ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് ഉടൻ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര സമൂഹം

പ്രസ്താവന മൊഴിമാറ്റം : സഫീർ

ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ നിരസിച്ചതിനെതിരെ പ്രതിഷേധിച്ച് ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നുള്ള 2500 ൽ അധികം പേർ പ്രസ്താവനയിൽ ഒപ്പുവെച്ചു.യു‌എ‌പി‌എ റദ്ദാക്കണമെന്നും സ്റ്റാൻ സ്വാമിക്ക് ജാമ്യം അനുവദിക്കുന്ന നടപടിയുമായി മുന്നോട്ടുപോകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

സര്‍വ്വകലാശാലാ അദ്ധ്യാപകർ, സാമൂഹികപ്രവത്തകർ, കലാകാരന്മാർ, ചലച്ചിത്ര നിർമ്മാതാക്കൾ, സാമ്പത്തിക വിദഗ്ധർ, ജെസ്യൂട്ടുകൾ(സൊസൈറ്റി ഓഫ്‌ ജീസസ്‌ എന്ന പുരോഹിത സമൂഹത്തിലെ അംഗം), പത്രപ്രവർത്തകർ, അഭിഭാഷകർ, വിരമിച്ച ഉദ്യോഗസ്ഥർ, എഴുത്തുകാർ എന്നിവരും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.അഡ്മിറൽ ലക്ഷ്മിനാരായണ രാംദാസ്, അലോക കുജുർ, ആൽപാ ഷാ, ആനന്ദ് പട്‌വര്‍ധന്‍,അനുരാധ തൽവാർ, അപൂർവാനന്ദ്, അരുണ റോയ്, ആശിഷ് കോത്താരി, ബേല ഭാട്ടിയ,ഭാരത് ഭൂഷൺ ചൗധരി, സെഡ്രിക് പ്രകാശ്, ദയാമണി ബർല, എലീന ഹോറോ, ഫറാ നഖ്‌വി,ജയതി ഘോഷ്, ജീൻ ഡ്രെസ്, ജോൺ ദയാൽ, കവിത ശ്രീവാസ്തവ, ലളിത രാംദാസ്, നന്ദിത ദാസ്,നിഖിൽ ഡേ, റീതിക ഖേര, ശ്രീധർ വി, സുശാന്തോ മുഖർജി, വാസവി കിരോ, വിർജീനിയസ് സാക്സ, വജാത്ത് ഹബീബുള്ള, യോഗേന്ദ്ര യാദവ് എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചവരിലെ പ്രമുഖരാണ്.

84 വയസ്സ് പ്രായമായ സ്റ്റാൻ സാമിക്ക് ഉടൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയുടെ പുതുർണരൂപം

84 കാരനായ സ്റ്റാൻ സ്വാമിക്ക് ഉടനടി ജാമ്യത്തിനായുള്ള നിവേദനം

ഞങ്ങൾ, താഴെ ഒപ്പുവച്ചിരിക്കുന്നവർ ഭീമാ കൊറേഗാവ് കേസിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ( NIA) പ്രത്യേക കോടതി 2021 മാർച്ച് 22ന് സ്റ്റാൻ സ്വാമി സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്. 2020 ഒക്ടോബർ 8 ആം തീയതി ആണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ഇപ്പോഴും അദ്ദേഹം തളർച്ച ബാധിച്ച് ജയിലിൽ തന്നെ കഴിയുന്നു.

84 വയസ്സ് പ്രായമുള്ള സ്റ്റാൻ സ്വാമി പാർക്കിൻസൺസ് അസുഖമുള്ള രോഗിയാണ്. അദ്ദേഹത്തിൻറെ രണ്ടു കൈകൾക്കും വിറയൽ ഉണ്ട്. അദ്ദേഹത്തിന് വെള്ളം കുടിക്കുന്നതിനും, കുളിക്കുന്നതിനും, വസ്ത്രം സ്വന്തമായി അലക്കുന്നതിനും വലിയതോതിലുള്ള പ്രയാസമുണ്ട്. അദ്ദേഹത്തിന് മറ്റു രോഗലക്ഷണങ്ങളും ഉണ്ട്. അറസ്റ്റിന് മുമ്പ് , മിക്കവാറും സമയങ്ങളിലും റാഞ്ചിയിലെ ബഗൈജയിൽ അദ്ദേഹം ഉണ്ടായിരുന്നു. 2018 മുതൽ ഈ കേസിൻ്റെ പേരിൽ നിരന്തരം ശല്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ( ആദ്യം മഹാരാഷ്ട്ര പോലീസിനാലും പിന്നീട് ദേശീയ അന്വേഷണ ഏജൻസിയാലും.) അദ്ദേഹം ബഗൈജയിൽ തന്നെ താമസിക്കുകയും കേസുമായി പൂർണമായി സഹകരിക്കുകയും ചെയ്തു. പ്രായമായ രോഗാതുരനും, ഒപ്പം അധികമൊന്നും സഞ്ചരിക്കാത്ത ആളും, അക്രമത്തിൻ്റെതായ യാതൊരു ചരിത്രവും ഇല്ലാത്ത ആളുമായ ഒരു വ്യക്തിക്ക് ജാമ്യം നിഷേധിക്കുന്നത് മനസ്സിലാക്കാവുന്നതിലപ്പുറമാണ്.

സ്റ്റാൻ സ്വാമിയെ ഞങ്ങൾക്ക് അസാധാരണമായ മാന്യൻ എന്ന നിലയിലും സത്യസന്ധൻ എന്ന നിലയിലും നിസ്വാർത്ഥൻ എന്ന നിലയിലും പരിചയമുണ്ട്. അദ്ദേഹത്തിനുമേലും അദ്ദേഹത്തിൻ്റെ പ്രവർത്തികൾക്കുമേലും ഞങ്ങൾക്ക് അതിയായ ആദരവുണ്ട്. അദ്ദേഹം ജാർഖണ്ടിൽ ആദിവാസികളുടെയും ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെയും അവകാശങ്ങൾക്ക് വേണ്ടി പതിറ്റാണ്ടുകൾ പ്രവർത്തിച്ചിട്ടുണ്ട്.

സ്റ്റാൻ സാമിക്ക് വേണ്ടിയുള്ള പൊതുജനപിന്തുണ തുടർച്ചയായി വർദ്ധിക്കുമ്പോൾ ‘സമൂഹത്തിൻ്റെ താല്പര്യം’ എന്നപേരിൽ കോടതി ജാമ്യാപേക്ഷ റദ്ദ് ചെയ്തത് എന്തൊരു വിരോധാഭാസമാണ്. ആദിവാസികളും, ഗ്രാമസഭകളും, പൗരസമൂഹവും, വ്യത്യസ്ത രാഷ്ട്രീയ നേതാക്കളും പാർട്ടികളും, ജാർഖണ്ഡിലെ മുഖ്യമന്ത്രി ഉൾപ്പെടെ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ ഖേദം രേഖപ്പെടുത്തുകയും അദ്ദേഹത്തിന് പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുകയും ചെയ്തു.

ഭീമാ കൊറേഗാവ് കേസിൽ എൻ ഐ എ ശേഖരിച്ച ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ അടുത്ത കാലത്ത് പുറത്തുവന്ന ആഴ്സണൽ റിപ്പോർട്ട് ( Arsenal report) കേസിൽ പ്രതികളായവരുടെ കമ്പ്യൂട്ടറുകളിലേക്ക് എങ്ങനെയാണ് കള്ള ഫയലുകളും ഡോക്യുമെൻ്റുകളും തിരുകി കയറ്റിയത് എന്നതിനെ വ്യക്തമായി തുറന്നുകാട്ടി. തൻ്റെ കമ്പ്യൂട്ടറിൽ നിന്നും എടുത്തതെന്നു പറയപ്പെടുന്ന ചില ഭാഗങ്ങളും കെട്ടിച്ചമച്ചതാണെന്നും അതുകൊണ്ട് അതൊന്നും തന്നെ തൻ്റേതല്ലെന്നും സ്റ്റാൻ സ്വാമി ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടുണ്ട്. കോടതി കെട്ടിച്ചമക്കലുകളെ പറ്റിയുള്ള ഈ തെളിവുകളെ അവഗണിച്ചതും ജാമ്യാപേക്ഷ തള്ളിക്കളഞ്ഞതും അസ്വസ്ഥപ്പെടുത്തുന്നതാണ്.

സർക്കാരിനെ എതിർത്തതിനും ഏറ്റവും സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി നിലകൊണ്ടതിനും നിരന്തരമായി പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി കെട്ടിച്ചമച്ച യുഎപിഎ കേസുകളുടെ അടിസ്ഥാനത്തിൽ വർഷങ്ങളോളം വിചാരണയെന്നപേരിൽ ദുർഘടാവസ്ഥയിൽ ജയിലിൽ കിടക്കേണ്ടി വരുന്ന ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരുടെ പ്രതീകമാണ് സ്റ്റാൻ സാമി. യു എ പി എ കേസിൽ പ്രതികളായവരിൽ ശിക്ഷിക്കപ്പെടുന്നവരുടെ നിരക്ക് വളരെ കുറവാണ്. ( 2016 മുതൽ 19 വരെ രജിസ്റ്റർ ചെയ്ത കേസുകളിൽ 2.2 ശതമാനം പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത് എന്ന് പാർലമെൻറ് രേഖകൾ പറയുന്നു.) ഇതു തെളിയിക്കുന്നത് മിക്കവാറും കേസുകളും അടിസ്ഥാനരഹിതമാണെന്നതാണ്.

സ്റ്റാൻ സാമിക്ക് ഉടൻ ജാമ്യം നൽകണമെന്നും, യുഎപിഎ പിൻവലിക്കണമെന്നും, ജയിലല്ല ജാമ്യമാണ് പ്രഥമപരിഗണന കിട്ടേണ്ടതും അതിൻ്റെ അടിസ്ഥാനത്തിൽ നിയമം പ്രവർത്തിക്കണം എന്ന ആദർശം ഉയർത്തിപ്പിടിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

ഐക്യദാർഢ്യം.