2021ലെ തെരഞ്ഞെടുപ്പും മുന്നണിരാഷ്ട്രീയത്തിന്റെ തുടർച്ചയും

കെ.മുരളി

തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഈ പ്രഭാഷണത്തിൽ ഉന്നയിച്ച കാര്യങ്ങൾ ഇനിയും പ്രസക്തമാണ് എന്ന് ഇടതു മുന്നണിയുടെ വിജയത്തെ തുടർന്ന് വന്നിരിക്കുന്ന ചില അഭിപ്രായങ്ങൾ ബോധ്യപ്പെടുത്തും. സിപിഎം ഒരു ജനാധിപത്യ പാർട്ടിയായെങ്കിലെ ഈ വിജയം അർത്ഥവത്താകു എന്നാണ് ചിലർ പറയുന്നത്. മാർക്സിസം എന്നേ ഉപേക്ഷിച്ച പാർട്ടിയാണ് സിപിഎം. കമ്മ്യൂണിസം ഇന്നും മനസ്സിൽ ഏറ്റുനടക്കുന്ന അണികളിൽ നിന്ന് അത് മറച്ചുവയ്ക്കാൻ അതിപ്പോഴും സ്വന്തം ഭരണഘടനയിൽ തൊഴിലാളിവർഗ സർവ്വാധിപത്യത്തെ കുറിച്ചെല്ലാം പറയുന്നു. ഇത് തുടരുന്നിടത്തോളം കാലം സിപിഎമ്മിന് ഇന്ത്യൻ ഭരണഘടനയോട് കൂറു പുലർത്തനാകില്ല, ജനാധിപത്യ പാർട്ടിയാകാൻ കഴിയില്ല എന്നാണ് വാദം. ഇവർ പറയുന്നതുപോലുള്ള ജനാധിപത്യ പാർട്ടികളെകൊണ്ട് ജനങ്ങൾക്കും രാജ്യത്തിനും എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ എന്ന് ആലോചിച്ചു നോക്കു. കോൺഗ്രസ്സിന്റെ ഉദാഹരണമുണ്ട് . മറ്റ് നിരവധി ഉദാഹരണങ്ങളുണ്ട്. വളരെ ചിട്ടയായി, പതിവ് തെറ്റിയ്ക്കാതെ, സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ നിശ്ചയിക്കുന്ന പാർടിയാണ് ബിജെപി. എന്നിട്ടോ? കേരളത്തിൽ ഇരു മുന്നണികളും ദശകങ്ങളായി തുടരുന്ന ജനവിരുദ്ധ, ദേശവിരുദ്ധ ഭരണനയങ്ങളുടെ നിർണ്ണായക പ്രശ്നം അവഗണിച്ച് പാർലമെൻ്ററി ജനാധിപത്യത്തിലേയ്ക്ക് ദൃഷ്ടി ചുരുക്കാനാണ് ഈ നിലപാട് ആവശ്യപ്പെടുന്നത്. ഏതെങ്കിലും സർക്കാരിന്റെ തുടർച്ചയല്ല പ്രശ്നം. ആരുടെ സർക്കാർ വന്നാലും മാറ്റമില്ലാതെ തുടരുന്ന ഭരണനയങ്ങൾ, ഭരണവർഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിയ്ക്കപ്പെടുന്നത്, ഇതാണ് പ്രശ്നം. അതാണ് ഈ പ്രഭാഷണത്തിന്റെ കേന്ദ്ര പ്രമേയം.ആറ് നിയോജകമണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ശരിക്കും പറഞ്ഞാൽ സിപിഎം മുന്നണിയുടെ സീറ്റ് വ‍ർദ്ധനവിനെ അപേക്ഷിച്ച്‌ ഇതാണ് കൂടുതൽ ശ്രദ്ധേയം. മതേതര, ഇടതുപക്ഷ കോട്ട എന്നൊക്കെ ആഘോഷിക്കുന്ന കേരളത്തിൽ തന്നെ വന്നുകൊണ്ടിരിയ്ക്കുന്ന ഈ മാറ്റത്തിലും മുന്നണികളുടെ ഭരണനയ തുടർച്ചയ്ക്ക് പങ്കുണ്ട്. കൂടുതൽ കൂടുതൽ വലത്തോട്ട് നീങ്ങിയ ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റ് ഭരണമായിരുന്നു ഹിറ്റ്ലറുടെ ഉയർച്ചയ്ക്ക് കളമൊരുക്കിയ ഒരു ഘടകം.

ഈ പ്രാവശ്യത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രമുഖ ചർച്ചാ വിഷയങ്ങളായ് വന്നിരിക്കുന്ന രണ്ടു കാര്യങ്ങളാണ് സർക്കാരിന്റെ തുടർച്ചയുടെ പ്രശ്നവും അതുപോലെ തന്നെ സംഘ പരിവാർ ശക്തികൾ രാഷ്ട്രീയമായ സാന്നിധ്യം ഉറപ്പിച്ചേക്കാം എന്ന പ്രശ്നവും. ഇത് രണ്ടിനേയും ബന്ധിപ്പിച്ചുകൊണ്ട് ഇടത് മുന്നണി വിജയിക്കുകയാണെങ്കിൽ, അങ്ങനെ സർക്കാരിന്റെ തുടർച്ചയുണ്ടാവുകയാണെങ്കിൽ, ഐക്യ ജനാധിപത്യ മുന്നണി, പ്രത്യേകിച്ചും കോൺഗ്രസ്, പൊളിയുമെന്നും അതിലൊരു വലിയ വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്നും അങ്ങനെ അടുത്ത തെരഞ്ഞെടുപ്പിലോ ചുരുങ്ങിയ പക്ഷം അതിനടുത്ത തിരഞ്ഞെടുപ്പിലോ ബി.ജെ.പിയും ഇടതും തമ്മിലായിരിക്കും പ്രധാന മത്സരം ഉണ്ടാകുക, കേരളത്തിൽ അങ്ങനെ സംഘപരിവാർ അവരുടെ രാഷ്ട്രീയ സാന്നിധ്യം ഉറപ്പിക്കും എന്ന വാദഗതിയും ഉണ്ട്.

ആദ്യമേ തന്നെ ഇത് അങ്ങേയറ്റം ഉപരിപ്ലവമായ ഒരു ധാരണയാണ് എന്ന് പറയേണ്ടിയിരിക്കുന്നു, കാരണം കോൺഗ്രസ് ജയിച്ച് അധികാരത്തിൽ വന്ന സംസ്ഥാനങ്ങളിലും കോൺഗ്രസ്സുകാർ കൂട്ടത്തോടെ കൂറു മാറി ബി.ജെ.പി അധികാരത്തിൽ വന്ന ഉദാഹരണങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായ് വിവിധ സംസ്ഥാനങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ചുരുക്കത്തിൽ കോൺഗ്രസ്സിൽ നിന്ന് ആരെങ്കിലുമൊക്കെ വിട്ടു പോകാനായി, അല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാനങ്ങളിൽ കോൺഗ്രസ് പൊളിയാനായി, പ്രത്യേകിച്ച് വേറെ കാരണങ്ങളൊന്നും വേണ്ട. അതിന്റെ ആന്തരിക പ്രശ്നങ്ങൾ മതി. അതുപോലെ തന്നെ പ്രാദേശിക തലത്തിലായാലും കൊള്ളാം അഖിലേന്ത്യാ തലത്തിലായാലും കൊള്ളാം ഭാരണവർഗങ്ങൾ പ്രത്യേകിച്ചും സവർണ്ണർ പ്രധാനമായും ബി.ജെ.പി യെ ആണ് തങ്ങളുടെ പാർട്ടിയായി കരുതുന്നത്. അതുകൊണ്ട് കോൺഗ്രസ്സിനകത്തുള്ള അത്തരക്കാർ ഏതു നിമിഷവും ബി.ജെ.പിയിലേക്ക് കൂറുമാറിയേക്കാം. ഇത് പ്രത്യേകിച്ച് തടസവും ബുദ്ധിമുട്ടും ഒന്നും ഉണ്ടാക്കുന്ന കാര്യങ്ങളല്ല. അപ്പോൾ ആ വിഷയങ്ങൾ മാറ്റിവെച്ചിട്ട് നമുക്ക് ഈ പറയുന്ന ഭരണതുടർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാം.

ഇതിൽ ഒരു പ്രധാന നിലപാട് വന്നിരിക്കുന്നത് കെ.വേണുവിനെ പോലെയുള്ള ആളുകളുടെ അടുത്തു നിന്നാണ്. ഇടത് മുന്നണി ജയിക്കുകയും അധികാരത്തിൽ വരുകയും ചെയ്യുകയാണെങ്കിൽ ജനാധിപത്യം അതോടു കൂടി തീർന്നു എന്ന മട്ടിലാണ് വേണു പറയുന്നത്. ഭരണതുടർച്ച ഒരു തരത്തിലും നല്ലതല്ല. മുന്നണികൾ മാറി വരുന്നതാണ് നല്ലത്. അതാണ് ജനാധിപത്യം എന്നാണ് വാദിക്കുന്നത്. ഭരണതുടർച്ചക്ക് എതിരെയുള്ള ഇത്തരം വാദമുഖങ്ങൾ മുൻപ് ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ ഇരിക്കുകയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടി വന്ന ഘട്ടത്തിൽ നമ്മൾ കേട്ടിട്ടില്ല എന്ന് മറക്കരുത്. അതുകൊണ്ട് തന്നെ ഈ ജനാധിപത്യ നാട്യങ്ങൾ സത്തയിൽ കോൺഗ്രസിനുള്ള കുഴലൂത്താണ്.

ഇതല്ലാതെ സി.പി.എം നേതൃത്വത്തിലുള്ള ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വരുന്നത് നല്ലതല്ല, ഗുണം ചെയ്യില്ല, എന്ന് വാദിച്ച ഒരു പ്രബല വിഭാഗം ഇവിടുത്തെ പല ദലിത്, ആദിവാസി സംഘടനകളാണ്. അവരുടെ അത്തരം ആശങ്കപ്പെടലിന് കുറേകൂടി ന്യായമായ കാരണങ്ങളുണ്ട്. ഇന്നിപ്പോൾ പിണറായി സർക്കാർ പിന്തുടർന്ന നയങ്ങളാണ് വീണ്ടും അധികാരത്തിൽ വന്നാൽ പിന്തുടരാൻ പോകുന്നതെങ്കിൽ അത് ദലിതരേയും ആദിവാസികളെയും മറ്റ് ദരിദ്രരേയും സമ്പന്ധച്ച്‌ അങ്ങേയറ്റം അപകടകരമായിരിക്കും എന്ന വിലയിരുത്തൽ വളരെ ശരി തന്നെയാണ്. ആ നിലക്ക് ആ തുടർച്ച ഒഴിവാക്കണം എന്ന് അവർ ആശങ്കപ്പെടുന്നത്, അല്ലെങ്കിൽ ആഗ്രഹിക്കുന്നത്, മനസ്സിലാക്കാം. കാരണം ഈ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ പിണറായി സർക്കാർ ഒട്ടേറെ ആദിവാസി, ദലിത് വിരുദ്ധ നയങ്ങൾ അംഗീകരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. സ്വന്തം പ്രക്ഷോഭങ്ങളുടെയും അതുപോലെ തന്നെ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന മറ്റ് സമരങ്ങളുടെയും, പ്രത്യേകിച്ചും മാവോയിസ്റ്റുകളുടെ നേതൃത്വത്തിലുള്ള സായുധ സമരങ്ങളുടെ സമ്മർദ്ദ ഫലമായി, ഇതിന് മുൻപുള്ള കേന്ദ്ര സർക്കാരുകൾ നടപ്പിലാക്കിയ വനാവകാശ നിയമങ്ങൾ പോലെയുള്ള പല കാര്യങ്ങളും അട്ടിമറിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഈ ഇടത് മുന്നണി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അടിസ്ഥാന ജനങ്ങളുടെ, അടിസ്ഥാന വർഗങ്ങളുടെ താത്‌പര്യങ്ങളൊക്കെ ബലികഴിച്ച് വികസനത്തിന്റെ പേരിൽ പുത്തൻ ആയാലും കൊള്ളാം പഴയത് ആയാലും കൊള്ളാം ഇവിടുത്തെ സമ്പന്ന ചൂഷക വർഗ്ഗങ്ങളെ, രാജ്യത്തെ അല്ലെങ്കിൽ വിദേശ തലത്തിലുള്ളവയെ സേവിക്കുന്ന നയമാണ് പിണറായി സർക്കാർ തുടർന്ന് പോന്നിട്ടുള്ളത്. ഇനിയും അഞ്ച് കൊല്ലം കൂടി അവർക്ക് കിട്ടികഴിഞ്ഞാൽ അത് ആ നയങ്ങൾക്കുള്ള പിന്തുണയായി കണക്കാക്കിക്കൊണ്ട് കുറേ കൂടി കടുപ്പിക്കാനുള്ള സാധ്യതയുമാണുള്ളത്.

അതിനൊരു ഉദാഹരണമാണ് ചെറുവള്ളി എസ്റ്റേറ്റിൽ നടന്ന കാര്യം. ഒന്നാമത് സർക്കാരിന്റെ ഭൂമി കള്ളത്തരം കാണിച്ചിട്ടാണ് ബിലീവേഴ്സ് ചർച്ച് കയ്യടക്കി വെച്ചിരിക്കുന്നത്. ആ കാര്യങ്ങളൊക്കെ വെളിച്ചത്തു വന്നപ്പോൾ അതിന്റെ അടിസ്ഥാനത്തിൽ നിയമ നിർമ്മാണം നടത്തി ആ ഭൂമി തിരിച്ചെടുക്കുകയും സർക്കാരിന് അവകാശപ്പെട്ടത് സർക്കാരിൽ തന്നെ നിക്ഷേപിക്കുകയും ചെയ്യുന്നതിന് പകരം, നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാം എന്ന നിലയിലേക്കാണ് പിണറായി സർക്കാർ എത്തിയിട്ടുള്ളത്. മാത്രമല്ല ഇവിടെ ഭൂരഹിതരായ ആദിവാസി, ദലിത് വിഭാഗങ്ങൾക്കും മറ്റ് ഭൂരഹിതർക്കും തോട്ടം ഭൂമിയും തോട്ടങ്ങൾ കയ്യടക്കി വെച്ചിരിക്കുന്ന ഭൂമിയും വിതരണം ചെയ്യണം എന്ന് ആവശ്യപ്പെടുമ്പോൾ, അത് തോട്ടങ്ങളുടെ സ്വഭാവത്തെ മാറ്റിമറിക്കും, അതനുവദിക്കാൻ പറ്റില്ല, നിയമപ്രകാരം അത് സ്വീകാര്യമല്ല എന്നെല്ലാം പറഞ്ഞു അതൊഴിവാക്കിയിരുന്ന ഇതേ കൂട്ടർ തന്നെയാണ് ഈ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം പണിയാനായി തയ്യാറായിട്ടുള്ളത്. അതായത് നഷ്ടപരിഹാരം നൽകി അത് ഏറ്റെടുത്ത് കഴിഞ്ഞാൽ അത് ഭൂമിയില്ലാതെ വിഷമിക്കുന്ന ദരിദ്രർക്ക് വിതരണം ചെയ്യാനല്ല മറിച്ച് വിമാനത്താവളം പണിയാനായിട്ടാണ് ഉപയോഗിക്കാൻ പോകുന്നത്. കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്ത് നിലവിൽ തന്നെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയും ഒരു വിമാനത്താവളം വേണോ എന്നൊരു ചോദ്യം ഉന്നയിച്ചു കഴിഞ്ഞാൽ വളരെ വ്യക്തമായിട്ടും ഇല്ല എന്നൊരു ഉത്തരമായിരിക്കും വരുക. പിന്നെ എന്താണ് അതിന്റെ പുറകിലുള്ള താത്പര്യം. എന്തു കൊണ്ടാണ് അടിസ്ഥാന വർഗങ്ങളെ കയ്യൊഴിച്ചു കൊണ്ട് ഇത് ചെയ്യുന്നത് എന്ന് നമുക്ക് പരിശോധിക്കേണ്ടതുണ്ട്.

അതിന് മുൻപ് ഇവിടെ നേരത്തെ സൂചിപ്പിച്ച ഭരണ തുടർച്ചയുണ്ടായൽ നല്ലതല്ല, അപകടമാണ് എന്നിങ്ങനെയുള്ള വാദഗതികളുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നം പരിശോധിക്കാം. അടിസ്ഥാനപരമായിട്ടുള്ള പ്രശ്നം ഭരണതുടർച്ചയാണോ? അതായത് എൽ.ഡി.എഫിന് പകരം യു.ഡി.എഫ് വന്നാൽ അവർ തുടർന്ന നയങ്ങൾ മൗലികമായി മാറ്റി തീർക്കും എന്ന് പ്രതീക്ഷിക്കാൻ വല്ല കാരണവുമുണ്ടോ? ഈ കഴിഞ്ഞ അൻപത് വർഷമായിട്ട്, 1970 കൾക്ക് ശേഷമുള്ള ഏതാണ്ട് 50 വർഷമായിട്ട്, മാറി മാറി എൽ.ഡി.ഫും യു. ഡി.എഫും ഭരിക്കാൻ വന്നിട്ടുണ്ട്. ഇടക്കാലത്ത് മാത്രമാണ് കോൺഗ്രസ്സിന്റെ പങ്കാളിതത്തിൽ തുടർഭരണം സാധ്യമായിട്ടുള്ളത്. പക്ഷെ അതുകഴിഞ്ഞാൽ പിന്നെ ഈ രണ്ടു മുന്നണികളും അധികാരം വെച്ചുമാറുന്നതാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഈ അധികാരമാറ്റത്തിനിടയിൽ മൗലികമായ എന്തെങ്കിലും മാറ്റം കൊണ്ടു വരാൻ ഇവർക്കാർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ഭൂപരിഷ്കരണത്തിന്റെ കാര്യം ഇത് തന്നെ നോക്കുക, 1967 ലെ മന്ത്രിസഭയിലാണ് വീണ്ടും ഭൂപരിഷ്കരണം ഒരു സജീവ ചർച്ചയായിട്ട് മുന്നോട്ട് വരുന്നത്. ഈ.എം.എസിന്റെ നേതൃത്വത്തിലുള്ള ആ സപ്തകക്ഷി മന്ത്രിസഭ താഴെവീണതിനു ശേഷം അച്യുതമേനോന്റെ നേതൃത്വത്തിൽ കോൺഗ്രസിനു് കൂടി പങ്കാളിത്തമുള്ള സർക്കാർ അധികാരത്തിൽ വന്നു. ആ സർക്കാരാണ് 1967 ൽ ഭേദഗതി ചെയ്ത ഭൂപരിഷ്കരണം യഥാർത്ഥത്തിൽ നടപ്പാക്കിയത്. അല്ലാതെ അത് റദ്ദാക്കുകയല്ല ചെയ്തത്.

അതിന്‍റെ കാരണം നമ്മൾ പരിശോധിച്ചു നോക്കുകയാണെങ്കിൽ, ഇന്ത്യയിൽ തന്നെ ആകെ മൊത്തത്തിൽ അത്തരമൊരു നീക്കം നടത്തുന്നുണ്ടായിരുന്നു. കേന്ദ്രസർക്കാർ അതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. അതിന്റെ പ്രധാന പ്രചോദനമാകട്ടെ നക്സൽബാരി കാർഷിക കലാപവുമായിരുന്നു. ആ സായുധ കാർഷിക വിപ്ലവം സൃഷ്ടിച്ച ചലനങ്ങൾ, അത് ആകർഷിച്ച ശക്തികൾ, ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് അടിയന്തിരമായി അതിനെ തടയണമെങ്കിൽ ഇങ്ങനെയുള്ള ചില നീക്കങ്ങളിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളെ വിപ്ലവ ശക്തികളിൽ നിന്ന് അകറ്റി നിർത്തേണ്ടതുണ്ട് എന്ന തിരിച്ചറിവോട് കൂടിത്തന്നെയാണ് ഈ നിയമങ്ങൾ വന്നത്. അങ്ങനെയാണ് കേരളത്തിലും വന്നത്. സമാനമായ കാലഘട്ടത്തിൽ കർണാടകയിലും ഇത് നടപ്പാക്കുന്നുണ്ട്. അവിടെ ഭരണത്തിൽ കോൺഗ്രസ് ആയിരുന്നു. അപ്പോൾ ചുരുക്കത്തിൽ കോൺഗ്രസ് ആയാലും കൊള്ളാം സി.പി.എം ആയാലും കൊള്ളാം അടിസ്ഥാനപരമായി ഭരണ വർഗങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച്, സാമ്രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച്, എന്ത് നയങ്ങളാണോ നടപ്പിലാക്കേണ്ടത് അത് തന്നെയാണ് നടപ്പിലാക്കുന്നത്.

ചുരുക്കത്തിൽ ഏത് മുന്നണി വരുന്നു എന്നതല്ല പ്രശ്നം. ഈ മുന്നണികൾ ഭരണ വർഗ്ഗങ്ങൾ മുന്നോട്ട് വെക്കുന്ന അവരുടെ ആവശ്യങ്ങളായിട്ടുള്ള നയങ്ങളും നിലപാടുകളും നടപ്പാക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ഇല്ലെങ്കിൽ അവരെ വലിച്ചു താഴെയിട്ട് അത്ചെയ്യാൻ അനുകൂലമായ ശക്തികളെ അധികാരത്തിൽ വെക്കും. നമ്മൾ ഒരു കാര്യം മറക്കാൻ പാടില്ല. തെരഞ്ഞെടുപ്പിലൂടെ മാറുന്നത് സർക്കാരുകളാണ്. പക്ഷെ സർക്കാരുകളല്ല അടിസ്ഥാനപരമായിട്ടും ഭരണവർഗങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ശക്തി. അത് ഭരണകൂടമാണ്. നീതിന്യായ വ്യവസ്ഥയും കാര്യനിർവഹണമായ ഐ.എ.എസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥമേധാവിത്വ വൃന്ദവും പോലീസും കോടതിയും എല്ലാം കൂടിചേർന്നിട്ടുളള, സ്ഥിരതയുള്ള, മാറ്റമില്ലാതെ തുടരുന്ന, ഭരണകൂടമാണ് ഭരണ വർഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. ആ ഭരണകൂടത്തിന്റെ നടത്തിപ്പിന്റെ ഒരു രൂപം മാത്രമാണ് സർക്കാർ.

സർക്കാരുകളെ നമുക്ക് തെരഞ്ഞെടുപ്പിലൂടെ മാറ്റാം, പക്ഷെ ഭരണകൂടത്തെ തെരഞ്ഞെടുപ്പിലൂടെ മാറ്റാൻ പറ്റില്ല. ഭരണവർഗ്ഗത്തിന്റെ അടിസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമായിട്ട്, അതിനെ ലംഘിച്ച് കൊണ്ട്, ഒരു സർക്കാരിനും ഇവിടെ നിലനിൽക്കാൻ കഴിയില്ല. അങ്ങനെ നിലനിൽക്കാൻ ശ്രമിച്ചു കഴിഞ്ഞാൽ ഉടനെ വലിച്ചു താഴെ ഇടും. വേണ്ടി വന്നാൽ കൂട്ടകൊലക്കും അവർ തയ്യാറാവുമെന്ന്‍ ചിലി ഉൾപ്പടെയുള്ള രാജ്യങ്ങളുടെ അനുഭവങ്ങൾ കാട്ടി തരുന്നുണ്ട്. ചുരുക്കത്തിൽ നമ്മളിവിടെ പരിശോധിക്കേണ്ടത് ഏത് മുന്നണി അധികാരത്തിൽ വന്നു ഏത് മുന്നണി പോയി എന്നതല്ല. നേരെ മറിച്ച് ഈ നയപരമായ തുടർച്ച സാധ്യമാക്കുന്ന വർഗ-ജാതി താത്പര്യങ്ങൾ എന്താണ്? ഏത് സാമൂഹ്യ അടിത്തറയാണ് ഈ രണ്ടു മുന്നണികളും പങ്കു വെക്കുന്നത്?

ഈ രണ്ടു മുന്നണികളുടെയും സാമൂഹ്യ അടിത്തറ പരിശോധിച്ചു നോക്കുകയാണെങ്കിൽ, അതിൽ ചില വിഭാഗങ്ങളുടെ മുൻതൂക്കം തീർച്ചയായിട്ടും കാണാൻ കഴിയും. ഉദാഹരണത്തിന് സിപിഎം നേതൃത്വത്തിലുള്ള ഇടതു മുന്നണിയെ നോക്കുകയാണെങ്കിൽ അതിന്റെ സാമൂഹ്യ അടിത്തറയിൽ ഒട്ടു മിക്കവാറും ഇവിടെയുള്ള കൂലി തൊഴിലാളികളും, തൊഴിലാളികളും, താഴ്‌ന്ന ഇടത്തരക്കാരുമാണ് കൂടുതലുള്ളത്. നേരെ മറിച്ച് കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി നോക്കുകയാണെങ്കിൽ ഈ വിഭാഗങ്ങളുടെ പിന്തുണ താരതമ്യേന കുറവാണ്. പക്ഷെ ഇത് അടിത്തറയുടെ കാര്യമാണ്. അത് വിട്ടിട്ട് ഈ മുന്നണികളുടെ യഥാർത്ഥ ചാലക ശക്തികളായ അതിന്‍റെ നടത്തിപ്പിന്റെ ആളുകളായ നേതൃത്വ നിരയിലുള്ളവരെല്ലാം ഇവിടെയുള്ള മധ്യവർഗത്തിന്റെ മേൽതട്ടും നടുതട്ടും ഉള്‍പ്പെടെയുള്ള ഭരണ വർഗങ്ങളുടെ പ്രധാന വിഭാഗങ്ങളാണ്. രണ്ട് മുന്നണികളെയും പരിശോധിച്ചു നോക്കുകയാണെങ്കിൽ ഇത് അങ്ങോട്ടുമിങ്ങോട്ടും ഒരു വ്യത്യാസവും ഇല്ല എന്ന് നമുക്ക് കാണാൻ കഴിയും.

അതായത് പ്രാദേശിക തലം വരെ, ഈ രണ്ടു മുന്നണികളുടെയും നേതൃത്വ നിര ഒരേ വിഭാഗങ്ങളിൽ നിന്നും, ഒരേ വർഗ-ജാതി പശ്ചാത്തലത്തിൽ നിന്നും, വരുന്നവർ തന്നെയാണ്. അതായത് പഴയതും പുതിയതും ആയ ചൂഷകരെ ആണ് ഇവർ പ്രതിനിധീകരിക്കുന്നത്. സാധാരണ ഗതിയിൽ പത്ര മാധ്യമങ്ങളിലും മറ്റുമൊക്കെ ചർച്ചയിൽ വരുന്ന ക്വാറി മാഫിയ, മണൽ മാഫിയ, ടൂറിസ്റ്റ് ലോബി, അതുപോലെ തന്നെ റിയൽ എസ്റ്റേറ്റ് മാഫിയ എന്നൊക്കെ പറയുന്നവ പഴയതും പുതിയതുമായ ചൂഷക വർഗങ്ങളുടെ പ്രധാന വിഭാഗങ്ങളാണ്. അതില്‍ വിദ്യാഭ്യാസ ആരോഗ്യ മാഫിയകളെക്കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതല്ലാതെ മറ്റൊന്നും തന്നെ ഇവരിവിടെ സൃഷ്ടിപരമായിട്ട്, ഉൽപ്പാദനക്ഷമമായി, ഒന്നും തന്നെ വികസിപ്പിക്കുന്നില്ല. ഈ കാര്യം ഈ രണ്ടു മുന്നണികൾക്കും മാത്രമല്ല അതേ അളവിൽ തന്നെ ബി.ജെ.പി ക്കും അത് നയിക്കുന്ന എൻ.ഡി.എ പോലുള്ള സംവിധാനങ്ങൾക്കും ബാധകം തന്നെയാണ്.

പലപ്പോഴും ഈ മൂന്ന് മുന്നണികളിലും പ്രതിനിധികളുള്ള ഈ സമ്പന്ന വർഗങ്ങളെയും കുടുംബങ്ങളെയും നമുക്ക് നാട്ടിൻപുറങ്ങളിൽ കാണാൻ കഴിയും. ഇത് തന്നെയാണ് നയപരമായ തുടർച്ചയുടെ ഭൗതിക അടിത്തറ. മുന്നണി ഏത്, ആര് വരുന്നു, എന്നതല്ല, ആ തുടർച്ചയാണ് പ്രശ്നം. അതുകൊണ്ടാണ് ഈ.പി ജയരാജനെ പോലുള്ള ഒരാൾക്ക് ക്വാറി മാഫിയയുടെ സംഘടനയുടെ തലപ്പത്ത് നിൽക്കാൻ പറ്റുന്നത്. അല്ലെങ്കിൽ വ്യാപാരി വ്യവസായി സംഘടനയുടെ തലപ്പത്ത് നിൽക്കാൻ കഴിയുന്നത്. അവിടെ ആ തലപ്പത്ത് നിന്നുകൊണ്ട് അപ്പുറത്ത് നൂറുദ്ധീനും കൂട്ടരും വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ബന്ധപ്പെട്ട് എന്തൊക്കെയാണോ ചെയ്യുന്നത് ഏറെക്കുറെ അതു തന്നെയാണ് ഇപ്പുറത്ത് ഇവരും പാലിക്കുന്നത്. അല്ലാതെ അതിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും തരത്തിൽ പുതിയ സാമൂഹ്യ ബോധമുള്ള എന്തെങ്കിലും തരത്തിലുള്ള മാറ്റം കൊണ്ടുവരാൻ അവർ ശ്രമിക്കുന്നില്ല. ആഗ്രഹിക്കുന്നുമില്ല. കാരണം ഒരേ വർഗ, ജാതി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇത് നമ്മൾ മനസ്സിലാക്കി കഴിഞ്ഞാൽ ഇന്നത്തെ സാഹചര്യത്തിൽ മുന്നണി മാറ്റത്തെ കുറിച്ചും തുടർച്ചയെയും ബി.ജെ.പിയുടെ രംഗപ്രവേശത്തെ സംബന്ധിച്ചും നടക്കുന്ന ചർച്ചകളുടെ ഉപരിപ്ലവത മനസിലാകും.

ഇന്നത്തെ സാഹചര്യത്തിൽ, എന്താണ് ഈ മുന്നണി സംവിധാനങ്ങളിൽ നേരിടുന്ന വെല്ലുവിളികൾ?എന്താണ് അതിന്റെ അടിസ്ഥാനം? ഇത് കൂടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്. രണ്ട് പ്രധാന ഘടകങ്ങളാണ് ചൂണ്ടി കാണിക്കാൻ പറ്റുക. ഒന്ന് ഈ മുന്നണികളുടെ കെട്ടുറപ്പിലും മറ്റും ഇവിടുത്തെ പ്രബലമായ സാമുദായിക വിഭാഗങ്ങളായ നായർ, ഈഴവ, സവർണ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളുടെ പങ്കും അതിൽ വന്ന മാറ്റങ്ങളും. ഈ നാല് സാമുദായിക വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ സമാനമായ സ്ഥാനമാണ് കേരളത്തിൽ ഉള്ളത്. തീർച്ചയായിട്ടും അതിൽ ചെറിയ ഏറ്റിറക്കങ്ങളൊക്കെയുണ്ട്. സാമ്പത്തികമായും സാമൂഹ്യമായും വിശകലനം ചെയ്ത് നോക്കുകയാണെങ്കിൽ വളരെ മുൻപ് തന്നെ ഒരു സാമുദായിക വിഭാഗം എന്ന നിലക്ക് സാമ്പത്തികമായി മുൻതൂക്കം ഉണ്ടായിരുന്നത് ക്രിസ്ത്യാനികള്‍ക്കായിരുന്നു. അതേസമയം ഏറ്റവും ദരിദ്രരായിട്ടുള്ള വിഭാഗം, ആദിവാസികളും ദലിതരും കഴിഞ്ഞാൽ, മുസ്ലീംങ്ങൾ ആയിരുന്നു. കാരണം മുസ്ലിം ജനസംഖ്യയിൽ നല്ലൊരു ഭാഗം ചേരി നിവാസികളാണ്. അതൊക്കെ മാറ്റിവെച്ചു കൊണ്ട് ഇവരിലെ സമ്പന്ന വിഭാഗങ്ങളെ നോക്കുകയാണെങ്കിൽ ഏറെക്കുറെ ഒപ്പത്തിനൊപ്പം നിൽക്കുന്നവരാണ്. ഇതും ഇവിടുത്തെ മുന്നണി സംവിധാനത്തിന്റെ സ്ഥിരതക്ക് വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.

ഇവിടെ നമ്മൾ പരിശോധിക്കേണ്ട കാര്യം സമീപ കാലത്ത് ഇതിൽ വന്ന മാറ്റങ്ങളാണ്. പ്രത്യേകിച്ചും 1990 കൾക്ക് ശേഷം ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പുതിയ മേഖലകൾ ഉയർന്നു വന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് വളർന്നു വന്നിട്ടുള്ള നിർമ്മാണം, അതുമായി ബന്ധപ്പെട്ട് മണൽ മാഫിയ, കരിങ്കൽ മാഫിയ ഇങ്ങനെയുള്ള മേഖലകൾ ഉണ്ട്. ഇങ്ങനെയുള്ള പുതുതായി വികസിച്ചു വന്നിട്ടുള്ള ഇവയിലെല്ലാം തന്നെ കാര്യമായിട്ട്, സാമ്പത്തികമായിട്ട്, മെച്ചമുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളത് സവർണ്ണ ക്രിസ്ത്യൻ, സമ്പന്ന മുസ്ലിം വിഭാഗങ്ങൾക്കാണ്. ആ കാര്യത്തിൽ നായർ, ഈഴവ വിഭാഗങ്ങൾ കുറച്ചു പുറകോട്ടാണ്. ഈ മാറ്റം വന്നതോട് കൂടി നേരത്തെ പറഞ്ഞ സംവിധാനത്തിൽ ഒരു അസ്ഥിരപ്പെടൽ ഉണ്ടായിട്ടുണ്ട്. ഇത് ഇവിടുത്തെ ഭരണവർഗ രാഷ്ട്രീയക്കാർ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ആന്റണിയും വി.എസ് അച്യുതാനന്ദനുമൊക്കെ ഇതിനെ ചൂണ്ടി സംസാരിച്ചിട്ടുണ്ട്. ഇതിനെ മുതലെടുത്തു കൊണ്ട് തന്നെയാണ് ബി.ജെ.പി യും അതിന്റെ നിലപാടുകൾ ശക്തമായ് പ്രചരിപ്പാക്കാനും സ്ഥാപിക്കാനും ശ്രമിക്കുന്നത്. കോൺഗ്രസ്സിനെയും സി.പി.എമ്മിനെയും പിന്തുണക്കുന്ന സവർണ്ണ ഹിന്ദുക്കളെ നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ രണ്ട് മുന്നണികളും ഈ പറയുന്ന ക്രിസ്ത്യൻ, മുസ്ലിം ലോബികൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്നൊക്കെ ബി.ജെ.പി കാര്യമായിട്ട് പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതിനിടയിൽ ചില കാര്യങ്ങൾ നടക്കുന്നുണ്ട്. ക്രിസ്ത്യൻ-മുസ്ലിം ലോബികൾക്കിടയിലുള്ള, സമ്പന്ന വിഭാകങ്ങൾക്കിടയിലുള്ള മത്സരത്തിന്റെ പ്രതിഫലനമായിട്ടാണ് ഈ ലൗ-ജിഹാദ് ഉയർത്തി കൊണ്ടുവരാനും വർഗീയ വികാരം ഇളക്കിവിടാൻ ക്രിസ്ത്യൻ സമ്പന്ന വിഭാഗങ്ങൾ ശ്രമിക്കുകയും മറുവശത്ത് വർഗീയമായി പിടിമുറുക്കാൻ സമ്പന്ന മുസ്ലിം വിഭാഗങ്ങൾ ശ്രമിക്കുകയും ചെയ്യുന്നത്. അത് അവര് തമ്മിൽ ഇതിലാര്‌ മെച്ചം എന്ന നിലക്കുള്ള മത്സരമായിട്ട് തന്നെയാണ് വരുന്നത്. രാഷ്ട്രീയമായിട്ട് നോക്കുകയാണെങ്കിൽ താരതമ്യേന കെട്ടുറപ്പോട് കൂടി നിൽക്കാൻ കഴിഞ്ഞിട്ടുള്ളത് സമ്പന്ന മുസ്ലിം വിഭാഗങ്ങൾക്കാണ്. കാരണം മുസ്ലിം ലീഗിന് അതിന്റെ കെട്ടുറപ്പ് നിലനിർത്താനും കുറേകൂടി ശക്തിപ്പെടാനും അതുപോലെ തന്നെ അതിന്റെ പരമ്പരാഗതമായ വടക്കൻ മലബാറിലെ കേന്ദ്രങ്ങൾ വിട്ടിട്ട് കുറച്ചു വ്യാപിക്കാനും അതിന്റെ സാന്നിധ്യം ഉറപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. മറിച്ച് ക്രിസ്ത്യൻ സമ്പന്ന വിഭാഗം കോൺഗ്രസിനെ, പ്രധാനമായി കേരള കോൺഗ്രസിനെ, ആയിരുന്നു ആശ്രയിച്ചിരുന്നത്. പക്ഷേ കേരള കോൺഗ്രസ്സിന്റെ അകത്തുള്ള ചിദ്രം കാരണം, തമ്മിലടി കാരണം അതിന് കാര്യമായിട്ടുള്ള വളർച്ച ഉണ്ടായിട്ടില്ല, അതിൽ നിന്ന് കുറെ പേർ മാറി പോയിട്ടുമുണ്ട്, അതു കൊണ്ട് തന്നെ ക്ഷീണം കുറച്ച് അപ്പുറത്തുണ്ട്. ലൗ ജിഹാദ് പ്രശ്നം കത്തിച്ചു വിടാനായിട്ടുള്ള ക്രിസ്ത്യൻ സഭകൾ കൊണ്ടുപിടിച്ചു ശ്രമിച്ചു കൊണ്ടിരിക്കുന്നതിന്റെ കാരണം ഇങ്ങനെയൊക്കെ തന്നെയാണ്. അപ്പോൾ ഇതാണ് ഈ മുന്നണി രാഷ്ട്രീയത്തിൽ വന്നുകൊണ്ടിരിക്കുന്ന വെല്ലുവിളികളിൽ ഒരു ഘടകം.

മറ്റൊരു ഘടകം ഇവിടെ കൊട്ടിഘോഷിക്കപ്പെട്ടിരുന്ന കേരള മോഡലിന്റെ പ്രതിസന്ധിയാണു്. ഈ കേരള മോഡൽ എന്ന് അവകാശപ്പെട്ട് കൊണ്ടു നടന്നിരുന്നത് സി.പി.എം കാരാണെങ്കിലും അതേ മോഡൽ തന്നെയാണ് ഇപ്പുറത്ത് യു. ഡി.എഫും നടപ്പാക്കി കൊണ്ടിരുന്നത് എന്ന് നമ്മൾ കാണാതിരിക്കരുത്. ചുരുക്കത്തിൽ രണ്ടു കൂട്ടർക്കും പൊതുവേ ബാധകമായിരുന്നു അത്. കാർഷിക അസംസ്കൃത വസ്തുക്കളുടേയും അതേപോലെ തന്നെ മനുഷ്യവിഭവ ശേഷിയുടെയും കയറ്റുമതിയെ ആശ്രയിച്ചു കൊണ്ടുള്ള സമ്പദ് ഘടനയാണ് ഇവിടെ നിലനിന്നിരുന്നത്. അതായിരുന്നു പൊതുസ്വഭാവം. പിന്നെ റബ്ബർ പോലെയുള്ള ചില വിളകൾക്ക് മൊത്തം രാജ്യത്തിന്റെ സമ്പദ്ഘടനയിൽ തന്നെയുള്ള നിർണ്ണായക പ്രാധാന്യം മൂലം അതിനേറെക്കുറെ സ്ഥിരമായിട്ടുള്ള മെച്ചപ്പെട്ട വില കിട്ടികൊണ്ടിരുന്നത് ഒരു ഘടകമാണ്. ഇതെല്ലാം തന്നെ ഇന്ന് പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായ കയറ്റുമതികൾ പ്രത്യേകിച്ച് കോവിഡ് വന്നതോട് കൂടി ഒന്നുകൂടി മോശമായിക്കൊണ്ടിരിക്കുകയാണ്. തൊഴിൽവിഭവ ശേഷിയുടെ കയറ്റുമതിയുടെ കാര്യത്തിലും പ്രശ്നമായിരിക്കയാണ്. കാരണം ഇന്ന് ഗൾഫ് രാജ്യങ്ങളിൽ അവിടെ തന്നെ വിദ്യാസമ്പന്നരായിട്ടുള്ള ആളുകൾക്ക് തൊഴിൽകൊടുക്കുന്ന രീതിയിലേക്ക് അവർ തിരിഞ്ഞിരിക്കയാണ്. തീർച്ചയായിട്ടും പുതിയ തൊഴിൽ മേഖലകൾ തുറന്ന് വരാം. ഉദാഹരണത്തിന് ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലേക്ക് തൊഴിൽ ശക്തി കയറി പോവാൻ സാധ്യതയുണ്ടാകാം. പക്ഷെ അതൊന്ന് ഉറച്ചു വരുന്നത് വരെ ഏതായാലും കാര്യം മോശമാണ്. അപ്പോൾ അങ്ങനെ വരുമ്പോൾ പിന്നെയെന്താണ് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് കഴിഞ്ഞ പത്തു വർഷമായി ഇവിടുത്തെ ഭരണ വർഗ ബുദ്ധിജീവികൾ കൊണ്ടുപിടിച്ച ആലോചനയിലാണ്. പ്രത്യേകിച്ചും സിപിഎം പോലുള്ള സംഘടനയിലുള്ളവർ.

അതിന്റെയൊക്കെ ഫലമായിട്ട് അവർ കണ്ടെത്തിയിരിക്കുന്നത് എന്താണ്? അത് ഈ പറയുന്ന ഐ.ടി മേഖലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ മുക്കിലും മൂലയിലും ഇരുന്ന് കൊണ്ട് കാൾ സെന്റർ പണികൾ ചെയ്യാനുള്ള സാധ്യത ഒരുക്കി കഴിഞ്ഞാൽ വിദേശത്തേക്ക് തൊഴിൽശക്തി കയറ്റി അയച്ച് അതിന്റെ മിച്ചം വെച്ച് ജീവിക്കുന്നതിന് പകരം, ഇവിടെ തന്നെ ആ തൊഴിൽ ശക്തിയെ കച്ചവടമാക്കി വിദേശ മൂലധനത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ പണികൾ ചെയ്ത് കൊടുത്തു കൊണ്ട്, അതുപോലെ അവർക്ക് വിശ്രമത്തിന് വേണ്ടിയുള്ള ടൂറിസ്റ്റ് സൗകര്യങ്ങൾ ചെയ്ത് കൊടുത്തു കൊണ്ട്, കുറഞ്ഞ ചെലവിൽ അവരുടെ ചികിത്സാ സൗകര്യങ്ങൾ ഒരുക്കികൊണ്ട്, ആ രീതിയിലുള്ള സേവന സമ്പദ് ഘടനയാക്കി കേരളത്തെ മാറ്റാൻ കഴിയും. അങ്ങനെ നമുക്ക് പിടിച്ചു നിൽക്കാൻ കഴിയും അല്ലെങ്കിൽ വികസിക്കാൻ കഴിയും എന്നൊക്കെയാണ് അവർ അവസാനം കണ്ടെത്തിയിരിക്കുന്നത്. ഇത് കൃത്യമായിട്ടുള്ള പദ്ധതിയായി ആവിഷ്കരിച്ചു മുന്നോട്ട് വെച്ചിരിക്കുന്നത് സിപിഎം മറ്റുമാണെങ്കിലും, ഏറെക്കുറെ ഇതൊക്കെ തന്നെയാണ് യു. ഡി.എഫിനും നയപരമായി പറയാനുള്ളത്. മാത്രമല്ല ഏറെക്കുറെ ഇതൊക്കെ തന്നെയാണ് മോഡി സർക്കാർ അഖിലേന്ത്യാ തലത്തിലും പറഞ്ഞു കൊണ്ടിരിക്കുന്നത്.

ചുരുക്കത്തിൽ, ആകെ മൊത്തം നിറമേതായാലും ശരി ഈ പറയുന്ന എൽ. ഡി.എഫോ യു.ഡി.എഫോ എൻ.ഡി.എയോ ഏത് പേരായാലും ശരി, എല്ലാവർക്കും ചെയ്യാനുള്ളത് ഒരു കാര്യം തന്നെയാണ്. അത് കേരളത്തിന്റെ ആശ്രിതാവസ്ഥയെ ഒരു പുതിയ രീതിയിൽ പുനരാവിഷ്ക്കരിക്കുക എന്ന് തന്നെയാണ്. ഇതാണ് അടുത്തിടക്ക് തോമസ് ഐസക് ഒരു അഭിമുഖത്തിൽ ഇനി വർഗസഹകരണമാണ് വേണ്ടത്, വർഗ സമരത്തിന് യാതൊരു സ്ഥാനവുമില്ല അതുപോലെ തന്നെ പുനർ വിതരണത്തിന്റെ രാഷ്ട്രീയമല്ല വേണ്ടത് എന്നൊക്കെ വാദിച്ചിരിക്കുന്നത്. മൊത്തം കേരളത്തിലെ ജനസംഖ്യയെ അതിന്റെ സാമ്പത്തിക ശേഷി വെച്ച് നോക്കുകയാണെങ്കിൽ 30% മേൽതട്ടിലുള്ള സമ്പന്നരാണ്. ഗൾഫ് ഉൾപ്പടെയുള്ള മിച്ച സമാഹരണത്തിലൂടെ നേട്ടമുണ്ടാക്കിയിരിക്കുന്ന വിഭാഗം അതാണ്. പിന്നെ 40% ഇടത്തരക്കാരാണ്. അവര്‍ അത്ര മോശമവസ്ഥയിലല്ലെങ്കിലും മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്ന വിഭാഗമാണ്. ആ വിഭാഗത്തിനെയാണ് ലക്ഷ്യംവെക്കേണ്ടത്. അവരെയാണ് സമ്പന്നരാക്കേണ്ടത്. അപ്പോൾ ബാക്കിയുള്ള ദരിദ്രരായിട്ടുള്ള 30 ശതമാനമോ? അവർക്കുള്ളതാണ് സാമൂഹ്യ സുരക്ഷ. വളരെ അഭിമാനപൂർവ്വം തോമസ് പറയുന്നുണ്ട് അവരെ ഞങ്ങൾ കയ്യൊഴിയുന്നില്ല സാമൂഹ്യ സുരക്ഷയിൽ അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ട്. എന്ന് പറയുമ്പോൾ റേഷൻ, ഭവന പദ്ധതി ഉൾപ്പടെയുള്ള കാര്യങ്ങളൊക്കെയാണ് ഉദ്ദേശിക്കുന്നത്. ചുരുക്കത്തിൽ തൊഴിൽ ശക്തിയായി അവർ നിൽക്കണം. മറ്റുള്ളവർ സമ്പന്നരായി മാറി കൊണ്ടിരിക്കുമ്പോൾ ആ സമ്പത്തിന്റെ ചെറിയൊരു നേട്ടം, കുറച്ചെങ്കിലും ഇവർക്ക് പണി കിട്ടുമെന്ന നിലക്ക്, അതായത് സേവന മേഖലയിലെ താഴെ തട്ടിൽ. കച്ചവടമായാലും ഐ.ടി മേഖലയായാലും കൊള്ളാം ഏത് രംഗത്തായാലും ശരി ഏറ്റവും താഴെ തട്ടിലുള്ളവരുടെ അവസ്ഥ അരക്ഷിതമാണ്. കുറഞ്ഞ കൂലി ഉള്‍പ്പെടെ ദിവസകൂലിക്ക് പണിയെടുക്കേണ്ടി വരുന്നവരുടെ അരക്ഷിതാവസ്‌ഥ നമുക്കറിയമല്ലോ. അപ്പോൾ അതൊക്കെ തന്നെയാണ് ഇനിയും അവർക്ക് വിധിച്ചിരിക്കുന്നത്. തത്ക്കാലം അതൊന്നും മാറ്റാൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് ഐസക് പറഞ്ഞതിന്റെ അർത്ഥം. ഇത് പെട്ടെന്ന് ഐസക്കിന്റെ ബുദ്ധിയിൽ ഉദിച്ച കാര്യമല്ല. കുറെയേറെ വർഷങ്ങൾക്കു മുൻപ് ഐസക്കും ശ്രീധരനും കൂടി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇതേ കാര്യങ്ങളൊക്കെ തന്നെയാണ് എഴുതിയത്.

ചുരുക്കത്തിൽ ഇത്തരത്തിലുള്ള ഒരു പുന: സംവിധാനമാണ് ഇവർക്ക് മുന്നോട്ടു വെക്കാനുള്ളത്. ഈ അർത്ഥത്തിൽ നോക്കുകയാണെങ്കിൽ നയപരമായ തുടർച്ചയുടെ കാര്യത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാർ മാറി വന്നാലും കൊള്ളാം തുടർന്ന് ഭരിച്ചാലും കൊള്ളാം ഇതിലൊക്കെ തന്നെ കേരളത്തിന്റെ മൗലികമായ പ്രശ്നങ്ങളെ, അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള ഒന്നും തന്നെ ഒരാൾക്കും മുന്നോട്ട് വെക്കാനില്ല എന്ന് കാണാൻ പറ്റും. അപ്പോൾ പിന്നെ വരുന്നൊരു പ്രശ്നം ഇതിനിടയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തട്ടിൽ തന്നെ വ്യത്യസ്തമായ ഒന്നിനുള്ള സാധ്യത ഇവിടെ നിലനിൽക്കുന്നുണ്ടോ? എന്റെ അഭിപ്രായത്തിൽ ഉണ്ട് എന്ന് തന്നെയാണ്. സത്യസന്ധമായിട്ടുള്ള തത്വാധിഷ്ഠിതമായ ഒരു പരിഷ്‌ക്കരണ രാഷ്ട്രീയത്തിനുള്ള ഇടം ഇപ്പോഴും കുറച്ചൊക്കെ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും ഇവിടുത്തെ ദലിത്, ആദിവാസി അതുപോലെ തന്നെ ദരിദ്രർ, കൂലിത്തൊഴിലാളികൾ, തൊഴിൽ സ്ഥിരത ഇല്ലാതെ അരക്ഷിതാവസ്ഥയിൽ നിൽക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ, സ്ത്രീകൾ, വൃദ്ധ ജനങ്ങൾ, ട്രാൻസ് ജൻഡർ തുടങ്ങി അവഗണിക്കപ്പെടുന്ന അടിച്ചമർത്തപ്പെടുന്ന ഒട്ടേറെ ജനവിഭാഗങ്ങൾ ഇവിടെയുണ്ട്. ചെറിയൊരു സംഖ്യയല്ല. തോമസ് പറയുന്ന 30% നുംമേലെ 50% തന്നെ ആവനാണ് സാധ്യത. പ്രത്യേകിച്ചും ഈ കോവിഡിന്റെ കാലത്ത് ഉണ്ടായ നഷ്ടങ്ങൾ അവരുടെ ജീവിതം അങ്ങേയറ്റം ദുരിത പൂർണ്ണമാക്കിയിട്ടുണ്ട്.

ഇത്തരം ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ ഇവിടെ ഇടമുണ്ട് എന്ന് തന്നെയാണ് ഞാൻ പറയുന്നത്. പിന്നെ എന്തുകൊണ്ട് അത് നടക്കുന്നില്ല? ഭരണ തുടർച്ചയിൽ ആശങ്കപെടുന്ന ദലിത്, ആദിവാസി സംഘടനകൾ അവസാനം എന്ത് നിലപാടിലാണ് എത്തിയത് എന്ന് നോക്കുക. ആകപ്പാടെ അവർക്ക് പറയാനുള്ളത് ഇടത് പക്ഷം അധികാരത്തിൽ വന്നാൽ ശരിയാവില്ല എന്ന് മാത്രമാണ്. പിന്നെ ആരാണ് വരാൻ പോകുന്നത്? വലത് പക്ഷം. യു.ഡി.എഫ്., ചിലരാകട്ടെ അവരുടെ മാനിഫെസ്റ്റോയുടെ പ്രകാശനം ശശി തരൂരിനെ വെച്ചിട്ടാണ് ചെയ്യുന്നത്. മറ്റു ചിലർ കോടിയേരി ബാലകൃഷ്ണനെ വെച്ചാണ് ചെയ്യുന്നത്. ഈ കോടിയേരിയും ശശി തരൂരും ഇല്ലാതെ സ്വന്തം നിലക്ക് അത് ജനങ്ങളിലേക്ക് എത്തിച്ച്, സ്വന്തം നിലക്ക് ഒരു രാഷ്ട്രീയ ശക്തിയാവാൻ എന്തു കൊണ്ട് ഇവർ ശ്രമിക്കുന്നില്ല? ഇത് ഇവിടുത്തെ ദലിത്, ആദിവാസി വിഭാഗങ്ങളുടെ മാത്രം പ്രശ്നമല്ല. നവജനാധിപത്യം എന്ന് പറയുന്ന വിഭാഗങ്ങളും ഈ തെരഞ്ഞെടുപ്പ് കാലത്ത് അവരുടേതായ ഒരു പ്രവർത്തനവും നടത്തിയില്ല. ഇടത് മുന്നണി പറ്റില്ല എന്ന് പറഞ്ഞു കൊണ്ട് വലത് മുന്നണിക്ക് വേണ്ടി വോട്ട് പിടിക്കുന്ന അവസ്ഥയിലാണ് അവരുടെ നേതൃത്വവും എത്തിചേർന്നിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനപരമായ കാരണങ്ങൾ അന്വേഷിച്ചു പോകുമ്പോൾ വീണ്ടും വർഗപരമായ കാരണങ്ങൾ അന്വേഷിച്ചു പോകേണ്ടതുണ്ട്. ഈ പ്രസ്ഥാനങ്ങളുടെയൊക്കെ തന്നെ നേതൃനിരയിലുള്ള മധ്യവർഗ്ഗത്തിന്റെ വർഗവീക്ഷണ സമീപനത്തിന്റെ പ്രശ്നം തന്നെയാണ് അതിൽ നിഴലിക്കുന്നത്. ഈ കാലഘട്ടത്തിൽ ആഗോളവൽക്കരണത്തിന്റെ കെടുതികൾ മറ്റ് സംസ്ഥാനങ്ങളെ ആകെ ഉലച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. നേരെ മറിച്ച് മലയാളി മധ്യവർഗത്തെ സംമ്പന്ധിച്ചിടത്തോളം അവർക്ക് മെച്ചപ്പെട്ട ഒരവസ്ഥ തന്നെയാണ് ഉണ്ടായിട്ടുള്ളത്. കടബാധ്യതകൾ ഒരുപാട് കൂടിയെങ്കിലും മുൻപ് അനുഭവിക്കാത്ത കുറെ സൗകര്യങ്ങൾ അവർ ഇന്ന് അനുഭവിക്കുന്നു. ഈ വസ്തുത ഇവിടുത്തെ ദലിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നും വരുന്ന മധ്യവർഗങ്ങളെ സംബന്ധിച്ചും ശരി തന്നെയാണ്. മറ്റള്ളവരെ അപേക്ഷിച്ചു അൽപ്പം പുറകിലാണെങ്കിലും ഒട്ടും ഇല്ലാത്ത ഒരവസ്ഥ ഇല്ല. അപ്പോൾ കുഴപ്പമില്ലാത്ത ഒരവസ്ഥയെ അപകടപെടുത്താൻ അവർ സന്നദ്ധരല്ല. അതുകൊണ്ട് പൊതുവിൽ സമ്മേളനങ്ങൾ വിളിച്ചു കൂട്ടുക, മാനിഫെസ്റ്റോ തയ്യാറാക്കുക, ഇത്തരം കാര്യങ്ങളല്ലാതെ ഈ ജനവിഭാഗങ്ങളെ സംഘടിപ്പിക്കാനോ അവർക്കിടയിൽ പ്രവർത്തിക്കാനോ ഇവർ തയ്യാറല്ല. ഇവിടെ താരതമ്യേന വ്യത്യസ്തമായ നിലപാടെടുത്തത് ബി.എസ്.പി രൂപീകരിച്ച കാൻശി റാമിന്റെ ഉദാഹരണം നോക്കാം. ദലിത് നിലപാടിൽ നിന്നു കൊണ്ട്, ആംബേദ്കറൈറ്റ് നിലപാടിൽ നിന്നുകൊണ്ട്, ദലിത് വിഭാഗങ്ങൾക്ക് വ്യത്യസ്തമായ ഒരു സംഘടന ആവശ്യമാണ് എന്ന ബോധ്യത്തിൽ നിന്നാണ്, വർഷങ്ങളായി ഉള്ള പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ബി.എസ്.പി ഉണ്ടായത്. ആ ശ്രമത്തിന്റെ ചെറിയൊരു അംശം പോലും ഇവിടെ കാണുന്നില്ല. അവിടെയാണ് മലയാളി മധ്യവർഗ്ഗത്തിന്റെ സമീപനത്തിന്റെ പ്രശ്നം കാണുന്നത്.

സംഘപരിവാർ ബ്രാഹ്മണ്യ ഹിന്ദുവാദി ഫാസിസ്റ്റ് ശക്തികൾ ഒരു രാഷ്ട്രീയ ഭീഷണിയായി മാറിയേക്കാം എന്നുള്ള പ്രശ്നമാണ് ഇനി നമുക്ക് പരിശോധിക്കേണ്ട പ്രശ്നം. തീർച്ചയായിട്ടും അങ്ങനെ ഒരു അപകടം ഇവിടെയുണ്ട്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെയുണ്ട്. ഇന്നവരാണ് അധികാരത്തിലുള്ളത്. അവരുടെ ഫാസിസ്റ്റ് നയങ്ങൾ ഒന്നൊന്നായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. അതിനെ ചെറുക്കുന്ന ശക്തികളെ അവർ അടിച്ചമർത്തുന്നുണ്ട്. അപ്പോൾ അതിനെതിരെ ചെറുത്ത് നിൽക്കുക, അവർക്ക് രാഷ്ട്രീയ ഇടം പരമാവധി ഇല്ലാതാക്കുക, എന്നത് വളരെ പ്രധാനമാണ്. പക്ഷേ ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ എത്രത്തോളം ഇത് സാധിക്കും. ഭരണ തുടർച്ച അപകടമാണെന്ന് വാദിക്കുന്നവരെ പോലെ ഭരണ തുടർച്ച ആവശ്യമാണ് എന്ന് വാദിക്കുന്ന ബുദ്ധിജീവികളും ഉണ്ട്. അവരെ സംബന്ധിച്ചിടത്തോളം സംഘപരിവാറിന്റെ ഭീഷണിയാണ് അവർ അപകടമായി കാണുന്നത്. അത് തടയണമെങ്കിൽ ഇവിടെ ഇടത് പക്ഷത്തിനു മാത്രമേ കഴിയുകയുള്ളു. സിപിഎമ്മിനു മാത്രമേ കഴിയുകയുള്ളു. കോൺഗ്രസ്സും മറ്റുമെല്ലാം അധികാരത്തിൽ വന്നു കഴിഞ്ഞാൽ ഉറപ്പായിട്ടും സംഘപരിവാർ ഇവിടെ വളർന്നു കയറും എന്നാണ് ഇവർക്ക് പറയാനുള്ളത്. പക്ഷെ അങ്ങനെയാണെങ്കിൽ മുപ്പത് വർഷത്തിലേറെയായി അധികാരത്തിൽ ഉണ്ടായിരുന്ന പശ്ചിമ ബംഗാളിൽ എങ്ങനെയാണ് ബി.ജെ.പി ഒരു പ്രധാന രാഷ്ട്രീയ കക്ഷിയായി മാറിയത്? തൃണമൂലും ബി.ജെ.പിയുമാണ് അവിടെ പ്രധാന രാഷ്ട്രീയ ശക്തികൾ. മുപ്പത് വർഷത്തിലേറെ അധികാരത്തിലുണ്ടായിരുന്ന സിപിഎം അല്ലെങ്കിൽ സിപിഐ അല്ലെങ്കിൽ ഫോർവേഡ് ബ്ലോക്ക് ഇവരാരും അല്ല. മറിച്ച് ഈ രണ്ട് പേരാണ് പ്രധാന രാഷ്ട്രീയ ശക്തികൾ. ഈ പറയുന്ന സംഘ പരിവാർ ഫാസിസത്തിനെ എതിർക്കുന്ന ഈ ശക്തികൾ എന്തുകൊണ്ട് ഈ നിലയിൽ എത്തി? ഇതേ പ്രശ്നം നമ്മൾ ത്രിപുരയിലും കണ്ടതാണ്. ഒറ്റയടിക്കാണ് അവിടെ മറയുന്നത്. അപ്പോൾ അത്ര മാത്രമേ സിപിഎമ്മിന് അവിടെ സാമൂഹ്യ അടിത്തറ ഉള്ളോ? അങ്ങനെയാണെങ്കിൽ അതേ സിപിഎം കേരളത്തിൽ വ്യത്യസ്തമായ എന്തെങ്കിലും കാഴ്ച്ചവെക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാണ്?

കേരളത്തിൽ തന്നെ പ്രാദേശിക തലത്തിൽ പരിശോധിച്ചു നോക്കുക. നിയമസഭയിലെ അടിപിടിയും മറ്റുമൊക്കെ മാറ്റിവെച്ചിട്ട് പ്രാദേശിക തലത്തിൽ എന്താണ് നടക്കുന്നത് എന്ന് പരിശോധിക്കുക. നാട്ടിൻ പുറങ്ങളിൽ, അമ്പല കമ്മിറ്റി ആയാലും കൊള്ളാം ക്രിസ്ത്യൻ പള്ളി ആയാലും കൊള്ളാം, മുസ്ലിം പള്ളിയായാലും കൊള്ളാം ഇവിടെയെല്ലാം ഈ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തന്നെയാണ് നിലനിൽക്കുന്നത്. അവിടെ എന്തെങ്കിലും വ്യത്യാസം ഉണ്ടോ അവർ തമ്മിൽ? അതത് പാർട്ടികൾക്ക് വേണ്ടി വാദിക്കുകയും സ്വന്തക്കാരെ തിരുകികയറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന കാര്യം ഒഴിച്ചാൽ ആ മതസ്ഥാപനങ്ങളുടെ നടത്തിപ്പിൽ, വിശ്വാസികളുമായിട്ടുള്ള ബന്ധത്തിൽ, സമൂഹത്തിൽ വഹിക്കുന്ന പങ്കിൽ വ്യത്യസ്തമായിട്ടുള്ള എന്തെങ്കിലും കാഴ്ച്ചവെക്കാനായിട്ട് കഴിഞ്ഞിട്ടുണ്ടോ? സിപിഎം നേതാക്കൾക്ക് മുൻ തൂക്കമുള്ള അമ്പല കമ്മിറ്റിയും സംഘ പരിവാറിന് മുൻ തൂക്കമുള്ള കമ്മിറ്റിയും തമ്മിൽ ഈ കാര്യത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഒരു വ്യത്യാസവും നമുക്ക് കാണാൻ കഴിയില്ല. ചിലപ്പോൾ സംഘപരിവാറിന്റെ സ്വാധീനത്തിലുള്ള അമ്പല മൈതാനത്തു ആർ.എസ്.എസ്സിന്റെ ശാഖ പ്രവർത്ഥിക്കുന്നുണ്ടാകും. ഇവിടെ അതുണ്ടാകില്ല. അതിൽ കൂടുതൽ ഒരു മാറ്റവും ഇല്ല. ഇനി ഈ നേതാക്കന്മാരുടെ സാമൂഹ്യ ജീവിതം നോക്കുക. അതിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? വ്യത്യസ്തമായ മൂല്യങ്ങൾ എന്തെങ്കിലും അവർക്ക് കാഴ്ച്ച വെക്കാൻ കഴിയുന്നുണ്ടോ? അവരുടെ കുടുംബ ബന്ധങ്ങളിൽ, സാമൂഹ്യ ബന്ധങ്ങളിൽ, ആചാരങ്ങളിൽ, മറ്റെല്ലാ കാര്യങ്ങളിലും എല്ലാം ഒരേ പോലെ തന്നെ. അതു കൊണ്ട് തന്നെ സിപിഎം കാരനായ ഒരാൾക്ക് നാളെ ബി.ജെ.പി ആകുന്നതിനു എന്ത് തടസമാണുള്ളത്? ഒരു ബുദ്ധിമുട്ടുമില്ലാതെ മാറാൻ കഴിയും. പരമാവധി കുറച്ചു ബുദ്ധിമുട്ട് വരാൻ സാധ്യത ഉള്ളത് മുസ്ലീം വിഭാഗങ്ങൾക്കാണ്. അവിടെയും ബ്രഹ്മണ്യത്തിന്റെ പൊതു ഫാസിസ്റ്റ് സ്വഭാവം വെച്ചിട്ട് അതിനെയൊക്കെ ഉൾക്കൊള്ളാനും ഇടം കൊടുക്കാനും അതിനു കഴിയും. കീഴ്പ്പെട്ട് നിൽക്കുന്നിടത്തോളം പ്രശ്നമല്ല. ഇപ്പോൾ തന്നെ ബി.ജെ.പിയുടെ നേതൃത്വ നിരയിൽ മുസ്ലീങ്ങളില്ലേ? സവർണ്ണ ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഒട്ടും ബുദ്ധിമുട്ട് ഉണ്ടാവില്ല. കാരണം അവരും നമ്പൂതിരി പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവരാണ്. ഇതാണ് ഇവിടുത്തെ ഭൗതിക യാഥാർഥ്യം. അതുകൊണ്ട് സിപിഎം അധികാരത്തിൽ വന്നാൽ ആർഎസ്എസിനെ തടഞ്ഞു നിർത്തുമെന്നു പറയുന്നത് ബംഗാളിന്റെയും ത്രിപുരയുടെയും ശേഷം പ്രതീക്ഷിക്കാൻ യാതൊരു അടിസ്ഥാനവുമില്ല. ഇനി വല്ല സംശയും ഉണ്ടെങ്കിൽ, ശബരിമല പ്രശ്നത്തിന് ശേഷം വന്ന തിരഞ്ഞെടുപ്പിൽ ആറ് നിയോജക മണ്ഡലങ്ങളിൽ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോൺഗ്രസ്സ് കഴിഞ്ഞാൽ ബി.ജെ.പി എന്നതായിരുന്നു അവസ്ഥ. ബി.ജെ.പിക്ക് ഇത്രമാത്രം വോട്ട് കൂടിയത് എങ്ങനെയാണ്? ഇടത് മുന്നണിക്ക് വോട്ട് ചെയ്തു കൊണ്ടിരുന്നവർ അപ്പുറത്തേക്ക് മാറി എന്ന് വ്യക്തം. അതൊരു ബുദ്ധിമുട്ടുള്ള കാര്യമല്ല.

അതുകൊണ്ട് ഏത് മുന്നണി വന്നാലാണ് തടയാൻ പോകുക എന്ന് പറഞ്ഞു തർക്കിക്കുകയല്ല വേണ്ടത്. നേരെമറിച്ച് സംഘപരിവാറിന്റെ വിഷലിപ്തമായ ഫാസിസ്റ്റ് രാഷ്ട്രീയത്തെ, ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്യുന്ന, അതിന്റെ മൂല തത്വങ്ങളിൽ തന്നെ അതിനെ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യ പ്രചരണവും പ്രവർത്തനവും തന്നെയാണ് ഇന്ന് ആവശ്യമായിട്ടുള്ളത്. ഒരു പ്രതിസംസ്കാരം കെട്ടിപ്പടുക്കാനായിട്ടുള്ള ഒന്നാണ് വേണ്ടത്. അതിനുള്ള എന്തെങ്കിലും നീക്കങ്ങൾ ഈ പറയുന്ന മുഖ്യധാര എന്നു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചെയ്യുന്നില്ല എന്ന് നമുക്ക് കാണാം. ഇപ്പോൾ ഏറ്റവും ഒടുവിലത്തെ ഉദാഹരണം നോക്കാം. കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിട്ടുള്ള പ്രക്ഷോഭമാണ്. രാജ്യവ്യാപകമായി ചലനങ്ങൾ സൃഷ്ടിക്കുന്ന പ്രക്ഷോഭമാണ്. പൗരത്വ ബില്ലുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള പ്രക്ഷോഭത്തിന്‌ ശേഷം അതെല്ലാം ഒതുക്കി മോദി സർക്കാർ പുതിയ നയങ്ങളുമായി വന്നപ്പോൾ അതിനെല്ലാം വെല്ലുവിളിയായി ഉയർന്നു വന്നിട്ടുള്ളത് ഈ പ്രക്ഷോഭമാണ്. ഈ പ്രക്ഷോഭത്തെ രാജ്യ വ്യാപകമായി ശക്തിപ്പെടുത്താൻ ഈ പറയുന്ന കോൺഗ്രസ്സിനും സിപിഎംനും കഴിയില്ലേ? അവരുടെ ട്രേഡ് യൂണിയൻ വഴി, അവരുടെ ബഹുജന സംഘടനകൾ വഴി സാധ്യമാവില്ലേ? കാരണം ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന കേരളം,തമിഴ്നാട്, ഒറീസ്സ, ജാർഖണ്ഡ് തുടങ്ങി സംസ്ഥാനങ്ങളിലൊക്കെ ഇവർക്ക് ഇത് ചെയ്യാമായിരുന്നല്ലോ? എന്തുകൊണ്ട് അവരത് ചെയ്യുന്നില്ല? എത്ര വൈകിയാണ് ഇവിടുത്തെ ട്രേഡ് യൂണിയനുകൾ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്? പ്രഖ്യാപിച്ചതല്ലാതെ അതിനെ ഫലവത്താക്കാൻ എന്ത് പ്രവർത്തനമാണ് അവർ നടത്തിയത്? കേരളത്തിൽ നമുക്കറിയാമല്ലോ ഇവിടെ സി.ഐ.ടി.യു വിന് അംഗബലത്തിന് ഒരു കുറവുമില്ല. ഐ.എൻ.ടി.യു.സിക്കും കുറവല്ല. ഇവർ വിചാരിച്ചു കഴിഞ്ഞാൽ അതിശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്താൻ കഴിയില്ലേ? അതിലൂടെ ബി.ജെ.പി സർക്കാരിനെ ചോദ്യം ചെയ്യാൻ കഴിയുമായിരുന്നില്ലേ? എന്തു കൊണ്ട് അതിനു കഴിയുന്നില്ല? അത് പരിശോധിച്ചു നോക്കിയാൽ കൃത്യമായിട്ടും നമുക്ക് മനസ്സിലാക്കാൻ സാധിക്കും,മോദി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഈ നയങ്ങൾ ആദ്യമായിട്ട് മുന്നോട്ടു നിർദ്ദേശിച്ചത് കോൺഗ്രസാണ്.

90 കളിൽ നരസിംഹറാവു സർക്കാറിന്റെ കാലഘട്ടത്തിൽ നടപ്പിലാക്കിയ ആഗോളവൽക്കരണ സ്വകാര്യവൽക്കരണ നീക്കങ്ങളുടെ തുടർച്ചയാണ്. അതിനിടക്ക് അവിടെ അധികാരത്തിൽ സിപിഎം നേരിട്ടല്ലെങ്കിലും പരോക്ഷമായിട്ട് വന്നിട്ടുണ്ട്. സിപിഐ അധികാരത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്. ആരും തന്നെ ഇതിനെ ലംഘിക്കാനോ ചോദ്യം ചെയ്യാനോ മാറ്റി തീർക്കാനോ ശ്രമിച്ചിട്ടുമില്ല. കഴിയില്ല. ഭരണ വർഗ്ഗങ്ങൾ അതാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരത്തിൽ നിൽക്കണമെങ്കിൽ അത് പാലിച്ചേ പറ്റു. ഈ ഒരു സാഹചര്യത്തിൽ മുന്നണി രാഷ്ട്രീയത്തിലോ തിരഞ്ഞെടുപ്പിലോ അല്ല ഇതിന് പരിഹാരം തേടേണ്ടത്. ഇവർ വന്നാൽ എന്തെങ്കിലും മാറ്റി തീർക്കാൻ കഴിയുമെന്നത് അപകടകരമായ വ്യാമോഹം മാത്രമാണ്. കൃത്യമായിട്ടും ഈ ഫാസിസ്റ്റ് സംഘടനയെ ചെറുക്കുന്ന ശക്തമായ പ്രസ്ഥാനം ബഹുജനങ്ങൾക്കിടയിൽ കെട്ടി പടുക്കുന്നതിൽ തന്നെയാണ് ഊന്നൽ കൊടുക്കേണ്ടത്. എങ്കിൽ മാത്രമാണ് അതിനെ മറി കടക്കാൻ കഴിയുകയുള്ളൂ.

അതിനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ ട്വന്റി-ട്വന്റി പോലുള്ളവർക്കുള്ള സ്വീകാര്യതക്ക് ഒരു പ്രധാന ഘടകം ഇതു തന്നെയാണ്. അതിന്റെ ഉറവിടത്തിന്റെ പ്രദേശത്ത് അതിന്റെ മുതലാളി മുടക്കിയ പണം ആയിരിക്കും പങ്കു വഹിച്ചത്. എങ്കിലും മറ്റ് പ്രദേശങ്ങളിൽ അതിനെ ആകർഷകമാക്കുന്നത് ഇരു മുന്നണികളോടുമുള്ള സാധാരണ ജനങ്ങളുടെ മടുപ്പും വെറുപ്പും തന്നെയാണ്. അതുകൊണ്ട് തന്നെയാണ് നിഷ്ക്രിയരായിരുന്ന പലരും ഇതിന്റെ പ്രചാരകരായി വന്നു കൊണ്ടിരിക്കുന്നത്. അതേപോലെ തന്നെയാണു് യുവ ജനങ്ങൾക്കിടയിലുള്ള അസംതൃപ്തിയും അസന്തോഷവും. ഇത്തരം സാധ്യതകളൊക്കെ കണ്ടുകൊണ്ട് സൃഷ്ടിപരമായ ഇടപെടലുകൾകൊണ്ടു് പുതിയൊരു തരംഗമുണ്ടാക്കിയെടുക്കാൻ, ഒരു പുതിയ ചെറുത്തു നിൽപ്പിന്റെ ധ്രുവീകരണം ഉണ്ടാക്കിയെടുക്കാൻ കഴിയും. ഒരു വിപ്ലവ ഇടത് പക്ഷത്തെ സമ്പന്ധിച്ചിടത്തോളം പെട്ടെന്ന് ഫലം കിട്ടുന്ന ഒരു സാഹചര്യമല്ല ഇവിടെ നിലനിൽക്കുന്നത്. കാരണം ഇപ്പോഴും പരിഷകരണവാദപരമായിട്ടുള്ള കാര്യങ്ങൾക്കുള്ള ഇടം അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫലം പെട്ടെന്ന് ആയിരിക്കില്ല കിട്ടുക. അതേസമയം തന്നെ ഈ സാഹചര്യത്തെ കുറിച്ചുള്ള ശാസ്ത്രീയമായ വിശകലനത്തിലൂടെ ഇടപെടുകയാണെങ്കിൽ, അതിനെ ഊർജ്ജസ്വലമായി സൃഷ്ടിപരമായി പ്രചരിപ്പിക്കുകയാണെങ്കിൽ, തീർച്ചയായിട്ടും കാലക്രമത്തിൽ അതിന് ഒരു ധ്രുവീകരണം നേടിയെടുക്കാനാകും. ഈ പറഞ്ഞ ഫാസിസ്റ്റ് ശക്തികളെ ചെറുക്കുന്ന ഒരു നിര സൃഷ്ടിച്ചെടുക്കാനാകും. ഇനി ഇടത് മുന്നണിയല്ല വലത് മുന്നണിയല്ല ഏത് അധികാരത്തിൽ വന്നാലും അവർ നടപ്പാക്കാൻ പോകുന്ന ജനവിരുദ്ധ നയങ്ങളെ ചെറുക്കാനായിട്ടുള്ള അടിത്തറ ഒരുക്കിയെടുക്കാൻ കഴിയും. ആ ദിശയിൽ തന്നെയാണ് ഇടപെടേണ്ടത് എന്നാണ് എടുത്തു പറയേണ്ട കാര്യം.

(കടപ്പാട് :http://ajithspage.in/ajiths-page/%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%b2%e0%b5%87%e0%b4%96%e0%b4%a8%e0%b4%82-podcast/)

<span class="has-inline-color has-vivid-red-color">കെ.മുരളി(അജിത്)</span>
കെ.മുരളി(അജിത്)

മാവോയിസ്റ്റ് രാഷ്ട്രീയ സൈദ്ധാന്തികൻ. ദീർഘകാലം രാഷ്ട്രീയ തടവുകാരനായിരുന്നു. ഭൂമി ജാതി ബന്ധനം, ബ്രാഹ്മണ്യ വിമർശം, പരിഷ്കരണമല്ല വിപ്ലവം, പരികല്പനകളും രീതിശാസ്ത്രവും തുടങ്ങിയ രാഷ്ട്രീയ വിശകലന സമാഹാരങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.