുവിനെ (അനുരാധ ഷാൻബാഗ്) കണ്ടുമുട്ടിയപ്പോൾ അവൾ എൽഫിൻസ്റ്റോൺ കോളേജിലെ വിദ്യാർത്ഥി നേതാവായിരുന്നു കൂടാതെ ആൾട്ടർനേറ്റിവ് സർവകലാശാലയിൽ സജീവമായിരുന്നു. ഞാൻ അവളെ ആദ്യമായി ക്ലാസ്സിൽ കണ്ടപോൾ വളരെ ഉത്സാഹഭരിതയും വാചാലയുമായ വിദ്യാർത്ഥിയായിരുന്നു, ചോദ്യങ്ങൾ ഉന്നയിക്കുകയും പോയിന്റുകൾ മുന്നോട്ട് വയ്ക്കുകയും വളരെയധികം ആശയവിനിമയം നടത്തുകയും ചെയ്യുന്ന ഒരാൾ. അവളുടെ സ്വാഭാവികത നൈസർഗിക സ്വഭാവം എന്നിവയിലേക്ക് ഞാൻ വളരെ ആകർഷിക്കപ്പെട്ടു…. ഞങ്ങൾ കണ്ടുമുട്ടിയ സമയത്ത് അനു രാഷ്ട്രീയമായി ചായ്‌വില്ലാത്ത കായികതാരമായ ഒരു സഹ വിദ്യാർത്ഥിയുമായി ബന്ധത്തിലായിരുന്നു, അവളുടെ പ്രവർത്തനങ്ങൾ വളർന്നതിന് ശേഷം ആ ബന്ധം അവസാനിച്ചു.

അനീതി അവളിൽ കോപം ജനിപ്പിക്കും, അവൾക്ക് വളരെ ദേഷ്യം വരാം, പക്ഷേ അത് നീണ്ടുനിൽക്കില്ല, അവൾ മുന്നോട്ട് പോകും. അവൾ ഒരിക്കലും അഹംഭാവത്തിലോ സ്ഥാനമാനത്തിലോ നിന്നില്ല, ഒരിക്കലും പകപോക്കില്ല. ഇതൊക്കെ അവൾക്ക് സ്വാഭാവികമായിരുന്നു അതിന് വേണ്ടി ശ്രമിക്കേണ്ട കാര്യമില്ലായിരുന്നു. എന്റെ സ്വഭാവവും ഗുണങ്ങളും അവളോട് തികച്ചും വിരുദ്ധമായിരുന്നു. ഞങ്ങൾ കണ്ടുമുട്ടിയ ഉടൻ, അവൾ എന്നോടൊപ്പം മായനഗറിലും നഗരത്തിലെ മറ്റെവിടെയും ജോലി ചെയ്യാൻ തുടങ്ങി. ആദ്യകാലങ്ങളിൽ, ഞങ്ങളുടെ മിക്ക സമയവും ഒരുമിച്ച് മീറ്റിംഗുകൾ, ദൈർഘ്യമേറിയ പഠന ക്ലാസുകൾ, അല്ലെങ്കിൽ എന്റെ വർലിയിലെ കടലിനഭിമുഖമായുള്ള ഫ്ലാറ്റിൽ പോസ്റ്ററുകൾ ഉണ്ടാക്കുക എന്നിവയായിരുന്നു, അൽപം പോലും സമയം കളയാനില്ലായിരുന്നു. രാത്രി വൈകി പോസ്റ്ററുകൾ ഒട്ടിക്കാൻ ഞങ്ങൾ പുറപ്പെടും, മറ്റുള്ളവരോടൊപ്പം വർലി ഹോമിൽ ഇരുന്ന് കൈയെഴുത്ത് പോസ്റ്ററുകൾ നിർമ്മിക്കും. അങ്ങേയറ്റം ചില നാടകങ്ങൾ ഞങ്ങൾ ഒരുമിച്ച് കാണും, അവയിൽ പലതും അവളുടെ സഹോദരന്റെയും സത്യദേവ് ദുബെയുടെയും, കൂടുതലും ചബ്ബിൽദാസ്, പൃഥ്വി തീയറ്ററുകളിൽ. അടിയന്തിരാവസ്ഥകാലത്ത് മിക്ക പ്രവർത്തനങ്ങളും നിലച്ചപ്പോഴാണ് ഞങ്ങളുടെ പ്രണയം ശരിക്കും പൂത്തുലഞ്ഞത്, ഞങ്ങൾ കൂടുതൽ തവണ കണ്ടുമുട്ടുകയും ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കുകയും ചെയ്തു.

*******************************

കുറ്റകൃത്യങ്ങളുടെ കൂടാണെന്ന ധാരണ കാരണം മധ്യവർഗക്കാർ ഇരുട്ടിനുശേഷം പോകാൻ ഭയപ്പെട്ടിരുന്ന സ്ഥലമായിരുന്നു നാഗ്പൂരിലെ ഇന്തോറ, ഞങ്ങൾ അവിടെയാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ ഞെട്ടിലുണ്ടായി. അന്തർലീനമായ പക്ഷപാതവും കടുത്ത ദാരിദ്ര്യം മൂലം സംഭവിക്കുന്ന കുറഞ്ഞ അളവിലുള്ള ചെറിയ മോഷണവും കാരണം ദരിദ്രമായ ദലിത്, മുസ്ലീം പ്രദേശങ്ങളെക്കുറിച്ച് ഇത്തരം മതിപ്പുകൾ എളുപ്പത്തിൽ സൃഷ്ടിക്കപ്പെടുന്നു.

അനു പ്രഭാതഭക്ഷണം കഴിച്ച് സൈക്കിളിലോ ബസിലോ 15 കിലോമീറ്റർ അകലെയുള്ള യൂണിവേഴ്സിറ്റിയിലേക്ക് അതിരാവിലെ പുറപ്പെടുന്നതോടെ നാഗ്പൂരിലെ ഒരു സാധാരണ ദിവസം ആരംഭിക്കും.ഞാൻ മുറികൾ വൃത്തിയാക്കുന്ന ചില കാര്യങ്ങൾ ചെയ്യും, തുടർന്ന് ഞങ്ങളുടെ ബസ്തിയിലെ ദലിത് അംഗങ്ങളെ കാണും.

ദലിതരുടെ ഇടയിൽ പ്രവർത്തിച്ചുകൊണ്ട് മതാടിസ്ഥാനിത്തിലുള്ള അവരുടെ നിലവിലെ അവസ്‌ഥ അംഗീകരിക്കരുതെന്ന് അവരെ ബോധ്യപ്പെടുത്തിയെടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാനും അംബേദ്കറിനെയും മാർക്സിനെയും പഠിക്കാനും ഞങ്ങൾ അവരെ പ്രോത്സാഹിപ്പിച്ചു. അംബേദ്കർ ജാതി പ്രശ്‌നത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകും, അതേസമയം മാർക്‌സിസം അവരെ സ്വത്വരാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തുകയും മറ്റ് ജാതികളിൽ നിന്ന് പോലും അടിച്ചമർത്തപ്പെടുന്നവരുമായി ഐക്യപ്പെടാൻ സഹായിക്കുകയും ചെയ്യും. ആരെയാണ് ലക്ഷ്യമിടേണ്ടതെന്നും ആരുമായി സഖ്യമുണ്ടാക്കണമെന്നുമുള്ള വഴി ഈ രണ്ട് പ്രത്യയശാസ്ത്രങ്ങൾ കാണിച്ചുതരും – അതായത് ബ്രാഹ്മണിസത്തെയും (പ്രത്യയശാസ്ത്രത്തെയും) അത് മുന്നോട്ടുവച്ചവരെയും ലക്ഷ്യം വയ്ക്കുക എല്ലാ ഉയർന്ന ജാതിക്കാരെയുമല്ല ; നേരെമറിച്ച്, മറ്റ് ജാതികളിൽ നിന്നുള്ളവരെ (ഒബിസി, ഉയർന്ന ജാതിക്കാർ പോലും) അവരുടെ ജാതി വികാരങ്ങൾ ഉപേക്ഷിക്കാൻ അവരെ പഠിപ്പിക്കേണ്ടതുണ്ട്. ഈ ഐക്യം സുഗമമാക്കുന്നതിന് ഞങ്ങൾ ജാതി മാറിയുള്ള പ്രണയ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും…. ദലിത് രാഷ്ട്രീയ നേതാക്കൾ അവരുടെ വോട്ട് ബാങ്കുകൾക്കായി മുന്നോട്ടുവയ്ക്കുന്ന സ്വത്വരാഷ്ട്രീയത്തെ ചെറുക്കേണ്ടത് ആവശ്യമായിരുന്നു.

ഇന്ദോറയിലെ നിരവധി യുവാക്കൾ ഞങ്ങളുടെ കാഴ്ചപ്പാടുകളിലേക്ക് ആകർഷിക്കപ്പെടുകയും ഞങ്ങളുടെ വിദ്യാർത്ഥി സംഘടനയിലോ യുവാക്കളുടെ സംഘടനയിലോ, പ്രത്യേകിച്ച് സാംസ്കാരിക സംഘടനയായ അവ്ഹാൻ എന്ന സംഘടനയിലോ ചേരുകയും ചെയ്തു. ഞങ്ങൾ മുറികൾ വാടകയ്‌ക്കെടുത്ത തപാൽ ജീവനക്കാരനായ ഖുഷാൽ ചിഞ്ച്‌കെഡെയുടെ മകളായ ജ്യോതിയും അവളുടെ സുഹൃത്ത് ജ്യോത്‌സനയും ഞങ്ങളുടെ സംഘടനയിൽ സജീവമായിരുന്നു.

അതികഠിനമായ വിദർഭ ചൂടിൽ ഞങ്ങൾ നാഗ്പൂർ നഗരത്തിലുടനീളം സൈക്കിളുകളിൽ സഞ്ചരിക്കാറുണ്ടായിരുന്നു. നേരത്തെ ഞങ്ങളുടെ വസതി അനു പഠിപ്പിച്ചിരുന്ന സർവകലാശാലക്കടുത്തായിരുന്നു. പട്ടണത്തിന്റെ മറ്റേ അറ്റത്തായിരുന്നു ഇന്തോറ. അവളുടെ ഷെഡ്യൂൾ വളരെ തിരക്കുള്ളതായിരുന്നു, കർശനമായ അച്ചടക്കം, അവൾ ഏറ്റെടുക്കുന്ന ഏതൊരു ജോലിയോടും അവൾക്കുള്ള ഉയർന്ന പ്രതിബദ്ധത, അവളുടെ അക്ഷയമായ കരുത്ത് എന്നിവ അവളുടെ വിദ്യാർത്ഥികളോടും അവളുടെ സാമൂഹിക പ്രവർത്തനങ്ങളോടും നീതി പുലർത്താൻ അവളെ പ്രാപ്തയാക്കി…. ബസ്തി ആൺകുട്ടികൾ നയിക്കണമെന്ന് അവൾ ആഗ്രഹിച്ച ജീവിതം, മാതൃകയാക്കി അനുരാധ മുന്നോട്ട് പോയി.

*******************************

നാഗ്പൂർ യൂണിവേഴ്സിറ്റി ജോലി വിട്ടയുടൻ അനു ബസ്തറിലേക്ക് പോയി അവിടെ രണ്ടുവർഷത്തോളം ചെലവഴിക്കുകയും അവിടുത്തെ ജീവിതത്തെക്കുറിച്ചും ഗോത്രവർഗക്കാർക്കിടയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചും അനുഭത്തിലൂടെ മനസിലാക്കുകയും ചെയ്തു…. മറ്റ് മഹിളാ (വനിതാ) സഖാക്കൾക്കൊപ്പം, പ്രദേശത്തെ വനിതാ സംഘടനയായ കെ‌ എ എം‌ എസ് (ക്രാന്തികാരി ആദിവാസി മഹിള സംഗതൻ) വികസിപ്പിക്കാൻ അനു സഹായിച്ചു. 90,000 അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടനയാണ് കെ എ എം എസ് എന്ന് പറയപ്പെടുന്നു, ‘ഒരുപക്ഷേ ഇന്ത്യയുടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന കാര്യങ്ങളിൽ ഏറ്റവും മികച്ചഒന്ന്’ എന്നാണ് അരുന്ധതി റോയ് ഇതിനെക്കുറിച്ച് പറയുന്നത്.

ആ രണ്ടുവർഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതെന്ന് അനു പറയുമായിരുന്നു…. [എന്നാൽ] കഠിനമായിരുന്നു ആ രണ്ടു വർഷം, കാരണം അവിടെ ജീവിതം എളുപ്പമല്ല, പ്രത്യേകിച്ച് 46 വയസ്സുള്ള ആർത്രൈറ്റിസ് ഉള്ളതും അതുവരെ രോഗനിർണയം നടത്താത്ത സിസ്റ്റമിക് സ്ക്ലിറോസിസ് ഉള്ളതുമായ ഒരു വ്യക്തിക്ക്.

*******************************

ഞാൻ ആദ്യമായി വാർഡിലേക്ക് പ്രവേശിച്ചപ്പോൾ വൈകുന്നേരം 7 മണി കഴിഞ്ഞിരുന്നു, അതിനാൽ എല്ലാ തടവുകാരെയും അതാത് സെല്ലുകളിൽ അടച്ചിരുന്നു. എന്നെ ബ്ലോക്ക് എ യിലേക്ക് കൊണ്ടുപോകുമ്പോൾ, ഊഷ്മളമായ ഒരു പുഞ്ചിരിയാണ് എന്നെ സ്വീകരിച്ചത്, അത് മറ്റാരുടേതുമല്ല അഫ്സൽ ഗുരുവിന്റേതായിരുന്നു. അദ്ദേഹത്തിന്റെ സെല്ലിന്റെ ഗേറ്റിൽ നിൽക്കുന്ന അഫ്സൽ ഗുരു, എന്റെ കേസിനെക്കുറിച്ച് പത്രങ്ങളിൽ വന്നതൊക്കെ വായിച്ചതിന് ശേഷം എന്നെ തിഹാറിലെ ഈ വാർഡിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പറഞ്ഞു.

കാവൽക്കാർ എന്നെ നാലാം നമ്പർ സെല്ലിലേക്ക് കൊണ്ടുപോയതിനാൽ അദ്ദേഹം ഉടൻ തന്നെ എന്തെങ്കിലും സഹായം വാഗ്ദാനം ചെയ്തു, ആ സെല്ലിൽ ഇതിനകം, ദില്ലിയിലെ വലിയ ഡോണായ കിഷൻ പെഹൽവാൻ ഉൾപ്പെടെ മൂന്ന് തടവുകാരെ പാർപ്പിച്ചിരുന്നു. അവർ കിടക്ക വാഗ്ദാനം ചെയ്യുകയും ഇതുവരെ കഴിച്ചിട്ടില്ലാത്ത അത്താഴം പങ്കിടുകയും ചെയ്തു. തീർച്ചയായും ഈ സംഭവങ്ങളാൽ ഞാൻ നടുങ്ങിയതിനാൽ,വിശപ്പും ഉറക്കവും ഒന്നും തോന്നിയില്ല. ഞങ്ങൾ നാലുപേരും ഇടുങ്ങിയ ഒരു സെല്ലിൽ ആയതിനാൽ ജയിലിലെ എന്റെ ആദ്യ രാത്രി കടന്നുപോകാൻ പ്രയാസമായിരുന്നു. സെല്ലിലെ മറ്റുള്ളവർ കൂടുതലും കുറ്റവാളികളായിരുന്നു, ഞങ്ങൾക്ക് പരസ്പരം സംസാരിക്കാൻ കൂടുതലൊന്നുമില്ല. ഓരോ സെല്ലും ഒരൊറ്റ തടവുകാരനെ സൂക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും, തിരക്ക് കാരണം മൂന്ന് തടവുകാരെ ഒരുമിച്ച് ഒരു സെല്ലിൽ പാർപ്പിക്കുന്നു – ഒന്നുകിൽ ഒന്നോ മൂന്നോ അനുവധിക്കാറുണ്ട്, രണ്ടുപേരായിട്ട് ഒരിക്കലുമില്ല…. അഫ്സലിനുപുറമെ, ഖാലിസ്ഥാനികൾ, മറ്റൊരു ഡോൺ, ചില ഇസ്ലാമിസ്റ്റുകൾ നിരവധി വ്യക്തികളും ഉണ്ടായിരുന്നു…

പിറ്റേന്ന് രാവിലെ, എട്ട് സെല്ലുകളുടെ ബ്ലോക്കിലെ അവസാന സെല്ലിലേക്ക് എന്നെ മാറ്റി, അവിടെ എന്റെ രണ്ട് സഹതടവുകാർ രണ്ട് ഖാലിസ്ഥാനികളായിരുന്നു (യഥാർത്ഥത്തിൽ ഒരാൾ അതിർത്തിക്കപ്പുറത്ത് നിന്ന് തോക്കുകളും മയക്കുമരുന്നുകളും കടത്തുന്ന ഖാലിസ്താനി ചായ്‌വുള്ള ആളായിരുന്നു). ഈ സെല്ലിലേക്ക് മാറ്റുന്നതിനു മുമ്പുതന്നെ, ഗേറ്റുകൾ തുറന്നയുടനെ, അഫ്സൽ എന്നെ തന്റെ സെല്ലിൽ ചായയ്ക്കായി ക്ഷണിച്ചു; 2013 ഫെബ്രുവരിയിൽ തൂക്കിക്കൊല്ലുന്നതുവരെ മൂന്നുവർഷത്തിലേറെയായി തുടരുന്ന ഒരു ദിനചര്യയായിരുന്നു അത്. അടിസ്ഥാനപരമായി ചൂടുവെള്ളം മികച്ച ഒരു കപ്പ് ചായയാക്കി മാറ്റുന്നതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന് അര ലിറ്റർ വരുന്ന വെള്ളനിറത്തിലുള്ള തെർമോഫ്ലാസ്ക് ഉണ്ടായിരുന്നു (തൂക്കിലേറ്റിയതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ ഓർമ്മക്കായി അത് ആവശ്യപ്പെട്ടു, പക്ഷേ ഒന്നും നൽകിയില്ല). അതിൽ ജയിൽ അടുക്കളയിൽ നിന്ന് എത്തിയ ചൂടുള്ള ‘ചായ’ നിറച്ച് പാൽപ്പൊടിയും കാന്റീനിൽ നിന്ന് വാങ്ങിയ കുറച്ച് ടീ ബാഗുകളും അതിനോടൊപ്പം ജയിലിൽ (ജയിൽ ബേക്കറിയിൽ) നിന്ന് നൽകിയ രണ്ട് കഷ്ണം റൊട്ടി ഉണ്ടാകും…. ഒരു ഇന്ത്യൻ ജയിലിലെ എന്റെ ആദ്യ അനുഭവം ഇതായിരുന്നു, കമ്മ്യൂണിസ്റ്റോ മറ്റ് പാർട്ടികളോ തമ്മിൽ യാതൊരു വ്യത്യാസവും കാണാത്ത ഇസ്‌ലാമിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട ജനതയോട് അദ്ദേഹം വിശ്വാസവും സഹായവും അനുഭാവവും പ്രകടിപ്പിച്ചു.

*******************************

ഇസ്‌ലാമിൽ ശക്തമായ വിശ്വാസമുണ്ടായിരുന്ന അഫ്സൽ ഒരു ദിവസം അഞ്ച് തവണ തന്റെ നിസ്കാരം ചെയ്തു, കർശനമായ റംസാൻ ആചരിച്ചു, മരണാനന്തര ജീവിതത്തിൽ (ജന്നത്ത്) ശക്തമായ വിശ്വാസമുണ്ടായിരുന്നു, വിഗ്രഹാരാധനയെയും ദർഗകളെയും എതിർത്തു, ഷിയകളോട് അവിശ്വാസം ഉണ്ടായിരുന്നു – മതമൗലികവാദിയായിരുന്നില്ല. സൂഫിയായിരുന്ന അദ്ദേഹം ഉർദുവിലെ റൂമിയുടെ ആറ് വാല്യങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു. സോഷ്യലിസത്തിൽ അതീവ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹം പലപ്പോഴും ഇക്ബാലിനെ ഉദ്ധരിക്കും: കമ്മ്യൂണിസം + ഗോഡ് = ഇസ്ലാം ….

നോം ചോംസ്കിയെയും മറ്റ് സാമ്രാജ്യത്വ വിരുദ്ധരെയും കുറിച്ച് പഠിച്ച അഫ്സൽ നന്നായി വായിച്ചിരുന്നു. ജയിലിൽ ഇംഗ്ലീഷ് പ്രാവീണ്യമുള്ള ഒരേയൊരു വ്യക്തി അദ്ദേഹമായിരുന്നു, അതിനാൽ ഞങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കും (അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമെങ്കിലും ഹിന്ദിയിൽ വായിക്കാൻ കഴിയില്ലായിരുന്നു) അഫ്‌സലിന്റെ വിശദമായ ഡയറി പകൽ വെളിച്ചം കണ്ടില്ല; ഒരുപക്ഷേ ഇപ്പോൾ കത്തിച്ചേക്കാം. വാസ്തവത്തിൽ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന്റെ സാധനങ്ങളൊന്നും ഞങ്ങൾക്ക് നൽകിയില്ല.

*******************************

Fractured freedom: a prison memoir By Kobad Ghandy

Published by Roli books

Price Rs595; pages 316