ഭീമാകൊറേഗാവ് കേസ്‌; സുരേന്ദ്ര ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്

ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിലും റോണാ വിൽസന്റെ കമ്പ്യൂട്ടറിൽ കയറ്റിയതിനു സമാനമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് മാൽവെയറുകൾ കയറ്റിയത്. “അവരുടെ പ്രാഥമിക ലക്ഷ്യങ്ങൾ നിരീക്ഷണവും രേഖകൾ നിക്ഷേപിക്കുകയുമായിരുന്നു എന്നത് വ്യക്തമാണ്”,എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

ഭീമാകൊറേഗാവ് കേസിൽ അറസ്റ്റിലായ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ സുരേന്ദ്ര ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടർ അറസ്റ്റ് ചെയ്യുന്നതിന് 20 മാസം മുമ്പ് ഹാക്ക് ചെയ്യപ്പെട്ടതായി ആഴ്‌സനൽ റിപ്പോർട്ട്. ഹാക്കർമാരാണ്‌ അദ്ദേഹത്തെ അറസ്റ്റ് ചെയ്യപ്പെടാൻ കാരണമായ രേഖകൾ കംപ്യൂട്ടറിൽ നിക്ഷേപിച്ചത്‌ എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2018 ജൂൺ 6 ന് അറസ്റ്റിലാകുന്നതിന് രണ്ട് വർഷം മുമ്പ് 2016 ഫെബ്രുവരി 16 മുതൽ സൈബർ ആക്രമണത്തിന് അദ്ദേഹം ഇരയായി. നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റുമായി ബന്ധപ്പെട്ട പതിനാല് രേഖകൾ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ‌ഐ‌എ) അദ്ദേഹത്തെ മൂന്ന് വർഷമായി ജയിലിലിട്ടിരിക്കുന്നത്. ഭീമാകൊറേഗാവ് കേസിൽ ആദ്യം അറസ്റ്റിലായ വ്യക്തികളിൽ ഒരാളാണ് സുരേന്ദ്ര ഗാഡ്‌ലിംഗ്.

മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഡിജിറ്റൽ ഫോറൻസിക് കമ്പനിയായ ആഴ്സണൽ കൺസൾട്ടിംഗ് നടത്തിയ ഫോറൻസിക് അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഷിംഗ്ടൺ പോസ്റ്റാണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടത്. മുൻപ് ഇതേ കേസിലെ കുറ്റാരോപിതനായ റോണാവിൽസന്റെ കമ്പ്യൂട്ടറിലും സമാനമായ മാൽവെയർ അറ്റാക്ക് നടന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഭീമാകൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ആഴ്സണൽ ഫോറൻസിക്ക്സ് ഇക്കൊല്ലം പ്രസിദ്ധീകരിച്ച മൂന്നാമത്തെ റിപ്പോർട്ടാണിത്. ഫെബ്രുവരി 8 നും മാർച്ച് 27 നും പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ പറയുന്നത് റോണാ വിത്സന്റെ ലാപ്‌ടോപ്പിലെ മാൽവെയർ ആക്രമണത്തെക്കുറിച്ചാണ്‌. ഇപ്പോൾ പുതിയതായി പുറത്തിറങ്ങിയ റിപ്പോർട്ടിൽ, ആഴ്സണൽ കൺസൾട്ടിംഗിന്റെ പ്രസിഡന്റ് മാർക്ക് സ്പെൻസർ വ്യക്തമാക്കുന്നത് ഗാഡ്‌ലിംഗിന്റെയും വിൽസന്റെയും കമ്പ്യൂട്ടറിലെ മാൽവെയർ ആക്രമണം സമാനമാണെന്നാണ്‌.

2009 ൽ സ്ഥാപിതമായ ഒരു ഡിജിറ്റൽ ഫോറൻസിക് കൺസൾട്ടിംഗ് കമ്പനിയാണ് ആഴ്സണൽ കൺസൾട്ടിംഗ്. നിരവധി ഫോറൻസിക് അന്വേഷണങ്ങളിൽ കമ്പനി ഏർപ്പെട്ടിട്ടുണ്ട്.

Loader Loading…
EAD Logo Taking too long?

Reload Reload document
| Open Open in new tab

Download [2.48 MB]

ഇമെയിലുകളിലൂടെ ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിൽ കടന്നു കൂടുന്നതിന് ഹാക്കർ മൂന്ന് പരിശ്രമങ്ങൾ നടത്തിയതായാണ് ഫോറൻസിക് കൺസൾട്ടിംഗ് കമ്പനി കണ്ടെത്തിത്. ഹർഷൽ ലിംഗായത്ത് എന്ന ഗാഡ്‌ലിംഗിന്റെ ലീഗൽ ജൂനിയർ, അരുൺ ഫെറേറ (ഭീമകോരേഗാവ് കേസിലെ കൂട്ടുപ്രതി), പ്രശാന്ത് റാഹി (മറ്റൊരു യു‌എ‌പി‌എ കേസിൽ ശിക്ഷിക്കപ്പെട്ടയാൾ) എന്നിവരുടെ ഐഡികളിലൂടെ അയച്ച ഇ-മെയിലുകളിൽ സമാനമായ മാൽവെയർ അടങ്ങിയിരിക്കുന്നു എന്നാണ് ഇപ്പോൾ കണ്ടെത്തിരിക്കുന്നത്. 2016 ഫെബ്രുവരി 12 നും ആറ് ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 18 നും ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിൽ മാൽവെയറുകൾ കയറ്റാൻ ശ്രമിച്ചെങ്കിലും പദ്ധതി വിജയിച്ചത് 2016 ഫെബ്രുവരി 29നാണ്. അന്ന് മുതൽ തന്നെ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ മാൽവെയർ പ്രവർത്തനം ആരംഭിച്ചതായാണ് റിപ്പോർട്ട് പറയുന്നത്.

ഗാഡ്‌ലിംഗിന്റെ പ്രഫഷനുമായി ബന്ധപ്പെട്ട വാചകങ്ങൾ ഉപയോഗിച്ചാണ് മാൽവെയർ ഇമെയിലുകൾ നിർമ്മിച്ചിരിക്കുന്നത്. ഹർഷൽ ലിംഗായത്തിന്റേതെന്ന് തോന്നിക്കുന്ന ഇമെയിൽ ഐഡിയിൽ നിന്ന് അയച്ച ഇമെയിലിന്റെ സബ്ജക്ട് ഷാർദ കുർമെയുടെ അന്തിമ ഡ്രാഫ്റ്റിന്റെ മറുപടി എന്നായിരുന്നു. അതുപോലെ, ഫെറാറെയുടെ ഐഡിക്ക് സമാനമായ പേരിലുള്ള ഇമെയിലിൽ നിന്നും വന്ന മെയിലിന്റെ സബ്ജക്ട് ‘ഐ‌എ‌പി‌എൽ 13 ഫെബ്രുവരി 2013 മിനിറ്റ്സ്’ എന്നാണ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് പീപ്പിൾസ് ലോയേഴ്‌സ്(ഐ‌എ‌പി‌എൽ) എന്നത് ഗാഡ്‌ലിംഗും ഫെറാറിയും ഉൾപ്പെടുന്ന അഭിഭാഷകരുടെ കൂട്ടായ്മയാണ്. എൻ‌ഐ‌എ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഈ കേസിൽ(ഭീമാകൊറേഗാവ്) സമർപ്പിച്ച അവസാന സപ്ലിമെന്ററി കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത് നിരോധിത സംഘടനായ സി‌പി‌ഐ (മാവോയിസ്റ്റ്)ന്റെ കവർ സംഘടനയായാണ് ഐ‌എ‌പി‌എൽ എന്നാണ് . ഇത് സുരേന്ദ്ര ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിലെ മാൽവെയർ ആക്രമണവുമായി ചേർത്ത് വായിക്കുമ്പോൾ വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.

റാഹിയുടെ ഇമെയിൽ ഐഡിയിൽ നിന്ന് അയച്ച ഇമെയിലിന്റെ സബ്ജെക്ട് അന്തരിച്ച സ്റ്റാൻ സ്വാമിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അടിയന്തിര വൈദ്യസഹായത്തിന്റെ ആവശ്യകതയെക്കുറിച്ചുമായിരുന്നു. എൽഗർ പരിഷത്ത് കേസിൽ അറസ്റ്റിലായ 16 പേരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു സ്റ്റാൻ സ്വാമി.

റാഹിയുടെ ഇമെയിൽ ഐഡിയിൽ നിന്ന് അയച്ച തരത്തിലുള്ള ഇമെയിലുകൾ ഈ കേസിലെ പ്രതികളായ സുധ ഭരദ്വാജിന്റെയും സ്റ്റാൻ സ്വാമിയുടെയും കമ്പ്യൂട്ടറിലും എത്തിയതായി ആഴ്‌സണൽ പറയുന്നു. രണ്ടുപേരും ഇമെയിൽ തുറന്നതായും എന്നാൽ അവരുടെ കമ്പ്യൂട്ടറുകൾ ആക്രമിക്കപ്പെട്ടതാണെന്ന് ഇതുവരെ വ്യക്തമല്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

ആഴ്സണൽ കണ്ടെത്തിയ ഈ ഇമെയിലുകൾ പലവിധത്തിൽ തട്ടിപ്പ് നടത്തുന്ന ഇമെയിൽ സർവീസിലൂടെയാണ് അയച്ചിരിക്കുന്നത്. മാൽവെയറിന്റെ ഘടന വളരെ വലുതാണ്. അതോടൊപ്പം, ഭീമ കൊറേഗാവ് കേസിൽ ഉൾപ്പെട്ട വ്യക്തികൾക്ക് എതിരെ മാത്രമല്ല നിരവധി പൊതുപ്രവർത്തകരുടെ കമ്പ്യൂട്ടറുകളിലും ഇമെയിൽ അക്കൗണ്ടുകളും ലോഗുകളിലും (കംപ്യൂട്ടറുകളുടെ രൂപകല്‌പനയുടെയും പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാന ശാസ്‌ത്രതത്വം) സമാന മാൽവെയർ ആക്രമണം ഇപ്പോഴും നിലനിൽകുന്നതായും ഫോറൻസിക് ഏജൻസി വെളിപ്പെടുത്തുന്നു.

മാൽവെയർ ആക്രമണം എൽഗാർ പരിഷത്ത് കേസിൽ അറസ്റ്റിലായവരിൽ മാത്രമായി ചുരുങ്ങുന്നില്ല എന്ന ആഴ്സണലിന്റെ കണ്ടെത്തൽ വളരെ ഗുരുതരമാണ്. ടൊറന്റോ യൂണിവേഴ്സിറ്റിയുടെ സിറ്റിസൺ ലാബ്, ബെർലിനിലെ ആംനസ്റ്റി ഇന്റർനാഷണലിന്റെ ടെക്- ടീം എന്നിവ നടത്തിയ സുപ്രധാന അന്വേഷണങ്ങൾക്കൊപ്പം ഈ കണ്ടെത്തലുകളും കൂട്ടിവായിക്കപ്പെടേണ്ടത് ഉണ്ട്. രാജ്യമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്രായേലി നിരീക്ഷണ സ്ഥാപനമായ എൻ‌എസ്‌ഒ ഗ്രൂപ്പ് പ്രവർത്തിക്കുന്നതായാണ് അവരുടെ റിപ്പോർട്ട്. പ്രത്യേകം രൂപകൽപ്പന ചെയ്ത മാൽവെയറായ ‘പെഗാസസ്’ പല അഭിഭാഷകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മൊബൈൽ ഫോണുകളിൽ കടത്തിവിട്ട് ഉപയോഗിച്ച രീതികളെക്കുറിച്ച് സിറ്റിസൺ ലാബും, ഇമെയിലുകളിലൂടെ ഡിജിറ്റൽ ചാരപ്പണിക്ക് സമാനമായ ശ്രമങ്ങൾ നടത്തിയതായി ആംനസ്റ്റി ഇന്റർനാഷണലും മുൻപ് വെളിപ്പെടുത്തിയിരുന്നു.

ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിലും റൊണാ വിൽസന്റെ കമ്പ്യൂട്ടറിൽ കയറ്റിയതിനു സമാനമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് മാൽവെയറുകൾ കയറ്റിയത്. “അവരുടെ പ്രാഥമിക ലക്ഷ്യങ്ങൾ നിരീക്ഷണവും രേഖകൾ നിക്ഷേപിക്കുകയുമായിരുന്നു എന്നത് വ്യക്തമാണ്”,എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

റിപ്പോർട്ടിൽ, ആഴ്സണൽ കൺസൾട്ടിംഗിന്റെ പ്രസിഡന്റ് സ്പെൻസർ പറയുന്നത് ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിനു നേരെയുള്ള ആക്രമണം തന്റെ കമ്പനി ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഗുരുതരമായ കേസുകളിലൊന്നായാണ്. ആദ്യത്തേതും അവസാനത്തേതുമായ മാൽവെയർ ഡെലിവറി തമ്മിലുള്ള വിശാലമായ സമയത്തിനുള്ളിൽ ഈ കേസിലെ ഒന്നിലധികം കുറ്റാരോപിതരുടെ കമ്പ്യൂട്ടറുകളിൽ വ്യാജ രേഖകൾ കടന്നു കൂടിയിട്ടുണ്ടെന്നും അദ്ദേഹം വെളുപ്പെടുത്തി.

റോണാ വിൽസന്റേത് പോലെ, സുരേന്ദ്ര ഗാഡ്‌ലിംഗിന്റെ ലാപ്‌ടോപ്പിൽ നിന്നും അന്വേഷണ ഏജൻസികൾ – ആദ്യം പൂനെ പോലീസും പിന്നീട് എൻ‌ഐ‌എയും – 14 രേഖകൾ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. കുറ്റപത്രത്തിൽ ഈ രേഖകൾ ഗാഡ്‌ലിംഗും കേസിൽ അറസ്റ്റിലായ നിരവധി പേരും തമ്മിലുള്ള ഇമെയിൽ ആശയവിനിമയമായിരുന്നു എന്ന് പറയുന്നുണ്ട്. മധ്യ ഇന്ത്യയിൽ രഹസ്യമായി സായുധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന “സഖാക്കൾക്ക്” എഴുതിയ കത്തുകളുടെ നിർണായക ഭാഗമാണ് ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്തിയതായാണ് പോലീസ് പറയുന്നത്.

എൻ ഐ എ പറയുന്ന 14 പ്രധാന രേഖകൾ ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിൽ രഹസ്യമായ ഒരു ഫോൾഡറിലേക്ക് (മെറ്റീരിയൽ എന്ന് പേരിട്ടു) മാൽവെയറുകൾ കൈമാറി എന്ന് ആഴ്സണൽ പറയുന്നു. കമ്പ്യൂട്ടറിൽ രഹസ്യമായാ “മെറ്റീരിയൽ”എന്ന ഫോൾഡർ 2016 ഡിസംബർ 4 നാണ് ഹാക്കർ സൃഷ്ടിച്ചത് എന്നും ആ ദിവസത്തിനും 2017 ഒക്ടോബർ 22 നും ഇടയിൽ രേഖകൾ കമ്പ്യൂട്ടറിൽ നിക്ഷേപിച്ചതായും കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു.

വിൽ‌സന്റെ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മുൻ‌ റിപ്പോർട്ടിൽ‌ കണ്ടെത്തിയ കണ്ടെത്തലുകളുമായി സമീപകാല റിപ്പോർട്ട് വളരെ പ്രധാനപ്പെട്ട ഒരു ബന്ധം പുലർത്തുന്നു.“ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിലെ രഹസ്യമായ ഫോൾഡറിലേക്ക് രേഖകൾകടത്തിവിടുന്നതിന് ഏകദേശം പതിനഞ്ച് മിനിറ്റ് മുമ്പ്, ഹാക്കർ ഗാഡ്‌ലിംഗിന്റെ സഹപ്രതി റോണ വിൽ‌സന്റെ കമ്പ്യൂട്ടറിലെ രഹസ്യമായ ഫോൾഡറിലേക്ക് രേഖകൾ വിന്യസിച്ചിരുന്നു. ഒരർത്ഥത്തിൽ 2017 ജൂലൈ 22 ഹാക്കർക്ക് വളരെ രസകരമായ ഒരു ദിവസമാണ്”എന്ന് ആഴ്സണൽ കൺസൾട്ടിംഗ്.ആക്രമണ ശൈലിക്കൊപ്പം ഗാഡ്‌ലിംഗ്, വിൽസൺ കേസുകളിലെ രേഖകളും സമാനമാണ് എന്ന് കണ്ടെത്തൽ സ്ഥിരീകരിക്കുന്നു.

ഈ റിപ്പോർട്ടുകൾ ഭീമകോരേഗാവ് കേസിന്റെ അടിത്തറയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ആദ്യം മുതലെ പൂനെ പോലീസും പിന്നീട് എൻ‌ഐ‌എയും ഈ 16 പേരും നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടിരുന്നു.ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തെളിവുകൾ ഇത്തരം അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ്.

2018 ജനുവരി ഒന്നിന് ഭീമ കൊറെഗാവിൽ നടന്ന ആക്രമണത്തിൽ പ്രതികൾക്ക് പങ്കുണ്ടെന്നാണ് ആദ്യം പോലീസ് അവകാശപ്പെട്ടു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാജീവ് ഗാന്ധി രീതിയിലുള്ള കൊലപാതക ഗൂഡാലോചനയിലേക്ക് അവകാശവാദം മാറിയിരുന്നു. ഒടുവിലാണ് ഇവരെല്ലാം മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന പോലീസ് കണ്ടെത്തൽ വരുന്നത്. മൂന്ന് വർഷമായിട്ടും വിചാരണപോലും തുടങ്ങാതെ തടവിൽ കഴിയുകയാണ് ഈ കേസിലെ കുറ്റാരോപിതർ

ആഴ്സണലിന്റെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഒരു ദിവസത്തിനുശേഷം, എൽഗർ പരിഷത്ത് കേസിലെ നിയമ സംഘം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.കേസിൽ ആഴ്സണൽ കൺസൾട്ടിംഗിന് “ഇടപെടാനുള്ള അവകാശം” ഇല്ലാത്തതിനാൽ അവരുടെ രേഖകളെ ആശ്രയിക്കാനാവില്ലെന്ന് എൻ‌ഐ‌എ വാദിച്ചു.യുഎസിലെ കേസുകളിൽ ആഴ്സണൽ കൺസൾട്ടിംഗ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ഫോറൻസിക് പഠനം കോടതി ഉത്തരവിട്ടിട്ടില്ലെന്ന് അവകാശപ്പെട്ട് ഇന്ത്യൻ ഏജൻസി രേഖകളെ തള്ളിക്കളഞ്ഞു.

2016 മാർച്ച് 5 നും 2017 ഒക്ടോബർ 22 നും ഇടയിലെ 55 ദിവസങ്ങളിൽ ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിൽ നിന്ന് ഭാഗിക നെറ്റ് വയർ മാൽവെയർ ലോഗുകൾ കണ്ടെത്തി ഡീക്രിപ്റ്റ് (പ്രത്യേക ഭാഷയിലോ കോഡിലോ ഉള്ള സന്ദേശം സാധാരണ ഭാഷയിൽ ആക്കുക) ചെയ്തതായി ആഴ്സണൽ പറയുന്നു.നിരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഫയലുകളാണ് നെറ്റ് വയർ ലോഗുകൾ, അതിൽ കീസ്‌ട്രോക്കുകളും(കീ ബോര്‍ഡിലെ ഏതെങ്കിലും ഒരു കീ ഒരു പ്രാവശ്യം അമര്‍ത്തുക) ഇരയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും അടങ്ങിയിരിക്കുന്നു.

2016 ഫെബ്രുവരിയിൽ ഗാഡ്‌ലിംഗിന് വന്ന മാൽവെയർ വഹിക്കുന്ന ഇമെയിലുകളിൽ സമാനമായ ജാവാസ്ക്രിപ്റ്റ് മാൽവെയറാ യിരുന്നു ഉണ്ടായിരുന്നത്.ഗാഡ്‌ലിംഗിന്റെ ലാപ്‌ടോപ്പിൽ നെറ്റ് വയർ റിമോട്ട് ആക്‌സസ് ട്രോജൻ (“RAT”) ഇൻസ്റ്റാൾ ചെയ്യുന്നതിന് അവ കാരണമായി എന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

ആഴ്സണൽ കൺസൾട്ടിംഗിന്റെ കണ്ടെത്തലുകളോട് പ്രതികരിക്കുന്ന ഗാഡ്‌ലിംഗിന്റെ ഭാര്യ മിനാൽ മാധ്യമങ്ങളോട് പറഞ്ഞത് “കണ്ടെത്തലുകൾ അസ്വസ്ഥമാണെന്നാണ്. പക്ഷെ, അതിശയിക്കാനില്ല.തുടക്കം മുതൽ തന്നെ, 16 പേർക്കെതിരെ കേസും, തെളിവുകളും കെട്ടിച്ചമച്ചതാണെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് ഞങ്ങളുടെ നിലപാടിനെ ശക്തിപ്പെടുത്തുന്നു.”ഈ സ്വതന്ത്ര അന്വേഷണത്തെ കോടതികൾ ഗൗരവമായി കാണുകയും അതിന്മേൽ വേഗത്തിൽ നടപടിയെടുക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും മിനാൽ പറഞ്ഞു.

ഉറവിടം : ദി വയർ


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal