ബിജെപിയുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും

മൊഴിമാറ്റം : ഇസൈപ്രിയ

ബിജെപിയുടെ പ്രഖ്യാപിത പ്രത്യയശാസ്ത്രവും രാഷ്ട്രീയവും അറിയണമെങ്കിൽ അതിൻ്റെ മാതൃ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്)ൻ്റെ പ്രത്യയശാസ്ത്രത്തെയും ചരിത്രത്തെയും കുറിച്ച് അറിവുണ്ടാകണം. തങ്ങളുടെ ലക്ഷ്യം നടപ്പിലാക്കാൻ വിവിധ മേഖലകളിൽ വിവിധ സംഘടനകൾക്ക് ആർഎസ്എസ് രൂപം നൽകിയിട്ടുണ്ട്. അവയെല്ലാം തന്നെ ആർഎസ്എസിൻ്റെ നിയന്ത്രണത്തിലാണ്.

ബിജെപിയുടെ മുൻഗാമിയായ ഭാരതീയ ജന സംഘ്, ശ്യാമ പ്രസാദ് മുഖർജിയും(കുറച്ച് വർഷം അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരുന്ന) ആർഎസ്എസും ചേർന്ന് 1951-ലാണ് രൂപീകരിക്കുന്നത്. സർസംഘചാലക് എം എസ് ഗോൾവാൾക്കർ (ആർഎസ്എസിൻ്റെ പരമോന്നത നേതാവായ) ജന സംഘ് കെട്ടിപ്പടുക്കാൻ ശ്യാമ പ്രസാദ് മുഖർജിയെ സഹായിക്കുന്നതിനായി തങ്ങളുടെ അഞ്ച് പ്രവർത്തകരെ അയച്ചു. അടൽ ബിഹാരി വാജ്പേയിയും എൽ കെ അദ്വാനിയും ആ കൂട്ടത്തിലുണ്ടായിരുന്നു. രാഷ്ട്രീയ മണ്ഡലത്തിൽ ജന സംഘിൻ്റെയും പിൽക്കാലത്ത് രൂപം കൊണ്ട ബിജെപിയുടെയും ലക്ഷ്യങ്ങൾ ആർഎസ്എസിൻ്റെ ലക്ഷ്യങ്ങൾ തന്നെയാണ്.

ആർഎസ്എസിൻ്റെ സംഘടന തത്വം “ഏക് ചാലക് അനുവർത്തിത” (ഒരു നേതാവിനോട് വിധേയത്വം) എന്നാണ്. ചില തിരഞ്ഞെടുപ്പുകളുടെ പുറംപൂച്ചിന് പിന്നിൽ കോൺഗ്രസ്സും ഗാന്ധിയൻ യുഗത്തിലും അതിനു ശേഷവും ഇതേ തത്വത്തിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ് പ്രവർത്തിച്ചത്. ഗാന്ധി തൻ്റെ ഉത്തരവുകൾ ചോദ്യം ചെയ്യപ്പെടാതെ അനുസരിക്കണമെന്ന് ശഠിച്ചിരുന്നു. ഗാന്ധിയൻ നേതൃത്വത്തിലുള്ള കോൺഗ്രസ്സും (ആർഎസ്എസ് സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ബി എസ് മൂഞ്ചെ, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള) അഖിലേന്ത്യാ ഹിന്ദു മഹാസഭയും തമ്മിൽ പല വിഷയങ്ങളിലും വിശാലമായ യോജിപ്പുണ്ടായിരുന്നു. 1915-ൽ ഹരിദ്വാറിൽ വച്ച് അഖിലേന്ത്യാ ഹിന്ദു മഹാസഭ രൂപീകരിക്കുമ്പോൾ ഗാന്ധി അതിൻ്റെ സബ്ജക്ട് കമ്മിറ്റിയിലെ അംഗമായിരുന്നു. രാജേന്ദ്ര പ്രസാദ്, ജയ്റാംദാസ് ദൗലത്റാം തുടങ്ങിയവർ കുറച്ച് കാലം മഹാസഭയുമായി വളരെ അടുപ്പം പുലർത്തിയിരുന്നു. മാളവ്യ, ലാല ലാജ്പത് റായ്, എം ആർ ജയാകാർ അടക്കമുള്ള മറ്റു പലർ കുറച്ച് കാലം രണ്ട് സംഘടനകളുടെയും നേതാക്കളായിരുന്നു. ഹിന്ദു മഹാസഭ സവർണ്ണ ഹിന്ദു വർഗ്ഗത്തിലെ താൽപര്യങ്ങൾക്ക് വേണ്ടി പരസ്യമായി തന്നെ നിലകൊണ്ടപ്പോൾ ഗാന്ധിയൻ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് അതിനു പരസ്യമായി തുനിഞ്ഞില്ല, അവർ ഇന്ത്യൻ ദേശീയതയുടെ ഒരു പുറംചട്ട അണിഞ്ഞു. ബിർള പോലെയുള്ള വൻകിട മാർവാരി ഗുജറാത്തി ദല്ലാൾമാർ ഗാന്ധിയൻ നേതൃത്വത്തോടും മഹാസഭയോടും ആർഎസ്എസിനോടും അടുപ്പം പുലർത്തിയിരുന്നു. പക്ഷേ അവരുടെ ഉദ്ദേശങ്ങൾ സാധ്യമാക്കാൻ വളരെയേറെ കാലത്തേക്ക് അവർ ആശ്രയിച്ചത് ഗാന്ധിയൻ നേതൃത്വത്തെ ആയിരുന്നു.

മറ്റൊരു പ്രധാന വ്യത്യാസവും ഉണ്ടായിരുന്നു. ഗാന്ധിയൻ നേതൃത്വം പ്രത്യക്ഷത്തിൽ ചില ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ സംഘടിപ്പിച്ചപ്പോൾ മഹാസഭയുടെയും ആർഎസ്എസിൻ്റെയും ആക്രമണം ഒരിക്കലും ബ്രിട്ടീഷുകാർക്കെതിരെ ആയിരുന്നില്ല മറിച്ച് എല്ലായ്പ്പോഴും അത് മുസ്‌ലിംകൾക്കെതിരെ ആയിരുന്നു. കാരണം സവർണ്ണ ഹിന്ദു വർഗ്ഗത്തിനുണ്ടായിരുന്ന ബ്രിട്ടീഷ് രക്ഷാധികാരമാണ്.

സവർക്കർ “രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് എല്ലാ രാഷ്ട്രീയത്തെയും ഹിന്ദുവൽക്കരിക്കുക, ഹിന്ദുത്വം സൈനികവൽക്കരിക്കുക” എന്ന മുദ്രാവാക്യം ഉയർത്തുകയും ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ഹിന്ദുക്കളെ പ്രേരിപ്പിക്കുകയും ചെയ്തു.എഴുത്തുകാരനായ ബി ബി മിശ്ര പറഞ്ഞതുപോലെ “ആരംഭകാലം മുതൽക്കേ ഭൂപ്രഭു വർഗ്ഗങ്ങളുടെയും പാരമ്പര്യവാദികളായ വിദ്യാസമ്പന്നരായ സവർണ്ണ ഹിന്ദുക്കളുടെയും ആധിപത്യത്തിൽ അതിൻ്റെ നേതൃത്വം നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും താൽപര്യങ്ങളെ പ്രത്യേകിച്ച് ബംഗാളിലും പഞ്ചാബിലും അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനായി മതത്തെ ഉപയോഗിച്ചു”. മിശ്രയുടെ വാക്കുകളിൽ പറയുകയാണെങ്കിൽ “മഹാസഭ പ്രസ്ഥാനം ഹിന്ദു ബഹുജനങ്ങളുടെ താൽപര്യങ്ങളുമായി ബന്ധമില്ലാത്തതായിരുന്നു”.

ഇന്ത്യയുടെ സാമുദായിക അടിസ്ഥാനത്തിലുള്ള വിഭജനത്തിന് ഗാന്ധിയും കൂട്ടാളികളും ഉൾപ്പടെയുള്ള കോൺഗ്രസ്സ് നേതാക്കളെ പോലെ തന്നെ ആർഎസ്എസിൻ്റെ രക്ഷാധികാരികൾ ആയിരുന്ന മൂഞ്ചെയും മളവ്യയും പോലെയുള്ള മഹാസഭ നേതാക്കളും ഉത്തരവാദികളാണെന്നത് ശ്രദ്ധേയമാണ്. 1927, 1930, 1931, 1935 വർഷങ്ങളിൽ പല തവണയായി മുസ്ലിം നേതാക്കൾ മുന്നോട്ട് വെച്ച പ്രത്യേക അധികാരാവകാശം പകരം കൂട്ടായ അധികാരാവകാശം എന്ന ആവശ്യം അവർ നിരസിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയിലെ ജനങ്ങളെ പ്രത്യേകിച്ച് ബംഗാൾ, പഞ്ചാബ്, ജമ്മു കാശ്മീർ, ത്രിപുര, സിന്ദ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ ആ അസഹനീയമായ ദുരന്തം ഒഴിവാക്കാമായിരുന്നു. വരേണ്യ ഹിന്ദു വിഭാഗത്തിന്റെ രാഷ്ട്രീയ ലാഭങ്ങൾക്കായി മതത്തെ ഉപയോഗിച്ചത് ഇൻഡോ-പാക് ഉപഭൂഖണ്ഡത്തിലെ എല്ലാ ജനങ്ങളുടെയും ജീവന് തന്നെ ഭീഷണി വിതച്ച ചിന്തിക്കാൻ പോലും കഴിയാത്തത്ര ദുരന്തങ്ങൾക്ക് കാരണമായി.

ആർഎസ്എസ് എന്തിനുവേണ്ടി നിലകൊള്ളുന്നു

1925-ൽ നാഗ്പൂരിൽ വെച്ചാണ് കെ ബി ഹെഡ്ഗേവാർ ആർഎസ്എസ് രൂപീകരിക്കുന്നത്. 1927-ൽ ബി എസ് മൂഞ്ചെ അത് പുനഃസംഘടിപ്പിച്ചു. അതിൻ്റെ രൂപീകരണ കാലം ശ്രദ്ധേയമാണ്. 1922 ഫെബ്രുവരിയിൽ ഗാന്ധി നിസഹകരണ പ്രസ്ഥാനം പിരിച്ചുവിട്ടത് വലിയ തോതിലുള്ള ആശയക്കുഴപ്പങ്ങൾക്കും അമർഷങ്ങൾക്കും കാരണമായി. കൊളോണിയൽ വിരുദ്ധ സമരത്തിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ ഉണ്ടായിരുന്ന അഭൂതപൂർവമായ സാഹോദര്യം വളരെ പെട്ടന്ന് തന്നെ പരസ്പര വിശ്വാസമില്ലായ്മക്കും സ്പർധക്കും കാരണമായി. 1923-ൽ മുൻപ് ഇസ്‌ലാമിലേക്ക് മത പരിവർത്തനം നടത്തിയ ഹിന്ദുക്കളുടെ പുനപരിവർത്തനത്തിനായി സ്വാമി ശ്രദ്ധാനന്ദ് ശുദ്ധി എന്ന പ്രസ്ഥാനം ആരംഭിച്ചു. ആര്യ സമാജവും ഹിന്ദു മഹാസഭയും മുസ്ലിങ്ങളുടെ നിർബന്ധിത മത പരിവർത്തനത്തിൻ്റെയും പശു സംരക്ഷണത്തിൻ്റെയും ചുമതല ഏറ്റെടുത്തു. ശുദ്ധി സംഘടൻ പ്രസ്ഥാനങ്ങളെ മുസ്ലീമുകൾ തബ്ലീഗ് തൻസീം പ്രസ്ഥാനങ്ങളിലൂടെ നേരിട്ടു. ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് യുപിയിലും പഞ്ചാബിലും വർഗ്ഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 1923-ൽ നാഗ്പൂരിലും ഹിന്ദു – മുസ്ലിം കാലപം അരങ്ങേറി.

ഹെഡ്ഗേവാർ എഴുതി “നിസഹകരണ പ്രസ്ഥാനം പിരിച്ചുവിട്ടതോടെ ബ്രാഹ്മണ – അബ്രാഹ്മണ കലാപങ്ങൾ നഗ്ന കാഴ്ചയായി. നിസഹകരണത്തിൻ്റെ പാല് കുടിച്ചു വളർന്ന വിഷസർപ്പങ്ങൾ വിഷം ചീട്ടിക്കൊണ്ട് രാജ്യത്ത് കലാപങ്ങൾ അഴിച്ചു വിടുന്നു.” (ആർഎസ്എസിന് മുസ്ലീമുകളോടുള്ള വെറുപ്പിൻ്റെ ആഴം ഇത്തരം പ്രയോഗങ്ങളിൽ നിന്നും വ്യക്തമാണ്). ഇതേ കാലത്ത് ബി ആർ അംബേദ്കർ ഹെഡ്ഗേവാർമാരുടെ താൽപര്യത്തിന് വിരുദ്ധമായി സവർണ്ണ ഹിന്ദുക്കൾക്കെതിരെ പ്രത്യേകിച്ചും ബ്രാഹ്മണ്യ സാമൂഹിക അധീശത്വത്തിനുമെതിരെ ദളിതരെ അണിനിരത്താൻ തുടങ്ങി. ഈ അധീശത്വത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ വലിയൊരു പാരമ്പര്യം മഹാരാഷ്ട്രക്ക് ഉണ്ടായിരുന്നു – 1870കളിൽ ജ്യോതിഭാ ഫൂലെയും സത്യശോടക്ക് സമാജവും തുടങ്ങിവച്ച പോരാട്ടങ്ങൾ. മുസ്ലിങ്ങളോട് മാത്രമല്ല മർദ്ദിത ജാതികളുടെ അവകാശ പോരാട്ടങ്ങളോടും ആർഎസ്എസ് ശത്രുതാപരമായ നിലപാടാണ് കൈക്കൊണ്ടത്.

ആർഎസ്എസ് “ഹിന്ദുസ്ഥാൻ ഹിന്ദുക്കൾക്ക്” എന്ന മുദ്രാവാക്യം ഉയർത്തി. ഇന്ന് പോലും ആർഎസ്എസ് പരിവാർ ഒരു ഹിന്ദു രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നു. ആർഎസ്എസ് മേധാവി സുദർശൻ 2000 ഓഗസ്റ്റ് 14ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു: “ഞങ്ങൾ ന്യൂനപക്ഷം എന്ന തത്വം അംഗീകരിക്കുന്നില്ല”. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷം രാജ്യത്തെ ഭൂരിപക്ഷത്തിൻ്റെ സംസ്കാരം സ്വീകരിക്കണം. സംസ്കാരത്തെ സംബന്ധിച്ചുള്ള ആർഎസ്എസിന്റെ കാഴ്ചപ്പാട് “മതത്തിന് സമാനമാണെന്ന്” അവരുടെ മേധാവികൾ പതിറ്റാണ്ടുകളായി എഴുത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്ന് എ ജി നൂറാണി പറയുന്നു. ഹിന്ദു രാഷ്ട്ര സംസ്കാരമാണ് ദേശീയ സംസ്കാരമെന്ന് ആർഎസ്എസ് പരിവാർ അവകാശപ്പെടുന്നു. നൂറാണി എഴുതി: “കുറച്ച് നാൾ മുമ്പ് ഇപ്പോഴത്തെ മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി മുരളി മനോഹർ ജോഷി മുസ്ലിങ്ങളോട് സ്വയം മുഹമ്മദീയ ഹിന്ദു എന്ന് വിളിക്കാൻ ആവശ്യപെട്ടു”.

ആർഎസ്എസിൻ്റെ ഹിന്ദു രാഷ്ട്രവാദം വ്യത്യസ്ത ജാതികളും വർഗ്ഗങ്ങളും ദേശീയതകളും തമ്മിൽ നിലനിൽക്കുന്ന ഭിന്നതകളെ കാണുന്നില്ല. അവരുടെ പ്രഖ്യാപിത ലക്ഷ്യം എല്ലാ ബ്രാഹ്മണ്യ സംസ്കാരത്തെ അംഗീകരിക്കുകയും എല്ലാ വെല്ലുവിളികളിൽ നിന്നും ഹിന്ദു മേൽജാതികളുടെ ആധിപത്യത്തെ ശക്തിപ്പെടുത്തുകയുമാണ്. അവർ മനുസ്മൃതിയുടെയും കൗടില്യൻ്റെയും അർഥശാസ്ത്രത്തിൻ്റെയും അടിസ്ഥാനത്തിലുള്ള ഹിന്ദു രാഷ്ട്രം നിർമിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത് – പോലീസ് സ്വേഛാധിപത്യത്തിൻ്റെയും മേൽജാതി ആധിപത്യത്തിൻ്റെയും അടിസ്ഥാനത്തിലുള്ള ഹിന്ദു രാഷ്ട്രം.

ആർഎസ്എസ് സൈനിക ലൈനിലാണ് സംഘടിപ്പിക്കപ്പെട്ടത്. അത് ഒരു ഹിന്ദു സൈന്യം കെട്ടിപ്പടുക്കാനും ഹിന്ദു യുവാക്കൾക്ക് കായിക പരിശീലനം നൽകുന്നതിന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശാഖകൾ തുടങ്ങാനും ആരംഭിച്ചു. അതിനെ ഹിന്ദു മഹാസഭ 1952-ൽ ഔദ്യോഗികമായി അംഗീകരിക്കുകയും രാജ്യമെമ്പാടും ശാഖകൾ കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്തു. എഴുത്തുകാരനായ മിശ്ര പറയുന്നതുപോലെ, “പ്രത്യക്ഷത്തിൽ അരാഷ്ട്രീയവും നിയമവിധേയവും ആണെങ്കിലും ഔദ്യോഗിക രേഖകൾ പ്രകാരം അതിലെ അംഗങ്ങളുടെ കാഴ്ചപ്പാട് തീർച്ചയായും മുസ്ലിം വിരുദ്ധമായിരുന്നു, അവർ വർഗ്ഗീയ കലാപങ്ങളിൽ നടത്തിയിട്ടുമുണ്ട് “. മഹാരാഷ്ട്രയിൽ “ആർഎസ്എസ് ബ്രാഹ്മണ അബ്രാഹ്മണ വിഭാഗങ്ങൾ തമ്മിൽ നടന്ന സാമൂഹിക സംഘർഷങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്”.

എന്നാലും ആർഎസ്എസ് രാഷ്ട്രീയത്തിൻ്റെ ഒരു പ്രധാന പ്രവർത്തന ഘടകം അവർ തുറന്ന് പ്രസ്താവിച്ചിട്ടില്ലായിരുന്നു. അത് സാമ്രാജ്യത്വ വിധേയത്വം ആയിരുന്നു. ആർഎസ്എസ് എല്ലാ കൊളോണിയൽ വിരുദ്ധ സമരങ്ങളിൽ നിന്നും അകന്നു നിന്നു. 1940-ൽ ആർഎസ്എസിൻ്റെ സർസംഘചാലകായി ഹെഡ്ഗേവാറിനെ അനുഗമിച്ച എം എസ് ഗോൾവാൾക്കർ മുസ്ലീമുകൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ തുടങ്ങിയവർക്കെതിരെ പൊട്ടിത്തെറിച്ചു. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൽ അവർ ഈ മണ്ണിൽ ജനിച്ചവരെങ്കിലും ഈ മണ്ണിനോട് കൂറുള്ളവരല്ല, അവരുടെ വിശ്വാസങ്ങൾ വൈദേശികമാണ്. പക്ഷേ ഇന്ത്യൻ ജനതയുടെ പ്രധാന ശത്രുവായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കുറിച്ച് അദ്ദേഹം നിശബ്ദനായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ വിവിധ വിഭാഗങ്ങൾ ഉൾപെട്ട സംയോജിത ദേശീയതയെ അദ്ദേഹം ആക്ഷേപിച്ചു.

ഗോൾവാൾക്കർ എഴുതി: “രാഷ്ട്രത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്പത്തിൻ്റെ അടിസ്ഥാനമായ പ്രാദേശിക ദേശീയത സിദ്ധാന്തവും പൊതു ശത്രു സങ്കല്പവും നമ്മുടെ യഥാർത്ഥ ഹിന്ദു ദേശീയതയുടെ നന്മയും പ്രചോദനദായകമായ സത്തയും ഇല്ലാതാക്കിക്കൊണ്ട് എല്ലാ സ്വാതന്ത്ര്യ സമരങ്ങളും വെറും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ മാത്രമാക്കി. ബ്രിട്ടീഷ് വിരുദ്ധത ദേശസ്നേഹവും ദേശീയതയുമായി കണക്കാക്കപ്പെട്ടു. ഈ പിന്തിരിപ്പൻ ചിന്താഗതി സ്വാതന്ത്ര്യ സമരത്തിലും, അതിൻ്റെ നേതാക്കളിലും, സാധാരണ ജനങ്ങളിലും ആകെമൊത്തത്തിൽ ദുരന്തപൂർണമായ അവസ്ഥയാണ് വരുത്തിവെച്ചത്. നിസ്സംശയം പറയാം, ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ രൂപംകൊണ്ട ഇന്ത്യൻ ജനതയുടെ സംയോജിത ദേശീയത എന്ന സിദ്ധാന്തം പിന്തിരിപ്പൻ തന്നെയാണ്. അത് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ മോശമായി ചിത്രീകരിക്കുന്നു.”

ഹിന്ദു രാഷ്ട്രം എന്ന കെട്ടുകഥ

“നമ്മുടെ യഥാർത്ഥ ഹിന്ദു ദേശീയതയുടെ നന്മയും പ്രചോദനകരമായ സത്തയും എന്താണ്?” വംശീയ ഉത്ഭവം, ഭാഷ, ജീവിത ശൈലി, സംസ്കാരം തുടങ്ങിയവ അനപേക്ഷ്യമായി എല്ലാ ഹിന്ദുക്കളും ഏകാത്മകമായ ഒരൊറ്റ ഇന്ത്യൻ ഹിന്ദു രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നു എന്ന് അത് വിശ്വസിക്കുന്നു. ഈ ഒരൊറ്റ ഇന്ത്യൻ ഹിന്ദു രാഷ്ട്രം ഒരു കെട്ടുകഥയാണ്. നമ്മൾ കണ്ടപോലെ ഇന്ത്യ വിവിധ ദേശീയതകളുടെ സ്ഥലമാണ്. തമിഴ്,മലയാളം,തെലുങ്ക്, ഒറിയ, മറാഠി, ബംഗാളി തുടങ്ങിയ ഓരോ ദേശിയതക്കും ഒരു പൊതു ഭാഷയും, പൊതു ഉറവിടവും, പൊതു ജീവിത ശൈലിയും, പൊതു സംസ്കാരവും, ഓരോരുത്തർക്കും വ്യത്യസ്തമായി അവരുടേതായ വ്യക്തിത്വവും ഉണ്ട്. ഇന്ത്യയിൽ ഒരൊറ്റ ഹിന്ദു സംസ്കാരം ഇല്ല. ബ്രാഹ്മണ്യ സംസ്കാരത്തിന് ശക്തമായ സ്വാധീനം ഉദാഹരണത്തിന് ബംഗാളി സംസ്കാരത്തിന് മേൽ ഉണ്ടായിരുന്നെങ്കിലും ബംഗാളി സംസ്കാരത്തിന് അതിൻ്റേതായ വ്യത്യസ്ത സ്വഭാവവും ഉണ്ടായിരുന്നു. അതിൻ്റെ അടിത്തറ പൂർവ ആര്യൻ വിശ്വാസങ്ങളും രീതികളുമാണ്. അതിനു ശേഷം ഓരോ കാലഘട്ടത്തിലും ബുദ്ധിസം, ജൈനിസം, ബ്രാഹ്മണ്യ മതം, ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയവ ബംഗാളിലെ സംയോജിത ദേശീയതയ്ക്ക് അവരുടേതായ രീതിയിൽ സംഭാവന ചെയ്തു. പണ്ട് കാലങ്ങളിൽ ബംഗാൾ ബ്രാഹ്മണ്യ സംസ്കാരത്തിൻ്റെ അതിരവർമ്പുകൾക്ക് പുറത്തായിരുന്നു.

ഹിന്ദുയിസം എന്നത് വാസ്തവത്തിൽ ഓരോ പ്രദേശങ്ങൾക്കും ജാതികൾക്കും ഉള്ള വ്യത്യസ്തമായ വിശ്വാസങ്ങളുടെയും രീതികളുടെയും പൊതുവായ പേരാണ്. ബംഗാളിൽ ബംഗാളി ഹിന്ദുക്കൾ ആരാധന നടത്തുന്ന രാമക്ഷേത്രങ്ങൾ അധികമൊന്നുമില്ല. ബംഗാളിൽ രാമൻ ഒരു മഹാകാവ്യത്തിലെ നായകനായിട്ടാണ് കരുതപ്പെടുന്നത്. അദ്ദേഹം ബ്രാഹ്മണ്യ സംസ്കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ശൂദ്രനായിട്ടും വേദങ്ങൾ പഠിക്കാൻ ശ്രമിച്ച ശമ്പുകനെ രാമൻ വധിച്ചതായും,രാവണൻ്റെ മേലുള്ള രാമൻ്റെ വിജയത്തിന് പ്രധാന പ്രതിബന്ധമായിരുന്ന രാവണൻ്റെ മകനായ ഇന്ദ്രജിത്ത് അഥവാ മേഘനാഥനെ ന്യായമായ രീതിയിലല്ല വധിച്ചതെന്നും ബംഗാളി ഹിന്ദുക്കൾ വിശ്വസിക്കുന്നു. രാമ രാജ്യത്തിൽ സീതക്ക് സ്ഥാനമില്ല. ചില പ്രദേശങ്ങളിലെ പ്രധാന ദൈവമായ ഹനുമാനെ ബംഗാളിലെ ഹിന്ദുക്കൾ പൂജിക്കാറു പോലുമില്ല. ഗോവധ പ്രശ്നം ഒരുപാട് സ്ഥലങ്ങളിൽ മനുഷ്യരെ കൊല്ലുന്നതിന് കാരണമായി. എന്നാൽ മറ്റ് പല പ്രദേശങ്ങളിലെ എന്ന പോലെ ബംഗാളിൽ പശുവിനെ പൂജിക്കാറില്ല. പശു സംരക്ഷണം ആർഎസ്എസ് പരിവാറിൻ്റെ ഒരു പ്രധാനപ്പെട്ട അജണ്ടയാണ്.

ആർഎസ്എസ് ഉത്തരേന്ത്യൻ ബ്രാഹ്മണ്യ സംസ്കാരം ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. 1947ന് മുൻപും ശേഷവുമുള്ള ഉന്നത കോൺഗ്രസ്സ് നെതക്കളെയെന്ന പോലെ ആർഎസ്എസ് പരിവാറും “യഥാർത്ഥ ഹിന്ദു ദേശീയതയുടെ നന്മയുള്ള പ്രചോദനദായകമായ സത്ത” വളർത്തിയെടുക്കുന്നതിന് വേണ്ടി സംസ്കൃതവൽകൃത ഹിന്ദി നൂറ് കോടി ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കാനും വിവിധ ദേശീയ ഭാഷകളുടെ വളർച്ച അടിച്ചമർത്താനും ഉദ്ദേശിക്കുന്നു. സമാനമായ ഒന്നായിരുന്നു ഉർദു പൊതു ഭാഷയായി മുഴുവൻ പാകിസ്ഥാനി ജനതയുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള പാകിസ്ഥാനി ഭരണാധികാരികളുടെ വഞ്ചനാപരമായ നയം. പക്ഷേ അവരുടെ നിർഭാഗ്യത്തിന് അത് കിഴക്കേ ബംഗാളിലെ ജനങ്ങൾ വിജയകരമായി എതിർത്തു തോൽപ്പിച്ചു. കിഴക്കേ ബംഗാൾ പാകിസ്താൻ്റെ ഭരണത്തെ അട്ടിമറിച്ചുകൊണ്ട് ബംഗ്ലാദേശ് എന്ന പുതിയ രാജ്യമായി മാറി.

ഫാസിസ്റ്റ് പാതയിൽ

നാം പറഞ്ഞതുപോലെ ആർഎസ്എസ് എന്ന സംഘടന ഫാസിസ്റ്റ് തത്വമായ ഏക് ചാലക് അനുവർത്തിത എന്ന തത്വത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥാപിക്കപ്പെട്ടത്. ഹിന്ദു മഹാസഭ നേതാവും ആർഎസ്എസിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ മൂഞ്ചെ 1931 മാർച്ചിൽ മുസോളിനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അദ്ദേഹത്തോട് പറഞ്ഞു, “പ്രഭോ! താങ്കളുടെ ബലില്ലയെയും(ഇറ്റാലിയൻ ഫാസിസ്റ്റ് യുവജന സംഘടന), ഫാസിസ്റ്റ് സംഘടനയെയും വാഴ്തേണ്ട അവസരത്തിൽ ഇന്ത്യയിലോ ഇംഗ്ലണ്ടിലോ പൊതുവേദിയിൽ നിന്ന് എൻ്റെ അഭിപ്രായം പറയാൻ ഞാൻ മടിക്കുകയില്ല. അവർക്ക് ഞാൻ വിജയാശംസകൾ നേരുന്നു.”

1938-ൽ ഗോൾവാൾക്കർ എഴുതി: “ജർമൻ ദേശാഭിമാനം ഇന്നൊരു ചർച്ചാവിഷയം ആയിരിക്കുന്നു. രാഷ്ട്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും പരിശുദ്ധി കാത്തുരക്ഷിക്കുന്നതിനായി സെമിറ്റിക് വംശങ്ങളെയും യഹൂദരെയും ശുദ്ധീകരണം നടത്തിക്കൊണ്ട് ജർമനി ലോകത്തെ ഞെട്ടിച്ചു. ദേശാഭിമാനം അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്നത് കാണാം. അടിവേരുകൾ മുതൽക്കേ വ്യത്യസ്തമായ വംശങ്ങളെയും സംസ്കാരങ്ങളെയും സ്വാംശീകരിച്ച് ഏകോപിപ്പിക്കുന്നത് ഒട്ടും അസാധ്യമല്ലെന്നും ജർമനി കാണിച്ചു തന്നു. നമുക്ക് ഹിന്ദുസ്ഥാനിൽ പഠിക്കാനും പ്രാവർത്തികമാക്കാനും പറ്റിയ നല്ലൊരു പാഠമാണ്.” ഐൻസ്റ്റീനെ പോലെയുള്ള യഹൂദർക്ക് അവരുടെ ജന്മനാട്ടിൽ നിന്നും പലായനം ചെയ്യേണ്ടതായി വന്നു, ആറ് ദശലക്ഷം യഹൂദരെ ഗ്യാസ് ചേംബറിൽ ഉന്മൂലനം ചെയ്തു – നാസി ജർമനിയുടെ വംശീയ മേധാവിത്തം യഹൂദർക്കെതിരെ മാത്രമായിരുന്നില്ല ലോകത്തിലെ മറ്റുള്ള ജനങ്ങൾക്കുമെതിരെ ആയിരുന്നു. നാസി വംശിയവാദികൾ ആര്യൻ വംശത്തിൻ്റെ പ്രത്യേകിച്ച് ജർമൻ ജനതയുടെ മേൽക്കോയ്മ പ്രചരിപ്പിക്കുകയും താണ വംശങ്ങളെ ഭരിക്കുക എന്നത് തങ്ങളുടെ നഗ്നമായ അവകാശമാണെന്ന് വിശ്വസിക്കുകയും ചെയ്തു. ഹിറ്റ്ലറുടെ മെയ്ൻ കാംഫിൽ മോശമായി പരമശിച്ചിട്ടില്ലെങ്കിലും അവരുടെ സങ്കല്പത്തിൽ താണ വാംശങ്ങളിൽ ഇന്ത്യക്കാരും ഉൾപെടുന്നു. ഈ ജർമൻ നാസികളാണ് അവരുടെ വെറുപ്പുളവാക്കുന്ന വംശീയ മേധാവിത്തം കൊണ്ട് കോടിക്കണക്കിന് ജീവനുകൾ കവർന്നെടുക്കുകയും മൂന്ന് ഭൂഖണ്ഡങ്ങളിൽ നാശം വിതക്കികയും ചെയ്ത, ലോകം ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും നീചമായ യുദ്ധത്തിലേക്ക് ലോകത്തെ ആഴ്‌ത്തിയത്. മനുഷ്യവംശത്തിൻ്റെ ശത്രുക്കളുടെ അങ്ങേയറ്റം വിനാശകരവും അപകടകരവുമായ ഈ സിദ്ധാന്തമാണ് ആർഎസ്എസ് നേതാക്കൾ “നമുക്ക് ഹിന്ദുസ്ഥാനിൽ പഠിക്കാനും പ്രവർത്തികമാക്കാനുമുള്ള പാഠം” എന്ന് പറഞ്ഞ് അവരുടെ പിൻഗാമികളോട് സ്വീകരിക്കാൻ ആവശ്യപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. സിദ്ധാന്തം പ്രചരിപ്പിച്ച് നടന്നവർ അവർ കൊളുത്തി വിട്ട അഗ്നിജ്വാലയിൽ തന്നെ വെന്തുതീർന്നു. അവരുടെ കാലടികൾ പിന്തുടരുന്നവർ ആ വിധിയിൽ നിന്നും രക്ഷപെട്ടു പക്ഷേ ഖേദകരമായ യാഥാർത്ഥ്യം എന്തെന്നാൽ അവരുടെ പ്രവർത്തികൾ സാധാരണ ജനങ്ങൾക്ക് അതിക്രൂരമായ കഷ്ടനഷ്ടങ്ങൾ വരുത്തിവയ്ക്കും. അതിൻ്റെ ചില തെളിവുകൾ ഇപ്പൊൾ തന്നെ കാണാം.

ഗാന്ധിയെ പോലെയുള്ള കോൺഗ്രസ്സ് നേതാക്കളും മുസോളിനിക്കും ഹിറ്റ്ലറിനും ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ലണ്ടനിലെ വട്ടമേശ സമ്മേളനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങും വഴി റൊമൈൻ റോളണ്ടിൻ്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും ഗാന്ധി ഇറ്റലിയിൽ മുസോളിനിയുമായി കൂടിക്കാഴ്ച നടത്തുകയും സ്വന്തം അഹിംസാ വിശ്വാസങ്ങൾ ഉണ്ടായിരുന്നിട്ടും 1931 ഡിസംബർ 20ന് റോളണ്ടിന് എഴുതിയ കത്തിൽ മുസോളിനിയെ വാഴ്ത്തുകയും ഉണ്ടായി. 1935-ൽ ഫാസിസ്റ്റ് ഇറ്റലി എത്യോപ്യക്കെതിരെ നടത്തിയ ആക്രമണത്തെ കുറിച്ച് ലീഗ് ഓഫ് നേഷൻസ് അഭിപ്രായം ചോദിച്ചപ്പോൾ മഹാത്മാവിൽ നിന്നും അതിനെ അപാലപിക്കുന്ന ഒരു വാക്ക് പോലും ഉണ്ടായതുമില്ല ആ വിഷയത്തെ കുറിച്ച് അഭിമുഖം നടത്തുന്നതിനെ നിരസിക്കുകയും ചെയ്തു. 1940-ൽ ഹോളണ്ട് നാസിപടക്ക് മുന്നിൽ കീഴടങ്ങിയതു മുതൽ “അദ്ദേഹത്തിൻ്റെ (ഗാന്ധിയുടെ) കണ്ണിൽ ഹിറ്റ്ലറുടെ മഹത്വം വർദ്ധിക്കുകയായിരുന്നു.” മഹാത്മ ഹിറ്റ്ലറുടെ “സാധന”(ധ്യാനം)യും, “നമ്മുടെ ലക്ഷ്യം നിറവേറ്റാനായി നാം പ്രചോദനം കാണുകയും അനികരിക്കേണ്ടതുമായ അദ്ദേഹത്തിൻ്റെ ലക്ഷ്യത്തോടുള്ള ആത്മാർപ്പണ ബോധവും”, “തെളിമയാർന്നതും പിഴക്കാത്തതുമായ ബൗദ്ധികതയും” വല്ലാതെ പ്രശംസിച്ചു. അങ്ങേയറ്റം അധികാര ഭ്രമമുള്ള സ്വയം പ്രഖ്യാപിത സോഷ്യലിസ്റ്റായ നെഹ്റു ചെറു രാഷ്ട്രങ്ങളുടെ നാളുകൾ അവസാനിച്ചു എന്ന് വരെ പറഞ്ഞുകൊണ്ട് ഹിറ്റ്ലറെ വിധിയുടെ കാര്യകർത്താവായി വാഴ്ത്തി. വിചിത്രമെന്ന് പറയട്ടെ, “വിധിയുടെ കാര്യകർത്താവ്”നെ അദ്ദേഹം കൊളുത്തി വിട്ട അഗ്നിജ്വാലകൾ തന്നെ വിഴുങ്ങി. എന്നാല് നെഹ്റു പറഞ്ഞ സ്വീഡൻ, നോർവെ, നെതർലാൻഡ്സ് പോലെയുള്ള ചെറു രാജ്യങ്ങൾ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരങ്ങളിൽ നിന്നും സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായി ഉയർത്തെഴുന്നേറ്റ് ഇന്ന് ലോകത്തിലെ സാമ്രാജ്യത്വ രാജ്യങ്ങളായി മാറി.

1939-ലെ ത്രിപുരി കോൺഗ്രസ്സ് സമ്മേളനം ഹിറ്റ്ലറെയും മുസ്ലോണിയെയും വാനോളം പുകഴ്ത്തി. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സേഠ് ഗോവിന്ദ് ദാസും അന്നത്തെ യു പി പ്രധാന മന്ത്രിയായിരുന്ന ഗോവിന്ദ് ബല്ലവ് പന്തും മുസോളിനിയെയും ഹിറ്റ്ലറെയും വാഴ്‌ത്തവെ കോൺഗ്രസ്സിൽ ഗാന്ധിയുടെ സ്ഥാനം ഫാസിസ്റ്റ് പാർട്ടിയിൽ മുസോളിനിക്കും നാസി പാർട്ടിയിൽ ഹിറ്റ്‌ലറിനും സമാനമാണെന്ന് പറയുകയുണ്ടായി.

ദല്ലാൾ ബൂർഷ്വാസിയെ പിന്താങ്ങുന്നു

കോൺഗ്രസ്സിൻ്റെ ഗാന്ധിയൻ നേതൃത്വവും ആർഎസ്എസിൻ്റെയും ഹിന്ദു മഹാസഭയുടെയും നേതൃത്വവും തമ്മിൽ ധാരാളം വിഷയങ്ങളിൽ വിശാലമായ യോജിപ്പുണ്ടായിരുന്നു എന്നതിൽ അത്ഭുതപ്പെടേണ്ടത്തില്ല. രണ്ടും ഒരേ വർഗ്ഗത്തെയാണ് പ്രതിനിധീകരിച്ച് – ദല്ലാൾ വൻകിട ബൂർഷ്വാസിയും (പ്രത്യേകിച്ചും മാർവാരി ഗുജറാത്തി ദല്ലാളുകൾ), വൻകിട ഭൂപ്രഭുക്കളും രാജഭരണകൂടങ്ങളും. രണ്ടും വർണ്ണാശ്രമ ധർമ്മം ഉൾപ്പടെയുള്ള നിലനിൽക്കുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കാനാണ് ഉദ്ദേശിച്ചത്.

ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ കീഴിൽ സ്വയംഭരണ അധികാരം എന്ന ലക്ഷ്യം നേടിയെടുക്കാൻ മാർവാരികളും ഗുജറാത്തി വൻകിട ബൂർഷ്വാസികളും ഗാന്ധി, വല്ലഭായ് പട്ടേൽ, രാജേന്ദ്ര പ്രസാദ് ഉൾപ്പടെയുള്ള കോൺഗ്രസ്സ് നേതൃത്വത്തെയാണ് കൂടുതൽ ആശ്രയിച്ചതെങ്കിലും അവർ ഹിന്ദു മഹാസഭയെയും ആർഎസ്എസിനെയും അകറ്റി നിർത്തിയില്ല. ഉദാഹരണത്തിന് ജി ഡി ബിർള മദൻ മോഹൻ മാളവ്യയും ലാലാ ലജ്പത് റായുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. അലഹബാദിൽ നിന്നും പ്രസിദ്ധീകരിച്ച മാളവ്യയുടെ പത്രം ദി ലീഡറിൻ്റെ പ്രവർത്തനത്തിന് ബിർളയോട് കടപ്പെടേണം. 1926-ൽ ജി ഡി ബിർള മളവ്യയും ലജ്പത് റായും നേതൃത്വം നൽകിയ റെസ്പോൺസിവിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി കേന്ദ്ര നിയമസഭയിലേക്ക് ബനാറസ് ഗോരഖ്പുർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ചു. ബിർള ഉത്തരേന്ത്യയിലെ ഹിന്ദുക്കളുടെ നേതാവാകുമെന്ന് ലജ്പത് റായ് പ്രതീക്ഷിച്ചു. 1924-ൽ പഞ്ചാബിനെ വിഭജിച്ച് മുസ്ലിം അമുസ്ലിം ഇന്ത്യ രൂപീകരിക്കാൻ ലജ്പത് റായ് ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. “ദൈവം സമ്മാനിച്ച മാർഗ്ഗദർശികളിൽ” ഒരാളായി ഗാന്ധി കണക്കാക്കിയ ജി ഡി ബിർള ഗാന്ധിക്ക് എഴുതിയ കത്തിൽ മുസ്‌ലിംകളെ ബലമായി മത പരിവർത്തനം നടത്തുന്നതിൻ്റെ മഹത്വത്തെ വാഴ്ത്തി.

1926 ഡിസംബർ 2ന് സ്വരാജിസ്റ്റ് പാർട്ടിയുടെ അന്നത്തെ ഏറ്റവും പ്രമുഖ നേതാവായ മോത്തിലാൽ നെഹ്റു ജവഹർ ലാൽ നെഹ്രുവിന് എഴുതി, “ഒരു മെച്ചപ്പെട്ട ഫലം ഞാൻ പ്രതീക്ഷിക്കുന്നില്ല. മാളവ്യ – ലാലാ സംഘം എനിക്കെതിരെ നടത്തിയ ഗൂഢാലോചന എനിക്ക് നേരിടാൻ കഴിയുന്നതിനും മീതെയാണ്. വർഗ്ഗീയ വിദ്വേഷ പ്രചരണവും വോട്ടർമാരെ വലിയ തോതിൽ കൈകൂലി നൽകി സ്വാധീനിക്കുന്നതും ഒക്കെയാണ് കാണുന്നത്. ബിർളയുടെ പണത്തിൻ്റെ സഹായത്തോടെ മാളവ്യ – ലാലാ സംഘം കോൺഗ്രസ്സിനെ പിടിച്ചടക്കാൻ വല്ലാതെ കഷ്ടപ്പെടുകയാണ് (1926-ലെ തിരഞ്ഞെടുപ്പിന് മുമ്പ് സ്വരാജിസ്റ്റ് പാർട്ടി ഉത്തരേന്ത്യയിൽ ആരും ആഗ്രഹിക്കുന്ന ഒരു ഉത്തമ ഹിന്ദു സംഘടനയായിരുന്നു. മോത്തിലാൽ തന്നെ വൈസ്രോയി ഇർവിൻ ഒരു യഥാർത്ഥ ഹിന്ദുവായി എന്ന് അഭിപ്രായപ്പെടുകയുണ്ടായി)”.

പത്മരാജ് ജെയിൻ എന്ന ഒരു മാർവാരി ദല്ലാൾ മുപ്പതുകളുടെ തുടക്കത്തിൽ ഹിന്ദു മഹാസഭയുടെ ബംഗാൾ പ്രവിശ്യയിലെ സെക്രട്ടറി ആയിരുന്നു. 1939-ൽ ഹിന്ദു മഹാസഭ ബംഗാളിൽ പുനപ്രവർത്തനം ആരംഭിച്ചതിന് ശേഷം ഹിന്ദു മഹാസഭയുടെ അഖിലേന്ത്യാ സമ്മേളനം വീർ സവർക്കറുടെ അധ്യക്ഷതയിൽ കൽക്കട്ടയിൽ നടന്നു.

ബിർള, സർ ബദ്രിദാസ് ഗോങ്ക, സേത് ബാൻസിധർ ജലൻ, ഡി പി ഖൈതാൻ, രാധാകിഷൻ ഖനോടിയ തുടങ്ങിയ വൻകിട മാർവാരി ദല്ലാളുകൾ ഫണ്ട് ഉദാരമായി സംഭാവന ചെയ്തു. വൻകിട ഹിന്ദു ഭൂപ്രഭിക്കളും മഹാസഭയുടെ രക്ഷാധികാരികളായിരുന്നു. ഈ സമയത്താണ് ശ്യാമ പ്രസാദ് മുഖർജി ഹിന്ദു മഹാസഭയുടെ പ്രമുഖ നേതാവായി ഉയർന്നു വരുന്നത്.

മഹാസഭയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ഭാരത് സേവാശ്രം സംഘത്തിന് മാർവാരി പിന്തുണ ഉണ്ടായിരുന്നു. ആർഎസ്എസിൻ്റെ ബംഗാൾ ഘടകവും അവരുടെ രക്ഷാധികാരത്തിന് കീഴിലായിരുന്നു. ബിർളയുടെ കൽക്കട്ടയിലെ ശില്പ വിദ്യാലയം ആർഎസ്എസ് കൽക്കട്ടയിലെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്നതായി പറയുന്നു. അന്നും ഇന്നും ബംഗാളിലെ ആർഎസ്എസ് നേതൃത്വം പൂർണമായും ബംഗാളി ഇതര വ്യക്തികളാണ്.

ശ്യാമ പ്രസാദ് മുഖർജി

ജന സംഘത്തിൻ്റെ സ്ഥാപക നേതാവിൻ്റെ പങ്ക് വിശദമായി പറഞാൽ അത് അധികമാക്കില്ല. ബിജെപി ഈ വർഷം (2000-01) അദ്ദേഹത്തിൻ്റെ ജന്മ ശതാബ്ദി ആഘോഷിക്കുകയാണ്. സിപിഐ(എം)ൻ്റെ ബംഗാളിലെ ഉപ മുഖ്യമന്ത്രി (നിലവിൽ മുഖ്യമന്ത്രി) കൽക്കട്ടയിൽ നടന്ന ഉൽഘാടന പരിപാടിയിൽ പങ്കെടുത്തില്ല പക്ഷേ ശ്യാമ പ്രസാദ് മുഖർജി ജനങ്ങളുടെ മഹാനായ നേതാവായിരുന്നു എന്നും ഇടതു മുന്നണി സർക്കാർ അദ്ദേഹത്തിൻ്റെ ജന്മ ശതാബ്ദി ആഘോഷിക്കുമെന്നും പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

ശ്യാമ പ്രസാദ് മുഖർജിയും യൂറോപ്യൻ മൂലധനത്തിൻ്റെ ദല്ലാളുകളായി പ്രവർത്തിച്ച വൻകിട മാർവാരി വാണിജ്യ പ്രഭുക്കളുമായി വളരെ അടുത്ത ബന്ധമായിരുന്നു. യൂറോപ്യൻ വാണിജ്യ സ്ഥാപനങ്ങളുമായി കൂട്ടുകൂടിക്കൊണ്ട് മാർവാരി ദല്ലാളുകൾക്ക് ബംഗാളിൻ്റെ മൊത്തവ്യാപാര വ്യവസായത്തിൽ കുത്തകാധികാരം ഉണ്ടായിരുന്നു. ബംഗാൾ രാഷ്ട്രീയത്തിലുള്ള അവരുടെ സ്വാധീനം ഏറ്റവും ഹീനമായിരുന്നു. അവരുടെ അഭിവൃദ്ധി ബ്രിട്ടീഷ് മൂലധന സേവയെ ആശ്രയിച്ചായിരുന്നതിനാൽ അവർ ബ്രിട്ടീഷ് ഭരണത്തെ താങ്ങിനിർത്തുന്ന നെടുംതൂണായി പ്രവർത്തിച്ചു.

ബംഗാളിലെ രണ്ട് പ്രധാന സമുദായങ്ങളെ വർഗീയമായി വിഭജിക്കുന്ന ബ്രിട്ടീഷ് നയം ഏറ്റെടുത്തു. മുപ്പതുകളുടെ മധ്യത്തിൽ ബംഗാളിൽ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള സാമുദായിക ഐക്യം വഷളാകാനുള്ള പ്രധാന കാരണം അവരായിരുന്നു. ഈ ദൗത്യം നിറവേറ്റാൻ അവർക്ക് കോൺഗ്രസ്സ് ഹൈക്കമാൻഡിൽ നിന്നും പിന്തുണ ലഭിച്ചു. കോൺഗ്രസ്സും തങ്ങളുടെ സാമ്പത്തിക അടിത്തറക്ക് തിരിച്ചും കടപ്പെട്ടിരുന്നു.

1938 ജനുവരിയിൽ തന്നെ ഇന്ത്യൻ വൻകിട ബൂർഷ്വാസിയുടെ പ്രഗൽഭനായ നേതാവായ ജി ഡി ബിർള ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഒരു മുസ്ലിം ഫെഡറേഷനായും ഒരു അമുസ്ലിം ഫെഡറേഷനായും വിഭജിക്കാൻ ഗാന്ധിയോടും അതുപോലെ തന്നെ വൈസ്രോയി ലൻലിത്ഗോയോടും അഭിപ്രായപ്പെടുകയുണ്ടായി എന്നത് അറിഞ്ഞിരിക്കണം. അതിനർത്ഥം ബംഗാളിൻ്റെയും പഞ്ചാബിൻ്റെയും വിഭജനം.

കോൺഗ്രസ്സ് ഹൈക്കമാൻഡും ശ്യാമ പ്രസാദ് മുഖർജിയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടായിരുന്നു എന്നത് അതിശയകരമല്ല. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ ഉൾപെടുത്തി വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിൽ പുനഃസംഘടിപ്പിക്കുന്നതിനായി വൈസ്രോയി വെവെൽ 1945 ജൂൺ ജൂലായ് മാസത്തിൽ ഇന്ത്യയിലെ വിവിധ സംഘടനകളിലെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചുചേർത്തു. അദ്ദേഹം കോൺഗ്രസിനോടും ലീഗിനോടും കൗൺസിൽ അംഗങ്ങളുടെ പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെട്ടു. ആ വ്യക്തിക്ക് പിന്നീട് എക്സിക്യൂട്ടിവ് കൗൺസിലിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാം. കോൺഗ്രസ്സ് സമർപിച്ച പാനലിൽ ശ്യാമ പ്രസാദ് മുഖർജിയുടെ പേരും ഉണ്ടായിരുന്നു. 1945 അവസാനം കേന്ദ്ര നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മഹാസഭ പ്രസിഡൻ്റ് എതിർപ്പില്ലാതെ വിജയിക്കാൻ ബംഗാൾ കോൺഗ്രസ്സ് അനുവദിക്കണമെന്ന് പട്ടേലിന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ബംഗാൾ കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് കമ്മിറ്റി ശ്യാമ പ്രസാദിനെതിരെ സ്ഥാനാർഥിയെ നിർത്തുകയും അദ്ദേഹത്തിന് കെട്ടിവെച്ച പണം നഷ്ടപ്പെടുകയും ചെയ്തു. എല്ലാ മഹാസഭ സ്ഥാനാർഥികളും പരാജയപ്പെട്ടു. എല്ലാവർക്കും കെട്ടിവെച്ച പണം നഷ്ട്ടപ്പെട്ടു. ശ്യാമ പ്രസാദ് 346 വോട്ട് നേടിയപ്പോൾ കോൺഗ്രസ്സ് സ്ഥാനാർത്ഥി 10,216 വോട്ട് നേടി. 1946-ന്റെ തുടക്കത്തിലെ പ്രവിശ്യ അസംബ്ലി തിരഞ്ഞെടുപ്പിലും ശ്യാമ പ്രസാദ് ഒഴികെ എല്ലാ മഹാസഭ സ്ഥാനാർഥികളും പരാജയപ്പെട്ടു. ശ്യാമ പ്രസാദ് കൽക്കട്ട സർവകലാശാല എന്ന ഒരു പ്രത്യേക മണ്ഡലത്തിൽ നിന്നും വിജയിച്ചു. ഇതായിരുന്നു ബംഗാളിൽ ഹിന്ദു മഹാസഭയുടെയും അവരുടെ നേതാക്കളുടെയും സ്വാധീനം. എന്നിട്ടും കോൺഗ്രസ്സ് ഹൈക്കമാൻഡ് മഹാസഭ പ്രസിഡൻ്റിനെ 1946-ൽ ഇന്ത്യൻ ഭരണഘടന അസംബ്ലിയിലേക്ക് നിർദേശിച്ചു.

ചില തൽപര വ്യക്തികൾ കൽക്കട്ടയിൽ നടത്തിയ മതത്തിൻ്റെ പേരിലുള്ള രാഷ്ട്രീയ കലാപത്തിന് ശേഷം ശ്യാമ പ്രസാദും നളിനി രഞ്ജൻ സർക്കാരും “ബംഗാളിൽ നിന്നുള്ള മറ്റ് സുഹൃത്തുക്കളും” 1946 സെപ്റ്റംബറിൽ ന്യൂ ഡൽഹിയിൽ പട്ടേലിനെ സന്ദർശിച്ചു. “ഭാവിയിൽ എന്ത് ചെയ്യണമെന്നതിന്” പട്ടേൽ അവർക്ക് നിർദേശം നൽകി.

ആരുടെ നിർബന്ധമായിരുന്നു വിഭജനം?

1948 ജൂണിൽ അധികാര കൈമാറ്റം നടത്താനുള്ള ബ്രിട്ടീഷ് പ്രധാന മന്ത്രി അറ്റ്ലിയുടെ പ്രഖ്യാപനത്തെ പ്രശംസിച്ചുകൊണ്ട് നെഹ്റു 1947 ഫെബ്രുവരി 21ന് വെവെലിനോട് പഞ്ചാബിൻ്റെയും ബംഗാളിൻ്റെയും വിഭജന സാധ്യതകളെ കുറിച്ച് സംസാരിച്ചു. ശ്യാമ പ്രസാദ് മുഖർജിയുടെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭ ബംഗാളിൻ്റെ സാമുദായിക അടിസ്ഥാനത്തിലുള്ള വിഭജനത്തിനായി ഒരു പ്രസ്ഥാനം ആരംഭിച്ചു. 1938 ജനുവരി മുതൽക്കേ ജി ഡി ബിർള എത്രയും വേഗം പരിസമാപിക്കാൻ ഭക്തിപൂർവം ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു ബംഗാളിൻ്റെ സാമുദായിക അടിസ്ഥാനത്തിലുള്ള വിഭജനം. ഹിന്ദു മഹാസഭയും കോൺഗ്രസ്സ് ഹൈക്കമാൻഡും സുരേന്ദ്ര മോഹൻ ഘോഷിനെ പോലെയുള്ള ബംഗാളിലെ അവരുടെ ആളുകളും ബംഗാൾ വിഭജിക്കാൻ ഒരുമിച്ച് പ്രവർത്തിച്ചു.

ആദ്യം 1947 മാർച്ചിൽ കോൺഗ്രസ്സ് പ്രവർത്തക സമിതി പഞ്ചാബിൻ്റെ സാമുദായിക അടിസ്ഥാനത്തിലുള്ള വിഭജനത്തിനായി ആവശ്യം ഉന്നയിച്ചു. ഈ തത്വം ബംഗാളിലും നടപ്പാക്കുമെന്ന് കോൺഗ്രസ്സ് പ്രസിഡന്റ് കൃപലാനി പ്രഖ്യാപിച്ചു. സമിതിയുടെ തീരുമാനം അറിയിക്കവെ നെഹ്റു ബംഗാളും വിഭജിക്കണമെന്ന് മാർച്ച് 9ന് വെവെലിന് എഴുതി. മാർച്ചിൽ ബിർളയുടെ മുഖപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് ഇന്ത്യയെ വിഭജിച്ചില്ലെങ്കിലും ബംഗാളിനെ സാമുദായിക അടിസ്ഥാനത്തിൽ വിഭജിക്കാൻ ആവശ്യം ഉന്നയിച്ചു. ഇതേ ആവശ്യം നെഹ്റുവും മാർച്ച് 9ന് വെവെലിന് എഴുതിയ കത്തിലും മെയ് 1ന് വൈസ്രോയി മൗണ്ട്ബാറ്റണ് എഴുതിയ കത്തിലും വീണ്ടും ഉന്നയിച്ചു. ശ്യാമ പ്രസാദും ഒട്ടും മോശം ആയിരുന്നില്ല. ഇന്ത്യയെ വിഭജിച്ചാലും ഇല്ലെങ്കിലും ബംഗാൾ വിഭജിക്കണമെന്ന് അദ്ദേഹവും പലകുറി ആവശ്യപ്പെട്ടു.

കോൺഗ്രസിലെ ഉന്നത നേതാക്കളോടൊപ്പം ഒരുമിച്ച് നിന്ന് ബംഗാളിൻ്റെ വിഭജന പ്രസ്ഥാനത്തിന് നേതൃത്വം നൽകവെ ഹിന്ദു മഹാസഭ പസിഡൻ്റ് 1947 മാർച്ച് 19ന് പ്രസ്താവനയിൽ പറഞ്ഞു: “ബംഗാളിൻ്റെ വിഭജനം ആ പ്രവിശ്യ അഭിമുഖീകരിക്കുന്ന ഗുരുതരമായ വർഗീയ കലാപങ്ങൾക്ക് ഒരു സമാധാനപരമായ പ്രതിവിധിയാണ്. അത് ബംഗാളിലെ രണ്ട് പ്രധാന സമുദായങ്ങൾക്ക് ഭൂരിപക്ഷ പ്രദേശങ്ങളിൽ അവരുടെ സ്വന്തം സംസ്കാരവും പാരമ്പര്യവും വികസിപ്പിക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകും. അതാത് (നിർദിഷ്ട) പ്രവിശ്യയിലെ ന്യൂനപക്ഷങ്ങളുടെ പൂർണമായ സംരക്ഷണം അവരുടെ പരസ്പര ഉത്തരവാദിത്തമാണെന്ന് രണ്ടു പേരും ഉറപ്പായും തിരിച്ചറിയും”. (ഹിന്ദുത്വത്തിൻ്റെ വക്താക്കൾക്ക് സംസ്കാരം എന്നാല് മതമാണ്.)

ബംഗാൾ പ്രവിശ്യ കോൺഗ്രസ്സ് സമിതി പ്രസിഡൻ്റ് സുരേന്ദ്ര മോഹൻ ഘോഷ് പിന്നീട് ലിയോണാർഡ് ഗോൾഡനോട് പറഞ്ഞു, “ശ്യാമ പ്രസാദ് രഹസ്യമായി പറയുകയായിരുന്നു: നമുക്ക് ഇപ്പൊൾ വിഭജിക്കാം, ബ്രിട്ടീഷുകാർ പോകട്ടെ. അതിനു ശേഷം ആ പ്രദേശം മുഴുവൻ പിടിച്ചെടുക്കാം.”

ഘോഷ് ഗോൾഡനോട് പറഞ്ഞതിൽ സത്യമുണ്ടെന്ന് തോന്നുന്നു. ബംഗാൾ വിഭജിക്കാനുള്ള അന്തിമ തീരുമാനമെടുത്ത ശേഷം, “വിഭജിക്കപ്പെട്ട പ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിലേക്ക് മടക്കി കൊണ്ടുവന്നു അതിൻ്റെ അവിഭാജ്യ ഭാഗമാക്കാതെ ഇവിടെ സമാധാനം ഉണ്ടാകില്ല” എന്ന് ഹിന്ദു മഹാസഭ ഒരു പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. കിഴക്കേ ബംഗാളിലെ ഹിന്ദുക്കൾക്കും ദേശീയവാദി മുസ്ലീമുകൾക്കും ഇന്ത്യൻ പൗരത്വം നൽകണമെന്നും അധികം വൈകാതെ കിഴക്കേ ബംഗാളിനെ ഇന്ത്യൻ യൂണിയൻ്റെ ഭാഗമാക്കണമെന്നും ശഠിച്ചു. പ്രമേയം ആവശ്യപ്പെട്ടത് യുദ്ധമാണ്, സമാധാനമല്ല. മഹാസഭയുടെ പ്രമേയം അതിൻ്റെ പ്രസിഡന്റിന്റെ മാർച്ച് 19ലെ പ്രസ്താവന എന്തുമാത്രം കപടമാണെന്ന് കാണിക്കുന്നു. മഹാസഭക്കും അതിൻ്റെ പ്രസിഡൻ്റിനും വേണ്ടിയിരുന്നത് സമാധാനമല്ല മറിച്ച് അന്ത്യമില്ലാത്ത കലാപങ്ങളാണ്. എന്ന് വെച്ചാൽ രണ്ട് സമുദായങ്ങളിലെയും പാവപ്പെട്ടവരുടെ മരണവും നാശവും. കൂടാതെ ഈ അന്ത്യമില്ലാത്ത കലാപങ്ങൾ അവരുടെ രക്ഷാധികാരികളുടെ താൽപര്യത്തെ സേവിച്ചു (സേവിക്കുന്നു).

ബംഗാളിൻ്റെ വിഭജന പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന സമയത്ത് ശ്യാമ പ്രസാദും മഹാസഭയും ഒരു വിനാശകരമായ സിദ്ധാന്തം പ്രചരിപ്പിക്കുകയായിരുന്നു – ബന്ധികളുടെ സിദ്ധാന്തം. ബംഗാളിൻ്റെ വിഭജനത്തിന് ശേഷം പശ്ചിമ ബംഗാളിലെയും ഇന്ത്യൻ യൂണിയനിലെയും മുസ്ലിങ്ങളെ ബന്ധികളായി കണക്കാക്കും. ഏപ്രിലിൽ ചേർന്ന ഹിന്ദു മഹാസഭയുടെ സമ്മേളനം “കിഴക്കേ ബംഗാളിലെ അമുസ്ലിമുകൾക്ക് പശ്ചിമ ബംഗാളിലെ പുതിയ സർക്കാരിൽ കേവലം ധാർമ്മികമായി മാത്രമല്ല ചില സംഭവങ്ങളിൽ ഭൗതികമായ അനുമതിയും ഉണ്ടാകുമെന്ന്” അവർക്ക് ഉറപ്പ് നൽകി.

മുൻനിര കോൺഗ്രസുകാരും ഈ ബന്ധികളുടെ സിദ്ധാന്തത്തിൽ ആകൃഷ്ടരായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെയും അതുപോലെ തന്നെ ബംഗാളിൻ്റെയും പഞ്ചാബിൻ്റെയും വർഗ്ഗീയ അടിസ്ഥാനത്തിലുള്ള വിഭജിക്കാനുള്ള പ്രവർത്തക സമിതിയുടെ തീരുമാനത്തെ സ്ഥിരീകരിക്കാനായി ജൂൺ 14നും 15നും ചേർന്ന എ.ഐ.സി.സി യോഗങ്ങളിൽ “45 ദശലക്ഷം മുസ്ലീമുകൾ ഇന്ത്യയിൽ ഉള്ളതിനാൽ പാകിസ്താനിലെ ഹിന്ദുക്കൾ ഒരു കാരണവശാലും ഭയപ്പെടേണ്ടതില്ലെന്നും പാകിസ്താനിലെ ഹിന്ദുക്കളുടെ മേൽ എന്തെങ്കിലും അടിച്ചമർത്തൽ ഉണ്ടായാൽ ഇന്ത്യയിലെ മുസ്ലീമുകൾക്ക് അതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ചില വൃത്തങ്ങളിൽ പരസ്യമായി പറഞ്ഞതായി” അബ്ദുൽ കലാം ആസാദ് എഴുതി. ആസാദ് തുടർന്നു: “എ.ഐ.സി.സി യോഗത്തിൽ സിന്ധിൽ നിന്നുള്ള അംഗങ്ങൾ പ്രമേയത്തെ നിശിതമായി എതിർത്തു. അവർക്ക് എല്ലാ തരത്തിലുള്ള ഉറപ്പുകളും നൽകിയിരുന്നു. അവർ പാകിസ്ഥാനിൽ എന്തെങ്കിലും അവശതകളോ പീഡനങ്ങളോ നേരിട്ടാൽ ഇന്ത്യ ഇന്ത്യയിലെ മുസ്ലീമുകളുടെ മേൽ പകവീട്ടും എന്ന് പൊതുവേദികളിൽ അല്ലെങ്കിലും, സ്വകാര്യ ചർച്ചകളിൽ ചിലർ അവരോട് പറഞ്ഞു. അത് സൂചിപ്പിക്കുന്നത് ഇന്ത്യയിലും പാകിസ്താനിലും ന്യൂനപക്ഷങ്ങൾ മറ്റു രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള ബന്ധികളായിട്ടായിരിക്കും കണക്കാക്കുക എന്ന അടിസ്ഥാനത്തിലാണ് വിഭജനത്തെ അംഗീകരിച്ചത്. പ്രതികാരത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയായി സങ്കൽപ്പിക്കുന്നത് കിരാതമായി എനിക്ക് തോന്നി. എൻ്റെ ആശങ്കകൾ എത്ര ന്യായമായിരുന്നു എന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു. വിഭജനത്തിന് ശേഷം രണ്ട് പ്രദേശങ്ങളിലും ഒഴുകിയ രക്തപുഴകൾ ബന്ധികളുടെയും പകവീട്ടലിൻ്റെയും വികാരങ്ങളിൽ നിന്ന് ഉണ്ടായതാണ്.” “എൻ്റെ ശ്രദ്ധയിലേക്ക് ആദ്യമായി ഇത് കൊണ്ടുവന്ന കിരൺ ശങ്കർ റോയ്-യെ ഞാൻ പ്രത്യേകം ഓർക്കുന്നു. അദ്ദേഹം അന്നത്തെ കോൺഗ്രസ്സ് പ്രസിഡൻ്റായിരുന്ന ആചാര്യ കൃപലാനിയോട് സംസാരിക്കുകയും ഇതൊരു അപകടകരമായ സിദ്ധാന്തമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഒരു തവണ അത്തരമൊരു വികാരം വളരാൻ അനുവദിച്ചാൽ അത് പാകിസ്താനിലെ ഹിന്ദുക്കളുടെയും ഇന്ത്യയിലെ മുസ്ലിംകളുടെയും അടിച്ചമർത്തലിലേക്കും കൊലപാതകത്തിലേക്കും നയിക്കും. എന്തായാലും ആരും കിരൺ ശങ്കർ റോയ് പറഞ്ഞത് ഗൗരവത്തിൽ എടുത്തില്ല. വാസ്തവത്തിൽ ഒരുപാട് പേർ അദ്ദേഹത്തിൻ്റെ ആശങ്കയെ പരിഹസിച്ചു. ഇന്ത്യ വിഭജിക്കപ്പെട്ടാൽ നമ്മൾ ബന്ധികളുടെ സിദ്ധാന്തം അംഗീകരിക്കണമെന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു”: ആസാദ് കൂട്ടിച്ചേർത്തു. അതായത്, തങ്ങളുടെ നേതാക്കളും ലീഗ് നേതാക്കളും തമ്മിലുള്ള പിന്തുടർച്ചാവകാശ യുദ്ധത്തിൻ്റെ ഇരകളായ പാകിസ്താനിലെ നിരപരാധികളായ നിസ്സഹായ ഹിന്ദുക്കൾ ഇന്ത്യൻ യൂണിയനിലെ അവരുടെ സഹ മതവിശ്വാസികളുടെ കുറ്റകൃത്യങ്ങൾക്ക് കൂട്ടക്കൊല ചെയ്യപ്പെടും. അതുപോലെ ഇന്ത്യയിലെ നിരപരാധികളായ മുസ്ലീമുകൾ പാകിസ്താനിലെ അവരുടെ സഹ മതവിശ്വാസികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് കൊല ചെയ്യപ്പെടും. ഈ മനുഷ്യത്വ രഹിത സിദ്ധാന്തത്തിന് ചൗധരി ഖലീക്കുസമാനെ പോലെയുള്ള ലീഗ് നേതാക്കൾക്കിടയിലും സ്വീകർത്താക്കളുണ്ടായിരുന്നു.

ശ്യാമ പ്രസാദോ, മുൻനിര കോൺഗ്രസുകാരനോ ഖലീക്കുസമാനോ ആരുമാകട്ടെ, ഇവരെല്ലാം മനുഷ്യർക്കിടയിൽ വെറുപ്പിൻ്റെ വിത്ത് വിതച്ച് ജീവിതങ്ങൾ നശിപ്പിക്കാനാണ് തുനിഞ്ഞത്, അല്ലാതെ മാനുഷിക മൂല്യത്തിൽ കെട്ടിപ്പടുക്കാനല്ല. തങ്ങളുടെ സഹ മതവിശ്വാസികളെ സേവിക്കുന്നു എന്ന് അവകാശപ്പെട്ട അവർ വാസ്തവത്തിൽ അവരുടെ ശവക്കുഴി വെട്ടുകയായിരുന്നു. അവരുടെ നയങ്ങൾ അന്ത്യമില്ലാത്ത കൂടുതൽ കൂടുതൽ ഹിംസയും പ്രതിഹിംസയുമാണ് വരുത്തി വയ്ക്കുക (വരുത്തി വെച്ചത്). സ്വന്തം സമുദായത്തെ സേവിക്കുമെന്ന് അവർ അവകാശപ്പെട്ട അവർ എല്ലാ സമുദായങ്ങളുടെയും ശത്രുക്കളായിരുന്നു. അവരുടെ സമുദായങ്ങളിലെ വരേണ്യവർഗ്ഗത്തിന് ബ്രിട്ടീഷ് ഭരണകൂടം വെച്ചുനീട്ടിയ സൗജന്യങ്ങളുടെ വലിയ പങ്ക് കരസ്ഥമാക്കാൻ, ജനങ്ങളുടെ പൊതുശത്രുക്കളായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ഇന്ത്യൻ വൻകിട മുതലാളിത്തത്തിനും വൻകിട നാടുവാഴിത്തത്തിനുമെതിരെ, ദാരിദ്ര്യത്തിനും അനാരോഗ്യത്തിനും അവഗണനക്കും ചൂഷണത്തിനുമെതിരെ ഉള്ള ജനങ്ങളുടെ സമരങ്ങളുടെ വിജയത്തിന് മുൻ ഉപാധിയായ ജനങ്ങളുടെ ഐക്യത്തെ തകർക്കാനുള്ള ശ്രമത്തിലേക്ക് തിരിയുകയായിരുന്നു.

വൻകിട ഹിന്ദു വാണിജ്യ പ്രഭുക്കൾ പ്രത്യേകിച്ച് ബംഗാളി-ഇതര വ്യക്തികൾ പിന്നണിയിൽ നിന്നും മുന്നോട്ട് വന്ന് ബംഗാളിൻ്റെ സാമുദായിക അടിസ്ഥാനത്തിലുള്ള വിഭജനത്തിന് സജീവ പങ്കാളിത്തം വഹിച്ചു എന്നത് ശ്രദ്ധേയമാണ്. 1947 ഏപ്രിൽ 30ലെ യോഗത്തിൽ അവർ ബംഗാളിൻ്റെ വിഭജനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നടപ്പിലാക്കാൻ ബി എം ബിർള, സർ ബദ്രിദാസ് ഗോയെങ്ക, ബി എൽ ജലൻ, ഡി സി ദ്രിവേർ, എം എൽ ഷാ, നളിനി സർക്കാർ എന്നിവർ ഉൾപ്പെട്ട സമിതി രൂപീകരിച്ചു. നേരത്തെ പറഞ്ഞതുപോലെ ഇന്ത്യയെ മുസ്ലിം – അമുസ്ലിം എന്ന രണ്ട് ഫെഡറേഷനായി വിഭാജിക്കാനും അതിനു ശേഷം ബംഗാളിനെയും പഞ്ചാബിനെയും വിഭജിക്കാനയും 1938 ജനുവരി 11 മുതലെങ്കിലും ജി ഡി ബിർള ഗാന്ധിയോട് അപേക്ഷിക്കുകയായിരുന്നു.

ബംഗാളിൻ്റെയും പഞ്ചാബിൻ്റെയും സാമുദായിക അടിസ്ഥാനത്തിൽ വിഭജിക്കാനും പുതിയതായി രൂപംകൊണ്ട രണ്ട് പ്രദേശങ്ങൾ – ഇന്ത്യക്കും പാക്കിസ്ഥാനും ആധിപത്യപദവി നൽകാനുമുള്ള പദ്ധതി പൂർണമായി ഏറ്റെടുത്ത് പ്രഖ്യാപിച്ച ശേഷം 1947 ജൂൺ 5ന് കൽക്കട്ടയിൽ നിന്നും പട്ടേലിന് മറുപടി നൽകവെ “കാര്യങ്ങൽ താങ്കളുടെ താല്പര്യ പ്രകാരം നടന്നു….ബംഗാൾ വിഭജനത്തിൻ്റെ പ്രശ്നവും താങ്കൾ പരിഹരിച്ചു എന്നതിൽ എനിക്ക് സന്തോഷമുണ്ട്” എന്ന് ജി ഡി ബിർള അഭിനന്ദിച്ചു. “നമ്മൾ ഹിന്ദുസ്ഥാനെ ഹിന്ദുയിസം ഔദ്യാഗിക മതമായുള്ള ഹിന്ദു രാഷ്ട്രമായി കണക്കാക്കണമെന്നും”, (കോൺഗ്രസ്സ് അംഗം പോലും അല്ലാതിരുന്ന) ശ്യാമ പ്രസാദ് മുഖർജിയെ പശ്ചിമ ബംഗാൾ കോൺഗ്രസ്സ് അസംബ്ലിയിലെ നേതാവ്, അതായത് പുതിയതായി രൂപീകരിക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ പ്രവിശ്യയുടെ മുഖ്യമന്ത്രിയാക്കണമെന്നും ജി ഡി ബിർള പട്ടേലിനോട് നിർദേശിച്ചു. ദശലക്ഷക്കണക്കിന് ബംഗാളികളെ മനസ്സ് ഉത്കണ്ഠയും, പരിഭ്രമവും, അഗാധമായ ദുഃഖവും കൊണ്ട് വീർപ്പു മുട്ടുമ്പോൾ വൻകിട ദല്ലാളുമാർ അവരുടെ ദീർഘ കാല പദ്ധതികൾ വിജയിച്ചതിൻ്റെ ഉത്സാഹത്തിലായിരുന്നു. അധികാര കൈമാറ്റത്തിന് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയാക്കുന്നതിന് പകരം ശ്യാമ പ്രസാദിനെ നെഹ്റു സർക്കാരിൽ ആദ്യ വ്യവസായ വകുപ്പ് മന്ത്രിയാക്കി.

ഹിന്ദു ബംഗാളിന് വേണ്ടിയുള്ള വിഭജനത്തിന് ശേഷം നെഹ്റുവും ശ്യാമ പ്രസാദും ദുരിതങ്ങളോർത്ത് സഹതാപം പ്രകടിപ്പിച്ച ആ പ്രദേശത്തോട് പിന്നീട് അവർക്ക് എന്ത് നേരിയ ഉത്കണ്ഠയാണ് ഉണ്ടായിരുന്നത്? 1949 ഡിസംബർ 1ന് രാഷ്ട്രീയമായി അവരുടെ ഗണത്തിൽപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബി സി റോയ് ഇന്ത്യയുടെ പ്രധാന മന്ത്രി നെഹ്റുവിന് എഴുതി: “താങ്കളുടെ സർക്കാർ ഞങ്ങൾക്ക് ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി വലിയ തുക നൽകിയെന്ന ധാരണയിലാണ് താങ്കൾ. താങ്കളുടെ സർക്കാരിൽ നിന്നും അതിനായി രണ്ട് വർഷം കൊണ്ട് – 1948-49, 1949-50 ലഭിച്ച മുഴുവൻ തുകയിൽ മൂന്ന് കോടി വളരെ കുറവാണെന്നും ബാക്കി അഞ്ച് കോടി കടമായിട്ടാണ് ലഭിച്ചതെന്നും താങ്കൾ മനസ്സിലാക്കുന്നുണ്ടോ? മാറ്റിപ്പാർപ്പിച്ച 26 ലക്ഷം പേർക്കായി രണ്ട് വർഷം കൊണ്ട് ഇതുവരെ നൽകിയ തുക വളരെ കുറവാണ്, കാരണം അത് പ്രതിശീർഷം 20 രൂപ മാത്രമാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ”(കിഴക്കേ പാകിസ്ഥാനിൽ നിന്നും പശ്ചിമ ബംഗാളിലേക്കും പശ്ചിമ ബംഗാളിൽ നിന്നും കിഴക്കേ പാകിസ്ഥാനിലേക്കും അഭയാർത്ഥികളുടെ തുടർച്ചയായ ഒഴുക്കുണ്ടായിരുന്നു.) എന്താണ് ഈ മനുഷ്യരെ അവരുടെ വാസസ്ഥലങ്ങളിൽ നിന്നും പറിച്ചെറിഞ്ഞതും ഭിക്ഷക്കാരുടെ പോലെ ദുരിത ജീവിതാവസ്ഥയുള്ള അഭയാർത്ഥികളായി അവരെ മാറ്റിയതും? ഇത് അനിവാര്യമായിരുന്നില്ല. നെഹ്റുവും പട്ടേലും ബംഗാളിൻ്റെ വിഭജനം നിർബന്ധിച്ച് നടപ്പാക്കിയില്ലായിരുന്നെങ്കിൽ അഭയാർത്ഥി പ്രശ്നം ഉണ്ടാകില്ലായിരുന്നു. ബംഗാളിന് സംഭവിച്ച ഈ വേദനാജനകമായ വിപത്തുകൾ ഒഴിവാക്കാമായിരുന്നു. കാരണം ഇന്ത്യ വിഭജനത്തിൻ്റെ നാളുകളിൽ പോലും ബംഗാളിൻ്റെ വിഭജനം തടയാൻ കഴിയുന്നതായിരുന്നു.

ചില ബംഗാൾ കോൺഗ്രസ്സ് നേതാക്കളും എല്ലാ രാഷ്ട്രീയ ധാരകളിലുമുള്ള ബംഗാളിലെ മുസ്ലിം നേതാക്കളും ബംഗാളിൻ്റെ വിഭജനത്തോട് വിഭജനത്തെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യയുടെ വർഗ്ഗീയ അടിസ്ഥാനത്തിലുള്ള വിഭജനം ഉറപ്പായപ്പോൾ അവർ ഹിന്ദുസ്ഥാനിലും പാകിസ്ഥാനിലും നിന്നും വേറിട്ട പ്രത്യേക അവിഭക്ത ബംഗാൾ സംസ്ഥാനം ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. 1947 ജനുവരിയിൽ കോൺഗ്രസ്സ് പ്രവർത്തക സമിതിയിൽ നിന്നും രാജി വെച്ച ശരത് ചന്ദ്ര ബോസ്, കോൺഗ്രസ്സ് പാർട്ടിയുടെ ബംഗാൾ നിയമസഭയിലെ നേതാവായിരുന്ന കിരൺ ശങ്കർ റോയ് പോലെയുള്ള കോൺഗ്രസ്സ് നേതാക്കളും സത്യരഞ്ചൻ ബക്ഷിയും ബംഗാൾ മുസ്ലിം ലീഗിൻ്റെ പ്രതിനിധികളും ഇന്ത്യയുമായി ബംഗാളിൻ്റെ ബന്ധം സ്വയം നിശ്ചയിക്കാൻ സ്വാതന്ത്ര്യം നൽകുന്ന “ഐക്യ പരമാധികാര ബംഗാളിൻ്റെ” കരട് ഭരഘടനക്ക് രൂപം നൽകി. ആ നീക്കത്തിന് വിവിധ കോൺഗ്രസ്സ് എംഎൽഎമാരുടെയും, ബംഗാളിലെ ബഹുജനങ്ങൾക്കിടയിൽ ചെറുതല്ലാത്ത സ്വാധീനം ഉണ്ടായിരുന്ന ഫോർവേർഡ് ബ്ലോക്ക്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവരുടെയും, റെവല്യൂഷനറി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, റാഡിക്കൽ പാർട്ടി പോലെയുള്ള ചെറിയ പാർട്ടികളുടെയും പിന്തുണ ലഭിച്ചു.

പക്ഷേ ബംഗാളിൻ്റെ വിഭജനം ബംഗാളി ബഹുജനങ്ങളെ കണക്കിലെടുത്തായിരുന്നില്ല, മറിച്ച് പുറത്ത് നിന്നുള്ള ശക്തികളായ – ബ്രിട്ടീഷ് സാമ്രാജ്യത്വം, കോൺഗ്രസ്സ് ഹൈക്കമാൻഡ്, മുസ്ലിം ലീഗ് ഉന്നത നേതൃത്വം തമ്മിലുള്ള ധാരണയായിരുന്നു. ബ്രിട്ടീഷ് ക്യാബിനറ്റും അതുപോലെ തന്നെ ജിന്നയും ലീഗിൻ്റെ ജനറൽ സെക്രട്ടറിയും ഹിന്ദുസ്ഥാനും പാക്കിസ്ഥാനും പുറത്ത് അവിഭക്ത ബംഗാൾ സംസ്ഥാനം രൂപീകരിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചതായിരുന്നു. നെഹ്റുവിൻ്റെയും പട്ടേലിൻ്റെയും നിർബന്ധത്തിലായിരുന്നു ബംഗാൾ വിഭജിച്ചത്. 1947 വരെ മാർവാരി മൂലധനത്തിൻ്റെ പ്രധാന കേന്ദ്രം കൽക്കട്ടയായിരുന്നു എന്നത് മറക്കരുത്.

ശ്യാമ പ്രസാദും ഹിന്ദു മഹാസഭയും ഉപരി, മധ്യ വർഗ്ഗ ബംഗാളി ഹിന്ദുക്കളുടെ ഭയാശങ്കകൾ മുതലെടുത്തുകൊണ്ട് വൻകിട ദല്ലാളുകളുടെയും അവരുടെ രാഷ്ട്രീയ പ്രതിനിധികളുടെയും കുറ്റകൃത്യങ്ങളുടെ സഹായിയായി പ്രവർത്തിക്കുക മാത്രമാണ് ചെയ്തത്. ഈ വർഗ്ഗങ്ങൾ ഏകദേശം 1946 അവസാനം വരെ ബംഗാളിൻ്റെ വിഭജനത്തിന് എതിരായിരുന്നു. 1946-ൻ്റെ രണ്ടാം പാതിയിൽ കൽകട്ടയിലും നൊഖാലിയിലും മതത്തിൻ്റെ പേരിൽ നടന്ന രാഷ്ട്രീയ കലാപങ്ങളും, അമൃത ബസാർ പത്രിക പോലെയുള്ള ദേശിയവാദികൾ എന്ന് അവകാശപ്പെടുന്ന പത്രങ്ങളും, ഇസ്ഫഹാനി പോലെയുള്ള മുസ്ലിം ദല്ലാളുമാർ പടച്ചുവിട്ട അക്രമാസക്തമായ വർഗ്ഗീയ പ്രചരണങ്ങളും ശ്യാമ പ്രസാദിനെയും ഹിന്ദു മഹാസഭയും സഹായിച്ചു. ബംഗാളിലെ ജനങ്ങളുടെയും അതുപോലെ തന്നെ വരും തലമുറകളുടെയും ജീവൻ – മരണ പ്രശ്നമായ ഒരു അതിപ്രാധനമായ വിഷയത്തിൽ പലരും ആവശ്യപ്പെട്ടിട്ടും അവരുടെ അഭിപ്രായം അറിയാൻ ഒരു ഹിതപരിശോധനയോ, അഭിപ്രായ വോട്ടെടുപ്പോ, പൊതു തിരഞ്ഞെടുപ്പോ ഒന്നും ഉണ്ടായില്ല. ഹിതപരിശോധനക്ക് അവസരം കൊടുക്കാതിരിക്കാൻ വീണ്ടും നെഹ്റുവിൻ്റെയും പട്ടേലിൻ്റെയും നിർബന്ധത്തിൽ അധികാര കൈമാറ്റത്തിൻ്റെ തിയതി പത്ത് മാസം നേരത്തെയുമാക്കി. ശരത് ബോസ് പറഞ്ഞതുപോലെ, “ബംഗാളിൻ്റെ ശബ്ദം ഇല്ലാതാക്കണം. അവൾ അഖിലേന്ത്യായിലെ പടയാളിയായി തുടരണം”. പല ഘട്ടത്തിലും കണ്ട വർഗീയത സ്ഥിരമായി പ്രോത്സാഹിപിച്ചതിന് കാരണം, അതിനെ ബഹുജനങ്ങളുടെയും ജീവിതത്തിൻ്റെ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള മാർഗ്ഗമായും രണ്ട് പുതിയ സംസ്ഥാനങ്ങളുടെ അന്ത്യമില്ലാത്ത കലപാങ്ങളുടെ കാരണമായും ഭരണവർഗ്ഗങ്ങൾ ഉപയോഗിച്ചു.

കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും അങ്ങനെ പല ദേശങ്ങളിൽ നിന്നുമുള്ള വിദേശ സഞ്ചാരികൾ സമൃദ്ധമായ കൃഷിയും വ്യവസായവുമുള്ള ലോകത്തിലെ ഏറ്റവും അഭിവൃദ്ധമായ രാജ്യങ്ങളിൽ ഒന്നായി വിശേഷിപ്പിച്ച ബംഗാൾ കൊളോണിയൽ ഭരണത്തോടെ ദുരിതപൂർണമായി തീർന്നു. തീർച്ചയായും 1947 മുതൽ യഥാർത്ഥ സാമ്പത്തിക വളർച്ചയെ തടഞ്ഞ പുത്തൻ കൊളോണിയൽ വീർപ്പുമുട്ടൽ ഉപഭൂഖണ്ഡം മുഴുവൻ തുടർന്നു. പക്ഷേ ബംഗാളിന് അതിൻ്റെ സവിശേഷമായ പ്രശ്നവുമുണ്ട്. 1947ലെ വിഭജനവും, ബംഗാളിൻ്റെ രണ്ട് പ്രദേശങ്ങൾ തമ്മിൽ ഉണ്ടായിരുന്ന പരസ്പരാശ്രയത്വതിൻ്റെ അന്ത്യവും, വർഷങ്ങളോളമുള്ള അഭയാർത്ഥികളുടെ വലിയ ഒഴുക്കും, ഇന്ത്യൻ യുണിയൻ രൂപീകൃതമായത് മുതൽ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക – വ്യവസായ നയങ്ങളും, അഭയാർത്ഥി പുനരധിവാസവും, റെയ്ൽവേ ചരക്ക് ഗതാഗതവും, ആസൂത്രണ പദ്ധതികളും ഒക്കെയായി ബന്ധപ്പെട്ട അവരുടെ നയങ്ങളും ദുഃഖവും ദുരിതവും ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു.

പഞ്ചാബിൽ ആർഎസ്എസിൻ്റെയും അകാലി സേനയുടെയും അവരുടെ മറുവശത്തുള്ള മുസ്ലിം ദേശിയ സേനയുടെയും പ്രവർത്തികൾ കാരണം അധികാര കൈമാറ്റത്തിന് മുൻപും ശേഷവും കൂട്ടകൊലകളും, സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ട് പോകലും മാനഭംഗവും, വീടുകൾ തീ വയ്ക്കലും, അറിയാത്ത നാടുകളിലേക്ക് പരിഭ്രാന്തരായ ദശലക്ഷങ്ങളുടെ അഭയം തേടിയുള്ള പലായനവും വലിയ തോതിൽ വ്യാപിക്കപ്പെട്ടു. 1948 ഏപ്രിൽ 6ന് ശ്യാമ പ്രസാദ് കേന്ദ്ര വ്യവസായ മന്ത്രിയായിരിക്കെ ഇന്ത്യൻ സർക്കാർ ഒരു വ്യാവസായിക നയ പ്രമേയവും അതിൻ്റെ കൂടെ ധാരണാപത്രവും കൈക്കൊണ്ടു. ഇത് സാമ്രാജ്യത്വ മൂലധനത്തിന് ഊഷ്മളമായ സ്വാഗതം നൽകി. സാമ്രാജ്യത്വ മൂലധനത്തിൻ്റെ വിലങ്ങുകൾ പൊട്ടിച്ചെറിയുന്നതിന് പകരം അവർ അതിനെ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

ഗാന്ധിയെ ഹിന്ദു മതഭ്രാന്തന്മാർ 1948 ജനുവരി 30ന് ഡൽഹിയിൽ വെച്ച് വധിച്ചു. ഇതിനെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും കേന്ദ്ര സർക്കാരിലെ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ അവരുടേതായ കാരണങ്ങളാൽ എന്തെങ്കിലും സുരക്ഷ നടപടികൾ സ്വീകരിക്കാനോ വധത്തിനു ശേഷം ഗൂഢാലോചനയിലേക്ക് ശെരിയായ ഒരു അന്വേഷണം നടത്താനോ തയ്യാറായില്ല. അതിനു ശേഷം താമസിയാതെ ആർഎസ്എസ് നിരോധിക്കപ്പെട്ടു. നിരോധനം നീക്കാനായി ആർഎസ്എസ് മേധാവി ഗോൾവാൾക്കർ നെഹ്റുവിനും പട്ടേലിനും എഴുതി. 1948 സെപ്റ്റംബർ 24ന് എഴുതിയ കത്തിൽ “ബർമ്മയിലെയും, ഇൻഡോ – ചൈനയിലെയും, ജാവയിലെയും മറ്റ് അയൽ സംസ്ഥാനങ്ങളിലെയും ഭയാനകമായ സംഭവങ്ങളെ” പരാമർശിച്ചുകൊണ്ട് കമ്മ്യൂണിസത്തിൻ്റെ വിപത്തിനെ പോരാടാൻ ആർഎസ്എസും കോൺഗ്രസ്സ് സർക്കാരുമായി യോജിച്ച മുന്നണി നിർദേശിച്ചു. ആർഎസ്എസിന് ഫലപ്രദമായി തടയാൻ കഴിയാത്തതിനാൽ ഇന്ത്യൻ യുവാക്കൾ കമ്മ്യൂണിസത്തിലേക്ക് ആകൃഷ്ടരാകുന്നു എന്ന് അദ്ദേഹം എഴുതി. “ആർഎസ്എസിനെ ആത്മാർത്ഥമായി പ്രവർത്തിക്കാനും അവരുടെ തനതായ സാംസ്കാരിക ലൈനിൽ നിന്നുകൊണ്ട് ഭീഷണിയെ പോരാടുന്നതിൽ സർക്കാരിനെ സഹായിക്കാനും” അനുവദിക്കണമെന്ന് ഗോൾവാൾക്കർ ആവശ്യപ്പെട്ടു. പട്ടേലിന് എഴുത്തവെ അദ്ദേഹം “താങ്കളുടെ ഭരണകൂട അധികാരത്തോടൊപ്പം ഞങ്ങളുടെ സംഘടിത സാംസ്കാരിക ശക്തിയും ചേർന്നാൽ നമുക്ക് അതിവേഗം ഈ ഭീഷണി ഇല്ലാതാക്കാം” എന്ന് ഉറച്ച് വിശ്വസിച്ചു. ആർഎസ്എസ് നേതാക്കളും കോൺഗ്രസ്സ് സർക്കാരും തമ്മിൽ നടന്ന ചർച്ചകളിൽ ജി ഡി ബിർള മധ്യസ്ഥരിൽ ഒരാളായിരുന്നു. 1949-ൽ നിരോധനം നീക്കുകയും ചെയ്തു. ശ്യാമ പ്രസാദ് 1950-ൽ കേന്ദ്ര മന്ത്രിസഭയിൽ നിന്നും രാജി വെച്ചു. അദ്ദേഹത്തിന് പാകിസ്ഥാനെതിരെ “സാമ്പത്തിക സമ്മർദവും അവശ്യം വന്നാൽ ബലപ്രയോഗവും” ഉൾപ്പടെയുള്ള ദുഷ്കരമായ നയങ്ങൾ – നെഹ്റു ശ്രദ്ധയോടെ നടപ്പാക്കണമെന്ന് കരുതിയതിനെക്കാൾ ദുഷ്കരമായ നയങ്ങൾ നടപ്പാക്കണം എന്നുണ്ടായിരുന്നു.

1952 തുടക്കത്തിലെ പൊതു തിരഞ്ഞെടുപ്പിന് മുൻപ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ വിഭജനത്തിന് ഒരു അവസാനവും ബലം പ്രയോഗിച്ച് തന്നെ ഇന്ത്യയും പാകിസ്ഥാനുമായുള്ള ഏകീകരണവും ജന സംഘം ആവശ്യപ്പെട്ടു. ഹിന്ദി ദേശിയ ഭാഷയായി അംഗീകരിക്കുന്നതും, ഗോ വധ നിരോധനവും അടക്കമുള്ള നിരവധി ആവശ്യങ്ങളോടൊപ്പം കശ്മീരിനെ ഇന്ത്യയുമായുള്ള പൂർണ എകീകരണവും അതിൽ ആവശ്യപ്പെട്ടു. ഹിന്ദു പുരുഷാധിപത്യമുള്ള സമൂഹത്തിൽ സ്ത്രീകൾക്ക് ചില അവകാശങ്ങൾ ഉറപ്പ് വരുത്തുന്ന ഹിന്ദു കോഡ് ബിൽ ആയിരുന്നു അവരുടെ മറ്റൊരു ലക്ഷ്യം. അത് നാല് അടിസ്ഥാന തത്വങ്ങളിൽ ഉറച്ച് നിൽക്കുന്നതായി അവകാശപ്പെട്ടു. ഒരു രാജ്യം, ഒരു സംസ്കാരം, ഒരു രാഷ്ട്രം, ധർമ്മത്തിൻ്റെ അടിസ്ഥാനത്തിലുള്ള നിയമവാഴ്ച. ഒരു സംസ്കാരം എന്നതുകൊണ്ട് ജന സംഘവും അവരുടെ പിന്മുറക്കാരായ ഭാരതീയ ജനതാ പാർട്ടിയും അവരുടെ മാതൃ സംഘടനയായ ആർഎസ്എസിനെ പോലെ ബ്രാഹ്മണ്യ സംസ്കാരം എന്നത് തന്നെയാണ് ഉദ്ദേശിക്കുന്നത്. ഭാരതീയ സംസ്കാരം വീണ്ടെടുക്കുക എന്ന് പറയുന്നതിലൂടെ ബ്രാഹ്മണ്യ സംസ്കാരത്തിൻ്റെ എല്ലാ തിന്മകളെയും വീണ്ടെടുത്ത് ഇന്ത്യയിലെ വ്യത്യസ്ത ദേശിയതകളുടെ വ്യത്യസ്തമായ സംസ്കാരങ്ങളെ അടിച്ചമർത്തുകയാണ് ലക്ഷ്യം. അവരുടെ മറുവശത്തുള്ള മുസ്ലിം മതമൗലികവാദത്തെ പോലെ ഈ അക്രമാസക്ത സങ്കുചിത ഹിന്ദുവാദം വ്യക്തിയുടെ ചിന്താശേഷിയുടെ വികാസത്തിന് വിരുദ്ധവും, എല്ലാ പുരോഗതികൾക്ക് തടസവും, ചൂഷിതർക്കും മർദ്ദിതർക്കുമിടയിലെ അന്ത്യമില്ലാത്ത കലഹങ്ങളും ഉറവിടവും, ജാതിക്കും സമുദായത്തിനും അനപേക്ഷ്യമായി അവർക്ക് എല്ലാവർക്കും ദുരിതം വിതക്കുന്നതുമാണ്.

നേരത്തെ കണ്ടതുപോലെ ജന സംഘത്തിൻ്റെയും ബിജെപിയുടെ പ്രധാനപ്പെട്ടൊരു ലക്ഷ്യം കശ്മീരി ജനതക്ക് സ്വയം നിർണ്ണയാവകാശം നിഷേധിച്ച് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 370ആം വകുപ്പിന് മേലേയായിരുന്നു. ഹിന്ദു മഹാസഭ പ്രസിഡൻ്റും ജന സംഘം സ്ഥാപകനുമായ ശ്യാമ പ്രസാദ് കശ്മീരി ജനതക്ക് സ്വയം നിർണ്ണയാവകാശം തുടർച്ചയായി ഉറപ്പ് നൽകിയ ഇന്ത്യൻ ക്യാബിനറ്റ് അംഗമായിരുന്നു. അദ്ദേഹം 370ആം വകുപ്പ് ഇന്ത്യൻ ഭരണഘടനയിൽ എഴുതി ചേർത്ത ഭരണഘടന അസംബ്ലിയിലെയും അംഗമായിരുന്നു. എന്നിട്ടും കശ്മീരി ജനതയോടുള്ള എല്ലാ പ്രതിബദ്ധതയും ചവുട്ടിമെതിച്ചുകൊണ്ട് അദ്ദേഹവും ജന സംഘവും 370ആം വകുപ്പ് കുഴിച്ച് മൂടി ജമ്മു കാശ്മീരിൻ്റെ ഇന്ത്യയുമായുള്ള പൂർണ്ണമായ ഏകീകരണത്തിനുള്ള പോരാട്ടം ആരംഭിച്ചു. അത് തന്നെയാണ് ബിജെപിയുടെയും നിലപാട്.

ആരാണ് ജനങ്ങളുടെയും മഹാനായ നേതാവ് – ജനങ്ങളെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യത്തിലേക്കും ഭൗതികമായും സാംസ്കാരികമായും അവരെ മെച്ചപ്പെട്ടൊരു ജീവിതാവസ്ഥയിലേക്കും നയികുന്നവരോ അതോ അവർക്കിടയിൽ ഭിന്നതയുടെയും കലഹങ്ങളുടെയും വിത്ത് വിതച്ച് തങ്ങളുടെ നയങ്ങളിലൂടെ ദശലക്ഷങ്ങൾക്ക് ദുരിതം സമ്മാനിക്കുന്നവരോ?

ശ്യാമ പ്രസാദിനെ പരാമർശിച്ചുകൊണ്ട് വൈസ്രോയി മൗണ്ട്ബാറ്റൺ ബ്രിട്ടീഷ് രാജാവ്, പ്രധാന മന്ത്രി, സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയവർക്ക് 1947 ഓഗസ്റ്റ് 8ലെ സ്വകാര്യ റിപ്പോർട്ടിൽ എഴുതി: “അദ്ദേഹത്തെ (ശ്യാമ പ്രസാദിനെ) നന്നായി അറിയാവുന്ന (അന്നത്തെ ബംഗാൾ ഗവർണറായ)ബറോസ് അദ്ദേഹത്തെ കുറിച്ച് എന്നോട് അടുത്തിടെ പറഞ്ഞത് അദ്ദേഹം വളരെ വിനയാന്വിതനാണ് എന്നാണ്”. മൗണ്ട്ബാറ്റൺ പോലും മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇനമായിരുന്നു.

(2001 ൽ റിസേർച്ച് യൂണിറ്റ് ഫോർ പൊളിറ്റിക്കൽ എക്കണോമി(റുപെ)യിൽ പ്രസിദ്ധീകരിച്ച സുനിതി കുമാർ ഘോഷിന്റെ ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ ആൻഡ് ഇറ്റ്സ് റിവ്യു എന്ന പുസ്തകത്തിലെ ‘ഐഡിയോളജി ആൻഡ് പൊളിറ്റിക്സ് ഓഫ് ബിജെപി’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)

<span class="has-inline-color has-vivid-red-color">സുനിതി കുമാർ ഘോഷ്</span>
സുനിതി കുമാർ ഘോഷ്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) സ്ഥാപക നേതാക്കളിൽ ഒരാൾ,ലിബറേഷൻ മാസികയുടെ സ്ഥാപക എഡിറ്റർ. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ ഏകോപന സമിതിയിലെയും (എ.ഐ.സി.സി.സി.ആർ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലെയും കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1969 കളിൽ വിപ്ലവകരമായ പത്രപ്രവർത്തനത്തിലും പാർട്ടി നിർമ്മാണത്തിലും മാതൃകാപരമായ പങ്ക് വഹിച്ചു.മെയ് 11 ന് പശ്ചിമ ബംഗാളിലെ അസൻസോളിൽ വെച്ച് അദ്ദേഹം അന്തരിച്ചു. 96 വയസായിരുന്നു.അദ്ദേഹത്തിന്റെ പല രചനകളും ബംഗാളി, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

The Indian Big Bourgeoisie: Its Genesis, Growth and Character; India and the Raj 1919-1947: Glory, Shame and Bondage (in two volumes); Imperialism’s Tightening Grip on Indian Agriculture; The Indian Constitution and Its Review; Development Planning in India: Lumpen-development and Imperialism; The Himalayan Adventure: India-China War of 1962 — Causes and Consequences; The Tragedy of Partition of Bengal; India’s Nationality Problem and Ruling Classes. He also edited The Historic Turning Point: A Liberation Anthology (in two volumes), Bharater Communist Party (Marxbadi) – Ekti Mulyayan (Communist Party of India (Marxist) – An Assessment) and Phire Dekha (Looking Back).Naxalbari: Before and After, Reminiscences and Appraisal എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളായിരുന്നു.