പരിസ്ഥിതിക്കും മനുഷ്യനും ഭീഷണിയായി EIA 2020.

എന്താണ് EIA?

പലർക്കും ഇതിനെ കുറിച്ച് അറിയാത്തതിനാൽ തീർച്ചയായും ഉത്തരം നൽകേണ്ട ഒരു ചോദ്യമാണിത്. നിരവധി പദ്ധതികളുടെ ദുഷ്ഫലം അനുഭവിക്കാൻ പോകുന്നവർക്ക് പോലും ഇതിനെക്കുറിച്ച് അറിയില്ല. ഇതിന്റെ സത്യാവസ്ഥ വ്യാപകമായി പ്രചരിപ്പിച്ച് അതുവഴി ആളുകളെ ബോധവാന്മാരാക്കി പുതിയ സമരങ്ങൾക്ക് തുടക്കം കുറിക്കാൻ ഒക്കുകയുള്ളൂ. എന്നാൽ പകർച്ചവ്യാധിയുടെ ഇടയിൽ ഇത് ആരെങ്കിലും കേൾക്കുമോ? ഈ പകർച്ചവ്യാധി സമയത്ത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങൾ സർക്കാർ കൊണ്ടുവരുന്നത് ധാർമ്മികമായും തെറ്റാണ്. ജനങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളും ആശങ്കാകുലരായ ഈ  സാഹചര്യത്തിൽ അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനങ്ങളെടുക്കാൻ സർക്കാർ ഉപയോഗിക്കരുത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 23 നാണ്‌ കേന്ദ പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയം
“പാരിസ്ഥിതികാഘാത നിര്‍ണ്ണയ വിജ്ഞാപനം, 2020അഥവാ “ഇഐഎ വിജ്ഞാപനം, 2020” പുറത്തിറക്കിയത്‌. റോഡ്‌ നിര്‍മാണം, ഖനനം, ഫാക്ടറികള്‍ പവര്‍ പ്ലാന്റുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ പുതിയ നിര്‍മ്മാണ പദ്ധതികള്‍ക്കും നിലവിലുള്ളവ നവീകരിക്കുന്നതിനും നിലവിലെ വിജ്ഞാപനം
അനുസരിച്ച്‌ പാരിസ്ഥിതികാഘാത പഠനം നിര്‍ബന്ധമാണ്‌. അതുകൊണ്ടു തന്നെ ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ മേഖലയിലെ ഒരു സുപ്രധാന മാര്‍ഗ്ഗരേഖയാണ്‌ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന കരട്‌ വിജ്ഞാപനം.

എന്നാല്‍ വാണിജ്യ ലാഭത്തിനായി പരിസ്ഥിതി സംരക്ഷണത്തിന്‍റെ കാതലായ മൂല്യങ്ങളെ അവഗണിക്കുകയും നിയമങ്ങളില്‍ ഇളവ്‌ ചെയ്തു കൊടുക്കുകയും ചെയ്യുന്നു എന്ന
കാരണത്താല്‍ ഈ വിജ്ഞാപനം തുടക്കം മുതല്‍ തന്നെ നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഓരോ പൗരന്റെയും മാലികാവകാശമായ ശുദ്ധമായപരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നതിലുപരി ഇഐഎ വിജ്ഞാപനം ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുകയും ചെയ്യുന്നു.

ഇഐഎ വിജ്ഞാപനത്തെ (2020) കുറിച്ച്‌ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയര്‍ന്ന
സാഹചര്യത്തില്‍ അതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച്‌ കേന്ദ്ര വനം-പരിസ്ഥിതി
മന്ത്രാലയത്തിന്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാർ പ്രതികരണം അറിയിച്ചത് ഏറ്റവും അവസാനം ദിവസമാണ്.രാജ്യത്ത് ഇത്തരം സമരങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കേണ്ട ഒരു സർക്കാറിന്റെ ഈ പതുങ്ങലും  ഗൗരവമേറിയ വിഷയമാണ്.വനം, വന്യജീവികള്‍, പരിസ്ഥിതി ആവാസവ്യവസ്ഥകള്‍, വനങ്ങളെ ആശ്രയിച്ച്‌ കഴിയുന്ന ആദിവാസികൾ,രാജ്യത്തുടനീളമുള്ള പൗരൻമാര്‍ എന്നിവരെയാണ് ഇഐഎ വിജ്ഞാപനം, 2020 ബാധിക്കുന്നതാണ്.

പുതിയ കരട് EIA 2020 ന്റെ പോരായ്മകൾ എന്തൊക്കെയാണ്?

കേന്ദ്ര സർക്കാർ അടുത്തിടെ പുറപ്പെടുവിച്ച പുതിയ കരട് EIA വിജ്ഞാപനം 2006 ലെ EIAയെ നിഷ്ഫലമാക്കുന്ന പിന്തിരിപ്പൻ വ്യതിയാനമാണ്.കരടിന്റെ ഉദ്ദേശം പരിസ്ഥിതി സൗഹൃദത്തിന് പകരം വ്യവസായത്തിന് അനുകൂലവും ജനവിരുദ്ധവുമാണ്. ഈ വിജ്ഞാപനം രാജ്യത്ത് പദ്ധതികൾക്ക് അനുമതി നൽകുന്ന പ്രക്രിയക്ക് ഒരു സുപ്രധാന മാറ്റം ഉണ്ടാക്കാൻ കാരണമാകും.ഒന്നാമതായി ഇത് വിശാലമായ പദ്ധതികൾക്ക് പൊതുവായൊരു കൂടിയാലോചനയുടെ ആവശ്യകത ഇല്ലാതാക്കും.ജലസേചനം, ദേശീയപാത വികസനം, റോപ്പ് വേ , കെട്ടിട നിർമ്മാണം തുടങ്ങിയ പദ്ധതികളിൽ പൊതുജന പങ്കാളിത്തം ഒഴിവാക്കുന്നതിലൂടെ ഇത്തരം പദ്ധതികളുടെ ദൂഷ്യവശങ്ങൾ ബാധിക്കാൻ പോകുന്ന വിഭാഗങ്ങളെ നിശബ്ദമാക്കും. പദ്ധതി വേഗത്തിൽ മുന്നേറാൻ പൊതുജന പങ്കാളിത്തിന് അനുവദിച്ച സമയവും കുറക്കും.

പൊതുവിചാരണയില്‍നിന്ന്‌ പദ്ധതികളെ ഒഴിവാക്കുന്നത്‌ ജനാധിപത്യ വിരുദ്ധ നടപടിയാണ്‌. പദ്ധതി പ്രദേശത്തെ പാരന്മാരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ഉപജീവന മാര്‍ഗങ്ങളെയും ബാധിക്കുന്ന പദ്ധതികളില്‍, പൊതുജനാഭിപ്രായംമുഖവിലക്കെടുക്കാതിരിക്കുന്നത്‌ അവരുടെ അവകാശ ലംഘനത്തിന്‌ തുല്യമാണ്‌.ഈയിടെ അസമിലെ ഭാഘ്ജനില്‍ നടന്നത്‌ ഇതിന്റെ ഒരു ഉദാഹരണമാണ്‌. അവിടുത്തെ
ഓയില്‍ ഇന്ത്യ ലിമിറ്റഡ്‌ (ഓ ഐ എല്‍) എന്ന കമ്പനിയുടെ ഫാക്ടറിയില്‍ ഒരു വാതക ചോര്‍ച്ചയുണ്ടായി. എണ്ണയും, മീഥേന്‍, പ്രൊപൈന്‍, പ്രൊപ്പിലീന്‍ തുടങ്ങിയ വിഷ വാതകങ്ങളും 12 ദിവസത്തോളം തുടര്‍ച്ചയായി ചോര്‍ന്നു. ഇത്‌ അവിടത്തെ കൃഷിയിടങ്ങളിലേക്കും മറ്റും വ്യാപിച്ചു. ഈ
പ്രദേശത്തെ ജനങ്ങളെ പിന്നീട്‌ താൽകാലിക അഭയ കേന്ദ്രങ്ങളിലേക്ക്‌ മാറ്റുകയാണുണ്ടായത്‌. ഈ ചോര്‍ച്ച അവിടെത്തെ കൃഷി ഭൂമികളെ ഉപയോഗശൂന്യമാക്കുകയും ആവാസ വ്യവസ്ഥയില്‍ ഗണ്യമായ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. മാത്രവുമല്ല മത്സ്യബന്ധനത്തിനും കൃഷിക്കും വേണ്ടി മഗൂരി
തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ചിരുന്ന പ്രാദേശികര്‍ക്ക്‌ ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കപ്പെട്ടു എന്നും ഇഐഎ, 2020 കരട്‌ വിജ്ഞാപനം പിന്‍വലിക്കാനും റദ്ദുചെയ്യാനും കേന്ദ്രത്തോടാവശ്യപ്പെട്ട്‌ പ്രേരണ സ്വിംഗ്‌ ബിന്ദ്ര (വന്യജീവി ബോര്‍ഡ്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി മുന്‍ അംഗം,
പരിസ്ഥിതി സംരക്ഷക), വൈശാലി റാവത്‌ (പരിസ്ഥിതി സംരക്ഷക) എന്നിവർ എഴുതിയ കത്തിൽ പറയുന്നു.

ഇ.ഐ.എ, 2020 വിജ്ഞാപനത്തില്‍ പല പദ്ധതികളെയും “നയതന്ത്ര പദ്ധതികള്‍” എന്ന വിഭാഗത്തില്‍ പെടുത്തിയിട്ടുണ്ട്‌. പ്രതിരോധം,രാജ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ പദ്ധതികളെ ഇത്തരം വിഭാഗത്തില്‍
പെടുത്തിയിരുന്നു. എന്നാല്‍ ഈ പദ്ധതികളെ പൊതു വിചാരണയില്‍ നിന്നും ഒഴിവാക്കിയെന്നു മാത്രമല്ല, അവയെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനത്തിന്‌ ലഭ്യമാവുകയുമില്ല. ഈ നയതന്ത പദ്ധതികള്‍ എന്താണെന്നതിന്‌ കൃത്യമായ ഒരു നിര്‍വചനം നല്‍കുന്നതിലും ഇ.ഐ.എ, 2020 പരാജയപ്പെട്ടു. ഇ.ഐ.എ, 2020 പ്രകാരം ഈ നയതന്ത്ര പദ്ധതികള്‍ ഏതൊക്കെയാണെന്ന്‌ സര്‍ക്കാരിന്‌ തീരുമാനിക്കാം. ഇത്തരം നയതന്ത്രപദ്ധതികള്‍ പൊതുവിചാരണയില്‍ നിന്ന്‌ ഒഴിവാക്കപ്പെടുന്നത്‌ അവയുടെ സുതാര്യതയെ
വളരെയധികം ബാധിക്കും.

കരട് വിജ്ഞാപനത്തിന്റെ പ്രധാന പഴുതുകളിലൊന്ന് വ്യവസായങ്ങൾക്ക് നൽകുന്ന സുതാര്യമായ ജീവനരേഖ അവയെ അവയുടെ ലംഘനങ്ങളിൽ നിന്ന് നേട്ടം കൊയ്യാനായി സഹായിക്കും . അതായത്  ലംഘനം നടന്നതിന് ശേഷവും കൃത്യമായ അനുമതിയും അംഗീകാരവും ലഭിക്കാത്ത പദ്ധതികളെ നിയമ വിധേയമാക്കി അനുമതി നൽകും എന്നതും ഈ കരട് ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്.ഈ തത്വം പരിസ്ഥിതി നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അവഹേളനവും ആണ്.വ്യവസായങ്ങൾ റിപ്പോർട്ടുകൾ വർഷത്തിൽ രണ്ടുതവണ സമർപ്പിക്കേണ്ടതിന് പകരം അത് ഇപ്പോൾ വർഷത്തിൽ ഒരു തവണയായി ചുരുക്കി. വ്യവസായങ്ങളെ കുറിച്ചും അവ നമ്മുടെ പരിസ്ഥിതിയിൽ ഉണ്ടാക്കാൻ പോകുന്ന അനന്തര ഫലത്തെ കുറിച്ചുമുള്ള അന്വേഷണങ്ങൾ ലഘൂകരിച്ച ഒരു വ്യവസായിക അനുകൂല വിജ്ഞാപനമാണിത്.മോണിറ്ററിംഗ് സിസ്റ്റത്തെ പ്രത്യക്ഷത്തിൽ തന്നെ ദുർബലപ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം.

ഉദാഹരണത്തിന് ആസാമിൽ കിഴക്കൻ ആമസോൺ എന്നറിയപ്പെടുന്ന ഡെഹിംഗ് പട്കായിയെ കോൾ ഇന്ത്യ വർഷങ്ങളായുള്ള അനധികൃത കൽക്കരി ഖനനം മൂലം നശിപ്പിച്ചു. 2013 മുതൽ അനുമതിയോടെയാണ് ഖനനം നടത്തിയത്. ഇത് ഇപ്പോഴും തുടരുകയാണ്. പോസ്റ്റ് ഫാക്റ്റോ അനുമതിയിലൂടെ ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്.

ഇത് പ്രാദേശിക വിഭാഗങ്ങളെയും അടിസ്ഥാന വർഗ്ഗത്തിലെ തൊഴിലാളികളെയും എങ്ങനെ ബാധിക്കുന്നു?

ഇത് ഒരു ദേശീയ നിയമനിർമ്മാണമാണെങ്കിലും ഇത് ഹിന്ദിയിലും ഇംഗ്ലീഷിലും അല്ലാതെ മറ്റൊരു പ്രാദേശിക ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് ശ്രദ്ധിക്കണം. കരടിന്റെ പകർപ്പുകൾ മറ്റ് ഭാഷകളിൽ വിവർത്തനം ചെയ്ത കോപ്പികൾ ഡൽഹി ഹൈക്കോടതി അവശ്യപെട്ടെങ്കിലും അത് ഇതുവരെ സമർപ്പിച്ചിട്ടില്ല. പ്രാദേശിക വിഭാഗങ്ങളെ പൊതുജന പങ്കാളിത്തത്തിൽ നിന്ന് ഇത് വ്യക്തമായി ഒഴിവാക്കുന്നു.

നമ്മൾ ആരോഗ്യപരമയും കാലാവസ്ഥാപരമയും ഉള്ള പ്രശ്നങ്ങളുടെ നടുവിലാണ്. EIA 2020 എന്ന  ഈ കരട് വിജ്ഞാപനം രാജ്യത്തിന്റെ പരിസ്ഥിതി നിയമത്തിന്റെ പ്രക്രിയയുടെ ഘടനയിൽ കാര്യമായ മാറ്റമാണ് കൊണ്ടുവരാൻ പോകുന്നത്.വിജ്ഞാപനത്തിനെതിരെ ഡിജിറ്റൽ കാമ്പെയ്‌നുകളും ഓപ്പൺ ലെറ്ററുകളും ആരംഭിച്ച മൂന്ന് ദേശീയ പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പുകളുടെ വെബ്‌സൈറ്റുകളും അധികൃതർ എടുത്തുമാറ്റി. ഫ്രൈഡേ ഫോർ ഫ്യൂച്ചർ ഇന്ത്യ, ലെറ്റ്  ഇന്ത്യ ബ്രീത്ത്, ദെയർ ഈസ് നോ എർത്ത് ബി ഇവയാണ് ആ കൂട്ടായ്മകൾ. കരടിനെതിരെ പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെയും പ്രവർത്തകരെയും നിശബ്ദരാക്കാനുള്ള വെബ് സെൻസർഷിപ്പാണിത്. അവബോധം സൃഷ്ടിക്കുന്നതിന്റെയും പ്രചരണത്തിന്റെയും ഇൗ സമയത്ത് മുൻ‌കൂട്ടി അറിയിക്കാതെയാണ് ഈ  വെബ്സൈറ്റുകൾ എടുത്തുമാറ്റിയത്. ഇത് നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്. അധികാരികൾ ജനങ്ങളുടെ ശബ്ദത്തെ ഭയപ്പെടുന്നു എന്നതിന്റെ ഒരു സൂചന കൂടിയാണിത്.

പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനു മുന്‍പേ തന്നെ മരങ്ങള്‍ മുറിക്കാതെ നിലം നിരപ്പാക്കുന്നതിന്‌ ഇഐഎ, 2020 വിജ്ഞാപനം അനുമതി നല്‍കുന്നു.തന്മൂലം, പുല്‍മേടുകള്‍, ചതുപ്പ്‌ നിലങ്ങള്‍, കണ്ടല്‍ക്കാടുകള്‍, മരുഭൂമികള്‍ തുടങ്ങിയ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ അതീവ ഗുരുതര
ആഘാതങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്‌. ഇഐഎ, 2020 ന്റെ രൂപരേഖ, സംരക്ഷിത പ്രദേശങ്ങളില്‍ നിര്‍ദ്ദേശിച്ച
പദ്ധതികളുടെ ഭാഗമായി ‘നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍’ അല്ലാതെയുള്ള ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുമതി ഉണ്ടോ എന്ന്‌ വ്യക്തമാക്കുന്നില്ല. ഇഐഎ യിലെ ഈ പഴുതുകള്‍ ചൂഷണം ചെയ്തുകൊണ്ട്‌ പദ്ധതികളുടെ വക്താക്കള്‍ക്ക്‌, പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന്‌ മുന്‍പേ തന്നെ സംരക്ഷിത പ്രദേശങ്ങളില്‍ ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. ഇത്‌ പ്രസ്തുത
പ്രദേശത്തെ ജൈവ വൈവിധ്യ സമ്പത്തിന്റെ ശോഷണത്തിനു കാരണമായേക്കാം എന്നും പരിസ്ഥിതിപ്രവർത്തകർ ആശങ്കപ്പെടുന്നു.

തദ്ദേശ ജന വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതും പരിസ്ഥിതിയുടെ സ്വാഭാവികത നിലനിർത്തുന്നതുമായ ശക്തമായ ഒരു പരിസ്ഥിതി നിയമത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഈ ഘട്ടത്തിൽ ആവശ്യം.നിലവിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള പരിസ്ഥിതി നിയമങ്ങൾ എല്ലാം തന്നെ ഒളിഞ്ഞോ തെളിഞ്ഞോ കോർപ്പറേറ്റ് ദാസ്യപ്പണി ചെയ്യുന്നതാണ് .