കേരളപോലീസിന്റെ വാമനജയന്തി.

വിദ്യാര്‍ത്ഥികള്‍ക്കയച്ച ഓണാശംസയില്‍ വാമനനെ അപമാനിച്ചെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയില്‍ പ്രധാനധ്യാപികയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാപ്പ് പറയിച്ചു. നെടുങ്കുന്നം സെന്റ്.തെരേസാസ് സ്‌കൂള്‍ പ്രധാനധ്യാപികയായ സി.റീത്താമ്മയെയാണ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാപ്പ് പറയിച്ചത്. അധ്യാപിക മാപ്പ് പറയുന്നതിന്റെ വീഡിയോ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ പോലീസ് വാമനജയന്തിക്ക് വേണ്ടി നിലകൊണ്ടു എന്ന് മാത്രമല്ല സംഘപരിവാരങ്ങളുടെ സിൽബന്തികളായി കേരളാപോലീസ് മാറിയതിൽ വ്യപകമായി സോഷ്യൽമീഡിയയിൽ പ്രധിഷേധങ്ങൾ ഉയരുകയാണ്.ഓണത്തിനോടനുബന്ധിച്ച സി.റീത്ത വാട്‌സ്ആപ്പിലൂടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. ചവിട്ടിതാഴ്ത്തപ്പെടുന്നവന്റെ ആഘോഷമാണ് ഓണം എന്നായിരുന്നു ഈ വീഡിയോ സന്ദേശത്തില്‍ പ്രധാനമായും പറഞ്ഞത്.ഓണം ചവിട്ടേല്‍ക്കുന്നവന്റെ സുവിശേഷമാണ്. കൊടുത്തവനെ വാങ്ങുന്നവന്‍ ചവിട്ടുന്ന കഥയാണ്.’ – എന്നുതുടങ്ങുന്ന വീഡിയോയില്‍ ലോകചരിത്രത്തില്‍ ആരെങ്കിലും കൊടുത്തിട്ടോ അവര്‍ക്കെല്ലാം ചവിട്ടേറ്റിട്ടുണ്ടെന്നും മഹാബലിയെപ്പോലെ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇവരെല്ലാം ജീവിച്ചതെന്നും പറയുന്നു. ഇതിന് ഉദാഹരണമായി മഹാബലിയെപ്പോലെ ക്രിസ്തു, മഹാത്മ ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, മാക്‌സ്മില്യന്‍ കോള്‍ബേ, മദര്‍ തെരേസ, ഇറോം ശര്‍മിള തുടങ്ങിയവരുടെ പേരുകളും സി.റീത്താമ്മ വീഡിയോയില്‍ പറയുന്നു.ചതിയുടെയും വഞ്ചനയുടെയും വര്‍ഗീയതയുടെയും പാതാള ഗര്‍ത്തങ്ങളിലേക്ക് എത്ര വാമനന്മാര്‍ ചവിട്ടിതാഴ്ത്താന്‍ ശ്രമിച്ചാലും നമുക്ക് നന്മയുടെയും സമത്വത്തിന്റെയും ശാന്തിയുടെയും ലോകത്ത് തന്നെ തുടരാം എന്നും ഓണാശംസയില്‍ പറയുന്നുണ്ട്.സിസ്റ്റര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് ഈ വീഡിയോ ഹിന്ദു ഐക്യവേദിയുടെ സാമൂഹ്യമാധ്യമ പേജുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ മതവെറിപൂണ്ട് ഓണാംശംസയില്‍ പോലും വിഷം കലര്‍ത്തി ലോകത്തിലെ മുഴുവന്‍ മലയാളികളും ഒന്നായി ആഘോഷിക്കുന്ന ഓണത്തേ പോലും വികലമാക്കിയ , നെടുങ്കുന്നും സെന്റ്.തെരേസാസ് സ്‌കൂള്‍ പ്രധാനാധ്യാപികയെപുറത്താക്കുക , പൊതു സമൂഹത്തോട് മാപ്പ് പറയുക.’ എന്നാണ് വൈക്കം ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നത്.കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഹിന്ദുത്വ ഫാസിസ്റ്റുകളുടെ നേതൃത്വത്തിൽ ഓണഘോഷത്തെ വാമനജയന്തി ആഘോഷമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.മാവേലിയെ അടിച്ചർത്തപ്പെടുന്നവന്റെ പ്രതിനിധിയായി കണക്കാക്കി വാമനന്റെ കപട മുഖവും രാഷ്ട്രീയവും തുറന്നുകാണിക്കുന്നവരെ ഹിന്ദുമതത്തെ അപമാനിക്കുന്നവരായി ചിത്രീകരിക്കുകയാണ് ഹിന്ദുത്വ-സവർണ ഫാസിസ്റ്റ് സംഘടനകൾ . കന്യാസ്ത്രീയായ അധ്യാപികയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മാപ്പുപറയിപ്പിച്ച് അപമാനിച്ചത്തിലൂടെ കേരളപോലീസിന്റെ വാമനഭക്തി കൂടിയാണ് മറനീക്കി പുറത്തുവരുന്നത്.”ചവിട്ടിത്താഴ്ത്തപ്പെടുന്നവന്റെ സുവിശേഷമാണ് ഓണമെന്നു പറഞ്ഞാല്‍ പൊലീസ് പിടികൂടുമോ? സ്റ്റേഷനില്‍ വച്ചു മാപ്പു പറയിക്കുമോ? അതിന്റെ വീഡിയോ എടുത്ത് സംഘപരിവാരത്തിന് കാമ്പെയിന്‍ നടത്താന്‍ പൊലീസ് വിട്ടു കൊടുക്കുമോ?ഇതു കേരളമാണ് എന്നു പറഞ്ഞ അഭിമാനം ഏതു പാതാളത്തിലിരിക്കുന്നു? നമ്മുടെ അധികാരികളെവിടെ? ജനാധിപത്യ ഭരണകൂടം എവിടെ? പൊലീസ് സ്റ്റേഷനുകള്‍ സംഘ പരിവാര ഫാഷിസ്റ്റുകള്‍ക്കു തീറെഴുതിയോ? ഞാനുറക്കെത്തന്നെ പറയുന്നു: ചവിട്ടിത്താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം. വിഭജനങ്ങളും വേര്‍തിരിവുകളും സംഘര്‍ഷങ്ങളും നിലനിര്‍ത്തി സമത്വ സ്വപ്നങ്ങളെ വെല്ലുവിളിക്കുന്ന സകല വാമനാധികാര അശ്ലീല രൂപങ്ങള്‍ക്കുമുള്ള താക്കീതാണ് ഓണം. വന്നു മാപ്പു പറയിപ്പിക്കാന്‍ ആവുമോ നിങ്ങള്‍ക്ക്? അഥവാ, നിങ്ങളാരാണ്? കഥകള്‍ക്കും കിനാവുകള്‍ക്കും അതിരിടുന്ന ഏതധികാരത്തിന്റെ അധമ രൂപങ്ങളാണ്?”ഡോ .അസാദ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതിഷേധിച്ചത്.സംഘപരിവാരങ്ങളിപ്പോള്‍ ഓണക്കഥയെ പൊലീസ് കേസാക്കുന്നു! കഥ ക്രമസമാധാന പ്രശ്നമാക്കുന്നു! കഥയുടെ കാക്കിക്കാവി വ്യാഖ്യാനങ്ങളുടെ ആധികാരികത അതിന്റെ പൂണൂല്‍ പ്രാമാണ്യത്തോടെ അടിച്ചേല്‍പ്പിക്കുന്നു. യോഗി ആദിത്യ നാഥല്ല ഇവിടത്തെ മുഖ്യമന്ത്രിയെന്ന് നാമെങ്ങനെയാണ് തീര്‍ച്ചപ്പെടുത്തേണ്ടത്?ചവിട്ടിത്താഴ്ത്തപ്പെടുന്നവന്റെ സുവിശേഷമാണ് ഓണമെന്ന് പറഞ്ഞതിന് ഒരു അദ്ധ്യാപികയെ സ്റ്റേഷനില്‍ കയറ്റി മാപ്പു പറയിപ്പിച്ച സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നു. സര്‍ക്കാര്‍ അവരോടു മാപ്പ് ചോദിക്കണം. പൊലീസ് ഉടുത്തത് ആര്‍ എസ് എസ്സിന്റെ കാക്കി ട്രൗസറല്ലെന്ന് പറയാന്‍ ആഭ്യന്തര വകുപ്പിന് ത്രാണിയുണ്ടാവണം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.