തൊഴിലാളികളുടെ മേൽ കോവിഡിന്റെ മറവിൽ കോർപറേറ്റ് അടിച്ചമർത്തൽ.

മൊഴിമാറ്റം : സുരയ്യ.

കൊറോണ പകർച്ചവ്യാധി,യു .എസ്‌ സമ്പത്ത്‌ വ്യവസ്ഥിതിയിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്കു വഴി തെളിച്ചു.വർക്ക് അറ്റ് ഹോം തൊഴിലുകളിൽ വന്ന കുതിച്ചുകയറ്റമാണ് ഇതിൽ ഒന്ന്.2017 ലെ സെൻസസ് ബ്യൂറോ പഠനങ്ങൾക്കനുസരിച്ച് മൂന്ന് ശതമാനം തൊഴിലാളികൾ മാത്രമാണ് വർക്ക് അറ്റ് ഹോം തൊഴിലുകളിൽ ഏർപ്പെട്ടിരുന്നത് .എന്നാൽ പോസ്റ്റ് കോവിഡ് ഘട്ടത്തിൽ യു.എസ്‌ തൊഴിലാളി ഘടനയുടെ നാല്പത്തിരണ്ടു ശതമാനവും വർക്ക് അറ്റ് ഹോമിലേക്ക് ചുവടുമാറ്റുകയും ,ഓൺ-സൈറ്റ് ജോലികളിൽ ഏർപ്പെടുന്നവർ വെറും ഇരുപത്തിയാറു ശതമാനത്തിലേക്ക് താഴുകയും ചെയ്തു.

പകർച്ചവ്യാധിയും വർക്ക് അറ്റ്-ഹോം തൊഴിലിന്റെ കോർപ്പറേറ്റ് സ്വീകാര്യതയും .

ആരംഭത്തിൽ പ്രസ്തുത നടപടി താത്ക്കാലികമായാണ് കോർപ്പറേറ്റുകൾ സ്വീകരിച്ചതെങ്കിലും സാമ്പ്രദായിക തൊഴിൽ രൂപങ്ങളിൽ നിന്നുള്ള ഈ മാറ്റത്തെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുന്നുണ്ട് .2020 ഓടെ ഫേസ്ബുക്കിലെ പകുതിയോളം ജീവനക്കാർ ,ഓൺലൈൻ ജീവനക്കാരാകുമെന്നും, ഷോപിഫ്യ പോലുള്ള വൻകിട കമ്പനികൾ ഓൺലൈൻ തൊഴിലിനെ സാധാരണാവത്ക്കരിക്കുന്നതുമായ വിവരങ്ങൾ ന്യൂ യോർക്ക് ടൈംസ് പുറത്തു വിട്ടിരുന്നു.ചോദ്യോത്തര സൈറ്റ് “ക്വാറ” തങ്ങളുടെ ജീവനക്കാരോട് തൊഴിലിടം സ്വയം നിശ്ചയിക്കുവാൻ ആവശ്യപ്പെട്ടിരുന്നു.പല വൻകിട- ചെറുകിട കമ്പനികളും ഇത്തരമൊരു മാറ്റത്തിനു തയ്യാറാവുകയാണ്.

ഇത് മറ്റൊരു ലോകമാണ്.

വർക്ക് അറ്റ് ഹോമിലേക്കുള്ള കോർപ്പറേറ്റ് ലോകത്തിന്റെ വ്യതിയാനം ഇതാദ്യമല്ല.ഐബിഎം ,റെഡിറ്റ്, യാഹൂ , ബെസ്റ്റ് ബയ് തുടങ്ങിയ കമ്പനികൾ 15 വർഷം മുൻപ് തന്നെ ദീർഘ ദൂര,ഓൺലൈൻ തൊഴിലുകളിലേക്ക് മാറിയിരുന്നു.ഇത്തരമൊരു മാറ്റം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്ന് കണ്ടെത്തിയ കമ്പനികൾ പിന്നീടവ പിൻവലിച്ചു.തൊഴിലാളികളുടെ ഉത്പ്പാദനശേഷി ,തൊഴിലിന്റെ മികവ് എന്നിവയിൽ ഗണ്യമായ ഇടിവ് വന്നതോടെ ഓൺ-സൈറ്റ് ഉത്പ്പാദന രീതിയിലേക്കു തിരികെ വരികയും, പല കമ്പനികളും ഓൺസൈറ്റ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കയും ചെയ്തു.(ജിം,കാഫെറ്റേറിയ എന്നിവ അടങ്ങുന്ന മറ്റു സൗകര്യങ്ങൾ വിപുലീകരിച്ചുകൊണ്ട് തൊഴിലാളികളെ ആകർഷിക്കുവാൻ ശ്രമിച്ചിരുന്നു.)
ഇത്തരമൊരു ചരിത്രം ഇതിലുണ്ടെന്നിരിക്കെ രാഷ്ട്രീയ നിരീക്ഷകരുടെ വർക്ക് അറ്റ് ഹോമിന്റെ ഉൽപാദന ക്ഷമതയെ കുറിച്ചുള്ള സംശയം അടിസ്ഥാനപരമാണ്.എന്നാൽ ,ഗ്ലോബ് ആൻഡ് മെയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും വാർത്തകളും മറ്റും ഈ സംശയങ്ങളെ നിരുപാധികം തള്ളിക്കളയുന്നവയാണ്.
“സാങ്കേതിക തകരാറുകളോ മറ്റോ ഓൺലൈൻ തൊഴിലിനെ പിന്നോട്ടു വലിക്കുന്നുവെന്നു കരുതിയെങ്കിൽ തെറ്റി,ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തോടെ ഇവ വളരെ ശക്തിയോടെതന്നെ പ്രാമുഖ്യത്തിലേക്കുയരുകയാണ്. തൊഴിലാളികളുടെ ലഭ്യതയും,മറ്റു അടിസ്ഥനസൗകര്യങ്ങളുടെ വളർച്ചയും കൂടിയതോടെ ഉത്പ്പാദനശേഷിയിൽ ആകമാനം ഉയർവു വന്നിട്ടുണ്ട്”- ഗ്ലോബ് ആൻഡ് മെയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ നിന്നും.

ഓൺലൈൻ തൊഴിലിലേക്കുള്ള മാറ്റത്തിനനുസൃതമായി ഉത്പ്പാദനശേഷിയിലുള്ള ഗുണത്തെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവന പ്രൊഫസറായ ജോൺ സള്ളിവൻ ന്യൂ യോർക്ക് ടൈംസിന് നൽകിയിരുന്നു. ബ്ലൂംബെർഗ് പോലുള്ള കമ്പനികളും ഇതേ നിഗമനത്തിലാണ് എത്തിച്ചേർന്നത്.കോർപ്പറേറ്റുകൾ ഇത്തരമൊരു മാറ്റത്തെ ഹർഷാരവങ്ങളോടെ സ്വീകരിക്കുന്നതിന് അടിത്തറയായ മൂന്നു കാരണങ്ങളുണ്ട്. ഒന്ന്,വളരെ ചുരുങ്ങിയ ഉത്പ്പാദനച്ചിലവും, മാത്രമല്ല , സാങ്കേതിക വളർച്ചയുടെ മികവിനാൽ തന്നെ തൊഴിലാളി -മുതലാളി ബന്ധം, സഹപ്രവർത്തക ബന്ധങ്ങൾ തുടങ്ങിയവ സൂക്ഷിക്കാൻ കഴിയുന്നതുമായ സാമൂഹിക മാധ്യമ വേദികളായ സൂം, വീഡിയോ ആപ്പുകൾ മറ്റൊരു തൊഴിലിടമാകുന്നതിലുള്ള വിജയവുമാണ്. ഓൺലൈൻ അടിസ്ഥാനസൗകര്യങ്ങളിലുള്ള വളർച്ചയും ഇതിനു പ്രേരകങ്ങളാണ്.

തൊഴിലാളികൾക്കു മേലുള്ള നിയന്ത്രണം ശക്തമാക്കാൻ കമ്പനികൾക്കു കഴിയുന്നുണ്ട് എന്നതാണ് രണ്ടാമത്തെ കാരണം .കംപ്യൂട്ടറിലെ ഓരോ ക്ലിക്ക് മുതൽ എല്ലാ വിധ ഡാറ്റകളും നിയന്ത്രിക്കുവാൻ കഴിയുന്ന സോഫ്റ്റ് വെയറുകൾക്ക് ആവശ്യം ഉയരുകയാണ്.

വേർജ് ഓൺലൈൻ മാധ്യമത്തിലൂടെ അന്വേഷണാത്മകമായ ലേഖനങ്ങൾ എഴുതുന്ന ജോൺ ഡിസ്യൂസ ഓൺലൈൻ തൊഴിൽ എത്രത്തോളം ജോലിയുടെ കാഠിന്യം കൂട്ടുന്നു, എന്നതിനെ പറ്റി സംസാരിക്കുന്നുണ്ട്.ആമസോൺകമ്പനിയുടെ തൊഴിലാളികളുമായി നടത്തിയ സംഭാഷണത്തിൽ ഇത്തരമൊരു മാറ്റം തൊഴിലാളികളിൽ എങ്ങനെ മടുപ്പുളവാക്കുന്നുവെന്നും ഇടയിലുള്ള “ലഘു വിശ്രമങ്ങളെ “പോലും ഇല്ലാതാക്കുന്നുവെന്നും അവർ പരാതിപ്പെടുന്നുണ്ട്.എന്നാൽ ഇതേ രീതിയിൽ കമ്പനികൾക്ക് അവരുടെ തൊഴിലാളികളുടെ പരിശ്രമങ്ങളെക്കുറിച്ചറിയാൻ സഹായകമാകുന്നുവെന്നും ഡിസ്യൂസ ചൂണ്ടിക്കാട്ടുന്നു.ഇതിനെ സാധൂകരിക്കുവാനായി ബംഗ്ലാദേശിലെ ഒരു വർക്ക് അറ്റ് ഹോം തൊഴിലാളിയുടെ ഉദാഹരണം ഡിസൂസ വിവരിക്കുന്നുണ്ട്.കമ്പനി നിയമങ്ങൾക്കനുസൃതമായി തൊഴിലാളിക്ക് ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടതായി വരികയും, പിന്നീട് തന്റെ ഓരോ ചലനങ്ങളെയും സോഫ്റ്റ്‌വെയർ നിയന്ത്രണത്തിലാക്കുകയും ചെയ്യും.കോൾ സെന്ററുകളിലെ ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്ഥമല്ല .വിദൂര തൊഴിലിൽ ഏർപ്പെടുന്ന ജീവനക്കാരുടെ ഫോൺ വിളിയുടെ ദൈർഘ്യവും പകർപ്പും എന്നത് പോട്ടെ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുകൊണ്ട് ശബ്ദത്തിലെ വൈകാരിക ചുവകളെപ്പറ്റി അറിയുവാനും നിയന്ത്രിക്കുവാനും കഴിയുന്ന രീതിയിലാണ് സോഫ്റ്റ്‌വെയറുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.വർക്ക് അറ്റ് ഹോം തോഴിലാളികളുടെ മേൽ നിയന്ത്രങ്ങൾ കടുപ്പിക്കുവാനും അവരുടെ ശീലങ്ങളെ ചിട്ടപ്പെടുത്തുവാനും കമ്പനികൾക്ക് സാധിക്കുന്നു.

യു.എസ് സമ്പത്ത് വ്യവസ്ഥയിലെ മാറ്റങ്ങളാണ് മൂന്നാമത്തേത് .തൊഴിലില്ലായ്മ വർദ്ധിക്കയും ,കോവിഡ്
വ്യാപന തോത് ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾ സുരക്ഷിതമായ ഒരു ബദൽ വഴി കാംക്ഷിക്കുന്നുണ്ട്.ഓൺ സൈറ്റ് തൊഴിൽ ഒരു കോർപ്പറേറ്റ് രീതിയായിരുന്ന സമയങ്ങളിൽ തൊഴിലാളികൾ അതിനെ സ്വീകരിച്ചിരുന്നു. ഇപ്പോൾ സാഹചര്യങ്ങൾക്കനുസൃതമായി വർക്ക് അറ്റ് ഹോം തൊഴിലിനെ സാധാരണാവത്ക്കരിക്കുവാനും,തൊഴിലാളികളുടെ അംഗീകാരം നേടുവാനുമുള്ള കോർപ്പറേറ്റ് ശ്രമങ്ങൾ തുടരുന്നുണ്ട് .

നേട്ടങ്ങളും നഷ്ടങ്ങളും

വർക്ക് അറ്റ് ഹോം തൊഴിലിലേക്കുള്ള ഗതിമാറ്റത്തെ കോർപ്പറേറ്റ് ലോകം കൊട്ടിഘോഷിക്കുന്നതെന്തു കൊണ്ടെന്ന് പരിശോധിക്കേണ്ടതായുണ്ട്.അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണച്ചിലവിലുള്ള ലാഭവും , തൊഴിൽ മൂല്യത്തിലുള്ള നേട്ടവുമാണ് പ്രധാനമായും കമ്പനികളെ ഇത്തരമൊരു മാറ്റത്തിന് ആകർഷകരാ ക്കുന്നത്.ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ളവരെ തങ്ങളുടെ തൊഴിലാളികളാക്കുവാനും ,ഉത്പ്പാദന ശേഷി പരമാവധി വർദ്ധിപ്പിക്കുവാനും നിശേശം സാധിക്കുന്നതും ഇത്തരമൊരു ഉപാധി തിരഞ്ഞെടുക്കു ന്നതു വഴി സാധിക്കും .മാത്രമല്ല പ്രാദേശിക നിരക്കിലുള്ള ശമ്പളം നൽകുവാനും ഓൺലൈൻ തൊഴിൽ ആക്കുക വഴി തൊഴിലാളി കൂട്ടായ്മകൾ രൂപപ്പെടുത്തുന്നതിന് തടയിടുവാനും,മുതലാളിത്ത കമ്പനിയുടെ നയങ്ങളെ ചോദ്യം ചെയ്യാൻ കഴിയാതെയുള്ള അവസ്ഥകൾ സംജാതമാക്കുവാനും വർക്ക് അറ്റ് ഹോം തൊഴിലിലേക്കുള്ള മാറ്റം സഹായിക്കുന്നുണ്ട്.തൊഴിലാളികൾക്കിടയിൽ തന്നെ വർഗ്ഗീകരണവും അധികാരശ്രേണിയും നിലനിർത്തുവാനും മറ്റും കമ്പനികൾക്ക് സാധിക്കുന്നുണ്ട്.

ആരംഭഘട്ടത്തിൽ ,ഭൂരിഭാഗം തൊഴിലാളികളും ഓൺലൈൻ തൊഴിലിനെ ശുഭസൂചകമായി കരുതി പോന്നുവെങ്കിലും ,പിന്നീട് തൊഴിൽ സമ്മർദ്ദം കൂടുന്നതായി കണ്ടു പിന്മാറുകയാണ് ഉണ്ടായത്.പ്രതിദിന തൊഴിൽ ദൈർഘ്യം നാല്പത്തെട്ടു മിനിട്ടോളവും ,മീറ്റിംഗുകൾ 13 ശതമാനത്തോളം വർദ്ധിക്കയും ചെയ്തിരിക്കുന്നുവെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു .10 രാജ്യങ്ങളിലായി 20 ,262 തോഴിലാളികളിൽ ലെനോവോ ലിമിറ്റഡ് നടത്തിയ സർവ്വേ ,തൊഴിൽ സമ സമ്പ്രദായത്തിൽ വന്ന വ്യതിയാനത്താൽ എഴുപത്തിമൂന്ന് ശതമാനം തൊഴിലാളികൾക്കും ആസ്ത്മ സംബന്ധിയായ രോഗങ്ങളും ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.

യൂ എസ് ലെ മാത്രം സ്ഥിതിഗതികൾ പരിശോധിക്കുകയാണെങ്കിൽ നോർഡ് വി പി എൻ നടത്തിയ സർവ്വേകളിൽ ജീവനക്കാർ ഓൺലൈൻ തൊഴിലിൽ പ്രതിദിനം അധികമായി മൂന്നുമണിക്കൂർ കൂടുതൽ ചിലവഴിക്കുന്നുവെന്നു കണ്ടെത്തിയിരുന്നു.ഈഗിൾ ഹിൽ കൺസൾട്ടൻസി നടത്തിയ സർവ്വേയിൽ ഏപ്രിൽ മാസം തുടക്കത്തിൽ തന്നെ 45 ശതമാനം തൊഴിലാളി ശക്തിയും തളർച്ച നേരിട്ടിരുന്നു.തൊഴിൽ സമ്മർദ്ദം വ്യക്തിപരവും ഉദ്യോഗപരവും സാമൂഹികപരവുമായ ജീവിതത്തെ സാരമായി ബാധിക്കയും തൊഴിലിടത്തിലെ ആശയവിനിമയം തകർന്നുകൊണ്ടുമിരുന്നു.

കോർപ്പറേറ്റ് പദ്ധതികളുടെ ദിശ കൂടി വിശകലനവിധേയമാക്കുമ്പോൾ ഇത്തരമൊരു മാറ്റത്തിനു തൊഴിലാളികൾ നൽകുന്ന വില വലുതാണ്,നേരിടുന്ന പ്രത്യഘാതങ്ങൾ ശാരീരികവും മനസികവുമാണ്. എന്നാൽ കോർപ്പറേറ്റുകൾക്ക് ഗുണകരമായതിനാൽ സാങ്കേതിക വിദ്യയുടെ മികവിനെ മറയാക്കികൊണ്ട് ഇത്തരമൊരു നടപടിയുമായി മുന്നോട്ടു പോകുവാൻ സാധ്യതയുണ്ട്

മുന്നോട്ടുള്ള വെല്ലുവിളികൾ

കൊറോണ വ്യാപന സാഹചര്യത്തിൽ സാമൂഹിക അകലവും ഏകാന്തതയും ഒരു ഭാഗത്തു തൊഴിലാളികളെ മനസികമായതും വൈകാരികമായും തളർത്തുകയുണ്ടായി ,എന്നാൽ ചിലർ പകർച്ചവ്യാധിയുടെ ശമനത്തിനു മുൻപ് ഓൺസൈറ്റ് തൊഴിലിൽ ഏർപ്പെടുന്നതിൽ ബുദ്ധിമുട്ടു പ്രകടിപ്പിക്കയും ചെയ്യുന്നുണ്ട്.ന്യൂ യോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു.
“അമേരിക്കൻ തൊഴിലാളി ശക്തിക്ക് കൊറോണ വ്യാപനത്തിന് അറുതിയായെങ്കിൽകൂടി ഓൺസൈറ്റ് തൊഴിലുകളിലേക്ക് തത്ക്കാലം തിരികെ വരണമെന്നില്ല.എന്നാൽ ഇതിനർത്ഥം തുടർന്നങ്ങോട്ട് ദീർഘദൂര തൊഴിലിൽ ഏർപ്പെടാൻ അവർക്കു കഴിയും എന്നതല്ല.തൊഴിലാളികളിൽ സിംഹഭാഗവും ആഗ്രഹിക്കുന്നത് ഇവ രണ്ടും തമ്മിലുള്ള സമന്വയമാണ് .ജോലിസമയങ്ങളെ തൊഴിലിടവും വീടും തമ്മിൽ വിഭജിക്കുന്നതിലാണ്”.തൊഴിലിടങ്ങൾ ആര്,എപ്പോൾ ,എങ്ങനെ ,നിശ്ചയിക്കുന്നുവെന്നും ,തൊഴിൽ പരിസ്ഥിതിയുടെ പ്രകൃതം എങ്ങനെയായിരിക്കണെമെന്നതും ചോദ്യങ്ങളുയരുന്നുണ്ട്.കോർപ്പറെറ്റുകൾ തങ്ങളുടെ ലാഭേച്ഛയ്ക്കായി ,വിദൂര -ഓൺലൈൻ വേലകളിലേക്ക് തൊഴിലാളികളെ തള്ളിവിടുവാൻ സാധ്യതയുള്ളതായാണ് സൂചനകൾ ലഭ്യമാകുന്നത് .ദീർഘദൂര തൊഴിലിലേക്ക് തള്ളപ്പെട്ടവർക്ക് മാനേജ്‌മന്റ് നയങ്ങളെ ചോദ്യം ചെയ്യുവാനായെങ്കിലും സംഘടിക്കുവാൻ സാധിക്കുമോ എന്നത് സംശയാസ്പദമായി തന്നെ നിലനിൽക്കുന്നു.

ഓൺലൈൻ തൊഴിലിടത്തിലേക്കുള്ള മാറ്റത്തിന് ഏക ആശാവഹമായി തുടരുന്നത് നീല -വെള്ള കോളർ ജോലികളുടെയും ജോലിക്കാരുടെയും ഉയരുന്ന ഐക്യവും സംഘടനാമനോഭാവവുമാണ്. ആമസോൺ, ഗൂഗിൾ പോലുള്ള വൻകിട കമ്പനികളിൽ ഈ മാറ്റം പ്രകടവുമാണ്.ടൈലർ സോൺമക്കർ,അലീന ആർതർ എന്നിവർ ബിസിനസ് ഇൻസൈഡറിലൂടെ തങ്ങളുടെ നിരീക്ഷണം പുറത്തുവിട്ടിരുന്നു.കാഫിട്രിയ ജീവനക്കാരും ഓഫീസ് ജീവനക്കാരും ഒരുമിച്ചുചേർന്ന വ്യാപാര സംഘടനകൾ രണ്ടുകൊല്ലത്തിനു മുൻപ് വരെ ചിന്തകൾക്ക് അതീതമായിരുന്നു. അടുത്തിടെ ഉയർന്നുവന്ന എംപ്ലോയീ ആക്ടിവിസത്തിന്റെ സ്വാധീനത്താൽ സാധാരണ ജീവനക്കാരും,എക്സിക്യൂട്ടീവുകളും തമ്മിലുള്ള വിള്ളൽ വിസ്തൃതമായപ്പോൾ തന്നെ , ഉയർന്ന ജീവനക്കാരെയും നീല കോളർ ജീവനക്കാരെയും സംഘടിക്കുന്നത് ഇത്തരമൊരു മാറ്റത്തിന്റെ പ്രത്യാഘാതമായ് കണക്കുകൂട്ടേണ്ടതാണ്.

സാങ്കേതിക വിദ്യയെ മറയാക്കി കൊണ്ടുള്ള ഈ തൊഴിലാളി വിരുദ്ധ കോർപ്പറേറ്റ് നയം നടപ്പിലാക്കാൻ അനുവദിക്കുന്നത് അപകടകരമാണ്.തൊഴിൽ പരിസ്ഥിതിയിൽ മാറ്റങ്ങൾ വരുത്തികൊണ്ടും തൊഴിൽ സമ്മർദ്ദം വർദ്ധിപ്പിച്ചും നടത്തുന്ന ചൂഷണങ്ങൾ തന്നെയാകും പരിണിത ഫലം.എന്നാൽ ലാഭേച്ഛ കാംഷിച്ചുകൊണ്ടുള്ള കമ്പനി നയങ്ങൾക്കെതിരെ, തൊഴിലാളി സമരങ്ങളും ലോകത്താകയുള്ള, തൊഴിലാളികളുടെ സംഘടനവും അവരുടെ പുതിയ മാനവിക പരിസ്ഥിതിക്കായുള്ള പോരാട്ടങ്ങളും ആശാവഹമാണ്.

എം ആർ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയാണിത്.