നീതിപൂർണമായ വിചാരണയെ യുഎപിഎ എന്ന ഭീകരനിയമം ദുർബലപ്പെടുത്തുമ്പോൾ..

മൊഴിമാറ്റം : പ്രകാശ്

ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് റോണ വിൽ‌സന്റെ ലാപ്‌ടോപ്പിൽ ഹാക്കിങ്ങ് വിദഗ്ദർ നുഴഞ്ഞുകയറിയതായി അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിംഗിന്റെ കണ്ടെത്തൽ ഭീമ കൊറേഗാവ് കേസിനെ വീണ്ടും വാർത്തകളിലെത്തിച്ചിരുന്നു. 2018 ജനുവരി ഒന്നിന് (19-ആം നൂറ്റാണ്ടിൽ നടന്ന ഭീമ കൊറെഗാവ് യുദ്ധത്തിന്റെ വാർഷികം) നടന്ന ചില സംഭവങ്ങളെ തുടർന്ന് പോലീസ് കേസെടുക്കുകയും സുധ ഭരദ്വാജ്, വരവര റാവു തുടങ്ങി നിരവധി ആക്ടിവിസ്റ്റുകളുടെ അറസ്റ്റിലേക്ക് നയിക്കുകയുമായിരുന്നു. പ്രധാനമന്ത്രിയുടെ ജീവൻ അപായപ്പെടുത്താനുള്ള ഗൂഡാലോചനയിൽ പങ്കെടുത്തതായി ആരോപിക്കപെടുകയും ഇപ്പോൾ രണ്ട് വർഷത്തിലേറെയായി ഇവർ ജയിലിൽ കഴിയുകയുമാണ്. നിരവധി തവണ ജാമ്യാപേക്ഷ നിഷേധിച്ചെങ്കിലും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നത് കേസിൻ്റെ ഭീകരത എത്രത്തോളമെന്ന് വ്യക്തമാക്കുന്നു.

ഗൂഡാലോചനയുടെ വിശദാംശങ്ങൾ എന്ന നിലയിൽ പ്രോസിക്യൂഷന്റെ പ്രധാന തെളിവായ, വിൽസണിന്റെ ലാപ്‌ടോപ്പിൽ നിന്ന് ലഭിച്ച കത്തുകൾ എന്ന് ആരോപിക്കുന്നവയുടെ കാര്യത്തിൽ സംശയങ്ങൾ ഉയർത്തുന്നു എന്നത് കൊണ്ട് തന്നെ ആഴ്സണൽ റിപ്പോർട്ട് പ്രധാനമാണ്. ഈ പുതിയ മെറ്റീരിയൽ, കോടതി പരിഗണിക്കുന്നുണ്ടോ, എങ്കിൽ എപ്പോൾ, എങ്ങനെ എന്നതിനെ സംബന്ധിച്ച് നിയമപരമായ തർക്കങ്ങൾ നിസ്സംശയമായും ഉണ്ടെങ്കിലും (ബോംബെ ഹൈക്കോടതിയിൽ ഇതിനകം ഒരു നിവേദനം നൽകിയിട്ടുണ്ട്), ഈ സാഹചര്യങ്ങളും ഭീമ കൊറെഗാവ് കേസും ഇന്ത്യയിൽ ക്രിമിനൽ വിചാരണയുടെ നിരവധി പ്രശ്‌നങ്ങളിൽ ശ്രദ്ധ ക്ഷണിക്കാനിട നൽകുന്നു.

യു‌എ‌പി‌എ നിയമത്തിലെ വകുപ്പ് 43 ഡി(5) ആണ് പ്രശ്നത്തിന്റെ കേന്ദ്രം. ഇന്ത്യയിലെ ഈ ഭീകരവിരുദ്ധ നിയമം, ഭീമ കൊറെഗാവ് കേസിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നിടത്തോളം കാലം, ജാമ്യം അനുവദിക്കുന്നത് തടയുന്ന വകുപ്പുള്ളതിനാൽ യുഎപിഎ കേസുകളിൽ ജഡ്ജിമാർക്ക് ജാമ്യം അനുവദിക്കുന്നത് പ്രയാസകരമാണ്. ഇത് എപ്രകാരം പ്രവർത്തിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ആഴ്സണൽ റിപ്പോർട്ട്. റിപ്പോർട്ട് കോടതിയുടെ പരിഗണനയ്ക്ക് വരുന്നതിന്, പ്രതികൾ അതിനെ തെളിവായി അവതരിപ്പിക്കേണ്ടതുണ്ട്, അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തേണ്ടതുണ്ട്, അതിന്റെ നിഗമനങ്ങളെ എതിർത്ത് വാദിക്കുന്നതിന് പ്രോസിക്യൂഷൻ വിദഗ്ദ സാക്ഷികളെ ഹാജരാക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ക്രിമിനൽ വിചാരണയുടെ വേഗത കണക്കിലെടുക്കുമ്പോൾ, ഇത് ഒരു വർഷത്തിനുള്ളിൽ സംഭവിക്കാൻ സാധ്യതയില്ലെന്ന് ശുഭാപ്തിവിശ്വാസത്തോടെ പറയാം. എന്നിരുന്നാലും, ഇവയൊന്നും പ്രഥമദൃഷ്ട്യാ കേസിന്റെ സാധുതയെ ബാധിക്കുകയില്ല എന്നതിനാൽ വകുപ്പ് 43 ഡി(5) അനുസരിച്ച് പ്രതികൾ ജയിലിൽ തന്നെ തുടരേണ്ടിവരും.

സെക്ഷൻ 43 ഡി(5) യും ഇന്ത്യയിലെ വിചാരണയുടെ കാലതാമസവും കൂടിച്ചേരുമ്പോൾ ഫലത്തിൽ യു‌എ‌പി‌എ പരാമർശിക്കപ്പെടുന്നതോടെ പ്രായോഗികതലത്തിൽ ആ കേസിൽ പ്രതികളായ ആർക്കും വിചാരണ കൂടാതെ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടിവരുന്നു. ഡിഫെൻസിന്റെ വാദഗതികൾ ഒഴിവാക്കിക്കൊണ്ട് (വിചാരണ വേളയിൽ മാത്രമേ ഇവ ഉന്നയിക്കാനാകൂ) പോലീസ് ഭാഷ്യം മാത്രം നോക്കാൻ യുഎപിഎ നിയമം, കോടതികളെ നിർബന്ധിക്കുന്നതിനാൽ അതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുക.

വടാലി കേസ് പോലെയുള്ള കുപ്രസിദ്ധമായ കേസുകളിലെ സുപ്രീംകോടതി വിധി കാര്യങ്ങൾ കൂടുതൽ മോശമാക്കിത്തീർത്തു. വ്യക്തി സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകികൊണ്ട് ഈ ഭീകര നിയമങ്ങളെ വ്യാഖ്യാനിക്കുന്നതിന് പകരം ഗൂഡാലോചന എന്നതിന് വ്യക്തതയില്ലാത്തതും എന്നാൽ ദൂരവ്യാപ്തിയുള്ളതുമായ നിർവചനങ്ങൾ നൽകികൊണ്ട്, ജാമ്യം ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ളതാക്കി തീർക്കുകയും തെളിവുകൾ കൃത്രിമമായി നിർമിക്കപ്പെട്ടവയാണ് എന്ന അവസ്ഥയിൽ പോലും കോടതികൾക്ക് സാമാന്യ യുക്തിക്ക് അനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത സാഹചര്യം സംജാതമാക്കുകയും ചെയ്തു. വ്യക്തിപരമായ സ്വാതന്ത്ര്യത്തെ പൂർണ്ണമായും ബാധിക്കാത്ത രീതിയിൽ യു‌എ‌പി‌എ യെ വ്യാഖ്യാനിക്കാൻ കോടതികൾക്ക് ഇപ്പോഴും ഇടമുണ്ടെങ്കിലും, അത്തരം വിധിന്യായങ്ങൾ വളരെ കുറച്ചുമാത്രമേ ഉണ്ടാവുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

അടുത്തകാലത്തായി മറ്റൊരു വിധിന്യായത്തിൽ, മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ട യു‌എ‌പി‌എ കേസുകളിൽ കോടതികൾക്ക് ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.(കാര്യമായ കാലതാമസം വരുന്നതിൽ,ന്യായമായ വിചാരണയ്ക്കുള്ള അവകാശം മുൻനിർത്തി). ഇത് ഒരു തുടക്കമാണ്, പക്ഷേ ഇത് കൊണ്ട് മാത്രം കാര്യമില്ല.

യു‌എ‌പി‌എ എന്ന ഭീകരനിയമം അടിച്ചമർത്തലിന്റെ ഉപാധിയായി തുടരുന്നത് അവസാനിപ്പിക്കാൻ കോടതികൾ ഈ വകുപ്പുകൾ റദ്ദാക്കുകയോ അതിന്റെ സാരാംശം പൗരാവകാശങ്ങളെ ലംഘിക്കാത്ത വിധം നിർവചിക്കുകയോ ചെയ്യേണ്ടതുണ്ട്. കൂടാതെ പൊലീസോ ഭരണകൂടമോ ഈ വകുപ്പുകൾ ഉപയോഗിക്കുന്നത് വഴി തങ്ങളുടെ എതിരാളികളെ വർഷങ്ങളോളം ജയിലിലടക്കുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതായുണ്ട്.

(ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ ഗൗതം ഭാട്ടിയ ‘ഹിന്ദുസ്ഥാൻ ടൈംസി’ൽ എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര്യ പരിഭാഷ)