ഭീതി വിതച്ച് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ…

ഹരിദാസ്

ലോകമെമ്പാടും മഹാമാരിയായി മാറി കഴിഞ്ഞ കൊറോണ മൂലം കഴിഞ്ഞ വർഷം ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,184 മരണങ്ങളാണ് ഏറ്റവും കൂടുതലായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. പക്ഷെ ഇപ്പോൾ, ഏപ്രിൽ 15 ലെ കണക്കനുസരിച്ച് പുതിയ കേസുകളുടെ എണ്ണം 2 ലക്ഷത്തിന് മുകളിലാണ്. ഇന്ത്യയിൽ കഴിഞ്ഞ ഒൻപത് ദിവസങ്ങളിലായി എട്ടാമത്തെ റെക്കോർഡ് വർദ്ധനയിൽ എത്തിച്ചേർന്നിരിക്കുകയാണ് കോവിഡ് നിരക്ക്.ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം നിലവിൽ 1.5 ദശലക്ഷത്തിലധികമാണ്.

പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം 14 സംസ്ഥാനങ്ങളിലും യൂണിയൻ പ്രദേശങ്ങളിലും ഏറ്റവും കൂടുതൽ കോവിഡ് കേസുകളുണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കപ്പെട്ട നഗരം ന്യൂഡൽഹി ആണ്. കഴിഞ്ഞ ദിവസങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 17,000 ലധികം പുതിയ കേസുകളുമായി മുംബൈയെ മറികടന്നിരിക്കുകയാണ് ഡൽഹി. മരണനിരക്കിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹി മൂന്നാമതാണ്. മഹാരാഷ്ട്രയ്ക്കും ഛത്തീസ്ഗഡിനും പിന്നിലും ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ് എന്നിവയേക്കാൾ മുന്നിലുമാണ് ഇന്ത്യയുടെ തലസ്ഥാനം.
കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,40,81,632 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കേരളത്തിൽ ആകെ മരണം 4929 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,37,036(ഏപ്രിൽ 18) പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,683 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 11,353 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഛത്തിസ്ഗഢിലെ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. കോവിഡ് വ്യപനം തീവ്രമായ സാഹചര്യത്തിൽ വാക്സിന്റെ ലഭ്യതക്കുറവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഛത്തിസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലെ ആശുപത്രികളിൽ ധാരാളം ജനങ്ങൾ കോവിഡ് രോഗം മൂലം മരിക്കുന്നതായി ഏപ്രിൽ 15 ന് ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. ചില ആശുപത്രികൾ ഒരേ സമയം 10 ​​മൃതദേഹങ്ങൾ വരെ ഒരു ട്രക്കിൽ കയറ്റി ശ്മശാനങ്ങളിലേക്ക് കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. മൃതദേഹങ്ങൾ മോർച്ചറികളിൽ കുന്നുകൂട്ടിയിട്ടിരിക്കുകയാണെന്നും ഫ്രീസറുകളിൽ പോലും സൂക്ഷിക്കുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

നിലവിൽ 26,270 ൽ അധികം കേസുകൾ റായ്പൂരിലുണ്ട്. ഇതുവരെ 5,187 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 14 ന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം ,10 ​​സംസ്ഥാനങ്ങളിലായി രാജ്യത്തെ 82% കേസുകളും റിപ്പോർട്ട് ചെയ്യുന്നുവെന്ന് കാണിക്കുന്ന സ്ഥിതിവിവര കണക്ക് പുറത്തുവിട്ടിരുന്നു. ഈ പട്ടികയിൽ മൂന്നാം സ്‌ഥാനം ഛത്തിസ്ഗഢിനാണ്. സംസ്ഥാന സർക്കാരിന്റെ സ്വന്തം ഡാറ്റ അനുസരിച്ച്, കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഛത്തീസ്ഗഢിൽ മരണത്തോത് 2,000% വരെ വർദ്ധിച്ചു എന്നാണ്.

“അവർ ചത്ത മൃഗങ്ങളെപ്പോലെ മൃതദേഹങ്ങൾ മോർച്ചറിയിൽ നിന്ന് ട്രക്കിലേക്കും തുടർന്ന് ട്രക്കിൽ നിന്ന് ശവസംസ്കാര ചിതയിലേക്കും വലിച്ചെറിയുകയാണ്.” ആശുപത്രിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ന്യൂ റായ്പൂരിലെ ഒരു ശവസംസ്ക്കാര കേന്ദ്രത്തിലേക്ക് പോകുന്ന ഒരു ട്രക്കിൽ പിതാവിന്റെ മൃതദേഹം കയറ്റുന്നത് നിരീക്ഷിച്ചുകൊണ്ട് ഉമേഷ് കുമാർ എന്ന യുവാവ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയായിരുന്നു.

ജനങ്ങൾ വൈറസിനെയും അതിന്റെ ഫലങ്ങളെയും ഗൗരവമായി കാണുന്നില്ലെന്നും, രോഗികളുടെ അവസ്ഥ ഗുരുതരമാകുന്നതുവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കില്ലെന്നും പറഞ്ഞുകൊണ്ട് റായ്പൂരിലെ അഡിഷണൽ മുനിസിപ്പൽ കമ്മീഷണർ പുലക് ഭട്ടാചാര്യ ആശുപത്രികളുടെ ദുരവസ്ഥയെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്

ഇന്ത്യയിലെ രണ്ടാമത്തെ കോവിഡ് തരംഗം രോഗവ്യാപനത്തിൻ്റെ കാര്യത്തിൽ അതിഭീകരമാം വിധം മുന്നേറുകയാണ്. പ്രധാനമായും ഉചിതമായ മുൻകരുതലുകൾ ഗവൺമെൻ്റ് തലത്തിൽ എടുക്കാത്തത്, കൊറോണ വൈറസ് എന്ന പകർച്ചവ്യധിയുടെ പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമായി എന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ മാസം പല സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ച് വീണ്ടുവിചാരമില്ലാതെ മുഖ്യധാര രാഷ്ട്രിയ പാർട്ടികളും മറ്റും നടത്തിയ പ്രകടനങ്ങളും സമ്മേളനങ്ങളുമൊക്കെയാണ് ഇതിനുദ്ദാഹരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനു തുടർച്ചയായി ഹരിദ്വാറിലെ ഗംഗാ നദീതീരത്ത് നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയാണ് കോവിഡിനെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന മറ്റൊരുദ്ദാഹരണം. ഒരേ സമയം 30 ലക്ഷത്തോളം ഭക്തർ ഒത്തുചേർന്നതും ആശങ്ക ഉളവാക്കുന്നു. ഹരിദ്വാറിൽ മാത്രം കഴിഞ്ഞ ആഴ്ചയിൽ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിശ്വാസ സംരക്ഷണത്തിൻ്റെ പേരിൽ ഇത്തരം ചടങ്ങുകൾ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ മുൻകൈ എടുക്കാത്തത്, കൊറോണ വ്യാപനതോതും മരണങ്ങളും വർദ്ധിക്കാനിടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

കോവിഡ് വ്യാപനം രാജ്യത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയ്ക്കും ബാധ്യതയാകുന്നതായാണ് വിവരം. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറത്ത് വിട്ട കണക്കമുസരിച്ച് ഏപ്രില്‍ ഏഴ് വരെ 10.7 ലക്ഷം കൊറോണ വൈറസ് ക്ലെയിം കേസുകളാണ് രാജ്യത്ത് റജിസ്റ്റര്‍ ചെയ്‌പ്പെട്ടിട്ടുള്ളത്. ഇതില്‍ 8.6 ലക്ഷം ക്ലെയിം അപേക്ഷകളിലായി 7,907 കോടി രൂപ ഇതിനകം നല്‍കി കഴിഞ്ഞതായി ഇൻഷുറൻസ് അധികൃതർ പറയുന്നു. മഹാരാഷ്ടയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കൊറോണ ക്ലെയിമുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.