ഭീമാ കൊറെഗാവ് കേസ്: ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ NIA കോടതി തള്ളി

ഭീമാ കൊറെഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി അവകാശ പ്രവർത്തകനും വൈദികനുമായ ഫാ. സ്റ്റാൻ സ്വാമി(83) ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈയിലെ എൻഐഎ പ്രത്യേക കോടതി തളളി. ഒക്ടോബർ 8ന് ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ തൊട്ടടുത്ത ദിവസം തന്നെ മുംബൈയിൽ എത്തിക്കുകയും ഒക്ടോബർ 23 വരെ ജുഡീഷ്യൽ കസ്റ്റഡി അനുവദിക്കുകയും ചെയ്തു. അദ്ദേഹം നിരോധിത സിപിഐ(മാവോയിസ്റ്റ്) പാർട്ടിയിലെ അംഗമാണെന്നും 2018ലെ ഭീമാ കൊറെഗാവ് കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമാണ് എൻഐഎ ആരോപിക്കുന്നത്.

“അദ്ദേഹം പാർക്കിൻസൺസ് (തലച്ചോറിലെ സിരാകേന്ദ്രങ്ങൾ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗം) രോഗബാധിതനാണ്. അദ്ദേഹത്തിന്റെ ദയനീയമായ ആരോഗ്യ സ്ഥിതി മൂലം കോടതിയിൽ ഹാജരാക്കിയപ്പോൾ രേഖകളിൽ ഒപ്പു വയ്ക്കാൻ പോലും സാധിക്കുമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ വിരലടയാളമാണ് രേഖപ്പെടുത്തിയത്. അറസ്റ്റിന് തൊട്ടു മുൻപ് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദ്ദേഹം ജയിലിൽ കുഴഞ്ഞ് വീഴുകയും ഉണ്ടായി”, സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ അഡ്വ. ഷറീഫ് ഷെയ്ക്ക് പറഞ്ഞു. ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ നിർദ്ദേശം ഉണ്ടായിരിക്കെ മാനുഷിക പരിഗണന മുൻനിർത്തിയാണ് ഷറീഫ് ഷെയ്ക്ക് ജാമ്യാപേക്ഷ സമർപ്പിച്ചത്.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആനുകൂല്യങ്ങൾ മുതലെടുത്ത് അന്യായമായി ജയിലിൽ നിന്നും പുറത്തിറങ്ങാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് എൻഐഎ കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഭീമാ കൊറെഗാവ് കേസിൽ വിചാരണ തടവുകാരായി കഴിയുന്ന മറ്റുള്ളവരുടെ ജാമ്യാപേക്ഷ എതിർക്കാനും എൻഐഎ ഇതേ വാദം തന്നെയാണ് ഉന്നയിച്ചത്. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് യുഎപിഎ പ്രകാരമാണെന്നും അതിനുള്ള വ്യക്തമായ തെളിവുകൾ ഉണ്ടെന്നും എൻഐഎ അവകാശപ്പെട്ടു. എൻഐഎ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല ,പകരം അദ്ദേഹം ഉൾപടെ ഏഴ് പേർക്കെതിരെ ഒക്ടോബർ 9ന് മുംബൈ പ്രത്യേക കോടതിയിൽ ചാർജ്ഷീറ്റ് സമർപ്പിച്ചിരുന്നു.

എൻഐഎ ഭീമ കൊറെഗാവ് കേസ് ജനുവരിയിൽ ഏറ്റെടുത്തതിന് ശേഷം സമർപ്പിക്കുന്ന ആദ്യത്തെ ചാർജ്ഷീറ്റാണിത്. ഇൗ കേസിൽ പൂനെ പോലിസ് ഇതിന് മുൻപ് രണ്ട് ചാർജ്ഷീറ്റ് സമർപ്പിച്ചിരുന്നു. സ്റ്റാൻ സ്വാമിക്ക്‌ പുറമെ ആനന്ദ് തെൽതുംബ്ദെ, അദ്ദേഹത്തിന്റെ സഹോദരൻ മിലിന്ദ് തെൽതുംബ്ദെ, ഗൗതം നവ്‌ലാഖ, ഹാനി ബാബു, 3 കബീർ കലാ മഞ്ച് പ്രവർത്തകർ എന്നിവരാണ് ചാർജ്ഷീറ്റിലെ മറ്റ് പേരുകാർ. ഇതിൽ ഒളിവിൽ കഴിയുന്ന മിലിന്ദ് തെൽതുംബ്ദെ സിപിഐ(മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ്. പാർട്ടിയുടെ ഉന്നത നേതാക്കൾ പിടിയിലായ ശേഷം ജാർഖണ്ഡിലെ ചുമതല സ്റ്റാൻ സ്വാമിയെ എൽപ്പിച്ചതായി ചാർജ്ഷീറ്റിൽ ആരോപിക്കുന്നു.

എൻഐഎയുടെ ചാർജ്ഷീറ്റ്.

സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും പൗര സമൂഹത്തിലെ അംഗങ്ങളും ശക്തമായി വിമർശിച്ചിരുന്നു. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ,കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എം.പി, സുപ്രിയ സുലെ, കനിമൊഴി എം.പി എന്നിവർ യുഎപിഎ ദുരുപയോഗത്തിനെതിരെ പ്രക്ഷോഭം നടത്തേണ്ടതിന്റെയും അത്തരം കരിനിയമങ്ങൾ റദ്ദാക്കേണ്ടതിന്റെയും ആവശ്യകതയെ ഊന്നിപ്പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.