മാധ്യമ വിചാരണകൾ അബുവിനെ തീവ്രവാദിയായി ചിത്രീകരിച്ചു;ഗിലാനിയുടെ മക്കൾ

മൊഴി മാറ്റം: പ്രകാശ്

കശ്മീരിലെ ഞങ്ങളുടെ തറവാട്ടിൽ നിന്നും കുറച്ചകലെയുള്ള ഒരു കുന്നിൻ ചെരിവ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ഇടമായി മാറിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. സന്തോഷങ്ങളിലും സങ്കടങ്ങളിലും, വിജയങ്ങളിലും പരാജയങ്ങളിലും, സമാധാനത്തിനും പ്രചോദനത്തിനും വേണ്ടി ഞങ്ങൾ അവിടേക്ക് ഓടിയെത്തും. ആ കുന്നിൻ ചെരിവിലാണ് സെയ്ദ് അബ്ദുൽ റഹ്മാൻ ജിലാനിയുടെ ശവകുടീരം. സുഹൃത്തുക്കൾ സ്നേഹപൂർവം എസ്എആർ എന്ന് വിളിച്ചിരുന്ന അദ്ദേഹം ഞങ്ങളുടെ സ്നേഹനിധിയായ പിതാവ് അബ്ബു ആയിരുന്നു.

2020 ഒക്ടോബർ 24ന് തന്റെ അൻപതാമത്തെ വയസ്സിൽ അബ്ബു വളരെ പെട്ടന്നാണ് ഞങ്ങളെ വിട്ടുപോയത്. അദ്ദേഹത്തിന്റെ വേർപാടിന്റെ ആഘാതം ഇപ്പോഴും ഞങ്ങൾ അനുഭവിക്കുകയാണ്. ഞങ്ങൾക്കത് അവിശ്വസിനീയമാണ് കാരണം തന്റെ യൗവ്വനത്തിൽ പല തവണ മരണത്തെ അതിജീവിച്ച അജയ്യനായ നായകനായിട്ടാണ് അദ്ദേഹത്തെ ഞങ്ങൾ കണ്ടത്.വളരെയേറെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഈ വേദന പങ്കിടുന്നവരാണ്.

ഉറവിടം:ക്യാരാവാൻ ന്യൂസ്

ഒരു അധ്യാപകനായ അദ്ദേഹം ഏറ്റവും മർദ്ദിത ജനതയുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയ മനുഷ്യാവകാശ പ്രവർത്തകനായിട്ടാണ് ജീവിച്ചത്. പ്രത്യേകിച്ചും കശ്മീരിലെ സാഹചര്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ, ജനങ്ങളുടെ നീതിയെയും സ്വയം നിർണ്ണയാവകശത്തെയും കുറിച്ചുള്ള ആശങ്ക, ഇതൊക്കെയാണ് അദ്ദേഹത്തെ അദ്ദേഹം ആക്കിയതും അങ്ങനെയൊരു ജീവിതം ജീവിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. സൈനിക അടിച്ചമർത്തൽകൊണ്ട് ആകെ പ്രക്ഷുബ്ധമായ തൊണ്ണൂറുകളിൽ പഠനത്തിനായി കശ്മീരിന് പുറത്തേക്കു പോയപ്പോഴും തിരികെ വീട്ടിലെത്തി ജനങ്ങളെ സേവിക്കാനും പഠിപ്പിക്കാനും അദ്ദേഹം ആഗ്രഹിച്ചു. എന്നാല് കശ്മീരിൽ നിലനിന്ന രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തിന്റെ മടങ്ങി വരവിന് ഉതകുന്നതല്ലായിരുന്നതിനാൽ അദ്ദേഹം ഡൽഹി സർവകലാശാലയിലെ അറബിക് പ്രൊഫസറായി അധ്യാപക ജീവിതം ആരംഭിച്ചു. അതേ ദശകത്തിന്റെ അവസാന നാളുകളിൽ അദ്ദേഹത്തിന്റെ കുടുംബവും ആ നഗരത്തിൽ അദ്ദേഹത്തിന്റെ ഒപ്പം എത്തിചേർന്നു. ഞങ്ങൾ മകൾക്ക് അന്ന് അഞ്ചും ഒൻപതും വയസ്സായിരുന്നു പ്രായം.

ഞങ്ങളുടെ ജീവിതം വളരെ സന്തോഷപൂർവം പോകുമ്പോഴാണ് 2001 ഡിസംബർ 14ന് ആ ദുരന്തദിനം വന്നണഞ്ഞത്. ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിൽ ബന്ധം ആരോപിച്ച് കെട്ടിച്ചമച്ച കേസിൽ അബ്ബുവിനെ ഡൽഹി പോലീസ് പ്രത്യേക സെൽ അറസ്റ്റ് ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ ജീവിതത്തിലെ ഇരുണ്ട നാളുകൾ തുടങ്ങുന്നത്. പക്ഷേ അത് ഞങ്ങളെ മുമ്പത്തേക്കാൾ കൂടുതൽ കരുത്തരാക്കുകയും വളരെ ചെറിയ പ്രായത്തിൽ തന്നെ വലിയ രാഷ്ട്രീയ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹം തടവിലാക്കപ്പെട്ടപ്പോൾ വെറുപ്പുളവാക്കുന്ന മാധ്യമ വിചാരണകൾ അദ്ദേഹത്തെ ഒരു തീവ്രവാദിയായി ചിത്രീകരിച്ചു. കോടതിയുടെ വിചാരണയ്ക്ക് മുൻപ് തന്നെ ഇന്ത്യൻ ജനാധിപത്യം വിധിയെഴുതിയതായി തോന്നി. മാധ്യമങ്ങൾ ഞങ്ങളുടെ അച്ഛനെ തീവ്രവാദിയായി മുദ്രകുത്തിയ വാർത്തകൾ വിശ്വസിച്ചില്ലെങ്കിൽ പിന്നെന്തിനാണ് ഞങ്ങളുടെ സ്ഥിരം പച്ചക്കറി വിൽപ്പനക്കാരൻ ഒരു ഏഴ് വയസുകാരന് സാധനങ്ങൾ വിൽക്കാൻ മടിച്ചത്. അതുപോലെ ഞങ്ങളുടെ ടെലിഫോൺ ബൂത്ത് കടക്കാരൻ കശ്മീരിലെ ഞങ്ങളുടെ കുടുംബത്തെ ഫോൺ ചെയ്യാൻ വിസ്സമതിച്ചത്. അതൊരു സ്ഥിരം ജീവിതരീതിയായി. അജ്ഞാതത്വത്തോടെ കഴിയാൻ ഞങൾ അവിടെ നിന്നും മുസ്ലീമുകൾ മാത്രം അധിവസിക്കുന്ന ഒരു പ്രദേശത്തേക്ക് മാറി.

2003ൽ ഡൽഹി കീഴ്ക്കോടതി അബ്ബുവിനെ വധശിക്ഷക്ക് വിധിച്ചു. ഭയവും ഭീതിയുംകൊണ്ട് ഞങ്ങൾ ഹൃദയം തകർന്ന അവസ്ഥയിലായി. പക്ഷേ ഞങ്ങൾ ഭാഗ്യവാന്മാരാണ്. കുടുംബത്തിന്റെയും കശ്മീരിലും ഡൽഹിയിലുമുള്ള സുഹൃത്തുക്കളുടെയും പിന്തുണയും പൗര സമൂഹത്തിലെ അംഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളും കാരണം ഞങ്ങൾ ധൈര്യവും കരുത്തും വീണ്ടെടുത്തു. 2004 ൽ ഡൽഹി ഹൈക്കോടതി അദ്ദേഹത്തെ കുറ്റ വിമുക്തനാക്കി. തൊട്ടടുത്ത വർഷം സുപ്രം കോടതി അത് ശെരി വെച്ചു.

അബ്ബു 2004 ൽ വീട്ടിലേക്ക് തിരികെയെത്തിയപ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. എന്നാല് ഞങ്ങളുടെ സന്തോഷത്തിന് അധികം ആയുസ്സില്ല എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞില്ല. 2005 ഫെബ്രുവരി 5നു ഡൽഹിയിലെ പോഷ് സൗത്തിലുള്ള അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വസിതിയുടെ മുന്നിൽ വെച്ച് ഒരു അജ്ഞാതൻ 7 തവണ അദ്ദേഹത്തെ വെടിയുതിർത്തു. അന്ത്യമില്ലാത്ത ഈ ആഘാതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുമ്പോഴും ഇത്രയും സുരക്ഷിതമായ ഒരു സ്ഥലത്ത് വെച്ച് എങ്ങനെ ഇത് സംഭവിച്ചു എന്ന ചോദ്യം ഞങ്ങളെ അലട്ടിക്കൊണ്ടേയിരുന്നു. പക്ഷേ അപ്പോഴേക്കും ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല എന്ന് അനുഭവങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരുന്നു. ഡോക്ടറുമാർ 4 ബുള്ളറ്റുകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും പുറത്തെടുത്തു. മരണം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ബാക്കി മൂന്നെണ്ണം പുറത്തെടുത്തില്ല. അതിനു ശേഷം എപ്പോഴൊക്കെ അദ്ദേഹം വിമാനത്താവളത്തിലെ സുരക്ഷ ക്രമീകരണങ്ങളിലൂടെ കടന്നു പോകുമ്പോഴും കാഹളം മുഴങ്ങും. ഞങ്ങൾ അദ്ദേഹത്തെ ഇരുമ്പ് മനുഷ്യൻ എന്ന് വിളിച്ച് പരിഹസിക്കും.

അദ്ദേഹത്തിന് നേരെ വധഭീഷണി ഉണ്ടായ ശേഷം സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് സുരക്ഷ ഏർപ്പെടുത്തി. അത് ഞങ്ങളുടെ ഭയം അല്പമോക്കെ ശമിപ്പിച്ചെങ്കിലും അദ്ദേഹം തുടർച്ചയായി നിരീക്ഷണത്തിലായിരുന്നു. ഞങ്ങൾക്ക് വളരെ വിരളമായി മാത്രമേ കുടുംബമൊത്ത് പൊതു സ്ഥലങ്ങളിൽ പോകാൻ സാധിക്കുമായിരുന്നുള്ളു. ഞങ്ങളെ സന്ദർശിക്കാൻ വരുന്നവർ അവരുടെ വിവരങ്ങൾ സുരക്ഷ ഉദ്യോഗസ്ഥരുടെ നോട്ടു പുസ്തകത്തിൽ രേഖപ്പെടുത്തണം. ചിലരെ ഞങ്ങളെ സന്ദർശിക്കുന്നത് പോലും വിലക്കി. സുരക്ഷ ഉദ്യോഗസ്ഥർ മാറിക്കൊണ്ടേയിരുന്നു. അദ്ദേഹം എല്ലാവരുമായി സൗഹൃദം സ്ഥാപിച്ചു.

സഞ്ചാരത്തിന് മേൽ നിയന്ത്രണമുണ്ടെങ്കിലും അദ്ദേഹം മനുഷ്യാവകാശ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചില്ല. 2 വർഷത്തെ ഡൽഹിയിലെ തീഹാർ ജയിലിലെ അതി സുരക്ഷ തടവറയിലെ ജീവിതത്തിനിടയിൽ തടവുകാരുടെ ഒറ്റയാൾ പോരാട്ടത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. മോചനത്തിന് ശേഷം വൈകാതെ തന്നെ രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കും നിയമ സഹായങ്ങൾ നൽകാനും അദ്ദേഹം പ്രവർത്തനം തുടങ്ങി. അതിലൂടെ വിവിധ ജയിലുകളിൽ കഴിയുന്ന കാശ്മീരി രാഷ്ട്രീയ തടവുകാരുടെ മാത്രമല്ല നീതിക്കും ആത്മാഭിമാനത്തിനുമായി പോരാടുന്ന എല്ലാവർക്കും വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. തടവുകാരുടെ അവകാശങ്ങളെ കുറിച്ചും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കറുത്ത ഏടിനെ കുറിച്ചും ബോധ്യപ്പെടുത്താനും അതിനെതിരെ പോരാടാൻ ജനങ്ങളുടെ പ്രചോദിപ്പിക്കാനും അദ്ദേഹം പല നഗരങ്ങളിലേക്ക് സഞ്ചരിച്ചു.

പാർലമെന്റ് ആക്രമണ കേസിലെ കൂട്ടുപ്രതിയായ അഫ്സൽ ഗുരുവിനെ ഇന്ത്യൻ സർക്കാർ തൂക്കിലേറ്റിയ 2013 ഫെബ്രുവരി 9 അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ദുഖമേറിയ ദിവസമായിരുന്നു. അഫ്സൽ ഗുരുവിനെ ബലിയാടാക്കിയ വധശിക്ഷ ജുഡീഷ്യൽ കൊലപാതകമാണെന്ന് പരക്കെ അപലപിക്കപ്പെടുമ്പോഴും അതിനെ കുറിച്ച് പരമോന്നത കോടതി ഇങ്ങനെ വിലയിരുത്തി, ” രാജ്യത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുക ”. ജുഡീഷ്യൽ പ്രക്രിയകളിലും ജയിലിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന അഫ്സൽ ഗുരുവിന്റെ മരണം അബ്ബുവിനെ വല്ലാതെ വിഷമിപ്പിച്ചു. തനിക്ക് കഴിയുമ്പോഴെല്ലാം അദ്ദേഹം അഫ്സൽ ഗുരുവിന്റെ പേരിൽ പ്രതിഷേധം ഉയർത്തി. 2016 അഫ്സൽ ഗുരുവിന്റെ മരണ വാർഷികം അനുസ്മരിച്ച സംഭവത്തിന് ശേഷം അതിന്റെ പേരിൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് 34 ദിവസം ജയിലിലടച്ചു.

ഗീലാനിയുടെ ശരീരം ഡൽഹിയിൽ നിന്ന് നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കുടുംബാഗങ്ങൾ കാശ്മീരിലേക്ക് കൊണ്ടുപോകുന്നു.

അബ്ബു യാതനകളുടെ ജീവിതം ജീവിച്ചു എന്ന് പറഞ്ഞാൽ അത് കുറഞ്ഞ് പോകും. ഈ ലോകത്തിലെ എല്ലാവർക്കും നല്ലൊരു നീതിപൂർവ്വമായ ജീവിതമുണ്ടാകാൻ അദ്ദേഹം അഹോരാത്രം പ്രയത്നിച്ചു. അതേ സമയം തന്നെ ഞങ്ങൾക്ക് അദ്ദേഹം ഒരു സ്നേഹ സമ്പന്നനായ അച്ഛനും സുഹൃത്തും വഴികാട്ടിയും പ്രചോദകനുമൊക്കെ ആയിരുന്നു. അദ്ദേഹം പൂർണ്ണനായ മനുഷ്യനായിരുന്നു. അദ്ദേഹം കുട്ടികളുടെ അടുക്കൽ കുട്ടികളെ പോലെ പുഞ്ചിരിക്കും. മുതിർന്നവരെ ബഹുമാനിക്കും. എല്ലാവരോടും വിനീതനായിരുന്നു. അദ്ദേഹം ഞങ്ങളോടൊപ്പം ഇല്ലായിരിക്കാം. പക്ഷേ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ച പാഠങ്ങൾ എന്നും ഞങ്ങളുടെ ഓർമയിലുണ്ട്: തനിച്ചാണെങ്കിൽ പോലും പ്രതിസന്ധികൾക്ക് ഇടയിലും പുഞ്ചിരിയോടെ സത്യത്തിന്റെ പാതയിൽ സധൈര്യം മുന്നോട്ട് നടക്കുക.

സയിദ് നുസ്രത് ഗീലാനിയും സയിദ് അത്തിഫ് ഗീലാനിയും ദി ക്യാരാവനിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.