ഭീമ കൊറേഗാവ് :16 മനുഷ്യാവകാശ പോരാളികൾ ജയിലിൽ മൂന്നാണ്ട് പിന്നിടുന്നു

“കെട്ടിച്ചമച്ച ചാർജുകളും അന്വേഷണ നടപടിക്രമങ്ങളിലെ പ്രകടമായ ക്രമക്കേടുകളും കാരണം വിചിത്ര സ്വഭാവമുള്ള കേസാണിത്. മൂന്ന് വർഷത്തിനിടെ വെളിച്ചത്തായ വിവിധ സംഭവങ്ങൾ 16 വ്യക്തികൾക്കെതിരായ കേസിലെ തെളിവുകൾ ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് എന്ന് തെളിയിക്കുന്നു.”


എ എം നദ്‌വി (ജനറൽ സെക്രട്ടറി,മൈനോരിറ്റി റൈറ്റ്സ് വാച്ച്)

ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടുകളോട് ഉയരുന്ന വിമത ശബ്ദങ്ങളെ നിരന്തരമായ രഹസ്യ പോലീസ് നിരീക്ഷണം, തെളിവുകളുടെ പിൻബലമില്ലാത്ത ആരോപണങ്ങൾ , ക്രമവിരുദ്ധമായ കേസ് നടപടികൾ തുടങ്ങി അറസ്റ്റും ജയിലും അനിശ്ചിത കാല വിചാരണത്തടവും അടിച്ചേല്പിച്ച് നിശ്ശബ്ദമാക്കാനുള്ള മോഡി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഭീമാ കൊറെഗാവ് കേസിൽ ഉൾപ്പെട്ട പതിനാറ് രാഷ്ട്രീയ തടവുകാരെ അറസ്റ്റുചെയ്യുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങൾ.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യു‌എ‌പി‌എ) 2018 ജൂൺ 6 മുതൽ ഇന്ത്യയിലുടനീളം 16 പേരെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.ഹിന്ദുത്വ ഭരണത്തെ പരസ്യമായി വിമർശിക്കുന്നഇന്ത്യയിലെ ഏറ്റവും ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായ ദലിതർ, ആദിവാസികൾ, മുസ്‌ലിങ്ങൾ തദ്ദേശവാസികൾ, സ്ത്രീകൾ തുടങ്ങിവരോടൊപ്പം പ്രവർത്തിക്കുകയും അവരുടെ ജനാധിപത്യ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ സംരക്ഷകരാണ് ഇവരെല്ലാം.

source: release the poet

2017 ഡിസംബർ 31 ന് എൽഗാർ പരിഷത്ത് 35,000 ത്തിലധികം ആളുകളുമായി ജാതി വിരുദ്ധ, ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കുന്ന യോഗം പൂനെയിൽ നടന്നു. പിറ്റേന്ന്, കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികാഘോഷത്തിൽ പുണെയിൽ പങ്കെടുത്തവരിൽ പലരും – ആയിരക്കണക്കിന് ദലിതർക്കൊപ്പം ഐക്യദാർഢ്യമറിയിച്ചു പങ്കെടുത്തു. ഒരു വലതുപക്ഷ ഹിന്ദുത്വ ദേശീയ വാദി അക്രമിക്കൂട്ടം ഈ ആഘോഷത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടു.

ഹിന്ദുത്വ സംഘടനകൾ മുൻ‌കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു അക്രമമെന്ന് പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.. വ്യത്യസ്ത ദൃക്സാക്ഷി വിവരണങ്ങൾ അടിസ്ഥാനമാക്കി 2018 ജനുവരിയിൽ രണ്ട് എഫ്.ഐ.ആർ റിപ്പോർട്ടുകൾ ഫയൽ ചെയ്തു.

ദലിത് ഗ്രൂപ്പുകൾ സമർപ്പിച്ച പരാതിയിൻ മേലുള്ള എഫ്‌ഐആർ മഹാരാഷ്ട്ര പോലീസ് അവഗണിച്ചതിനാൽ നടപടി ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹരജി നൽകി. അങ്ങനെ ദലിതർക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്നതിനായി 2018 ഫെബ്രുവരിയിൽ കോടതി നിർദേശപ്രകാരം ഭീമ കൊറെഗാവ് അന്വേഷണ കമ്മീഷൻ രൂപീകരിച്ചെങ്കിലും 2020 ഏപ്രിലിൽ തന്നെ ഒരു മുന്നറിയിപ്പും ഇല്ലാതെ പ്രവർത്തനം അവസാനിപ്പിച്ചു.മാത്രമല്ല, അക്രമത്തിൽ പങ്കെടുത്ത സംഘി ഗുണ്ടകളിൽപെട്ട ഒരു പ്രതിക്കെതിരെയും ഇന്നുവരെ, നടപടിയൊന്നും എടുത്തിട്ടില്ല.

കെട്ടിച്ചമച്ച ചാർജുകളും അന്വേഷണ നടപടിക്രമങ്ങളിലെ പ്രകടമായ ക്രമക്കേടുകളും കാരണം വിചിത്ര സ്വഭാവമുള്ള കേസാണിത്. മൂന്ന് വർഷത്തിനിടെ വെളിച്ചത്തായ വിവിധ സംഭവങ്ങൾ 16 വ്യക്തികൾക്കെതിരായ കേസിലെ തെളിവുകൾ ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് എന്ന് തെളിയിക്കുന്നു.

നക്സലൈറ്റ്, മാവോയിസ്റ്റ് സംഘടനകൾക്കുവേണ്ടി നിയമവിരുദ്ധ പ്രവർത്തനം, പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന, ഭീമ കൊറേഗാവിൽ നടന്ന യോഗത്തിൽ പ്രകോപനപരമായ പ്രസംഗം എന്നീ കുറ്റങ്ങളാണ് ഈ പതിനാറ് രാഷ്ട്രീയത്തടവുകാർക്കെതിരെയും ചുമത്തിയിരിക്കുന്നത്. 2018 ലെ പരിപാടിയിൽ ഈ കുറ്റാരോപിത വ്യക്തികളാരും ശാരീരികമായി പരിപാടിയിൽ ഹാജരായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുറ്റാരോപിതർ ജയിലിൽ കഴിയുമ്പോൾ അവർക്കെതിരെ പോലീസ് നടത്തുന്ന ക്രമക്കേടുകൾ നിരവധിയാണ്: അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങൾ കേസിലുൾപ്പെടുത്തുക ന്യായീകരിക്കാനാവാത്ത വിചാരണത്തടവ്, ആവർത്തിച്ച് ജാമ്യം നിഷേധിക്കൽ, വ്യാജതെളിവുകൾ കെട്ടിച്ചമക്കുക, സാക്ഷികളില്ലാതെ അറസ്റ്റും രേഖകൾ പിടിച്ചെടുക്കലും,കൃത്യമായ നടപടിക്രമങ്ങളില്ലാതെ പോലീസ് തെറ്റായ രൂപത്തിൽ രേഖകൾ ചോർത്തുന്ന രീതി, മാധ്യമങ്ങളിൽ പോലീസിന്റെ മുൻവിധിയോടെയുള്ള പരസ്യ പ്രസ്താവനകൾ, തെളിവുകളില്ലാതെ കുറ്റപത്രം സമർപ്പിക്കൽ തുടങ്ങി പോലീസും ദേശീയ അന്വേഷണ ഏജൻസിയും കടുത്ത അന്യായങ്ങളാണ് കേസിൽ ചെയ്യുന്നത്.

റോണ വിൽ‌സനും, മറ്റ് 16 രാഷ്ട്രീയ തടവുകാർക്കുമെതിരായ കുറ്റപത്രത്തിൽ പറയുന്ന പ്രധാന രേഖകളെല്ലാം റോണയുടെ ലാപ്ടോപിൽ പോലീസ് സ്ഥാപിച്ചതാണ്. റിമോട്ട് ആക്സസ് സോഫ്റ്റ്‌ വെയർ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് ഹാക്ക് ചെയ്ത ശേഷം കുറ്റകരമായ രേഖകൾ കടത്തിവിടുകയായിരുന്നു എന്ന് ലോക പ്രശസ്ത സ്വകാര്യ അന്വേഷണ ഏജൻസിയായ ആഴ്സൺ കോടതിക്ക് മുന്നിൽ ഹാജരാക്കിയ വിവരങ്ങൾ വ്യക്തമാക്കുന്നു. പത്ത് രേഖകളും സ്ഥാപിച്ച സമയവും തീയതിയും ഫയലുകൾ കടത്തിവിട്ട നിർദ്ദിഷ്ട സെഷനും തിരിച്ചറിയാൻ ആഴ്സണലിന് കഴിഞ്ഞു. മനപൂർവവും ആസൂത്രിതവുമായ ഹാക്കർ ആക്രമണം ഒരു റിസോഴ്‌സ് ഏജൻസിയാണ് നടത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

source : Arsenal Consulting

റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് റോണ വിൽസൺ തനിക്കും മറ്റ് ഭീമ കൊറേഗാവ് രാഷ്ട്രീയത്തടവുകാർക്കുമെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന അപേക്ഷയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് കൊട്ടിഘോഷിക്കുന്ന ഇന്ത്യയിൽ വിയോജിപ്പിന്റെ സ്വരങ്ങൾ ഓരോന്നായി അടിച്ചമർത്തപ്പെടുകയാണ്. ഭരണതാല്പര്യങ്ങൾക്കൊപ്പം നിൽക്കാത്ത ആക്ടിവിസ്റ്റുകളെ മാത്രമല്ല, മാധ്യമങ്ങൾക്കും പത്രപ്രവർത്തകർക്കുമെതിരെയും ഭീഷണിയും ദേശദ്രോഹ കേസുമെല്ലാം തുടർക്കഥയായി മാറിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് മൂക്ക് കയറിടാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രം. പ്രതിപക്ഷസ്വരവും ഭരണകൂട വിമർശനവും ഇല്ലായ്മ ചെയ്ത് സ്വേഛാധിപത്യ ഭരണത്തിന്റെ കോർപറേറ്റ് – ഹിന്ദുത്വ അജണ്ടകൾ ജനങ്ങളുടെ മേൽ ഏകപക്ഷീയമായി അടിച്ചേല്പിക്കുകയാണ്.

രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടിയുള്ള ശക്തമായ ജനകീയ മുന്നേറ്റത്തിലൂടെയും സമര സഖ്യങ്ങളിലൂടെയും ഭരണകൂട ഹിന്ദുത്വ ഭീകരതയെ ചെറുത്ത് തോല്പിക്കാൻ രംഗത്തിറങ്ങേണ്ട നാളുകൾ അതിക്രമിച്ചിരിക്കുന്നു.


Join us on Telagram https://t.me/aroraonlinenewsportal

Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn