യുപി തന്നെയാണ് കേരളവും.

ഹഥ്റാസും വാളയാറും വ്യജ ഏറ്റുമുട്ടലുകളും.

സജീദ് ഖാലിദ്

ഉത്തർ പ്രദേശിലെ ഹഥ്റാസിൽ ദലിത് യുവതിയെ സവർണ്ണ ജാതിക്കാർ ആക്രമിച്ച് ബലാത്സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതൊന്നുമായിരുന്നില്ല. നിരന്തരം ഇത്തരം സംഭവങ്ങൾ ആവർത്തികൊണ്ടിരിക്കുന്ന രാജ്യത്ത് ഒരു കാര്യത്തിന് എത്ര തവണയാണ് നാം ഞെട്ടുക എന്ന നിസംഗതയാണ് ആ വാർത്ത കേട്ടപ്പോൾ ആദ്യം ഉണ്ടായത്. തുടർന്ന് ആ പെണകുട്ടയുടെ മൃത ശരീരം തട്ടിയെടുത്ത് പോലീസ് അർദ്ധരാത്രി കത്തിച്ചുകളഞ്ഞു. അതും നമ്മെ ഞെട്ടിച്ചില്ല. യുപിയിലെ പോലീസിനെ അറിയുന്നവരാരും ഞെട്ടില്ല. ഇതെല്ലാം സ്വാഭിവക സംഭവമെന്നോണം നിത്യേന നടക്കുന്ന ഒരു നാടാണ് യു.പി.എന്നാൽ ഹഥ്റാസിൽ സാധാരണ നടക്കാത്ത ചിലത് സംഭവിച്ചു. അത് ആ പെണകുട്ടിയുടെ കുടുംബം നീതി ലഭിക്കാനായി ശ്രമിച്ചു എന്നതാണ്. ജാതിമേധാവിത്വത്തിൻറെ പെരുംകോട്ടകൾ നിറഞ്ഞ സംഘ്പരിവാർ ഭരിക്കുന്ന ഉത്തർ പ്രദേശിൽ ഒരു ദലിത് കുടുംബം ഇത്തരം ഒരു നീക്കം നടത്തുമെന്ന് അധികാരികൾ കരുതിയില്ല. അവരാണ് യഥാർത്ഥത്തിൽ ചെറുതായെങ്കിലും ഞെട്ടിയത്.

പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് ഉത്തർപ്രദേശ് പോലീസ് പറയുന്നത്. ഫൊറൻസിക് പരിശോധനാറിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തെളിയിക്കാൻ തക്കതായി ഒന്നുമില്ലെന്നാണ് പോലീസ് വാദം. പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ ബീജം കണ്ടെത്താനായിട്ടില്ല. അതിനാൽ ബലാത്സംഗം നടന്നിട്ടില്ല എന്നാണ് പോലീസ് ഭാഷ്യം.

ഹഥ്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലസ്‌കർ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചപ്പോൾ ‘മാധ്യമങ്ങൾ വൈകാതെ പോകുമെന്നും തങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാകൂ’ എന്നു കുടുംബത്തെ ഭീഷണിപ്പെടുത്തുകയുണ്ടായി. വലിയ പോലീസ് സന്നാഹം പെൺകുട്ടിയുടെ വീട് വളഞ്ഞ് സന്ദർശകരെ തടയുകയും പുറംലോകം സത്യം അറിയരുതെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു..

ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളിൽ പ്രധാനിയായ രാഹുൽ ഗാന്ധിയെപോലും സന്ദർശിക്കാനനുവദിക്കാത്ത കാക്കി കോട്ടയാണ് സൃഷ്ടിക്കപ്പെട്ടത്. ഹഥ്റാസ് യുപിയിലെയോ ഇന്ത്യയിലെയോ ആദ്യ സംഭവമോ അവസാന സംഭവമോ അല്ല. നിരന്തരം ആവർത്തിക്കുന്നവയിലൊന്നാണ്. ഹഥ്റാസ് സംഭത്തിന് ശേഷം തന്നെ യു.പിയിൽ നിരവധി ദലിത് പെൺകുട്ടികൾ റേപ്പ് ചെയ്യപ്പെട്ടു, കൊല ചെയ്യപ്പെട്ടു. ജാതിസവർണ്ണസംഘ്പരിവാർ ആധിപത്യം തുടരുവോളം ഇത്തരം മാനഭംഗങ്ങളും കൊലകളും തുടർകഥയായിരിക്കും എന്നതിൽ സംശയമില്ല.

എന്നു മാത്രമല്ല ഹഥ്റാസ് കൊലപാതകത്തെ രാഷ്ട്രീയ നേട്ടമാക്കാനാണ് ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിൻറെ നീക്കം. ആദ്യം ദുരഭിമാനക്കൊല എന്ന വ്യഖ്യാനത്തിനാണ് ശ്രമിച്ചത്. എന്നാൽ ബന്ധുക്കളുടെ ഉറച്ച നിലപാട് മൂലം അത്തരം ഒരു വാദം നിലനിൽക്കില്ല എന്ന് വ്യക്തമായതോടെ കളംമാറ്റി. രാജ്യദ്രോഹ ശക്തികൾ യു.പി സർക്കാരിനെതിരെ നടത്തുന്ന ഗുഢാലോചനയായാണ് ഹഥ്റാസ് സംഭവം എന്നായി യുപി സർക്കാരിൻറെ വാദം. അന്താരാഷ്ട്ര ഗുഢാലോചനയാണ് ഇതിന് പിന്നലെന്നും കണ്ടാൽ തിരച്ചറിയാനാവാത്തവർക്കെതിരെ ഒരു 124എ, 420 അടക്കം ചാർജ്ജ് ചെയ്ത് ഒരു എഫ്.ഐ.ആർ ആദ്യം ചമച്ചെടുത്തു. തൊട്ടടുത്ത ദിവസമാണ് അഴിമുഖം ഓൺലൈൻ പോർട്ടലിലെ ഡൽഹി റിപ്പോർട്ടറായ മലയാളി കൂടിയായ സിദ്ധീഖ് കാപ്പനെ തന്റെ ജോലിയുടെ ഭാഗമായി ഹഥ്റാസിലേക്കു പോകുന്നതിനിടെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിൻറെ കൂടെ സഞ്ചരിച്ചിരുന്ന മറ്റ് മൂന്ന് പേരെയും (അതിൽ രണ്ടുപേർ ക്യാംപസ് ഫ്രണ്ട് എന്ന വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകരാണ്) അറസ്റ്റ് ചെയ്തത്. അവരെ നേരത്തെ സൃഷ്ടിച്ചുവെച്ച വ്യാജ കേസിൽ പ്രതിയാക്കി. യു.എ.പി.എയും ചുമത്തി.

മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനും(വലത്തേയറ്റം) മറ്റു മുന്ന് പേരും.

യുപിയിലെ രാഷ്ട്രീയവും വർത്തമാന കാല ഇന്ത്യയിലെ പോലിസിനെയും സമൂഹ്യ സംവിധാനങ്ങളെയും വ്യക്തമായറിയുന്നവർക്ക് ഹഥ്റാസ് സംഭവത്തിൻറെ പോക്ക് എങ്ങോട്ടാണെന്നും ഫാബ്രിക്കേറ്റ് ചെയ്ത കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട സിദ്ധീഖ് കാപ്പനും സുഹൃത്തുക്കൾക്കും എന്ത് സംഭവിക്കുമെന്നും പ്രത്യേക പ്രവചനം കൂടാതെ തന്നെ പറയാനാവും.


ഹഥ്റാസ് സംഭവം നമ്മെ രണ്ട് വശങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രത്യേകം പ്രേരിപ്പിക്കുന്നു. ഇന്ത്യയിലെ ദലിത്-ആദിവാസി ജീവിതത്തിൻറെ സാമൂഹ്യ സ്ഥിതിയാണ് ഒന്ന്. സവർണ്ണാധിപത്യത്തിന്റെ ആൺകോയിമയിൽ ഏത് ദലിത് സ്ത്രീയും ഇന്ത്യയിൽ ബലാത്സംഗം ചെയ്യപ്പെടാം കൊല ചെയ്യപ്പെടാം. കുറ്റവാളികൾക്ക് എല്ലാ സംരക്ഷണവും ലഭിക്കും. മുഖ്യമന്ത്രിമുതൽ മജിസ്ട്രേറ്റുവരെയുള്ള സകല സംവിധാനങ്ങളും സവർണ്ണ പക്ഷത്ത് നിലയുറിപ്പിക്കും. എതിർ ശബ്ദത്തെ നിശബ്ദമാക്കും.


രണ്ടാമത്തെ വശം രാജ്യത്തെ ഭീകര നിയമങ്ങളെ സംബന്ധിച്ചാണ്. പ്രത്യേകിച്ചും യു.എ.പി.എ. നിയമം മുസ്ലിങ്ങളെയും ഭരണകൂടത്തിൻറെ സവർണ്ണാധിപത്യത്തിനെതിരെ എതിർശബ്ദമുയർത്തുന്നവരെയും അന്യായമായി തളക്കാനുള്ള മർദ്ദകോപകരണമാണത്. ഹഥ്റാസിലെ സവർണ്ണരുടെ ബലാത്സംഗകൊല മാറി എത്ര വേഗമാണ് സിദ്ധീഖ് കാപ്പന്റെ അറസ്റ്റോടെ രാജ്യദ്രോഹത്തിലേക്ക് ചർച്ച പരിവർത്തിക്കപ്പെട്ടത്.

ഇതങ്ങ് ഉത്തർ പ്രദേശിലല്ലേ, നമ്മുടെ കേരളം സുരക്ഷിതമല്ലേ എന്നാണ് കേരളത്തിൽ ജീവിക്കുന്ന നിഷ്കളങ്ക പൗരൻമാരുടെ ചോദ്യം. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് പാലത്തായിയിലെ ബാലികാ പീഢനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ നിന്ന് ഐ.ജി ശ്രീജിത്തിന്റെ അന്വേഷണ സംഘത്തെ മാറ്റിയ വാർത്ത മുന്നിലൂടെ മിന്നി മറഞ്ഞത്. ബി.ജെ.പി നേതാവായ പത്മരാജൻ താനധ്യാപകനായ സ്കൂളിലെ എട്ട് വയസുള്ള പെണകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുട്ടിയുടെ മൊഴിയുണ്ടായിട്ടും അയാൾക്കെതിരെ കൃത്യമായ നിയമ നടപടിയെടുക്കാൻ ശ്രമിക്കാതെ അന്വേഷണ സംഘം ഹഥ്റാസിലെ അന്വേഷണ സംഘത്തിന് സമാനമായി ബന്ധുക്കളെ പഴിചാരാനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുമാണ് ശ്രമിച്ചത്. പുതിയ അന്വേഷണ സംഘം വന്ന് ഇതല്ലാതെ ഇനിയും എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ കേരളത്തിലെ തന്നെ മുന്നനുഭവങ്ങൾ വഴിയൊരുക്കുന്നില്ല.


കേരളം ഇന്ന് സ്ത്രീ പീഢകരുടെ വിഹാര കേന്ദ്രമാണ്. സ്ത്രീകളുടെ സുരക്ഷയക്ക് യാതൊരു ഉറപ്പും നൽകാൻ കേരള ഭരണകൂടത്തിന് സാധിക്കുന്നില്ല. ഹഥ്രാസ് കേസിന് സമാനമായ കേസാണ് വാളയാർ പെണകുട്ടികളുടെ കേസ്.പാലക്കാട് ജില്ലയിലെ വാളയാറിലെ ദലിത് കുടുംബത്തിൽപ്പെട്ട സഹോദരിമാരായ രണ്ട് പെണ്കുട്ടികൾ അൻപത് ദിവസങ്ങളുടെ ഇടവേളയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തെ കേവലം ആത്മഹത്യ എന്ന നിലയിൽ എഴുതി തള്ളാനാണ് ലോക്കൽ പോലീസ് ആദ്യം ശ്രമിച്ചത്. 13 വയസുകാരിയായ പെണകുട്ടി 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരി 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. തങ്ങളുടെ മക്കളെ പ്രതികൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന് തങ്ങൾ തന്നെ ഒരിക്കൽ സാക്ഷിയായിട്ടുണ്ടെന്ന് മാതാപിതാക്കൾ ആദ്യ മരണം സംഭവിച്ചപ്പോൾ തന്നെ പോലീസിന് മൊഴി നൽകിയെങ്കിലും അവർ അത് മുഖവിലക്കെടുത്തില്ല. അന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ മണിക്കൂറുകൾക്ക് ഉള്ളിൽ ഭരണകക്ഷിയുടെ ഇടപെടലിൽ പുറത്തിറക്കി.


ഈ പെണ്കുട്ടികൾ ക്രൂരമായ ലൈംഗിക പീഢനത്തിന് വിധേയമായിരുന്നു എന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടും മരണത്തിലെ അസ്വാഭാവികതയും മൂലം വലിയ പ്രതിഷേധവും പ്രക്ഷോഭങ്ങളുമൊക്കെ നടന്ന ശേഷമാണ് അന്വേഷണത്തിന് പോലും പോലീസ് തയ്യാറായത്. ആദ്യം കേസന്വേഷിച്ച വാളയാർ എസ്.ഐ ചാക്കോയെ സസ്പെൻഡ് ചെയ്തു.
എ.എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ തുടർന്നുള്ള അന്വേണത്തിലാണ് പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെയായ കുട്ടി മധു, വി. മധു എന്നിവരും രാജാക്കാട് സ്വദേശി ഷിബു എന്നായാളും ചേർത്തല സ്വദേശി പ്രദീപും പ്രതികളായി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. പിടികൂടിയ പ്രതികൾക്കുമേൽ പൊലീസ് ഐപിസി 305 ( ആത്മഹത്യക്ക് പ്രേരിപ്പിക്കൽ), ഐപിസി 376 (ബലാത്സംഗം), SC /ST ( പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ്) ആക്റ്റ്, POCSO, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവ ചുമത്തി കേസ് ഫയൽ ചെയ്തു.

പ്രതികൾ സിപിഎം പ്രവർത്തകരായതിനാൽ തന്നെ പോലീസും മറ്റ് സംവിധാനങ്ങളും പ്രതികളെ സംരക്ഷിക്കാൻ എല്ലാ നീക്കവും നടത്തിക്കൊണ്ടിരുന്നു. ശിശുക്ഷേമ സമിതി ചെയർമാൻ എന രാജേഷ് തന്നെ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായി. പബ്ലിക് പ്രോസിക്യൂട്ടറെ ഇടക്ക് വെച്ച് മാറ്റി മറ്റോരാളെ നിയമിച്ചു. ചേർത്തല സ്വദേശി പ്രദീപിനെ ആദ്യം കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റ വിമുക്തനാക്കി. പ്രോസിക്യൂഷൻ വൻ വീഴ്ചയാണ് കോടതി നടപടികളിൽ വരുത്തിയത്. കെട്ടിച്ചമക്കപ്പെട്ട സാക്ഷികളെ ഹാജരാക്കി കേസിനെ പരമാവധി ദുർബലപ്പെടുത്തി. എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് 2019 ഒക്ടോബർ 25ന് കോസ് വിധിയായി. പ്രോസിക്യൂഷൻറെ വീഴ്ചകൾ കോടതി വിധി പ്രസ്താവത്തിൽ തന്നെ പരാമർശിക്കുന്നുണ്ട്.
കേസ് അട്ടിമറിക്കാൻ എല്ലാ വിധ ഒത്താശയും ചെയ്തതിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി സോജന് വലിയ പങ്കുണ്ട്. വാളയാർ പീഡന കേസിൽ പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന ഡിവൈഎസ്പി സോജന്റെ പരാമർശം വിവാദമായിരുന്നു. കുട്ടികൾക്ക് ഇഷ്ടമായിരുന്നുവെന്നും അവരുടെ പ്രായം അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതിൻറെ ഓഡിയോ ഒരു ചാനൽ സംപ്രേഷണം ചെയ്തിരുന്നു. ഈ സോജന് ഐ.പി.എസ് നൽകി പ്രമോഷൻ നൽകിയാണ് കേരള സർക്കാർ ആദരിച്ചത്.
ദലിത് പെണകുട്ടികളുടെ സുരക്ഷയിൽ കേരളം യു.പിയിൽ നിന്ന് യാതൊരു വ്യത്യാസവുമില്ല എന്ന് വ്യക്തമാക്കുന്നു. യുപിയിലെ പോലീസ് സ്റ്റേഷനുകൾ പോലെ കേരളത്തിലെ പോലീസ് സ്റ്റേഷനും ദലിതർക്കുള്ള ഇടിമുറികളാണ്. ഈ സർക്കാരിൻറെ അധികാരാരോഹണത്തിന് ശേഷം ലോക്കപ്പുകളിൽ മരിച്ചവർ നിരവധിയാണ്. അതിൽ ഭൂരിപക്ഷവും ദലിതരോ മതന്യൂനപക്ഷങ്ങളിൽ പെട്ടവരോ ആണ്.
പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജനെ സഹായിക്കുന്ന പോലീസിനും ഭരണ സംവിധാനത്തിനും യുപിയുമായി എന്ത് വ്യത്യാസമാണുള്ളത്. ഇഷ്ട വിശ്വാസം സ്വീകരിച്ച് ഒരാളെ വിവാഹം കഴിച്ച ഹാദിയ എന്ന പെൺകുട്ടിയെ വീട്ടു തടങ്കിലാക്കിയ കേരളവും ഹഥ്റാസിലെ പെണകുട്ടിയുടെ വീട്ടുകാരെ വീട്ടു തടങ്കലിലാക്കിയ യുപിയും തമ്മിലെന്തു വ്യത്യാസമാണുള്ളത്.
വ്യജ ഏറ്റുമുട്ടൽ കൊലകൾ നടത്തുന്ന യുപി പോലീസും ഇതിനോടകം രണ്ട് സ്ത്രീകളെ അടക്കം ഏഴുപേരെ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേരളാ പോലീസും ഭരണസംവിധാവനും യുപിയുമായി എന്ത് വ്യത്യാസമാണുള്ളത്. സിദ്ധീഖ് കാപ്പനെന്ന മാധ്യമ പ്രവർത്തകനെ സ്വന്തം ജോലിക്കായി യാത്ര ചെയ്യുന്നതിനിടെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയ യുപി സർക്കാരും അലൻ, ത്വാഹ എന്നീ വിദ്യാർത്ഥികളെ അകാരണമായി അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേരള ഭരണ സംവിധാനവും തമ്മിലെന്തു വ്യത്യാസം.

ചിത്രം ഉറവിടം : ദി ഹിന്ദു.


കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവു മൂലം രോഗികൾ മരിച്ച് വീഴുന്നത് ചൂണ്ടിക്കാട്ടുകയും കോവിഡ് രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതും പുറം ലോകത്തോട് പറഞ്ഞ ഡോ. നജ്മയ്ക്ക് ഉത്തർ പ്രദേശിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ പ്രശ്നം പുറം ലോകത്തെ അറിയിച്ച കഫീൽ ഖാന്റെ അനുഭവം വരാനുള്ള സൂചനകളല്ലേ ഇപ്പോഴും കാണുന്നത്.
ഇതൊക്കെ കണ്ടിട്ട് കേരളം ഉത്തർ പ്രദേശല്ല എന്നു പറയാനാവുമോ.. മുഖ്യമന്ത്രിയുടെ പേര് മാറ്റമുണ്ടാകാം. ഭരിക്കുന്ന പാർട്ടിയുടെയും പേര് മാറ്റമുണ്ടാകാം. പക്ഷേ അനുഭവത്തിൽ യാതൊരു വ്യത്യാസവുമില്ല എന്നതാണ് സത്യം. യുപി തന്നെയാണ് കേരളവും

(ലേഖകൻ വെൽഫെയർ പാർട്ടി കേരള ഘടകം സെക്രട്ടറിയാണ്)