ഇടിഞ്ഞു പൊളിഞ്ഞ EIA 2006 അടിച്ചു പൊളിച്ചു EIA 2020.

ഇഐഎ പാരിസ്ഥിതിക ആഘാത നിർണ്ണയം (Environment Impact Assessment-EIA), 1994 മുതൽ ഇന്ത്യയിൽ ഖനികൾ, ഡാമുകൾ, വ്യവസായശാലകൾ തുടങ്ങിയവക്ക് ഭൂമി, വെള്ളം, കാട് മുതലായ പരിസ്ഥിതി വിഭവങ്ങൾ ഫലപ്രദമായി അനുവദിച്ചുകൊടുക്കാൻ ഉപയോഗിക്കുന്ന ഒരു നിയമപ്രക്രിയയാണ്.
2020, മാർച്ച് 12ന്, കോവിഡ് 19 മഹാമാരി ലോകത്തു പടർന്നു പിടിച്ച സമയത്തു, പരിസ്ഥിതി മന്ത്രാലയം EIA വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനായി ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതുസമൂഹത്തിന്റെ അഭിപ്രായം അറിയിക്കുന്നതിനുള്ള സമയം 2020 ജൂൺ 30 വരെയായിരുന്നു.
ചരിത്രപരമായ ഒരു സാമ്പത്തിക സാഹചര്യത്തിലായിരുന്നു EIA രൂപകൽപന ചെയ്തിരുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യത്തിനനുസരിച്ചാണ് അതിൽ വരുത്തേണ്ട ഭേദഗതികൾ നിർദ്ദേശിച്ചിരിക്കുന്നതും.

ഇഐഎയുടെ ചരിത്രം.

നിയോ-ലിബറല്‍ പാരിസ്ഥിതിക നിയന്ത്രണങ്ങൾ ലളിതമായ വാക്കുകളില്‍ എഴുതപ്പെട്ട ഒരു ചെറിയ നിയമ പുസ്തകം ആണ് പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനം. പണ്ഡിതന്മാർ പറയുന്നത് ഇതിന്‍റെ ഉത്ഭവത്തെ യു.എസ്സിന്‍റെ സാമ്പത്തിക ഉദാരവത്കരണ കാലഘട്ടവുമായി ചേര്‍ത്തു വായിക്കാം എന്നാണ്.
1970-ഓടുകൂടിയാണു അമേരിക്ക നിയോ-ലിബറല്‍ നയങ്ങള്‍ സ്വീകരിച്ചത്. കഴിഞ്ഞ സാമ്പത്തിക യുഗത്തില്‍ പിന്നോക്കം നിന്നിരുന്നവരെ കൂടി ഈ സാമ്പത്തിക ഗതിമാറ്റം പരിഗണിക്കുമെന്നു ഉറപ്പ് നല്‍കിയിരുന്നു. സ്വതന്ത്രമാക്കപ്പെടുന്ന സാമ്പത്തിക വ്യവസ്ഥയുടെ പിന്നാലെ മെച്ചപ്പെട്ട വേതനത്തിന്‍റെ രൂപത്തിലും, വലിയയളവിലുള്ള സമത്വത്തിന്‍റെ രൂപത്തിലും സാമൂഹ്യനീതി വരുമെന്നു കരുതുമ്പോൾ തന്നെ, വമ്പന്‍ വികസനത്തിന്‍റെ കൂടപ്പിറപ്പായ പാരിസ്ഥിതിക പ്രശ്നങ്ങളെ പരിഗണിക്കേണ്ടതായും വരും.
ഈ മുന്‍ഗണന പല പാരിസ്ഥിതിക എഴുത്തുകാരുടെ കൃതികളിലും, ഇപ്പൊള്‍ ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനകളുടെ പിറവിയിലും പ്രതിഫലിച്ചു കാണാം. ഈ കാലഘട്ടത്തില്‍ തന്നെ അമേരിക്ക പാരിസ്ഥിതികമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പൊതുപങ്കാളിത്തവും വിദഗ്ധ ശാസ്ത്ര പരിശോധനയും, രണ്ടും ഒരുമിച്ച് അവതരിപ്പിച്ചു. ഇരു ലോകങ്ങളും പാരിസ്ഥിതിക ഭരണനടത്തിപ്പില്‍ നമുക്കു ഏറ്റുവും മികച്ച ഫലം തരാന്‍ വേണ്ടിയാണു ശാസ്ത്രീയ യുക്തി, ജനാധിപത്യം എന്നീ വിരുദ്ധ യുക്തികള്‍.
പ്രൊജെക്റ്റുകളെ പറ്റി തീരുമാനം എടുക്കുന്നതിനുള്ള ആഗോള സുസ്ഥിരതക്കായുള്ള ഒരു ഉപകരണം എന്ന നിലയിലാണ് ഇഐഎയെ ഇങ്ങോട്ട് കൊണ്ടുവരുന്നത്. അന്താരാഷ്ട്ര പരിസ്ഥിതി കണ്‍വെന്ഷനുകളിലൂടെയാണു ഇതു ലോകത്തെ പല രാജ്യങ്ങളിലും അവതരിപ്പിക്കപ്പെട്ടത്. 1980-1990 പതിറ്റാണ്ടുകളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പല വികസ്വര രാജ്യങ്ങളും എല്‍പിജി യിലൂടെ കടന്നു പോവുകയായിരുന്നു. അഥവാ അവരുടെ വിപണി വിദേശ നിക്ഷേപങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും പ്രധാനപ്പെട്ട ഉല്‍പാദന മേഖലകള്‍ സ്വകാര്യ മേഖലക്കായി തുറന്നു കൊടുക്കുകയും ചെയ്തു.
സ്വകാര്യ സാമ്പത്തിക സ്ഥാപങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഇഐഎ ഒരു വഴി തുറന്നുകൊടുത്തു. പല രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ഈ നടപടിക്രമങ്ങള്‍ സ്വീകരിച്ചു. അങ്ങനെ ചെയ്യാത്തവരെ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ പ്രേരിപ്പിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്തു. കാരണം ലോണും, ഗ്രാന്‍റും ലഭിക്കുന്നതിനുള്ള മാനദണ്ഡമായി ഇഐഎ മാറിത്തീര്‍ന്നു. എല്ലാത്തിനുമുപരിയായി, ആഗോളവല്‍ക്കരണം അഥവാ രാജ്യങ്ങള്‍ക്കിടയിലുള്ള സ്വതന്ത്ര കച്ചവടത്തിനായി തടസങ്ങള്‍ നീക്കം ചെയ്യലിന്‍റെ ഭാഗമായി ആഭ്യന്തര നിയമങ്ങളിലും നിയന്ത്രണങ്ങളിലും പല മാറ്റങ്ങളും വരുത്തേണ്ടതുണ്ടായിരുന്നു.
ലോകത്തെ മിക്ക രാജ്യങ്ങളിലും ഇന്നു പാരിസ്ഥിതിയെ സംരക്ഷിക്കുന്ന തരത്തില്‍ തീരുമാങ്ങളെടുക്കുന്നതിനു ഇഐഎ പോലുള്ള നിയമസംവിധാനങ്ങള്‍ നിലവിലുണ്ട്. സാമ്പത്തിക നിയോ-ലിബറലിസത്തിന്‍റെ ആഗോളവ്യാപനം ലോകത്തിന്‍റെ പല ഭാഗങ്ങളിലും തൊഴില്‍ നിയമങ്ങളെയും സാമൂഹ്യ സുരക്ഷയേയും ഇല്ലാതാക്കിയെങ്കില്‍, ഇഐഎ നിയോ-ലിബറല്‍ സാമ്പത്തിക ക്രമീകരണങ്ങളുടെ പാരിസ്ഥിതിക പ്രത്യാഘതങ്ങള്‍ക്കു വഴിയൊരുക്കി.
പൊതുജങ്ങളുടെ നന്മക്കായുള്ള നിയമങ്ങളുടെ കൂട്ടത്തിലാണു ഇഐഎ ഉള്‍പ്പെട്ടിരിക്കുന്നതെങ്കിലും അതിന്‍റെ വിപരീത ഫലമാണ് അതുണ്ടാക്കിയത്.

ഇഐഎ ഇന്ത്യയില്‍

1994 ല്‍ ഇന്ത്യ ഇഐഎ ഔദ്യോധികമായി സ്വീകരിച്ചതു മുതല്‍, മുതലാളിത്തത്തിന്‍റെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും കണ്ണില്‍ ഒരു പോലെ കരടായിരുന്നു അത്. രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ തടസ്സങ്ങളില്ലാതെ കൊള്ളയടിക്കണം എന്നാഗ്രഹിച്ചിരുന്ന മുതലാളിത്തശക്തികള്‍ അതിനെ പണ്ടത്തെ പെര്‍മിറ്റ് രാജിന്‍റെ തിരിച്ചുവരവു എന്നാണ് വിശേഷിപ്പിച്ചത്.
പരിസ്ഥിതിക്കു ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ക്കു നിയമസാധുത കൊടുക്കുന്ന “റബര്‍ സ്റ്റാമ്പ്” എന്നാണു പരിസ്ഥിതിപ്രവര്‍ത്തകര്‍ അതിനെ വിശേഷിപ്പിച്ചത്. ഇഐഎക്ക് കീഴില്‍ പദ്ധതികളുടെ നിരാകരണ നിരക്ക് ഏറെക്കുറെ പൂജ്യം ആയിരുന്നു എന്നുള്ളതാണ്. ഇടതു വലത് വ്യത്യാസമില്ലാതെ മുഴവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ലാഭകരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടി ഇഐഎ നടപടിക്രമങ്ങളെ കാറ്റില്‍ പറത്തുകയും, മുഴുവന്‍ സമുദായങ്ങളുടെയും, സംസ്കാരങ്ങളുടെയും നിലനിൽപ്പിനാധാരമായ വിലമതിക്കാനാവാത്ത പ്രക്രിതി വിഭവങ്ങളെ അടുത്ത തലമുറക്കു കൈമാറുകയും, പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയകളെ ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്തത്.
കാരണം ഇഐഎ പരിസ്ഥിതിയെ നിയമാനുസൃതമായി കൊള്ളയടിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ പുകമറയാണു എന്നുള്ളതാണു. അതിലും പ്രധാനം, പരിസ്ഥിതിപ്രവര്‍ത്തകര്‍ ആരോപിക്കുന്നത് സര്‍ക്കാരുകള്‍ ഇഐഎ യെ ഉപയോഗപ്പെടുത്തി തങ്ങളുടെ രാഷ്ടീയാധികാരം വിപുലമാക്കി കോര്‍പറേറ്റുകളെ തൃപ്തിപ്പെടുത്തുന്നു എന്നാണ്.
ജനപ്രതിനിധികളുടെ നിയമ നിര്‍മാണ സഭയിലോ ഒരു പൂര്‍ണ്ണ നിയമരൂപത്തിലോ അവതരിപ്പിക്കാതെ ഒരു മന്ത്രിസഭാ ഉത്തരവിലൂടെ ഇഐഎ പ്രക്രിയക്കു രൂപം കൊടുക്കുന്നതു അത്ര യാദൃശ്ചികം ഒന്നുമല്ല. രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസൃതമായി പരുവപ്പെടുത്തിയെടുക്കാമെന്ന ഗുണം ഉത്തരവുകള്‍ക്കുണ്ട്.

ഉത്തരവില്‍ ആരെയൊക്കെ ഉള്‍പെടുത്തണം ഉള്‍പ്പെടുതത്തേണ്ട, കല്‍ക്കരി ഖനികളും ഊര്‍ജ്ജ പദ്ധതികളും പോലുള്ള വന്‍ കിട മേഖലകളുടെ നടപടിക്രമങ്ങളുടെ സ്വഭാവവും സമയപരിധിയുമൊക്കെ എത്തരത്തിലായിരിക്കണമെന്നുമുള്ള പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ ഉദ്യോഗസ്ഥർക്കു വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. ഉപനിയമനിര്‍മാണങ്ങള്‍ക്കായി പാര്‍ലമെന്‍ററി ഉപസമിതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും, ഇഐഎയില്‍ ഇടക്കിടെ വരുത്തുന്ന ഭേദഗതികൾ വളരെ വിരളമായണ് പാര്‍ലമെന്‍റിലെ നിയമനിര്‍മാതാക്കളുടെ ശ്രദ്ധയില്‍ പെടുന്നത്.
ഫലത്തില്‍ ഇഐഎ തീരുമാനങ്ങള്‍ ഗ്രാമീണ സമ്പദ് വ്യവസ്തയും പരിസ്ഥിതിവിജ്ഞാനവും തമ്മിലുള്ള കണ്ണികള്‍ മുറിച്ചുകളഞ്ഞു. ഭൂമിയിലും കാടുകളിലും അതിജീവനം നടത്തുന്ന ജനതക്കെതിരെ അധികാരം പ്രയോഗിക്കുന്നതിനുള്ള ആയുധമായാണ് ഇന്ത്യയില്‍ ഭരണകൂടം ഇഐഎയെ ഉപയോഗിച്ചത്.
പ്രാദേശികാവശ്യങ്ങള്‍ക്കായുള്ള ജലം വ്യാവസായിക ആവശ്യങ്ങള്‍ക്കായി വഴിതിരിച്ചുവിടുന്നതിനെ സര്‍ക്കാരുകള്‍ ന്യായീകരിച്ചു. അവര്‍ തൊഴിലാളികളുടെ ജീവനെടുക്കുന്നതിനും ഒരു ഭൂപ്രദേശത്തെയാകെ മലിനമാക്കുന്നതിനുമുള്ള ലൈസന്‍സ്, ഹാനികരവും വിഷാത്മകവുമായ വ്യാവസായിക പ്രക്രിയകള്‍ക്കു നല്‍കി. ഇഐഎ നടപടിക്രമങ്ങളുടെ ഭാഗമായുള്ള പഠനത്തിലൂടെ ഈ പ്രത്യാഘാതങ്ങള്‍ നിര്‍ണയിക്കാന്‍ സാധിക്കുമായിരുന്നിട്ട് പോലും, ഒരിക്കല്‍ ഈ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി, ഈ പ്രത്യാഘാതങ്ങളെ സാമ്പത്തിക വളര്‍ച്ചക്കു നല്‍കേണ്ട വിലയായി എഴുതിത്തള്ളുന്നു.
ഇഐഎ നടപടിക്രമങ്ങള്‍ പ്രോജക്ടുകൾക്ക് ഉപാധികളോടുകൂടിയ അനുമതി നല്‍കുന്നു. പക്ഷേ അനുമതി ലഭിച്ച പ്രോജക്ട് പാരിസ്ഥിതിക കൈകാര്യ മുന്‍ കരുതലുകള്‍ പാലിക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തേണ്ട മോണിറ്ററിങ് പ്രോട്ടോക്കൊള്‍ വിരളമായെ നിയമം നടപ്പിലാക്കാന്‍ തുനിയുകയുള്ളു.
ഇഐഎ പ്രക്രിയയുടെ പ്രധാനപ്പെട്ട സവിശേഷത ചില പ്രതേക തട്ടിലുള്ള പ്രോജക്ടുകൾക്ക് അനുമതി ലഭിക്കുന്നതിനു മുന്നോടിയായി പ്രദേശത്തെ പൊതു ജനങ്ങളില്‍ നിന്നും അഭിപ്രായ ശേഖരണം നടത്തണം എന്നതായിരുന്നു. ഈ സവിശേഷത ഇഐഎ ഉത്തരവിന് ജനപ്രിയ പദവി നല്‍കിയിരുന്നു. കാരണം ഇഐഎ ഉത്തരവിലെ പൊതുജനാഭിപ്രായ ശേഖരണ സംവിധാനം 2005 ലെ വിവരാവകാശ നിയമത്തിനു മുമ്പുളള ഒരു പതിറ്റാണ്ട്കാലം നമുക്കു പ്രൊജക്റ്റ്കളെ പറ്റി അറിയുന്നതിനുള്ള അവകാശം നല്‍കി.
പ്രൊജക്റ്റുകളെ പറ്റിയുള്ള പഠനങ്ങളും, പരിസ്ഥിതി റിപ്പോര്‍ട്ടുകളും പൊതുജനാഭിപ്രായ ശേഖരണത്തിനു 30 ദിവസത്തിനു മുമ്പായി ജനങ്ങള്‍ക്കു ലഭ്യമാക്കിയിരിക്കണം. പൊതുജന അഭിപ്രായശേഖരണം ജനങ്ങള്‍ക്ക് അധികാരത്തോട് സംസാരിക്കാനുള്ള കൃത്രിമ ഇടങ്ങൾ പ്രദാനം ചെയ്തു. പൊതുജന അഭിപ്രായ ശേഖരണത്തിനിടയില്‍ പ്രൊജെക്റ്റ് അധികാരികളുടെ അച്ചടക്കം പഠിപ്പിക്കൽ നടപടികള്‍, ആര്‍ക്കൊക്കെ സംസാരിക്കാം എന്തൊക്കെ സംസാരിക്കാം എന്നിവയെപറ്റി, കോര്‍പറേറ്റ് ശക്തികള്‍ ജനങ്ങളുടെ അതിജീവനത്തെ എങ്ങനെ തടസപ്പെടുത്തി എന്നതും എങ്ങനെയാണു അത്തരം ശക്തികള്‍ പ്രൊജക്റ്റിന്‍റെ തീരുമാനമെടുക്കലില്‍ സ്വാധീനം ചെലുത്തന്നതെന്നും തുറന്നുകാണിക്കുന്നു.

ഈ പ്രക്രിയകള്‍ പുറം കാഴ്ച്ചക്കു പങ്കാളിത്ത ജനാധിപത്യത്തെ പ്രോല്‍സാഹിപ്പിക്കാനാണു എന്നു തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ ചെയ്യുന്നത് കോടതിയിലും പുറത്തുമായി തങ്ങളുടേ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നതിനുള്ള അവകാശത്തെ ഹനിക്കുകയാണ്. നിയോ-ലിബറല്‍ ഇന്ത്യയിലെ വികസനസങ്കല്‍പ്പത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള ഏറ്റുവും പ്രധാനപ്പെട്ട കാര്യമാണു പൊതുജന അഭിപ്രായ ശേഖരണം.
2005ല്‍ വനം-പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ആഘാത നിര്‍ണ്ണയ (ഇഐഎ) ഉത്തരവിനെ “പുതുക്കുപണിയും” എന്നു പ്രഖ്യാപിച്ചിരുന്നു. മന്ത്രാലയത്തിന്‍റെ ഈ പ്രഖ്യാപനം ഇഐഎ പ്രക്രിയ നിയമസാധുതയോടുകൂടി പ്രാദേശിക പൊതുസമ്പത്തിനെ കൊള്ളയടിക്കന്നതിനെതിരെ പോരാട്ടത്തിലായിരുന്ന പല പരിസ്ഥിതിപ്രവര്‍ത്ത്ക ഗ്രൂപ്പുകളേയും, സാമൂഹ്യ ഗ്രൂപ്പുകളെയും ചൊടിപ്പിച്ചു.
നവംബര്‍ 13നു 300നടുത്ത് പ്രക്ഷോഭകര്‍ പരിസ്ഥിതിമന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തുകയും, ഓഫീസിന്‍റെ പ്രവേശന കവാടം മണിക്കൂറുകളോളം തടഞ്ഞുവച്ച് പരിസ്ഥിതി മന്ത്രാലയം മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. കോണ്ഗ്രസ്സ് സര്‍ക്കാരിന്‍റെ ഉത്തരവു യാഥര്‍ഥ്യമാക്കിയത്, 2014 ല്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരാണു. അവരുടെ മുദ്രാവാക്യം ‘സബ്കാ സാത് , സബ്കാ വികാസ്’ എന്നതായിരുന്നു. കോണ്ഗ്രസ്സിനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയത് ഈ മുദ്രാവാക്യമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ രാഷ്ട്രീയ പ്രചോദനാത്മകമായ പദ്ധതികൾക്കു അംഗീകാരം കൊടുത്തിരുന്നത് ഈ മുദ്രാവാക്യത്തിന്‍റെ മറവിലായിരുന്നു. ഈ മുദ്രാവാക്യം അതിന്‍റെ നീതീകരണം അല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഈ സര്‍ക്കാരിനു കീഴില്‍ ഇന്ത്യയെ വലിയ അസമത്വത്തിലെക്കും, തൊഴിലില്ലായ്മയിലേക്കും, ജൈവവൈവിധ്യങ്ങളുടെ നാശത്തിലേക്കും തള്ളിവിടുന്നത് തുടരുക മാത്രമാണു ഇഐഎ ചെയ്തത്.

ഇന്ന് ഇതിന്റെ പരിണതഫലങ്ങൾ എല്ലാവർക്കും കാണാവുന്നതേയുള്ളൂ. സംസ്ഥാന സർക്കാരുകൾ അതിന്റെ പാപ്പരത്ത വക്കിലാണ്. ജനങ്ങൾ കൂടുതൽ ദരിദ്രർ ആവുകയും കടക്കെണിയിൽ അകപ്പെടുകയും ചെയ്തിരിക്കുന്നു. വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടെ വളരെ പ്രധാനപ്പെട്ട ഭൂപ്രദേശങ്ങൾ നാശോന്മുഖമായിരിക്കുന്നു. മറുവശത്ത് ഇക്കാലഘട്ടത്തിൽ കുറച്ചു വ്യാവസായിക കുടുംബങ്ങളും ഭരണവർഗ പാർട്ടിയും ഇതിലൂടെയൊക്കെ ലാഭം കൊയ്യുന്നു.

പുതിയ നിർദ്ദേശവും അതിൻറെ പരിണിത ഫലങ്ങളും.

ഇ ഐ എ സർക്കാരിൻറെ ഏറ്റവും വിശിഷ്ടമായ പിഴിഞ്ഞെടുക്കൽ ഉപകരണം ആയിത്തീർന്നിരിക്കുന്നു. പ്രാദേശിക സമുദായങ്ങളുടെ പൊതു ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവങ്ങളെ അവരിൽ നിന്നും തട്ടിയെടുത്ത സർക്കാരിനെ പിന്തുണയ്ക്കുന്ന പ്രോജക്ട് നടത്തിപ്പുകാർക്ക് അത് കൈമാറുക എന്നുള്ളതാണ് സർക്കാരിന്റെ ആവശ്യം.

2020 നിർദ്ദേശിക്കപ്പെട്ട പതിപ്പും സമാനമായതുതന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. ഈ പുതിയ പതിപ്പിനുള്ള വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ന്യായീകരണം, 2006 മുതലുള്ള എല്ലാ ഭേദഗതികളും, നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള കോടതി നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നും, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഐഎ റഗുലേറ്ററി പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കപെടും എന്നുമാണ്.

കരട് EIA 2020ൽ എന്താണ് പുതുമ?

നിർ‌വചനങ്ങൾ‌: 1994 ൽ‌ വിജ്ഞാപനം നിലവിൽ വന്നതിനുശേഷം ആദ്യമായി EIA വിജ്ഞാപനത്തിൽ‌ ഉപയോഗിച്ച പദങ്ങളുടെ 60 നിർ‌വ്വചനങ്ങൾ‌ എടുത്ത് പറയുന്നു. നിർ‌വചിച്ചിരിക്കുന്ന പദങ്ങളിൽ “ലംഘനം”, “പഠന മേഖല”, EIA റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള“ അടിസ്ഥാന ഡാറ്റ ”എന്നിവ ഉൾപ്പെടുന്നു.

രണ്ട് തരം അനുമതികൾ: വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തലോടെയുള്ള പാരിസ്ഥിതിക അനുമതിയും വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തലില്ലാതെയുള്ള പാരിസ്ഥിതിക അനുമതിയും.

മൂന്ന് തരം പദ്ധതികൾ: മുൻകൂർ പാരിസ്ഥിതിക അനുമതിയോ പാരിസ്ഥിതിക അനുമതിയോ നേടുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെയോ സംസ്ഥാനതല സ്ഥാപനങ്ങളുടെയോ അധികാരപരിധി നിർണ്ണയിക്കാനുള്ള വിജ്ഞാപനത്തിൽ മുൻകൂർ നിർവചിച്ചിട്ടുള്ള A, B1, B2. കൃത്യമായ വിലയിരുത്തലിൽ B1 എന്നോ B2 എന്നോ തരം തിരിക്കുന്ന, മുൻപ് ഉണ്ടയിരുന്ന ഒരു പ്രക്രിയയെ ഇത് ഒഴിവാക്കുന്നു.

സാങ്കേതിക വിദഗ്ദ സമിതി എന്ന പേരിൽ 5 വർഷത്തെ കാലാവധിയോടെ പുതിയൊരു വിദഗ്ദ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. ശാസ്ത്രീയ അടിസ്ഥാനത്തിൽ പദ്ധതികളെ A, B1, B2 എന്നിങ്ങനെ പതിവായി തരംതിരിക്കുക എന്നതാണ് TECയുടെ പ്രധാന കർത്തവ്യം. നിലവിൽ ഇത് പരിസ്ഥിതി മന്ത്രാലയമാണ് ചെയ്യുന്നത്.

Expansion പദ്ധതികൾക്ക് നിർവചിച്ചിരിക്കുന്ന ചട്ടം മുൻപത്തേതിൽ നിന്നും ശക്തമായ വ്യതിയാനമാണ്. Capacity enhancement ഇല്ലാതെയുള്ള expansionന്‌ മുൻകൂർ പാരിസ്ഥിതിക അനുമതി നൽകില്ല. 10-50 ശതമാനത്തിന് ഇടയിലുള്ള expansionന്‌ EIA പഠനങ്ങളിൽ നിന്നും പൊതു വിചാരണയിൽ നിന്നും ഇളവുകൾ ലഭിക്കും. 50 ശതമാനത്തിന് മുകളിലുള്ള expansion പുതിയ പദ്ധതികളായി പരിഗണിക്കും.

മുൻകൂർ പാരിസ്ഥിതിക അനുമതിയിൽ‌ നിന്നുള്ള ഇളവുകൾ: മണൽ‌ അല്ലെങ്കിൽ‌ കളിമൺ‌ ഖനന പദ്ധതികൾ‌, കിണർ കുഴിക്കൽ‌ പോലുള്ള സാമൂഹിക അവശ്യത്തിനായുള്ള പദ്ധതികൾ‌ ഉൾപ്പെടെ നാൽ‌പത് തരം പദ്ധതികൾ (പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു). സോളാർ PV, കൽക്കരി, കൽക്കരി ഇതര ധാതുക്കളുടെ ഖനനം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന മറ്റുള്ളവ.

പൊതു പരിശോധനയിൽ നിന്ന് നിരവധി പദ്ധതികൾക്കുള്ള ഇളവുകൾ: A, B1 എന്നീ വിഭാഗങ്ങൾക്കും 50 ശതമാനത്തിന് മുകളിൽ capacity ഉള്ള expansion പദ്ധതികൾക്കും എന്നിവയ്ക്ക് പൊതു വിചാരണ ആവശ്യമാണ്. പൊതു വിചാരണക്കുള്ള മുൻ‌കൂർ അറിയിപ്പ് 20 ദിവസമായി കുറച്ചു.

പൊതു വിചാരണയ്ക്ക് ശേഷമോ മുൻകൂർ പാരിസ്ഥിതിക അനുമതി നൽകിയതിന് ശേഷമോ പദ്ധതിയുടെ സൈറ്റിന് മാറ്റം വരുത്തുകയോ ചെയ്താൽ പദ്ധതി de novo വിലയിരുത്തണം.

വർദ്ധിച്ച കാലാവധിയുള്ള മൂന്ന് വിഭാഗങ്ങൾക്കുള്ള EC സാധുത: നിർമ്മാണം അഥവാ ഇൻസ്റ്റാളേഷൻ, operation and redundancy, closure and dismantling എന്നിവയാണ് മൂന്ന് വിഭാഗങ്ങൾ. ഖനന പദ്ധതികളുടെ സാധുത 50 വർഷമായും (നിലവിൽ 30), റിവർ വാലി പദ്ധതികളുടെ 15ഉം (നിലവിൽ 10), മറ്റുള്ളവയെല്ലാം 10ഉം (നിലവിൽ ഏഴ്) ആയി ഉയർത്തും.

വാർ‌ഷിക അംഗീകാരാനന്തര നിരീക്ഷണം: പദ്ധതിയുടെ ഉടമ റിപ്പോർട്ട് സമർപ്പിക്കാതിരുന്നാൽ പദ്ധതി ഏത് വിഭാഗത്തിൽ പെടുന്നു എന്നതിന്റ അടിസ്ഥാനത്തിൽ പ്രതിദിന പിഴ ഈടാക്കുന്നതാണ്.

പദ്ധതി ലംഘനങ്ങളും അംഗീകാരത്തിനായുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും: അംഗീകാരമില്ലാതെ പ്രവർത്തിച്ച പദ്ധത്കൾക്ക് അനുമതിക്കായി കൃത്യമായ ചട്ടങ്ങൾ. ചട്ടം ലംഘിച്ചുകൊണ്ട് പ്രവർത്തിച്ച പദ്ധതികൾക്ക് വിശകലനത്തോടെ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെടാനും കഴിയും. ചട്ട ലംഘനം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ വിലയിരുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ CPCB നൽകും.

EIA മാറ്റങ്ങളുടെ പ്രധാന പ്രശ്നങ്ങൾ.
EIA യെ ഭരണകൂടം അതിൻറെ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു എന്നത് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളുടെ വായനയിലൂടെ ഉറപ്പിക്കാം. വലിയ പ്രൊജക്ടുകൾക്ക് പ്രകൃതി വിഭവങ്ങൾ ലഭ്യമാക്കുന്നതിനുള്ള തീരുമാനമെടുക്കൽ പ്രക്രിയ ആയാണ് ഈ വിജ്ഞാപനം രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. വിദഗ്ദ്ധ സംഘങ്ങൾ പ്രൊജക്റ്റ് നിർദ്ദേശങ്ങളെ സാങ്കേതികമായി വിലയിരുത്തുകയും ജോലിക്കും, പ്രാദേശിക വികസനത്തിനും, സാമ്പത്തിക വളർച്ചയ്ക്കും പകരമായി അമൂല്യമായ പ്രകൃതി വിഭവങ്ങൾ കൈമാറണമോയെന്ന് നിർദ്ദേശിക്കുകയും ചെയ്യണം.

കരട് EIA ഈ മൂല്യനിർണയ പ്രക്രിയകളെ വലിയതോതിൽ വെട്ടിക്കുറയ്ക്കുന്നു. ചുരുങ്ങിയ അളവിലുള്ള ഈ പരിശോധന സംവിധാനം ഈ വ്യവസ്ഥകളെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനും നശീകരിക്കുന്നതിനുമുള്ള അനുവാദം ആക്കിത്തീര്‍ക്കന്നു.

പരിസ്ഥിതിയെ മെച്ചപ്പെടുത്താനാണ് EIA ഉദ്ദേശിക്കുന്നതെങ്കിൽ, മകര പരിസ്ഥിതിയെ പരിവർത്തനം ചെയ്യുന്നതും മകര ഭൂമികളെ ധനസമ്പാദനം നടത്തുന്നതിനായുമുള്ള പദ്ധതികൾക്ക് കരട് വിജ്ഞാപനത്തിൽ കുറഞ്ഞ പ്രാധാന്യം നൽകുന്നത് എന്തുകൊണ്ടാണ്?

മിക്ക മേഖലകളിലെയും നിയന്ത്രണ ഉപാധികളെ നേർപ്പിക്കുന്നുണ്ടെങ്കിൽ പോലും, EIA വിജ്ഞാപനത്തിൽ ജലപാത റോഡ് നവീകരണം തുടങ്ങിയ പല പുതിയ പ്രോജക്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന കരടിലെ പ്രൊജക്ടുകളുടെ നീണ്ട ലിസ്റ്റ് കാണിക്കുന്നത് വ്യാവസായിക മേഖലയുടെ താൽപര്യത്തിനനുസരിച്ച് സർക്കാർ അതിൻറെ മുഴുവൻ നിയന്ത്രണവും അധികാരവും കളയാൻ താൽപര്യപ്പെടുന്നില്ല എന്നാണ്.

രാഷ്ട്രീയ നിയന്ത്രണാധികാരം ചെലുത്തുന്നതിനുള്ള ഉപകരണമെന്ന EIA യുടെ സ്വഭാവ സവിശേഷതയെ ഇത് തുറന്നു കാണിക്കുന്നു. വികസനപദ്ധതികളെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കും എന്ന മോദി സർക്കാരിൻറെ വാഗ്ദാനങ്ങൾക്ക് അതീതമായി, ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന കരട് കാണിക്കുന്നത്, EIA യെ ഒരു നിയന്ത്രണ ഉപകരണമായി ഉപയോഗിക്കാനാണ് ഗവൺമെൻറ് താല്പര്യപ്പെടുന്നത് എന്നാണ്. എങ്കിൽ മാത്രമേ സാമ്പത്തിക പദ്ധതികളെയും അതിൻറെ നടത്തിപ്പുകാരെയും തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളിലേക്ക് അടുപ്പിക്കാൻ സാധിക്കു.

മോദി സർക്കാരിന് കീഴിൽ സംഭവിച്ച എല്ലാ നിയമ ഭേദഗതികളും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ ഘടനാപരമായ മാറ്റം കൊണ്ടുവന്നിട്ടുള്ള വയാണ്. EIA വിജ്ഞാപനത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളും ഈ വസ്തുതയിൽ നിന്നും വിഭിന്നമൊന്നുമല്ല. കാര്യനിർവ്വഹണ സമിതികളും വിദഗ്ധ കമ്മിറ്റികളും രൂപീകരിക്കുന്നതിൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുകയും, സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്തിയതിനു ശേഷം മാത്രം കമ്മറ്റികൾ രൂപീകരിക്കുകയെന്ന ആവശ്യകതയെ തള്ളിക്കളയുകയും ചെയ്യുന്നു.

ഇത് സംസ്ഥാന സർക്കാരുകളുടെ അധികാരത്തെ , ആവശ്യമെങ്കിൽ കേന്ദ്രത്തിന് തള്ളിക്കളയാവുന്ന നിർദ്ദേശങ്ങൾ അയക്കുന്നതിലേക്ക് ചുരുക്കുന്നു. ഫലത്തിൽ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന് പദ്ധതികൾക്ക് അനുമതി നൽകുന്നതിനും മൂല്യനിർണയം നടത്തുന്നതിനും ഉത്തരവാദിത്വമുള്ള കമ്മിറ്റികളെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനുള്ള ഏകപക്ഷീയമായ അധികാരം ലഭിക്കുന്നു. മുഴുവൻ പ്രവർത്തനങ്ങളെയും നേരിട്ട് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിനെ ഇത് പ്രാപ്തമാക്കുന്നു.

ചില കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനുള്ള അധികാരം ജില്ലാ തലത്തിലുള്ള കമ്മിറ്റികൾക്ക് കൈമാറുമെന്ന് ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കരട് രേഖ അവകാശപ്പെടുന്നുണ്ടെങ്കിലും, പ്രാദേശികതലത്തിൽ കേന്ദ്ര സർക്കാർ ആദ്യം പുറപ്പെടുവിപ്പിച്ച ഇടുങ്ങിയ പാരിസ്ഥിതിക മൂല്യനിർണയ സമീപനത്തെ പകർത്താൻ മാത്രമാണ് ഈ വികേന്ദ്രീകരണം അനുവദിക്കുന്നത്. ഭക്ഷ്യസുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യസുരക്ഷ മറ്റു സാമൂഹ്യ സാമ്പത്തിക പരിഗണനകൾ എന്നിവയെയൊക്കെയും ഈ മൂല്യനിർണയം പ്രക്രിയയിലേക്ക് കൊണ്ടുവന്നില്ലെങ്കിൽ പ്രാദേശികതലത്തിൽ എടുക്കുന്ന EIA തീരുമാനങ്ങൾക്ക് ദേശീയ തലത്തിലേതിൽ നിന്നും മെച്ചമൊന്നും ഉണ്ടാവില്ല.

EIA കരട് വിജ്ഞാപനം ഭരണകൂട തീരുമാനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി സാമൂഹ്യ തീരുമാനങ്ങളുടെ പ്രാധാന്യത്തെ തുരങ്കം വയ്ക്കുന്നു. പുതുതായി വരാൻ പോകുന്നതും നിലവിലുള്ളതിനെ വികസിപ്പിക്കുന്നതുമായ പ്രോജക്ടുകൾക്ക് പൊതുജനാഭിപ്രായ ശേഖരണം കുറച്ചുകൂടി വെട്ടിക്കുറയ്ക്കുന്നു. പല പ്രൊജക്ടുകളും പൊതുജനങ്ങളുമായി കൂടിയാലോചിക്കുക എന്ന നിബന്ധനക്ക്‌ വെളിയിലാണ്.

സർക്കാർ, പ്രോജക്ടുകളുടെ താൽപര്യത്തിനനുസൃതമായി വരുത്തിയ മറ്റൊരു വലിയ വലിയ മാറ്റമാണ് ഇത്. പൊതുജന അഭിപ്രായം ശേഖരണമാണ് വ്യത്യസ്ത സാമൂഹിക ഗ്രൂപ്പുകൾക്ക് പ്രോജക്ടുകൾ പറ്റി മനസ്സിലാക്കുന്നതിനും അവരോട് സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റാൻ ആവശ്യപ്പെടാനും സാധിക്കുന്ന ഒരേയൊരു അവസരം. ഈ അവസരം നഷ്ടപ്പെടുന്ന തോടുകൂടി, ഒരു തരത്തിലുള്ള പരിസ്ഥിതി വിഭവ ചൂഷണത്തെയും പറ്റിയും വെളിപ്പെടുത്തലുകൾ ഇല്ലാതെയും, പ്രാദേശിക ജനതയ്ക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങളെയും അവരുടെ വികസന ആവശ്യങ്ങളെയും പരിഗണിക്കാതെ പ്രോജക്ടുകൾക്ക് പരിസരപ്രദേശങ്ങളിൽ സ്വയം പ്രവർത്തനം തുടങ്ങാൻ സാധിക്കും.

ഏറ്റവും പ്രധാനപ്പെട്ടത്, ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള EIA വിജ്ഞാപനം, ഈ നിയമ വിജ്ഞാപനത്തേ ലംഘിക്കാൻ അനുവദിക്കുന്ന തരത്തിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.

ഫലത്തിൽ ഇത് പാരിസ്ഥിതിക തീരുമാനങ്ങളെടുക്കുന്നതിൽ നിയമത്തിന് പ്രാധാന്യമൊന്നുമില്ലാത്ത അവസ്ഥ സംജാതമാക്കുന്നു. പ്രാദേശിക ജനതയെ ദോഷകരമായി ബാധിക്കുന്നതും നിയമത്തിന് അതീതമായി പ്രവർത്തിക്കുന്നതുമായ പദ്ധതികളിൽ നിന്ന്, അവർക്ക് നിയമപരമായ പ്രതിവിധി ലഭിക്കുന്നതിനുള്ള സാധ്യതകളെ ഇത് ഇല്ലായ്മ ചെയ്യുന്നു. EIA ലംഘിക്കുന്നവർ കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയല്ല, മറിച്ച് പരിസ്ഥിതി മന്ത്രാലയത്തിൽ ആ വ്യവഹാരം കെട്ടിക്കിടക്കുകയാണ് ചെയ്യുക.

പ്രയോഗത്തിൽ, ഭരണകൂടത്തിന് സാമ്പത്തിക രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉപകരണം മാത്രമായി EIA മാറും. ഭരണകൂടം ഇതിനെ ഒരിക്കൽപോലും പാരിസ്ഥിതിക പരിപാലനത്തിനുള്ള ഒരു നിയമസംഹിതയായി കാണുകയോ, ആ തരത്തിൽ അതിനെ നടപ്പിലാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല.

ഭരണകൂടം കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ലോക്ഡൗൺ കാലഘട്ടത്തിൽ പല തീരുമാനങ്ങളും, നിയമഭേദഗതികളും പുതിയ നയങ്ങളും നടപ്പിലാക്കുകയുണ്ടായി. അതിൽ ഏറ്റവും ദുരുദ്ദേശത്തോടുകൂടിയതും അപകടകരവുമായ ഒന്നാണ് EIA 2020. ഇത് രാജ്യവ്യാപകമായി പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കും.

EIA 2020 രൂപകൽപ്പന ചെയ്തിരിക്കുന്നത് ഭരണകൂടം കൈക്കൊള്ളുന്ന തെറ്റായ തീരുമാനങ്ങളിൽ നിന്നും പരിസ്ഥിതിയെ പൗരന്മാർക്ക് സംരക്ഷിക്കുന്നതിനുള്ള ഉള്ള സാമൂഹ്യവും, രാഷ്ട്രീയവും, നിയമപരവുമായ അവസരത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ്.