‘പ്രിയങ്കരനായ പിതാവേ… ഞാനെന്തുകൊണ്ടാണ് നിങ്ങളെ ഭയപ്പെടുന്നത്?’ മുഴങ്ങുന്നു കാഫ്ക!

മാനസികമായും ശാരീരികമായും കാഫ്കയിൽ എന്തൊക്കെയോ പ്രശ്നങ്ങളും ദുരൂഹതകളും ഉണ്ടെന്ന് കാഫ്കയെ അറിയാവുന്നവർ മുഴുവൻ വെച്ചുപുലർത്തിയ സംശയമായിരുന്നു. എന്നാൽ, മുൻധാരണകളോടെ അദ്ദേഹത്തെ സമീപിച്ചവർ മുഴുവൻ സമാഗമം അവസാനിക്കുമ്പോൾ ഇറങ്ങിപ്പോയത് വളരെ ശാന്തനും മൃദുഭാഷിയും സ്നേഹസമ്പന്നനുമായ ഒരു മനുഷ്യനെ അടുത്തറിഞ്ഞതിനു ശേഷമായിരുന്നു.


ഷബിത

കാഫ്ക സ്വാർഥനും നിർബന്ധബുദ്ധിക്കാരനും തന്നേക്കാൾ വലിയ ബിസിനസ് ഭാരം എല്ലായ്പ്പോഴും ചുമലിലേറ്റി നടക്കുകയും ചെയ്തിരുന്ന ഹെർമൻ കാഫ്ക. അദ്ദേഹത്തെക്കാൾ ഉയർന്ന വിദ്യാഭ്യാസമുണ്ടായിരുന്ന ഭാര്യ ജൂലി കാഫ്ക. അവർക്ക് ആറുമക്കൾ. ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യാധീനതയിലെ ജർമനിയിലെ ഈ ആഷ്കെൻസി ജൂതദമ്പതിമാർ പക്ഷേ തങ്ങളുടെ മക്കൾ ശുദ്ധജർമൻഭാഷ സംസാരിക്കുന്നവരായി, വിദ്യാഭ്യാസമുള്ളവരായി വളരണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. ആറിൽ ഏറ്റവും മൂത്തത് ഫ്രാൻസ് കാഫ്കയാണ്. ആരോഗ്യദൃഢഗാത്രനായ, ഉറച്ച ശബ്ദമുള്ള സുമുഖനായിരുന്നു ഫ്രാൻസ് കാഫ്ക. പിതാവിന്റെ എടുത്താൽ പൊങ്ങാത്ത സാമ്പത്തികവും വൈകാരികവുമായ ഭാരങ്ങളൊന്നും തന്നെ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.

ബാല്യത്തിൽ തികച്ചും ഏകാന്തതയായിരുന്നു കാഫ്കയുടെ കൂട്ട്. പിതാവിന്റെ ബിസിനസ്സിന്റെ ഭാരമത്രയും പങ്കിട്ടെടുക്കാൻ അമ്മ ജൂലി നിർബന്ധിതയായതിനാൽ അവർക്ക് വീട്ടിലിരിക്കാൻ സമയമുണ്ടായിരുന്നില്ല. വീട്ടിലെ ജോലിക്കാരുടെ സ്നേഹം ഔദാര്യമായി കിട്ടിയത് തികയാതെ വന്നപ്പോൾ കാഫ്ക ആശ്രയിച്ചത് തന്റെ സഹോദരിയായ ഓട്ലയെയായിരുന്നു. ഓട്ലയെക്കൂടാതെ ഗബ്രിയേൽ, വലേറി എന്നീ രണ്ടു സഹോദരിമാർ കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഏകമകനായ കാഫ്കയിൽ നിന്നും കുടുംബ ബിസിനസ്സിലേക്കുള്ള ശ്രദ്ധയും സഹകരണവും ഏതൊരു പിതാവിനെയും പോലെ ഹെർമൻ കാഫ്കയും ആഗ്രഹിച്ചു. നടക്കാതിരുന്നപ്പോൾ പിന്നെ നിർബന്ധിച്ചു. മകൻ കാഫ്ക തന്റെ വഴിക്കുവരില്ല എന്നറിഞ്ഞപ്പോൾ അച്ഛൻ കാഫ്ക കടുംപിടിത്തക്കാരനുമായി. അതോടുകൂടി പിതൃ-പുത്രബന്ധം വഷളായി.

”പ്രിയങ്കരനായ പിതാവേ…
ഞാൻ നിങ്ങളെ ഭയപ്പെടുന്നുവെന്ന് ഞാൻ കരുതുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അടുത്തിടെ എന്നോട് ചോദിച്ചു. പതിവുപോലെ തക്കതായ ഉത്തരം ചിന്തിച്ചുപറയാൻ എനിക്കു കഴിഞ്ഞില്ല എന്നതിനു കാരണം ഭാഗികമായി ഞാൻ നിങ്ങളെ ഭയപ്പെടുന്നതിനാലാണ്. ഭാഗികമായുള്ള ഈ ഭയത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചുള്ള ഒരു വിശദീകരണം എന്ന് അർഥമാക്കുന്നത് ഞാൻ തരാനുദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നു എന്നാണ്. സംസാരിക്കുമ്പോൾ ഓർമയുണ്ടാവണം, നിങ്ങൾക്ക് രേഖാമൂലം ഉത്തരം നൽകാൻ ശ്രമിച്ചാൽ അത് എന്നത്തെയും പോലെ അപൂർണമായിരിക്കും. ”

‘ലെറ്റർ റ്റു ഹിസ് ഫാദർ’ എന്ന പേരിൽ ഫ്രാൻസ് കാഫ്ക പിതാവ് ഹെർമൻ കാഫ്കയ്ക്കെഴുതിയ കത്തിലെ വരികളാണിത്. തനിക്ക് കമ്യൂണിക്കേഷൻ സാധ്യമാവാതിരുന്ന വ്യക്തികളെ ഓർക്കുമ്പോൾ ആദ്യത്തെ പേര് കാഫ്ക ചേർത്തത് പിതാവിന്റെതായിരുന്നു. പിതാവിന്റെ അധികാരമനോഭാവത്തോടെയുള്ള, വ്യവസ്ഥകളിലൂന്നിയ സമീപനത്തെ കാഫ്ക ഒരിക്കലും പരിഗണിച്ചിരുന്നില്ല. അത്രയും സ്വേഛാധികാരിയായ പിതാവാണ് കാഫ്കയിലെ എഴുത്തുകാരനെ സൃഷ്ടിച്ചത് എന്ന് ജീവചരിത്രകാരന്മാർ വിലയിരുത്തുന്നു. കായികമായും സാമ്പത്തികമായും ഏറ്റുമുട്ടാതെ വൈകാരികമായി, അക്ഷരങ്ങൾ കൊണ്ടായിരുന്നു കാഫ്ക തനിക്കുനേരെയുള്ള അധിക്ഷേപങ്ങളെ നേരിട്ടത്.

പൊതുവേ നാണകുണുങ്ങിയും സ്വയം സംസാരിച്ചുകൊണ്ടിരിക്കുന്ന സ്വഭാവക്കാരനുമായിരുന്നു കാഫ്ക. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്കൂൾ കാലയളവിൽ സൗഹൃദങ്ങൾ വളരെ കുറവായിരുന്നു. കോളേജ് സഹപാഠിയായിരുന്ന മാക്സ് ബ്രോഡ് കാഫ്കയെക്കുറിച്ചു പറയുന്നതിങ്ങനെ: ‘കാഫ്ക സ്വയം സംസാരിക്കും, പെട്ടെന്ന് ലജ്ജാലുവാകും. പക്ഷേ മുഖത്തുനോക്കി പറയുന്ന കാര്യങ്ങൾ അളന്നു മുറിച്ചിട്ടുള്ളതായിരിക്കും!’ വായനയുടെ അത്യുന്മാദങ്ങളിൽ ജീവിച്ച മനുഷ്യൻ എന്നാണ് കാഫ്കയെ സഹപാഠികൾ ഓർമിക്കുന്നത്. വായിച്ചു കൊണ്ടിരിക്കുന്ന കാഫ്കയെയല്ലാതെ അവർക്ക് ഓർമയില്ല. ദസ്തയേവ്സ്കിയും ഫ്ലോബോറും ഗഗോളുമൊക്കെ തന്റെ സ്വന്തം സഹോദരന്മാരായി കാഫ്ക കണ്ടു. ഗഥേയുടെ സാഹിത്യത്തോട് വല്ലാത്ത അടുപ്പം പുലർത്തിയിരുന്നു അദ്ദേഹം. നിയമത്തിൽ ഡോക്ടറൽ ഡിഗ്രിയെടുത്ത കാഫ്ക സിവിൽ ക്രിമിനൽ കോടതികളിൽ നിർബന്ധിത ഗുമസ്തപ്പണിക്കും വിധേയനായിട്ടുണ്ട്.

പുസ്തകത്തെ പ്രണയിച്ച, എഴുത്തിൽ രതിയനുഭവിച്ച കാഫ്ക പക്ഷേ യാഥാർഥ്യജീവിതത്തിൽ രതിയെ ഭയന്നു. നിരന്തരമായ സ്ത്രീസാന്നിധ്യങ്ങൾ ജീവിതത്തിലുടനീളം ഉണ്ടായപ്പോഴും തനിക്ക് ലൈംഗികപരാജയം സംഭവിക്കുമോ എന്ന ഭയം കാഫ്കയിലുണ്ടായിരുന്നു എന്ന് ജീവചരിത്രകാരനായ റെയ്നർ സ്റ്റാക് രേഖപ്പെടുത്തുന്നു. കൗമാരകാലത്ത് വേശ്യാലയങ്ങളിലെ സ്ഥിരസന്ദർശകനായിരുന്നു കാഫ്ക.

സഹപാഠിയായ മാക്സ് ബ്രോഡിന്റെ ബന്ധുവും ജർമൻ കമ്പനിയിലെ ടെലഫോൺ അറ്റൻഡറുമായിരുന്ന ഫെലിസ് ബൗറിനെ പരിചയപ്പെട്ടതിനെക്കുറിച്ച് കാഫ്ക ഇങ്ങനെ എഴുതി: ”ഓഗസ്റ്റ് പതിമൂന്നിന് ഞാൻ ബ്രോഡിലെത്തിയപ്പോൾ അവൾ മേശപ്പുറത്ത് ഇരിക്കുകയായിരുന്നു. ആരാണവൾ എന്ന ജിജ്ഞാസയൊന്നും എന്നെ അലട്ടിയിരുന്നില്ലെങ്കിലും പക്ഷേ, ഒറ്റനോട്ടത്തിൽ അവളെ ഞാൻ മനസ്സിലേക്കങ്ങെടുത്തു. മെലിഞ്ഞ് ശൂന്യമായ മുഖം. ആ ശൂന്യതയെയായിരുന്നു അവൾ പരസ്യമായി ധരിച്ചത്. നഗ്നമായ കഴുത്ത്. അതിനു താഴെയൊരു ബ്ളൗസ്. തികച്ചും സാധാരണമായൊരു വേഷം. അവൾ എന്താണെന്ന് നിർവചിക്കേണ്ട ദൗത്യം ആ വേഷത്തിനില്ല. അവൾ എനിക്കുനേരെ തിരിഞ്ഞപ്പോൾ ഞാനെന്റെ കണ്ണുകളെ പിൻവലിച്ചു. മുറിമൂക്ക്, സുന്ദരമായ എന്നാൽ ആകർഷകമല്ലാത്ത മുടി. താടി നല്ല കരുത്തുള്ളതാണ്. ഇരിക്കുന്നതിനിടയിൽ ഒന്നുകൂടി നോക്കി, ഇരുന്നു കഴിഞ്ഞപ്പോഴേക്കും എനിക്ക് അചഞ്ചലമായ അഭിപ്രായമുണ്ടായി കഴിഞ്ഞിരുന്നു.”

ആ സമാഗമത്തിന്റെ ചൂടാറും മുമ്പേ കാഫ്കയുടെ വിഖ്യാതരചന വന്നു-‘ദ ജഡ്ജ്മെന്റ്’. അടുത്ത അഞ്ച് വർഷക്കാലം കാഫ്കയും ഫെലിസും കത്തുകളിലൂടെ പ്രണയിച്ചു, വല്ലപ്പോഴും കണ്ടുമുട്ടി. ‘ലെറ്റേഴ്സ് റ്റു ഫെലിസ്’ എന്ന പേരിൽ കത്തുകൾ പിന്നീട് സമാഹരിക്കപ്പെട്ടു പ്രസിദ്ധീകരിച്ചതല്ലാതെ ആ ബന്ധം പുരോഗതി പ്രാപിച്ചില്ല.

ജെയിംസ് ഹാവ്യുസ് എന്ന ജീവചരിത്രകാരൻ രേഖപ്പെടുത്തിയതുപ്രകാരം വിവാഹ നിശ്ചയം വരെ എത്തിയ മൂന്നു ബന്ധങ്ങൾ പലകാലങ്ങളിലായി കാഫ്കയ്ക്കുണ്ടായിരുന്നു. ജൂലി വോറിസെക് എന്ന ഹോട്ടൽ റിസപ്ഷനിസ്റ്റുമായി വിവാഹമുറപ്പിക്കുന്നതിനു മുന്നോടിയായി രണ്ടു പേരും കൂടി അപ്പാർട്മെന്റ് വരെ വാടകയ്ക്കെടുത്തതാണ്. പക്ഷേ കാഫ്ക വിവാഹത്തിൽനിന്നു പിന്മാറി. ആ സമയത്താണ് ‘ലെറ്റർ റ്റു ഹിസ് ഫാദർ’ കാഫ്ക തയ്യാറാക്കുന്നത്. ജൂലിയെ നിരസിച്ചതിനുള്ള കാരണമായി കാഫ്ക പറയുന്നത് അവരുടെ സയണിസ്റ്റ് മനോഭാവത്തെയാണ്.

നിശ്ചയിക്കപ്പെട്ട വിവാഹദിനത്തിൽ കാഫ്ക മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. തന്റെ ജീവിതത്തിലുടനീളം സ്ത്രീസാന്നിധ്യം ആഗ്രഹിച്ചിരുന്നു കാഫ്ക. എങ്കിലും വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ രതിയായിരുന്നു അനുഭവിച്ച രതിയെക്കാൾ കൂടുതൽ കാഫ്കയെ സന്തോഷിപ്പിച്ചിരുന്നത്. അതിനാൽ തന്നെ സ്വന്തം ശരീരത്തെ വിശ്വാസമില്ലാത്ത ഒരാളായി മാറാൻ കാലതാമസമുണ്ടായില്ല. സ്വന്തം കാര്യത്തിലേക്കെത്തുമ്പോൾ രതി ഒരു തരം വൃത്തിയില്ലാത്ത ഏർപ്പാടാണെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു.

ഫെലിസിനോട് സ്നേഹമായിരുന്നോ അതോ അടുപ്പമായിരുന്നോ എന്ന് ജീവചരിത്രകാരന്മാരെ കൺഫ്യൂഷനാക്കിയ മറ്റൊരു ബന്ധം കൂടിയുണ്ടായിരുന്നു കാഫ്കയ്ക്ക്. ഫെലിസിന്റെ സുഹൃത്തായിരുന്ന മാർഗരത്തെ ഗ്രെറ്റ ബ്ലോഷ് എന്ന ജൂതവനിതയായിരുന്നു അത്. മാസ്ക് ബ്രോഡിന്റെ രേഖകൾ പ്രകാരം കാഫ്കയുടെ മകന് ജന്മം നൽകിയത് മാർഗരത്തെയാണ്. പക്ഷേ ഇങ്ങനെയൊരു മകനുള്ള കാര്യം കാഫ്ക ഒരിക്കലും അറിഞ്ഞതേയില്ല. പേര് വെളിപ്പെടുത്താൻ അമ്മ ആഗ്രഹിക്കാത്ത ആ മകൻ ജനിച്ചത് 1914-15 കാലത്താണ്. 1921- ഓടു കൂടി മരണപ്പെടുകയും ചെയ്തു. അതേസമയം, ജീവചരിത്രകാരനായ പീറ്റർ ആന്ദ്രേ ആൾട് പറയുന്നു: ‘മാർഗരത്തെയ്ക്കു മകനുണ്ടായിരിക്കാം. പക്ഷേ, അത് കാഫ്കയുടേതല്ല, കാരണം കാഫ്കയ്ക്ക് അത്രയടുത്ത ശാരീരിക ബന്ധം സാധ്യമല്ലായിരുന്നു.’

മാനസികമായും ശാരീരികമായും കാഫ്കയിൽ എന്തൊക്കെയോ പ്രശ്നങ്ങളും ദുരൂഹതകളും ഉണ്ടെന്ന് കാഫ്കയെ അറിയാവുന്നവർ മുഴുവൻ വെച്ചുപുലർത്തിയ സംശയമായിരുന്നു. എന്നാൽ, മുൻധാരണകളോടെ അദ്ദേഹത്തെ സമീപിച്ചവർ മുഴുവൻ സമാഗമം അവസാനിക്കുമ്പോൾ ഇറങ്ങിപ്പോയത് വളരെ ശാന്തനും മൃദുഭാഷിയും സ്നേഹസമ്പന്നനുമായ ഒരു മനുഷ്യനെ അടുത്തറിഞ്ഞതിനു ശേഷമായിരുന്നു.

സ്നേഹവും നിരാസവും കൊണ്ട് സ്ത്രീകളിൽ നിന്നും സ്ത്രീകളിലേക്ക് കാഫ്ക പലായനം നടത്തിക്കൊണ്ടിരുന്ന കാലം കൂടിയായിരുന്നു 1920-കൾ. മിലേന ജെസെങ്ക്സ്ക എന്ന ചെകോസ്ലോവാക്യൻ പത്രപ്രവർത്തകയുമായി അഗാധപ്രണയത്തിലായത് ഇക്കാലത്താണ്. ‘മിലേനയ്ക്കുള്ള കത്തുകൾ’ വൈകാതെ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും മൂന്നു വർഷത്തിൽ കൂടുതൽ ആയുസ്സ് ആ ബന്ധത്തിനുമുണ്ടായില്ല. ഇരുപത്തിയഞ്ചുകാരിയായ ഡോറ ഡയമണ്ട് എന്ന കിന്റർഗാർട്ടൻ ടീച്ചറുടെ സ്നേഹവലയത്തിൽ താമസിയാതെ കാഫ്ക പെട്ടു. വീട്ടുകാർ അനാവശ്യമായി തന്നെക്കുറിച്ച് ആകുലപ്പെടുന്നതും സുഹൃത്തുക്കൾ ഉപദേശകരായി ചുറ്റും കൂടുന്നതും കാഫ്കയെ അസ്വസ്ഥനാക്കിയിരുന്നു. അതിൽനിന്നുള്ള രക്ഷപ്പെടലായിരുന്നു ഡോറ ഡയമണ്ടിലേക്കുള്ള വഴി.

1924 മാർച്ചോടു കൂടിയാണ് ലാരിങ്കൽ ട്യൂബർകുലോസിസ് ബാധിച്ച് കാഫ്ക ശാരീരികമായി ക്ഷീണിക്കാൻ തുടങ്ങിയത്. തന്റെ സൗഹൃദങ്ങളെ ഉപേക്ഷിച്ചുകൊണ്ട് സഹോദരിമാരിലേക്കുള്ള മടക്കത്തിന്റെ തുടക്കമായിരുന്നു അത്. സഹോദരിമാരിൽ ഏറെ പ്രിയങ്കരിയായ ഓട്ലയായിരുന്നു കാഫ്കയെ പരിചരിച്ചത്. ഡോറ ഡയമണ്ടിന് വിട്ടുപിരിയാൻ കഴിഞ്ഞില്ല. അവരും കാഫ്കയെ പരിചരിച്ചുകൊണ്ട് ഒപ്പം നിന്നു.

തൊണ്ടയിൽ പടർന്നുപിടിച്ച ക്ഷയബാധയാൽ ആഹാരം കഴിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന നാളുകളായിരുന്നു പിന്നീട്. ദ്രവരൂപത്തിലുള്ള ഭക്ഷണപദാർഥങ്ങൾപോലും ഇറക്കാൻ കഴിയാതെ വിശപ്പിനാൽ നരകിച്ചുള്ള ദിവസങ്ങളായിരുന്നു പിന്നീട് കാഫ്കയെ കാത്തിരുന്നത്. തൊണ്ട തകർന്നുള്ള വേദനയോടെ മരണക്കിടക്കയിൽ കിടന്നുകൊണ്ട്, വിശപ്പിന്റെ ആളിക്കത്തൽ അടക്കിപ്പിടിച്ചുകൊണ്ട് അദ്ദേഹം എഡിറ്റുചെയ്തുകൊണ്ടിരുന്നതാവട്ടെ ‘ദ ഹംഗർ ആർടിസ്റ്റ്’ എന്ന വിഖ്യാത രചനയും.

1924 ജൂൺ മൂന്നുവരെ കാഫ്ക രോഗത്തിന്റെയും സർഗാത്മകതയുടെയും വേദനകൾ ഒന്നിച്ച് സഹിച്ചു. ജന്മസഹനത്തിന്റെ നാൽപത് വർഷങ്ങൾ അന്നവസാനിക്കുകയായിരുന്നു. ജീവിച്ചിരുന്നകാലത്ത് അത്രയൊന്നും പ്രാധാന്യം നൽകാതിരുന്ന ലോകസാഹിത്യം മരണാനന്തരം കാഫ്കയെ വാഴ്ത്തപ്പെട്ടവനാക്കിയതിനും കാലം സാക്ഷി. രണ്ടാം ലോകമഹായുദ്ധം കഴിയവേ കാഫ്ക ലോകസാഹിത്യത്തിലെ ആദ്യപേരുകളിൽ ഒന്നായി മാറി. നൂറ്റിമുപ്പത്തിയെട്ടുവർഷങ്ങൾക്കിപ്പുറവും ജൂലൈ നാല് എന്ന ദിനം പ്രസക്തമാവുന്നത് ഫ്രാൻസ് കാഫ്ക എന്ന സാഹിത്യത്തിന്റെ ജന്മം കൊണ്ടാണല്ലോ.

കടപ്പാട് : മാതൃഭൂമി ഡോട്ട് കോം


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal