ആഴക്കടൽ മൽസ്യബന്ധനത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഈ വിവാദം

മാഗ്ലിൻ ഫിലോമിന യോഹന്നാൻ

ആഴക്കടൽ മത്സ്യ ബന്ധനത്തിന് എന്നുള്ള വ്യാജേനയാണ് പിണറായി സർക്കാർ ഈ വിവാദ കരാറുമായി വന്നത്. ഒന്നാമത് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാൻ കേരള സർക്കാരിന് അനുവാദമില്ല, പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പുതിയ നിയമം പുറപ്പെടുവിച്ചിട്ടില്ല, അതുകൊണ്ട് നമുക്ക് 12 നോട്ടിക്കൽ മൈലിനപ്പുറത്തും പോയി മത്സ്യ ബന്ധനം നടത്താം. ഇപ്പോൾ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഭൂരിപക്ഷം പേരും 12 നോട്ടിക്കൽ മൈലിനപ്പുറം ചെന്ന് തന്നെയാണ് മത്സ്യം പിടിക്കുന്നത്. കാരണം തീരപ്രദേശത്ത് മത്സ്യ സമ്പത്തിന്റെ കുറവുണ്ട്, മറ്റൊന്ന് ബോട്ടുകളുടെയും യാനങ്ങളുടെയും എണ്ണം കേരള തീരത്ത് കൂടുതലാണ്. അതു കൊണ്ട് തന്നെ നമ്മൾ പല പ്രാവശ്യം കേരള സർക്കാരിനോട് യാനങ്ങളുടെ എണ്ണം കുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം ബോട്ടുകളുടെയും ഉടമസ്ഥാവകാശം പരിശോധിക്കുകയാണെങ്കിൽ മത്സ്യത്തൊഴിലാളികളല്ല, പുറത്തു നിന്നുള്ളവരാണ്. ബംഗാളിൽ നിന്നും മറ്റുമുള്ള തൊഴിലാളികളാണ് അവയിൽ മീൻ പിടിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെയാണ് ബോട്ടുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് നമ്മൾ ആവശ്യപ്പെടുന്നത്. മറ്റൊന്ന്, കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുള്ള മീന കുമാരി കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്, ആഴക്കടലിൽ പരമാവധി 240-270 വരെ ബോട്ടുകൾ ആകാമെന്നതാണ്. പക്ഷേ ഇതിനെതിരെ പോലും എൽ.ഡി.എഫും ഇവിടുത്തെ മത്സ്യ തൊഴിലാളി സംഘടനകളും ഒരുമിച്ചു നിന്ന് പ്രക്ഷോഭം ചെയ്തിട്ടുള്ള കാലഘട്ടം ഉണ്ടായിരുന്നു. അത്രയൊന്നും ബോട്ടുകൾ പറ്റില്ല, ഇപ്പോൾ നിലവിലുള്ള ബോട്ടുകൾ മതി വിദേശത്തു നിന്നുള്ള ഒരു കപ്പലുകളെയും നമ്മൾ അനുവദിക്കാൻ പാടില്ല എന്നായിരിന്നു അവർ അന്ന് പറഞ്ഞത്.

മീന കുമാരി കമ്മിറ്റി റിപ്പോർട്ട്

പലപ്പോഴും വിദേശ രാജ്യങ്ങളുമായിട്ടുള്ള ‘ജോയിന്റ് വെഞ്ചേഴ്സ് ‘ നെതിരെ ശക്തമായ നിലപാടുകൾ എടുത്തിട്ടുള്ളവരാണ് ഇടതു പക്ഷ സർക്കാരുകൾ. അല്ലെങ്കിൽ ഇടതു പക്ഷം ‘സർക്കാരല്ല’ ഇടതു പക്ഷം. ആ ഒരു സാഹചര്യത്തിലാണ് ആരുമറിയാതെ മത്സ്യത്തൊഴിലാളികളോട് പോലും ആലോചിക്കാതെ 2018 മുതൽ പുതിയ കരാറിന് വേണ്ടിയിട്ടുള്ള ചർച്ചകൾ തുടങ്ങി വെക്കുന്നത്. ഇപ്പോൾ 2021 ആയി,2021-ൽ പോലും ഇത് പുറത്തു വരുന്നത് ഇവരുടെ ഒരു പരസ്യത്തിലൂടെയാണ്. കേരള സർക്കാരിന്റെ കേരളം മുന്നോട്ട് എന്നൊരു പരസ്യമുണ്ടല്ലോ… അതുമായി ബന്ധപ്പെട്ടുകൊണ്ട് 2900 കോടിയുടെ പുതിയ പദ്ധതി, എന്നു പറഞ്ഞു കൊണ്ടുള്ള പരസ്യമാണ് മത്സ്യത്തൊഴിലാളികൾക്കിടയിൽ ഒരു ചർച്ചക്ക് വിധേയമാക്കിയത്.

ഇവിടെ ആദ്യമേ മേഴ്‌സി കുട്ടിയമ്മ തുടങ്ങി കളവു പറയുകയാണ്. അങ്ങനെയൊരു കരാർ ഇ.എം.സി.സി യുമായിട്ട് ഉണ്ടായിട്ടില്ല എന്ന് കളവ് പറഞ്ഞു. പിന്നെ അതിന് ചുവടുപിടിച്ചു കൊണ്ട് വ്യവസായവകുപ്പ് മന്ത്രി ഈ.പി ജയരാജൻ, മുഖ്യമന്ത്രി അടക്കം കളവ് പറഞ്ഞു എന്നാണ്. പിന്നെ ഓരോന്നിനും പൊതുജന മധ്യത്തിൽ തെളിവ് കൊണ്ടുവന്നപ്പോൾ സമ്മതിക്കാൻ നിർബന്ധിതരായതാണ്. മാത്രമല്ല ഈ.എം.സി.സിയുടെ ഡയറക്ടർ ഷിബു ഇതിനെ കുറിച്ച് വളരെ വ്യക്തമായി പറയുകയും ഇവരുടെ ധാരണാ പത്രങ്ങൾ പുറത്ത് കൊണ്ടുവരികയും മാത്രമല്ല ഈ.പി ജയരാജൻ ഇവർക്ക് മത്സ്യസംസ്കരണ ശാലക്ക് വേണ്ടി ആലപ്പുഴയിൽ 4 ഏക്കർ സ്ഥലം കൈമാറാൻ വേണ്ടി ഫെബ്രുവരി മാസം രണ്ടാം തീയതി എഗ്രിമെന്റ് വെച്ചതും ഒക്കെ പുറത്തു വന്നപ്പോഴാണ്‌ ഇവർ സമ്മതിക്കാൻ നിർബന്ധിതരാകുന്നത്.

അപ്പോൾ ഇത് ഒരു ചെറിയ ആഴക്കടൽ മത്സ്യ ബന്ധനമായിട്ട്‌ മാത്രം പരിമിതപ്പെടുത്തി കാണരുത്. വലിയൊരു പാക്കേജ് ആണ് ഇതിനകത്ത് വന്നിട്ടുള്ളത്. 400 ട്രോളിങ് ബോട്ടുകൾ എന്നു പറഞ്ഞാൽ ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ, 5 മദർ ഷിപ്പ്, ഇവ അടുക്കാൻ വേണ്ടിയിട്ടുള്ള ഹാർബറുകൾ. ഒന്നുകിൽ നിലവിലുള്ള ഹാർബറുകൾ പുനർനിർമ്മിക്കുക അല്ലെങ്കിൽ പുതിയത് നിർമ്മിക്കുക, 50 മുതൽ 90 വരെയുള്ള മത്സ്യസംസ്കരണ ശാലകൾ ഇവിടെ മത്സ്യം സംസ്‌ക്കരിച്ചു കയറ്റുമതി ചെയ്യാനുള്ള വരെ അനുമതി, ഇവർ പിടിച്ചു കൊണ്ടുവരുന്ന മത്സ്യം ഇവിടെ വിൽപ്പന നടത്താനുള്ള, ഇന്ത്യക്കകത്തും കയറ്റുമതി ചെയ്യാനുമുള്ള അനുമതി. മറ്റൊന്ന് നോക്കുകയാണെങ്കിൽ മത്സ്യ തൊഴിലാളികൾക്ക് മാത്രമായിട്ടുള്ള ആശുപത്രി സംവിധാനങ്ങൾ. ഇവയെല്ലാം നമ്മൾ കൂട്ടി വായിക്കുകയാണെങ്കിൽ മത്സ്യ തൊഴിലാളി മേഖലയെ ഒരു സ്വകാര്യ അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ വേണ്ടിയിട്ടുള്ള ഒരു ശ്രമമായിരുന്നു നടത്തിയിട്ടുള്ളത്.

ഞാൻ പറഞ്ഞു വരുന്നത് 400 മത്സ്യബന്ധന യാനങ്ങൾ ഇവിടെ വരുമ്പോൾ ഇവര് പറയുന്നത് 2500 പേർക്ക് തൊഴിൽ ലഭിക്കുമെന്ന്. ഉടമസ്ഥാവകാശം അവരുടെ കയ്യിലാണ്. ഇത്രയും നാളും സ്വന്തമായിട്ട്‌ മത്സ്യ ബന്ധനം നടത്തിയിരുന്നവർ ഇനി മത്സ്യം കിട്ടതാവുമ്പോൾ ഇവരുടെ തൊഴിലാളികളായി മാറുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് പോകും. ഇനി ഹാർബറുകൾ, ഈ ഹാർബറുകളിൽ ആരുടെ വള്ളം അടുക്കണമെന്ന് തീരുമാനിക്കുന്നത് ഇവരായിരിക്കും. അപ്പോൾ നമ്മൾ എന്ത് ചെയ്യും.അതായത് തീരത്തെ ഹാർബറുകളുടെ ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്കായി മാറും. അതുപോലെ ഈ ലാൻഡ് ഇപ്പൊ അവര് 30 വർഷത്തേക്ക് ലീസ് ആണ് പറയുന്നത്. 30 വർഷത്തേക്ക് ഇവിടുത്തെ മത്സ്യസംസ്ക്കരണം മൊത്തം കൈകാര്യം ചെയ്യാനുള്ള അനുമതി അവർക്കുണ്ട്.

നമുക്കറിയാം ഇടതുപക്ഷം ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് അനുകൂലിച്ചു കൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. പക്ഷേ ഇതേ മാനദണ്ഡമായിരുന്നു കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അവിടെ കർഷകരോട് ആലോചിക്കാതെ അവർ കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങൾ ആര് വാങ്ങണം എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്ന നിലപാടിനോട് വിയോജിച്ചാണ് കേരളത്തിലും ഇന്ത്യയിലെമ്പാടും കർഷക സമരത്തെ അനുകൂലിക്കുന്നത്, നമ്മൾ അതിനോട് യോജിക്കുകയാണ് ചെയ്തത്. പക്ഷേ അവിടെ ഒരു നയവും ഇവിടെ മറ്റൊരു നയവും കാണിക്കുക എന്നത് ഇടതുപക്ഷത്തിന്റെ ഇരട്ട താപ്പാണ്.

ഇപ്പോൾ സർക്കാർ പറയുന്നു കരാർ റദ്ദാക്കുകയാണെന്ന്, ഇല്ലാത്ത കരാർ എങ്ങനെ റദ്ദാക്കും? ഏതോ ഒരു ഉദ്യോഗസ്ഥൻ കളിച്ചു എന്ന് പറയുന്നു. അവരുടെ രഹസ്യം പുറത്ത് വിട്ടു എന്നാണ് അത്. കേരളം മൊത്തം വിൽക്കുക അതിന്റെ ഭാഗമായി കടലോരവും വിറ്റ്‌ തുലച്ച്‌ സ്വകാര്യ കമ്പനികൾക്കു കൊടുക്കുക എന്ന നയം തന്നെയാണ് എൽ.ഡി.എഫ് സർക്കാരിനുള്ളത്. ഇവരുടെ വർഗപരമായ കാഴ്ച നഷ്ട്ടപ്പെട്ടു. വർഗപരമായ സമീപനം എൽ.ഡി. എഫിനുണ്ട് എന്ന് പറയുന്നത് തന്നെ ശെരിയല്ല എന്നാണ്, അങ്ങനെ അവർ ഇനി പറയാൻ പാടില്ല.

വികസനം വേണമെന്നാണ് ഇവർ പറയുന്നത്. ആരുടെ വികസനം എന്നാണ്? ഓഖി ദുരന്ത സമയത്ത് മറൈൻ ആംബുലൻസ് സർക്കാർ വാഗ്ദാനം ചെയ്തു. എവിടെ? രണ്ടാഴ്ച മുൻപ്‌ വിഴിഞ്ഞം കടലിൽ രണ്ട് മത്സ്യ തൊഴിലാളികൾ മരിച്ചു. അവരെ രക്ഷപ്പെടുത്താൻ ആംബുലൻസ് എവിടെ പോയി? ഇതു പോലെ ഒരുപാട് വാഗ്‌ദാനങ്ങൾ ഉണ്ട്. ആഴക്കടലിൽ പോയി മത്സ്യം പിടിക്കുന്ന ഒരുപാട് തൊഴിലാളികൾ ഉണ്ട് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യൂ, അവർക്ക് വേണ്ട ടെക്നോളജി, സുരക്ഷ എന്നിവ ഉറപ്പാക്കൂ. കർഷകരോട് മോദി കാണിക്കുന്ന സമീപനം തന്നെയാണ് ഇവിടെ പിണറായിയും മത്സ്യത്തൊഴിലാളികളോട് സ്വീകരിക്കുന്നത്.

പാർശ്വവത്കരിക്കപ്പെട്ടവർക്കിടയിൽ വിഭജനം സൃഷ്ടിച്ചു കൊണ്ടാണ് ഇതൊക്കെ നടപ്പിലാക്കുന്നത്. അസംഘടിതരായിട്ടുള്ളവർക്കിടയിലെ ഇതൊക്കെ നടക്കുകയുള്ളൂ. മറ്റൊന്ന് കൂടിയുള്ളത്, വിപണന രംഗത്ത് കുത്തകകൾ കടന്നു വരുന്നതാണ്. കടലോരത്തെ സ്ത്രീകളുടെ കുലത്തൊഴിലാണ് മത്സ്യ വിപണനം. കൊറോണ കാലത്ത് ചെറുപ്പക്കാരടക്കം ഈ മേഖലയിലേക്ക് കടന്ന് വന്നിട്ടുണ്ട്. ഇവരെ പട്ടിണിയിലാക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചത്.

മറ്റൊന്ന് നിലവിൽ ഇവിടെ മത്സ്യ സമ്പത്തിന്റെ കുറവ് കൊണ്ട് പല സംസ്‌ക്കരണ ശാലകളും പൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെയുള്ളവർക്ക് പോലും സാധ്യത ഇല്ലാതെ അവർക്ക് ഇത് കൊടുക്കുന്നുണ്ടെങ്കിൽ, ഇവിടെ അദാനിക്ക് വിഴിഞ്ഞം ഹാർബർ കൊടുത്തപോലെ തീരത്തെ ഭൂമി കൈക്കലാക്കാനുള്ള ഭൂ മാഫിയയുടെ ഇടപെടൽ കൂടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അദാനി ഇവിടെ വലിയ ഷോപ്പിംഗ് കോംപ്ലെക്സുകൾ പണിയുന്നു ഫ്ലാറ്റുകൾ നിർമ്മിച്ചു തുടങ്ങിയിരിക്കുന്നു മറൈൻ ടൂറിസം, ഇതു പോലെ ആയിരിക്കാം അമേരിക്കൻ കമ്പനിയുടെയും അജണ്ടയും. ഈ.എം.സി.സിയുടെ മുൻകാല പ്രവർത്തനം നോക്കുകയാണെങ്കിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള ആളുകളുടെ ഒരു കൂട്ടായ്‌മയാണ് ഈ കമ്പനി. അതു കൊണ്ടു തന്നെ കേരളത്തിലെ കടൽതീരത്തെ ഭൂമി കൈക്കലാക്കാനുള്ള നടപടിയാണിതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. മുഖ്യമന്ത്രിക്ക് ഇതിൽ കയ്യില്ലെങ്കിൽ സത്യസന്ധമായി ഒരു അന്വേഷണം പ്രഖ്യാപിക്കട്ടെ. ഈ കരാറിന് പിന്നിലുള്ളവരെ കണ്ടു പിടിക്കട്ടെ. പൊതു ജനത്തിനും മത്സ്യ തൊഴിലാളികൾക്കും മുൻപിൽ തെളിയിക്കപ്പെടട്ടെ.