കൊറോണ പഠിപ്പിച്ച ചില പരീക്ഷാ പാഠങ്ങൾ

മൊഴിമാറ്റം : റഫീഖ്

നമ്മുടെ ജീവിത രീതികളെയും ദിനചര്യകളെയും ഏറെ മാറ്റിമറിച്ചു കൊണ്ടാണ് കൊറോണ കഴിഞ്ഞ ഒരു കൊല്ലം നമുക്കിടയിൽ ജീവിച്ചത്. ഈ മാറ്റം കേവലം നമ്മുടെ ജീവിത രീതികളിൽ മാത്രമല്ല ഉണ്ടായത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടി ഇത് സ്വാധീനിച്ചിട്ടുണ്ട്.

കോവിഡിന്റെ അതിതീവ്രമായ രണ്ടാം വരവിൽ ഉയർന്നതോതിലുള്ള മാനസിക സമ്മർദ്ദമാണ് നാം നേരിട്ട് കൊണ്ടിരിക്കുന്നത്. അതോടൊപ്പം വളരെ അസാധാരണമായ ഒരു അദ്ധ്യായന വർഷമാണ് കടന്ന് പോയത്. ഇപ്പോൾ രാജ്യമെമ്പാടും പരീക്ഷകൾ മാറ്റിവെയ്ക്കുകയും റദ്ദാക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ഒരു വൻ പ്രതിസന്ധി കൂടെ നേരിടേണ്ടി വരുന്നു. മിക്കയാളുകളും ധരിച്ചു വെച്ചിരുന്നത് പരീക്ഷകളും മാർക്കും ഇല്ലാതെ പഠനം പൂർത്തിയാവില്ലെന്നാണ്. “വിജയം”, ” തോൽവി” എന്നിങ്ങനെയുള്ള രണ്ട് തട്ടുക്കളെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ‘പരീക്ഷ മത്സരങ്ങൾ ‘ ഇന്ന് കുറഞ്ഞിരിക്കുകയാണ്.നടത്തുന്നവയിൽ മിക്കതിന്റെയും മൂല്യനിർണ്ണയവും പരീക്ഷ നടത്തിപ്പും വളരെ എളുപ്പമാക്കി വിദ്യാർഥികളെ സഹായിക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പരീക്ഷ മത്സരങ്ങളുടെ അസാനിധ്യം പല കുടുംബങ്ങളെയും ഇനിയെന്ത് എന്ന ചോദ്യത്തിൽ കുടുക്കിയിരിക്കുകയാണ്.

ഇത്തരത്തിലുള്ള ഒരു “സാധാരണ”ത്തതിന്റെ വീഴ്ചയിൽ ചില കാരണങ്ങൾ നാം ഇരുത്തി ചിന്തിപ്പിക്കേണ്ടതായിട്ടുണ്ട്. വ്യവസ്ഥാപിതമായ ഇത്തരം പരീക്ഷകളുടെ ആചാരം നമ്മുടെ വിദ്യാർത്ഥികൾക്ക് എത്രത്തോളം ഗുണകരമാണ് എന്ന്.അല്ലെങ്കിൽ ഈ” വിജയി” “പരാജിതൻ” ” ഉയർന്നവൻ” ” താഴ്ന്നവൻ” എന്ന മാർക്കുകളുടെ അടിസ്ഥാനത്തിലുള്ള അസമത്ത്വങ്ങൾക്കുള്ളിൽപ്പെട്ട് പടവെട്ടുന്നതിനപ്പുറത്തേക്ക് നമ്മുടെ കുട്ടികൾക്ക് കടന്ന് ചെല്ലാൻ മറ്റ് ഇടങ്ങൾ ഒന്നും തന്നെയില്ലേ?എന്നുള്ളതും.

ആദ്യം തന്നെ പറയട്ടെ ഈ പരീക്ഷകൾ ഒരിക്കലും തന്നെ നിഷ്പക്ഷമോ സ്വതന്ത്രമോ അല്ല. ഉദാഹരണത്തിന് സമൂഹത്തിന്റെ “താഴ്ന്ന”നിലവാരത്തിൽ നിന്ന് വന്ന് സർക്കാർ സ്കൂളുകളിൽ പഠിച്ച് വളരുന്ന കുട്ടികളും അന്താരാഷ്ട്ര നിലവാരത്തിൽ പഠിക്കുന്ന സമ്പന്നരുടെ മക്കളും ഫലത്തിൽ ഒരേ നിലവാരത്തിൽ എത്താനുള്ള സാധ്യതയേ ഇല്ല. ഒന്നോ രണ്ടോ പ്രത്യേക ഉദാഹരണങ്ങൾ ഒഴിച്ചാൽ അവർക്ക് കിട്ടുന്ന അവസരങ്ങൾ രണ്ടും രണ്ടാണെന്ന് മനസിലാക്കാൻ ഒരു വലിയ സാമൂഹിക-രാഷ്ട്രീയ വിശകലനങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. ലേശം കോമൺസെൻസ് ഉള്ള ആർക്കും പിടികിട്ടാവുന്നതാണ്. ഈ സാമൂഹിക- സാംസ്കാരിക- സാമ്പത്തിക മൂലധനങ്ങളുടെ വ്യത്യാസം അവരുടെ പ്രകടനങ്ങളിൽ വലിയ വിടവുണ്ടാക്കാൻ ശേഷിയുള്ളതാണ്. ഏതോ ഒരിടത്തെ ഒരു തൊഴിലാളിയുടെ കുട്ടിക്ക് 90% മാർക്ക് ലഭിച്ചെന്ന പേരിൽ ഈ അസമത്വം നിറഞ്ഞ സാമൂഹിക യഥാർത്ഥ്യത്തെ ഒറ്റയടിക്ക് റദ്ദ് ചെയ്യാൻ കഴിയില്ല.ഏറെ കൊട്ടിഘോഷിച്ച ഓൺലൈൻ പഠനം നിർമ്മിച്ച സാങ്കേതിക വിടവ് ഈ പരീക്ഷ കേന്ദ്രീകൃത വിദ്യാഭ്യാസ സംവിധാനത്തിന്റെ വർഗചായ്വും ഉച്ചനീചത്വവും നമുക്ക്മു ന്നിൽ തുറന്ന് കാട്ടിയത് നാം മറക്കരുത്.

രണ്ടാമതായി ഈ അർത്ഥരഹിതമായ പഠന സംവിധാനത്തെ പുനർനിർമിക്കുന്നതിന്റെ ആവശ്യകത അതിക്രമിച്ചിരിക്കുകയിണ്. ഈ ആചാരം പോലെയുള്ള പഠന – പരീക്ഷ സംവിധാനവും സ്വേച്ഛാധിപത്യ പരമായ പഠന ചുറ്റുപാടുകളും കുട്ടികൾക്കുള്ളിൽ ദൂരവ്യാപകമായുള്ള ഭയവും, ഉത്‌കണ്ഡയും എല്ലാത്തിനും ഉപരി സ്വയം പഠനത്തിനുള്ള, തിരുത്തലുകൾക്കുള്ള, കണ്ടെത്തലുകൾക്കുള്ള, അറിയാനുള്ള ആഗ്രഹത്തെ,
അനുഭവങ്ങളെ റദ്ദ് ചെയ്യുന്ന ഇത്തരം ക്രമങ്ങളെയും പുനർനിർമ്മിക്കാൻ നാം വൈകിയാൽ നമ്മുടെ കുട്ടികൾ കുശാഗ്രബുദ്ധിക്കാരും കുറുക്കന്മാരും ആവാനാവും പഠിക്കുക. കോച്ചിംഗ് സെന്ററുകളിലും , സ്കൂളുകളിലും അവർ പഠിക്കുന്നത് “യഥാർത്ഥ” ഉത്തരങ്ങൾ നൽകാനായിട്ടാണ്. ഈ ക്രമം കുട്ടികളെ കേവലം ഒരു കൂട്ടം കുസൃതി ചോദ്യങ്ങളടങ്ങിയ ഒരു ഫോം ഫില്ല് ചെയ്യുന്നവരാക്കി മാറ്റും. കുട്ടികളുടെ വായന ശീലത്തെയും, നിരീക്ഷണ പരീക്ഷണ പാടവത്തെയും ഇത് നശിപ്പിക്കും. യഥാർത്ഥ പഠനത്തിന്റെ അനുഭവത്തിൽ നിന്ന് കുട്ടികളെ അത് അകറ്റി നിർത്തും.

മൂന്നാമതായി പരീക്ഷ കേന്ദ്രീകൃതമായ പഠന സംവിധാനം ഉണ്ടാക്കുന്ന ഭയവും വിധേയത്വവും അസൂയയും അനീതിയും കുട്ടികൾക്കുള്ളിൽ ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അവ ഇത്തരം ഉചനീചത്വങ്ങൾ ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, സഹകരണത്തിന്റെയും, സാമൂഹികവൽക്കരണത്തി ന്റയും, കൈമാറ്റത്തിന്റെയും ചിന്തകൾ ആ കുട്ടിയിൽ പൂവിടുന്നതിന് മുമ്പേ അതിനെ തല്ലികൊഴിക്കു കയും ചെയ്യുന്നു.അതുകൊണ്ട് തന്നെ ഈ യുദ്ധത്തിലെ പരാജിതന് അസൂയയുടെയും അവഗണനയുടെയും വിദ്യ ആയിരിക്കും അത് പകർന്ന് നൽകുക. വിജയിക്ക് അഹങ്കാരത്തിന്റെയുംപുച്ഛത്തിന്റെയും വിദ്യയും.
ഈ ക്രമത്തിൽ നാം അവരെ വിട്ടു കൊടുത്തു കൊണ്ട് അവരെ പരസ്പരം പടവെട്ടാൻ പോത്സാഹിപ്പിക്കു കയാണ് നാം നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യം നമ്മുടെ മക്കളെ കൂടുതൽ സാമൂഹ്യ ജീവികളായും ക്ഷമയും
ആത്മവിശ്വാസവും, സഹാനുഭൂതിയുമുള്ളവരായും അത് പകർന്ന് നൽകുന്നവരായും വളർത്തുക എന്നതാണ്. ഈ പരീക്ഷ കേന്ദ്രീകൃത അസംബന്ധത്തിനും അപ്പുറം കുട്ടികൾക്ക് യഥാർത്ഥത്തിൽ വേണ്ട പഠനം എന്താണെന്ന് നാം ചിന്തിക്കുന്നത് ഇനിയെന്നാണ് ?

(അവിജിത് പഥക് ഇന്ത്യൻ എക്സ്‌പ്രസിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ഇദ്ദേഹം ജെഎൻയുവിലെ സോഷ്യോളജി പ്രൊഫസറാണ്.)