സവർണ സംവരണത്തിന്റെ അപകടം തിരിച്ചറിയാൻ സിപിഎമ്മിനകത്തേക്ക് നോക്കുക

അരവിന്ദ് ഇൻഡിജെനസ്

ജനകിയമായി ഉയര്‍ന്നു വരുന്ന സ്വത്വ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്ന ജ്ഞാനവ്യവസ്ഥയും അതിനോട്‌ ഇടപെട്ടു അധികാരത്തിലുള്ളവര്‍ നയപരമായും അല്ലാതെയും വികസനപരമായ എന്ത്‌ മാറ്റം വരുത്തി എന്നതു പ്രധാനമാണ്‌. കുറിപ്പ്‌ പൂര്‍ണമായും വായിക്കുന്നതിന്‌ മുന്‍പ്‌ അത്‌ ഓര്‍ത്തുവെക്കേണ്ടതുണ്ട്‌.

അമര്‍ത്യ സെന്നിനെപോലെയുള്ള സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ വികസനത്തിന്റെ ചാലകശക്തിയായി കാണുന്നത്‌ വ്യവസ്ഥിതിയെവിമര്‍ശിക്കാനും അഭിപ്രായം പറയുവാനുമുള്ള സ്വതന്ത്ര്യത്തെയാണ്‌. വിവിധ ജനവിഭാഗങ്ങള്‍ക്ക്‌ അവരുടെ സാമൂഹിക ജീവിതത്തിലെ പ്രശ്നങ്ങളെഅഭിസംബോധന ചെയ്തു ഇടപെടുവാനും അധികാരി വര്‍ഗത്തിനോട്‌അവര്‍ക്കനുകൂലമായ നയങ്ങള്‍ സ്വീകരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്താനും കഴിയേണ്ടത്‌ സമൂഹത്തിന്റെ വികസനത്തിന്‌ അനിവാര്യമാണ്‌.

വിവിധ സ്വത്വ വിഭാഗങ്ങള്‍ സൃഷ്ടിക്കുന്ന മുന്നേറ്റങ്ങളുടെ ജ്ഞാനവ്യവസ്ഥകള്‍ തമ്മില്‍ ഗുണപരമായ വ്യത്യസ്തയുണ്ട്‌. സമൂഹത്തിലെ വരേണ്യ വർഗങ്ങൾ ഉയര്‍ത്തി കൊണ്ടു വരുന്ന മുന്നേറ്റങ്ങളുടെയും കീഴാള ജനവിഭാഗങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്ന മുന്നേറ്റങ്ങളുയും സ്വഭാവം വ്യത്യസ്തമാണ്‌.

പ്രാഥമികമായ പരിശോധനയില്‍ തന്നെ ദലിത്‌ ആദിവാസി പിന്നോക്ക സമുദായ വിഭാഗങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്ന മുന്നേറ്റങ്ങളുടെ ജ്ഞാനവ്യവസ്ഥകള്‍ വികസനത്തിന്‌ അനുകൂലമാണെന്ന്‌ മനസിലാകും.അയ്യന്‍കാളിയുടെ വില്ലുവണ്ടി സമരം മുതല്‍ മുത്തങ്ങ, ചെങ്ങറ,അരിപ്പ ഭൂമി പിടിച്ചടക്കല്‍ എന്നീ മുന്നേറ്റങ്ങള്‍ വരെ സമൂഹത്തിലെ വികസനം എങ്ങനെ നടപ്പാക്കണം എന്ന കാര്യത്തില്‍ അറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. അത്യന്തം അപരിഷ്കൃതരായി ജീവിച്ച സവർണരെ മറ്റു മനുഷ്യരെ തുല്യരായി കാണാന്‍ ശീലിക്കണമെന്ന്‌ ദലിത്‌ ബഹുജന്‍ മുന്നേറ്റങ്ങള്‍ വില്ലുവണ്ടി സമരത്തിലൂടെയും കല്ലുമാല സമരത്തിലൂടെയും പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശനത്തിലൂടെയും പഠിപ്പിച്ചു. സമൂഹത്തിന്റെ വികസനത്തിനായി മറ്റു മനുഷ്യവിഭാഗങ്ങളെ തുല്യരായി പരിഗണിക്കാത്ത അപരിഷ്കൃതരായ സവര്‍ണരെ ദലിതുകള്‍ പതുക്കെ പരിശീലിപ്പിച്ചു പരിഷ്കരിച്ചതാണ്‌. ഹിന്ദുത്വം സവർണർക്ക്‌ ദൈവികമായി കല്പിച്ചു നല്‍കിയിരിക്കുന്ന സവിശേഷാധികാരങ്ങള്‍, സ്വീകാര്യത എന്നിവ സാമൂഹികമായ മത്സരത്തില്‍ അവരെ വിജയത്തിലെത്താന്‍ നിരന്തരം സഹായിക്കുന്നുണ്ട്‌ എന്ന്‌ സവര്‍ണര്‍ അല്പമെങ്കിലും പഠിച്ചു മനസിലാക്കിയത്‌ ദളിത്‌/ ആദിവാസി/ പിന്നോക്ക മുന്നേറ്റങ്ങളിലെ വിമര്‍ശനങ്ങളില്‍ നിന്നുമാണ്‌.

ഭൂമി ഒരു ഉല്പാദനോപാധി ആണെന്നും അതിമേലുള്ള അധികാരത്തിന്‌ സാമൂഹിക അധികാരവുമായി ബന്ധമുണ്ടെന്നും അതുകൊണ്ട്‌ വിഭവാധികാരത്തിന്റെ പുനർവിതരണം സമൂഹത്തിന്റെ വികസനത്തിലെ പ്രധാന ഘടകമാണെന്ന്‌ ചെങ്ങറയിലും അരിപ്പയിലും ഭൂമി പിടിച്ചടക്കികൊണ്ട്‌ ദലിതുകള്‍ കേരളത്തെ ബോധ്യപ്പെടുത്തി. എയ്ഡഡ്‌ വിദ്യാഭ്യാസ മേഖല സര്‍ക്കാര്‍ പണം മുടക്കുന്ന മേഖലയാണെന്നും അവിടേക്ക്‌ പൊതു ജനങ്ങള്‍ക്ക്‌ എല്ലാവർക്കും സ്വതന്ത്രമായി പ്രാതിനിധ്യത്തിനായി മത്സരിക്കാൻ സര്‍ക്കാര്‍ തന്നെ നിയമനം നടത്തുന്നതാണ്‌ വികസനത്തിന്‌ അനുകൂലമെന്ന്‌ ദലിത്‌ ആദിവാസി മുന്നേറ്റങ്ങള്‍ പൊതുബോധം ഉണ്ടാക്കിയെടുത്തു. ഇത്‌ കേവലം ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണെന്ന്‌ ശ്രദ്ധിക്കണം.

ഇനി അതിന്‌ നേര്‍ എതിർ വശത്ത്‌ സവര്‍ണ സമൂഹങ്ങള്‍ നടത്തുന്ന ചില മുന്നേറ്റങ്ങള്‍ ഒന്ന്‌ പരിശോധിച്ച്‌ നോക്കു. ഭൂപരിഷകരണത്തിനെതിരെ സവര്‍ണരും സവര്‍ണ ക്രിസ്ത്യാനികളും ചേര്‍ന്ന്‌ നടത്തിയ വിമോചന ലഹള, ഭൂമിയുടെ പുനർവിതരണം തടയാന്‍ ശ്രമിച്ചുകൊണ്ടുള്ളതായിരുന്നു. സവര്‍ണര്‍ നടത്തിയ മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ കലാപം പൊതുമേഖലയിലെ പിന്നോക്ക സമുദായങ്ങളുടെ പ്രാതിനിധ്യം വര്‍ധിക്കുന്നതിനെ തടയാന്‍ ശ്രമിച്ചുകൊണ്ടുള്ളതായിരുന്നു. ബാബരി മസ്ജിദ്‌ തകര്‍ക്കല്‍ സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ അക്രമണോൽസുകവും മുസ്ലിം വിരുദ്ധവുമായ മുഖമായിരുന്നു. ഈയടുത്ത്‌ സവര്‍ണര്‍ നടത്തിയ ശബരിമല സ്ത്രീ പ്രവേശന വിരുദ്ധ ലഹള സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യം തടയാന്‍ ശ്രമിച്ചുകൊണ്ടുള്ളതായിരുന്നു. സവര്‍ണരുടെ സാമൂഹിക മുന്നേറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്നത്‌ വികസനത്തിന്‌ അത്യന്തം വിനാശകരമായ അധീശത്വ ബോധങ്ങളാണ്‌. വികസനവുമായി ബന്ധപ്പെട്ട എത്ര അപകടകരമായ പൊതുബോധങ്ങളാണ്‌ സവര്‍ണര്‍ സംഘടിച്ചുണ്ടാക്കിയത്‌ എന്നാലോചിച്ചാല്‍ പുരോഗമന സമൂഹം ഭയന്നുപോകും. വയനാട്ടില്‍ കുടിയേറ്റ സവര്‍ണ ക്രിസ്ത്യാനികള്‍ ഒരുകാലത്ത്‌ “Wildlife Resistance Forum”, “Wildlife Free Wayanad”എന്നിങ്ങനെ രണ്ട്‌ സംഘടനകള്‍ ഉണ്ടാക്കിയിരുന്നു എന്നറിയുമ്പോള്‍ അവരുണ്ടാക്കുന്ന അറിവിന്റെ അപകടം പുരോഗമന സമൂഹം രേഖപ്പെടുത്തി പോകേണ്ടതുണ്ട്‌. ഇതുകൊണ്ടാണ്‌ സമൂഹത്തിലെ വരേണ്യ വർഗങ്ങൾ ഉയര്‍ത്തുകൊണ്ടു വരുന്ന മുന്നേറ്റങ്ങളുടെയും കിഴാള ജനവിഭാഗങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്ന മുന്നേറ്റങ്ങളുടെയും സ്വഭാവം വ്യത്യസ്തമാണ്‌ എന്ന്‌ ആദ്യമേ സൂചിപ്പിച്ചത്‌. സമൂഹത്തിലെ വികസനത്തിനെയും സാമൂഹിക ചലനത്തെയും തടയുന്നതാണ്‌ സവര്‍ണര്‍ നയിക്കുന്ന സാമൂഹിക മുന്നേറ്റങ്ങളുടെ സ്വഭാവം.

വസ്തുതകള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ കേരളത്തിലെ ഏറ്റവും ശക്തമായ സംഘടനാ സംവിധാനം എന്ന നിലക്ക്‌ സിപിഎം സാമൂഹിക മുന്നേറ്റങ്ങളോട്‌ എടുക്കുന്ന നിലപാട്‌ തീര്‍ത്തും അപകടകരമാണ്‌ എന്ന്‌ സൂചിപ്പിച്ചു പോകണം. ഈയടുത്ത കാലത്തു നടന്ന ചില സ്വത്വ വിഭാഗങ്ങളുടെ മുന്നേറ്റങ്ങളെ സിപിഎം സംഘടനാപരമായും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചും അക്രമിച്ചിട്ടുണ്ട്‌.

ഉദാഹരണത്തിന്‌ 01. കൊറോണയുടെ ആഘാതത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ അതിജീവനത്തിനായി ചങ്ങനാശേരി പായിപ്പാട്‌ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക്‌ തിരികെ പോകാന്‍ സൗകര്യങ്ങള്‍ ഒരുക്കണം എന്നാവശ്യപ്പെട്ട്‌ നടത്തിയ സമരത്തെ ഇടതുപക്ഷം ആക്രമിച്ചത്‌ അവര്‍ മറ്റാരുടെയോ ഗൂഢാലോചനയില്‍ പെട്ടുപോയതാണ്‌ എന്ന്‌ പ്രചരിപ്പിച്ചാണ്‌. ഒരുപാട്‌ ഗൂഡാലോചന സിദ്ധാന്തം അവര്‍ക്ക്‌ നേരെ ഇടതുപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പടെ ഉപയോഗിച്ച്‌ പ്രചരിപ്പിച്ചു.

02.പൂന്തുറയില്‍ കോവിഡ്‌ ചികിത്സയില്‍ വിവേചനം ചെയപെട്ടപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ നേരിട്ടത്‌ പട്ടാളത്തെയിറക്കിയാണ്‌, മത്സ്യത്തൊഴിലാളികള്‍ നിയന്ത്രണവിധേയമാവാത്തവരാണ്‌ എന്ന്‌ സിപിഎം നേതൃത്വത്തില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് പ്രചാരണം അഴിച്ചുവിട്ടു.

03.വാടയമ്പാടിയില്‍ നായമ്മാര്‍ കെട്ടിയ ജാതിമതില്‍ തകര്‍ത്ത സമരത്തിന്‌ ദലിതുകള്‍ ഐക്യപ്പെട്ടപ്പോൾ പുറത്തു നിന്നുള്ള ജാതിവെറിയന്മാര്‍ഗൂഡാലോചന നടത്തിയെന്നാണ്‌ ഇടതുപക്ഷം ദലിതുകളെക്കുറിച്ചു പ്രസ്താവനഇറക്കിയത്‌.

04.ജിഷയുടെ കൊലപാതകശേഷം ദലിതുകള്‍ പെരുമ്പാവൂരില്‍ ഐക്യപ്പെട്ടപ്പോഴും പുറത്തു നിന്നുള്ളവര്‍ പ്രശ്നമുണ്ടാക്കുന്നു എന്നാണവര്‍ പ്രചരിപ്പിച്ചത്‌.

05.പെൻപിളൈ ഒരുമൈ സമരം നടന്നപ്പോള്‍ അതുതന്നെയാണ്‌ പ്രചരിപ്പിച്ചത്‌, ആ തൊഴിലാളി സമരത്തെ തകര്‍ത്തുകളഞ്ഞത്‌ ഇടതുപക്ഷം മാത്രമാണ്‌. പെൻപിളൈ ഒരുമൈ സമരനേതാവ്‌ ഗോമതി അഗസ്റ്റിൻ എന്ന തോട്ടം തൊഴിലാളിക്ക്‌ സിപിഎം-പോലീസ്‌-കമ്പനി മാഫിയ 30 ഓളം കേസുകളാണ്‌ ചാര്‍ത്തികൊടുത്തിരിക്കുന്നത്‌. സിപിഎം ഭീഷണി നിലനില്കുന്നതുകൊണ്ട്‌ മൂന്നാറില്‍ അവര്‍ക്ക്‌ വാടകക്ക്‌ വീടുപോലും കിട്ടുകയില്ല.

06.സിപിഎം നിരന്തരം സംഘടിതമായി ആക്രമിക്കുന്ന ദലിത്‌ സ്ത്രീ ചിത്രലേഖയോട്‌ ഐക്യപ്പെട്ടപ്പോഴും ഗൂഡാലോചന സിദ്ധാന്തം പ്രചരിപ്പിച്ചു. ചിത്രലേഖക്ക്‌ സര്‍ക്കാരില്‍ നിന്നും വീടുപണിയാനായി ലഭിച്ച ധനസഹായം ഈ ഇടതുപക്ഷ സര്‍ക്കാര്‍ റദ്ധാക്കുകയും, മുന്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കുകയും ചെയ്തു. 07.വാളയാറില്‍ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ഐക്യപ്പെട്ടവരെ ഇടതുപക്ഷം ആക്രമിക്കാന്‍ വന്നത്‌ പുറത്തുനിന്നും വന്ന ഗൂഡാലോചനക്കാര്‍ എന്ന്‌ പ്രചരിപ്പിച്ചാണ്‌. വിഷയത്തില്‍ തിരുവനന്തപുരത്ത്‌ സമരത്തിന്‌ തയ്യാറെടുത്ത വിനീത വിജയനെയും ശ്രീജ നെയയാറ്റിങ്കരയെയു പോലീസിനെ വിട്ട്‌ ആക്രമിച്ച സര്‍ക്കാരാണ്‌ ഇടതുപക്ഷത്തിന്റെത്‌.

08.കൊല്ലം ആലപ്പാട്‌ തീരത്ത്‌ ഖനനവിരുദ്ധ സമരം നടന്നപ്പോള്‍ മലപ്പുറത്തുനിന്നുള്ള മുസ്ലിങ്ങള്‍ ഗൂഡാലോചന നടത്തുന്നു എന്നാണ്‌ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പ്രചരിപ്പിച്ചത്‌.

09.മലബാറില്‍ അദാനിയുടെ ഗെയില്‍ ഗ്യാസ്‌ ലൈന്‍ പദ്ധതിക്കെതിരെ സമരം ചെയ്ത മുസ്ലിങ്ങളെ തീവ്രവാദികള്‍ എന്ന്‌ ആരോപിച്ചാണ്‌ സിപിഎം നേരിട്ടത്‌.

10.കോടിയേരി ബാലകൃഷ്ണന്‍ ദലിത്‌ ഹര്‍ത്താലിനെക്കുറിച്ചു പറഞ്ഞത്‌ ഈരുംപേരുമില്ലാത്തവര്‍ നടത്തുന്ന ഹര്‍ത്താല്‍ എന്നാണ്‌…അവസാനം അഞ്ജന എന്ന എല്‍.ജി.ബി.ടി സമുദായാംഗത്തിന്റെ ആത്മഹത്യപോലും ഇടതുപക്ഷം ഉപയോഗിച്ചത്‌ ലൈംഗിക ന്യൂനപക്ഷങ്ങളുടെ മുന്നേറ്റങ്ങളെ സമൂഹത്തില്‍ പൈശാചികവത്കരിക്കാനാണ്‌.

ഇതെല്ലാം താഴെ തട്ടില്‍ നിന്നുള്ളവര്‍ ഉയര്‍ത്തുന്ന മുന്നേറ്റങ്ങളെയുംഅറിവുകളെയും എങ്ങനെ നേരിടണം എന്ന സിപിമ്മിന്റെ പുതിയമാതൃകയാണ്‌. കൃത്യമായി സൂചിപ്പിക്കുകയാണെങ്കില്‍ സമരപോരാട്ടങ്ങളെയും അതുമായി ബന്ധപ്പെട്ട ജ്ഞാനവ്യവസ്ഥയെയുംഎതിര്‍ക്കുന്ന ഒരു ഇടത്‌ ഉദ്യോഗസ്ഥ സംഘം സമൂഹത്തില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്‌. ഇത്‌ ഗുണപമായി(Qualitative) സൂചിപ്പിക്കുന്നത്‌ സാമൂഹിക മുന്നേറ്റങ്ങളെ അസ്വസ്ഥതയോടെ കാണുന്ന ഒരു ഉപരിവര്ഗം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഉണ്ടെന്നാണ്‌. മുന്‍പ്‌ സവര്‍ണ മുന്നേറ്റങ്ങള്‍ ഉല്പാദിപ്പിക്കുന്ന മുന്നേറ്റങ്ങളുടെ ജ്ഞാനം ഏതു രീതിയിലാണ്‌
വികസനത്തെ പ്രതികൂലമാക്കുന്നത്‌ എന്ന്‌ പരിശോധിച്ചുവല്ലോ. സാമൂഹിക ചലനത്തെയും സമൂഹത്തിലെ വികസനത്തിനെയും തടയുന്നതാണ്‌ സവര്‍ണര്‍ നയിക്കുന്ന സാമൂഹിക മുന്നേറ്റങ്ങളുടെ സ്വഭാവം എന്നുള്ള വസ്തുത കണക്കിലെടുക്കുമ്പോള്‍, സിപിഎം ന്റെ നേതൃത്വത്തില്‍ സവര്‍ണ വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിച്ചുവരുന്നതുകൊണ്ടാണ്‌ സത്യത്തില്‍ ഇത്തരത്തില്‍ സാമൂഹിക മുന്നേറ്റങ്ങളോട്‌ ശത്രുതാപരമായ പ്രതികരിക്കുന്ന രീതി വര്‍ധിച്ചു വരുന്നത്‌ എന്ന്‌ ഗുണപരമായി ബോധ്യപ്പെടും. കേരളത്തിലെ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട സാമൂഹ്യശാസ്ത്രപരമായ താരതമ്യ പഠനം ഇത്‌ വ്യക്തമാക്കുന്നു.

അത്‌ കൂടുതല്‍ വ്യക്തതയോടെ സ്ഥാപിക്കാനായി സിപിഎം നടത്തിയ സാമൂഹിക മുന്നേറ്റങ്ങളുടെ സ്വഭാവം പരിശോധിക്കേണ്ടതാണ്‌. സിപിഎമ്മിന്റെ ഈ ഉപരിവർഗം കൃത്യമായ സാമൂഹിക പ്രശ്നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പര്യാപ്തമായ ഒന്നല്ല. വസ്തുതാപരമായി സൂചിപ്പിച്ചാല്‍ ദലിതുകളും ആദിവാസികളും മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും നടത്തിയതുപോലെയുള്ള സമരങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ പോലും സംഘടനാപരമായി ഇടതുപക്ഷത്തിന്‌ കഴിയുകയില്ല. സമരം നടത്താനായുള്ള ഒരു വിഭവങ്ങളുമില്ലാതിരുന്നിട്ടും ആദിവാസികള്‍ മൂന്നു മാസക്കാലം വനാവകാശം സ്ഥാപിക്കാനായി സെക്രട്ടറിയേറ്റിന്‌ മുന്‍പില്‍ നടത്തിയ നില്‍പ്‌ സമരം പോലെ ഒന്ന്‌ സിപിഎം അണികള്‍ക്ക്‌ ഞെട്ടല്‍ ഉണ്ടാക്കുന്ന ഒന്നാണ്‌. ജീവനെയും ജീവിത സാഹചര്യത്തെയും വികസനത്തിനനുകൂലമായി മാറ്റി തീര്‍ക്കാന്‍ കഴിയുന്ന ഒരു ആവശ്യമോ അതിനെ ബലപ്പെടുത്തുന്ന ഒരു ജ്ഞാനവ്യവസ്ഥയോ സിപിഎം മുന്നേറ്റങ്ങളിലൂടെ ഉയര്‍ന്നു വരില്ല. മറിച്ചു ഭരണകൂടം നിലനില്‍ക്കുന്ന കാലത്തോളം മാറാതെ തുടരുന്ന അഴിമതി പോലെയുള്ള വിഷയങ്ങളായിരുന്നു ഇടതുപക്ഷത്തിന്റെ ശ്രദ്ധ. ദില്ലിയില്‍ അണ്ണാഹസാരെ നടത്തിയ അഴിമതി വിരുദ്ധ ഇവന്റ്‌ ഇതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. തീര്‍ത്തും ജൈവികമല്ലാത്ത പൊള്ളയായ ഒരു സവര്‍ണ മധ്യവര്‍ഗ അരാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു അത്‌ സമൂഹത്തിലെ ഘടനാപരമായ ഉച്ചനീചത്വങ്ങളെക്കുറിച്ചോ ഘടനാപരമായ പ്രശ്നങ്ങളെക്കുറിച്ചോ ഒരു ജ്ഞാനവും ഉല്പാദിപ്പിക്കാന്‍ കഴിയാത്ത സവര്‍ണ മുന്നേറ്റങ്ങളുടെ മറ്റൊരു ഉദാഹരണമായിരുന്നു അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ മുന്നേറ്റം…

അനിശ്ചിതകാലം എന്ന്‌ അവകാശപ്പെട്ട്‌ സിപിഎം നടത്തിയ സോളാര്‍ അഴിമതി രാപ്പകല്‍ സമരം ഇതുപോലെ ഒന്നായിരുന്നു. സെക്രട്ടറിയേറ്റിന്‌ മുന്‍പില്‍ വന്നു ഒറ്റ ദിവസം കൊണ്ടുതന്നെ അണികള്‍ തിരികെപ്പോയി. സമരം ദയനീയമായി പരാജയപെട്ടു.

സിപിഎം എന്ന വലിയ കറവപ്പശുവിന്റെ അനുകൂല്യങ്ങള്‍ പറ്റി ജീവിക്കുന്ന പ്രശ്നബാധിതരല്ലത്ത സവര്‍ണ മധ്യവര്‍ഗം സമരം ചെയ്യാന്‍ ശേഷിയുള്ളവരല്ല. സിപിഎമ്മിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന വലിയ വോട്ട്‌ ബാങ്ക്‌ ദലിത്‌ പിന്നോക്ക ജനത ആകട്ടെ അവരെ ബാധിക്കാത്ത ഒരു പ്രശ്നത്തിനായി അനിശ്ചിതകാലം പ്രഖ്യാപിക്കുന്ന സമരങ്ങള്‍ക്ക്‌ നിലനില്‍ക്കാന്‍ തയ്യാറുമല്ലായിരുന്നു.

പ്രാഥമികമായി അവരെ കാര്യമായി ബാധിക്കുന്ന സ്വത്വപരമായ പ്രശ്നമല്ലസോളാര്‍ അഴിമതി. എന്നാല്‍ അന്നത്തോടെ മധ്യവര്‍ഗ അണികള്‍ക്ക്‌ ശക്തമായസമരങ്ങള്‍ക്ക്‌ അണിചേരാന്‍ ശേഷിയില്ല എന്ന്‌ മനസിലാക്കിയ സിപിഎം സവര്‍ണ നേത്രത്വം വീണ്ടും അടവ്‌ നയം മാറ്റി. കഴിയാവുന്ന അണികളെ മുഴുവന്‍ വളരെക്കുറച്ചു സമയം അണിചേര്‍ത്ത്‌ നിര്‍ത്തുന്ന മനുഷ്യ ചങ്ങലമോഡല്‍ ഇവെന്റുകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. 01.നോട്ട്‌ നിരോധനത്തില്‍ നടത്തിയ മനുഷ്യച്ചങ്ങല, 02.ശബരിമല വനിതാ പ്രവേശന സമയത്ത്‌ നടത്തിയ വനിതാ മതില്‍, 03.പരരത്വ നിയമ ഭേദഗതിയില്‍ നടത്തിയ ഭരണഘടന സംരക്ഷണ റാലി എന്നിവയെല്ലാം മനുഷ്യച്ചങ്ങല മോഡല്‍ ആയിരുന്നു. ഒരല്പം അഞ്ചോ പത്തോ മിനിറ്റ്‌ സമയം പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കാന്‍ തയ്യാറുള്ള ആരെയും ആകര്‍ഷിച്ചു എന്നതാണ്‌ ഈ രീതിയുടെ പ്രത്യേകത. എന്നാല്‍ സോളാര്‍ സമരത്തില്‍ നിന്നും പിന്മാറിയെങ്കിലും ശബരിമലയില്‍ സ്ത്രീകളെ ആരാധനക്ക്‌ വിലക്കുന്നത്‌ തങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്ന്‌ മനസിലാക്കിയ ദളിത്‌ പിന്നോക്ക സമുദായങ്ങള്‍ വനിതാമതിലില്‍ ഒരു വലിയ ശക്തിയായി മാറി. പല ദളിത്‌ പിന്നോക്ക സമുദായ നേതൃത്വങ്ങളും ഇടതുപക്ഷത്തോടൊപ്പം വനിതാമതില്‍ സംഘടിപ്പിക്കുന്നതില്‍ പങ്കെടുത്തു. എന്നാല്‍ അപ്പോഴും ഈ സമുദായങ്ങള്‍ക്കൊഴികെ ഈ വിഷയത്തില്‍ നേതൃത്വത്തിനോ അണികള്‍ക്കോ കൃത്യമായ ഏക അഭിപ്രായ ഉണ്ടായിരുന്നില്ല. ശബരിമലയില്‍ സ്ത്രീകള്‍ കേറിയാലും ഇല്ലെങ്കിലും ഞങ്ങള്‍ എല്ലാവരും സിപിഎം ആണ്‌ എന്നതായിരുന്നു സത്യത്തില്‍ വനിതാമതിലിലെ സവര്‍ണ മധ്യവര്‍ഗ ടാഗ്‌ ലൈന്‍. ഇത്‌ കൃത്യമായും സവര്‍ണ്ണ സമൂഹങ്ങള്‍ സിപിഎമ്മിനോട്‌ അടുത്തതിന്റെ ലക്ഷണമാണ്‌. മുഴുവന്‍ദേവസ്വം മന്ത്രി ആയിരുന്ന കടകംപിള്ളി സുരേന്ദ്രന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഇരട്ടത്താപ്പ്‌ പ്രസ്താവനകള്‍ ഇതിനു ഉദാഹരണമായിരുന്നു.

സിപിഎം എന്തുകൊണ്ട്‌ മുന്നേറ്റങ്ങള്‍ക്ക്‌ എതിരായി നില്കുന്നു എന്നും വികസനത്തിന്‌ അനുകൂലമായ ആവശ്യങ്ങള്‍ ഉയര്‍ത്തികൊണ്ട്‌ മുന്നേറ്റങ്ങള്‍ നയിക്കാന്‍ സംഘടനക്ക്‌ കഴിയുന്നില്ല എന്നുമുള്ള ചോദ്യത്തിന്റെ ഉത്തരം സംഘടനയില്‍ അധികാര സ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന സവര്‍ണ പ്രാതിനിധ്യമാണ്‌. സമൂഹത്തിലെ സ്വത്വപരമായ/ജൈവികമായ ഒരു പ്രശ്നവും ബാധിക്കാത്ത സവര്‍ണ്ണര്‍ അവരുടെ നേതൃത്വങ്ങളില്‍ ബഹുഭൂരിപക്ഷം ഉള്ളതുകൊണ്ടാണ്‌ ഗുണപരമായി സംഘടന ഇത്തരത്തില്‍ ജീര്‍ണിച്ചു വരുന്നത്‌. സാമൂഹിക പ്രശ്നങ്ങളെ തിരിച്ചറിയാനുള്ള ഉള്‍കാഴ്ച സംഘടനക്ക്‌ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. മലപ്പുറത്ത്‌ ദേവിക എന്ന ഒമ്പതുവയസ്സുള്ള ദളിത്‌ വിദ്യാര്‍ത്ഥിനി വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളിലെ ഘടനാപരമായ വിവേചനത്തെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്തപ്പോള്‍ അത്‌ ടി.വി ഇല്ലാത്തതുകൊണ്ടാണ്‌ എന്ന്‌ ഇടതുപക്ഷം തെറ്റിദ്ധരിക്കുന്നത്‌ ഇതുകൊണ്ടാണ്‌. കേരളത്തിലെ കോളനികളിലെ ദളിത്‌ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നം ടി.വി ഇല്ലാത്തതുകൊണ്ടാണെന്ന്‌ പ്രചരിപ്പിച്ചു ടി.വി വാങ്ങി നല്‍കല്‍ ചലഞ്ച്‌ പോലെ പരിഹാസ്യമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍
നടത്തുന്നൊരു ചാരിറ്റി എന്‍.ജി.ഓ പ്രവര്‍ത്തന രീതിയിലേക്ക്‌ ഇടതുപക്ഷം മാറിയതും ഇതുകൊണ്ടാണ്‌. ഒരുപക്ഷെ ടി.വി വിതരണം എന്നത്‌ ദളിത്‌ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും ആ പ്രശ്നത്തെക്കുറിച്ചുള്ള ഒരു ജ്ഞാനോദയവും തടയും എന്ന കൃത്യമായ ബോധം ഇടതുവപക്ഷത്തെ
സവര്‍ണ നേതൃത്വത്തിന്‌ ഉണ്ടായിട്ടുണ്ടാകാം എന്നുകൂടി പുരോഗമന സമൂഹം സംശയിക്കേണ്ടിയിരിക്കുന്നു.

നേതൃത്വങ്ങളിലെ അധിക സവര്‍ണ പ്രാതിനിധ്യമാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങളുടെ കാരണം എന്ന്‌ നിസംശയം വ്യക്തമാക്കാം. അതിന്റെ എതിര്‍വശത്ത്‌ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന അടിച്ചമര്‍ത്തപ്പെട്ടവരുടേതായ മുന്നേറ്റങ്ങളെ അത്‌ ശത്രുതാപരമായ കാണുന്നതിന്റെ അടിസ്ഥാന കാരണവും ഇതാണ്‌.

ഈ വസ്തുത കുറച്ചുകൂടി ശക്തമായി സ്ഥാപിക്കാന്‍ നാല്‌ മുന്നേറ്റങ്ങളോടും ആ മുന്നേറ്റങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളോടും സിപിഎം ഇടപെട്ടത്‌ എങ്ങനെ എന്ന്‌ പരിശോധിക്കാം.

01.അയ്യന്‍കാളി, കാവാരികുളം കണ്ടന്‍ കുമാരന്‍ എന്നിവരുടെ കാലം തൊട്ടേ ദലിത് വിഭാഗങ്ങള്‍ ഭൂഅധികാരം എന്ന മര്‍മപ്രധാനമായ ആവശ്യത്തിനായിഅധികാരിവര്‍ഗവുമായി ഇടപെടല്‍ നടത്തിയിട്ടുണ്ട്‌. 1995 മുതലെങ്കിലുംസമകാലീന ദലിത്‌/ആദിവാസി മുന്നേറ്റങ്ങള്‍ ഭൂവിതരണം എന്ന
ആവശ്യമുയര്‍ത്തിയിട്ടുണ്ട്‌. മുത്തങ്ങയില്‍ ഭൂമി പിടിച്ചടക്കാൻ ശ്രമംനടത്തിയെങ്കിലും സര്‍ക്കാര്‍ അത്‌ അടിച്ചമര്‍ത്തി. അവസാനം ചെങ്ങറയിലുംഅരിപ്പയിലും സര്‍ക്കാരിനെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും ഞെട്ടിച്ചുകൊണ്ട്‌ ദലിതുകളും ആദിവാസികളും ഹാരിസണ്‍ കുത്തകയുടെഭൂമി പിടിച്ചടക്കി. ഭയപ്പെട്ടു പോയ സിപിഎം സമരത്തെ തകര്‍ക്കാന്‍ദലിതര്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ഭൂമി അടക്കമുള്ള വിഭവങ്ങളിന്മേലുള്ള അധികാരം ദലിത്‌ ആദിവാസി സമൂഹങ്ങള്‍ക്ക്‌
വികസനത്തിന്‌ അനിവാര്യമാണ്‌ എന്നറിഞ്ഞിട്ടും ഇപ്പോള്‍ ഇടതുപക്ഷം ഭൂവിതരണം നിര്‍ത്തലാക്കി. പകരം ഒറ്റമുറി ലൈഫ്‌ ഫ്ലാറ്റ്‌ പദ്ധതികള്‍ തുടരുകയാണ്‌. പുതിയ ദലിത്‌/ആദിവാസി തലമുറ ഭൂഅധികാരത്തില്‍ നിന്നും പുറത്തുപോകുന്നു.

02 .സമകാലീനമായി എയ്ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്‌.സി ക്കു വിടണമെന്നും ആവശ്യപ്പെട്ട്‌ ദലിത്‌ മുന്നേറ്റങ്ങൾ രണ്ടായിരത്തിന്‌ ശേഷം ഒരുപാട്‌ നടന്നു. ദളിത്‌ സ്റ്റുഡന്റസ്‌ മൂവേമെന്റ്‌ നടത്തിയ മുന്നേറ്റങ്ങള്‍ ചില ഉദാഹരണങ്ങള്‍ ആയിരുന്നു. എന്നാല്‍ സിപിഎം എയ്ഡഡ്‌ നിയമനം പി.എസ്‌.സിക്ക്‌ വിടേണ്ട എന്ന നിലപാടാണ്‌ എടുത്തത്‌. വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതി അനുസരിച്ചു പ്രാതിനിധ്യം വേണം എന്ന ദളിത്‌ മുന്നേറ്റങ്ങളുടെ ആവശ്യം ഇടത്പക്ഷം നിരസിച്ചു. പാര്‍ട്ടി അണികളെയും സര്‍ക്കാർ പോലീസ്‌ സംവിധാനമുപയോഗിച്ചും മുന്നേറ്റങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

03.അതെ സമയം ആറന്മുള അമ്പലത്തിന്റെ താഴികക്കുടം തകരുമെന്ന്‌ പ്രചരിപ്പിച്ചുകൊണ്ട്‌ റിലൈന്‍സിന്റെ വിമാനത്താവളത്തിനെതിരെ സവര്‍ണരും, എന്‍.എസ്‌.എസും, ആര്‍.എസ്‌.എസും ചേര്‍ന്ന്‌ നടത്തിയ ഒരു സമരമുണ്ടായിരുന്നു. സിപിഎം തുടക്കം മുതല്‍ ആര്‍.എസ്‌.എസിനോടോടൊപ്പം
സമരത്തില്‍ ഉണ്ടായി. അവസാനം പദ്ധതി തടയുക മാത്രമല്ല,പദ്ധതി ഉദ്ദേശിച്ച നിലങ്ങളില്‍ കൃഷി ഇറക്കി ഇടതുപക്ഷ സര്‍ക്കാര്‍ സവർണരോടും ആര്‍.എസ്‌.എസിനോടും പ്രതിബദ്ധത തെളിയിച്ചു. കുമ്മനം രാജശേഖരന്‍ എന്ന ഹിന്ദുത്വ വാദിയെ കുലീനനായ പരിസ്ഥിതി പ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തിന്‌ പുനര്‍സമ്മാനിച്ചത്‌ സിപിഎമ്മിന്‍റെറയും മാതൃഭൂമി പത്രത്തിന്റെയും അനുഗ്രഹാശിസുകളോടെയാണ്‌ എന്നതും ഈ സമരത്തിന്റെ പ്രത്യേകതയായിരുന്നു. അതുവരെ കോഴിക്കോട്‌ മാറാട്ടെ കലാപത്തില്‍ രക്തദാഹിയായി അലഞ്ഞുനടന്നു ഒരു ഹിന്ദുത്വ നേതാവ്‌ എന്നതായിരുന്നു കുമ്മനം രാജശേഖരന്റെ വിലാസം.

04.ഭൂമി നഷ്ടപ്പെടുമെന്നും, കൃഷി നശിക്കുമെന്ന്‌ ചൂണ്ടിക്കാട്ടി മലബാറില്‍ അദാനിയുടെ ഗെയില്‍ പദ്ധതിക്കെതിരെ മുസ്ലിങ്ങള്‍ നിസ്കരിച്ചു സമരംചെയ്തപ്പോള്‍ അവര്‍ മുസ്ലിം തീവ്രവാദികള്‍ ആണെന്നാണ്‌ സിപിഎം പ്രചാരണം നടത്തിയത്‌ .ആര്‍ എസ്‌ എസിന്‌ അനുകൂലമായി നില്‍ക്കുന്ന കേരള പോലീസിനെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്തുകയും ചെയ്തു. ഗെയില്‍ പദ്ധതി നടപ്പാക്കി ഇടതുപക്ഷം അദാനിയുടെ വിടുപണി ചെയ്തു.

ഇതാണ്‌ പ്രാതിനിധ്യത്തിന്റെ പ്രത്യേകത. സവര്‍ണ പ്രശ്നങ്ങളെ സംഘടനക്ക്‌ മനസിലാകുകയും ദലിത്‌ ആദിവാസി മുസ്ലിം പ്രശ്നങ്ങളെ ആ വിഭാഗങ്ങള്‍ അഭിസംബോധന ചെയുമ്പോള്‍ രൂക്ഷമായി ആക്രമണം അഴിച്ചുവിടുകയും ചെയ്യും.

ഇനി “സവര്‍ണ്ണ സംവരണം” നടത്താനായി സവര്‍ണര്‍ എന്തെങ്കിലും സമരം ചെയ്തതായി അറിയുമോ? അങ്ങനെ ഒരു സമരമോ മുന്നേറ്റമോ ഒരിക്കലും സംഭവിക്കില്ല, കാരണം അങ്ങനെ ഒരു പ്രതിനിധ്യത്തിന്റെ പ്രശ്നം സവർണർക്കില്ല. 2006ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്‌ പ്രസിദ്ധീകരിച്ച “കേരളപഠനം” എന്ന പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ പ്രകാരം 12.5 ശതമാനം ജനസംഖ്യയുള്ള നായര്‍ വിഭാഗങ്ങളുടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ അധികപ്രാതിനിധ്യം +40.5 ആണ്‌. 1.3 ശതമാനം വരുന്ന മറ്റു മുന്നോക്ക ഹിന്ദുവിന്റെ +56.5 ഉം 22.2 ശതമാനം വരുന്ന ഈഴവരുടേത്‌ +0.02 ഉം അധികപ്രാതിനിധ്യം ഉണ്ട്. 8.2 ശതമാനം വരുന്ന മറ്റ്‌ പിന്നോക്കക്കാരുടെ പ്രാതിനിധ്യക്കുറവ്‌ -41.0 ആണ്‌. 9.8 ശതമാനം വരുന്ന പട്ടികജാതിക്കാരുടെ പ്രാതിനിധ്യം -26.6 ഉം പട്ടികവര്‍ഗക്കാരുടേത്‌ 49.5 ഉം മുസ്ലിം വിഭാഗത്തിന്റേത്‌ -12.4 ഉം ആണെന്നതാണ്‌ വസ്തുത. അത്രയേറെ പ്രാതിനിധ്യക്കുറവുണ്ട്‌. പക്ഷെ നോക്കു, ഇടതുപക്ഷം അത്‌ നടപ്പാക്കി കൊടുത്തു. സംഘടനയുടെ പൊതുബോധം സവര്‍ണര്‍ക്ക്‌ അനുകൂലമാണ്‌.

അതുപോലെ തന്നെ ഒരു നയരൂപീകരണമാണ്‌ കേരളത്തില്‍ അനൗദ്യോഗികമായി നടന്ന രണ്ടാം ഭൂപരിഷകരണം. പത്തൊമ്പതാം നൂറ്റാണ്ടിനു ആദ്യപകുതിക്ക്‌ ശേഷം പശ്ചിമഘട്ട വനമേഖലയിലെ ആദിവാസി വനഭൂമി സവര്‍ണ ക്രിസ്ത്യാനികളും സഭയും മറ്റു വിഭാഗങ്ങളും പലരീതിയില്‍ തട്ടിയെടുത്തു. 1956 ല്‍ തന്നെ ദേബര്‍ കമ്മീഷന്‍ ഇത്‌ ചൂണ്ടിക്കാട്ടുകയും ആദിവാസി ഭൂമി തിരികെ നല്കാന്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്ന സര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തട്ടിയെടുക്കപെട്ട
ആദിവാസികളുടെ വന ഭൂമി തിരികെ നല്‍കാനായി 1975 ല്‍ ഒരു നിയമം രൂപീകരിച്ചിരുന്നു (Kerala Scheduled Tribes (Restriction on Transfer of Lands and Restoration of Alienated Lands) Act, 1975). തട്ടിയെടുക്കപെട്ട ഭൂമി തിരിച്ചുപിടിക്കുവാനുള്ള ഈ നിയമമാണ്‌ ഇടതുപക്ഷം ഭേദഗതി വരുത്തി അനൗദ്യോഗികമായി രണ്ടാം ഭൂപരിഷകരണം നടത്തിയത്‌. 1996 സെപ്തംബര്‌ 23 നു ഗരരിയമ്മ ഒഴികെയുള്ള ഇടത്‌ വലത്‌ എം.എല്‍.എ മാര്‍ ചേര്‍ന്ന്‌ നിയമം ഭേദഗതി ചെയ്തു. അതിലൂടെ1960 മുതല്‍ 1986 വരെ നടന്ന മുഴുവന്‍ ഭൂമി തട്ടിപ്പിനും നിയമ സാധുത നല്‍കിപട്ടയം കൈമാറി. സവര്‍ണ ക്രിസ്ത്യാനികള്‍ നിയമം ഭേദഗതി ചെയ്യാന്‍ ഒരുസമരവും നടത്തിയിട്ടില്ല. പക്ഷെ സി.പി.എമ്മിന്‌ സവര്‍ണ ക്രിസ്ത്യാനികളുടെ പ്രശ്നം ബോധ്യപ്പെട്ടു. ആദിവാസികള്‍ വനവകാശത്തിന്‌ വേണ്ടിയുംതട്ടിയെടുക്കപെട്ട ഭൂമിക്ക്‌ പകരമായി ഭൂമിക്ക്‌ വേണ്ടിയും പതിറ്റാണ്ടുകളായിസമരം ചെയ്തിട്ടും ഇന്നും ആ പ്രശ്നം സിപിഎമ്മിന്‌ ഒരു പ്രശ്നമായി അനുഭവപ്പെടുന്നില്ല. അങ്ങനെയാണ്‌ അവസാനം മുത്തങ്ങ ഭൂ സമരവും ചെങ്ങറ അരിപ്പ ഭൂമി പിടിച്ചടക്കല്‍ സമരവും നടത്താന്‍ ആദിവാസികളും ദളിതുകളും നിര്ബന്ധിതരാകുന്നത്‌.

ഈ നയപരമായ വഞ്ചനകള്‍ എല്ലാം ഓര്‍ത്തുവച്ചതിന്‌ ശേഷം ഈ ലിങ്കില്‍ പോയി ഓരോ പേരും ഗൂഗിള്‍ ചെയ്തുനോക്കു. https://www.cpimkerala.org/eng/state-committee-36.php?n=1

87 പേരില്‍ 36 സവര്‍ണര്‍ ആണ്‌. ഇത്‌ ആര്‍ക്കും പരിശോധിച്ച്‌ നോക്കാവുന്നതാണ്‌. കേരളത്തില്‍ ജനസംഖ്യയില്‍ പ്രധാന വിഭാഗമായ മുസ്ലിങ്ങളുടെ സംഘടനയിലെ നേതൃത്വങ്ങളിലെ പ്രാതിനിധ്യം 87ല്‍ കേവലം 5 ആണ്‌. സംസ്ഥാന ജനസംഖ്യയില്‍ നാലില്‍ ഒരു ഭാഗത്തില്‍ അധികം വരുന്ന മുസ്ലിങ്ങളുടെ സംഘടനയിലെ പ്രാതിനിധ്യമാണ്‌ ഇത്‌. അതിന്‌ എതിർവശത്ത്‌ സംസ്ഥാന ജനസംഖ്യയില്‍ എട്ടില്‍ ഒരു ഭാഗത്തില്‍ താഴെ മാത്രം വരുന്ന സവര്‍ണര്‍ക്ക്‌ പകുതിയോടടുത്ത്‌ പ്രാതിനിധ്യം. ദളിത്‌ ആദിവാസി പിന്നോക്ക മുസ്ലിം സാമൂഹിക മുന്നേറ്റങ്ങളെ സിപിഎം അക്രമിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്‌.

സിപിഎം നേതൃത്വങ്ങളിലെ ലോക്കല്‍ കമ്മിറ്റി മുതല്‍ സംസ്ഥാന തലം വരെയുള്ള വിവിധ സ്വത്വ വിഭാഗങ്ങളുടെ ഈ അധികാര പ്രാതിനിധ്യ പങ്കിന്റെ വിവരം പുറത്തുവിട്ടാല്‍ സത്യം കൂടുതല്‍ തെളിഞ്ഞുവരും. ഈ ഹിന്ദുത്വവത്കരണ നയങ്ങള്‍ പാര്‍ട്ടിയിലെ സവര്‍ണ ബോധത്തിന്റെയും അധിക പ്രതിനിധ്യത്തിന്റെയും ലക്ഷണമാണ്‌. അതുകൊണ്ട്‌ സിപിഎം നടപ്പാക്കുന്ന സവര്‍ണ സംവരണത്തിന്റെ പ്രശ്നം മനസിലാക്കാന്‍ നമ്മള്‍ സിപിഎമ്മിനകത്തേക്ക്‌ തന്നെ ശ്രദ്ധിച്ചാല്‍ മതി എന്ന്‌ ദലിത്‌ ആദിവാസി മുന്നേറ്റങ്ങള്‍ വ്യക്തമാകുന്നത്‌. സംസ്ഥാനത്ത്‌ 12.5 ശതമാനം ജനസംഖ്യയുള്ള നായര്‍ വിഭാഗങ്ങളുടെ സർക്കാര്‍ അധികാരസ്ഥാനങ്ങളിലെ അധികപ്രാതിനിധ്യം 44.05 വും 13 ശതമാനം വരുന്ന മറ്റു മുന്നോക്ക ഹിന്ദുവിന്റെത്‌ 56.5 വും ആണ്‌ എന്ന വസ്തുത മനസ്സിലാക്കുമ്പോള്‍ തന്നെ നമുക്ക്‌ ബോധ്യപ്പെടേണ്ട കാര്യം ഈ അധികാരസ്ഥാപനങ്ങളില്‍ എല്ലാം സിപിഎമ്മിനകത്ത്‌ ഉയര്‍ന്നുവരുന്നതുപോലെ ഈ സവര്‍ണ വിഭാഗങ്ങള്‍ക്ക്‌ അനുകൂലമായ നയങ്ങളും പൊതുബോധവും മാത്രമേ ഉയര്‍ന്നുവരികയുള്ളു. അതുപോലെതന്നെ പ്രാതിനിധ്യം നഷ്ടപ്പെട്ടുപോകുന്ന വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ ഈ അധികാരസ്ഥാപകങ്ങളില്‍ ഒരിക്കലും ഒരു
പൊതുബോധവും ഉരുത്തിരിയുകില്ല. ഒരിക്കലും ഈ അധികാരസ്ഥാപനങ്ങളിലെ നയങ്ങള്‍ പ്രാതിനിധ്യം നഷ്ടപ്പെട്ടുപോകുന്ന വിഭാഗങ്ങളുടെ വികസനത്തിന്‌ അനുകൂലമാകുകയില്ല. അതോടൊപ്പം ആ വിഭാഗങ്ങളെ ഈ അധികാര സ്ഥാപനങ്ങള്‍ അടിച്ചമര്‍ത്തുകയും ചെയ്യും. അതുകൊണ്ടാണ്‌ വാളയാറില്‍ രണ്ട്‌ ദളിത്‌ ബാലികമാരുടെ മരണത്തില്‍ അന്വേഷണം നടത്തിയില്ലെങ്കിലും തങ്ങള്‍ക്ക്‌ ഒരു ചുക്കുമുണ്ടാകില്ലെന്ന്‌ പോലീസുകാര്‍ക്ക്‌ സ്വാഭാവികമായും ആത്മവിശ്വാസം തോന്നുന്നത്‌. അതുകൊണ്ടാണ്‌ ഒമ്പതുവയസുകാരനായ ഒരു ആണ്‍കുട്ടി വാഴയിലയില്‍ തൂങ്ങി മരിച്ചെന്ന്‌ പോലീസുകാര്‍ക്ക്‌ ഫസ്റ്റ്‌ ഇന്‍വെസ്റ്റിഗേറ്റീവ്‌ റിപ്പോര്‍ട്ട്‌ എഴുതിവെക്കാന്‍ ധൈര്യം തോന്നുന്നത്‌. അതുകൊണ്ടാണ്‌ കെവിന്‍ ജോസഫിനെ കൊണ്ടുപോയി കൊല്ലാന്‍ സാധ്യതയുണ്ട്‌ എന്ന്‌ അപ്പൻ ജോസഫും ഭാര്യ നീനുവും കരഞ്ഞുപറഞ്ഞിട്ടും പോലീസുകാര്‍ക്ക്‌ അതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ തോന്നാഞ്ഞത്‌. അതുകൊണ്ടാണ്‌ ഭീമാപ്പള്ളിയില്‍ അകാരണമായി ആറു മുസ്ലിങ്ങളെ കേരളാപോലീസിനു മൃഗീയമായി വെടിവെച്ചു കൊല്ലുവാനും അമ്പതോളം പേരെ വെടിവെച്ച്‌ ജീവച്ഛവം ആക്കുവാനും സാധിക്കുന്നത്‌, അതിനെക്കുറിച്ചു മൗനമായിരിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയുന്നത്‌… അതുകൊണ്ടാണ്‌ 300 ഓളം ദളിത്‌ വിദ്യാര്‍ഥികള്‍ അന്തർദേശീയ അക്കാദമികളില്‍ ഉപരിപഠനം തുടങ്ങിയപ്പോള്‍ തന്നെ പട്ടികജാതി വികസനവകുപ്പ്‌ രാജ്യത്തിന്‌ പുറത്തുപോകാനുള്ള പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ്‌ 25 ലക്ഷമാക്കി വെട്ടികുറക്കുന്നത്‌. അതുകൊണ്ടാണ്‌ സവര്‍ണ സംവരണം നടപ്പാക്കപ്പെടുമ്പോള്‍ സവര്‍ണരുടെ കട്ട്‌ ഓഫ്‌ മാര്‍ക്ക്‌ പട്ടികജാതി പട്ടിക വർഗങ്ങളെക്കാള്‍ വളരെ താഴെ പോകുന്നത്‌.അതുകൊണ്ടാണ്‌ ഭൂപരിഷ്കരണനിയമത്തില്‍ ഭൂമി പിടിച്ചെടുക്കുമ്പോള്‍ സവർണർക്ക്‌ ഭൂമിയുടെ ഫെയര്‍ റെന്റിന്റെ പതിനാറിരട്ടി ശതമാനം തുകയും ഭൂമിയിലെ സ്ഥാവര ജംഗമ വസ്തുക്കളുടെയും സാമ്പത്തിക
മൂല്യവും നഷ്ടപരിഹാരമായി നല്‍കാനും നയപരമായി തീരുമാനിക്കപ്പെട്ടത്‌.

ഇത്രമാത്രം സവര്‍ണ പക്ഷപാതിത്വവും ദളിത്‌ ആദിവാസി പിന്നോക്ക മുസ്ലിം വിരുദ്ധതയുമുള്ള ഒരു സവര്‍ണ ഉദ്യോഗസ്ഥ വൃന്ദത്തിലേക്ക്‌ വീണ്ടും ഒരു പത്ത്‌ ശതമാനം സവര്‍ണര്‍ക്ക്‌ കൂടി അധികാരപ്രാതിനിധ്യം കൊടുക്കുമ്പോള്‍ അതുണ്ടാക്കാന്‍ പോകുന്ന സാമൂഹികമായ വിപത്ത്‌ ആലോചിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കും.

സിപിഎമ്മിനകത്തെ നയങ്ങളും സര്‍ക്കാർ സംവിധാനങ്ങള്‍ ക്കകത്തെ നയങ്ങളും ഒരേ മാതൃകയിലാകുന്നതാണ്‌ ഇവിടെ കാണുന്നത്‌. അതുകൊണ്ടാണ്‌ സിപിഎം നടപ്പാക്കാന്‍ പോകുന്ന സവര്‍ണ സംവരണത്തിന്റെ അപകടം എന്താണെന്ന്‌ തിരിച്ചറിയാന്‍ സിപിഎമ്മിനകത്തേക്ക്‌ തന്നെ പരിശോധന നീളണം എന്ന്‌ വ്യക്തമാകേണ്ടി വരുന്നത്‌. ഈ നയം ഉണ്ടാക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍ സിപിഎം തുടര്‍ന്നുപോരുന്ന ദലിത്‌ ആദിവാസി വിരുദ്ധ നയങ്ങളുടെ സ്വഭാവത്തിന്റെ ഒരു അതിശക്തമായ തുടര്‍ച്ചയായിരിക്കും.