രാഷ്ട്രീയ തടവുകാരുടെ നട്ടെല്ലായ റോണ വിൽസൺ

മൊഴിമാറ്റം : അനു

മാർച്ച് 2012 ൽ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന റോണ ജേക്കബ് വിൽ‌സൺ എന്ന ആക്ടിവിസ്റ്റ് ,തീവ്രവാദ വിരുദ്ധ നിയമങ്ങളെക്കുറിച്ചും രാജ്യത്തെ സുരക്ഷാ ഭരണകൂടം അവ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ഹൈദരാബാദിലെ ഒരു സെമിനാറിൽ സംസാരിച്ചിരുന്നു. തൊണ്ണൂറുകളിലേതു മുതൽ രണ്ടായിരത്തി പന്ത്രണ്ടിലെ നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവെൻഷൻ ആക്ട് അഥവാ യു എ പി എ )വരെയുള്ള തീവ്രവാദ പ്രവർത്തന വിരുദ്ധ നിയമങ്ങളുടെ പരിവർത്തനത്തെ കോറിയിടുകയായിരുന്നു അദ്ദേഹം.“യു എ പി എ നിയമത്തിലൂടെ ദേശിയ തീവ്രവാദ വിരുദ്ധ കേന്ദ്രത്തിനും ,ഇന്റലിജൻസ് ബ്യുറോയ്ക്കും രാജ്യ താൽപ്പര്യത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് അവർക്ക് തോന്നുന്നവരെ അറസ്റ്റ് ചെയ്യുവാനും അവർക്കെതിരെ അന്വേഷണം നടത്തുവാനുമുള്ള അധികാരം നൽകുന്നു”എന്നത് റോണാ സ്പഷ്ടമാക്കിയിരുന്നു .രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള കമ്മിറ്റിയുടെ(സി ആർ പി പി) പ്രതിനിധിയായാണ് റോണ ഇതിൽ പങ്കെടുത്തത്.സി ആർ പി പി യുടെ സ്ഥാപകരിലൊരാളും പബ്ലിക് റിലേഷൻസ് വിഭാഗത്തിന്റെ സെക്രെട്ടറിയുമായിരുന്നു റോണ .പിന്നീടുള്ള ആറു വർഷങ്ങളിൽ തന്റെ ജീവിതത്തിൽ സംഭവിച്ച വികാസങ്ങൾ വിശകലനം ചെയ്യുമ്പോൾ ,അത് വിളിച്ചോതിയത് വെറും ഇരുപത് മിനിറ്റ് മാത്രം നീണ്ടു നിന്ന ഈ പ്രസംഗത്തിന്റെ ക്രാന്തദർശിത്വമായിരുന്നു.

പൂനെ പോലീസും ഡൽഹി പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ 2018 ജൂൺ 6ന് ഡൽഹിയിലെ മുനീർക്കയിലെ തൻ്റെ ഒറ്റ മുറി വാടക വീട്ടിൽ നിന്നും റോണയെ അറസ്റ്റ് ചെയ്തു.അതെ ദിവസം തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി റോണയെ കൂടാതെ മറ്റു നാലു സാമൂഹിക പ്രവർത്തകരെക്കൂടി അറസ്റ്റ് ചെയ്യുകയുണ്ടായി.ദളിത് അവകാശ പ്രവർത്തകനായ സുധിർ ധവാൽ ,അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിംഗ്,ആദിവാസികളുടെ ഭൂ അവകാശത്തിന് വേണ്ടി പോരാടുന്ന മഹേഷ് റൗത് ,യൂണിവേഴ്സിറ്റി പ്രൊഫസറായ ഷോമ സെൻ എന്നിവർക്കെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാവോയിസ്റ്റ്മായി ബന്ധമുണ്ടെന്ന് ആരോപിക്കയും ,യു എ പി എ യുടെ വ്യത്യസ്ത വകുപ്പുകൾ ചാർത്തുകയും ചെയ്തു.

ഷോമ സെൻ,റോണ വിൽ‌സൺ,സുരേന്ദ്ര ഗാഡ്‌ലിംഗ്,മഹേഷ് റൗത്,സുധിർ ധവാൽ (ഇടത് ഭാഗത്ത് നിന്ന്).

അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു പേരെയും അർബൻ മാവോയിസ്റ്റുകളിലെ പ്രധാനികളായാണ് പോലീസ് വിശേഷിപ്പിച്ചത്. 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവിൽ വച്ച് നടന്ന ജാതിസംബന്ധമായ അക്രമത്തിനു കാരണക്കാരായി ഇവരെ ചിത്രീകരിക്കുകയും ,കലാപത്തിന്റെ തലേ ദിവസം നടന്ന എൽഗാർ പരിഷദ് സംഘടിപ്പിക്കുവാൻ സഹായിച്ചുവെന്നും പോലീസ് ആരോപിക്കുന്നു. 1818 കൊറേഗാവ് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിലെ മഹർ പട്ടാളക്കാർ സവർണ പേഷ്വാ സൈനികർക്കെതിരെ യുദ്ധം ജയിച്ചതിന്റെ അനുസ്മരണ സമ്മേളനമാണ് എൽഗാർ പരിഷദ്. അറസ്റ്റിലായ അഞ്ചു പേരും ജാതി അടിസ്ഥാന കലാപങ്ങളുണ്ടാക്കാൻ എൽഗാർ പരിഷദ് സമ്മേളനത്തെ ഉപയോഗിച്ചെന്നും എൽഗാർ പരിഷദ് ,മാവോയിസ്റ്റ് ഫണ്ടിങ് സമ്മേളനമാണെന്നും, പോലീസ് രേഖപ്പെടുത്തി.“രാജീവ് ഗാന്ധി മോഡൽ ” സംഭവത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വകവരുത്തുവാനായി ഗൂഡലോചന നടത്തിയെന്നാരോപിച്ച് റോണയ്ക്കെതിരെ പോലീസ് പ്രേത്യേക കുറ്റവും ചുമത്തി. റോണയുടെ കൈവശമുണ്ടായി എന്ന് പോലീസ് പറയുന്ന ഒരു കത്തിലാണ് ഇതിനെപ്പറ്റിയുള്ള വിശദാംശങ്ങൾ നൽകിയിരിക്കുന്നതെന്നാണ് പോലീസ് വാദം.അറസ്റ്റിലാകുന്നതിനു ഏതാനും മാസങ്ങൾക്കു മുൻപ് ,2018 ഏപ്രിൽ 17ന് ,പോലീസ് റോണയുടെ വീട്ടിൽ റെയ്‌ഡ്‌ നടത്തുകയും റോണയുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ ,എഴുത്തുകൾ ,പാസ്സ്‌വേർഡുകളടക്കം കൈവശപ്പെടുത്തുകയും ചെയ്തു.റോണയും മറ്റു തടവുകാരും ആദ്യം പൂനെയിലെ യർവാഡ സെൻട്രൽ ജയിലിലായിരുന്നു പിന്നീട് കേസ് എൻ ഐ എ ഏറ്റെടുത്തതോട് കൂടി നവി മുംബൈയിലെ തലോച ജയിലിൽ വിചാരണ പോലുമില്ലാതെ തടവിലാണുള്ളത്.

നാല്പത്തിയൊമ്പത് വയസുള്ള റോണ കേരളത്തിലെ കൊല്ലം ജില്ലയിൽ ജനിക്കുകയും, ആദ്യ കാലഘട്ടങ്ങൾ ഇവിടെ ചിലവഴിച്ചതിനു ശേഷം , ഉന്നത വിദ്യാഭ്യാസത്തിനായി പുതുച്ചേരിയിലേക്ക് മാറുകയും ചെയ്തിരുന്നു.തൊണ്ണൂറുകളുടെ തുടക്കത്തിൽ റോണ ഡൽഹിയിലേക്ക് മാറുകയും പിന്നീട് അറസ്റ്റ് വരെയും അവിടെ തുടരുകയും ചെയ്തു.അറസ്റ്റ് ചെയ്ത വർഷം ജനുവരിയിൽ ഞാൻ റോണയുടെ കൊല്ലത്തുള്ള വീട് സന്ദർശിച്ചപ്പോൾ, തലേന്ന് റോണയുടെ മൂത്ത ചേട്ടൻ റോയുടെ മകളുടെ ഒന്നാം പിറന്നാളിന് തൂക്കിയ ബലൂണുകൾ കാണാമായിരുന്നു. റോണാ സ്വതന്ത്രനായ ഒരു മനുഷ്യനായി രുന്നെങ്കിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങ്.“എല്ലാവർഷവും ക്രിസ്തുമസിനെല്ലാവരും ഒത്തുകൂടണം എന്ന് തീരുമാനിച്ചിരുന്നു ഞങ്ങൾ ,ക്രിസ്തുമസിനും കുടുംബത്തിലെ മറ്റു ചടങ്ങുകൾക്കും മാത്രമാണ് റോണ വരാറുള്ളത് .കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ഞങ്ങൾക്ക് അതെല്ലാം നഷ്ടമായിരിക്കുകയാണ്.”റോണയുടെ സഹോദരൻ റോയ് പറഞ്ഞു.അറസ്റ്റിനു ശേഷം വെറും രണ്ടു തവണ മാത്രമാണ് റോണയെ സന്ദർശിക്കാൻ കഴിഞ്ഞതെന്നും റോയ് വെളിപ്പെടുത്തി.

വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെടുന്ന മൂന്ന് സഹോദരങ്ങളാണ് വിൽ‌സൺ കുടുംബത്തിലുള്ളത്.റോയ് ഒരു സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയും,ഇരുവരുടെയും സഹോദരിയായ സോന ബാങ്ക് ജീവനക്കാരിയുമാണ്.തങ്ങളുടെ കുട്ടികൾക്ക് മതിയാവോളം സ്വാതന്ത്രം നൽകുകയും ,അവരുടെ പ്രത്യയശാസ്ത്ര വിശ്വാസങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു വിൽ‌സൺ കുടുംബം എന്ന് ഒരു ബന്ധു സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതേ ദിശയിലേക്ക് നയിക്കുന്ന ഒരു കാര്യം റോയ് വെളിപ്പെടുത്തുകയുണ്ടായി.“റോണയുടെ പാഠ്യവിഷയങ്ങളെ കുറിച്ചോ മറ്റോ യാതൊന്നും ഇവിടെ ചർച്ച ചെയ്യപ്പെടാറില്ല ” എന്ന്.അതിനാൽ തന്നെ റോയ്ക്കും സോനയ്ക്കും റോണയുടെ പാഠ്യവിഷയങ്ങളെപ്പറ്റിയോ റിസേർച്ചിനെ പറ്റിയോ ഏർപ്പെട്ടിരുന്ന മറ്റു കാര്യങ്ങളെക്കുറിച്ചോ അറിവില്ല.റോണാ തന്റെ ആദ്യ വർഷങ്ങളിൽ മെഡിസിൻ പഠിക്കാൻ ശ്രമിക്കുകയും പിന്നീട് സൂവോളജിയിൽ ബിരുദം കരസ്ഥമാക്കുകയും എന്നാൽ ഉടനെ തന്നെ അത് തന്റെ വഴിയില്ല എന്ന് മനസിലാക്കി ഉപേക്ഷിക്കയും ചെയ്തതായി സഹോദരൻ റോയി പറഞ്ഞു.പിന്നീട് രാഷ്ട്രമീമാംസയിൽ പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദമെടുക്കുകയും ചെയ്യതു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് തത്വചിന്തയിൽ എം ഫിൽ കരസ്ഥമാക്കുകയും അതിന്റെ വിഷയം ‘ഇന്ത്യയുടെ രാഷ്ട്രീയ സമ്പത്ത് വ്യവസ്ഥ എഴുപത്തിയഞ്ചു മുതൽ തൊണ്ണൂറ്റിയഞ്ച് വരെ’എന്നതിനെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണ കോണിൽ നിന്നുള്ള ലിറ്ററേച്ചർ സർവേയുമായിരുന്നു എന്നും റോയ് വ്യക്തമാക്കി.

തന്റെ കാര്യകൃത്യങ്ങളെക്കുറിച്ച് മിതഭാഷിയും ലാളിത്യമുള്ളവനുമായിരുന്നു റോണ എന്ന് കുടുംബാംഗങ്ങൾ അഭിപ്രായപ്പെട്ടു..“അടുത്തിടെ ഇറങ്ങിയ അരുന്ധതി റോയുടെ പുസ്തകത്തിലെ നന്ദിവാചകത്തിൽ റോണയുടെ പേര് പ്രതിപാദിച്ചിരുന്നു.റോണാ അതിനെപ്പറ്റി ഒന്നും തന്നെ പറഞ്ഞിരുന്നില്ല.ഒടുവിൽ ഞങ്ങളുടെ ഒരു ബന്ധു പുസ്തകം വാങ്ങുകയും അത് കണ്ടതിനു ശേഷം അവർ വാട്സ്ആപ് ഗ്രൂപ്പിലൂടെ ഇത് അറിയിക്കുകയും ചെയ്തു .റോണാ അത് വളരെ ലളിതമായെടുത്തു.പക്ഷെ ഒരു ഇടത്തരം കുടുംബമെന്ന നിലയിൽ ഞങ്ങൾക്കതു വല്യ കാര്യമായിരുന്നു.”റോയ് പറഞ്ഞു.

എഴുത്തുകാരിയായ അരുന്ധതി റോയ് റോണയെ പ്രകൃതത്തിൽ വളരെ ലാളിത്യള്ളവനായാണ് വിശേഷിപ്പിച്ചത്.അതിനാൽ തന്നെ തടവറയിലുള്ള മറ്റുള്ളവരെ അപേക്ഷിച്ച് റോണയെക്കുറിച്ച് അധികമൊന്നും എഴുതപ്പെട്ടിട്ടില്ലായെന്നതിനെപ്പറ്റി അരുന്ധതി റോയ് തനിക്കയച്ച മെയിലിൽ വ്യകതമാക്കുന്നുണ്ട്.റോണയും അരുന്ധതിയും ജി എൻ സായിബാബയുടെ മോചനത്തിനായി സ്ഥാപിക്കപ്പെട്ട കമ്മിറ്റിയുടെ അംഗങ്ങളായിരുന്നു.ജി എൻ സായിബാബ മാവോയിസ്സ് ബന്ധം ആരോപിക്കപ്പെട്ട് 2014 ൽ ജയിലിൽ അടയ്ക്കപ്പെട്ട ദില്ലി സർവകലാശാലയിലെ അധ്യാപകനാണ്.ശരീരത്തിന്റെ പകുതി ഭാഗവും തളർന്നതും വീൽ ചെയറിന്റെ സഹായം ഉപയോഗിക്കുന്നതുമായ ജി എൻ സായിബാബയെ രണ്ടായിരത്തി പതിനേഴിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. നിലവിൽ സായ് ബാബ തടവറയിലാണ്. റോണ എന്നും അവകാശങ്ങൾക്കായി പോരാടിയിരുന്ന രാഷ്ട്രീയ തടവുകാർക്ക്, റോണയുടെ അറസ്റ്റ് കനത്ത തിരിച്ചടിയാണെന്ന് അരുന്ധതി കൂട്ടിച്ചേർത്തു. “എല്ലാവരുടെയും നിയമ പ്രതിരോധം ഉറപ്പു വരുത്തുക എന്നത് ഒരു ബ്രഹത്തായ കർത്തവ്യമാണ്.റോണാ തുടർച്ചയായി തടവുകാരെ സന്ദർശിച്ചുകൊണ്ടിരുന്നു,അവരുടെ കുടുംബങ്ങളെ സന്ദർശിക്കുകയും സൗജന്യമായി കേസ് വാദിച്ചിരുന്ന അഭിഭാഷകരെ കാണുകയും ചെയ്തിരുന്നു.ഖേദപൂർവ്വവും മടിച്ചുകൊണ്ടുമുള്ള ഒരു ചിരി കൊണ്ട് ഇവയെല്ലാം ചെയ്തു തീർത്തിരുന്ന റോണയെ ഞാൻ ഓർക്കുന്നു ” അരുന്ധതി പറഞ്ഞു

ഫെമിനിസ്റ്റ് എഴുത്തുകാരിയായ മീന കന്തസ്വാമി റോണയുടെ അറസ്റ്റ് തന്നെ അതിയായി വേദനിപ്പിച്ചതായി വെളിപ്പെടുത്തി. “റോണയെപോലുള്ളവർ തങ്ങളുടെ അവസാന അതിരുകളെയാണ് സൂചിപ്പിക്കുന്നത്.പ്രതിരോധിക്കുന്നവരുടെ പ്രതിരോധത്തിനായുള്ള അവസാന വരി.അവരുടെ മോചനത്തിനായി റോണയെപ്പോലുള്ളവർ ശബ്ദമുയർത്തുകയും ക്യാമ്പൈയ്ൻ നടത്തുകയും ചെയ്യുമെന്ന വസ്തുത അവർക്ക് ശക്തി നൽകുന്നുണ്ട്.എന്നാൽ റോണയെപ്പോലുള്ള ക്യാമ്പൈയ്നർ ജയിലിലാകുമ്പോൾ, ആരാണ് അവർക്കു വേണ്ടി ശബ്ദമുയർത്തുക?നമ്മളെല്ലാം നിശ്ശബ്ദതയിലേക്ക് വലിച്ചെറിയപെടുമോ?.”മീന ചോദിക്കുന്നു.

രണ്ടായിരത്തിന്റെ ആദ്യം മുതൽക്കുതന്നെ രാഷ്ട്രീയ തടവുകാർക്കായുള്ള പ്രവർത്തനം റോണ തുടങ്ങിയിരുന്നു.റോണയുടെ ഡൽഹി ജീവിതത്തിലെ സുഹൃത്തുക്കളിലൊരാളായ സിനിമ സംവിധായകനായ സഞ്ജയ് കാക് പറയുന്നത് ഇങ്ങനെയാണ് “സാമൂഹിക പ്രവർത്തകരിൽ പലരും റോണയെ ഓർക്കുന്നത് ജെ ൻ യു വിദ്യാർത്ഥിയും യുവാവുമായ റോണ എസ് എ ആർ ഗീലാനിയുടെ പ്രതിരോധ കമ്മിറ്റിയിൽ പ്രധാന പങ്കുവഹിക്കുന്നതായിട്ടാണ്.അന്ന് ഡൽഹി സർവകലാശാലയിലെ അറബിക് അധ്യാപകനായ ഗീലാനി രണ്ടായിരത്തി ഒന്നിലെ പാർലമെന്റ് ആക്രമണ കേസിലെ പ്രധാന പ്രതിയായി ആരോപിക്കപ്പെട്ടിരുന്നു.രണ്ടായിരത്തി രണ്ടിൽ ,അക്രമത്തിൻറെ പ്രധാന സൂത്രധാരനെന്നാരോപിച്ച്‌ ഗീലാനിയെ സ്പെഷ്യൽ കോടതി വധശിക്ഷയ്ക്കു വിധിക്കുകയും ,പിന്നീട് രണ്ടായിരത്തി മൂന്ന് ഒക്ടോബറിൽ ഡൽഹി ഹൈകോടതി സ്പെഷ്യൽ കോടതിയുടെ വിധി റദ്ധാക്കുകയും ഗീലാനിയെ പരിപൂർണമായും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്നു.”

തലസ്ഥാനത്ത് വിദ്യാർത്ഥിയായിരുന്ന കാലം മുതൽക്കേ ,തൊണ്ണൂറുകളുടെ തുടക്കത്തിലേ ,ഗീലാനിക്ക് റോണയെ അടുത്തറിയാമായിരുന്നു.”അപ്പോൾ മുതൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങി.രണ്ടായിരത്തി ഒന്നിൽ ഞാൻ അറസ്റ്റിലായപ്പോൾ ,എന്നും കോടതി മുറിയിൽ കാണുന്ന ഒരു മുഖം റോണയുടേതായിരുന്നു.കോടതി മുറിയിൽ ഞാൻ കയറുന്നതും റോണയുടെ പുഞ്ചിരി തൂകിയ മുഖം കാണുന്നത് എന്നെ അത്യന്തം സ്വാന്തനപ്പെടുത്തിയിരുന്നു”,ഗീലാനി പറഞ്ഞു.(എസ് എ ആർ ഗിലാനി 2019 ഒക്ടോബർ 24ന് ഹൃദയാഘാതംമൂലം മരണപ്പെടുകയുണ്ടായി.ഈ റിപ്പോർട്ട് അതിനു മുൻപ് തയ്യാറാക്കിയതാണ്) തടവറയിലെ അനുഭവങ്ങളാണ് 2007 ൽ സി ആർ പി പി രൂപീകരിക്കുവാൻ പ്രേരിപ്പിച്ചത്.“തടവറയിൽ നരകിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.ഇതിനെപറ്റി ആദ്യമായി സംസാരിച്ചതും റൊണയോടായിരുന്നു .അതിനു ശേഷം ഇരുവരും ദേശത്തിന്റെ നാനാ ഭാഗങ്ങളിൽ പലരെയും പോയി കാണുകയും രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള കമ്മിറ്റി സ്ഥാപിക്കയും ചെയ്തു.റോണ ഞങ്ങളുടെ നട്ടെല്ലായിരുന്നു,”ഗീലാനി കൂട്ടിച്ചേർത്തു .സഞ്ജയ് കാക്കിന്റെ അഭിപ്രായത്തിൽ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള പോരാട്ടങ്ങളാണ് ഭരണകൂടം റോണയെ പ്രധാന ലക്ഷ്യമാകുവാൻ കാരണം.,”സമൂഹത്തിലെ പാർശ്വവത്ക്കൃത സമുദായങ്ങൾക്കുവേണ്ടി, അരികുവത്ക്കരിക്കപ്പെട്ടവർ ക്കുവേണ്ടി ശബ്ദമുയർത്തിയവരുടെ മോചനത്തിനായും അവരെ തിരികെ കർമനിരതരാക്കുവാനും റോണ അത്യന്തം പ്രയത്‌നിച്ചു.”

വലിയ തോതിൽ മൂലധനം ഒഴുകിയെത്തുന്ന സർക്കാരിതര സംഘടനകൾ പോലും കടക്കുവാൻ മടിച്ചുനിന്ന മേഖലകളിലേക്ക് റോണ തുനിഞ്ഞിറങ്ങി.അതിനാൽ തന്നെ മൂലധനം സംഘടിപ്പിക്കുക എന്നത് പ്രയാസകരമായിരുന്നു.“ഏകദേശം പത്തു വർഷങ്ങൾക്കു മുൻപ് വീടുവീടാന്തരം കയറി പുസ്തകം വിറ്റു പൈസ സമ്പാദിച്ചിരുന്ന റോണയെ ഞാൻ ഓർക്കുന്നു.നല്ല വായനക്കാരനായതിനാൽ തന്നെ പുസ്തകം തിരഞ്ഞെടുക്കുന്നതിൽ വിദഗ്ധനും അതിനാൽ തന്നെ മിക്ക പുസ്തകങ്ങളും പെട്ടന്നു തന്നെ വിറ്റഴിക്കാൻ സാധിക്കുകയും ചെയ്തിരുന്നു,”സഞ്ജയ് കാക് ഓർത്തെടുക്കുന്നു.

മറ്റു ജീവിതോപാധികൾ ഒന്നും തന്നെ റോണയ്ക്കുണ്ടായിരുന്നില്ല എന്ന് ബന്ധു സാക്ഷ്യപ്പെടുത്തി.“അവൻ കുടുംബത്തിലെ പ്രധാനിയായിരുന്നു.ഞങ്ങളെല്ലാവരും തന്നെ റോണയ്ക്ക് പൈസ നല്കാറുണ്ടായിരുന്നു. എന്നാൽ പ്രത്യേകിച്ച് ആവശ്യങ്ങളോ ഒന്നും റോണ ഉന്നയിച്ചിരുന്നില്ല .കുറച്ച് എഡിറ്റിംഗ് ജോലികൾ ചെയ്തിരുന്നു എന്നല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല.ഞങ്ങൾ അയച്ചിരുന്ന പൈസയിലാണ് റോണ ജീവിച്ചിരുന്നത്”എന്നും ബന്ധു പറഞ്ഞു.റോണ ചെയ്തിരുന്ന സാമൂഹിക പ്രവർത്തനങ്ങൾക്കായി അറസ്റ്റ് ചെയ്യപെട്ടുവെന്ന് റോണയുടെ കുടുംബാംഗങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”നല്ല കാര്യങ്ങൾ ചെയ്യുന്നതിന് ഒരു മനുഷ്യൻ ജയിലിലായി എന്നത് വിശ്വസിക്കാനാകുന്നില്ല .അവൻ ഒരിക്കലും ആരെയും ദ്രോഹിച്ചിട്ടില്ല .ഹിന്ദുത്വ വിരുദ്ധനും രാഷ്ട്രീയം ഉയർത്തിപിടിക്കുന്നവനുമായിരുന്നു എന്നത് തടവറയിലടയ്ക്കാനുള്ള ഒരു കാരണമായി കരുതുന്നില്ലന്നും റോണയുടെ ബന്ധു പറഞ്ഞു. കൊല്ലത്തെ എഴുത്തുകാരനും വിൽ‌സൺ കുടുംബത്തിന്റെ സുഹൃത്തും കൂടിയായ എസ്‌ അജയകുമാർ പ്രതികരിച്ചതിങ്ങനെയാണ്; “റോണയ്ക്കെതിരെ ചാർത്തിയ കുറ്റങ്ങളൊന്നും തന്നെ റോണയ്ക്ക് ചെയ്യാൻ കഴിയുന്നതാണെന്നു വിശ്വസിക്കുന്നില്ല .ഒരു ഉറുമ്പിനെ പോലും റോണയ്ക്ക് നോവിക്കാൻ സാധിക്കുമായിരുന്നില്ല.അവൻ ചെയ്ത ഏക തെറ്റ് ഹിന്ദുത്വയ്ക്കതിരെ ശബ്ദമുയർത്തി എന്നതാണ്”.

റോണയുടെ അറസ്റ്റ് കുടുംബത്തിനെ വല്ലാതെ ബാധിച്ചതായും ബന്ധു അറിയിച്ചു.വാർത്ത കേട്ടതിനു ശേഷം റോണയുടെ അമ്മായിക്ക് രക്ത സമ്മർദ്ദം ഉയർന്നതായും,തുടരെ തുടരെ ദുഃസ്വപ്‌നങ്ങൾ വേട്ടയാടുന്നതായും പറയുന്നു.ദേശീയ മാധ്യമങ്ങൾ റോണയെ ചിത്രീകരിച്ച വിധവും കുടുംബാംഗങ്ങളെ അസ്വസ്ഥരാക്കി.അറസ്റ്റിനു ശേഷം റോണയുടെ വീട്ടിലുണ്ടായ പത്ര മാധ്യമങ്ങളുടെ സാന്നിധ്യം കുടുംബാംഗങ്ങളെ പരിഭ്രാന്തരാക്കി.“അവർ വന്നയുടനെ വീടിന്റെ പല ഭാഗങ്ങളിലായി വീഡിയോസ് റെക്കോർഡ് ചെയ്യുവാൻ തുടങ്ങി.സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞങ്ങൾ .ഞങ്ങളാകെ പേടിച്ചിരുന്നു.”അതിനു ശേഷം അയൽക്കാരും പ്രാദേശിക പോലീസും കൂടിയാണ് ഇവരെ നിയന്ത്രിക്കാനായത്..” “ഇപ്പോൾ വാർത്ത കാണുമ്പോൾ ഇതിൽ ഏതെങ്കിലുമൊന്ന് സത്യമായിരിക്കുമോയെന്ന് ആശ്ചര്യപെടാറുണ്ട്,”തങ്ങളുടെ സഹോദരനെ പത്രമാധ്യമങ്ങൾ ഇത്തരത്തിൽ ചിത്രീകരിച്ചത് മാധ്യമങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്താൻ ഇടയായെന്ന് സഹോദരങ്ങൾ വെളിപ്പെടുത്തി.

അവരുടെ ആശങ്കൾക്കു സമാനമായ ചോദ്യങ്ങളാണ് പ്രൊഫസർ ജി ഹർഗോപാലും ഉയർത്തിയത്.രാഷ്ട്രവും മാവോയിസ്റ്റുകളും തമ്മിലുള്ള സംവാദകനായി ഒട്ടേറെ അവസരങ്ങളിൽ പ്രവർത്തിച്ച ഹർഗോപാൽ റിപ്പബ്ലിക്ക് ടി വി യോട് റോണയുടെ പ്രവർത്തങ്ങളെപ്പറ്റി സംസാരിച്ചതത്രെയും വളച്ചൊടിച്ചാണ് റിപ്പബ്ലിക്ക് ടി വി റിപ്പോർട്ട് ചെയ്തത്.റോണയെ കഴിഞ്ഞ ഏഴുവർഷ കാലമായി അറിയാമെന്നും സത്യസന്ധനും,ശരികൾക്കുവേണ്ടി നിൽക്കുന്നതിൽ അപാരമായ ധൈര്യം പ്രകടിപ്പിക്കുന്നവനുമായാണ് അദ്ദേഹത്തെ ഹർഗോപാൽ വിശേഷിപ്പിച്ചത്.വാഗ്ദാനമായ ഒരു പണ്ഡിതനെ റോണയിൽ താൻ കാണുന്നുണ്ടെന്ന് ഹർഗോപാൽ വെളിപ്പെടുത്തി.“രാജ്യത്തെ പ്രധാന ബുദ്ധിജീവികളിലൊരാളായി റോണ സ്വയം മാറുമെന്നാണ് ഞാൻ കരുതിയത്,റോണ ഒരിക്കലും തന്റെ ,മൂല്യങ്ങൾ അടിയറവു വയ്ക്കുകില്ല”പ്രൊഫസർ ഹർഗോപാൽ പറയുന്നു.റോണയുടെ അറസ്റ്റിനു രണ്ടു ദിവസത്തിന് ശേഷമാണ് ഹർഗോപാൽ റിപ്പബ്ലിക്ക് ടി വിയോട് സംസാരിക്കുവാൻ തയ്യാറായത്.റോണയെക്കുറിച്ചുള്ള സാമൂഹിക അഭിപ്രായം രൂപീകരിക്കുവാൻ ഇതു സഹായിക്കും എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്.റിപ്പബ്ലിക്ക് ടി വി യുടെ അസ്സോസിയേറ്റ് എഡിറ്ററായ ആദിത്യ രാജ് കൗളുമായുള്ള സംഭാഷണത്തിൽ റോണയ്ക്കെതിരെയുള്ള ചാർജുകൾ പൊലീസിൻറെ കെട്ടുകഥകളാണെന്നു ഊട്ടിയുറപ്പിച്ചുകൊണ്ട് ഹർഗോപാൽ നൽകിയ പ്രസ്താവന റിപ്പബ്ലിക്ക് ടി വി റിപ്പോർട്ട് ചെയ്തത് “റോണയുടെ മാവോയിസ്റ് ബന്ധം തീർച്ചപ്പെടുത്തി പ്രൊഫസർ ഹർഗോപാൽ ” എന്ന തലക്കെട്ടോടെയാണ്. ഹർഗോപാൽ നൽകിയ പ്രസ്താവന തീർത്തും അവഗണിക്കപ്പെട്ടിരുന്നു.

ശക്തമായി ശരികൾക്കൊപ്പം നിൽക്കുന്നവനും വിട്ടുവീഴ്ചയില്ലാത്ത മൂല്യബോധവും പ്രതിജ്ഞാ ബദ്ധതയുമുള്ളവനായാണ് റോണയെന്ന സാമൂഹിക പ്രവർത്തകനെ ഹർഗോപാൽ വിശേഷിപ്പിക്കുന്നത്.റോണയുടെ ചിന്താ മണ്ഡലങ്ങൾ എപ്പോഴും ദരിദ്രജനവിഭാഗങ്ങളെയും തടവുകാരെയും ആദിവാസികളുമായ് ബന്ധപ്പെട്ടുള്ളതാണ് .തന്റെയും റോണയുടെയും സംസാര വിഷയം പൊതുവേ രാഷ്ട്രത്തിന്റെ പ്രകൃതം,ഭരണകൂടം,ഇന്ത്യയുടെ ഭാവി,ഇന്ത്യയിലെ പോരാട്ടങ്ങൾ എന്നീ വിഷയങ്ങളിൽ ഊന്നുന്നവയാണെന്ന് ഹർഗോപാൽ വെളിപ്പെടുത്തുന്നു.

ഹർഗോപാൽ വിശേഷിപ്പിച്ച പോലെ “ബി ജെ പി യുടെ റഡാറുകൾ” റോണയെ കേന്ദ്രീകരിക്കുന്നതിന്റെ കാരണം മറ്റെല്ലാ സാമൂഹിക പ്രവർത്തകരുടെയും അഭിപ്രായം പോലെ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള പോരാട്ടങ്ങളുടെ ഫലമാണ്.പത്ര പ്രവർത്തകയായ സുനേത്ര ചൗധരിയുടെ “ബിഹൈൻഡ് ബാർസ്:പ്രിസൺ ടേൽസ് ഓഫ് ഇന്ത്യാസ് മോസ്റ്റ് ഫേമസ് “എന്ന പുസ്തകത്തിന്റെ രചനയ്ക്കുവേണ്ടി പഠനങ്ങൾ നടത്താനായി സുനേത്രയെ റോണയിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ ഈ മേഖലയിലുള്ള പ്രവർത്തനങ്ങളാണ്. രണ്ടായിരത്തി പതിനാറിൽ റോണയുമായുള്ള തന്റെ കൂടിക്കാഴ്ചകൾ ഓർത്തെടുത്തുകൊണ്ട് സുനേത്ര പറയുന്നു.”അപ്പോൾ പോലും ആളുകൾ തന്റെ പിന്നാലെയുണ്ടെന്ന് റോണ സൂചിപ്പിച്ചുകൊണ്ടിരുന്നു.എവിടെ വച്ച് കാണണം എന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു.ഞാൻ കരുതി,എന്തിനാണിത്രയും ക്ലേശകരമാക്കുന്നത് ?പക്ഷെ ഗീലാനിയോടും മറ്റുള്ളവരോടുമൊപ്പം പ്രവർത്തിക്കുന്നത് കൊണ്ട് താൻ വളരെ ശ്രദ്ധാലുവായിരിക്കണെമന്നു അദ്ദേഹത്തിന് കൃത്യമായ ബോധമുണ്ടായിരുന്നു.എന്നാൽ ഞാൻ അതിനെ അധികം പ്രോത്സാഹിപ്പിച്ചരുന്നില്ല. “പക്ഷെഫോൺ വഴിയോ ഇമെയിൽ വഴിയോ ബന്ധപ്പെടുന്നതിൽ നിന്നും മാറി നിൽക്കുകയും പകരം പ്രാധാന്യമില്ലാത്ത സ്ഥലങ്ങളിൽ നേരിട്ടു സംസാരിക്കുന്നതിനു വഴിയൊരുക്കുകയും ചെയ്തിരുന്നു.”തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് പൂർണ ബോധ്യമുണ്ടായിരുന്നു “സുനേത്ര ചൗധരി പറയുന്നു.

മീന കന്തസ്വാമി സമാനമായൊരു വസ്തുതയാണ് പങ്കുവയ്ക്കുന്നത് .“ചാരപ്രവർത്തിയെയോ രാഷ്ട്രത്തിന്റെ മേൽനോട്ടത്തെയോ കാര്യമായെടുക്കുന്ന ഒരാളല്ല താങ്കളെങ്കിൽ ,നിങ്ങൾക്കൊരിക്കലും റോണയെ മനസിലാക്കുവാൻ സാധിക്കുകയില്ല.”ഒരവസരത്തിൽ മൊബൈൽ ഫോണുകൾ നിരീക്ഷിക്കുവാനുള്ള ഉപകരണങ്ങളാണെന്നു റോണ പറഞ്ഞിരുന്നു .ഇതു പോലെയുള്ളൊരാൾ പലചരക്കുസാധനങ്ങളുടെ ലിസ്റ്റ് പോലെ നാടുനീളെ കത്തുകളെഴുതി യുദ്ധോപകരണങ്ങൾ ചോദിച്ചുകൊണ്ട് നടക്കുമെന്നു പറയുന്നത് എനിക്ക് ഗ്രഹിക്കാൻ സാധിക്കുകയില്ല .”മോദിയെ വകവരുത്താനുദ്ദേശിച്ചുകൊണ്ട് റോണ എഴുതപ്പെട്ടെന്നു പറയുന്ന കത്ത് പിടിച്ചെടുത്തതിനെ കുറിച്ച്‌ മീന അഭിപ്രയപ്പെട്ടത് ഇങ്ങനെയാണ്.

“സഖാവ് പ്രകാശിന് “എന്ന് എഴുതപ്പെട്ട ഈ കത്ത് റോണയുടെ ലാപ്ടോപ്പിൽ നിന്നും കണ്ടെത്തി എന്നാണ് പൂനെ പോലീസ് അവകാശപ്പെടുന്നത്. പൂനെയിലുള്ള റോണയുടെ അഭിഭാഷകൻ രോഹൻ നഹാർ പറയുന്നതിങ്ങനെയാണ് “റോണയെയും ഷോമ സെന്നിനെയും ഒരുമിച്ച് ബന്ധപ്പെടുത്തി തടവിലാക്കാനാണ് ശ്രമം”.കത്തിന്റെ ആധികാരികത തെളിയിക്കാൻ യാതൊരു വഴിയുമില്ലെന്ന് രോഹൻ നഹാർ പറഞ്ഞു.”അത് രാഷ്ട്രത്തിന്റെ നിലപാടിന് വിരുദ്ധമാണ്.രഹസ്യ രീതിയിൽ അവർ എല്ലാം സംഘടിപ്പിക്കുകയും തങ്ങളുടെ യഥാർത്ഥ പേരുകൾ ഉപയോഗിക്കുന്നില്ലെന്നും. ഇതൊരു രഹസ്യ സംഘടിത പ്രസ്ഥാനമാണെന്നാണ് ഒറ്റ ശ്വാസത്തിൽ അവർ പറയുന്നത്.അത് പറയുമ്പോൾ തന്നെ, യഥാർത്ഥ പേരുകൾ അടിസ്ഥാനപ്പെടുത്തിയും ഉപയോഗിച്ചുകൊണ്ടും പരസ്പരം കൈമാറിയ മെയിലുകളും മറ്റും തെളിവിനായി ഇവർ നിരത്തുന്നത് അത്യധികം പരിഹാസപൂർണവും അപഹാസ്യവുമാണ്.”നഹാർ പറഞ്ഞു.”പ്രോസിക്യൂഷന്റെ മൊത്തം നിലപാട് തന്നെ ധാരാളം പ്രശ്നങ്ങളാൽ അപൂർണമാണ് “എന്ന് നഹാർ കൂട്ടിച്ചേർത്തു.

മുംബൈ ഹൈകോടതിയിലെ മുൻ ജഡ്ജിയായ ജി ബി കോൾസ് പാട്ടീൽ റോണയ്ക്കു ഏതെങ്കിലും തരത്തിൽ എൽഗാർ പരിഷദുമായി ബന്ധമുണ്ടാകാമെന്ന വാദത്തെ എതിർത്തു . ജി ബി പാട്ടിലും, സുപ്രീം കോടതിയിലെ റിട്ടയേർഡ് ജഡ്ജിയും മുൻ പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയുടെ ചെയർ പേഴ്സണുമായ പി ബി സാവന്ത് തുടങ്ങിയവരാണ് എൽഗാർ പരിഷദ് സംഘടിപ്പിച്ചത്.ഇവർ രണ്ടുപേരും വ്യക്തിപരമായി പരിപാടിയുടെ ചിലവുകൾ ഏറ്റെടുക്കുകയായിരുന്നു.സുധിർ ധവാലെ എന്ന കബീർ കല മഞ്ചിലെ സാംസ്‌കാരിക പ്രവർത്തകൻ ഒഴികെ അറസ്റ്റ് ചെയ്യപ്പെട്ട മറ്റു നാലു സാമൂഹിക പ്രവർത്തകരെയും അറിയുക പോലുമില്ലെന്ന് പാട്ടീൽ പറഞ്ഞു.റോണയെ ഇദ്ദേഹം കണ്ടുമുട്ടിയതുകൂടിയില്ല.

താൻ നിരീക്ഷണത്തിലാണെന്ന വ്യക്തമായ ബോധ്യം റോണയ്ക്കുണ്ടായിരുന്നുവെന്ന് ഹർഗോപാൽ വെളിപ്പെടുത്തി.“എന്നാൽ റോണ തന്റെ ഭാവിയെകുറിച്ച് ഉത്ക്കണ്ഠാകുലനായിരുന്നതിനാൽ തന്നെ ശ്രദ്ധാലുവായിരുന്നു.തുടർന്നും പഠിക്കാനായി ആഗ്രഹിച്ചിരുന്നു.”ഹർഗോപാലിനെപോലെ തന്നെ റോണയെക്കുറിച്ച് സംസാരിച്ചവരെല്ലാവരും അദ്ദേഹത്തെ ഒരു കഠിനാധ്വാനിയായ പണ്ഡിതനായാണ് കണക്കാക്കുന്നത്.റോണയുടെ വായനാ പ്രാഗൽഭ്യത്തെ കുറിച്ച് അജയകുമാർ അഭിപ്രായപ്പെട്ടു , “വായിക്കാനുള്ള റോണയുടെ ശേഷി അതീതമായിരുന്നു.ഒരു വട്ടം മാത്രം ഒരു കാര്യം പറഞ്ഞാൽ മതി.പിന്നീടത് ആവർത്തിക്കേണ്ടതായി വരികയില്ല .റോണ ആയിരം പേജുള്ള ഒരു പുസ്തകം വായിച്ചുവെന്നിരിക്കട്ടെ ,പിന്നീടത് തുറന്നു നോക്കേണ്ടതായി വരികയില്ല.ഓരോ വരിയും വായിക്കുകയും ഗ്രഹിക്കുകയും ഉൾച്ചേർക്കുക്കയും ചെയ്യും.

മരണപ്പെട്ട എസ് എ ആർ ഗീലാനിയും റോണയുടെ പാണ്ഡിത്യത്തെ ആദരിച്ചിരുന്നു.“റോണ അത്യധികം വിദ്യാഭ്യാസമുള്ള മനുഷ്യനാണ് ,പണ്ഡിതനാണ് .തന്റെ പി എച്ച് ഡി പൂർത്തിയാക്കുവാനായി വിദേശത്തേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു റോണ .എന്നാൽ ഈ അറസ്റ്റ് അത് തടസ്സപ്പെടുത്തിയതായി ഗീലാനി പറഞ്ഞു.സറൈയ് സർവകലാശാലയിലും ലെയ്‌സ്റ്റെർ സർവകലാശാലയിലും റോണ തന്റെ ഡോക്ടറേറ്റ് പൂർത്തിയാക്കുവാൻ അപേക്ഷിച്ചിരുന്നു.ഞാൻ റോണയുടെ കുടുംബത്തെ സന്ദർശിച്ച സമയത്ത് റോണയുടെ സഹോദരൻ തന്റെ ഫോണിൽ ഡിസംബർ 12 ,2018 ൽ റോണ യാർവാഡ തടവറയിൽ നിന്നുമെഴുതിയ കത്ത് കാണിച്ചുതന്നു.കുടുംബത്തിനോടുള്ള സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും വാക്കുകൾക്കു പുറമെ ഇരു സർകലാശാലയിലെയും അധ്യാപകരോട് തന്റെ ഇവിടുത്തെ അവസ്ഥ എഴുതിയറിയിക്കാമോയെന്നു അഭ്യർത്ഥിച്ചിരുന്നു.താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയവും കത്തിൽ പ്രതിപാദിപ്പിച്ചിരുന്നു,”മുസ്ലിം അപരവൽക്കരണത്തിന്റെ കെട്ടുകഥകൾ: ഭരണകൂടവും നിയമ വ്യവസ്ഥയും ചാപ്പകുത്തുന്ന വർത്തമാന ഇന്ത്യയിലെ രാഷ്ട്രീയം.

തന്റെ ജയിൽ ജീവിതത്തെ, തടവുകാരുടെ അവകാശങ്ങൾക്കായുള്ള തന്റെ പോരാട്ടത്തിലെ മറ്റൊരധ്യായമായാണ് റോണ കാണുന്നത്.താൻ ആർക്കുവേണ്ടിയാണോ പോരാടിയത് അവരിലൊരാളായി അദ്ദേഹം തന്നെ നോക്കികണ്ടുകൊണ്ട് റോണ തന്റെ കുടുംബാംഗങ്ങൾക്കെഴുതി ,“ജയിലിലെ തടവറയ്ക്കുള്ളിലെ ജീവിതം ജീവിതത്തെ വ്യത്യസ്തമായൊരു വെളിച്ചത്തിൽ നോക്കികാണുവാൻ അവസരം നൽകുന്നു.ഒരു മനുഷ്യാവകാശ പ്രവർത്തകനും അതിനെ പ്രതിരോധിക്കുന്നവനും എന്ന നിലയിൽ കഴിഞ്ഞ പതിനഞ്ചു വർഷങ്ങളിൽ ഞാൻ എന്തിനു വേണ്ടിയാണോ നില കൊണ്ടത് എന്താണോ എഴുതിയത് അതിലധികമായി അഴികൾക്കിപ്പുറത്തുകൂടി കാണുവാൻ എനിക്ക് സാധിക്കുന്നു..”.

ആതിര കോനിക്കര ദി ക്യാരാവനിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.