നക്സൽ കാലഘട്ടം; ഒരു പുനർവായന

മൊഴിമാറ്റം:ആദിത്യൻ

1969 ഓഗസ്റ്റ് 8 ന് ആ പ്രവേശനദ്വാരത്തിൽ കടന്നപ്പോൾ ഞാൻ പുളകിതനായിരുന്നു.
ആധുനിക ഇന്ത്യയുടെ ഏറ്റവും പഴയ കോളേജും മഹത്തായ ഇന്ത്യൻ ഉണർവ്വിന്റെ ഉത്ഭവസ്ഥാനവുമായ പ്രസിഡൻസി കോളേജ്, കൊൽക്കത്ത. ദേശീയ പതാക ഉയർത്തിയ കൊടിമരത്തിൽ നിന്നും തിളക്കമുള്ള ഒരു ചുവന്ന പതാക കോളേജിനു മുകളിൽ പറന്നു. ഇന്ത്യൻ വിപ്ലവത്തിന്റെ വരവ് പ്രഖ്യാപിച്ചു കൊണ്ട് എല്ലാ മതിലുകൾക്ക് മുകളിലൂടെയും കയ്യെഴുത്ത് പോസ്റ്ററുകൾ ഒട്ടിച്ചിരുന്നു. ചെയർമാൻ മാവോയുടെ സ്റ്റെൻസിൽ ഛായാചിത്രങ്ങളുംകോളേജ് മതിലുകളിൽ ഉണ്ടായിരുന്നു എങ്കിലും ഏറ്റവും വലുത്, ഏറ്റവും വിസ്മയകരമായ ഒരെണ്ണം കാന്റീനിലായിരുന്നു. ഒപ്പം കട്ടിയുള്ള കറുത്ത അക്ഷരങ്ങളാൽ കോളേജിനകത്തും പുറത്തും മുദ്രാവാക്യങ്ങൾ വരച്ചു വെച്ചിരുന്നു,”ചൈനയുടെ ചെയർമാൻ ഞങ്ങളുടെ ചെയർമാൻ”, ” വ്യവസ്ഥിതി അനീതിക്ക് വേണ്ടി നിൽക്കുമ്പോൾ, അക്രമമാണ് നീതിയുടെ ആരംഭം”, എന്നിങ്ങനെ.

ഞാൻ മന്ദഗതിയിൽ പാവനമായ ആ മെയിൻ ഗോവണി കയറിയപ്പോൾ, സുഭാഷ് ചന്ദ്രബോസിന് ഇതേ പടികളിൽ വെച്ച് ഒരു വെളുത്ത വംശീയ വാദിയായ അധ്യാപകനുമായി ഉണ്ടായ കോലാഹലം ഓർമ്മയിലെത്തി, അതിന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഉച്ചത്തിലുള്ള ശബ്‌ദം അടുത്ത് എവിടെ നിന്നോ വന്നു. പെട്ടെന്ന്, പ്രക്ഷോഭം നടത്തുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ പടിക്കെട്ടുകളുടെ തലയ്ക്കൽ പ്രത്യക്ഷപ്പെട്ടു. അവർക്ക് പടികൾ ഇറങ്ങി മാർച്ച് ചെയ്യാൻ നേരം എനിക്ക് മാറിനിൽക്കേണ്ടി വന്നു. അമേരിക്കൻ സാമ്രാജ്യത്വത്തെ അപലപിച്ചും, ഭീഷണിപ്പെടുത്തി കൊണ്ടും മുദ്രാവാക്യം മുഴങ്ങുന്നു. അവർ എന്നെ ഉരസി മറികടന്നപ്പോൾ ഞാൻ വിദഗ്ദമായി മുന്നോട്ടു നീങ്ങി. നക്സലൈറ്റുകളുമൊത്തുള്ള ആദ്യത്തെ ഈ ഉരസൽ അത്ര ഗംഭീരമായിരുന്നില്ലെങ്കിലും, അടുത്ത മൂന്ന് വർഷങ്ങൾ സ്പന്ദിക്കുന്ന വേദനകളോട് കൂടിയതായിരുന്നു.

1967 ന്റെ തുടക്കത്തിൽ പശ്ചിമ ബംഗാളിൽ ഇടതുപക്ഷ ആധിപത്യമുള്ള യുണൈറ്റഡ് ഫ്രണ്ട് (യു.എഫ്) സഖ്യം പഴയ കോൺഗ്രസിനെ പുറത്താക്കി അധികാരത്തിൽ വന്നപ്പോൾ, തെരുവ് വിളക്കുകൾ കടും ചുവപ്പ് നിറത്തിലുള്ള സെലോഫെയ്ൻ കൊണ്ട് പൊതിഞ്ഞു. അവയുടെ ചുവന്ന തിളക്കം ആഹ്‌ളാദകരമായ വായുവിൽ വീശുന്ന ചുവന്ന പതാകകൾ, ബാനറുകൾ, പോസ്റ്ററുകൾ, തോരണങ്ങൾ എന്നിവയോട് പൊരുത്തപ്പെട്ടു. പെട്ടെന്നുതന്നെ, ആ വർഷം മെയ് മാസത്തിൽ സായുധരായ ഗോത്രവർഗക്കാർ കലാപത്തോടെ ഉയിർത്തെഴുന്നേൽക്കുകയും സിലിഗുരിക്ക് സമീപം എവിടെയോ, പകൽ വെളിച്ചത്തിൽ ഭൂവുടമകളെയും പോലീസുകാരെയും കൊല്ലുകയും ചെയ്തു. ഇത് ഇടതു ഗവണ്മെന്റിന്റെ അല്ല തീവ്ര ഇടതുപക്ഷ കമ്യൂണിസ്റ്റുകാരുടെ പ്രവൃത്തിയാണെന്ന് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു. ഇത് യഥാർത്ഥത്തിൽ അവരെ ലജ്ജിപ്പിച്ചു. എന്നാൽ താമസിയാതെ, കർഷക കലാപം പൊട്ടിപ്പുറപ്പെട്ട നക്സൽബാരി, ഖരിബാരി, ഫാൻസിദേവ എന്നീ ഗ്രാമങ്ങൾ വ്യാപകമായി അറിയപ്പെട്ടു, കലാപത്തിന്റെ നേതാക്കളായ ചാരു മജൂംദാർ, കനു സന്യാൽ, ജംഗൽ സന്താൾ എന്നിവരെപ്പോലെ.

1970 മധ്യത്തോടെ നഗര വിപ്ലവകാരികൾ കൂടുതൽ അസ്വസ്ഥരാവുകയും പോലീസുകാരിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുക്കാൻ തുടങ്ങുകയും വർഗ ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ കൂടുതൽ സമർഥമായ രൂപങ്ങൾ ആസൂത്രണം ചെയ്യാൻ തുടങ്ങുകയും ചെയ്തിരുന്നു. ആ കാലത്ത് പുരുഷന്മാർക്ക് ശരീരത്തിന്റെ മുകൾ ഭാഗം മറക്കാനുള്ള ഒരു ഷാൾ സാധാരണമായിരുന്നു. കാരണം ബംഗാളികൾ പൊതുവേ പരമ്പരാഗതമായി തണുപ്പിനെ ഭയപ്പെടുന്നു. നക്സലൈറ്റുകൾ പരുക്കനായ പൈപ്പ് തോക്കുകളോ കഠാരകളോ അവരുടെ ഷാളുകൾക്കടിയിൽ വഹിക്കാൻ തുടങ്ങി. സംശയം തോന്നുന്ന പോലീസുകാർക്കു നേരെ ക്ലോസ് റേഞ്ചിൽ നിറയൊഴിച്ചു. അല്ലെങ്കിൽ കത്തികൾ ആഴത്തിൽ കുത്തിയിറക്കി. പോലീസുകാർ അവരുടെ ഭാരമുള്ള പുരാതന റൈഫിളുകളുമായ് പിന്തുടരുമ്പോൾ, ഓടി മറയുന്ന നക്സലൈറ്റുകൾ അവരെ ഈ പഴയ നഗരത്തിന്റെ നിഗൂഢമായ ഇടുങ്ങിയ പാതകളിലേക്ക് വളരെ തന്ത്രപരമായി നയിച്ചുകൊണ്ടു പോകുമായിരുന്നു..

(ദീർഘകാലം കേന്ദ്ര സാംസ്കാരിക സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ജവഹർ സിർക്കാർ, കൊൽക്കത്തയിൽ നക്സലൈറ്റ് രാഷ്ട്രീയ മുന്നേറ്റം വളരെ സജീവമായിരുന്ന ഒരു കാലഘട്ടത്തെ അനുസ്മരിച്ചുക്കൊണ്ട് തൻ്റെ വ്യക്തിപരമായ അനുഭവങ്ങൾ കോർത്തിണക്കി അൻപത് വർഷങ്ങൾക്കു ശേഷം എഴുതിയ’#1971 റീവൈന്റ് ‘എന്ന ആത്മകഥാപരമായ ലേഖന സമാഹാരത്തിൽ നിന്നും)

ഉറവിടം: ദി വയർ
https://m.thewire.in/article/history/calcutta-naxal-violence-police-brutality-1971